Wednesday 19 March 2014

[www.keralites.net] ????????? ?????

 

കേരളത്തിലെ തട്ടിപ്പുകാരുടെ ഗമ കണ്ടിട്ട് കൊതി തോന്നുന്നു. അല്ലെങ്കിലും ഓരോത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍, കുറച്ചു പൊടിപ്പും തൊങ്ങലും പിന്നെ പൊലിമക്ക് ഒരല്‍പം നുണയുമൊക്കെ ചേര്‍ത്ത്, ഒരു തട്ടിപ്പ് ലേഖനം എഴുതി നോക്കാം എന്ന് വച്ചു.

എന്തെങ്കിലും തട്ടിപ്പുകള്‍ പറ്റാത്ത ആരും ഉണ്ടാവില്ല. പണ്ട് വിയന്നയില്‍ വച്ച് എനിക്ക് പറ്റിയ അവിസ്മരണീയമായ ഒരു തട്ടിപ്പ് പറയാം. ഒരാള്‍ വഴിവക്കില്‍ മൂന്നു ചെറിയ കപ്പുകള്‍ ഒരു ചെറിയ ബോളിന്റെ മുകളില്‍ ഓരോന്നായി വേഗത്തില്‍ കമഴ്ത്തി വച്ച് മാറി മാറി നീക്കിക്കൊണ്ടിരിക്കുന്നു. ഏതു കപ്പിന്റെ അടിയിലാണ് ബോള്‍ വരുന്നതെന്ന് നമുക്ക് കാണാം. പണം വച്ച് കൃത്യമായി ആ കപ്പു ചൂണ്ടി കാണിച്ചു കൊടുത്താല്‍ വച്ച പണത്തിന്റെ ഇരട്ടി കിട്ടും. ചുറ്റിലും നില്‍ക്കുന്ന ധാരാളം പേര്‍ക്ക് വച്ചതിന്റെ ഇരട്ടി കിട്ടുന്നു. അമാന്തിച്ചില്ല, കുറഞ്ഞു പോകണ്ടല്ലോ എന്ന് കരുതി ഞാന്‍ ഒരു 50 യുറോ നോട്ടുതന്നെ വച്ചു. ബോള്‍ ഉള്ള കപ്പു കൃത്യമായി കാണിച്ചു കൊടുത്തു. കപ്പു പൊക്കിയപ്പോള്‍ ഞാന്‍ ഞെട്ടി. ബോളില്ല. അമ്പത് പോയി. അപ്പോളാണ് എന്റെ കൂര്‍മബുദ്ധി ഉദിച്ചത്. വല്ലഭനു യുറോയും ആയുധം. ഒരമ്പതു കൂടി വച്ച് രണ്ടാമതും കളിച്ചു ജയിച്ചാല്‍ വച്ച മുതല്‍ എല്ലാം തിരിച്ചു കിട്ടുമല്ലോ. ഇത്തവണ വളരെ കൃത്യമായി നോക്കി, ബോള്‍ ഉള്ള കപ്പു സെലെക്റ്റ് ചെയ്തു. നൂറിനു വേണ്ടി ഞാന്‍ കൈ നീട്ടി...അയാള്‍ കപ്പു പൊക്കി... ഞാന്‍ ഞെട്ടി.

നൂറു യുറോ പോയാലെന്താ ഒരു പാഠം പഠിച്ചല്ലോ എന്ന് ഞാന്‍ സമാധാനിച്ചു. അല്ലങ്കിലും എനിക്കങ്ങനെ തന്നെ വരണം. അമ്പത് യുറോ ഒരു പണിയും ചെയ്യാതെ ചുളുവില്‍ നുറാക്കാന്‍ പോയതാണല്ലോ കാരണം. അത്യാഗ്രഹം ആപത്തു തന്നെ. കപ്പില്‍ നിന്നും ബോള്‍ അപ്രത്യക്ഷമാകുന്നത് അത്ഭുതം ഒന്നുമല്ല. വെറും മാജിക് ആണത്. കപ്പില്‍ വച്ച ബോള്‍ അപ്രത്യക്ഷമാകുന്നതും ഇല്ലാത്ത കപ്പില്‍ പ്രത്യക്ഷമാകുന്നതും ഒരു ബോള്‍ രണ്ടെണ്ണം ആകുന്നതും എങ്ങനെയാണ് എന്ന് കാണാന്‍ യുടുബിലെ
ഈ വീഡിയോ കണ്ടാല്‍ മതി. നാഷണല്‍ ജിയോഗ്രാഫിക് ചന്നലില്‍ തട്ടിപ്പുകളെക്കുറിച്ച് സ്‌കാം സിറ്റി എന്ന ഒരു പ്രോഗ്രാം ഉണ്ട്. അത് കണ്ടപ്പോളാണ് വിയന്നയിലെ തട്ടിപ്പിന്റെ പൂര്‍ണ്ണ രൂപം പിടി കിട്ടിയത്. അവിടെ സമ്മാനം അടിക്കുന്നവരെല്ലാം കമ്പനിയുടെ ആളുകളാണ്. ഇനി പോയ കാശ് തിരിച്ചു ചോദിച്ചാലോ, നല്ല ഇടിയും കിട്ടും. പക്ഷെ ഞാന്‍ വിട്ടുകൊടുക്കുമോ; ഇടി വരുന്നതിനു മുന്‍പേ ഞാന്‍ പിന്‍വാങ്ങി.

ഓരോ രാജ്യത്തിലും നഗരത്തിലും അവിടുത്തെ ആളുകളുടെ രീതിയും വിശ്വാസവും ആവശ്യവും അനുസരിച്ചുള്ള തട്ടിപ്പുകളുണ്ട്. ഉദാഹരണത്തിന് തുര്‍ക്കിയിലെ ഇസ്താന്‍ബുളില്‍ തട്ടിപ്പ് ക്ലബ്ബുകളും പബ്ബുകളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. തട്ടിപ്പുകാര്‍ ആദ്യം ടുറിസ്റ്റുകളെ, പ്രത്യേകിച്ച് ഒറ്റയ്ക്ക് നടക്കുന്നവരുമായി ചങ്ങാത്തം സ്ഥാപിക്കും. ഉദാഹരണത്തിന് ഒരു ഇന്ത്യക്കാരനെ കണ്ടാല്‍ മെല്ലെ അടുത്ത് കൂടി ഇന്ത്യ ഭയങ്കര സംഭവം ആണ് എന്നൊക്കെ പറഞ്ഞു സുഖിപ്പിക്കും. പിന്നെ മെല്ലെ ഒരു ബിയര്‍ കഴിക്കാന്‍ ക്ഷണിക്കുകയായി. ഇതിലെന്ത് തട്ടിപ്പ് എന്ന് ചോദിക്കാന്‍ വരട്ടെ. ബില്ല് വരുമ്പോള്‍ ബില്ല് കണ്ടവന്‍ ഞാന്‍ നേരത്തെ ഞെട്ടിയതിനേക്കാള്‍ ശക്തമായി ഞെട്ടും.

കാരണം ഒരു ബീയറിന്റെ വില ചിലപ്പോള്‍ അഞ്ഞുറോ ആയിരമോ ഡോളര്‍ ഒക്കെ ആയിരിക്കും. സ്‌പെഷ്യല്‍ ബിയര്‍ ആണത്രേ…വില പുറത്തു എഴുതി വച്ചിട്ടുണ്ടത്രേ..എന്തെ നോക്കിയില്ല. എന്തയാലും ഇങ്ങനെ കാശ് പോകുന്ന ടുറിസ്റ്റുകള്‍ ധാരാളം. ഇങ്ങനെ ഓരോ ലോകത്തിലെ ഓരോ നഗരത്തിലും അതിനു പറ്റിയ തട്ടിപ്പുകളുണ്ട്. മുംബൈ ടാക്‌സിക്കാര്‍ ടുറിസ്റ്റുകളെ പറ്റിക്കുന്നു. ഡല്‍ഹിയില്‍ മുറിഡോക്ടര്‍ നാട്ടുകാരെയും ടുറിസ്റ്റുകളെയും പറ്റിക്കുന്നു. ആംസ്റ്റാര്‍ഡാമില്‍ നിങ്ങളുടെ മുന്‍പില്‍ പെട്ടന്നു ചാടിവീണ് ചെറിയ കുറ്റങ്ങള്‍ക്ക് ഫൈനൊക്കെ അടപ്പിച്ചു മുങ്ങുന്ന പോലീസുകാര്‍ ചിലപ്പോള്‍ ഡ്യുപ്ലിക്കറ്റ് ആയിരിക്കും (പക്ഷെ ഇതത്ര സാധാരണമല്ല). ഇത് കൂടാതെ പ്രത്യേകിച്ചും സുരക്ഷിതമെന്ന് തോന്നുന്ന എയര്‍പോര്‍ട്ടില്‍ കയ്യിലെ ബാഗ് കയ്യില്‍നിന്നും ഒന്ന് മാറിയാല്‍ അടിച്ചു മാറ്റപ്പെടും.

അയ്യോ പാസ്‌പോര്ട്ട് പോയി...ടിക്കറ്റ് പോയി… എന്ന് പറഞ്ഞു കരയുകയൊന്നും വേണ്ട. അവര്‍ ബാഗിലെ വിലപിടിപ്പുള്ള സാധനം മാത്രം എടുത്തശേഷം ബാഗ് സുരക്ഷിതമായി വല്ല ബഞ്ചിനു മുകളിലോ മറ്റോ വച്ചശേഷം മുങ്ങും. ഇത് പോലെ ചില നഗരങ്ങളിലെ ഉന്നത പരിശീലനം നേടിയ പോക്കറ്റടിക്കാര്‍ വിശാല ഹൃദയരാണ്. അടിച്ചെടുത്ത പേഴ്‌സ് പണം എടുത്ത ശേഷം സുരക്ഷിതമായി എടുത്ത സ്ഥലത്ത് തന്നെ തിരിച്ചു വയ്ക്കും. ചെയ്യുന്ന പ്രൊഫഷനില്‍ ഒരു ചാലഞ്ച് ഒക്കെ ഉണ്ടായിരിക്കാന്‍ ആര്‍ക്കാണെങ്കിലും ഒരാഗ്രഹം കാണില്ലേ.

 


പ്രത്യേകിച്ചും നൈജീരിയക്കാര്‍ കുത്തകയാക്കി വച്ചിരിക്കുന്ന, മില്ല്യന്‍ ഡോളര്‍ ലോട്ടറി അടിച്ചിട്ടുണ്ട് എന്നു പറഞ്ഞു വരുന്ന ഇമെയില്‍ അല്ലെങ്കില്‍ എസ് എം എസ് തട്ടിപ്പുകള്‍ പലര്‍ക്കും സുപരിചിതമാണല്ലോ. അടുത്ത് ഒറിസയില്‍ നിന്നുള്ള ഒരു പാവം കര്‍ഷകന്‍ തനിക്കടിച്ച 'ബി ബി സി ലോട്ടറിയുടെ' പണം കൈപറ്റാന്‍ ഡല്‍ഹിയില്‍ ബി ബി സി ഓഫീസില്‍ ചെന്ന വാര്‍ത്ത ഇവിടെ വായിക്കാം.
തടിപ്പുകളുടെ ഒരു നിര തന്നെ കേരളത്തിലുണ്ട്. ആട്, എരുമ. തേക്ക് മാഞ്ചിയം പണ നിക്ഷേപങ്ങള്‍ എന്നിങ്ങനെ പല പരിപാടികളും കേരളീയരെ പറ്റിച്ചു കടന്നു പോയിട്ടുണ്ട്. പിന്നീട് വന്ന കാലത്തിനനുസരിച്ച് വൈവിധ്യമാര്‍ന്ന മറ്റൊന്നാണ് സോളാര്‍. ഇനിയിപ്പോള്‍ എന്താണോ ആവോ. ആ നൂട്രീനോ പരീക്ഷണശാല ഒന്ന് വന്നിരുന്നെങ്കില്‍ നൂട്രീനോയെ പ്രതിരോധിക്കുന്ന, നാസയുടെ സാങ്കേതിക വിദ്യയില്‍ തയ്യാറാക്കിയ ജട്ടികളും ബനിയനുകളും തമിഴ്‌നാട്ടില്‍ നിന്നും ഇറക്കി തെക്കന്‍ കേരളത്തില്‍ മൊത്തം വില്‍ക്കാമായിരുന്നു എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. നൂട്രീനോ പ്രത്യുത്പാദന ശേഷി കുറയ്ക്കും ക്യാന്‍സര്‍ ഉണ്ടാക്കും എന്ന് കൂടി ചാനല്‍ ചര്‍ച്ചക്കാരെകൊണ്ട് പറയിപ്പിച്ചാല്‍ ജട്ടി വിരുദ്ധര്‍ പോലും നൂട്രീനോപ്രതിരോധിനിജട്ടി ധരിക്കും. പക്ഷെ എന്തിനെയും രാഷ്ട്രീയവത്ക്കരിക്കുന്ന നാടായതിനാല്‍ നല്ലൊരു തട്ടിപ്പ് നടത്താനും രാഷ്ട്രീയ പിടിപാടുകള്‍ വേണം. പക്ഷെ രാഷ്ട്രീയക്കാരെ അത്ര വിശ്വസിക്കാനും പറ്റില്ലല്ലോ.. അപകടം മണത്താല്‍ അവര്‍ എപ്പോള്‍ വേണമെങ്കിലും കാലുമാറാം.

വിവരക്കേടിനെ അല്ലെങ്കില്‍ വിശ്വാസശീലത്തെ മുതലെടുക്കുക എന്നതാണ് തട്ടിപ്പിന്റെ രീതി. ഈ വിശ്വാസശീലം ഒരു വ്യക്തിയെ വിശ്വസിക്കുന്നതാകാം അല്ലെങ്കില്‍ ഒരു പ്രസ്ഥാനത്തിലോ മതത്തിലോ ഉള്ള വിശ്വാസം ആകാം. മതവും ജാതിയും കൊണ്ട് ജനങ്ങളെ വിഭജിച്ചു ഭരിക്കുന്ന ഒരു രാഷ്ട്രീയ സംവിധാനം നമുക്കുള്ളതിനാല്‍ വലിയ നിയമ പ്രശ്‌നങ്ങള്‍ ഇല്ലാതെ തട്ടിപ്പ് കാണിക്കാന്‍ നല്ലത് മതത്തെയോ ദൈവത്തെയോ കൂടെ കൂട്ടുന്നതാണ്. ദൈവങ്ങളുടെ കാര്യമായതിനാല്‍ തൊട്ടാല്‍ നിയമപാലകര്‍ക്ക് വരെ കൈ പൊള്ളും. മാത്രമല്ല ഇനി ആരെങ്കിലും കുറ്റം പറഞ്ഞാല്‍ അവനെ വര്‍ഗീയവാദിയുമാക്കാം. നാട് മുഴുവന്‍ ഭയങ്കരമായ വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് വിശ്വസിപ്പിച്ചു (ജനങ്ങളെ പറ്റിച്ചു) വോട്ടു തേടി നടക്കുന്ന രാഷ്ട്രീയക്കാര്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇടംകോല്‍ വയ്ക്കുകയുമില്ല.

അത്ഭുതങ്ങളും അവതാരങ്ങളും ഇങ്ങനെ ജനങ്ങളുടെ വിവരക്കേടിനെയും വിശ്വാസത്തെയും മുതലെടുക്കുന്നവയാണ്. ഇതെല്ലാം സാമ്പത്തിക ലാഭത്തിനു വേണ്ടിയോ മറ്റോ കരുതിക്കൂട്ടി ചെയ്യപ്പെടുന്നവ ആകാം. കയ്യില്‍ പെട്ടന്ന് ഭസ്മം വരുന്നതും, മാല പ്രത്യക്ഷപ്പെടുന്നതും, മാലയില്‍ സുഗന്ധം വരുന്നതും ഞാന്‍ മുകളില്‍ സുചിപ്പിച്ച കപ്പില്‍ ബോള്‍ വരുന്ന തരത്തിലുള്ള ജാലവിദ്യകളാണ്. ഈ വിദ്യകളുടെയെല്ലാം അടിസ്ഥാനം മനുഷ്യന് ഒരു സമയം ഒരു കാര്യത്തിലെ ശ്രദ്ധ ചെലുത്താന്‍ കഴിയൂ എന്നതാണ് (മള്‍ടി ടാസ്‌ക്കിങ്ങ് കഴിവൊക്കെ തെറ്റാണെന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്). കൈകള്‍ വട്ടം കറക്കുന്നതും മന്ത്രങ്ങള്‍ ഉരുവിടുന്നതും പിന്നെ പല പരിപാടികള്‍ കൂടി ആകുമ്പോള്‍ ആളുകളുടെ ശ്രദ്ധ മാറ്റി കയ്യില്‍ പെട്ടന്ന് ഭസ്മവും മാലയും വരുത്താന്‍ അത്ര വിഷമം ഒന്നുമില്ല.

മറ്റൊന്ന് വിശ്വാസികള്‍ അന്ധവിശ്വാസം കൊണ്ട് സ്വയം തട്ടിക്കപ്പെടുന്നതാവാം. രൂപങ്ങളില്‍ നിന്നും ചോര വരുന്നതും കണ്ണീര്‍ വരുന്നതും അല്ലെങ്കില്‍ ആരാധനാലയങ്ങളിലെ പാത്രങ്ങള്‍ 'വിയര്‍ക്കു ന്നതും' അവിടേക്ക് ഒരു ജനപ്രവാഹം തന്നെ സൃഷ്ടിക്കും. ഇത്തരം 'അത്ഭുതങ്ങള്‍' സ്വാഭാവിക ഭൌതികപ്രതിഭാസത്തിന്റെ ഭാഗം മാത്രമായിരിക്കാം. ഉദാഹരണത്തിന് ഒരു ഗ്ലാസില്‍ ഒരല്‍പം തണുത്ത വെള്ളമൊഴിച്ചാല്‍ അതും വിയര്‍ക്കും. അങ്ങനെയാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ എന്തുകൊണ്ട് എല്ലായ്‌പ്പോഴും സംഭവിക്കുന്നില്ല? വിയര്‍ക്കുന്ന ഗ്ലാസിന്റെ കാര്യം തന്നെ എടുക്കുക. ഗ്ലാസ്സിന്റെ പുറത്ത് ജല സാന്ദ്രീകരണം നടക്കുന്നത്, ഒഴിക്കുന്ന വെള്ളത്തിന്റെ ഊഷ്മാവ്, ഗ്ലാസ്സിന്റെയും പുറത്തെ വായുവിന്റെയും ഊഷ്മാവ്, അതുപോലെ വായുവിലെ ജലസാന്ദ്രത, ഗ്ലാസ്സിന്റെ താപചാലകത എന്നിങ്ങനെ പലതിനെയും ആശ്രയിച്ചിരിക്കും. വളരെ തണുത്ത വെള്ളം ഒഴിക്കുമ്പോള്‍ ഈ പറഞ്ഞ ഘടകങ്ങള്‍ എത്ര കുറവാണ് കൂടുതലാണ് എന്നത് അത്ര വലിയ കാര്യമല്ല. അത്‌കൊണ്ട് എപ്പോഴും ഗ്ലാസ് വിയര്‍ക്കും. എന്നാല്‍ ഒഴിക്കുന്ന വെള്ളം അത്ര തണുത്തതല്ലെങ്കില്‍ ഈ പറഞ്ഞ ഘടകങ്ങളുടെ അനുപാതികാമായ തോതുകളെ ആശ്രയിച്ചേ ഗ്ലാസ് വിയര്‍ക്കു. എന്ന് വച്ചാല്‍ പലപ്പോഴും വിയര്‍ത്തില്ലെന്നു വരാം.

വിശ്വാസത്തെ ശാസ്ത്രം കൊണ്ട് വിശകലനം ചെയ്യുന്നത് യഥാര്‍ഥ തലത്തില്‍ യുക്തിയല്ല. കാരണം വിശ്വാസം വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. നേരെ മറിച്ചു ശാസ്ത്രം വസ്തുതകളെ അടിസ്ഥാനമാക്കുന്നതാണ്. അതിനാല്‍ മുകളില്‍ സുചിപ്പിച്ച കാര്യങ്ങള്‍ വിശ്വാസം വ്യര്‍ത്ഥമാണന്നല്ല അന്ധമായ വിശ്വാസം ആരെങ്കിലും ഒക്കെ മുതലെടുക്കാം എന്ന് സ്ഥാപിക്കാനാണ്. വിശ്വാസം കൂടുമ്പോള്‍ ദൈവം തന്നു എന്ന് അവര്‍ വിശ്വസിക്കുന്ന ബുദ്ധിയും യുക്തിയും പലരും ദൈവത്തെ പഴിചാരി നഷ്ടപ്പെടുത്തുന്നു.

ദൈവത്തില്‍ ആഴത്തില്‍ വിശ്വസിക്കുകയും എന്നാല്‍ ഭൌതികമായി (ആ ത്മീയമായി അല്ല) ദൈവത്തിന്റെ സാന്നിധ്യം ഒരിക്കലും നേരിട്ട് അനുഭവിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ആ അനുഭവം ഒരിക്കലെങ്കിലും ഉണ്ടാകാന്‍ അവര്‍ വ്യഗ്രതപ്പെടുന്നുണ്ടാവാം. ദൈവവുമായി ബന്ധപ്പെട്ട കഥകളിലും ഗ്രന്ഥങ്ങളിലും ദൈവത്തിന്റെ അമാനുഷികമായ കഴിവ് വെളിവാക്കപ്പെടുന്നതും അത്ഭുതങ്ങള്‍ സംഭവിക്കുന്നതിലൂടെയാണ്. അതുകൊണ്ട് തന്നെ ആരാധനാലയങ്ങളിലോ അല്ലെങ്കില്‍ മറ്റു ദൈവീകമായ കാര്യങ്ങളിലോ വസ്തുക്കളിലോ അപ്രതീക്ഷിതമായി ഉണ്ടാകുന്ന മാറ്റങ്ങളോ സംഭവങ്ങളോ അത്ഭുതങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു. ഈ അപ്രതീക്ഷിത സംഭവങ്ങള്‍ ദൈവം സൃഷ്ടിച്ച പ്രകൃതിനിയമങ്ങളുടെ ഭാഗം ആണെന്നല്ല മറിച്ചു ആ പ്രകൃതി നിയമങ്ങള്‍ക്കും അപ്പുറത്ത് ഉള്ളതാണ് എന്ന് വിശ്വസിക്കുന്നതിലൂടെ അവര്‍ അതില്‍ ഒരു പുതുമ അല്ലെങ്കില്‍ അത്ഭുതം കണ്ടെത്തുകയാണ്. അങ്ങനെ തങ്ങളുടെ മനസിലുള്ള ദൈവത്തെ ഭൌതീകമായി അനുഭവിക്കാനുള്ള വ്യഗ്രതക്ക് ഒരാശ്വാസം കണ്ടെത്തുകയാണ് അവര്‍ ചെയ്യുന്നത്. ആ അപ്രതീക്ഷിത സംഭവം (ദൈവം ഉണ്ടാക്കിയ) പ്രകൃതി നിയമങ്ങളുടെ ഭാഗം മാത്രമാണ് എന്ന് വിശ്വസിക്കാന്‍ ശ്രമിച്ചാല്‍ ദൈവത്തെ ഭൌതികമായി അനുഭവിക്കാന്‍ കഴിയാത്തതില്‍ ഉള്ള ഒരു നഷ്ടബോധം അവരില്‍ ഉണ്ടായേക്കാം. മാത്രമല്ല അങ്ങനെ ചെയ്താല്‍ അത് വിശ്വാസത്തിനു എതിരാകുമോ എന്ന് ചിലര്‍ ഭയപ്പെട്ടേക്കാം. അല്ലെങ്കിലും ദൈവവിശ്വസം ഇല്ലാത്തവര്‍ മോശം ആളുകള്‍ ആണെന്ന് നമ്മള്‍ എല്ലാവരും ചെറുപ്പത്തിലേ മസ്തിഷ്‌കക്ഷാളനം ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.

ദൈവമാണ് സൃഷ്ടാവെങ്കില്‍, എന്തിന്റെയും കാരണക്കാരനെങ്കില്‍ മനുഷ്യന്റെ ബുദ്ധിയും അതുമുലം ഉണ്ടായ ശാസ്ത്രീയമായ അറിവുകളും യുക്തിയോടെ ഉള്ള ചിന്തകളും ദൈവീകം തന്നെ ആയിരിക്കാം. അതുകൊണ്ട് തന്നെ, ദൈവ വിശ്വാസവും ആത്മീയതയും നിലനിര്‍ത്താളന്‍ ശാസ്ത്രത്തെ ബഹിഷ്‌കരിച്ചു ആള്‍ ദൈവങ്ങളുടെയും ശാസ്ത്രത്തിനപ്പുറമുള്ള അത്ഭുതങ്ങളുടെയും പുറകെ പോകേണ്ടതുണ്ടോ എന്ന് വിശ്വാസികള്‍ ചിന്തിക്കേണ്ടതുണ്ട്. ദൈവമുണ്ടാക്കിയ പ്രകൃതിയുടെ സങ്കീര്‍ണ്ണുമായ പ്രവര്‍ത്ത നങ്ങളില്‍ വിശ്വാസികള്‍ അത്ഭുതപ്പെടുകയും ആ സങ്കീര്‍ണ്ണതയെ അറിയാനും അത് ഉപയോഗപ്പെടുത്താനും ശ്രമിക്കുന്ന ശാസ്ത്രത്തെ പിന്തുണക്കുകയും ആണ് ചെയ്യേണ്ടത്. എങ്കില്‍ ആള്‍ ദൈവങ്ങളിലും അത്ഭുതങ്ങളിലും അമാനുഷീകത ഉണ്ടോ എന്ന് അറിയാന്‍ അവര്‍ ശാസ്ത്രത്തെ ഉപയോഗിക്കും.

ശാസ്ത്രത്തിന്റെ ഒരേ ഒരു ജോലി പ്രകൃതി നിയമങ്ങള്‍ മനസിലാക്കുകയും അത് മനുഷ്യനു എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പഠിക്കുകയുമാണ്. നിയമങ്ങള്‍ ആര് ഉണ്ടാക്കി എന്നത് പ്രസക്തമല്ല. അതുകൊണ്ട് തന്നെ അത് ദൈവമുണ്ടാക്കി എന്ന് വിശ്വാസികളും, മറിച്ചു താനെ ഉണ്ടായി എന്ന് അവിശ്വാസികളും പറഞ്ഞാലും ഇരുകൂട്ടര്‍ക്കും ജീവിതം സുഗമമാക്കാന്‍ ശാസ്ത്രത്തെ ഉപയോഗപ്പെടുത്താം. അല്ലെങ്കിലും, ലോകം എങ്ങനെ ഉണ്ടായി എന്നും വെറും ജീവതന്മാത്രകളില്‍ നിന്നും ജീവനുള്ള ആദ്യ കോശങ്ങള്‍ എങ്ങനെ ഉണ്ടായി എന്നും ഒരു കോശത്തില്‍ നിന്നും ഇതെഴുതുന്ന എന്നെയും വായിക്കുന്ന നിങ്ങളെയും പോലുള്ള അതിസങ്കീര്‍ണ്ണമായ ബഹുകൊശജീവികള്‍ എങ്ങനെ ഉണ്ടായി എന്നതും ശാസ്ത്രം പോലും അത്ഭുതത്തോടെ മാത്രം കാണുന്ന കാര്യമാണ്.

ആത്മീയ വ്യവസായം തഴച്ചു വളരാന്‍ കാരണവും ജനങ്ങളുടെ മുകളില്‍ സുചിപ്പിച്ച ശാസ്ത്രത്തിനു പുറത്തുള്ള ദൈവീകതയെ തേടലാണ്. വോട്ടുബാങ്ക് മാത്രം തേടിയുള്ള ഭരണവും രാഷ്ട്രീയക്കാര്‍ക്ക് ലഭിക്കുന്ന കെട്ടിപ്പിടുത്തവും തഴുകലും തലോടലും കൂടിയാകുമ്പോള്‍ ആള്‍്‌ദൈവങ്ങളുടെയും മറ്റു മതസ്ഥാപനങ്ങളുടെയും പ്രവര്‍ത്തന മേഖല അധോലോകങ്ങളാക്കപ്പെടുന്നു. ഈ അടുത്ത് പുറത്തുവന്ന ഗെയിലിന്റെ പുസ്തകം ഇത്തരം ആത്മീയ വ്യവസായത്തിന്റെ ഒരു സൈഡ് എഫക്റ്റ് മാത്രമാണ്. ഈ പുസ്തകം കണ്ടപ്പോള്‍ എന്റെ ഓര്‍മയില്‍ വന്നത് ഒരു ക്രിസ്തീയ മഠത്തില്‍ നിന്നും പുറത്തുവന്ന മേരി എന്ന സിസ്‌റര്‍ എഴുതിയ 'സ്വസ്തി' എന്ന പുസ്തകമാണ്. താന്‍ ഒരു വൈദികന്റെ ബലാത്സംഗ ശ്രമത്തിനു ഇരയായതും മഠത്തില്‍ ഒരു സിസ്റ്റര്‍ പ്രസവിച്ച കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതിനു സാക്ഷിയായതും അവര്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ മുഖ്യധാര പത്രങ്ങള്‍ വിവാദങ്ങള്‍ ആക്കാറില്ല എന്നത് ശ്രദ്ധേയം ആണ്. വിശ്വാസികളായ ജനങ്ങള്‍ എതിരാകുമോ എന്നത് തന്നെയാകാം അവരുടെയും ഭയം. തങ്ങളുടെ മത സ്ഥാപനങ്ങളില്‍ യാതൊരു ദുഷ്പ്രവര്‍ത്തനങ്ങളും നടക്കില്ലെന്ന വിശ്വാസവും അഥവാ നടന്നാല്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്നത് മതത്തിനും ദൈവത്തിനുമെതിരാകുമോ എന്നതാണ് വിശ്വാസികളുടെ ഭയം.

കേരളത്തില്‍ വന്നും പോയിരിക്കുന്ന തട്ടിപ്പുകള്‍ ധാരാളം ഉണ്ടെങ്കിലും ആത്മീയ തട്ടിപ്പുകള്‍ സ്ഥിരമായി നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഇവയെക്കുറിച്ച് ഇത്ര പ്രാധാന്യത്തോടെ എഴുതിയത്. ഇത്തരം തട്ടിപ്പുകള്‍ നടക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഒരു മതസ്ഥാപനങ്ങളെയും അഴിഞ്ഞാടാന്‍ അനുവദിച്ചുകൂടാ. മതസ്ഥാപനങ്ങള്‍ പൊതുസ്ഥലങ്ങള്‍ കയ്യേറുന്നുണ്ടോ എന്നതും നിയമങ്ങള്‍ അനുസരിക്കുന്നുണ്ടോ എന്നതും നികുതി നല്‍കേതണ്ടതുണ്ടെങ്കില്‍ അത് നല്കുന്നുണ്ടോ എന്നതും പരിശോധിക്കെണ്ടാതാണ്. അതിനുവേണ്ടി, ആരുടെ മത വികാരം വൃണപ്പെട്ടാലും ബലമായ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്.

സ്വാമി വിവേകാനന്ദന്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് നിര്‍ത്താം: ജോതിഷത്തിലും അത്തരം കാര്യങ്ങളിലും വിശ്വസിക്കുന്നത് ബലഹീനമായ മനസിന്റെ ലക്ഷണമാണ്. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ മനസ്സില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണണം, നല്ല ആഹരമൊക്കെ കഴിച്ചു വിശ്രമിക്കണം.
 
 

 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (2)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] We are Human. We are not Perfect. We are Alive.

 
__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___