ഈ നവംബര്‍ ഏഴിനാണ് കമല്‍ഹാസന്റെ അറുപതാം പിറന്നാള്‍.ആറു വയസ്സുള്ള കുട്ടിയുടെ രൂപത്തില് ആദ്യമായി വെള്ളിത്തിരയില്‍ ഈ മുഖം പ്രത്യക്ഷമായപ്പോള്‍ ആരും ഓര്‍ത്തിരിക്കാന്‍ ഇടയില്ല, ഈ ബാലന്‍ വരുംകാലത്ത് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മഹാ നടനാകുമെന്ന്. ആറാം വയസ്സില്‍ തുടങ്ങിയ ആ അശ്വമേധം അഞ്ചുദശകങ്ങള്‍ താണ്ടി ഇന്ന് അറുപതില്‍ എത്തി നില്‍ക്കുന്നു. ഈ സന്ദര്‍ഭത്തില്‍ 'മലയാളികളുടെ സ്വന്തം തമിഴ്‌നടന്‍' തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്നു...
മഴയുള്ളപ്പോള് കടലാസുതോണിയുണ്ടാക്കി കളിക്കുന്ന ഒരു കുഞ്ഞിന്റെ സ്വപ്നങ്ങളാണ് രബീന്ദ്രനാഥ ടാഗോറിന്റെ 'കടലാസുതോണി' എന്ന കവിത. കമല്‍ഹാസന്‍ ഈ കവിത വായിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, കമലിന്റെ ജീവിതം അറിയുന്നവര്‍ക്ക് ആ കവിതയില്‍ അദ്ദേഹത്തിന്റെ ബാല്യം കണ്ടെത്താനാകും. തമിഴ്‌നാട്ടിലെ രാമനാഥപുരത്തെ അഗ്രഹാരത്തില്‍ ജനിച്ച കൊച്ചുകമലും ടാഗോറിന്റെ കവിതയിലെ കുഞ്ഞിനെപ്പോലെയായിരുന്നു. മഴ പെയ്യുമ്പോഴെല്ലാം പാഠപുസ്തകത്തിന്റെപോലും താളുകള്‍ കീറിയെടുത്ത് തോണിയുണ്ടാക്കി അവന്‍മഴവെള്ളത്തില്‍ഒഴുക്കി. ഒരുപക്ഷേ, അതിരുകളില്ലാത്ത സ്വപ്നങ്ങള്‍ കൊച്ചുകമല്‍ കണ്ടുതുടങ്ങിയതും
ആ കുട്ടിക്കാലത്തു തന്നെയാവാം.തന്റെ കടലാസുവഞ്ചി പതിയെ പതിയെ ഒഴുകിനിലാവുള്ള രാത്രികളില്‍ ഒരു മഹാനദിയിലേക്ക് പ്രവേശിക്കുന്നതും പിന്നീട് അനന്തമായ സാഗരത്തില്‍ ലയിക്കുന്നതുമൊക്കെ ആ സ്വപ്നങ്ങളിലുണ്ടായിരുന്നു. ടാഗോറിന്റെ കവിത കമല്‍ഹാസന്‍ എന്ന അത്ഭുതപ്രതിഭയുടെ ജീവിതത്തിലൂടെ അങ്ങനെ പൂരിപ്പിക്കപ്പെട്ടു. ഇപ്പോള്‍ അറുപതുവര്‍ഷങ്ങള്‍ പൂര്‍ത്തിയാവുമ്പോഴും കമലിന്റെ സ്വപ്നങ്ങള്ക്ക് ആക്കമോ തൂക്കമോ കുറയുന്നില്ല്‌ല. ആറാം വയസ്സില്‍ തുടങ്ങിയ അഭിനയജീവിതം അറുപതാം വയസ്സിലും ഒരു യുവാവിന്റെ ചുറുചുറുക്കോടെ കമല്‍ഹാസന്‍ തുടരുന്നു. മറ്റൊരു ഇന്ത്യന്‍ നടനും ഇതുവരെ ആവിഷ്‌കരിക്കാത്ത വേഷപ്പകര്‍ച്ചകളിലൂടെ അദ്ദേഹം തലമുറകളെ വിസ്മയിപ്പിക്കുന്നു. 'പാപനാശം' എന്ന സിനിമയിലഭിനയിക്കാന്‍ ഈയിടെ തൊടുപുഴയില്‍ എത്തിയ കമല്‍ വാരാന്തപ്പതിപ്പിനായി മനസ്സുതുറക്കുന്നു ഈ സംഭാഷണത്തില്‍...
?നടനെന്നനിലയിലും വ്യക്തിയെന്നനിലയിലും കഴിഞ്ഞ അറുപതുവര്‍ഷങ്ങളെ നോക്കുമ്പോള്‍... അച്ഛനും അമ്മയും നല്‍കിയ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ് എന്നെ കമല്‍ഹാസനാക്കിയത്. കടന്നുവന്ന വഴികളിലെ എന്റെ ഗുരുക്കന്മാരെ മറന്നുകൊണ്ടല്ല ഞാനിത് പറയുത്. കുട്ടിക്കാലത്തെ എന്റെ ചിന്തകളും സ്വപ്നങ്ങളും വ്യത്യസ്തമായിരുന്നു. അതിന് വിലങ്ങുതടിയാവാന്‍ അച്ഛനോ അമ്മയോ സഹോദരങ്ങളോ ശ്രമിച്ചിട്ടില്ല. അവരോടാണ് ഈ ജീവിതത്തിന് ഞാന്‍ ആദ്യം നന്ദിപറയുന്നത്. പിന്നെ നടനെന്നനിലയില്‍ എന്നെ കണ്ടെത്തി വളര്‍ത്തിവലുതാക്കിയ ഒരുപാട് മഹാപ്രതിഭകള്‍, അവര്‍ക്കൊപ്പം ജീവിച്ച അനുഭവങ്ങള്‍... പക്ഷേ, എന്റെ സ്വപ്നങ്ങള്‍ക്കൊത്തുയരാന്‍ ഇപ്പോഴും എനിക്ക് കഴിഞ്ഞിട്ടില്ല. സിനിമയില്‍ ഇന്നും ഞാന്‍ ഒരു പ്രൈമറി വിദ്യാര്‍ഥിയുടെ
മനസ്സോടെയാണ് സഞ്ചരിക്കുന്നത്. ഇതുവരെ പഠിച്ചത് ഒന്നുമല്ല. പഠിക്കാന്‍ ഇനിയുമെത്രയോ ഉണ്ട്. സിനിമയിലായാലും ജീവിതത്തിലായാലും എന്റെ സ്വപ്നങ്ങള്‍ക്ക് ഞാന്‍ എന്നെത്തന്നെ പരീക്ഷണവസ്തുവാക്കുകയായിരുന്നു.
?വിപ്ലവം സ്വന്തം ജീവിതത്തില്‍നിന്നുതന്നെ തുടങ്ങണമെന്നാണ് താങ്കളുടെ ജീവിതം പറഞ്ഞുതരുന്ന പാഠം. ഈ വിധത്തില്‍ ബോള്‍ഡാവാന്‍ ഒരാള്‍ക്ക് കഴിയുമോ കഴിയണം, കഴിയാതെ പറ്റില്ല. തമിഴ്‌നാട്ടിലെ ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന എനിക്കുമുന്നില്‍ കടമ്പകള്‍ ഏറെയുണ്ടായിരുന്നു. പത്താമത്തെ വയസ്സില്‍ പൂണൂലിടാന്‍ തിരുപ്പതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞാനെന്റെ ജ്യേഷ്ഠന്‍ ചന്ദ്രഹാസനോട് പറഞ്ഞു: ''എനിക്ക് പൂണൂലിടേണ്ട!''
'മൂത്ത ജ്യേഷ്ഠന്‍ ചാരുഹാസനോട് ചോദിക്കട്ടെ' എന്നാണ് ചന്ദ്രഹാസന്‍ പറഞ്ഞത്. 'അവന് പൂണൂലിടണ്ടെങ്കില്‍ വേണ്ട'' എന്നായിരുന്നു ചാരുഹാസന്റെ മറുപടി. അപ്പോള്‍ അച്ഛനും പറഞ്ഞു, ''അങ്ങനെതന്നെയായിക്കോട്ടെ'' എന്ന്. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ ജീവിച്ചപോലെ ജീവിക്കണമെന്ന് അവരാരും എന്നോട് പറഞ്ഞിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ഞാന്‍ ജീവിച്ചതും ജീവിച്ചുകൊണ്ടിരിക്കുന്നതും.
?അച്ഛനമ്മമാരെക്കുറിച്ചും നല്ല മതിപ്പുമാത്രം, അല്ലേ അച്ഛന്‍ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. അറുപത്തിനാലുകാരനായ അച്ഛന്‍ പതിനാലുകാരനായ എന്റെ സംശയങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി തന്നിരുന്നു. സിനിമ, രാഷ്ട്രീയം, സംഗീതം, എന്തിന്, സെക്‌സിനെക്കുറിച്ചുപോലും... വളരെ സീരിയസ്സായ കോണ്‍വെര്‍സേഷനുകളായിരുന്നു അത്. സ്വാതന്ത്ര്യസമരസേനാനിയായ അച്ഛന്‍ ജയിലിലൊക്കെ കിടന്നിട്ടുണ്ട്. വക്കീലായിരുന്നു. അസാമാന്യ നര്‍മബോധമുള്ള ആള്‍. അറിയാമോ, അച്ഛന്റെ അമ്പതാമത്തെ വയസ്സിലാണ് ഞാന്‍ ജനിക്കുന്നത്. അതില്‍ അച്ഛന് ചെറിയൊരു നാണമുണ്ടായിരുന്നു. ഒരു പറ്റുപറ്റിപ്പോയല്ലോ എന്ന നാണം. അമ്മ എന്നെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ എന്റെ മൂത്ത ജ്യേഷ്ഠന്റെ ഭാര്യയും ഗര്‍ഭിണിയാണ്. ഒരു വീട്ടില്‍ അമ്മായിയമ്മയും മരുമകളും പ്രസവത്തിനുള്ള ഒരുക്കങ്ങളുമായി കഴിയുക! എനിക്കു മുലപ്പാല്‍ തരാന്‍ അങ്ങനെ രണ്ടമ്മമാര്‍ ഉണ്ടായി. അമ്മ വളരെ ഹ്യൂമര്‍സെന്‍സുള്ള ആളായിരുന്നു. എന്നാല്‍, വളരെ ബോള്‍ഡും.
ഞങ്ങളുടെ വീട്ടിലെ 'ഹീറോ' ശരിക്കും അമ്മയായിരുന്നു. അമ്മ പറയുന്നതാണ് അവസാനവാക്ക്. അമ്മയുടെ ചില
നോട്ടങ്ങളും ചേഷ്ഠകളുമൊക്കെ 'നായകനി'ലും 'അവ്വൈഷണ്‍മുഖി'യിലുമൊക്കെ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്.
?മക്കള്‍ക്കെല്ലാം വ്യത്യസ്തമായ പേരുകളാണല്ലോ അച്ഛന്‍ നല്‍കിയത്... മൂത്തയാള്‍ ചാരുഹാസനാണ്. പിന്നെ വസന്തഹാസന്‍. ഒന്നരവയസ്സില്‍ വീടിന്റെ മുകളിലത്തെ നിലയില്‍നിന്ന് വീണ് വസന്തഹാസന്‍ മരിച്ചു. മൂന്നാമന്‍ ചന്ദ്രഹാസനാണ്. പിന്നെ മൃണാളിനി. മൃണാളിനി സാരാഭായിയുടെ ഫാനായിരുന്നു അമ്മ. അതുകൊണ്ടാണ് ആ പേരിട്ടത്. ഏറ്റവുമൊടുവില്‍ ഞാന്‍. എനിക്ക് കമല്‍ഹാസന്‍ എന്ന പേരിട്ടതിനെക്കുറിച്ച് പല കഥകളുമുണ്ട്. അച്ഛന്റെ കൂടെ ജയിലില്‍ കിടന്ന മുസ്ലിം സുഹൃത്തിന്റെ പേരാണെന്നും മറ്റുമൊക്കെ... ഏതോ ഒരാളുടെ തിരക്കഥയുടെ സൂപ്പര്‍ ഇമ്പോസിങ്ങാവാം ആ കഥകള്‍. കുട്ടിയായിരിക്കുമ്പോള്‍ പലരും എന്നോട് ചോദിക്കും 'മുസ്ലീമാണോ?' കൃത്യമായി ഉത്തരം പറയാന്‍ എനിക്ക് കഴിയാറില്ല. ഒരിക്കല്‍ അച്ഛനോട് ചോദിച്ചു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു: ''മുസ്ലീമാണോ എന്ന് ചോദിക്കുവരോട് ആണെന്ന് പറയണം. അത് തിരുത്താന്‍ പോകണ്ട''.
?സ്‌കൂളിലെ പഠനത്തേക്കാള്‍ താത്പര്യം കലകളിലായിരുന്നല്ലോ അറുപതുവര്‍ഷത്തെ ജീവിതംകൊണ്ട് ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠം അനുഭവങ്ങളാണ് ഏറ്റവും വലിയ ഗുരു എന്നാണ്. ഒരു അക്കാദമിക് സ്ഥാപനത്തിന് തരാന്‍ കഴിയാത്തത്ര അനുഭവങ്ങള്‍ ജീവിതം നമുക്ക് സമ്മാനിക്കും. ഭരതനാട്യവും കഥക്കും ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. പിന്നെ ടി.കെ. ഷണ്‍മുഖത്തിന്റെ നാടകക്കമ്പനിയില്‍ കുറച്ചുകാലം. അത് വലിയൊരനുഭവമായിരുന്നു. പതിനാറാമത്തെ വയസ്സിലാണ് കൊറിയോഗ്രാഫര്‍ തങ്കപ്പന്‍ മാസ്റ്ററുടെ കീഴില്‍ അസിസ്റ്റന്റാകുന്നത്. നൂറുകണക്കിന് സിനിമകള്‍ക്കുവേണ്ടി കൊറിയോഗ്രാഫി ചെയ്തു. നസീര്‍സാറിനും മധുസാറിനും എം.ജി. സോമനുമുള്‍പ്പെടെ മലയാളത്തിലെ മിക്ക താരങ്ങള്‍ക്കും നൃത്തരംഗങ്ങളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. വീട്ടില്‍ ഞാനൊഴികെ എല്ലാവരും ഹൈലി എജ്യുക്കേറ്റഡ് ആയിരുന്നു. അവര്‍ക്കൊപ്പം നില്‍ക്കണമെങ്കില്‍ എനിക്ക് എന്റെ മേഖലയില്‍ കഴിവുതെളിയിക്കേണ്ടതുണ്ടായിരുന്നു. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളും കഠിനമായിരുന്നു. ഇന്നും ആ പരിശ്രമത്തിന് മാറ്റമൊന്നുമില്ല.