ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം വാങ്ങിയ മുഖ്യമന്ത്രിയാണ്. ""കഷ്ടിച്ച് നാലുമണിക്കൂര്‍ ഉറക്കം. രാവിലെ ആറ് ആറരയോടെ ഉണരും. ചെറിയൊരു പ്രാര്‍ഥനയുണ്ട്. അതുകഴിഞ്ഞ് പത്രങ്ങളിലൂടെ കണ്ണോടിക്കും. വീടിന്റെ രണ്ടാംനിലയിലെ മുറിയില്‍ തറയിലിരുന്നാണ് പത്രവായന. ചുറ്റും കടലാസുകൂമ്പാരം കാണും. എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന രണ്ട് ഫോണും. ഫോണ്‍കോളുകളെല്ലാം നേരിട്ടെടുക്കും."" എഴുപതാംവയസ്സിലേക്ക് കടക്കുന്ന ഉമ്മന്‍ചാണ്ടിയുടെ കുഞ്ഞുകുഞ്ഞു കഥകള്‍ വിശ്വസ്ത അനുയായി പി ടി ചാക്കോ ഇങ്ങനെ എഴുതിയിട്ടുണ്ട്.
എഴുതിയതാകെ പുസ്തകമായും സര്‍ക്കാര്‍ വെബ്സൈറ്റിലൂടെയും പരസ്യപ്പെടുത്തിയിട്ടുമുണ്ട്. നാട്ടില്‍ രണ്ടുനേരം ലോഡ്ഷെഡിങ്ങുള്ളപ്പോഴും ഉമ്മന്‍ചാണ്ടിക്ക് ഊര്‍ജത്തിന് കുറവില്ല. സൗരോര്‍ജമാണോ സരിതോര്‍ജമാണോ ഈ കര്‍മകുശലതയ്ക്ക് കാരണമെന്ന് അടുത്ത പത്രക്കുറിപ്പിലെങ്കിലും രമേശ് ചെന്നിത്തല വ്യക്തമാക്കേണ്ടതുണ്ട്. ഒരു മുഖ്യമന്ത്രിക്ക് പങ്കാളിത്തമുള്ള തട്ടിപ്പുകേസ് ഇന്നുവരെ കേരളം കേട്ടിട്ടില്ല. വെറുതെയല്ല ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് കൊടുക്കാത്തത്. ഊര്‍ജസംരക്ഷണം തിരുവഞ്ചൂരിന്റെ പണിയാണ്. പൊലീസുകാരാണ് ഇപ്പോള്‍ സരിതാ S നായരുടെ അംഗരക്ഷകര്‍.
ചെന്നിത്തലയുടെയും സുകുമാരന്‍നായരുടെയും ഫോണ്‍ ചോര്‍ത്തുന്ന പൊലീസുകാരന് സരിതാ S നായരുടെ നായരെ കണ്ടാല്‍ മുട്ടുവിറയ്ക്കും. ഒരുമണിക്കൂര്‍ നേരമാണ് ആ നായര്‍ നിര്‍ഭയ നിഷ്പക്ഷ മാധ്യമത്തില്‍ ഫോണിലൂടെ ചാനലിലേക്ക് പ്രവേശിച്ചത്. എവിടെനിന്ന് ഏതു നമ്പരിലേക്ക് വിളിച്ചു എന്ന് ഏത് പൊലീസുകാരനും മനസ്സിലാക്കാനുള്ള സംവിധാനമെല്ലാം തിരുവഞ്ചൂരിന്റെ കൈയിലുണ്ട്. തട്ടിപ്പുകാരന്‍ നിര്‍ഭയം നിരന്തരം ചാനലിനോട് സംസാരിക്കുമ്പോള്‍ത്തന്നെ ചെന്നുപിടിക്കാമായിരുന്നു. അതല്ലെങ്കില്‍ കുറ്റവാളി എവിടെയുണ്ടെന്ന് രാജ്യസ്നേഹപരമായ ഒരു ചോദ്യം ചാനലുകാരോട് ചോദിച്ച്, നിയമവാഴ്ചയെ സ്നേഹിക്കുന്ന അവരില്‍നിന്ന് മറുപടി വാങ്ങാമായിരുന്നു.
സരിതയുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ന്നത് പൊലീസില്‍നിന്ന് എന്നും അതേക്കുറിച്ച് പ്രത്യേക അന്വേഷണം നടക്കും എന്നുമാണ് മാതൃഭൂമിയുടെ ആവേശവാര്‍ത്ത. വിവരം ചോര്‍ന്നതാണ് കുറ്റം- പാതിരാവിലും പുലര്‍ച്ചെയും ഉമ്മന്‍ചാണ്ടിയുടെ ചുറ്റുവട്ടത്തുനിന്ന് വിളി പോയതല്ല. ചെന്നിത്തലയ്ക്ക് ആശ്വാസത്തിന് വകയുണ്ട്. ഐ ഗ്രൂപ്പില്‍നിന്ന് ഒരു സുബ്രഹ്മണ്യന്റെ പേരേ പാപിപ്പട്ടികയില്‍ വന്നിട്ടുള്ളൂ. സരിതാ എസ് നായരെ രക്ഷിച്ചില്ലെങ്കില്‍ എ ഗ്രൂപ്പുകാര്‍ കൂട്ടത്തോടെ വനവാസത്തിന് പോകേണ്ടിവരും. വീട്ടിലും പറ്റില്ല; നാട്ടിലും പറ്റില്ല എന്ന സ്ഥിതിയുണ്ടാകും. ഇത്രയും വലിയ തട്ടിപ്പു നടത്തുന്ന സരിതയ്ക്ക് കൂട്ടാളികളെ കുടുക്കാനുള്ള വിദ്യയും വശമുണ്ട്. വിളിച്ചവരുടെയും കണ്ടവരുടെയും എല്ലാ തെളിവും നല്ല സൂര്യതാപത്തോടെതന്നെ സൂക്ഷിച്ചിട്ടുണ്ടത്രേ. തള്ളിപ്പറയുന്നവര്‍ കുടുങ്ങും.
സരിതയുടെ ഓഫീസിലും മുറിയിലുമെല്ലാം ഒളിക്യാമറയുണ്ടെന്നാണ് പറയുന്നത്. ചിത്രസഹിതമാണത്രേ തെളിവ്്. അത് കിട്ടിയാല്‍ അതുപോലെ പുറത്തുപറയുന്ന പൊലീസാണ് തിരുവഞ്ചൂരിന്റേത്. അതുകൊണ്ട് ക്യാമറയൊന്നും കിട്ടിയില്ലെന്നാണ് പൊലീസ് വിശദീകരണം. തട്ടിപ്പുകാരിക്ക് പൊലീസ് കസ്റ്റഡിയില്‍ സുഖവാസമാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുഹൃത്തിനെ ദ്രോഹിക്കാന്‍ പാടില്ല. അവര്‍ക്ക് സംസാരിക്കാന്‍ ഫോണ്‍ കൊടുക്കണം; ജീരകവെള്ളം ചൂടാറാതെ വേണം. ഊണുകഴിഞ്ഞാല്‍ ഐസ്ക്രീമുമാകാം. സരിത എന്തെങ്കിലും അറിയാതെ പറഞ്ഞുപോയാല്‍ കുടുങ്ങുന്നത് ചില്ലറക്കാരൊന്നുമല്ല.
മലയാളമനോരമക്കാരന്‍ സ്വന്തം ലേഖകന്മാരെ വിളിച്ച് ആജ്ഞാപിച്ചത്, സരിതയെയും സിപിഐ എമ്മിലെ ആരെയെങ്കിലും ബന്ധപ്പെടുത്തി വാര്‍ത്ത തന്നിരിക്കണം എന്നാണ്. ബന്ധമോ തെളിവോ വേണമെന്നില്ല, വാര്‍ത്ത മതി. പണ്ടൊരിക്കല്‍, എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ കാണാന്‍ സരിത സ്വപ്നം കണ്ടിരുന്നു എന്ന വാര്‍ത്ത കൊടുത്താണ് ഒരു ലേഖകന്‍ ആജ്ഞാനുവര്‍ത്തിയായത്്.
പൊലീസിന് കിട്ടിയ ഒളിക്യാമറ കത്തിച്ചുകളഞ്ഞാല്‍ അത്രയും നല്ലത്. ഒരു കൂട്ടദുരന്തം ഒഴിവാക്കാന്‍ തിരുവഞ്ചൂരിന് ബാധ്യതയുണ്ട്. ആ ക്യാമറ ഐ ഗ്രൂപ്പുകാരുടെ കൈയില്‍ കിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പണ്ട് മറിയം റഷീദയെയും നമ്പി നാരായണനെയും വച്ച് കളിച്ചതിന്റെ ദുരന്തം അനുഭവിച്ചവരും അവരുടെ മക്കളുമെല്ലാം ജീവനോടെയുണ്ടെന്ന് തിരുവഞ്ചൂരിനെങ്കിലും ഓര്‍മയുണ്ടാകണം. ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ എന്നാണ് ചെന്നിത്തല ചോദിക്കുന്നത്. ഇന്നലെ ചെന്നിത്തലയെ അധികാരത്തിന് ആര്‍ത്തിമൂത്ത നേതാവെന്ന് വരുത്തിത്തീര്‍ത്ത് തെരുവിലിട്ട് തട്ടിയ ഉമ്മന്‍ചാണ്ടിയുടെ ഉപജാപത്തിന് ദൈവമാണ് മറുപടി കൊടുത്തതുപോലും. കഷ്ടപ്പെട്ട് വാര്‍ത്ത കണ്ടെത്തി ഉമ്മന്‍ചാണ്ടിയുടെ ഉള്ളുകള്ളി പുറത്തുകൊണ്ടുവന്ന കൈരളി- പീപ്പിള്‍ ചാനലിനും പി വി കുട്ടന്‍ എന്ന ലേഖകനും ക്രെഡിറ്റില്ല; എല്ലാം ദൈവത്തിന് സമര്‍പ്പിതം. അങ്ങനെയെങ്കില്‍ അങ്ങനെ. ഉമ്മന്‍ചാണ്ടി വിശുദ്ധനാണെന്ന് ഇനി മലയാളമനോരമപോലും പറയില്ലല്ലോ എന്ന് സമാധാനിക്കാം.
ആപത്തുകാലത്ത് എന്തും സംഭവിക്കും എന്നാണ്. കഷ്ടകാലം വരുമ്പോള്‍ കൂട്ടത്തോടെ വരും. രക്ഷകര്‍ പാമ്പായി മാറും. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് ഏഷ്യാനെറ്റ് ഇറങ്ങിയത്. മുഖ്യപ്രതിയും മുഖ്യമന്ത്രിയും തമ്മില്‍ ഒരുമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവായി അത് മാറി. ഡല്‍ഹിയിലെ ജോപ്പനായ കുരുവിള ശ്രമിച്ചത് ഒരുവട്ടമേ ഉമ്മന്‍ചാണ്ടി സരിതയെ കണ്ടിട്ടുള്ളൂ എന്ന് സ്ഥാപിക്കാനാണ്. വിജ്ഞാന്‍ഭവനിലെ അതീവസുരക്ഷാ മേഖലയില്‍പ്പോലും സരിതയെ മുഖ്യമന്ത്രി കണ്ടു എന്ന പുലിവാല്‍ വെളിപ്പെടുത്തലായി അത് മാറി. പി സി ജോര്‍ജാണെങ്കില്‍, ഗണേശ്കുമാറിനെ വലിച്ചുകൊണ്ടുവന്ന് അരക്കൈ നോക്കി. ഒരര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കുരുക്ക് മുറുക്കിയത് ജോര്‍ജാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ജോപ്പന്റെ വിളി നടന്നതെന്നതിന് ജോര്‍ജിന്റെ മൊഴി ധാരാളമായി.
എങ്ങനെയാണ് ഈ തട്ടിപ്പുകാരൊക്കെ പി സി ജോര്‍ജിന്റെ സമക്ഷത്തിലെത്തുന്നത്? ഭൂമികൈയേറ്റക്കേസും വ്യഭിചാരക്കേസും അവിഹിതക്കേസും സോളാര്‍ തട്ടിപ്പുകേസുമൊക്കെ കൈകാര്യംചെയ്യുന്ന ഏജന്‍സി ഇപ്പോള്‍ ജോര്‍ജാണ്. ഗണേശിന്റെ അവിഹിതക്കേസില്‍ ജോര്‍ജ് ഒരു ഭാഗത്തുണ്ട്. സരിതയുടെ നായരെ ചാടിക്കുന്നതും പറയിക്കുന്നതും ജോര്‍ജാണത്രേ. സരിതയുടെ വിളിയില്‍ ചിലത് ജോര്‍ജിനും പോയിട്ടുണ്ട്. അത് പുറത്തുവരുന്നതിനുമുമ്പ്, ആ കുറ്റവും ഗണേശിന്റെ തലയില്‍ വച്ചുകൊടുത്തു.
ആപത്താകുന്ന രക്ഷകരില്‍ മനോരമയുടെ പേരുമുണ്ട്. ""മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തലസ്ഥാനത്തുണ്ടെങ്കില്‍ മൊബൈല്‍ഫോണില്‍ കിട്ടണമെങ്കില്‍ പേഴ്സനല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന ടെന്നി ജോപ്പന്റെയോ സ്റ്റാഫിലില്ലാത്ത തോമസ് കുരുവിളയെയോ വിളിക്കണം. സ്വന്തമായി ഒരു മൊബൈല്‍ഫോണില്ലാതെ പോയതിന്റെ പൊല്ലാപ്പ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നന്നായി അനുഭവിക്കുന്നുണ്ട്. തട്ടിപ്പുകാരി സരിത എസ് നായര്‍ ഇക്കണ്ട ഫോണിലൊക്കെ വിളിച്ചതും അതില്‍നിന്നും തിരികെ വിളി പോയതും ജോപ്പന്റെയും സലിംരാജിന്റെയും കസേരകൂടിയാണ് കൊണ്ടുപോയത്. ഏത് സമയവും പുറത്തേക്ക് തെറിക്കാന്‍ തയ്യാറായി മറ്റു ചിലരും.
മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഉമ്മന്‍ചാണ്ടിയെ ഫോണില്‍ കിട്ടാന്‍ ഈ നമ്പറുകളാണ് ആശ്രയിക്കുന്നത്""എന്നാണ് മനോരമ ഒന്നാംപേജ് വാര്‍ത്ത. അതായത്, തട്ടിപ്പുകാരി സരിത വിളിച്ചതും ഉമ്മന്‍ചാണ്ടിയെത്തന്നെയാണെന്ന്. മുഖ്യമന്ത്രി ആരൊടൊപ്പമാണോ അവരിലേക്കാണ് സരിതയുടെ ഫോണ്‍വിളി എത്തിയതെന്ന്. ബാലജനസഖ്യംമുതല്‍ പരിലാളിക്കുന്ന; കണ്ടത്തില്‍ മാമ്മന്‍മാപ്പിളയ്ക്കുശേഷം ആരാധിക്കാനും സ്നേഹിക്കാനുമായി കണ്ടെത്തിയ ഉമ്മന്‍മാപ്പിളയ്ക്ക് ഏനക്കേടുവരുമ്പോള്‍ പരിഭ്രമം കാണും. അപ്പോള്‍ ചെയ്യുന്ന പണി വിപരീതഫലവും ചെയ്യും. സരിതോര്‍ജത്തിന്റെ കുത്തൊഴുക്കില്‍ ഇനി എന്തെല്ലാം സംഭവിക്കും; ആരുടെയെല്ലാം തലതെറിക്കും എന്ന് കണ്ടുതന്നെ അറിയണം. എന്തായാലും ഉമ്മന്‍ചാണ്ടിയുടെ ചീട്ട് ജനങ്ങള്‍ കീറിക്കഴിഞ്ഞു. പുതുപ്പള്ളിയിലെ ഞായറാഴ്ച ദര്‍ബാര്‍പോലും മുടങ്ങുന്ന സ്ഥിതിയാണ്. മനോരമക്കാരന്‍ ഇതുവരെ "ശരീര ഭാഷയുടെ" തോത് അളക്കാത്തതു ഭാഗ്യം. നാട്ടുകാര്‍ അതും നന്നായി അളക്കുന്നുണ്ട്.
Miss Connecticut