ലണ്ടന്‍ : നാലു കാശു തടയുമെങ്കില്‍ മനുഷ്യന്‍ എന്തുമെടുത്തു വില്‍ക്കും. അത് മുലപ്പാലായാലും ശരി. ബ്രിട്ടനിലും യു.എസിലുമെല്ലാം ഈ പാല്‍വില്‍പ്പന ഇപ്പോള്‍ ഏറെ പ്രചാരം നേടിവരികയാണ്. മക്കള്‍ കുടിച്ചിട്ട് മിച്ചം വരുന്ന പാല്‍ വില്‍ക്കാന്‍ അമ്മമാര്‍ അഭയം പ്രാപിച്ചിരിക്കുന്നത് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ തന്നെ. ഇതിനുവേണ്ടി മാത്രം ഒട്ടേറെ കമ്മ്യൂണിറ്റികളും സജീവമാണ്. മുലപ്പാലിന്റെ ആവശ്യക്കാരെ കണ്ടെത്താന്‍ onlythebreast.co.uk
പോലുള്ള വെബ്‌സൈറ്റുകളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. പുകവലിക്കാത്ത, മദ്യപിക്കാത്ത, ആരോഗ്യമുള്ള അമ്മമാരുടെ പാല്‍ വില്‍പ്പനയ്ക്ക് എന്നതാണ് ഇവരുടെ മുദ്രാവാക്യം. പാല്‍ വില്‍ക്കാന്‍ തയ്യാറായി ഒട്ടേറെ അമ്മമാര്‍ സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്ത് തയ്യാറായിനില്‍ക്കുന്നുണ്ട്. ആവശ്യക്കാരന്‍ പേരു രജിസ്റ്റര്‍ ചെയ്താല്‍ പാല്‍ റെഡ്ഡി. ചൂടോടെയോ അതോ ഫ്രീസ് ചെയ്തതോ ലഭിക്കും. ബ്രിട്ടണില്‍ ഔണ്‍സിന് ഒരു പൗണ്ടും യു.എസില്‍ ഔണ്‍സിന് രണ്ട് ഡോളറുമാണ് വിലയിട്ടിരിക്കുന്നത്.
എന്നാല്‍, മുലപ്പാല്‍ വില്‍പനയ്ക്ക് ഒട്ടേറെ നിയമപരമായ നിബന്ധനകളുണ്ടെന്നാണ് വാസ്തം. മില്‍ക്ക് ബാങ്കുകള്‍ വഴി മാത്രമാണ് മുലപ്പാല്‍ ദാനം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യാനാവുക. കുട്ടികളെ മുലയൂട്ടാന്‍ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇവിടെ പാല്‍ സൂക്ഷിക്കുന്നത്. പാല്‍ യഥേഷ്ടമുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമേ ഇവിടങ്ങളില്‍ പാല്‍ ശേഖരിക്കുകയുള്ളൂ.
എന്നാല്‍, വില്‍പന സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഴിയായപ്പോള്‍ ഇത്തരം നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമൊന്നും സ്ഥാനമില്ലാതായമട്ടാണ്. തോന്നുംപടിയുള്ള ഈ പാല്‍വില്‍പ്പനയ്‌ക്കെതിരെ ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ രംഗത്തുവന്നിരിക്കുകയാണ്. യാതൊരു പരിശോധനയും കൂടാതെ, ഗുണനിലവാരം ഉറപ്പാക്കാതെ ഇത്തരത്തില്‍ പാല്‍ വാങ്ങുന്നതിനെതിരെ ഡോക്ടര്‍മാര്‍ അമ്മമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മാത്രവുമല്ല, കാശിനോടുള്ള ആര്‍ത്തിമൂലം അമ്മമാര്‍ മക്കളെ വേണ്ടരീതിയില്‍ മുലയൂട്ടാതെ ഉള്ള പാല്‍ വിറ്റു കാശാക്കുന്നതിനെതിരെ വിവിധ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
Mathrubhumi