ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ എംഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയും കലാകാരിയുമായ അരുന്ധതിയുടെ സമരാനുഭവം....
സദാചാരത്തിനടിയില്‍ ചാരം മൂടി കിടക്കുന്ന സ്ത്രീയുടെ അസ്തിത്വത്തെ പുറത്തുകൊണ്ടു വരികയാണ് ആത്യന്തികമായി ചുംബന സമരം.
സദാചാരം എന്ന വാക്കിനു സദ്ജനങ്ങളുടെ ആചാരം എന്നാണര്‍ഥം. ആരാണ് സദ്ജനങ്ങള്‍? ധാര്‍മിക മൂല്യങ്ങള്‍ക്കനുസൃതമായി ജീവിക്കുന്നവര്‍. അപ്പോള്‍ ആരാണ് സദാചാര വിരുദ്ധര്‍? അഴിമതി, അക്രമം, ചൂഷണം, പീഡനം ഇവയൊക്കെ നടത്തുന്നവര്‍. എന്നാല്‍ കേരളീയരില്‍ ചിലര്‍ക്ക് സദാചാര വിരുദ്ധര്‍ പരസ്യമായി ചുംബിക്കുന്നവര്‍ മാത്രമാണ്. ശരീരാധിഷ്ഠിതമായ ഒന്നായി സദാചാരത്തെ ചുരുക്കുന്നതില്‍ എല്ലാ മതങ്ങളും വിജയിച്ചിരിക്കുന്നു.
സ്ത്രീ കാല്‍ അകത്തി ഇരിക്കുന്നതും ഉറക്കെ ചിരിക്കുന്നതും രതിയെക്കുറിച്ച് സംസാരിക്കുന്നതും അശ്ലീലമായി കരുതുന്ന ഈ സമൂഹത്തിലാണ് പൊതു ഇടത്തില്‍ പരസ്യമായി ചുംബിച്ചുകൊണ്ട് സ്ത്രീകള്‍ സാംസ്കാരകാഘാതമേല്‍പ്പിക്കുന്നത്!
മലയാളിയുടെ സദാചാര യുക്തിക്ക് ഇത് താങ്ങാനാവാത്തതുകൊണ്ടാണ് ഞാനടക്കമുള്ള സ്ത്രീകളെ വ്യക്തിഹത്യ ചെയ്തു പിന്തിരിപ്പിക്കാന്‍ അവര്‍ തീവ്രമായി യത്നിക്കുന്നത്. മതം മറന്ന് വര്‍ഗീയ ശക്തികള്‍ സമരത്തിനെതിരായി കൈ കോര്‍ത്തതും മറ്റൊന്നുകൊണ്ടല്ല.
യുവമോര്‍ച്ചയ്ക്കും സമാനസംഘടനകള്‍ക്കും പൊതുവായുള്ളതും ഇതേ സ്ത്രീ വിരുദ്ധതയാണ്. സംസ്കാരം, പൈതൃകം തുടങ്ങിയ ക്ലീഷേകള്‍ ഉപയോഗിച്ചാണ് അവരിത് നടപ്പിലാക്കുന്നത്.
സൃഷ്ടി കാരണമായ ലിംഗവും യോനിയും ആരാധിച്ച പൈതൃകമുള്ള നാടാണിത്. ഇന്ത്യന്‍ സംസ്കാരത്തില്‍ ശരീരത്തെ അടയാളപ്പെടുത്തുന്നത് അറിയാന്‍ ഖജുരാഹോയിലേക്ക് പോവണമെന്നില്ല, ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോയാല്‍ മതി, സംഘകാലത്തെ സാഹിത്യം വായിച്ചാല്‍ മതി. പക്ഷെ ഇവ മാത്രമാണ് ഇന്ത്യന്‍ സംസ്കാരം എന്ന് വാദിക്കുന്നില്ല. ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളുള്ള ഒരു നാട്ടില്‍ ബഹുസ്വരത സംസ്കാരത്തിലുമുണ്ട്. അപ്പോള്‍ ആരുടെ സംസ്കാരത്തെയാണ് വലതുപക്ഷ വര്‍ഗീയവാദികള്‍ ഉയര്‍ത്തിക്കാണിക്കുന്നത്?
മോഡിയുടെ വരവിനുശേഷം സംസ്കാര സംരക്ഷകരായി സ്വയം അവരോധിതരായ ഇവര്‍ക്ക് തങ്ങളുടെ സംസ്കാരം മാത്രമാണ് ശരി എന്ന് ശഠിക്കാനും മറ്റുള്ളവര്‍ക്കുമേല്‍ അത് അടിച്ചേല്‍പ്പിക്കാനും ഒരു ജനാധിപത്യ സമൂഹത്തില്‍ ആരാണ് അധികാരം നല്‍കുന്നത്? ഈ സാംസ്കാരിക അധിനിവേശത്തെ ചോദ്യം ചെയ്യുന്നിടത്താണ് ചുംബന സമരം ഫാഷിസത്തിനെതിരായ പ്രതിഷേധമാവുന്നത്. നവംബര്‍ 2ന് മെഴുകുതിരി ജാഥ നടത്താനായിരുന്നു തീരുമാനമെങ്കില്‍ അതൊരിക്കലും ഹൈദരാബാദ് സര്‍വകലാശാല പോലെയുള്ള ഒരു അക്കാദമിക് െുമരല ല്‍ ചര്ച്ചയാകില്ലായിരുന്നു.
നൂതനമായ സമരശൈലിയുംസമരം മുന്നോട്ട് വയ്ക്കുന്ന ശരീരത്തിന്റെ രാഷ്ട്രീയവും ഞങ്ങളെ വല്ലാതെ ആകര്‍ഷിച്ചു. Moral policing എന്നത് ഇന്ത്യയൊട്ടാകെ നേരിടുന്ന പ്രശ്നമായതിനാല്‍ ഒരു കേന്ദ്രസര്‍വകലാശാലയില്‍ ഈ സമരം ചര്‍ച്ച ചെയ്യ പ്പെടേണ്ടതാണെന്നു തോന്നി. പ്രിയ വിനോദ്, വൈഖരി, അഭിരാമി, ഞാന്‍. ഞങ്ങള്‍ നാല് പെണ്ണുങ്ങള്‍ ചേര്‍ന്ന് ഫേസ്ബുക്കില്‍ ഒരു event ഉണ്ടാക്കി. UOH against moral policing എന്ന പേരില്‍.
നവംബര്‍ 2 വൈകുന്നേരം ചുംബന സമരത്തിന്റെ പശ്ചാത്തലത്തില്‍ സദാചാര വാദി ആക്രമണങ്ങളെക്കുറിച്ച് ഒരു ചര്‍ച്ചയായിരുന്നു പരിപാടി. ഞങ്ങളുടെ ആശയങ്ങള്‍ ഇഷ്ടമായതുകൊണ്ട് S F I പിന്തുണ പ്രഖ്യാപിച്ചു. അധ്യാപകരും വിദ്യാര്‍ഥികളുമായി 350ലധികം ആളുകള്‍ ഒത്തുകൂടിയ ആ ഇടത്തിലേക്ക് പെട്ടെന്നാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ഒരു കൂട്ടം ABVP, യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയത്. ഭാരത സംസ്കാരത്തെപ്പറ്റിയുള്ള പതിവ് സംഘി വാചകങ്ങള്‍ തന്നെയായിരുന്നു അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞത്.
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനെത്തിയ പൊലീസും സമാധാനപരമായി സംഘടിച്ച ഞങ്ങള്‍ക്കെതിരെ തിരിഞ്ഞതോടെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിന് കൊച്ചിയിലെ വഴി തെരഞ്ഞെടുത്തു. പരസ്പരം കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും അവര്‍ സദാചാരത്തിന്റെ വായടച്ചു. അക്കാദമിക്സില്‍ എങ്ങനെയാണ് ഒരു ഫാസിസ്റ്റ് ഭരണകൂടം അപകടകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു പിന്നീട് നടന്ന സംഭവങ്ങള്‍.
ക്യാമ്പസിനുള്ളില്‍ അതിക്രമിച്ചുകടന്ന വര്‍ഗീയവാദികള്‍ക്കെതിരെ നടപടിയെടുക്കാതെ ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ സ്വന്തം സര്‍വകലാശാലതന്നെ പൊലീസില്‍ പരാതി നല്‍കി. കേന്ദ്രത്തിന്റെ നയങ്ങള്‍ അപ്പാടെ പിന്തുടരുന്ന കേന്ദ്ര സര്‍വകലാശാല കാരണം ഐപിസി 294 വകുപ്പിന് കീഴില്‍ പൊലീസ് കേസ് നേരിടുകയാണ് ഞങ്ങള്‍.
കേസിനെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. പക്ഷേ ചിന്തകള്‍ക്ക് വിലങ്ങു വയ്ക്കുന്ന വിദ്യാ ഭ്യാസകേന്ദ്രങ്ങളില്‍ ചെറുപ്പ ത്തിന്റെ ഭാവി തീര്‍ച്ചയായും ഭയപ്പെടുത്തുന്നു.
മോഡിക്ക് കീഴില്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ രക്ഷിതാക്കള്‍ ചമഞ്ഞു ഫത്വ പുറപ്പെടുവിക്കാന്‍ സദാചാര വാദികളുടെ മത്സരമാണ്. സര്‍വകലാശാലാ അധികൃതരില്‍ നിന്നും കിട്ടി അത്തരമൊന്ന്!. സ്ത്രീ സ്വാതന്ത്ര്യം പീഡനത്തിലേക്ക് നയിക്കുന്നു, അതിനാല്‍ അത് നിരോധിക്കപ്പെടേണ്ടതാകുന്നു ഇതാണ് ഉള്ളടക്കം. വിദ്യാഭാസ വിചക്ഷണര്‍ ഇങ്ങനെ ചിന്തിച്ചാല്‍ പ്രാകൃത സമൂഹത്തിലേക്ക് എളുപ്പം മടങ്ങാനാവും.
മാധ്യമ സദാചാരത്തെക്കുറിച്ച് പറയാതെ തരമില്ല. കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ ഹോട്ടലിലേക്ക് ഒളി ക്യാമറ വെച്ച ജയ്ഹിന്ദ് ചാനലിന്റെ സദാചാര മൂല്യങ്ങളെ മറ്റുള്ളവരും പിന്തുടരുന്നതാണ് കണ്ടത്. രണ്ട് മണിക്കൂര്‍ ഞങ്ങള്‍ നടത്തിയ ചര്‍ച്ച കാണാതാവുകയും ഞങ്ങളുടെ ലിപ്സ്റ്റിക് തേച്ച ചുവന്ന ചുണ്ടുകള്‍ പുതിയ ചര്‍ച്ചയാവുകയും ചെയ്തു.
തെലുങ്കെന്നോ മലയാളമെന്നോ വ്യത്യാസമില്ലാതെ മാധ്യമങ്ങള്‍ ആ ചിത്രങ്ങള്‍ ആഘോഷിച്ചു. എന്റെ ചുംബന ചിത്രങ്ങള്‍ മലയാളികള്‍ക്ക് മുമ്പിലെത്തുന്നതും അങ്ങനെയാണ്. കച്ചവട സാധ്യത കൊണ്ടും നടികളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനുള്ള മലയാളിയുടെ പ്രത്യേക താല്‍പര്യംകൊണ്ടും ഒരു ചിത്രത്തില്‍ മാത്രം അഭിനയിച്ച എന്നെ നടി അരുന്ധതി ആക്കി മാധ്യമങ്ങള്‍ മാര്‍ക്കറ്റ് ചെയ്തു. വാട്സാപിലുംഫേസ്ബുക്കിലും ആയിരങ്ങള്‍ അവ ഷെയര്‍ചെയ്തു. വേശ്യയെന്നു വിളിച്ചു. എനിക്ക് കൂസലില്ലെന്നു കണ്ടപ്പോള്‍ ആരുടെയോ നഗ്ന ചിത്രങ്ങള്‍ എന്റേതാക്കി പ്രചരിപ്പിച്ചു.
ഭാരതീയ സംസ്കാരത്തിന്റെ വക്താക്കളായ ഇവര്‍ പറഞ്ഞതും ചെയ്തതും ആണല്ലോ സദാചാരം. എന്നെ ചുംബിച്ച ആണ്‍ സുഹൃത്തുക്കളെയെല്ലാം ആക്രമിക്കാതെ വിട്ട ഇവര്‍ സദാചാരം സ്ത്രീവിരുദ്ധമാണെന്ന് വീണ്ടും തെളിയിച്ചു. ചുംബന സമരത്തെ ഒരു ന്യൂനപക്ഷത്തിന്റെ മാത്രം സമരമായി കാണുന്നവരോട്: മാറ്റങ്ങള്‍ ഉണ്ടാവുക എല്ലായ്പ്പോഴും ഒരു ചെറിയ ആള്‍ക്കൂട്ടത്തില്‍ നിന്നാണ്.
നവംബര്‍ 2ന് പെണ്‍കുട്ടി മറൈന്‍ ഡ്രൈവില്‍ പോയിരുന്നില്ല എന്നുറപ്പുവരുത്തിയ ശേഷം കല്യാണം നടത്താനിടയുള്ള കേരളത്തില്‍ ധൈര്യമായി മുന്നോട്ടുവരാന്‍ ബുദ്ധിമുട്ടുള്ള നിരവധി സ്ത്രീകളുണ്ട്. പക്ഷെ അവരുടെ നിശബ്ദമായ പിന്തുണയാണ് ഈ സമരത്തിന്റെ ശക്തി. സമരത്തിന്റെ ലിംഗ രാഷ്ട്രീയം ഏറ്റെടുത്ത ചെറുപ്പക്കാര്‍ കൊച്ചിയും ഹൈദരാബാദും പിന്നിട്ട് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും പടര്‍ത്തിക്കഴിഞ്ഞു.
പൊതുമുതല്‍ നശിപ്പിക്കാതെ, ജനജീവിതം സ്തംഭിപ്പിക്കാതെ, ആരെയും ആക്രമിക്കാതെ തികച്ചും അഹിംസാത്മകമായ ഈ സമര രീതി ഒരു സാമൂഹിക വിപ്ലവത്തിന്റെ തുടക്കമാണ്.
പുരോഗമനാത്മകമായ മാറ്റങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന പിണറായി വിജയനെയും എം ബി രാജേഷിനെയും കോണ്‍ഗ്രസിന്റെ മുരടന്‍ നയത്തെ പരസ്യമായി പരിഹസിച്ച വി ടി ബല്‍റാമിനെയും പോലെയുള്ള നേതാക്കളുടെ നിലപാടുകള്‍ പ്രതീക്ഷ പകരുന്നു.
ഒരു കാര്യം ഉറപ്പാണ്, വര്‍ഗീയ വാദികളുടേയും ഫാസിസ്റ്റ് ഭീകരരുടെയും വായടപ്പിക്കുക തന്നെ ചെയ്യും ഈ ചുംബനങ്ങള്‍