ചാത്തന്നൂര്‍: അത്യപൂര്‍വമായ ഊതുമര ത്തിന്റെ പരിപാലകനായി ഒരു കര്ഷകന്.
പരവൂര്‍ തെക്കുംഭാഗം വടക്കേഭാഗം ഹൗസില്‍ നിസാറിന്റെ വീട്ടുവളപ്പിലാണ് ഊതുമരം ആരോഗ്യത്തോടെ വളരുന്നത്.
കേരളത്തില്‍ അപൂര്‍വമാണ് ഊതു മരമെന്ന് നിസാര്‍ പറഞ്ഞു.
ഇംഗ്ലീഷില്‍ അഗര്‍വുഡ് എന്നും ചൈനയില്‍ അലോയീസ് വുഡ് എന്നും അറിയപ്പെടുന്ന ഊതുമരത്തിന്റെ നൂറുഗ്രാം കഷണത്തിന് 30,000 മുതല്‍ 40,000 രൂപവരെയാണ് വില.
നിസാറിന്റെ തെക്കുംഭാഗത്തെ കൃഷിയിടത്തില്‍ വളരുന്ന രണ്ട് ഊതുമരങ്ങള്‍ക്കുമായി ഒരുകോടിയില്‍പ്പരം രൂപ വിലവരും. ഊതുമരം ഉഷ്ണകാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് വളരുന്നത്. വിളഞ്ഞ മരത്തില്‍നിന്നു ലഭിക്കുന്ന കായ് നട്ടുവളര്‍ത്തണം. ഒമ്പതുവര്‍ഷം കഴിയുമ്പോള്‍ മരത്തിനു ശിഖരങ്ങള്‍ ഉണ്ടാകും. ഏകദേശം 15 മീറര്‍ ഉയരം വയ്ക്കേുമ്പോഴേക്കും മരത്തിന്റെ ചുവട്ടിലെ പുറംതൊലി ചെത്തിനോക്കിയാണ് തടിയുടെ ഗുണനിലവാരം അളക്കുന്നത്. മഞ്ഞനിറത്തിലെ തടിയേക്കാള്‍ മൂന്നിരട്ടി വില കറുത്ത തടിക്കു ലഭിക്കും. തടിയുടെ ചീള് കത്തിച്ചാല്‍ അത്തറിന്റെ സുഗന്ധമുണ്ടാകും.
പത്തുവര്‍ഷം പ്രായമായ തടിയില്‍ ഒരിനം വണ്ട് തുളച്ചുകയറി മുട്ടയിടുന്നതോടെ അകം കറുത്തനിറമാകും. മരം തുരന്ന് മരുന്നു നിറച്ച് കൃത്രിമമായി തടി കറുപ്പിക്കുന്ന രീതികളുണ്ട്.
തടി വാറ്റി അത്തര്‍ ഉണ്ടാക്കുന്ന മൂന്നു ഫാക്ടറി ഇന്ത്യയിലുണ്ട്.
മരത്തിന്റെ തടി കറുക്കുന്നതോടെ ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കി ആവശ്യക്കാരെ കണ്ടെത്തും.
കറുത്ത കാതലുള്ള മരത്തിന് 85 ലക്ഷം മുതല്‍ ഒരുകോടി വരെ വില ലഭിക്കും.
സാധാരണ 12 വര്‍ഷംകൊണ്ട് ഊതുമരം പൂര്‍ണ വളര്‍ച്ചയെത്തുമെന്ന് എന്‍ജിനിയര്‍ കൂടിയായ നിസാര്‍ പറഞ്ഞു.
അപൂര്‍വമായ സുമോ ചീനിയും നിസാറിന്റെ കൃഷിയിടത്തില്‍ വളരുന്നു. ബംഗളൂരുവില്‍നിന്നാണ് സുമോ ചീനിക്കമ്പ് കൊണ്ടുവന്നത്. ഇപ്പോള്‍ സുമോ ചീനിക്കമ്പും വില്‍പ്പനയുമുണ്ട്.
കഴിഞ്ഞ വിളവെടുപ്പില്‍ 150 കിലോ ചീനി ഒരുമൂട്ടില്‍നിന്നു ലഭിച്ചു. വ്യത്യസ്ത കൃഷിരീതികളിലൂടെ മികച്ച വരുമാനം ഉണ്ടാക്കി നിസാര്‍ ശ്രദ്ധ നേടുന്നു.