എ എസ് മംഗള്‍യാന്‍ അഥവാ മാഴ്സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന, ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണ ദൗത്യം 2013 നവംബര്‍ ആറിന് കുതിച്ചുയര്‍ന്നതാണ് വിടപറഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ശാസ്ത്രനേട്ടം. പിന്നെ ഇന്ത്യന്‍ ജിപിഎസ് എന്ന ഐആര്‍എന്‍എസ്എസ് ഉപഗ്രഹ വിക്ഷേപണവും. ഈ വര്‍ഷം സെപ്തംബര്‍ 24 നാകും "മംഗള്‍യാന്‍" ചൊവ്വയിലെത്തുക. കഴിഞ്ഞ 51 ചൊവ്വാദൗത്യങ്ങളില്‍ 21 എണ്ണം മാത്രമാണ് വിജയിച്ചത്. അതിനാല്‍തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഇത് എത്തിയാല്‍ത്തന്നെ വിജയം എന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടത്. മൂന്നു രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളാണ് ഇതില്‍ വിജയം കൈവരിച്ചത്. നാസ, റഷ്യന്‍ സ്പേസ് ഏജന്‍സി, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയാണവ. ജപ്പാനും ചൈനയും ദൗത്യങ്ങള്‍ അയക്കാന്‍ ശ്രമിച്ചെങ്കിലും പരാജയം രുചിച്ചു.
ഐസോണ്‍
ഐസോണിന് വിടപറഞ്ഞവര്‍ഷത്തില്‍ ദുരന്തപര്യവസാനം. ലോകത്തെങ്ങുമുള്ള മാനംനോക്കികള്‍ ഐസോണിന്റെ വിസ്മയങ്ങള്‍ കാണാന്‍ കണ്ണുംനട്ടിരിക്കുകയായിരുന്നു നവംബര്‍ 28ന്. സൂര്യാന്തരീക്ഷത്തില്‍ക്കൂടി കടന്നുപോയ, ഈ നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രത്തെ സൗരവികിരണങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കി. 2013 നവംബര്‍, ഡിസംബറില്‍ ആകാശത്തു പ്രത്യക്ഷപ്പെട്ട് പ്രകാശം ചൊരിയുമെന്നു കരുതിയ മഹാധൂമകേതുവാണ് സൂര്യസ്പര്‍ശിയായ ഐസോണ്‍. സൂര്യന്റെ ഏകദേശം 12 ലക്ഷം കീ.മി അടുത്തുകൂടിയാണ് ഐസോണ്‍ കടന്നുപോവുക എന്നാണ് ശാസ്ത്രമതം. അതായത് സൂര്യാന്തരീക്ഷത്തില്‍ക്കൂടിയാണ് പോവുക. അപ്പോള്‍ എന്തൊക്കെ സംഭവിച്ചേക്കാം എന്ന ജിജ്ഞാസയിലാണ് ശാസ്ത്രകുതുകികള്‍. സൂര്യന്റെ വികിരണമര്‍ദത്തില്‍ ചിതറിത്തെറിച്ച് സൂര്യനില്‍ വീഴുകയോ, സൂര്യന്റെ ശക്തമായ ഗുരുത്വാകര്‍ഷണത്താല്‍ പിളരുകയോ, അതോ ഒരു നാശവും സംഭവിക്കാതെ മനോഹരമായ വാലുമായി പുറത്തുവരികയോ ഏതാണ് സംഭവിക്കുക. വാനനിരീക്ഷകര്‍ക്ക് ആശ്വാസമേകി, ക്രിസ്മസ് സമ്മാനവുമായി ഇതാ ലവ് ജോയ് വാല്‍നക്ഷത്രം അവതരിച്ചതും 2013 അവസാനം.
നവംബര്‍ ഒന്നുമുതല്‍ ഭൂമിയില്‍നിന്ന് സൂക്ഷിച്ചുനോക്കിയാല്‍ നഗ്നനേത്രംകൊണ്ട് കാണാന്‍കഴിയുന്ന വടക്കുകിഴക്കന്‍ ചക്രവാളത്തിലെ മങ്ങിയ നക്ഷത്രശോഭ, ലവ് ജോയ് വാല്‍നക്ഷത്രം (C/2013R1), നവംബര്‍ 19ന് ഭൂമിയുടെ ഏറ്റവും അടുത്തെത്തി. ഈ സമയത്ത് ലവ് ജോയ് ഭൂമിയില്‍നിന്ന് അഞ്ചുകോടി 90 ലക്ഷം കിലോമീറ്റര്‍ അകലെയായിരുന്നു. ഡിസംബര്‍ 22ന് ലവ് ജോയ് സൂര്യന്റെ ഏറ്റവും അടുത്തെത്തി (Perihelion).. അപ്പോള്‍ സൂര്യനും ധൂമകേതുവും തമ്മിലുള്ള അകലം 13 കോടി കിലോമീറ്ററായിരുന്നു.
നൊബേല്‍
കോശങ്ങള്‍ക്കകത്തെ പ്രോട്ടീനുകളുടെയും എന്‍സൈമുകളുടെയും ഗതാഗതം കണ്ടെത്തിയ ശാസ്ത്രജ്ഞരായ ജെയിംസ് റോത്മാന്‍, റാന്‍ഡി ഷെക്മാന്‍, തോമസ് സുഡോഫ് എന്നിവര്‍ക്ക് 2013ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം ലഭിച്ചു. ഒടുവില്‍ ഹിഗ്ഗ്സ് കണത്തിന്റെ ഉപജ്ഞാതാക്കളായ പീറ്റര്‍ ഹിഗ്ഗ്സിനും ഫ്രാന്‍സോ ആംഗ്ലെര്‍ക്കും ഊര്‍ജതന്ത്ര നൊബേല്‍ ലഭിച്ചു. രസതന്ത്ര പരീക്ഷണങ്ങളുടെ ഇ-മാതൃക (കംപ്യൂട്ടര്‍ മാതൃക) സൃഷ്ടിച്ചതിന് മൈക്കല്‍ ലെവിറ്റ്, അരീഹ് വാര്‍ഷെല്‍, മാര്‍ട്ടിന്‍ കാര്‍പ്ലസ് എന്നിവര്‍ക്ക് രസതന്ത്ര നൊബേല്‍ ലഭിച്ചു. സാമ്പത്തിക നൊബേല്‍ യൂജീന്‍ ഫാമ, ലാര്‍സ് പീറ്റര്‍ ഹാന്‍സെന്‍, റോബര്‍ട്ട് ഷില്ലര്‍ എന്നിവര്‍ക്ക് സാമ്പത്തിക നൊബേലും ആലീസ് മണ്‍റോയ്ക്ക് സാഹിത്യ നൊബേലും ലഭിച്ചു.
IRNSS എന്ന ഇന്ത്യന്‍ GPS
ഉപഗ്രഹാധിഷ്ഠിത സ്ഥാനനിര്‍ണയ സംവിധാനത്തില്‍ ഇന്ത്യയും സജീവമാകുന്നതിന്റെ ആദ്യഘട്ടമായി ഐആര്‍എന്‍എസ്എസ് എന്ന ഉപഗ്രഹശൃംഖലയിലെ ആദ്യ പേടകം കുതിച്ചുയര്‍ന്നത് 2013 ജൂലൈ 11ന്. അമേരിക്കയുടെ ജിപിഎസ് മാതൃകയിലുള്ള സ്ഥാനനിര്‍ണയ സംവിധാനമാണിത്. ദിശാനിര്‍ണയ ശ്രേണിയില്‍ അംഗീകാരമുള്ള സംവിധാനം അമേരിക്കയുടെ ജിപിഎസ് എന്ന ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റമാണ്. ഇതിന് 24 കൃത്രിമ ഉപഗ്രഹങ്ങളാണ് ആവശ്യമുള്ളത്. ഇന്ത്യയുടെ ദിശാനിര്‍ണയ സ്വപ്നപദ്ധതിക്ക് ആകെ ആവശ്യം ഏഴ് കൃത്രിമ ഉപഗ്രഹങ്ങളാണ്. ഇതില്‍ ആദ്യത്തേതാണ് ഇപ്പോള്‍ വിക്ഷേപിച്ചത്.
ചൈനയുടെ ചാന്ദ്രദൗത്യം
ചൈനയുടെ "ചാങ് ഇ 3" (Chang\'e-3) എന്ന ചാന്ദ്രപര്യവേക്ഷണദൗത്യം വിജയകരമായി ചന്ദ്രനിലെത്തിയതും ഈ വര്‍ഷം. ഇതോടെ, ചന്ദ്രനില്‍ ബഹിരാകാശ വാഹനമിറക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന.
2013 ജനുവരി 8: ഡച്ച് കമ്പനിയായ "മാര്‍സ് വണ്‍" (Mars One), ചൊവ്വയിലേക്ക് സ്ഥിരതാമസത്തിനായി ആളുകളെ കയറ്റി അയക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. 2022ലാകും ചൊവ്വായാത്രികരുടെ ആദ്യസംഘം ഭൂമിയില്‍നിന്നു യാത്രതിരിക്കുക. ഇവര്‍ക്ക് ചൊവ്വയില്‍ സ്ഥിരമായി താമസിക്കുന്നതിനുള്ള എല്ലാ സൗകര്യവും "മാര്‍സ് വണ്‍" കമ്പനിതന്നെ അവിടെ ഒരുക്കുന്നുണ്ട്.
ജനുവരി 12: 2012ല്‍ "ദൈവകണ" (God Particle)ത്തിന്റെ കണ്ടെത്തലിലൂടെ ലോകപ്രശസ്തമായ സേണ്‍ പരീക്ഷണശാലയിലെ "കണികാത്വരകയന്ത്രം" (Large Hadron Collider- LHC) താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നതായി സേണ്‍ അധികൃതര്‍ പ്രഖ്യാപിച്ചു. 18 മാസത്തിനുശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് തീരുമാനം. പുതുക്കല്‍ പ്രവൃത്തികള്‍ക്കായാണ് അടച്ചിടല്‍.
2013 ഫെബ്രുവരി 19: "ബുദ്ധന്‍ ചിരിക്കുന്നു"(Operation smiling Budha) എന്ന പേരില്‍ 1974 മെയ് 18ന് ഇന്ത്യ നടത്തിയതായി പറയുന്നആദ്യത്തെ ആണവപരീക്ഷണം യഥാര്‍ഥത്തില്‍ പരാജയമായിരുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന. രാജസ്ഥാനിലെ പൊക്രാനില്‍ നടത്തിയ ആണവപരീക്ഷണം, അതില്‍നിന്നുള്ള ഊര്‍ജമാത്രയുടെ അടിസ്ഥാനത്തിലാണ് പരാജയമായി കണക്കാക്കുന്നതത്രെ.
ഫെബ്രുവരി 23: "ചാന്ദ്രയാനി"ന്റെ തുടര്‍ദൗത്യമായ "ചാന്ദ്രയാന്‍-2",റഷ്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ "റോസ്കോമോസു" (ROSCOMOS) മായുള്ള സംയുക്ത ഗവേഷണ പദ്ധതിയാക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യയുടെ ആദ്യത്തെ "മൂണ്‍ലാന്‍ഡര്‍"(Moon Lander) ആണ് "ചാന്ദ്രയാന്‍-2" (അതായത് ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുകയും സഞ്ചരിക്കുകയും ചെയ്യാന്‍കഴിയുന്ന വാഹനം).
2013 മാര്‍ച്ച് 4: ഭൂമിയില്‍നിന്ന് ഏറ്റവും അകലേക്ക് യാത്രചെയ്യുന്ന മനുഷ്യനിര്‍മിത വാഹനം എന്ന ബഹുമതി "വോയേജര്‍ 1" (Voyager 1) എന്ന പര്യവേക്ഷണവാഹനം കരസ്ഥമാക്കിയതായി "നാസ" അറിയിച്ചു. 1977 സെപ്തംബര്‍ അഞ്ചിന് വിക്ഷേപിച്ച "വോയേജര്‍-1" ഇപ്പോള്‍ സൗരയൂഥത്തിന്റെ അതിര്‍ത്തി പിന്നിട്ടതായാണ് കണക്കാക്കുന്നത്. ഭൗമേതര ജീവസമൂഹങ്ങളെ കണ്ടെത്തുകയാണ് "വോയേജര്‍-1"ന്റെ ലക്ഷ്യങ്ങളിലൊന്ന്.
മാര്‍ച്ച് 27: ഭൂമിയുടെ മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന ടിബറ്റന്‍പീഠഭൂമി(Tibetan Plateau) യിലെ മഞ്ഞുമലകള്‍ ഉരുകാന്‍തുടങ്ങുന്നതായി പഠനം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള "കാര്‍ബണ്‍ മലിനീകരണ"മാണ് ഇതിന് ഇടയാക്കുന്നത്. മഞ്ഞുരുക്കം, ടിബറ്റില്‍നിന്ന് ഉത്ഭവിക്കുന്ന നദികളിലെ ജലവിതാനത്തില്‍ മാറ്റമുണ്ടാക്കുമെന്നതിനാല്‍, ഇതുമൂലം ഗുരുതരമായ സാമൂഹ്യപ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
2013 ഏപ്രില്‍ 15: "തമോദ്രവ്യം", "ശ്രാമദ്രവ്യം" എന്നീ പേരുകളില്‍ അറിയപ്പെടുന്ന "ഡാര്‍ക്ക്മാറ്റര്‍" (Dark Matter) അഥവാ "കാണാന്‍ കഴിയാത്ത ദ്രവ്യം" യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നതായി ശാസ്ത്രജ്ഞര്‍ക്ക് സൂചന ലഭിച്ചു. തമോദ്രവ്യ സാന്നിധ്യത്തിന്റെ സൂചനയായി കരുതുന്ന "വിമ്പ്"(WIMP- Weakly Interacting Massive Particles) സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞതിലൂടെയാണിത്.
ഏപ്രില്‍ 24: ഹബ്ബിള്‍ സ്പെയ്സ് ടെലസ്കോപ്പ് (Hubble Space Telescope) അതിന്റെ 23-ാം വാര്‍ഷികം ആചരിച്ചു. 1990 ഏപ്രില്‍ 24നാണ്, ഹബ്ബിള്‍ സ്പെയ്സ് ടെലസ്കോപ്പ് വിക്ഷേപിച്ചത്. അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബ്ബിളി (Edwin Hubble) ന്റെ ബഹുമാനാര്‍ഥമാണ് ഈ ബഹിരാകാശ ദൂരദര്‍ശിനിക്ക്, അദ്ദേഹത്തിന്റെ പേരു നല്‍കിയത്. പ്രപഞ്ചം വികസിക്കുന്നു എന്നതിന് ആദ്യത്തെ തെളിവു നല്‍കിയത് ഇദ്ദേഹമാണ്.
2013 മെയ് 5: ചൊവ്വയിലേക്ക് രണ്ടു ബഹിരാകാശ ദൂരദര്‍ശിനികളെ അയക്കാന്‍ തീരുമാനിച്ചതായി "നാസ" പ്രഖ്യാപിച്ചു. ചൊവ്വയെ ചുറ്റിസഞ്ചരിച്ചുകൊണ്ടാകും ഇവ നിരീക്ഷണം നടത്തുന്നത്. "മാര്‍സ് ഓര്‍ബിറ്റിങ് സ്പെയ്സ് ടെലസ്കോപ്പ്" (Mars Orbiting Space Telescope- MOST) എന്നാണ് ഒന്നിന്റെ പേര്. മറ്റേതിന്റെ പേര് "വൈഡ് ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വേ ടെലസ്കോപ്പ് (WFIRST) എന്നും.
2013 ജൂണ്‍ 6: കാന്തികശക്തികൊണ്ട് പാളത്തില്‍ ഉയര്‍ന്നുനില്‍ക്കാന്‍ കഴിയുന്ന ട്രെയിന്‍, അഥവാ മഗ്ലെവ് (Maglev) ട്രെയിനിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ പരീക്ഷണഓട്ടം ജപ്പാന്‍ വിജയകരമായി നടത്തി. മണിക്കൂറില്‍ 500 കിലോമീറ്ററാണ് ഈ ട്രെയിനിന്റെ വേഗം. 2027 ലാകും ഈ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായും തുടങ്ങുന്നത്.
2013 ജൂലൈ 15: നെപ്ട്യൂണിന് പുതിയൊരു ഉപഗ്രഹംകൂടി ഉള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നെപ്ട്യൂണിന്റെ ഉപഗ്രഹങ്ങളുടെ എണ്ണം ഇതോടെ 14 ആയി മാറി. S/2004 N1 എന്നാണ് പുതിയ ഉപഗ്രഹത്തിന് പേരു നല്‍കിയിരിക്കുന്നത്. മാര്‍ക്ക് ഷോവാള്‍ട്ടര്‍ എന്ന അമേരിക്കന്‍ വാനനിരീക്ഷകനാണ് നെപ്ട്യൂണിന്റെ ഉപഗ്രഹങ്ങളില്‍ ഏറ്റവു ചെറുതായ ഇതിനെ കണ്ടെത്തിയത്.
ജൂലൈ 17: ലോകത്തിലെ ഏറ്റവും വലിയ വൈറസിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സാധാരണ മൈക്രോസ്കോപ് ഉപയോഗിച്ചുപോലും കാണാന്‍കഴിയുന്നു എന്നതാണ് "പാന്‍ഡോറാ വൈറസ്"(Pandora Virus) എന്നു പേരിട്ട ഇതിന്റെ പ്രത്യേകത. ഈ വൈറസിന്റെ രണ്ട് ഇനങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്.
2013 ആഗസ്ത് 7: വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ ടൈറ്റനി(Titan)ല്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടാവാമെന്ന് "നാസ". "ടൈറ്റന്" അടുത്തുകൂടി പറന്ന "ഗലീലിയോ" (Galileo) എന്ന പര്യവേക്ഷണദൗത്യം ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍. "ടൈറ്റനി"ലിറങ്ങുന്ന ഒരു പര്യവേക്ഷണദൗത്യം അയക്കാനും "നാസ"യ്ക്ക് പദ്ധതിയുണ്ട്.
ആഗസ്ത് 30: ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ സൈനിക ഉപഗ്രഹമായ "രുക്മിണി"(GSAT-7) ഫ്രഞ്ച് ഗയാനയില്‍നിന്നു വിക്ഷേപിച്ചു. ഭൂസ്ഥിര ഉപഗ്രഹമായി പ്രവര്‍ത്തിക്കുന്ന ഇത് ഇന്ത്യന്‍ മഹാസമുദ്രമേഖലയിലുള്ള ഇന്ത്യന്‍ നാവികസേനയുടെ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കും. ഈ പരമ്പരയിലെ അടുത്ത ഉപഗ്രഹമായ GSAT-7A ഇന്ത്യ അടുത്തുതന്നെ വിക്ഷേപിക്കും.
2013 സെപ്തംബര്‍ 9: ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ ഏറ്റവും പുതിയ പര്യവേക്ഷണദൗത്യമായ "ലാഡീ" (LADEE)വിക്ഷേപിച്ചു. "ലൂണാര്‍ അറ്റ്മോസ്ഫിയര്‍ ആന്‍ഡ് ഡസ്റ്റ് എന്‍വിറോണ്‍മെന്റ് എക്സ്പ്ലോറര്‍" (Lunar Atmosphere and Dust Environment Explorer) എന്നതാണ് പൂര്‍ണരൂപം. ചന്ദ്രനെ വലംവയ്ക്കുന്നതരത്തിലാണ് ഇത് സംവിധാനം ചെയ്തിട്ടുള്ളത്.
2013 ഒക്ടോബര്‍ 12: "ജപ്പാന്‍ജ്വര" (Japan Encephalitis)ത്തിനെതിരെ ഫലപ്രദമാവുന്ന ലോകത്തിലെ ആദ്യ വാക്സിനായി SA 14-14-2 നെ ലോകാരോഗ്യസംഘടന അംഗീകരിച്ചു. "പാത്ത്" (PATH) എന്ന സന്നദ്ധസംഘടനയുടെ സാമ്പത്തികസഹായത്തോടെ ചൈനയാണ് ഇതു നിര്‍മിക്കുന്നത്.
2013 നവംബര്‍ 6: ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണദൗത്യമായ "മംഗള്‍യാന്‍" അഥവാ "മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍" (Mars Orbiter Mission) ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്നു വിജയകരമായി വിക്ഷേപിച്ചു. 2014 സെപ്തംബര്‍ 24നാകും "മംഗള്‍യാന്‍" ചൊവ്വയിലെത്തുക. പിഎസ്എല്‍വി റോക്കറ്റായിരുന്നു(PSLVC-25) വിക്ഷേപണത്തിന് ഉപയോഗിച്ചത്.
2013 നവംബര്‍ 18: "മാവെന്‍" (MAVEN) എന്ന പേരുള്ള അമേരിക്കന്‍ പര്യവേക്ഷണവാഹനം ചൊവ്വയിലേക്ക് യാത്രതിരിച്ചു. "മാര്‍സ് അറ്റ്മോസ്ഫിയര്‍ ആന്‍ഡ് വോളറ്റൈല്‍ ഇവല്യൂഷന്‍" (Mars Atmosphere and Volatile Evolution എന്നതാണ് പൂര്‍ണരൂപം. 2014 സെപ്തംബര്‍ 22ന് "മാവെന്‍" ചൊവ്വയില്‍ എത്തുമെന്നാണ് കരുതുന്നത്.
2013 ഡിസംബര്‍ 16: ചൈനയുടെ "ചാങ് ഇ 3"(Chang\'e-3) എന്ന ചാന്ദ്രപര്യവേക്ഷണ ദൗത്യം വിജയകരമായി ചന്ദ്രനിലെത്തി. മാതൃവാഹനത്തില്‍നിന്ന്, ജേഡ് എന്ന പേരുള്ള ചാന്ദ്രവാഹനം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറക്കുന്നതിലും ചൈന വിജയിച്ചു. ഇതോടെ, ചന്ദ്രനില്‍ വാഹനമിറക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന.