(പീരുമേട്ടിലെ ഒരു എസ്റ്റേറ്റ് ബംഗ്ലാവ്. പാലായില്‍ നിന്നു കുടിയേറിയ ഫാമിലി. റിയല്‍ എസ്റ്റേറ്റ് ഏജന്റായ റോബിന് തന്റെ മാരുതി ആള്‍ട്ടോ കാര്‍ എസ്റ്റേറ്റ് ബംഗ്ലാവിന്റെ മുന്നില്‍ സഡണ്‍ ബ്രേക്കിട്ടു നിര്‍ത്തുന്ന ശബ്ദം. ഡോര്‍ തുറന്നടഞ്ഞു. വരാന്തയില്‍ കാല്പെരുമാറ്റം)
അമ്മായീ… അമ്മായീ… ഇവിടാരുവില്ലേ ?
ആരാ ? എവിടുന്നാ ?
ഞാനാ…
ഹ! മരുമോനോ ? പ്രിയമോളുവൊണ്ടല്ലോ… എന്നാ പറ്റി ഈ നേരത്ത് ?
അയ്യോ.. ഒന്നും അറിയാത്ത പോലെ… ദേ, പെണ്ണിനെ ഇവിടെ നിര്‍ത്തിയേച്ചും പോകാന്‍ വന്നതാ..
അയ്യോ എന്നാ പറ്റി ? എന്നതാ പ്രിയമോളേ ? എന്നാ പറ്റി ?
അമ്മച്ചി പത്രവൊന്നും വായിക്കുന്നില്ലേ ? ടിവിയൊന്നും കാണുന്നില്ലേ ?
ഓ… എന്നാ വായിക്കാനാ… ഓരോ ദിവസോം ഞെട്ടിക്കുന്ന വാര്‍ത്തകളല്ലേ മോനേ…
എന്നാ ഇന്നത്തെ പത്രവൊക്കെ ഒന്നു വായിക്ക്… എന്നെപ്പറ്റി എന്നാ ഒക്കെ വൃത്തികേടാ ആ അരിവാളു പറഞ്ഞേക്കുന്നേന്നറിയാവോ ?
അയ്യോ… അയാള്‍ നിന്നേപ്പറ്റീം പറഞ്ഞോ ? അയാള്ക്കല്ലേലും കുടുമ്മത്തി പിറന്നവരേ കണ്ടൂട മോനേ… നമുക്കിപ്പോ എന്നാ ചെയ്യാന്‍ പറ്റും…??
കെന്നാ ചെയ്യാമ്പറ്റും…. ചുമ്മാ ഉരുണ്ടു കളിക്കല്ലേ… എത്ര തവണ പറഞ്ഞതാ എനിക്കൊരു വിസയെടുത്ത് തരാന്‍…എനിക്കു മടുത്തു ഇവിടെ… മാംഗോ കൃഷിയും ബനാന എസ്റ്റേറ്റും ..ഫൂ..
ശരിയാ മോനേ… ഈ നാട്ടിലെങ്ങനെ കഴിഞ്ഞുപോകുമെന്നത് എനിക്കറിഞ്ഞുകൂടാ… വല്ലോടത്തോട്ടും പോകാവെന്നു വച്ചാല്‍… അതിനൊട്ടു മനസ്സു വരുന്നുമില്ല… അച്ചായന് എന്തു കഷ്ടപ്പെട്ടാ ഈ എസ്റ്റേറ്റിന്റെ മാനേജരായത് എന്നറിയാമോ ? മരുമോനോര്മയുണ്ടോ എന്നെനിക്കറിയില്ല… അന്നെനിക്കു 18 വയസ് പ്രായം…തോക്കിന്റെ കച്ചോടത്തിന് പാലായില്‍ വന്ന അച്ചായന് വല്യപ്പാപ്പന്റെ ഷാപ്പില് കളളുകുടിച്ചോണ്ടിരിക്കുമ്പോ കപ്പക്ക് മൊളകരയ്ക്കാന് വന്ന എന്നെ മിന്നായം പോലെ കണ്ടു…
പൊന്നമ്മായീ… ഞാന്‍ കേട്ടു കേട്ടു മടുത്തതാ ഈ ഫ്ലാഷ്ബാക്ക്…അങ്ങേരടെ കൂടെ രായ്ക്കുരാമാനം ഒളിച്ചോടിപ്പോന്ന കഥയല്ലേ ? ഇനീം ഇത് പറയരുത്… ചെക്കന്റെ ന്യൂജനറേഷന് ജീവിതത്തിന്റെ കഥകളാ എസ്റ്റേറ്റിലെ പണിക്കാരു പോലും പറഞ്ഞു നടക്കുന്നത്…അമ്മായീം മോനും കൂടി ബാക്കിയൊള്ളോരടെ കാര്യം തീരുമാനമാക്കും… എന്തേലും ചോദിച്ചാല്‍ ഒരു കഥ പറച്ചിലും കണ്ണീരും…
പറക്കമുറ്റാത്ത എന്റെ കുഞ്ഞിനേം കൊണ്ട് ഞാനെങ്ങോട്ടു പോകും ?
പറക്കമുറ്റാത്ത കുഞ്ഞ്… ചെക്കന് വയസ്സ് 45 ആയില്ലേ…എന്ത്യേ സന്തതി ?
അകത്ത് മുറിയടച്ചിരുന്ന് മിസ്റ്റര്‍ ബീന്‍ കാണുവാ…
ബെസ്റ്റ്… എവനെയാണോ അടുത്ത വര്‍ഷം അമ്മായി ഈ എസ്റ്റേറ്റിന്റെ മാനേജരാക്കാന്‍ പോകുന്നത് ? മനുഷ്യനിവിടെ ഒരു തരത്തില്‍ ബിസിനസു ചെയ്ത് പച്ചപിടിക്കാന്‍ നോക്കീട്ടു പറ്റുന്നില്ല… അവനിരുന്നു മിസ്റ്റര്‍ ബീന്‍ കാണുന്നു… അളിയോ… അളിയോ…. ഒന്നിങ്ങോട്ടെറങ്ങി വന്നേ…
വേണ്ട മോനേ… പോഗോ കാണുമ്പം വിളിച്ചാല്‍ അവനു ദേഷ്യം വരും… ദേഷ്യം വന്നാല്‍ ആ ജുബ്ബേമെടുത്തിട്ട് പുറകിലത്തെ വാതിലിലൂടെ ഒറ്റപ്പോക്കങ്ങു പോകും… പിന്നെ ഒരു മാസം കഴിഞ്ഞു നോക്കിയാ മതി.. കണ്ട കോളനീലെല്ലാം കല്ലും ചുമന്ന്… തട്ടുകടേക്കൂടീ പൊറോട്ടേം തിന്നു നടക്കും… ഞാനൊരു വിധത്തില്‍ നല്ല വാക്കു പറഞ്ഞിവിടെ ഇരുത്തിയേക്കുവാ.. മരുമോന് കൊഴപ്പവൊണ്ടാക്കരുത്…
ഇതിനകത്ത് അടച്ചുപൂട്ടിയിരുന്നിട്ട് അവനെങ്ങനെ എസ്റ്റേറ്റ് ഭരിക്കും ?
പൊറത്തെറങ്ങിയാല് എന്തേലുമൊക്കെ പൊട്ടത്തരം വിളിച്ചു പറയും… മാനേജരാക്കി ഇവിടിരുത്തിയേക്കുവാണേല് അപകടമില്ലല്ലോ…
തള്ളേം കൊളളാം മോനും കൊള്ളാം…
എനിക്കാണായിട്ടും പെണ്ണായിട്ടുമല്ലാതെ അവനൊരുത്തനേയുള്ളൂ…
ചെക്കന്റെ കാര്യം പറയുമ്പോ എന്തൊരു സിമ്പതി… മരുമോനിവിടെ നിക്കറു കീറി നിക്കുന്നത് കണ്ടിട്ട് തള്ളയ്ക്കൊരു കുലുക്കോമില്ല…
ഇച്ചായാ…. ഓവറാകുന്നുണ്ട് കേട്ടോ…
നീ പോടീ… എനിക്കു പറയാനുള്ളത് ഞാന്‍ പറയും… ആരുടെ മുഖത്തു നോക്കി വേണമെങ്കിലും പറയും…
എന്നാ ഒണ്ടേലും നമുക്കകത്തിരുന്നു പറയാവല്ലോ… എന്തിനാ ഈ പൊറത്തു നിന്ന് പറയുന്നേ.. ചുറ്റും അസൂയക്കാരാ… മരുമോനു വെശക്കുന്നില്ലേ ? കേറി വാ അമ്മായി അപ്പം ചുട്ടു തരാം…
പൊന്നമ്മായീ… ഞാനിവിടെ കച്ചോടം പൊട്ടി, വട്ടായി നിക്കുവാ… വെറുതെ എന്റെ വായീന്നു കേക്കരുത്…
ഇച്ചായാ ഒന്നു പതുക്കെ… ദേ ആ പോകുന്ന വെള്ളസാരിയുടുത്ത പെമ്പ്രന്നോരു കേട്ടാല്‍ നാടു മുഴുവന്‍ പറഞ്ഞു നാറ്റിക്കും..എന്നാ വെഷവാണെന്ന് അറിയാവോ ?
അത് ശരി… കഴിഞ്ഞ തവണ വരുമ്പം അവരും അമ്മായീം കൂടി ആ തിണ്ണേലിരുന്ന് കൊത്തങ്കല്ലു കളിക്കുവാരുന്നല്ലോ..
ഒന്നും പറയണ്ട മരുമോനേ… അവര്‍ കൂട്ടുവെട്ടി പെട്ടീമെടുത്ത് പോയി..ഒരു കച്ചോടമാകുമ്പം ഒന്നിച്ചു നിക്കണ്ടേ…?
അതു തന്നെയാ അമ്മായീ ഞാനും ചോദിക്കുന്നേ ? ഒരു കച്ചോടമാകുമ്പോ ഒന്നിച്ചു നിക്കണ്ടേ ? മരുമോനിട്ട് എന്നാ പണി കിട്ടിയാലും വേണ്ടില്ല.. കമ്മീഷന് കിട്ടിയാ മതി എന്നതാണല്ലോ ഇവിടെ ചെലരടെ…. എന്നെക്കൊണ്ടൊന്നും പറയിക്കരുത്…
മരുമോനാരെയാ ഉദ്ദേശിച്ചത് ? മോഹനങ്കിളിനെയാ ? മോഹനങ്കിള്‍ നമുക്കൊരു മാനേജര്‍ മാത്രമല്ല… അച്ചായന് പോയേപ്പിന്നെ ഈ കുടുംബത്തിനു വേണ്ടി അങ്ങേര് സഹിച്ചിട്ടൊള്ള ത്യാഗത്തിനു കയ്യും കണക്കുമില്ല…ബാങ്ക് മാനേജരായിരുന്ന കാലം മൊതല്ക്കുള്ള ബന്ധവാ…അന്ന് എസ്റ്റേറ്റിന്റെ ആവശ്യത്തിനു വേണ്ടി അച്ചായനും ഞാനും കൂടി ബാങ്കില്‍ ലോണിനു ചെന്നപ്പോള്‍ മോഹനങ്കിള്‍ അവിടെ മാനേജര്‍….
പിന്നേം ഫ്ലാഷ് ബാക്ക്…
ഓ!.. ഞാനൊന്നും പറയുന്നില്ല…മരുമോനിപ്പോ എന്നതാ വേണ്ടത് ?
മോഹനങ്കിളിനെ വിളിക്കണം… ഈ എസ്റ്റേറ്റ് ആരാ ഭരിക്കുന്നതെന്ന് എനിക്കിപ്പോ അറിയണം… ആരുടെ ഇഷ്ടങ്ങളാണ് ഇവിടെ നടക്കുന്നത് ? ആരാണിവിടെ കാര്യകര്‍ത്താക്കള്‍ ?
ഈ ഡയലോഗ് എവിടെയോ കേട്ടതുപോലെ…
ചുമ്മാ ഇരീടി…
മരുമോനെ… എസ്റ്റേറ്റ് നിയമപ്രകാരം തൊഴിലാളികളുടേതാണ്… നമ്മള് അതിന്റെ നോക്കിനടത്തിപ്പുകാര് മാത്രമാണ്…ഇത് മൊത്തത്തോടെ വിറ്റ് തിരിച്ചു പോണമെന്നു തന്നെയാണ് എന്റേം ആഗ്രഹം… പക്ഷേ ഇത് വിക്കാന്‍ പറ്റത്തില്ല… അപ്പോ പിന്നെ തൊഴിലാളികളെ ഓടിക്കുക എന്നതു മാത്രമേ ചെയ്യാന്‍ പറ്റൂ… അതിനു വേണ്ടിയാണ് ഈ ഭരണപരിഷ്കാരങ്ങളൊക്കെ നടപ്പാക്കുന്നത്…തോട്ടത്തില്‍ കൃഷിയിറക്കാനാണെന്നു പറഞ്ഞു നമ്മള് കൊണ്ടുവരുന്നവര്‍ക്ക് നമ്മള് ശരിക്കും ഈ തോട്ടം വില്‍ക്കുകയാണ് ചെയ്യുന്നത്..അത് രഹസ്യമാണെന്നു മാത്രം..
എന്തു രഹസ്യം ? തോട്ടം അമ്മായീം മോഹനങ്കിളും കൂടി വിറ്റോണ്ടിരിക്കുവാണെന്ന് തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം അറിയാം… തൊഴിലാളികളുടെ ആലേടെ അടുത്ത് ഗോബര്‍ ഗ്യാസ് പ്ലാന്റ് പണിതത് എന്തിനാണെന്നും എനിക്കറിയാം…
മരുമോന് ചുമ്മായിരി… പ്ലാന്റ് സ്ഥാപിച്ചത് തൊഴിലാളികള്‍ക്കെല്ലാം കറന്റ് കൊടുക്കനാണെന്നേ പറയാവൂ…കച്ചോടം നടന്നാ അതിന്റെ ഗുണം എല്ലാര്ക്കും കിട്ടും…
ആയിക്കോട്ടെ, എനിക്കെതിര്‍പ്പില്ല… ഒരു തുണ്ട് ഭൂമിപോലുമില്ലാതെ ഞാന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തി കാശുണ്ടാക്കിയതിനെതിരേ അരിവാളതുമിതും പറയുന്നത് അവസാനിപ്പിക്കണം… ബനാന എസ്റ്റേറ്റില്‍ മാംഗോ കൃഷിയാണെന്ന് ഫേസ്ബുക്കിലിട്ടതിന് എന്നെ കൊല്ലാന്‍ വന്നു…
ഇച്ചായനവസാനം ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നു അറിയാവോ ?
ഫേസ്ബുക്ക് അല്ലെങ്കിലും പൂട്ടാന്‍ പോവാണെന്ന് ഈയിടെ പത്രത്തില്‍ വായിച്ചാരുന്നല്ലോ…
ഉണ്ടയാണ്… ഇന്നലെ അതില്‍ 100 കോടി ആളുകള്‍ തികഞ്ഞതേയുള്ളൂ…
മരുമോനടങ്ങ്… ഇപ്പോ നമ്മടെ സമയം മോശമാ…അങ്ങനെ വിചാരിക്ക്.. എല്ലാം ശരിയാകും… മോന് കച്ചോടത്തില് പോയതിന്റെ പത്തിരട്ടി അമ്മായി ഈ എസ്റ്റേറ്റ് വിറ്റിട്ടുണ്ടാക്കി തരും…
ഒറപ്പാണോ?
അതേന്നേ… അമ്മായി പറഞ്ഞാ പറഞ്ഞതാ… ഇത് നമ്മള് വില്‍ക്കും… ഇതിലെ കല്ലും മണ്ണും മരങ്ങളുമെല്ലാം വിറ്റു കാശാക്കും…അതുവരെ നമ്മള് തൊഴിലാളികളുടെ സംരക്ഷകരായിട്ട് നില്‍ക്കണം…എന്നിട്ട് അവരെയെല്ലാം ഈ മണ്ണില്‍ തന്നെ കുഴിച്ചു മൂടണം…
ഒക്കെ നടക്കുവോ ആവോ ?
നടക്കും മരുമോനേ… അമ്മായിയല്ലേ പറയുന്നത്…
ങൂം… അളിയനെറങ്ങി വന്നില്ലല്ലോ…മിസ്റ്റര്‍ ബീന്‍ കഴിഞ്ഞില്ലേ ?
ഓ അവനെ നോക്കണ്ട… ഇപ്പോ ഡോറിമോന്‍ തൊടങ്ങും… അതവന് പ്രാന്താ…
എന്നാപ്പിന്നെ അപ്പം തിന്നിട്ടു പോകാം… എന്നതാ വെള്ളയപ്പവാണോ ?
അല്ല കള്ളപ്പം..
കട്ടന്‍കാപ്പീം വേണം…
മരുമോനു ഞാന്‍ ഹോര്ലിക്സാ തരാന്‍ പോന്നേ.. നോക്കി നിക്കാതെ അടുക്കളേലോട്ടു ചെല്ലു പെണ്ണേ…ഹൊ, അവളു മുടീം ബോബ് ചെയ്ത് സുന്ദരിക്കോതയായിട്ടങ്ങു നിന്നോളും… പോയി കറിയൊണ്ടാക്കെടീ…
അപ്പം അമ്മായി ചുട്ടാ മതി… അവള്‍ടേതു ഞാന്‍ തിന്നു മടുത്തു കെടക്കുന്നതാ…
ശരി മരുമോനേ…
ശരി…
(കര്ട്ടന്)