] പലസ്തീന്‍ എന്റെ കണ്ണിലൂടെ....
|
SHAHD ABUSALAMA |
നാര്‍സിസിന്റെ കണ്ണില്‍ തടാകം കണ്ടത് സൗന്ദര്യത്തെയാണ്. എന്നാല്‍ ഞാന്‍ എന്റെ കണ്ണിലൂടെ കാണുന്നത് മരണത്തെയാണ്. പലസ്തീന്‍ എന്റെ കണ്ണിലൂടെ എന്ന ബ്ലോഗ് മരണത്തിന്റെ പേരുകളെ ശേഖരിച്ച് സൂക്ഷിക്കുകയാണ്.
ഒരു ബോംബ് വീടിന് മുന്നില്‍ വന്ന് പൊട്ടിത്തെറിക്കുന്നതിന്റെയും ശവശരീരങ്ങള്‍ അന്തരീക്ഷത്തെ നിശ്ചലമാക്കുന്നതിന്റെയും ഞെട്ടിക്കുന്ന വിവരണങ്ങളാല്‍ ചോരപൊടിയുന്നുണ്ട് ഈ വെബ്‌പേജിന്റെ വക്കുകളില്‍.
ഏറ്റവും ഭീകരമായ ദൃശ്യങ്ങള്‍ ഞാന്‍ കണ്ടത് ടെലിവിഷന്റെ ചതുരവടിവിലല്ല, നേരിട്ടാണ്. ശവശരീരങ്ങള്‍ ചിന്നിച്ചിതറിയ കാഴ്ചകളെ നേരിടാന്‍ കഴിയാത്ത കണ്ണിനെ കുറിച്ചും ബോംബേറിന്റെ കാതടപ്പിക്കുന്ന ശബ്ദത്തെ ഉള്‍ക്കൊള്ളാനാവാത്ത കാതിനെ കുറിച്ചുമുള്ള വേദന പങ്കുവെക്കുകയാണ് പലസ്തീന്‍ എന്റെ കണ്ണിലൂടെ.........
അടുത്തിടെ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല ചെയ്യപ്പെട്ടവരുടെ പേര്, വയസ് എന്നിവ സൂക്ഷിച്ച് വെക്കുന്ന ഒരു ശവകുടീരം കൂടിയാണ് ഈ ബ്ലോഗ്. ഇനിയും പേരുകള്‍ പെരുകാം, അവസാനിക്കാത്ത ഈ പേരുകള്‍ സ്മാരകശിലകളായി മാറുകയും അവ ചരിത്രത്തോട് കലഹിക്കുകയും ചെയ്യും. ശ്മശാനങ്ങള്‍ സ്മാരകങ്ങളോട് പറയുന്നത് വേട്ടയാടപ്പെട്ടവന്റെ വ്യഥകളെ കുറിച്ച് തന്നെയാണ്.
ഷാദ് അബുസലാമ എന്ന ഇരുപതുകാരി പലസ്തീന്‍ പെണ്‍കുട്ടിയുടെ കാഴ്ചയാണ് വാക്കുകളായും ചിത്രങ്ങളായും 'പലസ്തീന്‍ എന്റെ കണ്ണിലൂടെ' പ്രത്യക്ഷപ്പെടുന്നത്. ഗാസയില്‍ നടന്ന സയണിസ്റ്റ് നരനായാട്ടില്‍ 104പേര്‍ കൊല്ലപെട്ടതില്‍ 25പേരും കുട്ടികളായിരുന്നു. പത്ത് സ്ത്രീകളും പത്ത് വൃദ്ധരും ഇസ്രായേലിന്റെ ക്രൂരതയ്ക്ക് ഇരയായി മരണപ്പെട്ടവരില്‍ ഉള്‍പെടും. അല്‍ദലൂ കുടുംബത്തിന് നേരെ നടന്ന അക്രമണത്തില്‍ പന്ത്രണ്ടുപേരാണ് കൊല്ലപ്പെട്ടത്.
അബ്ദുറഹ്മാന്‍ നയീം എന്ന ആറുവയസുകാരന്റെ ചലനമറ്റ ശരീരം ചിത്രമായി കാണാന്‍ പോലും കണ്ണുകള്‍ക്ക് ശക്തിയില്ലെന്നിരിക്കേ, മൃതദേഹങ്ങളാല്‍ നിറഞ്ഞുകിടക്കുന്ന പലസ്തീനെ കുറിച്ച് ഓര്‍ത്ത് എനിക്ക് മൃതതുല്ല്യമായ നിശ്ചലതയാണ് അനുഭവപ്പെട്ടത്. ഗാസയിലെ എട്ടുദിവസം നീണ്ടു നിന്ന ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പത്തുമാസം പ്രായമുള്ള ഹനേന്‍ താഫേഷിന്റെ ചിത്രം ഏത് കഠിനഹൃദയനെയും പിടിച്ചുലക്കാന്‍ പോന്നതാണ്. ഇങ്ങനെ മരണത്തിന്റെ ഭീതിയും ഇരകളുടെ നിസ്സഹായതയും പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് ഷാദിന്റെ വെബ് സൈറ്റ്.
വീടിന് പുറത്ത് മരണം കാത്തിരിക്കുന്ന കുട്ടികളും വലിയവരും. കയ്യെത്തും ദൂരത്ത് മരണത്തിന്റെ ചെകുത്താന്മാര്‍ കാത്തിരിക്കുകയാണ്. ഇസ്രായേലിന്റെ മിസൈലുകള്‍ കൊന്നടുക്കുന്നത് പിഞ്ചുകുഞ്ഞുങ്ങളെയാണ്. ഇവരാണോ നിങ്ങള്‍ ആരോപിക്കുന്ന തീവ്രവാദികളെന്ന് ചോദിക്കുകയാണ് മരണപ്പെട്ട കുരുന്നുകള്‍. ബൂട്ടിനടിയില്‍ ചതഞ്ഞരഞ്ഞ് പോകുന്ന പൂക്കളായ ഈ കുരുന്നുകളുടെ ഭീതിയുറങ്ങുന്ന കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ നിങ്ങള്‍ക്ക് സ്വപ്‌നം ഉറങ്ങുന്നത് കാണാന്‍ കഴിയും. സ്വതന്ത്രമായ ഒരു പലസ്തീന്‍, ഒലീവിലകള്‍ കയ്യിലേന്തി സമാധാനത്തിലേക്ക് നടന്ന് പോകുന്നവരെ കുറിച്ചുള്ള സ്വപ്നം.
സയണിസ്റ്റ് ക്രൂരതയെ ലോകത്തെ അറിയിക്കാന്‍ ശ്രമിക്കുന്ന പലസ്തീന്‍ എന്റെ കണ്ണിലൂടെ എന്ന ഷാദ് അബുസല്‍മയുടെ ബ്ലോഗിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. ഹിറ്റ്‌ലറുടെ ജൂതവെറി ലോകത്തെ അറിയിച്ച ആന്‍ഫ്രാങ്കിന്റെ പാലസ്തീന്‍ പതിപ്പാണ് ഈ ഇരുപതുകാരിയും.
നിങ്ങള്‍ എന്തുകൊണ്ടാണ് പൂക്കളെ കുറിച്ചും പുഴകളെ കുറിച്ചും നിങ്ങളുടെ നാട്ടിലെ ഭീമന്‍ അഗ്നിപര്‍വതങ്ങളെ കുറിച്ചും കവിത എഴുതാത്തത്. വരൂ, കാണൂ.... ഈ തെരുവില്‍ രക്തം ചിതറിക്കിടക്കുന്നു. വരൂ, കാണൂ..... ശരിയാണ് പലസ്തീന്റെ തെരുവുകളില്‍ ഇപ്പോഴും രക്തവും മാംസവും ചിതറിക്കിടക്കുന്നുണ്ട്. മരണ സംഖ്യ ഇപ്പോള്‍ 170...
ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ക്ക് താഴെ ഷാദ് ഇങ്ങനെ കുറിക്കുന്നു. 'ഈ ബ്ലോഗില്‍ ഇനിയും അപ്‌ഡേറ്റുകള്‍ വരാതിരുന്നാല്‍ നിങ്ങള്‍ മനസ്സിലാക്കുക, ഞാനും ഈ പേരുകളില്‍ അന്ത്യവിശ്രമം കൊള്ളുന്നെന്ന്'.
|
Mum and I in the street raising the Palestinian flag, joining the crowds of people who started celebrating victory after the truce started at 9:00 pm on November 21 |
Kvartha