.............ഡോക്യുമെന്ററി കണ്ട എനിക്ക് സംശയിക്കാതെ പറയാന്‍ സാധിക്കും ഈ നിരോധനം അനാവശ്യമാണെന്ന്.
സ്ത്രീകള്‍ക്ക് എതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ലക്ഷക്കണക്കിന് യുവാക്കളുടെ രോഷം ജ്വലിച്ചുയരാനും ചെറുത്തുനില്‍പ്പിന്റെ വികാരം വളരാനും ഇടയാക്കിയ, രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവത്തിന്റെ ഹൃദയസ്പര്‍ശിയായതും പ്രബോധനസ്വഭാവമോ പൊടിപ്പും തൊങ്ങലുമോ ഇല്ലാത്തതുമായ ശക്തമായ വിവരണത്തിലെ ചില പ്രത്യേക ഭാഗങ്ങള്‍ വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കാമെന്ന് ചിലപ്പോള്‍ തോന്നിയേക്കാം.
ബലാല്‍സംഗത്തിന്റെ സംസ്കാരം വ്യാപിക്കുന്നതിനുപിന്നിലെ ഘടനാപരമായ കാരണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയാണ് ഈ ഡോക്യുമെന്ററി.
പാര്‍ലമെന്റ് അംഗങ്ങളായ ചിലരുടെ രോഷപ്രകടനങ്ങളും ചില വനിതാ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി ഡോക്യുമെന്ററി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതും നിരോധനം പ്രഖ്യാപിക്കണമെന്ന സര്‍ക്കാരിന്റെ അധികാരപ്രയോഗമോഹത്തെ തീവ്രമാക്കി.
കേസിലെ പ്രതിയുടെ അഭിമുഖം ഇതിലുള്‍പ്പെട്ടത് സ്ത്രീകള്‍ക്ക് അപമാനകരമാണെന്നാണ് ഇതിന് കണ്ടെത്തിയ ഒരു കാരണം. ഇത് തീര്‍ച്ചയായും അസ്ഥാനത്തുള്ള ഉല്‍ക്കണ്ഠയാണ്. ഒരു കുറ്റകൃത്യത്തെയോ കുറ്റവാളിയെയോ മഹത്വവല്‍ക്കരിക്കുന്നതോ അല്ലെങ്കില്‍ അവയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതാണെങ്കില്‍ പ്രതിഷേധിക്കുകയും അപലപിക്കുകയുമാകാം. എന്നാല്‍, ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയെ ധാര്‍മികമെന്ന് കരുതപ്പെടുന്ന തലത്തില്‍നിന്ന് അഭിമുഖംചെയ്തതിനെ എതിര്‍ക്കുന്നത് തെറ്റാണ്.
ചിത്രത്തില്‍ പലപ്പോഴും ഈ ക്രിമിനലിന്റെ വാക്കുകളും ഭാഷയും ചിന്തയും അയാള്‍ പ്രതിനിധാനംചെയ്യുന്ന ക്രൂരയാഥാര്‍ഥ്യത്തെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. ബലാല്‍സംഗവും ബലാല്‍സംഗം ചെയ്യുന്നവരുമൊക്കെ അപഭ്രംശവും അപവാദവുമാണെന്ന സൗകര്യപ്രദമായ അനുമാനങ്ങളെയാണ് അഭിമുഖം നല്‍കുന്ന ഈ വ്യക്തിയുടെ തികഞ്ഞ സാധാരണത്വം പരിഹസിക്കുന്നത്.
രാക്ഷസരൂപികളായും തിന്മയുടെ പ്രതീകമായും ബലാല്‍സംഗക്കാരെ ചിത്രീകരിക്കുമ്പോള്‍ നമ്മളും നമ്മുടെ സമൂഹവും സൃഷ്ടിക്കുകയും പകര്‍ത്തിയെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ത്രീവിദ്വേഷത്തെയും അതിന്റെ അക്രമോത്സുകമായ ആവിഷ്കാരങ്ങളെയും അവഗണിക്കാന്‍ പ്രേരിപ്പിക്കുകയാണ് നാം.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ M P മാര്‍ക്ക് പൂര്‍ണമായ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. കൃത്യമായ വിവരമാണ് നല്‍കിയിരുന്നതെങ്കില്‍ പി കെ ശ്രീമതി ഉള്‍പ്പെടെയുള്ള എംപിമാരുടെ പ്രതികരണം മറ്റൊന്നാകുമായിരുന്നു.
പ്രതിഭാഗം അഭിഭാഷകരായ എ പി സിങ്, എം എല്‍ ശര്‍മ എന്നിവര്‍ അഭിമുഖത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ബലാല്‍സംഗക്കാരന്റെ വാക്കുകളേക്കാള്‍ അക്രമോത്സുകമാണ്. ഇത്തരക്കാര്‍ ഏതെങ്കിലും തരത്തിലുള്ള നീതിയുടെ പ്രതിനിധികളാണെന്ന് സങ്കല്‍പ്പിക്കുക ബുദ്ധിമുട്ടാണ്. അവരുടെ പ്രസ്താവനകള്‍ അപമര്യാദയായി പരിഗണിച്ച് അവരുടെ ബാറിലെ അംഗത്വം റദ്ദാക്കുമോ? തങ്ങളുടെ കക്ഷികളോട് ഇത്തരമൊരു അഭിമുഖം നല്‍കണമെന്ന് ഉപദേശിക്കാന്‍ അവര്‍ക്ക് അധികാരമുണ്ടോ?
വധശിക്ഷ കാത്തുകഴിയുന്ന പ്രതിയായ ബലാല്‍സംഗക്കാരന്‍ പെണ്‍കുട്ടിക്കെതിരെ നടത്തിയ ആക്ഷേപകരവും അത്യന്തം ഹീനവുമായ അഭിപ്രായപ്രകടനങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രിക്ക് ഉല്‍ക്കണ്ഠയുണ്ടെങ്കില്‍, വിദ്വേഷജന്യവും അക്രമപ്രേരകവുമായവിധം പ്രതികരിച്ച അഭിഭാഷകര്‍ക്കെതിരെ പ്രഥമവിവര റിപ്പോര്‍ട് ഫയല്‍ചെയ്യാത്തത് എന്തുകൊണ്ടാണ്? ഈ അഭിഭാഷകരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പൊലീസ് ആസ്ഥാനത്തുചെന്ന് അധികൃതരോട് ആവശ്യപ്പെട്ടത് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനാണ്്.
പ്രതിയുടെ പ്രസ്താവനകേട്ട് ന്യായമായും രോഷംപ്രകടിപ്പിച്ച പാര്‍ലമെന്റംഗങ്ങള്‍ തങ്ങളുടെ സഹപ്രവര്‍ത്തകരുടെയും അവര്‍ ബഹുമാനിക്കുന്ന നേതാക്കളുടെയും ഗുരുക്കളുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രസ്താവനകള്‍കൂടി നന്നായി പരിശോധിക്കണം. ബലാല്‍സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടികള്‍ സംഭവം പുറത്തുപറയുന്നതില്‍ ലജ്ജ കാണിക്കുമെന്ന ആത്മവിശ്വാസമുള്ള ബലാല്‍സംഗക്കാരന്‍ താന്‍ എളുപ്പം രക്ഷപ്പെടുമെന്ന് ചിന്തിക്കുമെന്നത് നാം കേട്ടു.
അതിനുമുമ്പ് ബലാല്‍സംഗത്തിനിരയായ വ്യക്തിയുമായി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ മാതാപിതാക്കളോട് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് ഇങ്ങനെ:
""പരാതി നല്‍കുംമുമ്പ് രണ്ടുവട്ടം ചിന്തിക്കണം. കാരണം നിങ്ങളുടെ കുട്ടിക്കാണ് ചീത്തപ്പേരുണ്ടാവുക. പിന്നെ അവളുടെ കല്യാണം നടക്കുകയേ ഇല്ല. മിണ്ടാതിരിക്കുന്നതാണ് നല്ലത്.''
നല്ല പെണ്‍കുട്ടികളെയും ചീത്ത പെണ്‍കുട്ടികളെയും കുറിച്ച് ബലാല്‍സംഗക്കാരന്‍ അഭിമുഖത്തില്‍ പറയുന്നതിനുമുമ്പ് നാം കേട്ടു, നിര്‍ഭയ സംഭവത്തിനുശേഷമുള്ള ചര്‍ച്ചകളില്‍ ആദരണീയരായ പാര്‍ലമെന്റംഗങ്ങള്‍ പെണ്‍കുട്ടികളെ ഉത്തരവാദിത്തത്തോടെ വസ്ത്രം ധരിക്കാനും അതുവഴി ലൈംഗികാതിക്രമത്തില്‍നിന്ന് ഒഴിവാകാനും ഉപദേശിക്കുന്നത്.
"ചീത്ത പെണ്‍കുട്ടികളെ' "പാഠം പഠിപ്പിക്കുന്നതി'നെക്കുറിച്ചുള്ള പ്രതിയുടെ ക്രൂരമായ പ്രസ്താവനയ്ക്കുമുമ്പാണ്, ഒരു പാര്‍ലമെന്റംഗം [Thrinamul Congress MP] വിരുദ്ധ രാഷ്ട്രീയകക്ഷിയില്‍പ്പെട്ട സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് അവരെ ഒരു പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തത്്.
അവള്‍ ചെറുത്തുനില്‍ക്കാന്‍ പാടില്ലായിരുന്നുവെന്ന് ക്രിമിനല്‍ നിര്‍ദയം പറയുന്നതിനുമുമ്പേ നമ്മള്‍ കേട്ടു, സഹോദരിയായി കണക്കാക്കി കൈകൂപ്പി യാചിക്കുകയായിരുന്നു വേണ്ടതെന്ന് ഒരു ആള്‍ദൈവം ഉപദേശിക്കുന്നത്.
വിഷയത്തിന്റെ ആഴങ്ങളിലേക്ക് സിനിമ കടന്നുചെല്ലുന്നില്ലെങ്കിലും അധികാരകേന്ദ്രങ്ങളിലുള്ള സ്വാധീനശക്തിയുള്ളവരുടെ ഇത്തരം പ്രസ്താവനകളും ദാരിദ്ര്യം, ജാതി-മത വിദ്വേഷങ്ങള്‍ എന്നിവമൂലം തീവ്രമാകുന്ന സ്ത്രീകളോടുള്ള ഘടനാപരവും ആസൂത്രിതവുമായ വിവേചനവുമാണ് ബലാല്‍സംഗത്തിന്റെ സംസ്കാരം വളര്‍ത്തിയെടുക്കുന്നത് എന്നതില്‍ തര്‍ക്കമില്ല.
ഇപ്പോഴും നമ്മള്‍ കുട്ടികളെ പഠിപ്പിക്കുന്ന പുസ്തകങ്ങളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കടമകളെക്കുറിച്ചുള്ള വാര്‍പ്പു മാതൃകളാണുള്ളത്. എന്താണ് നല്ലത്, എന്താണ് ചീത്ത എന്നത് വിദശമാക്കുന്ന സാംസ്കാരിക ലക്ഷ്മണരേഖകളിലേക്കാണ് അവ രൂപാന്തരപ്പെടുന്നത്. ചരിത്രനിര്‍മിതിയില്‍ സ്ത്രീ വഹിച്ച പങ്കിനെ നശിപ്പിക്കുകയോ അവഗണിക്കുകയോ ആണ് നാം പഠിപ്പിക്കുന്ന ചരിത്രപുസ്തകങ്ങള്‍.
സ്ത്രീയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്ന തരത്തിലേക്കുള്ള സാഹചര്യമാണ് ഓരോദിവസവും നാം ജീവിക്കുന്ന സമൂഹത്തില്‍ രൂപപ്പെടുന്നത്. നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് വിദേശിയായ ഒരു വെള്ളക്കാരി "ധിക്കാരപര'മായി സംസാരിക്കുന്നു എന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ലൈംഗികാതിക്രമത്തോട് പൊരുതുന്ന സ്ത്രീകളോടുള്ള സാര്‍വദേശീയ ഐക്യദാര്‍ഢ്യത്തെയാണ് ഈ നിലപാട് അപമാനിക്കുന്നതെന്ന് ഞാന്‍ കരുതുന്നു.
ഈ ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്നുണ്ടോ എന്നതിലല്ല കാര്യം. ഇത് അവസാനിക്കുന്നത് വിവിധ രാജ്യങ്ങളിലെ ബലാല്‍സംഗത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവരക്കണക്കുകളോടെയാണ്. അമേരിക്കയില്‍ ഇത്തരം സംഭവങ്ങളുടെ ഇരകളായി 16 ദശലക്ഷം പേരുണ്ടെന്ന് ഡോക്യുമെന്ററി പറയുന്നു.
ലോകത്ത് കുറച്ച് സ്ഥലങ്ങള്‍ മാത്രമേ സ്ത്രീകള്‍ക്ക് സുരക്ഷിതമായുള്ളൂ. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ വിവിധ ക്യാമ്പയിനുകള്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ "വണ്‍ ബില്യണ്‍ റൈസിങ്' എന്ന പേരിലുള്ള പ്രചാരണ പരിപാടിയില്‍ നിരവധി സംഘടനകള്‍ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി.
"ഇന്ത്യാസ് ഡോട്ടര്‍' എന്ന ഡോക്യുമെന്ററിയെ ചുറ്റിപ്പറ്റി പ്രത്യേകമായി പ്രചാരണം നടക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ അതിനെക്കുറിച്ച് അമിതമായി പ്രതികരിക്കേണ്ട കാര്യമില്ല. ഇത് "ടൂറിസത്തെ ബാധിക്കു'മെന്ന ഭരണകക്ഷിയിലെ ഒരു വനിതാ എംപി പാര്‍ലമെന്റില്‍ പറഞ്ഞ അഭിപ്രായം ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. ഇന്ത്യയിലെ സ്ത്രീയെയല്ല, രാജ്യത്തിന്റെ യശസ്സിനെ ഇത് ബാധിക്കുമെന്ന് പറയുന്നത് പോലാണിത്.
രാജ്യത്തിന്റെ വരുമാനവും പ്രതിച്ഛായയും ഉയര്‍ത്തുന്നതിലല്ല, ഇവിടത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കാനുള്ള നടപടി എടുക്കുന്നതിലായിരിക്കണം സര്‍ക്കാരിന്റെ ശ്രദ്ധ.
വസ്ത്രാക്ഷേപത്തില്‍നിന്ന് ദ്രൗപദിയെ രക്ഷിച്ച കൃഷ്ണനെപ്പോലെ ഒരു രക്ഷകനെയല്ല, സ്ത്രീ കാത്തിരിക്കുന്നത്.
സ്ത്രീ സുരക്ഷയ്ക്കായുള്ള സമഗ്രമായ നിര്‍ദേശങ്ങള്‍ നല്‍കിയ വര്‍മ കമീഷന്‍ ദൈനംദിനം സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്
- മെച്ചപ്പെട്ട പൊലീസ് സംവിധാനത്തിലും
- സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും മാത്രമല്ല,
- പൊതുഗതാഗതം,
- ആവശ്യമായ തെരുവുവിളക്കുകളുടെ അഭാവം,
- രക്ഷാകേന്ദ്രങ്ങളും വെളിച്ചമുള്ള ടോയ്ലറ്റുകളും സ്ഥാപിക്കല്‍,
- തൊഴിലിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കല്‍
എന്നീ ഘടകങ്ങളിലും ഊന്നുന്നുണ്ട്.
ഇവയില്‍ ചിലതുമാത്രമേ നടപ്പാക്കിയിട്ടുള്ളൂ. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നത്, ഇന്ത്യ സ്ത്രീകള്‍ക്ക് സുരക്ഷിതസ്ഥാനമാക്കാന്‍ പ്രതിബദ്ധമാണെന്ന് കാണിക്കാന്‍ നല്ലതാണ്.