പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശവുമായി ഗവ.ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ 20 ചോദ്യങ്ങള്‍. ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ ബര്‍മിങ്ഹാം യൂനിവേഴ്സിറ്റിയില്‍ മകനെ പഠിപ്പിക്കാന്‍ പിണറായി ചെലവാക്കിയ പണം എങ്ങനെ കണ്ടെത്തിയതാണെന്ന് കൂത്തുപറമ്പിലെ അഞ്ച് രക്തസാക്ഷികളുടെ കുടുംബത്തോടെങ്കിലും വി.എസ് വിശദീകരിച്ച് കൊടുക്കണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു. ജോര്‍ജ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ചോദ്യങ്ങള്‍:
1. പിള്ളയും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള പ്രഖ്യാപിത രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ നിയമയുദ്ധം നടത്താന്‍ ചെലവാക്കിയ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താത്തതെന്തുകൊണ്ട്?
2. നിയമദല്ലാളെന്ന് ആക്ഷേപമുള്ള ടി.ജി. നന്ദകുമാറുമായുള്ള ബന്ധമെന്താണ്?
3. മുന്‍ സര്‍ക്കാറില്‍ നേരിട്ട് കൈകാര്യം ചെയ്തിരുന്ന ഐ.ടി വകുപ്പില്‍ നടന്ന ക്രമവിരുദ്ധ നിയമനങ്ങളെക്കുറിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാത്തതെന്തുകൊണ്ട്?
4. മുഖ്യമന്ത്രിയായപ്പോള്‍ മകന്‍ അരുണ്‍കുമാറിനെ ലക്ഷക്കണക്കിന് രൂപ പ്രതിഫലത്തോടെ മുന്തിയ പദവികളില്‍ അനര്‍ഹ നിയമനം നല്‍കിയത് അങ്ങറിയാതെയാണോ?
5. 'ഭൂമിദാന' കേസില്‍ ആനുകൂല്യം ലഭിച്ച ടി.കെ. സോമന്‍ ബന്ധുവാണെന്നറിയാതെയാണ് അങ്ങ് അധ്യക്ഷനായ കാബിനറ്റ് നിയമവിരുദ്ധ തീരുമാനമെടുത്തതെന്ന് എങ്ങനെ വിശ്വസിക്കും.?
6. സാന്‍റിയാഗോ മാര്‍ട്ടിനില്‍ നിന്ന് 'ദേശാഭിമാനി' പത്രത്തിനുവേണ്ടി ഇ.പി. ജയരാജന്റെ നേതൃത്വത്തില്‍ പണം വാങ്ങിയത് വിവാദമായപ്പോള്‍ തിരികെ കൊടുക്കുമെന്ന് സി.പി.എം പ്രഖ്യാപിച്ചത് നടപ്പാക്കിയെന്നതിന് തെളിവുനല്‍കാന്‍ തയാറുണ്ടോ?
7. ലാവലിന്‍ അഴിമതിക്കേസില്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതി പിണറായി വിജയനെതിരായ ആരോപണവും ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ട കേസും തമ്മില്‍ എന്താണ് വ്യത്യാസം?
8.സാമ്യമുണ്ടെങ്കില്‍ തുറന്നുപറയാത്തത് സത്യവിരുദ്ധമല്ലേ?
9. ലോട്ടറി കുംഭകോണവുമായി ബന്ധപ്പെട്ട് സംസ്ഥാന ഖജനാവിന് 65,000 കോടി നഷ്ടം വരുത്തി എന്നാക്ഷേപമുള്ള തോമസ് ഐസക്കിനെ കൂട്ടുപിടിച്ച് ആലപ്പുഴ ജില്ലയില്‍ ജി. സുധാകര പക്ഷത്തെ പാര്‍ട്ടി സമ്മേളനത്തില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിനു പിന്നിലെ ധാര്‍മികത എന്താണ്?
10. പി. ശശിക്കെതിരെ സ്വന്തം പാര്‍ട്ടിയിലെ വനിതാ സഖാക്കള്‍ നല്‍കിയതായി പറയുന്ന ഗുരുതര ലൈംഗികാരോപണ പരാതികള്‍ കൈയില്‍ കിട്ടിയിട്ടും മുഖ്യമന്ത്രി പദവിയിലിരുന്ന് അത് മുക്കിയത് സത്യപ്രതിജ്ഞാ ലംഘനമല്ലേ?
11. കിളിരൂരിലെ ശാരിയുടെ മരണത്തിനുത്തരവാദിയായ 'നര്‍ത്തകീ ലക്ഷണ'മുള്ള വി.ഐ.പിയെ നേരിട്ട് പരിചയമുണ്ടായിട്ടും അതാരാണെന്ന് വെളിപ്പെടുത്താത്തത് എന്തുകൊണ്ട് ?
12. കേരളത്തിന്റെ മസ്തിഷ്കമായ ഡാറ്റാ സെന്‍റര്‍ റിലയന്‍സിന് കൈമാറാന്‍ അങ്ങയുടെ കമ്യൂണിസ്റ്റ് മനസ്സിനെ പ്രലോഭിപ്പിച്ചതാരാണ്? അതിന് പിന്നില്‍ നടന്ന ഇടപാടുകളെന്ത്?
13. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മകന്‍ അരുണ്‍കുമാര്‍ മക്കാവൂ ദ്വീപിലടക്കം എത്ര വിദേശ യാത്ര,ആരുടെയൊക്കെ കൂടെ നടത്തിയെന്ന് പരസ്യപ്പെടുത്താമോ?
14. തമിഴ്നാട് സര്‍ക്കാറിന്റെ 'മുല്ലപ്പെരിയാര്‍ സീക്രട്ട് ഫണ്ട്' അങ്ങയുടെ മന്ത്രിസഭയില്‍ ആരെങ്കിലും കൈപ്പറ്റിയതായി അറിയാമോ?
15. മൂന്നാര്‍ ഓപറേഷന്‍ അട്ടിമറിച്ചതാരൊക്കെ?
16. മൂന്നാറില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വെച്ച സി.പി.എം നേതാക്കളും അവരുടെ ബന്ധുക്കളും ആരൊക്കെയെന്ന് വെളിപ്പെടുത്താത്തതെന്ത്?
17. എല്‍.ഡി.എഫ് സര്‍ക്കാറില്‍ വ്യവസായ വകുപ്പ് വ്യവസായ വികസനത്തിന്റെ മറവില്‍ നടത്തിയ വന്‍ഭൂമി കൈമാറ്റങ്ങള്‍ക്ക് പിന്നിലുള്ള സമാനതകളില്ലാത്ത അഴിമതികളെക്കുറിച്ച് നിശ്ശബ്ദത പുലര്‍ത്തുന്നതെന്തുകൊണ്ട്?
18. അങ്ങയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന പി. ബാലന്‍ ഉള്‍പ്പെടുന്ന 'പരവകുറുപ്പന്മാര്‍' പട്ടികജാതി ലിസ്റ്റില്‍ അനധികൃതമായി കടന്നുകൂടി 31 ലക്ഷം യഥാര്‍ഥ പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ പ്രതികരിക്കാത്തതെന്ത്?
19. സസ്പെന്‍ഷനിലായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരി കൈരളി ചാനലിനായി വിദേശത്തുനിന്ന് അനധികൃതമായി ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കടത്തിയെന്ന ആരോപണമുള്ളപ്പോള്‍ തന്നെ കണ്ണൂര്‍ റേഞ്ച് ഐ.ജി ആയി നിയമിച്ചതിനെ അനുകൂലിച്ചത് ഭരണാധികാരിയുടെ ധാര്‍മികതക്ക് നിരക്കുന്നതാണോ?
20. ഭരണാധികാരിയെന്ന നിലയില്‍ അങ്ങയുടെ മൂക്കിനുതാഴെ നടന്ന കേരള വാഴ്സിറ്റി അസിസ്റ്റന്‍റ് നിയമന തട്ടിപ്പ് കണ്ടില്ളെന്ന് നടിച്ചതെന്തിന്?
No comments:
Post a Comment