Tuesday 25 November 2014

[www.keralites.net] നന്ദിതയുടെ കവിതകള് ‍

 

നന്ദിത(ജനനം: 1969 മെയ് 21 - മരണം: 1999 ജനുവരി 17)
മരണത്തെയും പ്രണയത്തെയും സ്‌നേഹിച്ച് ഒടുവില്‍ ജീവിതം അവസാനിപ്പിച്ച നന്ദിതയെന്ന എഴുത്തുകാരിയുടെ വാക്കുകള്‍ 15 വര്‍ഷം കഴിഞ്ഞും അതേ തീക്ഷ്ണതയില്‍ നിലകൊള്ളുന്നു. ഡയറിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന സൃഷ്ടികള്‍ നന്ദിതയുടെ മരണശേഷം പ്രസിദ്ധപ്പെടുത്തിയപ്പോള്‍ വായനക്കാര്‍ നന്ദിത എന്ന കവയിത്രിയെ അറിഞ്ഞു തുടങ്ങുകയായിരുന്നു. കടലാസുകളില്‍ നിന്ന് ഇന്റര്‍നെറ്റ് ലോകത്തേക്കു മാറിയപ്പോഴും നന്ദിതയുടെ ചിന്തകളും കവിതകളും അതിലേക്കും പകര്‍ത്താന്‍ ആരാധകര്‍ മത്സരിച്ചു. 'നന്ദിതയുടെ കവിതകള്‍' എന്ന പേരില്‍ നിരവധി ഫേസ്ബുക്ക് പേജുകളും പ്രത്യക്ഷപ്പെട്ടു.

നന്ദിതയുടെ വാക്കുകളോട് തോന്നിയ ആരാധന ഒരു ഘട്ടത്തില്‍ തന്റെ മനോനില തെറ്റിക്കുന്നതായി തോന്നിയെന്ന് പാലക്കാട്ടുകാരന്‍ രാഗേഷ് ആര്‍. ദാസ് പറഞ്ഞു. നന്ദിതയുടെ മരണസമയത്ത് ജനിച്ചിട്ടുപോലുമില്ലാത്തവര്‍ അവരുടെ എഴുത്തിനെ ആരാധിച്ചു, അത്രത്തോളമായിരുന്നു ആ വാക്കുകളുടെ ശക്തി. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് നന്ദിത എഴുതിയത്. നന്ദിതയുടെ കവിതകളിലും കുറിപ്പുകളിലും കാണാന്‍ കഴിഞ്ഞത് സ്വപ്നങ്ങളും മോഹഭംഗങ്ങളുമാണ്. വയനാട് ജില്ലയിലെ മടക്കിമലയില്‍ 1969 മെയ് 21-നാണ് നന്ദിത ജനിച്ചത്. വയനാട്ടിലെ മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളേജില്‍ അധ്യാപികയായിരുന്നു. 1999 ജനവരി 17-നാണ് നന്ദിത മരിച്ചത്. നിരവധി പേരാണ് നന്ദിതയെക്കുറിച്ച് അവരുടെ ഓര്‍മകള്‍ വാക്കുകളിലൂടെയും വരികളിലൂടെയും പങ്കുവെച്ചത്. 'ഒരു മെയ്മാസ പൂവ് അടര്‍ന്നു വീണെങ്കിലും ജ്വലിക്കുന്ന അക്ഷരങ്ങളാണ് നീ തീര്‍ത്തൊരു ലോകം'-ആന്‍സി ജോര്‍ജ് കുറിച്ച വരികള്‍. നന്ദിതയുടെ സൃഷ്ടികള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അവരുടെ മരണകാരണം ഇന്നും നിഗൂഢമായി അവശേഷിക്കുന്നു.

'നന്ദിതയുടെ കവിതകള്‍' വാങ്ങാം

മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്‌നേഹിച്ച എന്ന പ്രയോഗത്തില്‍ ഒരു നന്ദിതയുണ്ട്. നന്ദിതയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. എഴുതിയവയൊന്നും ആരെയും കാട്ടിയില്ല. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല് പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്റേയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ . നെഞ്ചിന്റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ നന്ദിതയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള്‍ അസ്തമിച്ചേക്കാം.
''നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..''
എന്ന് ഒരിടത്ത് നന്ദിത മരണത്തെ വിളിക്കുമ്പോള്‍ നിശബ്ദതയില്‍ അത് തീര്‍ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. വയനാട് ജില്ലയിലെ മടക്കി മലയിലാണ് നന്ദിത ജനിച്ചത്. വയനാട് മുട്ടില്‍ WMO College ല്‍ അധ്യാപികയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു.
 

നന്ദിത എഴുതിയ കവിതകളില്‍ ചിലത് ഇവിടെ. ഹൃദയം കൊണ്ട് എഴുതിയ കവിതയുടെ കനം ഇവിടെ കാണാം. വേദനയില്‍ മുക്കിയെഴുതിയ കവിതകള്‍ . കവിതകള്‍ മിക്കതിനും തലക്കെട്ടുണ്ടായിരുന്നില്ല. ഒലീവ് പ്രസിദ്ധപ്പെടുത്തിയ നന്ദിതയുടെ കവിതകള്‍ എന്ന സമാഹാരത്തില്‍ നിന്ന്.

കോഴിക്കോട്ഫാറൂക്ക് കോളജില്‍ പഠിക്കുന്ന സമയത്ത് ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ കുറിച്ചിട്ട വരികള്‍

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍
നിന്റെ ചിന്തകള്‍ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പില്‍
എന്നെ ഉരുക്കുവാന്‍ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍!പായസത്തിനുമിടക്ക്
ഞാന്‍ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവില്‍ പഴയ പുസ്തക കെട്ടുകള്‍ക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്റെ തുമ്പിലെ അഗ്‌നി കെട്ടുപോയിരുന്നു(1992)

തണുത്തുറയാത്ത നെയ്യ്

നിറതിരി പടര്‍ന്നുകത്തുന്ന നിലവിളക്ക്
തുളസിത്തറയില്‍ ഉഷ്ണം പെറ്റുപെരുകുന്നു
എന്റെ തളിര്‍ വാകയ്ക്ക് നീറുന്നു
രക്തസിന്ദൂരം ചാര്‍ത്തി നിറഞ്ഞുപൂക്കാന്‍
ഞാനവളോട് പറഞ്ഞില്ല.
ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവാം.
പക്ഷേ…
എനിക്ക് ക്രൂരയായേ പറ്റൂ
കാലത്തിലൂടെ പിറകോട്ട് പോവാന്‍
ഞാനവളോട് എങ്ങിനെ പറയും?(1993 ഡിസംബര്‍ 4)

നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത്
അവള്‍ പൂപ്പാത്രമൊരുക്കി.
പൂക്കളടര്‍ന്നുണങ്ങിയ തണ്ടിന്
വിളര്‍ത്ത പൗര്‍ണ്ണമിയുടെ നിറം,
അവളുടെ കണ്ണുകള്‍ക്കും.

വീണ്ടും ഹ്യദയത്തിന്റെ അറകളില്‍
ഉണക്കി സൂക്ഷിച്ച വിത്തുപാകി.
സ്വര്‍ണ്ണ മത്സ്യങ്ങളെ നട്ടുവളര്‍ത്തി
യവള്‍ ചില്ലു കൂട്ടിലൊതുക്കി.
പിഞ്ഞിത്തുടങ്ങിയ ഈറനോര്‍മ്മകളില്‍
അരളിപ്പൂക്കളലിഞ്ഞു.

മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോര്‍ന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.

വാതില്‍പ്പാളികള്‍ക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുല്‍കാന്‍ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുകളില്‍
വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വര്‍ണ്ണ മത്സ്യങ്ങള്‍
പിടഞ്ഞു മരിക്കുന്നു.

വിതക്കാനിനി മണ്ണും,
വിത്തും ബാക്കിയില്ലന്നിരിക്കേ
ഒഴിഞ്ഞ ചില്ലുകൂടും
ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും
അവള്‍ക്ക് കൂട്ട് (1992)

ശിരസ്സുയര്‍ത്താനാവാതെ

നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്‌നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ(1992)

പിന്നെ നീ മഴയാകുക

ഞാന്‍ കാറ്റാകാം .
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്റെ ഇരമ്പലിന് കാതോര്‍ക്കാം(1992)

നീ ചിന്തിക്കുന്നു

നിനക്കു കിട്ടാത്ത സ്‌നേഹത്തെ കുറിച്ച്.
നിനക്ക് ഭൂമിയാണ് മാതാവ്
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അകലുകയാണ്.
പിതാവിനെത്തേടി,
മാതാവിനെ ഉപേക്ഷിച്ച്…..
ഹേ മനുഷ്യാ നീ എങ്ങോട്ടുപോയിട്ടെന്ത്?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു…
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട് ക്ഷമിക്കൂ.(1986)

എന്റെ വൃന്ദാവനം

ഇന്ന്
ഓര്‍മകളില്‍ നിന്നെ തിരയുകയാണ്;
അതിന്റെ ഒരു കോണിലിരുന്ന്
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹൃദയവും മനസ്സും രണ്ടാണന്നോ ?

രാത്രികളില്‍,
നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍
നനഞ്ഞ പ്രഭാതങ്ങള്‍
വരണ്ട സായാഹ്നങ്ങള്‍
ഇവ മാത്രമാണ്
ഇന്നെന്റെ ജീവന്‍ പകുത്തെടുക്കുന്നത്
എനിക്കും നിനക്കുമിടയില്‍
അന്തമായ അകലം
എങ്കിലും
നനുത്ത വിരലുകള്‍ കൊണ്ടു
നീയെന്റെയുള്ള് തൊട്ടുണര്‍ത്തുമ്പോള്‍
നിന്റെ അദൃശ്യമായ സാമീപ്യം
ഞാന്‍ അറിഞ്ഞിരുന്നു

പങ്കു വെക്കുമ്പോള്‍

ശരീരം ഭൂമിക്കും
മനസ്സ് എനിക്കും ചേത്തുര്‍വച്ച
നിന്റെ സൂര്യ നേത്രം
എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്
മനസ്സ് ഉരുകിയൊലിക്കുമ്പോള്‍
നിന്റെ സ്‌നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാല്‍ മൃതിയാണണ്
ഞാന്‍.. നീ മാത്രമാണെന്ന്....

കാറ്റ് ആഞ്ഞടിക്കുന്നു

കെട്ടുപോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു
ഞാന്‍ ആളിപ്പടരുന്നു
മുടികരിഞ്ഞ മണം,
അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍,
ഉരുകുന്ന മാംസം,
ചിരിക്കുന്ന തലയോട്ടി,
ഞാന്‍ ചിരിക്കുന്നു
സ്വന്തം വന്ധ്യത
മൂടി വെയ്ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു
ഭ്രാന്തമായി

ഉഷ്ണമാപിനികളിലൂടെ ഒഴുകുന്ന രക്തം

തലച്ചോറില്‍ കട്ട പിടിക്കുന്നതിനു മുന്‍പ്
എനിക്ക് ശ്വസിക്കാനൊരു തുളസിക്കതിരും
ഒരു പിടി കന്നിമണ്ണും തരിക.
ദാഹമകറ്റാന്‍ ഒരിറ്റ് ഗംഗാജലം
അടഞ്ഞ കണ്ണുകളില്‍ തേഞ്ഞുതുടങ്ങുന്ന
ചിന്തകളെ പുതപ്പിക്കാന്‍
എനിക്ക് വേണ്ടതൊരു മഞ്ഞപ്പട്ട്.
തല വെട്ടിപ്പൊളിക്കാതെ
ഉറഞ്ഞു കൂടിയ രക്തം ഒഴുക്കിക്കളയാന്‍
നെറ്റിയില്‍ മഴമേഘങ്ങളില്‍ പൊതിഞ്ഞൊരു കൈത്തലം
എള്ളും എണ്ണയുമൊഴിച്ചെന്റെ ചിതയെരിയുമ്പോള്‍
അഗ്‌നി ആളിപ്പടരാന്‍, വീശിയറ്റിക്കുന്ന കാറ്റായ്
ജ്വലിക്കുന്നൊരു മനസ്സും.
കാറ്റും അഗ്‌നിയും ചേര്‍ന്നലിഞ്ഞ്
ഓരോ അണുവിലും പടര്‍ന്നു കയറട്ടെ.
ആ ജ്വാലയാണിന്നെന്റെ സ്വപ്നം.(1992)

കുറ്റസമ്മതം

മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു.

തുമ്പികള്‍ മുറ്റത്ത് ചിറകടിച്ചാര്‍ത്തപ്പോള്‍
സ്‌നേഹിക്കയാണെന്ന് ഞാന്‍ കരുതി
അവ മത്സരിക്കയാണെന്ന്
നിന്റെ മൌനം എന്നോട് പറഞ്ഞു.

കാറ്റ് പൂക്കളോട് പറഞ്ഞു;
വെറുതെ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാര്‍വട്ടങ്ങളും
സ്‌നേഹം ചിരിയിലൊതുക്കുന്നു.
ആ പുഞ്ചിരിയില്‍ വേദനയാണെന്നോ?

ശൂന്യത സത്യമാണെന്നോ?
അരുത് എന്നെ വെറുതെ വിടൂ
എന്നെ ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലെന്റെ അമ്മയുണ്ട്

കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്‍ത്ഥമില്ല; ഞാന്‍
സമ്മതിക്കുന്നു
എനിക്ക് തെറ്റുപറ്റി.(1992)

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] Lovely Thoughts

 

 
 
 
 
 

 
 
 
 
 
 
 
 
 
 
 
 
 
 
Fun & Info @ Keralites.net  
 
 
 
 
 
 
 
 

 

 
With warm Regards,


K.THIAGARAJAN, KTR (A to Z), 
Flat F-1, AABHARANA Apts, 
Plot No.6, JAI NAGAR 6 th Street, 
VALASARAVAKKAM, CHENNAI - 600 087.
Ph: 044-2476 4882, Mob: 0938 000 4882

www.keralites.net

__._,_.___

Posted by: prasannam n <iampresanam@yahoo.co.in>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (3)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___