നക്ഷത്രങ്ങള്‍ മണ്ണിലിറങ്ങി; ഉത്സവമായി ഏഷ്യാനെറ്റ് അവാര്ഡ് നിശ
അബുദാബി: അതൊരു അവിസ്മരണീയമായ കാഴ്ചയായിരുന്നു. ഇന്ത്യന്‍ സിനിമാലോകത്തെ രാജകുമാരന്‍ ഷാരൂഖ്ഖാന്‍ മലയാളത്തിന്റെ റിമി ടോമിയെ വാരിയെടുത്ത് നൃത്തംചെയ്ത കാഴ്ച. അവര്‍ക്കൊപ്പം നൃത്തംചെയ്യാന്‍ ബോളിവുഡിലെയും കേരളത്തിലെയും താരസുന്ദരികളെല്ലാം അണിനിരന്നു. ജയപ്രദ, അസിന്‍, വിദ്യാബാലന്‍, അര്‍ച്ചന കവി, മനീഷ ലംബ, ദിവ്യാഉണ്ണി, വിദ്യാഉണ്ണി, കാവ്യാമാധവന്‍, റിമാ കല്ലിങ്ങല്‍, റോമ, ഭാമ, ഭാവന, സംവൃതാ സുനില്‍ തുടങ്ങിയവരെല്ലാം സ്റ്റേജില്‍ നിറഞ്ഞപ്പോള്‍ ദുബായില്‍ ആയിരങ്ങള്‍ ഹര്‍ഷാരവം മുഴക്കി.
ദുബായ് നഗരം ഇന്നേവരെ കണ്ടിട്ടില്ലാത്ത പൂരക്കാഴ്ചയായിരുന്നു ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ ഏഷ്യാനെറ്റ് ഒരുക്കിയത്. ഉജാല-ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിന് മമ്മൂട്ടിയും മോഹന്‍ലാലും ധനുഷും മാധവനും ജയറാമും ദിലീപും സിദ്ദിഖും കുഞ്ചാക്കോ ബോബനും നെടുമുടിവേണുവും ജഗതിശ്രീകുമാറും ഇന്നസെന്റും ഒ.എന്‍.വി. കുറുപ്പും രഞ്ജിത്തും ബ്ലെസിയും എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ അതൊരു അപൂര്‍വ കാഴ്ചയായി.
ഷാരൂഖ് ഖാന്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം ഫെസ്റ്റിവല്‍ സിറ്റിയിലെ 15,000 വരുന്ന പ്രേക്ഷകര്‍ക്ക് വിസ്മയക്കാഴ്ചയായി. ഷാരൂഖ് ഖാന്റെ സാന്നിധ്യവും നൃത്തച്ചുവടുകളും സംഭാഷണങ്ങളും തന്നെയാണ് ഏഷ്യാനെറ്റ് അവാര്‍ഡിനെ അവിസ്മരണീയമാക്കിയത്. മില്ലെനിയം സ്റ്റാര്‍ ബഹുമതി നല്‍കിയാണ് ഏഷ്യാനെറ്റ് ഷാരൂഖ് ഖാനെ ആദരിച്ചത്. ഏഷ്യാനെറ്റ് എം.ഡി. മാധവനും മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് ഷാരൂഖ് ഖാന് പുരസ്‌കാരം സമ്മാനിച്ചു.
ജഗദീഷ്, ജഗതി, കെ.പി.എ.സി. ലളിത, സുരാജ് വെഞ്ഞാറമ്മൂട്, മണിയന്‍പിള്ള രാജു, ടിനി ടോം, കല്പന, രമേഷ് പിഷാരടി തുടങ്ങിയവരുടെ നൂതന ഹാസ്യാവിഷ്‌കാരം കാണികളെ പൊട്ടിച്ചിരിപ്പിച്ചു. ശ്രേയാ ഘോഷാലിന്റെയും ധനുഷിന്റെയും ഹരിഹരന്റെയും ഗാനങ്ങള്‍ കാതുകള്‍ക്ക് ഇമ്പമേകി. രഞ്ജിനി ഹരിദാസിന്റെ അവതരണം ഏഷ്യാനെറ്റ് അവാര്‍ഡിനെ ആകര്‍ഷകമാക്കി. പ്രൗഢഗംഭീരമായ ചടങ്ങില്‍ 'പ്രണയം' എന്ന മലയാളസിനിമ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി. മികച്ച ചിത്രം, മികച്ച നടന്‍ (മോഹന്‍ലാല്‍), മികച്ച ഗാനം (ഒ.എന്‍.വി.), മികച്ച ആലാപനം (ഹരിഹരന്‍) തുടങ്ങിയവയെല്ലാം 'പ്രണയം' സ്വന്തമാക്കി. പ്രണയത്തിലെ അഭിനയത്തിന് ജയപ്രദ സ്‌പെഷല്‍ ജൂറി അവാര്‍ഡിനും അര്‍ഹയായി.
കാവ്യാമാധവന്‍ മികച്ച നടി (ഗദ്ദാമ), രഞ്ജിത്ത് മികച്ച സംവിധായകന്‍ (ഇന്ത്യന്‍ റുപ്പീ), ശ്രേയാ ഘോഷാല്‍ (മികച്ച പിന്നണി ഗായിക), കുഞ്ചാക്കോ ബോബന്‍ (യുവതാരം), വിദ്യാബാലന്‍ (ഏഷ്യാനെറ്റ് സുവര്‍ണതാരം), അസിന്‍ (ബോളിവുഡില്‍ മികച്ച പ്രകടനം), സിദ്ദിഖ് (വില്ലന്‍ കഥാപാത്രം), താരജോഡികളായി (ആസിഫ്അലി-മൈഥിലി), ഇന്നസെന്റ്, കെ.പി.എ.സി. ലളിത, സംവൃതാ സുനില്‍, സലിംകുമാര്‍, ജയറാം, പദ്മനാഭന്‍ (ബാലതാരം) തുടങ്ങിയവര്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചു.
മലയാള സിനിമയിലെ പ്രശസ്തനായ നടന്‍ ഭരത് മമ്മൂട്ടിയെ കള്‍ച്ചറല്‍ ഐക്കണ്‍ ഓഫ് കേരളയായി തിരഞ്ഞെടുത്തു. ദുബായിലെ മലയാളികളുടെ സന്തോഷവും ആഹ്ലാദവും അനുഭവിച്ചറിഞ്ഞ കലാകാരന്മാര്‍ക്ക് മലയാളസിനിമാ വ്യവസായം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗള്‍ഫില്‍പ്പോലും വളര്‍ച്ചയിലാണെന്ന കരുത്തു നല്‍കുന്ന ഒരു പുതുദിനപ്പിറവിയുടെ രാവായി ഉജാല-ഏഷ്യാനെറ്റ് അവാര്‍ഡ് രാവ്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net