ദരിയാഗഞ്ജിലെ പഴയപുസ്തകങ്ങള്‍
പി.കെ.രാജശേഖരന്‍
പഴയപുസ്തകങ്ങള്‍ വില്‍ക്കുന്ന ഇടങ്ങള്‍ക്ക് ഒരു തരം വശ്യതയുണ്ട്. മടുപ്പിക്കുമെങ്കിലും തിരിച്ചുചെല്ലാന്‍ പ്രേരിപ്പിക്കുന്ന പ്രലോഭനീയത്വം. വിലക്കുറവിന്റെ ആകര്‍ഷണം മാത്രമല്ല, അപ്രതീക്ഷിതങ്ങളെയും അജ്ഞാതങ്ങളെയും കുറിച്ചുള്ള തൃഷ്ണയുമുണ്ട് അവിടേക്കു പതിവായിപ്പോകുന്നവരില്‍. നിധികിട്ടാനുള്ള കുട്ടികളുടെ രഹസ്യമോഹം പോലെ. പഴയ പുസ്തകങ്ങള്‍ അഥവാ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങള്‍ തേടി ഗൂഢമോഹങ്ങളോടെ ഞാന്‍ ചെന്നിട്ടുള്ള പല ചന്തകളില്‍ വശീകരണതിലകം ചാര്‍ത്തി നിന്നത് പഴയ ദല്‍ഹിയിലെ ദരിയാഗഞ്ജാണ്.
മുഗളപാരമ്പര്യമുള്ള പഴയ ദില്ലിയും ആധുനിക ദില്ലിയും മുഖാമുഖം നില്‍ക്കുന്ന ദരിയാഗഞ്ജിലെ കിത്താബ് ബാസാര്‍ എന്ന പുസ്തകങ്ങളുടെ തെരുവുചന്തയില്‍ നിന്നുള്ള ഓരോ മടക്കയാത്രയിലും പുസ്തകഭാരംകൊണ്ട് തോളൊടിഞ്ഞു പോയിട്ടുണ്ട്. കോളുകിട്ടിയ മുക്കുവനെപ്പോലെയാണ് ഞായറാഴ്ചകളില്‍ ദരിയാഗഞ്ജില്‍ നിന്ന് ഉച്ചവെയിലില്‍ പുസ്തകക്കെട്ടുകള്‍ തൂക്കി റിക്ഷയില്‍ ദില്ലിഗേറ്റിനുമുന്നിലൂടെ പ്രഗതി മൈതാന്‍ മെട്രോ സ്‌റ്റേഷനുമുന്നിലിറങ്ങി ഞാന്‍ പട്ടേല്‍ നഗറിലെ വീട്ടിലേക്കുള്ള മെട്രോ പിടിച്ചിരുന്നത്.
ഏതു പഴയപുസ്തകച്ചന്തയും പുസ്തകപ്രേമിയെ സന്തോഷസന്താപങ്ങള്‍ക്കിടയില്‍ വിഷമിക്കാന്‍ വിടും. നിരാശയുടെ ദിവസങ്ങളെന്ന പോലെ ആഹ്ലാദത്തിന്റെ ദിവസങ്ങളും. എന്ന് ഏതുണ്ടാവുമെന്നു പ്രവചിക്കാന്‍ വയ്യ. ദരിയാഗഞ്ജും അങ്ങനെയാണ്. ചിലപ്പോള്‍ കൊയ്ത്തുകള്‍. മറ്റുചിലപ്പോള്‍ വരള്‍ച്ച.
ഒരിക്കല്‍, ജെയിംസ് ജോയ്‌സിന്റെ 'യുലീസസി'ന്റെ 1922-ലെ ഒന്നാം പതിപ്പിന്റെ തുകല്‍പ്പുറഞ്ചട്ടയും അരികുകളില്‍ സ്വര്‍ണച്ചായവുമുള്ള ഫാസിമിലി എഡിഷനാണ് കൈയില്‍ വന്നുപെട്ടത്. മുറിഹിന്ദിയിലെ വിലപേശലിന്റെ ഹാസ്യകലാപ്രകടനം അന്ന് ഞാന്‍ ഉപേക്ഷിച്ചു. മറ്റൊരിക്കല്‍ ഫ്രാങ്ക് ബോമിന്റെ ഓസ് നോവലുകളുടെ ('ദ വിസഡ് ഓഫ് ഓസ്' ഓര്‍ക്കുക) പച്ചത്തുകല്‍ച്ചട്ടയും സ്വര്‍ണ അരികുകളുമുള്ള (പുസ്തകശബ്ദകോശത്തിലെ 'ഓള്‍ എന്‍ഡ്‌സ് ഗ്ലിറ്റേഡ്') രണ്ടു വമ്പന്‍ വാല്യങ്ങള്‍. ആ പതിന്നാലും രസികന്‍ നോവലുകളും ഒരുമിച്ച്.... അങ്ങനെ പല കോളുകള്‍. സെര്‍ബിയന്‍/ചെക്ക് നോവലിസ്റ്റായ മിലോറദ് പാവിച്ചിന്റെ 'ഖസാറുകളുടെ നിഘണ്ടു' (Dictionary of Khazars) എന്ന വിസ്മയകരമായ നോവലിന്റെ പലയിടത്തും തിരഞ്ഞിട്ടും കിട്ടാത്ത ആണ്‍പതിപ്പ് (ആ നോവലിന് രണ്ടു പതിപ്പുകളുണ്ട്, നേരിയ വ്യത്യാസമുള്ള ആണ്‍, പെണ്‍ പതിപ്പുകള്‍).
ഡല്‍ഹിയിലെ പത്രപ്രവര്‍ത്തന ജീവിതകാലത്തെ സുഖകരമാക്കിയ ഇടങ്ങളിലൊന്നായിരുന്നു ദരിയാഗഞ്ജിലെ കിത്താബ് ബാസാര്‍ എന്ന പുസ്തകങ്ങളുടെ ഞായറാഴ്ചച്ചന്ത. സാഹിത്യനിരൂപകനും ഡല്‍ഹിയില്‍ കോളേജ് അധ്യാപകനുമായ സുഹൃത്ത് പി.കൃഷ്ണനുണ്ണി (മഹാരാജാസ് കോളേജിലെ ലെജന്‍ഡറിയായൊരു പഴയ പ്രിന്‍സിപ്പല്‍ ഭരതന്‍ സാറിന്റെ മകനും) യാണ് ദരിയാഗഞ്ജിലേക്ക് ആദ്യമായി എന്നെ കൂട്ടിക്കൊണ്ടുപോയത്.
ബഹാദൂര്‍ സഫര്‍ മാര്‍ഗിനും അസഫ് അലി മാര്‍ഗിലെ ഡിലൈറ്റ് സിനിമയ്ക്കുമിടയില്‍ 'എല്‍' ആകൃതിയില്‍ ഒന്നരക്കിലോമീറ്ററോളം നീളുന്നതാണ് കിത്താബ് ബാസാര്‍. കൃത്യമായിപ്പറഞ്ഞാല്‍ രണ്ടു സിനിമാശാലകള്‍ക്കിടയിലാണ് ആ പുസ്തകലോകം, ഗോല്‍ച്ച സിനിമയ്ക്കും ഡിലൈറ്റ് സിനിമയ്ക്കുമിടയില്‍.
പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന ഒട്ടേറെ ഇടങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. തിരുവനന്തപുരത്ത് പണ്ട് കിഴക്കേക്കോട്ടയിലും പിന്നീട് പാളയത്ത് ഫൈനാര്‍ട്‌സ് കോളേജിനുമുന്നിലുള്ള നടപ്പാതയിലും ഇപ്പോള്‍ പബ്ലിക് ലൈബ്രറിക്കടുത്ത് നന്ദാവനം റോഡിലും ചേക്കയുറപ്പിച്ച പഴയ പുസ്തകവില്പന കേന്ദ്രങ്ങള്‍ വളരെപ്പെട്ടെന്ന് നിങ്ങളെ മടുപ്പിക്കും. ചെല്ലുംമുമ്പേ, മര്യാദയില്ലാത്ത വ്യാപാരിപ്പയ്യന്മാര്‍ രവിഡീസിയാണെന്ന ഭാവത്തില്‍ ഏതു പുസ്തകം, ഏതാണു വേണ്ടത് എന്നൊക്കെ മണക്കാട്ടുകാരുടെ ഔദ്ധത്യത്തോടെ ചോദിച്ച് നിങ്ങള്‍ക്കുളളിലെ മുക്കുവനെ ചുഴിയില്‍പ്പെടുത്തും. കോഴിക്കോട്ട് പബ്ലിക് ലൈബ്രറിക്കടുത്തും സ്റ്റേഡിയത്തിനടുത്തുള്ള വണിക്കുകള്‍ സൗമ്യരാണ്. അവരുടെ ശേഖരങ്ങള്‍ക്ക് പുതുക്കമില്ലെന്നേയുള്ളൂ. എന്നുചെന്നാലും ഒരേ പഴഞ്ചരക്ക്. അഭിരുചിഭേദവുമില്ല. വെറും കച്ചവടക്കാരാണവര്‍. കുങ്കുമം ചുമക്കുന്നവര്‍! കൊല്‍ക്കത്തയിലെ പുകഴ്‌പെറ്റ കോളേജ് സ്ട്രീറ്റില്‍ വമ്പന്‍ പഴയപുസ്തകച്ചന്തയുണ്ടെന്ന് ടൂറിസം ഗൈഡുകളും വെബ്‌സൈറ്റുകളും വാചാലമാകും. ചെന്നു നോക്കുമ്പോള്‍ ഒന്നിനും കൊള്ളാത്ത പള്‍പ്പിന്റെ ശേഖരമാണു നിങ്ങളെ എതിരേല്‍ക്കുക. ബംഗാളിഭദ്രലോകിന്റെ മറ്റൊരു പൊങ്ങച്ചം. ഹൈദരാബാദിലും ചെന്നൈയിലുമൊക്കെ ഇങ്ങനെതന്നെയാണ്.
ദരിയാഗഞ്ജ് അങ്ങനെയല്ല. അതൊരു മുഗളോദ്യാനമാണ്. നടപ്പാതയിലും കടവരാന്തകളിലുമായി ഇരുന്നൂറിലേറെ കച്ചവടക്കാര്‍. പുസ്തകങ്ങള്‍ അടുക്കിവച്ചിട്ടുള്ളവരെയും വാരിക്കൂട്ടിയിട്ടിരിക്കുന്നവരെയും നിങ്ങള്‍ക്ക് അവിടെ കാണാം. പഴയതോ പാഠ്യപദ്ധതി മാറിയതിനാല്‍ ഉപേക്ഷിക്കപ്പെട്ടവയോ ആയ പാഠപുസ്തകങ്ങള്‍ (അവയ്ക്കാണ് ആവശ്യക്കാരേറെ), ഏതെടുത്താലും മുപ്പതുരൂപയ്ക്കു പള്‍പ്പ് നോവലുകള്‍, പ്രത്യേകിച്ച് ഇനം തിരിക്കാത്ത നാനാജാതി പുസ്തകങ്ങള്‍, പഴയ ആനുകാലികങ്ങള്‍.... അങ്ങനെ പലതും നിറഞ്ഞ കോലാഹലത്തിനിടയിലെ തിരച്ചിലില്‍ നിന്ന് ദരിയാഗഞ്ജില്‍ നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട, ആഗ്രഹിക്കുന്ന പുസ്തകങ്ങളില്‍ എത്തിച്ചേരും. ആ തിരച്ചിലും കിട്ടുമെന്ന പ്രതീക്ഷയുമില്ലെങ്കില്‍ ആ തെരുവ് വ്യാപാരഗര്‍വുനിറഞ്ഞ ഒരു പുസ്തകശാലപോലെയാകുമായിരുന്നു. പുസ്തകങ്ങള്‍ക്കിടയില്‍ പഴയ നാണയങ്ങളും തപാല്‍കാര്‍ഡുകളും ഉറുദുവിലുള്ള പഴഞ്ചന്‍ മതപുസ്തകങ്ങളുമൊക്കെ വില്‍ക്കുന്നവരെയും നാം കണ്ടുമുട്ടും. വാരിക്കൂട്ടിയിട്ട പുസ്തകങ്ങളില്‍ ചവിട്ടി നിന്നേ (പുസ്തകത്തില്‍ ചവിട്ടിയാല്‍ പത്തുവിരലും ഒരുമിച്ചു കടിക്കണമെന്നതായിരുന്നു ബാല്യശീലം) ചിലയിടത്തു തിരയാനാവൂ.
ഉത്തമം / അധമം എന്ന വിഭജനത്തെപ്പറ്റി ധാരണയുള്ളവരല്ല ദരിയാഗഞ്ജിലെ മിക്ക വ്യാപാരികളും. പുസ്തകത്തിന്റെ നിര്‍മാണനിലവാരവും കടലാസിന്റെ മേനിയും വാങ്ങാന്‍ വരുന്നവരുടെ മുഖഭാവവുമൊക്കെ നോക്കിയാണ് അവര്‍ വിലയിടുന്നത്. ചില പുസ്തകപ്രേമികള്‍ ഇഷ്ടപ്പെട്ടവ അപ്രതീക്ഷിതമായി കാണുമ്പോള്‍ ആവേശത്തോടെ കൈയിലെടുക്കും. ആ ആര്‍ത്തിമതി ദരിയാഗഞ്ജിലെ തെരുവുവണിക്കിന് വില നിശ്ചയിക്കാന്‍. ഫിലിപ്പ് റോത്തിന്റെ നോവലായ 'പ്ലോട്ട് എഗയ്ന്‍സ്റ്റ് അമേരിക്ക' യുടെ പരിശുദ്ധമായ ഒരു ഹാര്‍ഡ് ബൗണ്‍ഡ് ഒന്നാം പതിപ്പ് എനിക്കു കിട്ടിയത് ത്രില്ലറുകളുടെ ഒരു കൂമ്പാരത്തില്‍ നിന്നാണ്, മുപ്പതുരൂപയ്ക്ക്. കവറില്‍ സ്വസ്തികയുടെ ചിഹ്നമുള്ളതുകൊണ്ട് അതൊരു ടോം ക്ലാന്‍സി നിലവാരത്തിലുള്ള ത്രില്ലറാണെന്ന് വ്യാപാരി ഉറപ്പിച്ചിരുന്നു.
പുസ്തകങ്ങളോടു ലമ്പടത്വമില്ലാത്ത ഏതു പുസ്തകപ്രണയിക്കും (വായിക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ലെങ്കില്‍പ്പോലും ശേഖരണത്തിന്റെ ആസക്തിയോടെ പുസ്തകങ്ങള്‍ വിഷയഭേദമില്ലാതെ വാങ്ങിക്കൂട്ടുന്ന (ദുഃ)ശീലത്തിന്റെ പേരാണ് പുസ്തകലമ്പടത്വം. അല്ലെങ്കില്‍ പുസ്തകങ്ങളെല്ലാം വായിക്കുകയും ഫോട്ടോഗ്രഫിക് മെമ്മറിയോടെ വസ്തുതകളൊക്കെ ഓര്‍ത്തിരിക്കുകയും ചെയ്താലും ആ പുസ്തകത്തിന്റെ ആത്മാവ് എന്താണെന്ന് ഒരു പിടിയും ഇല്ലാത്ത ചില കൂട്ടരുമുണ്ട്. അവരുടെ ശീലം) അദ്ഭുതങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഇടമാണ് ദരിയാഗഞ്ജിലെ കിത്താബ് ബാസാര്‍.
അങ്ങനെയൊരാളുമായി പഴയപുസ്തകച്ചന്തകള്‍ ജനനാനന്തരസൗഹൃദം കാണിക്കും. നിങ്ങളുടെ ആഗ്രഹങ്ങളും മോഹങ്ങളുമനുസരിച്ചുള്ള പുസ്തകങ്ങള്‍ അവിടത്തെ ക്രമശൂന്യതയ്ക്കിടയില്‍ നിന്നു നിങ്ങളെ വന്നു തൊടും. പാരായണിയും പുസ്തകവും തമ്മിലുള്ള അവ്യാഖ്യേയമായ സൗഹൃദമാണത്. പുസ്തകത്തിനറിയാം തന്നെ തേടുന്നവന്റെ ഹൃദയം. കോലാഹലങ്ങള്‍ക്കിടയില്‍ നിന്ന് 'കേട്ടുവോ എന്നുടെ ഒച്ച വേറിട്ടെ'ന്നു നിശ്ശബ്ദമായി ചോദിച്ചുകൊണ്ട് അവ പൊടുന്നനെ പ്രത്യക്ഷപ്പെടും. എത്രയെങ്കിലും സന്ദര്‍ഭങ്ങളില്‍ അത്തരം അനുഭവങ്ങളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്.
പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന ഇടങ്ങളില്‍ ഒരു പുസ്തകപ്രേമി തേടുന്നതും നേടുന്നതും വിശദീകരിക്കാനെളുപ്പമല്ല. ഏതാനും പുസ്തകങ്ങള്‍ വാങ്ങുക എന്ന വിക്രയം മാത്രമല്ല അവിടെ. സ്വകാര്യശേഖരത്തിന്റെ വലിപ്പം കൂട്ടാനല്ല അയാള്‍ അവിടേക്കു പോകുന്നത്. പുസ്തകങ്ങളോടു കരുണോ മമതയോ ഇല്ലാത്ത ലോകം പാഴ്ക്കടലാസായി ഉപേക്ഷിച്ചവയ്ക്കിടയില്‍ ഇങ്ങിനിക്കിട്ടാത്തവയോ ചരിത്രപ്രാധാന്യമുള്ളവയോ ഉണ്ടായകാലത്ത് തിരിച്ചറിയപ്പെടാതെ പോയവയോ അപൂര്‍വ്വമോ ആയ പുസ്തകങ്ങള്‍ അവയുടെ പഴയരൂപത്തില്‍ കിട്ടിയേക്കുമെന്ന പ്രതീക്ഷയാണ് അയാളെ നയിക്കുന്നത്.ഒന്നാം പതിപ്പുകള്‍ തേടുന്നവരാണു ചിലര്‍. വിലക്കുറവ്, അലഭ്യത, പഴക്കം, പഴയ അച്ചടി, അപൂര്‍വ്വത അങ്ങനെ പല ഘടകങ്ങളാണ് ഓരോ അന്വേഷകനെയും പ്രചോദിപ്പിക്കുന്നത്.
ദരിയാ ഗഞ്ജിനോളം മറ്റൊരു പഴയപുസ്തകത്തെരുവും എന്നെ തൃപ്തിപ്പെടുത്തിയിട്ടില്ല. കൊണോട്ട് പ്ലെയ്‌സിലെ പൈറേറ്റഡ് പുസ്തകങ്ങള്‍ വില്ക്കുന്ന മുഷ്‌കരന്മാരായ തല്ലിപ്പൊളിക്കച്ചവടക്കാരെപ്പോലെയല്ല അവിടുത്തെ നെറിയുള്ള വ്യാപാരികള്‍. കിത്താബ് ബാസാറിന് ഒരു സംസ്‌കാരമുണ്ട്. അറുപതുകളിലെപ്പോഴോ ആരംഭിച്ച അത് ഇന്ന് ഒരു പ്രസ്ഥാനമാണ്. ജുമാ മസ്ജിദിനടുത്ത് 1964-ല്‍ ആരംഭിച്ച ചെറുകച്ചവടമാണ് വലുതായി വന്നതെന്ന് ചില കച്ചവടക്കാര്‍ പറയും. മറ്റു ചിലര്‍ ഒരു വര്‍ഷം കൂടി കടത്തിപ്പറഞ്ഞുവെന്നിരിക്കും. തെരുവുപുസ്തകത്തിന്റെ വിലപോലെ ഒന്നിനും ഒരു നിശ്ചയവുമില്ല. ദരിയാഗഞ്ജിലെ കച്ചവടക്കാര്‍ ചരിത്രമാണു സൂക്ഷിച്ചുവയ്ക്കുന്നതെങ്കിലും അവര്‍ ഒന്നും അവകാശപ്പെടുന്നില്ല. അന്നന്നത്തെ അപ്പം കണ്ടെത്തല്‍ മാത്രം.
എവിടെ നിന്നാണ് ദരിയാഗഞ്ജിലേക്ക് ഇത്രയും പുസ്തകങ്ങള്‍ വന്നു കുമിയുന്നത്? നിത്യസഞ്ചാരം കൊണ്ടു പരിചിതരായിത്തീര്‍ന്ന ചില വണിക്കുകളോട് പത്രപ്രവര്‍ത്തകന്റെ സ്വാഭാവിക കൗതുകം കൊണ്ട് ഞാന്‍ അതു ചോദിച്ചിരുന്നു. കൗതുകകരമായ ചില വ്യാപാര രഹസ്യങ്ങളാണ് അവര്‍ വെളിപ്പെടുത്തിയത്. കബാഡിവാലകള്‍ എന്നു ഹിന്ദിയില്‍ പറയുന്ന ആക്രിക്കച്ചവടക്കാരില്‍ നിന്ന് കുറേ പുസ്തകങ്ങള്‍ എത്തുന്നു. വീടുവീടാന്തരം കയറിയിറങ്ങി പഴങ്കടാസു വാങ്ങുമ്പോള്‍ കിട്ടുന്ന പുസ്തകങ്ങളും മാസികകളും കബാഡിവാലകള്‍ കിത്താബ് ബാസാറിലെ കച്ചവടക്കാര്‍ക്കു വില്‍ക്കുന്നു. കേരളത്തിലെ തെരുവു പുസ്തകശാലകളിലും കാണാം അവ.
എഴുത്തുകാര്‍ ആദരപൂര്‍വ്വം വലിയവര്‍ക്കു പേരെഴുതി ഒപ്പിട്ടു സമര്‍പ്പിച്ച പുസ്തകങ്ങള്‍ തെരുവിലേക്കു കയറ്റുമതി ചെയ്യപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ നിങ്ങളും കണ്ടിട്ടുണ്ടാകും. കുറ്റം പറയാനാവില്ല. വീടുകള്‍ക്കും ഗ്രന്ഥാലയങ്ങള്‍ക്കുമൊക്കെ സൂക്ഷിക്കാനാവുന്ന പുസ്തകങ്ങള്‍ക്കു പരിമിതിയുണ്ട്. സ്വന്തം മോഹം കൊണ്ടു മാത്രം മോശപ്പെട്ട പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തി ആത്മാര്‍ത്ഥമായി അവ സമ്മാനിക്കുന്നവരെയും സുജന മര്യാദകൊണ്ട് അവ സ്വീകരിച്ച് പിന്നീട് ഉപേക്ഷിക്കുന്നവരെയും എങ്ങനെ കുറ്റപ്പെടുത്താനാണ്.
അവ മാത്രമല്ല പ്രസാധകര്‍ ഒഴിവാക്കുന്ന പുസ്തകങ്ങളും ദരിയാഗഞ്ജിലേക്കുവരും. അച്ചടിത്തെറ്റുകളോ അച്ചടി പതിയാത്ത പേജുകളോ കടലാസ് കൃത്യമായി മടങ്ങി മുറിഞ്ഞുവരാത്തവയോ ഫോറങ്ങള്‍ മാറിപ്പോയവയോ ആയ പുസ്തകങ്ങള്‍. പേപ്പര്‍ ബാക്ക് വിപണിയിലെത്തുമ്പോള്‍ പിന്‍വലിക്കപ്പെടുന്ന ഹാര്‍ഡ് ബൗണ്‍ഡുകളും തിരസ്‌കരിക്കപ്പെട്ടവയും ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ നിറഞ്ഞ അമേരിക്കന്‍ കണ്ടെയ്‌നറുകളാണ് മറ്റൊരു വരവ്. അവ ലേലത്തില്‍ പിടിക്കുന്ന മൊത്തക്കച്ചവടക്കാര്‍ ദരിയാഹഞ്ജിലെ മാത്രമല്ല രാജ്യത്തെ മറ്റു നഗരങ്ങളിലെയും വഴിവാണിഭക്കാര്‍ക്കു ചില്ലറയായി വില്‍ക്കുന്നു. പുതിയ പുസ്തകങ്ങള്‍ വരുന്നതു മറ്റൊരു വഴിക്കാണ്. റെയില്‍വേ ലേലത്തില്‍ നിന്നാണ് അവയുടെ വരവ്. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു തീവണ്ടിമാര്‍ഗം അയക്കുമ്പോള്‍ സ്ഥലം തെറ്റി ഇറക്കുന്നതോ യഥാസമയം കൈപ്പറ്റാത്തവയോ ആയ 'നഷ്ടപ്പെട്ട' പുസ്തകങ്ങളാണവ. ഇന്‍ഷുറന്‍സുള്ളതിനാല്‍ പ്രസാധകര്‍ അവ തിരിച്ചെടുക്കില്ല. പിന്നീട് റെയില്‍വേ അവ ലേലം ചെയ്യും. ഇങ്ങനെയൊക്കെ പല വഴിക്കു വന്ന പുസ്തകങ്ങളാണ് ദരിയാഗഞ്ജിലെ പാതയോരത്ത് ദരിദ്രരും സമ്മോഹിതരുമായ പുസ്തകപ്രേമികള്‍ക്കായി ചന്തയിലെ പച്ചക്കറികള്‍പോലെ നിരന്നു കിടക്കുന്നത്.
അത്ര സുഖകരമൊന്നുമല്ല കിത്താബ് ബാസാറിലെ വണിക്കുകളുടെ ജീവിതവും വ്യാപാരവും. പലതരക്കാരാണവര്‍. വേറേ ഇടങ്ങളില്‍ ചെറിയ പുസ്തകക്കടകളുള്ളവര്‍. ആഴ്ചയിലെ മറ്റു ദിവസങ്ങളില്‍ മറ്റു പണികള്‍ ചെയ്യുന്നവര്‍. ആറുദിവസവും പുസ്തകങ്ങള്‍ തേടി നടക്കുന്നവര്‍ അങ്ങനെ പലര്‍. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത, ദയനീയമായ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന ആ തെരുവുപുസ്തകവ്യാപാരികളെ പോലീസ് ദ്രോഹിക്കുന്നത് പലതവണ ഞാന്‍ കണ്ടിട്ടുണ്ട്. സര്‍ക്കാരിന്റെ കണ്ണില്‍ അവര്‍ തെരുവുകച്ചവടക്കാര്‍ മാത്രമാണ്, പാനിപരിയും തുണിയും കലണ്ടര്‍പ്പടങ്ങളും വില്‍ക്കുന്നവരെപ്പോലെ. അവര്‍ ആശയങ്ങളും സ്വപ്‌നങ്ങളുമാണ് വില്‍ക്കുന്നതെന്നു രേഖപ്പെടുത്താനുള്ള കള്ളികള്‍ സര്‍ക്കാര്‍ രേഖകളിലില്ല. മുനിസിപ്പാലിറ്റിയില്‍ നിന്ന് തെരുവുകച്ചവടത്തിനുള്ള ലൈസന്‍സ് എടുത്താണ് അവര്‍ കച്ചവടം നടത്തുന്നതെങ്കിലും പിരിവുകാരായ ഉദ്യോഗസ്ഥര്‍ ആ പാവങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങും. പുസ്തകവും അകപ്പെട്ടു കിടക്കുന്ന അഴിമതിയുടെ വലക്കെട്ട്. ഏതു ചൂലാണ് ഇതൊക്കെ തുടച്ചുമാറ്റുക.
എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന ഇടങ്ങള്‍ പ്രലോഭിപ്പിക്കുന്നു. പുസ്തകങ്ങളോടു പ്രേമത്തിലായ പാരായണകാമുകര്‍ക്കുമാത്രം മനസ്സിലാവുന്ന വികാരമാണത്. സ്വപ്‌നത്തിലും മോഹത്തിലുമുള്ള പുസ്തകങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ആ തെരുവുകള്‍ക്കു മാത്രമേ കഴിയൂ.