ഒരുങ്ങാം കുഞ്ഞുവാവയ്‌ക്കായ് അമ്മയായി
ഗര്‍ഭധാരണത്തിനു മുന്നോടിയായി എന്താണ് ഗര്‍ഭധാരണമെന്നും എങ്ങനെയാണ്
ഇത് സംഭവിക്കുന്നതെന്നും അറിഞ്ഞിരിക്കുന്നത് പിന്നീടുണ്ടാകുന്ന പല സങ്കീര്‍ണതകളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും.
വിവാഹ ശേഷം എണ്ണിപ്പറഞ്ഞ് പത്താം മാസം നോക്കിയിരിക്കുന്ന ദമ്പതികളാണ് അധികവും. ഇങ്ങനെ യാതൊരു നിര്‍ബന്ധവുമില്ല. ഇവിടെയാണ് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അഭിപ്രായ സമന്വയത്തിന്റെ പ്രാധാന്യം. ആദ്യത്തെ കുഞ്ഞ് എപ്പോള്‍ വേണമെന്ന് തീരുമാനിക്കേണ്ടത് ഭാര്യയും ഭര്‍ത്താവും കൂടിയാണ്. അതിനായി പ്ലാനിംഗ് നടത്താം. എന്നാല്‍ പ്ലാനിംഗ് അതിരു കടക്കാതെയും നോക്കണം. വിവാഹ ശേഷം ഒരു വര്‍ഷം കഴിഞ്ഞ് ഭാര്യ ഗര്‍ഭിണിയാവുന്നതാണ് നല്ലത്. അതുവരെ മധുവിധു ആഘോഷത്തിനുള്ള സമയമായി മാറ്റിവയ്‌ക്കുക. ഈ സമയത്തിനുള്ളില്‍ ഇരുവരും തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടാകുന്നു. എന്നാല്‍ ഈ ഒരു വര്‍ഷത്തിനിടയില്‍ യാദൃച്‌ഛികമായി ഭാര്യ ഗര്‍ഭിണിയായാല്‍ ഒരുകാരണവശാലും അബോര്‍ഷനെക്കുറിച്ച് ചിന്തിക്കരുത്.
അനാവശ്യചിന്തകള്‍ അരുത്
പ്ലാനിംഗിന്റെ സമയത്ത് ഗര്‍ഭം ധരിച്ചാലും അത് സന്തോഷത്തോടെ സ്വീകരിക്കാന്‍ ഭാര്യയും ഭര്‍ത്താവും മാനസികമായി തയാറാകണം. അത് അനാവശ്യ ഗര്‍ഭമായി ചിന്തിക്കരുത്. അനാവശ്യ ഗര്‍ഭമാണെന്ന അമ്മയുടെ ചിന്ത കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും. ഇങ്ങനെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ പലപ്പോഴും അനാരോഗ്യരായി കാണാറുണ്ട്. വിവാഹം കഴിഞ്ഞ് ആദ്യമായി ഗര്‍ഭംധരിക്കാന്‍ രണ്ടുവര്‍ഷംവരെ കാത്തിരിക്കുന്നത് നല്ലതല്ല. സ്‌ത്രീകളില്‍ ആദ്യപ്രസവം മുപ്പത്തിയഞ്ച് വയസ് കഴിയുന്നതിനുമുമ്പ് നടക്കുന്നതാണ് നല്ലത്. ടൈം ടേബിള്‍ വച്ച് ഗര്‍ഭധാരണം എപ്പോള്‍ വേണമെന്ന് കണക്കു കൂട്ടുന്നവരുണ്ട്. മറ്റ് ശാരീരിക പ്രശ്‌നമൊന്നുമില്ലെങ്കില്‍ കുട്ടി ഏതു സമയത്തും ജനിക്കട്ടെ. വളരെ നേരത്തേയും താമസിച്ുചമുള്ള ഗര്‍ഭധാരണം അനുവദനീയമാണെങ്കിലും 20-30 വയസിനിടയ്‌ക്കുള്ള പ്രായമാണ് ഒരു സ്‌ത്രീയെ സംബന്ധിച്ച് ഗര്‍ഭം ധരിച്ചു പ്രസവിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം. 20 വയസിനു മുമ്പ് അമ്മയാകാന്‍ തയാറെടുക്കുമ്പോള്‍ അവള്‍ക്കു പലപ്പോഴും വൈകാരികമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞെന്നുവരില്ല. അതിനാല്‍ അമ്മയാവാന്‍ അവള്‍ മനസുകൊണ്ടു തയാറായിരിക്കില്ല. നേരത്തെയുള്ള പ്രസവം അമ്മയേയും കുഞ്ഞിനേയും അപകടകരമാംവിധം ബാധിചേ്േക്കാം. വിറ്റാമിന്‍െറ കുറവ്, ഭാരം കുറവുള്ള കുഞ്ഞ്, മാസം തികയാതെയുള്ള പ്രസവം, അമ്മയ്‌ക്കും കുഞ്ഞിനും പ്രസവസമയത്തുണ്ടാകുന്ന അപകടങ്ങള്‍, മുറിവുകള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ നേരത്തെയുള്ള പ്രസവത്തിന്‍െറ ഫലമായി ഉണ്ടാകാം. മറ്റൊരു പ്രശ്‌നം പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ അമ്മയായി പരിഗണിക്കാന്‍ സമൂഹം മടി കാണിചേ്േക്കാം, ഒരു കൊച്ചു കുട്ടിയോടുള്ള സമീപനം സമൂഹം ഇവരോടുവച്ചു പുലര്‍ത്തുമ്പോള്‍ അവളുടെ ആത്മവിശ്വാസത്തെ ആ ധാരണ തകര്‍ത്തേക്കാം.
താമസിച്ചുള്ള ഗര്‍ഭധാരണം
വിവാഹപ്രായം മുപ്പതു കഴിയുന്നതും ഗര്‍ഭധാരണത്തിനും പ്രസവത്തിനും ബുദ്ധിമുട്ടുകള്‍ സഷ്‌ടിക്കുന്നു. താമസിച്ചുള്ള വിവാഹം, ജീവിത സാഹചര്യങ്ങള്‍ എന്നിവയെല്ലാം ഗര്‍ഭധാരണം താമസിക്കുന്നതിനു കാരണമാകാം. ഇത്തരം സന്ദര്‍ഭത്തില്‍ വൈകാരിക പ്രശ്‌നങ്ങളേക്കാള്‍ ഉപരി ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ക്കുള്ള (മെഡിക്കല്‍ കോപ്ലിക്കേഷന്‍) സാധ്യത വര്‍ധിക്കുന്നു. ഗര്‍ഭം അലസല്‍, കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുക, മാനസിക പ്രശ്‌നങ്ങള്‍, അംഗവൈകല്യം, ക്രോമസോമില്‍ വരുന്ന മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കുഞ്ഞിനു സംഭവിക്കാം. 35 വയസിനു ശേഷം ഗര്‍ഭം ധരിക്കുന്നവരില്‍ ഇതു കൂടുതലായി കണ്ടുവരുന്നു. ഗര്‍ഭധാരണം വൈകുന്നതു കുഞ്ഞില്‍ മനോവൈകല്യം, പഠനവൈകല്യം, പെരുമാറ്റ വൈകല്യങ്ങള്‍ ഇവ പ്രകടമാകുന്നതിനും കാരണമാകാം. പ്രായം കൂടി ഗര്‍ഭധാരണം സംഭവിക്കുമ്പോള്‍ കുട്ടികളുടെ എണ്ണം കുറഞ്ഞ് ഒറ്റക്കുട്ടിയില്‍ എത്തുന്നു. പ്രായം പിന്നീടുള്ള ഗര്‍ഭധാരണത്തിന് തടസം നില്‌ക്കുമ്പോള്‍ മിക്കവരും ആദ്യ കുട്ടിയുടെ ജനനത്തോടെ പ്രസവം നിര്‍ത്താം. ഒറ്റ കുട്ടിയായി വളരേണ്ടി വരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും ഗൗരവമായി കാണേണ്ടതാണ്. 20-നും 30-നും ഇടയ്‌ക്കുള്ള പ്രായമാണു ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമെന്നു പറഞ്ഞുവലേ്ലാ. ഒരുകാര്യം ഓര്‍ക്കുക. ഒരു പ്രസവം കഴിഞ്ഞ് അടുത്ത പ്രസവത്തിനുള്ള സ്വീകാര്യമായ ഇടവേള മൂന്നുമുതല്‍ നാലുവര്‍ഷം വരെയാണ്. എന്നാല്‍, ഇതിനു പ്രത്യേകിച്ചു നിയമമൊന്നുമില്ല. ഗര്‍ഭത്തിന്‍െറ ആദ്യ മൂന്നുമാസം ഗര്‍ഭിണിക്കു നിരവധി അവസ്‌ഥകളിലൂടെ കടന്നുപോകേണ്ടി വരാം. വിശപ്പില്ലായ്‌മ, ഓക്കാനം, ഛര്‍ദി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അവള്‍ക്കുണ്ടാകാം. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്‍െറ സ്‌നേഹവും പരിചരണവും ഗര്‍ഭിണിക്ക് ആശ്വാസം നല്‍കും.
ഗര്‍ഭിണികളിലെ അണുബാധ
ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന അണുബാധ കുഞ്ഞിന്‍െറ അംഗവൈകല്യത്തിനു കാരണമാകാം. റൂബെല്ല വൈറല്‍ അവസ്‌ഥ ഗര്‍ഭിണികള്‍ക്കുണ്ടായാല്‍ കുഞ്ഞിന് അംഗവൈകല്യം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രധാനമായും കേള്‍വിക്കുറവ്. അതിനാല്‍ ഗര്‍ഭിണിയാകുന്നതിനു മുമ്പ് ഡോക്‌ടറുടെ നിര്‍ദേശപ്രകാരം വൈറല്‍ വാക്‌സിന്‍ എടുക്കുക. പ്രകൃതി ഒരു പെണ്‍കുട്ടിയെ അമ്മയാക്കാന്‍ ഒരുക്കുന്നത് ആര്‍ത്തവത്തോടെയാണ്. ഏകദേശം 12, 14 വയസാകുന്നതോടെ ഈ തയാറെടുപ്പു തുടങ്ങുന്നു. ഗര്‍ഭിണിയായി കഴിഞ്ഞുള്ള ശ്രദ്ധയും പരിചരണവും പോലെതന്നെ പ്രധാനമാണ് അമ്മയാകാന്‍ ഒരുങ്ങുക എന്നുള്ളതും. മുന്‍കരുതലുകളോടെയുള്ള ഗര്‍ഭധാരണം ആകുലതകളെ അകറ്റിനിര്‍ത്തുന്നു.
നല്ല അച്‌ഛനാവാം
അമ്മയാവാന്‍ ഒരുങ്ങുന്നതുപോലെതന്നെ പ്രധാനമാണ് അച്‌ഛനാവാനുള്ള തയാറെടുപ്പും വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍തന്നെ അച്‌ഛനാകാനും മാനസിക സന്നദ്ധത കൈവരിക്കുക. വിവാഹം കഴിഞ്ഞാല്‍ കുഞ്ഞാവും. കുഞ്ഞിനെയും ഭാര്യയേയും പോറ്റാന്‍തക്ക സാമ്പത്തികസ്‌ഥിതി ഉറപ്പായ ശേഷം വിവാഹം കഴിക്കുന്നതാണ് നല്ലത്. ദാരിദ്ര്യത്തിലേക്കും കഷ്‌ടപ്പാടിലേക്കും ഒരു കുഞ്ഞു പിറന്നുവീഴുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കണം. എന്നുകരുതി ധനാഢ്യനായ ശേഷം വിവാഹം എന്നല്ല. ഭാര്യ ഗര്‍ഭിണിയായാല്‍ അതില്‍ അങ്ങേയറ്റം അഭിമാനിക്കാനും സന്തോഷിക്കാനും തയാറാവുക. ആ സന്തോഷം ഭാര്യയുമായി പങ്കുവയ്‌ക്കുക. തന്റെ രക്‌തത്തില്‍ പിറന്ന കുഞ്ഞിനെ തരാനൊരുങ്ങുന്ന ഭാര്യയെ സ്‌നേഹംകൊണ്ട് പൊതിയാന്‍ ഭര്‍ത്താവിനാവണം. ആ സ്‌നേഹവും സന്തോഷവും ഗര്‍ഭസ്‌ഥശിശു തിരിച്ചറിയും. കുഞ്ഞു പിറക്കുമ്പോള്‍ ആ സ്‌നേഹം അവന്‍ തിരിച്ചും നല്‍കും. ഗര്‍ഭിണിയാകുന്നതോടെ സ്‌ത്രീയില്‍ ശാരീരീക വ്യതിയാനം കണ്ടുതുടങ്ങും. അവരുടെ ജീവിതരീതിയില്‍ പോലും അതിനനുസരിച്ച മാറ്റങ്ങള്‍ ഉണ്ടാകും.
ഭര്‍ത്താവിന്റെ കരുതല്‍
പിറക്കാന്‍പോകുന്ന കുഞ്ഞില്‍ മാത്രമാവും സ്‌ത്രിയുടെ ശ്രദ്ധ. അപ്പോള്‍ ഭര്‍ത്താവിന്റെ കാര്യത്തില്‍ ഭാര്യയ്‌ക്ക് മുമ്പത്തേപ്പോലെ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഭാര്യയുടെ ഈ മാറ്റം ഭര്‍ത്താവ് തിരിച്ചറിയണം. വിട്ടുവീഴ്‌ചകള്‍ക്കായി പുരുഷന്‍ ഒരുങ്ങണം. എല്ലാം ജീവിതത്തിന്റെ ഭാഗം മാത്രമാണെന്ന് കരുതുക. ഭാര്യയുടെ അവസ്‌ഥ തിരിച്ചറിഞ്ഞ് അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാനും പുരുഷന്‍ സന്നദ്ധനാവണം. അങ്ങനെ പുരുഷനും അച്‌ഛനാവാനൊരുങ്ങാം.
കുഞ്ഞുവാവയ്‌ക്കായി തയാറെടുക്കുമ്പോള്‍
ഇനിയൊരു കുഞ്ഞാവാം എന്നു തീരുമാനിച്ചാല്‍ അടുത്ത മൂന്നു മാസം അതിനുള്ള തയാറെടുപ്പിനായി മാറ്റിവയ്‌ക്കാം. ഒരു ഗൈനക്കോളജിസ്‌റ്റിനെ സമീപിച്ച് ഫിസിക്കല്‍ െചക്കപ്പ് നടത്തുകയാണ് ആദ്യം വേണ്ടത്. രക്‌തം, പല്ലിന്റെയും കണ്ണിന്റെയും ആരോഗ്യം എന്നീ പരിശോധന നടത്തണം. ഹീമോഗ്ലോബിന്‍, ക്രോമസോം, ബ്ലഡ് ഗ്രൂപ്പിംഗ്, ബ്ലഡ് ടൈപ്പിംഗ് എന്നീ പരിശോധനകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്‌്. തകരാറുകള്‍ ഉണ്ടെങ്കില്‍ ഗര്‍ഭധാരണത്തിനു മുമ്പ് തന്നെ അതിനു പരിഹാരം കാണണം. ഗര്‍ഭധാരണത്തിനു ശേഷം മരുന്നുകളുടെ ഉപയോഗം ഒഴിവാക്കാനാണിത്. കുടുബത്തില്‍ മറ്റാര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള ജനിതക വൈകല്യമുണ്ടെങ്കില്‍ അക്കാര്യം ഡോക്‌ടറെ അറിയിക്കാന്‍ മടിക്കരുത്. ഇങ്ങനെയുണ്ടെങ്കില്‍ ഒരു ജനറ്റിക് കൗണ്‍സിലിംഗും ആവശ്യമായി വരും. ജനറ്റിക് കൗണ്‍സിലിംഗിലൂടെ ജനിതകവൈകല്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ കഴിയും. ഗര്‍ഭം ധരിക്കുംമുമ്പ് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും സാധിക്കും. എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ അവരെ ഹൈറിസ്‌ക് ഗ്രൂപ്പില്‍ പെടുത്തുകയും തുടര്‍ന്നങ്ങോട്ട് ഡോക്‌ടര്‍മാരുടെ ഭാഗത്തുനിന്ന് പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്യും. എന്നാല്‍ മുന്‍കൂട്ടി നടത്തുന്ന പരിശോധനകളൊന്നും ഉദരത്തില്‍ ജന്മമെടുത്ത കുഞ്ഞിനെ നശിപ്പിക്കാന്‍ വേണ്ടിയാവരുത്.
ഗര്‍ഭകാലത്ത് മാത്രം സ്‌ത്രീകളില്‍ കണ്ടുവരുന്ന ചില അസ്വസ്‌ഥതകള്‍
രോഗമാണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ തേടുന്നവരുണ്ട്. ഗര്‍ഭകാലത്ത് ശരീരത്തുണ്ടാകുന്ന രാസമാറ്റങ്ങള്‍ക്ക് അനുസൃതമായി ഉണ്ടാകുന്ന ചില്ലറ ബുദ്ധിമുട്ടുകള്‍ മാത്രമാണിവ. ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ ആര്‍ഭാടമായ രീതിയില്‍ വിവാഹം. പുത്തന്‍പെണ്ണിനെ കാണാനുള്ള തിരക്ക് ആഴ്‌ചകളും മാസങ്ങളും കടന്നുപോയി. പള്ളിയില്‍ എത്തിയ അവള്‍ പെട്ടെന്ന് തലകറങ്ങിവീണു. എല്ലാവരും ചുറ്റും ഓടിക്കൂടി. സമീപത്തുനിന്ന നഴ്‌സായ സാലി 'എന്താ ജോബി ഇത്. ഈ സമയത്ത് രാവിലെ കട്ടന്‍കാപ്പിപോലും കൊടുക്കാതെയാണോ പള്ളിയില്‍ കൊണ്ടുവരുന്നത്. ഇത് കേട്ടപ്പോള്‍ ഭര്‍ത്താവിന്റെ മുഖത്ത് ചമ്മല്‍. കാര്യം എല്ലാവര്‍ക്കും പിടികിട്ടി. ഗര്‍ഭത്തിന്റെ ലക്ഷണമാണെന്ന് മനസിലാക്കി ആളുകള്‍ പിരിഞ്ഞുപോയി. ഗര്‍ഭധാരണ സമയത്ത് ഒരു സ്‌ത്രീയില്‍ പ്രകടമാകുന്ന ലക്ഷണങ്ങളെ രോഗമാണെന്ന് പറയാനാവില്ല. എന്നാല്‍ ചില സാധാരണ അസുഖങ്ങള്‍ ഉണ്ടാവാം.
അമിതമായ ഛര്‍ദ്ദി
ഗര്‍ഭധാരണസമയത്ത് മിക്ക സ്‌ത്രീകളിലും കണ്ടുവരുന്ന ഒരു ലക്ഷണമായി ഛര്‍ദ്ദിയെ കണക്കാക്കാം. രാവിലെ ഉണര്‍ന്നുവരുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമാണ് ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാവുന്നത്. ചിലരില്‍ ദിവസം മുഴുവനും ഓക്കാനവും ഛര്‍ദ്ദിയും നീണ്ടുനില്‍ക്കുന്നു. എന്നാല്‍ രാവിലെ മാത്രം ഇവ ഉണ്ടാവാറുണ്ട്. ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ ശരീരത്തില്‍ സൃഷ്‌ടിക്കുന്ന വ്യതിയാനങ്ങളാണ് ഛര്‍ദ്ദിയുണ്ടാവുന്നതിന്റെ കാരണം. ഓരോരുത്തരിലും ഉണ്ടാവുന്ന ഛര്‍ദ്ദിയുടെ തോത് വ്യത്യസ്‌തമായിരിക്കും.ഗര്‍ഭകാലത്തുണ്ടാവുന്ന ഓക്കാനവും ഛര്‍ദ്ദിയും ഒരു രോഗമല്ല എന്ന ബോധ്യം ഓരോരുത്തരിലും ഉണ്ടായിരിക്കണം. അതിനാല്‍തന്നെ സാധാരണഗതിയില്‍ ഇതിന് ചികിത്സകള്‍ ആവശ്യമില്ല. ഭൂരിഭാഗം പേരിലും ആദ്യത്തെ 2- 3 മാസം കഴിയുമ്പോള്‍ ഇവ താനേ മാറും. എന്നാല്‍ ദിവസം മതുടര്‍ച്ചയായി ഛര്‍ദ്ദിക്കുക, ആഹാരം കഴിക്കാന്‍ കഴിയാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്‌ടറുടെ ഉപദേശംതേടുന്നത് നന്നായിരിക്കും. കാരണം ശരീരത്തില്‍ ഫ്യൂയിഡിന്റെ അളവ് കുറഞ്ഞാല്‍ അത് സങ്കീര്‍ണമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
വായില്‍ തുപ്പല്‍ വര്‍ദ്ധിക്കുക
ഗര്‍ഭകാലത്തുണ്ടാവുന്ന മറ്റൊരു അസ്വസ്‌ഥതയാണ് വായില്‍ തുപ്പല്‍ വര്‍ദ്ധിക്കുക എന്നത്. ഹോര്‍മോണിലുള്ള വ്യതിയാനങ്ങളാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. ഉമിനീര്‍ഗ്രന്ഥിയുടെ പ്രവര്‍ത്തനം വേഗത്തിലാവുന്നതും ഇതിന് ഒരു കാരണമായി പറയാം. എല്ലാ ഗര്‍ഭിണികളിലും ഇത് കാണപ്പെടാറില്ല.
* എരിച്ചിലുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക. പ്രധാനമായും അച്ചാറുകള്‍. വായുടെ രുചിക്കുവേണ്ടി അമിതമായി അച്ചാറുകള്‍ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യില്ല. ദോഷമേ ഉണ്ടാക്കൂ.
നെഞ്ചെരിച്ചിലും ദഹനക്ഷയവും
മാംസപേശികള്‍ക്കുണ്ടാവുന്ന അയവ്, ചലനശേഷിക്കുറവ് എന്നിവ ദഹനരസം വയറില്‍ കെട്ടിക്കിടക്കാനും അത് അന്നനാളത്തിലേക്ക് തികട്ടിവരുവാനുമിടയാകുന്നതുമൂലം നെഞ്ചെരിച്ചിലും ദഹനക്ഷയവും ഉണ്ടാകുന്നത്.
* കൂടുതല്‍ കുനിഞ്ഞുള്ള ജോലികള്‍ ഒഴിവാക്കുക. കാരണം ഇത് വയറിനുള്ളില്‍ അസിഡിറ്റി രൂപപ്പെടുന്നതിന് സാധ്യത കൂടുതലാണ്.
* എളുപ്പം ദഹിക്കുന്ന ആഹാരസാധനങ്ങള്‍ കഴിക്കുക.
* കഴിക്കുന്ന ആഹാരത്തെക്കാള്‍ രണ്ടിരട്ടി വെള്ളം കുടിക്കുക.
* പാല്‍ കുടിക്കുന്നത് നല്ലതാണ്.
* എരിവ്, പുളി തുടങ്ങിയവയുടെ ഉപയോഗം കുറയ്‌ക്കുന്നതും ഏറെ സഹായകരമാണ്.
മലബന്ധം
കുടലിലെ ചലനങ്ങള്‍ക്ക് (പ്രവര്‍ത്തിക്കും) വ്യതിയാനം സംഭവിക്കുന്നതുമൂലമാണ് മലബന്ധം ഉണ്ടാകുന്നത്. ഗര്‍ഭകാലത്ത് മലബന്ധം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇതുവഴി ചില ബുദ്ധിമുട്ടുകള്‍ ഗര്‍ഭിണികള്‍ക്ക് ഉണ്ടാവുന്നു.
പരിഹാരമാര്‍ഗങ്ങള്‍
* രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചെറുചൂടുവെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
* നടത്തം നല്ലതാണ്.
* ധാരാളമായി വെള്ളം കുടിക്കുക.
* പാല്‍, മോര്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയും ഗുണം ചെയ്യും.
* നാരുകള്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
അര്‍ശസ്
വളരുന്ന ഗര്‍ഭാശയം മലാശയത്തിന്‍മേല്‍ സമ്മര്‍ദ്ദമേല്‍പ്പിക്കുമ്പോള്‍ മലാശയത്തിലെ സിരകള്‍ക്ക് ഞെരുക്കമനുഭവപ്പെടുകയും രക്‌തസഞ്ചാരത്തിന് വിഘടനം ഉണ്ടാവുകയും ഇതിന്റെ ഫലമായി മലാശയത്തിലെ സിരകള്‍ വീര്‍ത്ത് തടിക്കുകയും ചെയ്യുന്നു. ഇതുമൂലമാണ് അര്‍ശസ്സുണ്ടാകുന്നു. മലബന്ധം അര്‍ശസിന് വഴിയൊരുക്കുന്നു.
മേല്‍പ്പറഞ്ഞ പരിഹാരമാര്‍ഗങ്ങള്‍ അര്‍ശസ്‌് തടയാന്‍ സഹായകമാണ്. കൂടുതല്‍നേരം നിന്നുള്ള ജോലികള്‍ കുറയ്‌ക്കാനും ശ്രദ്ധിക്കണം.
ഉറക്കമില്ലായ്‌മ
ഗര്‍ഭിണിയായിരിക്കുമ്പോള്‍ എട്ടുമണിക്കൂര്‍ ഉറക്കം രാത്രി വേളകളിലും ഇതുകൂടാതെ പകല്‍ രണ്ട് മണിക്കൂറും ഉറക്കം ആവശ്യമാണ്. ഗര്‍ഭാവസ്‌ഥയില്‍ ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ അംഗീകരിക്കാന്‍ പറ്റാതെ വരുക, പ്രസവത്തെക്കുറിച്ചുള്ള പേടി ഇവയൊക്കെ ഉറക്കം നഷ്‌ടപ്പെടുന്നതിനുള്ള കാരണങ്ങളാണ്. ജീവിതപങ്കാളിയുടെയും വീട്ടുകാരുടെയും സ്‌നേഹത്തോടെയുള്ള പെരുമാറ്റത്തിലൂടെയും സംരക്ഷണത്തിലൂടെയും ഇങ്ങനെയുള്ള ചിന്തകള്‍ മാറ്റാന്‍ സാധിക്കും. ഗര്‍ഭധാരണജീവിതത്തിന്റെ ഒരു ഭാഗമാണെന്ന ചിന്ത ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കണം. പ്രസവത്തെക്കുറിച്ച് ശരിയായ ധാരണ മനസിലാക്കിക്കൊടുക്കുക. അതായത് ആ സമയത്തുണ്ടാകുന്ന വേദന സഹിക്കാന്‍ പറ്റുന്നവയാണെന്നും പ്രസവശേഷം അത് താനെ മാറും എന്ന സത്യം അവളെ പറഞ്ഞു ബോധ്യപ്പെടുത്തണം. ഗര്‍ഭധാരണയുടെ ആദ്യ മാസങ്ങളില്‍ ഉറക്കം വരുമ്പോള്‍ കിടക്കാന്‍ ശ്രദ്ധിക്കുക. കാരണം മറ്റുള്ളവര്‍ സുഖമായി ഉറങ്ങുന്നത് ചിലരില്‍ മാനസികമായി ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുന്നു. താന്‍ മാത്രം കഷ്‌ടപ്പെടുന്നു എന്ന ചിന്ത ഉടലെടുക്കാന്‍ സാധ്യതയുണ്ട്. തൈര് പോലുള്ളവ കഴിക്കുന്നത് ഉറക്കമില്ലായ്‌മ പരിഹരിക്കാന്‍ സാധിക്കുന്നു. കുഞ്ഞിന്റെ അനക്കം ഉറക്കം നഷ്‌ടപ്പെടുത്താറുണ്ട്. ഈ സമയങ്ങളില്‍ കിടക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന സമയത്തെക്കാള്‍ ഒരു മണിക്കൂര്‍ നേരത്തെ കിടക്കാന്‍ ശ്രദ്ധിക്കണം.
നടുകഴപ്പ്
ഗര്‍ഭത്തിന്റെ വളര്‍ച്ചമൂലം നട്ടെല്ലില്‍ സമ്മര്‍ദ്ദമേല്‍ക്കുകയും മസിലുകള്‍ക്ക് അയവ് സംഭവിക്കുന്നതുമൂലമാണ് നടുകഴപ്പ് ഉണ്ടാവുന്നത്. എല്ലാ ഗര്‍ഭിണികളിലും തന്നെ നടുകഴപ്പ് കാണപ്പെടാറുണ്ട്.
* നടുകഴപ്പ് ഉണ്ടാവുമ്പോള്‍ എണ്ണ, കുഴമ്പ്, തൈലം ഇവയില്‍ ഏതെങ്കിലും നട്ടെല്ലിന് മുകളില്‍ പുരട്ടിയശേഷം വിശ്രമിച്ചാല്‍ അല്‌പം ആശ്വാസം ലഭിക്കും.
* ഇരിക്കുമ്പോള്‍ നേരെയിരിക്കാനും തലയിണ പുറത്തിന് താങ്ങായി നല്‍കുന്നതും വളരെ നല്ലതാണ്.
* അധികം നേരമുള്ള നില്‍പ്പ് ഒഴിവാക്കുക.
* എത്ര വേദന അനുഭവപ്പെട്ടാലും വേദന സംഹാരികള്‍ കഴിക്കരുത്. കാരണം അത് കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കും. എന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണം.
വെള്ളപോക്ക്
യോനി, ഗര്‍ഭാശയമുഖത്തിനുള്ള ഗ്രന്ഥികളുടെ പ്രവര്‍ത്തനം ത്വരിത ഗതിയിലാകുന്നതുമൂലമാണ് വെള്ളപോക്ക് ഉണ്ടാവുന്നത്. ഇത് അധികമായി പോയാല്‍ ഡോക്‌ടറെ കാണിക്കണം. അതായത് തൈര് പോലെ കട്ടയായി പോവുക, മഞ്ഞനിറത്തില്‍ പോവുക, ഇവയ്‌ക്ക് മണം ഉണ്ടാവുക എന്നിങ്ങനെ. ആ ഭാഗത്തെ രോമങ്ങള്‍ ഷെയ്‌വ് ചെയ്യാതെ മുറിച്ച് കളയുന്നതാണ് നല്ലത്. കാരണം ഷെയ്‌വ് ചെയ്യുന്നതുവഴി മുറിവുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. മുറിവുകളില്‍ അണുബാധയുണ്ടാവുകയും അത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു.
കാലിലെ രക്‌തസിരകളുടെ വീര്‍പ്പ്
അശുദ്ധരക്‌തം കാലുകളില്‍ കെട്ടിനില്‍ക്കുകയും രക്‌തയോട്ടം ശരിയായരീതിയില്‍ നടക്കാത്തതുമൂലമാണ് കാലിലെ രക്‌തസിരകളുടെ വീര്‍പ്പ് ഉണ്ടാവുന്നതിന്റെ കാരണം. ഗര്‍ഭസമയത്ത് കൂടുതലായി നിന്ന് ജോലി ചെയ്യുന്നവരിലാണ് ഇത് കാണപ്പെടുന്നത്. ഇവര്‍ക്ക് പ്രഷര്‍ കുറയാനുള്ള സാധ്യതകള്‍ കൂടുതലാണ്.
* അധികമായി നിന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്‌ക്ക് നടക്കാന്‍ ശ്രദ്ധിക്കുക.
* കിടക്കുമ്പോള്‍ ഇടതുവശത്തേക്ക് ചരിഞ്ഞ് കിടക്കുക.
* ഇരിക്കുമ്പോള്‍ കാല്‍ഭാഗത്ത് തലയണ വയ്‌ക്കുന്നതും നന്നായിരിക്കും.
രക്‌തക്കുറവ്
ശരിയായരീതിയില്‍ ഭക്ഷണം കഴിക്കാത്തതുമൂലമാണ് രക്‌തക്കുറവ് ഉണ്ടാവുന്നത്. രക്‌തക്കുറവ്‌മൂലം സ്‌ത്രീകളില്‍ ഗര്‍ഭകാലത്ത് വിളര്‍ച്ചയുണ്ടാവുന്നു. ഇലക്കറികളിലൂടെ മാത്രം ഇവ പരിഹരിക്കാനാവില്ല. കാരണം ഇവയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം മൊത്തമായി ശരീരത്തിന് വലിച്ചെടുക്കാന്‍ സാധിക്കുന്നില്ല. സന്തുലിതമായ ആഹാരരീതിയാണ് ഏറ്റവും ഉത്തമം. മാംസാഹാരങ്ങള്‍, കടല്‍മീന്‍, പാല്‍, മുട്ട, ഈന്തപ്പഴം എന്നിവ കഴിക്കുന്നത് വളരെ നല്ലതാണ്.
കാലില്‍ മസില്‍കയറ്റം
കാലിന്റെ പിന്‍ഭാഗത്ത് വണ്ണഭാഗത്തുള്ള മാംസപേശികള്‍ വലിഞ്ഞുകോച്ചി ഉരുണ്ടുകൂടുന്നതുപോലെയുള്ള അനുഭവം. കാത്സ്യത്തിന്റെ കുറവുമൂലമാണ് ഇവ ഉണ്ടാവുന്നതിന്റെ കാരണം. കാലില്‍ തണുപ്പ് തട്ടുന്നതുവഴിയും വണ്ണവലി ഉണ്ടാകുന്നു. വീട്ടിനുള്ളിലും ചെരിപ്പിട്ടു നടക്കുക. കിടക്കുമ്പോള്‍ കാല്‍ നന്നായി പുതയ്‌ക്കാനും ശ്രദ്ധിക്കുക. ചെറുചൂടുവെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് തടവുന്നതും നല്ലതാണ്.
കാലിന് നീര്
ഗര്‍ഭകാലത്തെ അവസാന മാസങ്ങളില്‍ പാദങ്ങള്‍ക്ക് നീരുണ്ടാവുക സ്വാഭാവികമാണ്. കാലുകള്‍ തൂക്കിയിട്ടിരിക്കുക, അധികം നടക്കുക, നില്‍ക്കുക ഇവ ഒഴിവാക്കിയാല്‍ നീര് കുറയുന്നതിന് സഹായിക്കുന്നു. ചെറുചൂടുവെള്ളത്തില്‍ കാല്‍പ്പാദങ്ങള്‍ വയ്‌ക്കുന്നതും നല്ലതാണ്.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട നിരവധി തെറ്റിദ്ധാരണകള്‍ വിദ്യാസമ്പന്നര്‍ക്കുപോലുമുണ്ട്. ഗര്‍ഭിണിയായ ഒരു സ്‌ത്രീ സന്ധ്യകഴിഞ്ഞാല്‍ വീടിന് പുറത്തിറങ്ങരുത്. പുറത്തിറങ്ങിയാല്‍ അഴുക്കുപക്ഷി തല്ലും. അതുവഴി കുഞ്ഞിന് അംഗവൈകല്യങ്ങള്‍ ഉണ്ടാവുന്നു. ചുവപ്പ്, കറുപ്പ് തുടങ്ങിയ വസ്‌ത്രങ്ങള്‍ ധരിക്കരുത്. ഒരു കുഞ്ഞിന് ജനനം നല്‍കാന്‍ പോകുന്ന സ്‌ത്രീയോട് ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അവളില്‍ പേടിയുണ്ടാവുകയും അത് മാനസിക പ്രശ്‌നങ്ങള്‍ക്കു വഴിതെളിയിക്കുകയും ചെയ്യുന്നു.
ഗര്‍ഭിണികള്‍ക്ക് പ്രതിരോധശക്‌തി കുറവായിരിക്കും. അതിനാല്‍ മറ്റു രോഗികളെ കാണാന്‍ പോകുന്നത് ഒഴിവാക്കുക. വയറ്റില്‍ വളരുന്ന കുഞ്ഞിനുകൂടിയുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. എല്ലാ ആഹാരസാധനങ്ങളിലും പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കുക. ശരീരത്തിന് ആവശ്യമായ വ്യായാമം നല്‍കുന്നത് സുഖപ്രസവത്തിന് സഹായകമാണ്. ചെറിയതോതില്‍ അള്‍ട്രാവയലറ്റ് രശ്‌മികള്‍ ശരീരത്തില്‍ പതിക്കുന്നത് ജനിക്കുന്ന കുഞ്ഞിന്റെ മഞ്ഞനിറം മാറാന്‍ സഹായിക്കുന്നു. ഗര്‍ഭിണികള്‍ എല്ലായ്‌പ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ മറ്റുള്ളവര്‍കൂടി ശ്രദ്ധിക്കണം. ഗര്‍ഭകാലത്തുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പ്രസവത്തോടെ മാറും എന്നുപറഞ്ഞ് മനസിലാക്കുക.
ഛര്‍ദ്ദിലും ഓക്കാനവും ഒഴിവാക്കാനുള്ള കുറുക്കുവഴികള്‍
* രാവിലെ കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പ് ബിസ്‌ക്കറ്റ്‌പോലുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കുക.
* കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുക.
* ഭക്ഷണം കഴിച്ചയുടനെ കിടക്കരുത്.
* ഇടവിട്ട് ആഹാരം കഴിക്കുക. അതായത് രണ്ടുനേരം കഴിക്കുന്ന ആഹാരം നാലുനേരമായി കഴിക്കുക.
* ഛര്‍ദ്ദിയില്‍നിന്ന് രക്ഷനേടാന്‍ ഇഷ്‌ടവിനോദങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുക.
* ദൂരെയാത്രകള്‍ ഒഴിവാക്കുക.
* രണ്ടുകിലോയില്‍ കൂടുതല്‍ ഭാരം എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net