ഒരു മഴയില്‍ കുഴിയായി മാറുന്ന റോഡുകള്‍ അത്ര പുതുമയൊന്നുമല്ല നമുക്ക്. കുഴിയേത് വഴിയേത് എന്ന് തിരിച്ചറിയാനാകാതെ അതിസാഹസികമായി വണ്ടിയോടിക്കുന്നതിനിടയില്‍ കുഴിയില്‍ ചാടി അപകടത്തില്‍ പെട്ട് ആശുപത്രിയിലായവരും നിരവധി. കുഴികളില്‍ വാഴകള്‍ നട്ടും ആലപ്പുഴയിലെ ഒരു റോഡില്‍ പുഴയാണെന്നു കരുതി ഒരു വിദേശി നീന്താനിറങ്ങിയത് ഫെയ്‌സ്ബുക്ക് അടക്കമുളള നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും ഇതിനെതിരെ ആവുന്നത്ര നമ്മള്‍ പ്രിതികരിച്ചു നോക്കി. പക്ഷേ പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന വാശിയിലായുിരുന്നു നമ്മുടെ അധികാരികള്‍.
അത്തരക്കാരുടെ കണ്ണു തുറപ്പിക്കുന്ന പ്രകടനമാണ് അങ്ങ് വടക്ക് ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വര്‍ ജില്ലാമജിസ്‌ട്രേട്ടും ഭരണാധികാരിയുമായ ഐ.എ.എസ്.ഉദ്യോഗസ്ഥ ബി.ചന്ദ്രകല നടത്തിയിരിക്കുന്നത്. കിംഗ് സിനിമയിലെ അലക്‌സ് ജോസഫിനെ പോലെ അനീതിക്കെതിരെ പൊരുതുന്ന ഈ ജില്ലാ കളക്ടര്‍ കൃത്യവിലോപം കാണിച്ച കീഴുദ്യോഗസ്ഥരെ നിര്‍ത്തിപ്പൊരിക്കുന്ന വീഡിയോ ഒറ്റ ദിവസത്തിനുള്ളില്‍ ആറുലക്ഷം പേരാണ് കണ്ടത്.
ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ റോഡ് നിര്‍മ്മാണം വിലയിരുത്താന്‍ നേരിട്ടെത്തിയതായിരുന്നു ചന്ദ്രകല. നിര്‍മ്മാണത്തിലെ അപാകതകളും ഗുണനിലവാരം കുറഞ്ഞ നിര്‍മ്മാണ സാമഗ്രികളും ശ്രദ്ധയില്‍ പെട്ടതോടെ ക്ഷുഭിതയാവുകയായിരുന്നു. 'നിങ്ങള്‍ക്ക് നാണമില്ലേ? ഇതാണോ നിങ്ങളുടെ ജോലി?' എന്നു ചോദിച്ച് ഉദ്യോഗസ്ഥരെ ശാസിക്കാനാരംഭിച്ച ചന്ദ്രകല, ഉദ്യോഗസ്ഥര്‍ പാഴാക്കുന്നത് സ്വന്തം പണമല്ലെന്നും അത് പൊതുജനങ്ങളുടെ പണമാണെന്നും അവരെ ശാസനാസ്വരത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഒരു രാവു പുലരുമ്പോഴേക്കും തകരുന്ന റോഡുകള്‍ അഴിമതി എത്രത്തോളം ഈ രാജ്യത്ത് ഉയര്‍ന്നുകഴിഞ്ഞുവെന്നാണ് തെളിയിക്കുന്നതെന്നും അവര്‍ പറയുന്നു. സര്‍ക്കാരില്‍ നിന്നും ധാരാളം പണം റോഡ് നിര്‍മ്മാണത്തിനായി ചെലവിടുന്നത് എന്നിട്ട് എത്രത്തോളം ജോലികള്‍ ഇവിടെ നടന്നുവെന്നും അവര്‍ ഉദ്യോഗസ്ഥരോട് ആരായുന്നു. സിവിക് ബോഡി കമ്മീഷണറായ പിങ്കി ഗാര്‍ഗി എന്ന വനിത ഉദ്യോഗസ്ഥയേയും കോണ്‍ട്രാക്ടിലേയും നിര്‍മ്മാണജോലികളിലേയും വൈരുധ്യത്തിന്റെ പേരില്‍ ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്.
ഒരവസരത്തില്‍ ചന്ദ്രകലയുടെ വാദങ്ങളോട് മറുപടി പറയാന്‍ തുനിഞ്ഞ ഒരു ഉദ്യോഗസ്ഥനെ കൈചൂണ്ടി മിണ്ടിപ്പോകരുതെന്ന് ശാസിച്ച ചന്ദ്രകല റോഡുകള്‍ പെട്ടന്ന് തകരുന്നതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും നിര്‍മ്മാണത്തിന് ഉയോഗിക്കുന്നത് പഴയനിര്‍മ്മാണ സാമഗ്രികളല്ലേയെന്നും ഉദ്യോഗസ്ഥനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ പേപ്പറുകളില്‍ എല്ലാം പുതിയതായിരിക്കുമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
ചന്ദ്രകലയുടെ വാദങ്ങളെ യാതൊരു മറുപടിയുമില്ലാതെ തലകുനിച്ചുനിന്ന് കേള്‍ക്കുന്ന ഉദ്യോഗസ്ഥരേയും ദൃശ്യങ്ങളില്‍ കാണാം. ഒരു വനിത ഉള്‍പ്പടെ ആറോളം ഉദ്യോഗസ്ഥരാണ് മജിസ്‌ട്രേറ്റിന്റെ ശകാരത്തിന് ഇരയായത്.
കോണ്‍ട്രാക്ടര്‍മാര്‍ക്കതെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും പോലീസില്‍ പരാതിപ്പെടാനും ചില ഉദ്യോഗസ്ഥരേട് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ പുതിയ കട്ടകള്‍ ഉപയോഗിച്ച് റോഡ് നിര്‍മ്മാണം പുനരാരംഭിച്ചില്ലെങ്കില്‍ കോണ്‍ട്രാക്ടര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന താക്കീത് നല്‍കിയാണ് അവര്‍ മടങ്ങിയിരിക്കുന്നത്. നിര്‍മ്മാണത്തില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തിയ 17 കരാറുകള്‍ അവര്‍ റദ്ദാക്കി.
മികച്ച സര്‍വ്വീസ് റെക്കോര്‍ഡിനുടമയാണ് ചന്ദ്രകല. ചില രാഷ്ട്രീയക്കളികളുടെ ഭാഗമായി സമീപകാലത്താണ് ചന്ദ്രകലയെ മഥുരയില്‍ നിന്നും ബുലന്ദേശ്വറിലേക്ക് സ്ഥലംമാറ്റിയത്. വ്യക്തമായ കാരണംകാണിക്കല്‍ കൂടി നല്‍കാതെയായിരുന്നു സ്ഥലം മാറ്റം. തന്റെ ഓഫീസുകളില്‍ ലഭിക്കുന്ന പരാതികളിന്മേല്‍ ഉടനടി നടപടിയെടുത്ത് ഏറെ ജനപ്രീതി സമ്പാദിച്ചിരുന്നു ഇവര്‍.
ചന്ദ്രകലയുടെ സ്ഥലം മാറ്റത്തെ ഒട്ടൊരു ഞെട്ടലോടെയാണ് മഥുരയിലെ ജനങ്ങള്‍ സ്വീകരിച്ചത്. ഇവരുടെ ഉയരുന്ന ജനപ്രീതിയില്‍ ഭയചകിതരായ ചില രാഷ്ട്രീയക്കാരാണ് സ്ഥലംമാറ്റത്തിന് പിറകിലെന്ന് പറയപ്പെടുന്നു. മഥുരയിലെ കുട്ടികളുടേയും സ്ത്രീകളുടേയും വിധവകളുടേയും ഉന്നമനത്തിനു വേണ്ടിയും ദാരിദ്രനിര്‍മ്മാര്‍ജനത്തിന് വേണ്ടിയും ചന്ദ്രകല കഠിനാധ്വാനം ചെയ്തിരുന്നു.
അനാഥാലയത്തിലെ കുട്ടികളുമായി വളരെയധികം മാനസിക അടുപ്പമുണ്ടായിരുന്ന ചന്ദ്രകലയെ കുട്ടികള്‍ മജിസ്‌ട്രേറ്റ് മമ്മി എന്നാണ് വിളിച്ചിരുന്നത്. ട്രാന്‍സ്ഫര്‍ വാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍ കരഞ്ഞുകൊണ്ടാണ് കുട്ടികള്‍ ഇവരെ യാത്രയാക്കിയത്. പാവപ്പെട്ട
പെണ്‍കുട്ടികള്‍ക്കായി സാനിറ്ററി നാപ്കിന്‍ പ്രചരണവും ചന്ദ്രകല നടത്തിയിരുന്നു.
സ്‌കൂള്‍വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഒരു ശരാശരി വിദ്യാര്‍ത്ഥിനിയായിരുന്നു ചന്ദ്രകല. ഉന്നത മാര്‍ക്കൊന്നും കരസ്ഥമാക്കാതെയാണ് പത്താതരം പാസായത്. രണ്ടാം വര്‍ഷം ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വിവാഹം. അതിനുശേഷം താല്ക്കാലികമായി പഠനത്തോട് വിടപറഞ്ഞെങ്കിലും പിന്നീട് ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടെയും പിന്തുണയോടെ വിദ്യാഭ്യാസം തുടരുകയും ഐഎഎസ് നേടുകയും ചെയ്തു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 409-മത്തെ റാങ്കോടെ ഉന്നത വിജയമാണ് ഇവര്‍ കരസ്ഥമാക്കിയത്. കഠിനാധ്വാനത്തിന്റേയും പരിശ്രമത്തിന്റേയും മികച്ച ഉദാഹരണമായിരുന്നു ആ വിജയം.
ചന്ദ്രകലയുടെ അഴിമതിക്കെതിരെയുളള പോരാട്ടത്തെ നവമാധ്യമലോകം ഒരു ജനതയുടെ തന്നെ ശബ്ദമായി ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. അഴിമതിക്കാരായ ഭരണകര്‍ത്താക്കള്‍ക്കിടയില്‍ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ചന്ദ്രകലയെ പോലെ ചിലരെങ്കിലും തയ്യാറാവുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല.