ആ വൃദ്ധ സ്ത്രീ തന്റെ മകനോട് ചോദിച്ചു കൊണ്ടിരുന്നു… "മോനെ... ഉമ്മാനെ എങ്ങട്ടാ എന്‍റെ പോന്നു മോന്‍ കൊണ്ടോണേ..?"
അയാള്‍ മിണ്ടിയില്ല …
അയാളുടെ ഭാര്യ മിന്നുന്ന വസ്ത്രം ധരിച്ചു കൊണ്ട് തലേ ദിവസം രാത്രി തന്നോട് അടക്കം പറയുന്നതയാള്‍ ഓര്‍ത്തു... "നിങ്ങടെ ഉമ്മാനെ വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കൂ… അതെന്തു പറഞ്ഞാലും അനുസരിക്കില്ല.. കുട്ടികളെക്കാലും കഷ്ട്ടം… ഇങ്ങനെ ഉണ്ടോ തള്ളമാര്‍.. വയസ്സായാല്‍ ഒരു ഭാഗത്ത് അടങ്ങി ഒതുങ്ങി ഇരിക്കെണ്ടേ… ശല്യം…"
അയാള്‍ മിണ്ടിയില്ല..
"നിങ്ങള്‍ എന്താ ഒന്നും മിണ്ടാത്തെ …കേള്‍ക്കുന്നുണ്ടോ, ഞാന്‍ പറയുന്നത്.."
"ഒന്നുകില്‍ ആ സ്ത്രീ.. അല്ലെങ്കില്‍ ഞാന്‍.. എനിക്ക് പറ്റില്ല അതിനെ നോക്കാന്‍.."
"ഉം.. ഞാന്‍ നാളെ ഒരു തീരുമാനം എടുക്കുന്നുണ്ട്"… അയാള്‍ പറഞ്ഞു….
കാറ് അതിവേഗതയില്‍ കുതിച്ചു കൊണ്ടിരുന്നു…
"മോനെ.. എത്ര നാളായി മോന്‍ എന്റെ കൂടെ ഇങ്ങനെ ഒന്ന് ഇരുന്നിട്ട്.."
"മോന് ഓര്‍മ്മയുണ്ടോ?... പണ്ട് വല്യ വാശിക്കാരനായിരുന്നു എന്റെ മോന്‍… എന്തിനും വെറുതെ വാശി പിടിക്കും.. ഉമ്മച്ചി ഒക്കെ നടത്തി തരാന്‍ എത്ര പാട് പെട്ടിരുന്നു വെന്നോ അന്നൊക്കെ.."
അയാള്‍ ഒന്നും മിണ്ടിയില്ല… അയാള്‍ ആ സ്ത്രീയെ നോക്കി…
ഒരു കാലത്ത് എത്ര സൌന്ദര്യം ഉണ്ടായിരുന്ന സ്ത്രീ ആയിരുന്നു.. ഇപ്പോള്‍ മെലിഞ്ഞുണങ്ങിരിക്കുന്നു …ആ സൌന്ദര്യം തനിക്കു പകര്‍ന്നുതന്നു സ്വയം നഷ്ടപെടുത്തിയ പോലെ..
സ്കൂളില്‍ നിന്ന് വരുമ്പോഴേക്കും എല്ലാം തയ്യാറാക്കി വച്ചിട്ടുണ്ടാകും.. തന്നെ കുളിപ്പിക്കയും ഉടുപ്പുകള്‍ ധരിപ്പിക്കയും ചെയ്തിരുന്ന.. പനി വരുമ്പോള്‍ നെറ്റിയില്‍ നനഞ്ഞ തുണി ശീല വച്ച് തന്നു ഉറക്ക മൊഴിച്ചിരുന്നു തന്നെ പരിചരിച്ച ആ സ്ത്രീ..
"മോനെ... നീ എന്താ ഇങ്ങനെ ആലോചിക്കുന്നെ… എത്ര നാളായി മോന്റെ കൂടെ ഇങ്ങനെ ഒന്ന് യാത്ര ചെയ്തിട്ട് പണ്ട് എന്റെ മോന്‍ എന്നും ഉമ്മച്ചീടെ കൂടെ എവിടേക്കും വന്നിരുന്നു.. നിനക്ക് ഓര്‍മ്മയുണ്ടോ അതൊക്കെ.. ?"
അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി..
"മോനെ.. ഒന്ന് വണ്ടി നിര്‍ത്തൂ, എനിക്കൊരു നാരങ്ങാ വെള്ളം വാങ്ങി തരോ ഉമ്മച്ചിക്ക് വല്ലാത്ത ദാഹം…"
അയാള്‍ വണ്ടി നിര്ത്തി വഴി വക്കിലുണ്ടായിരുന്ന പെട്ടി കടയില്‍ നിന്നും ഒരു നാരങ്ങാ വെള്ളം മേടിച്ചു കൊടുത്തു… ആ വൃദ്ധയായ സ്ത്രീ അത് വാങ്ങുന്നതിന് മുന്‍പ് ചോദിച്ചു:
"മോന്‍ കുടിച്ചോ …നാരങ്ങ വെള്ളം..?"
"ഇല്ല…'അയാള്‍ പറഞ്ഞു..
"എന്താ അവിടെ ഇല്ലേ.. എന്നാ ഇത് എന്‍റെ മോന്‍ കുടിച്ചോളൂ ഉമ്മചിക്ക് ഇല്ലേലും വേണ്ടാ.."
അയാളുടെ തൊണ്ട ഇടറി..
"ഉമ്മാ.. വേണ്ട.. എനിക്ക് വേണ്ടാഞ്ഞിട്ടാ, ഉമ്മ കുടിച്ചോളൂ.."
കാര്‍ അതിവേഗതയില്‍ വീണ്ടും പാഞ്ഞു കൊണ്ടിരുന്നു.. അയാളുടെ ചിന്ത തന്റെ കുട്ടിക്കാലത്തേക്ക് പാഞ്ഞു.. അന്നൊരു നാള്‍..
"ഉമ്മാ .."
"എന്താ മോനെ .. "
"ഉപ്പാ എന്നെ തല്ലോ ..ഉമ്മാ .."
"എന്തിനാ ഉപ്പ എന്റെ പോന്നുമോനെ തല്ലുന്നെ…?"
"ഞാന്‍ ..ഞാന്‍ ..ഉപ്പാടെ കണ്ണട പൊട്ടിച്ചു …."
"പൊട്ടിച്ചോ നീ…"
"ഉം ... ഞാന്‍ എടുത്തപ്പോ അറിയാതെ നിലത്തു വീണു പൊട്ടി ഉമ്മാ" …
"സാരല്യാ ട്ടോ.. ഉപ്പോട് ഞാന്‍ പറഞ്ഞോളാം… എന്റെ മോനെ ഉപ്പ ഒന്നും ചെയില്ലാട്ടോ.. മോന്‍ ദാ.. ഈ ചായ കുടിക്കൂ…"
അന്ന് രാത്രി ഉപ്പയും ഉമ്മയും തമ്മിലുള്ള സംഭാഷണം താന്‍ ഉറക്കം നടിച്ചു കൊണ്ട് കേട്ടു..
"നീ അവനെ വഷളാക്കും.. ഇങ്ങനെ കൊഞ്ചിക്കാന്‍ പാടില്ല.. കണ്ണട പൊട്ടിച്ചതിനല്ല… അവനെ സൂക്ഷിച്ചില്ലേല്‍ വഷളാകും ചെക്കന്‍ ..."
"എന്റെ മോന്‍ വഷളാകില്ല.. അവന്‍ കുട്ടിയല്ലേ, അത് സാരല്യ.. ഒരു കണ്ണട പോട്ടിയതിനാ ഇപ്പൊ.. ഇങ്ങളൊന്നു മിണ്ടാതിരിക്കനുണ്ടോ …?"
"മോനെ.."ആ വൃദ്ധ സ്ത്രീയുടെ ശബ്ദം അയാളെ ചിന്തയില്‍ നിന്നും ഉണര്ത്തി..
"നമ്മളെങ്ങോട്ടാ പോണേ… മോന്‍ പറഞ്ഞില്ലാല്ലോ.."
നിഷ്കളങ്കമായ ആ ചോദ്യം അയാളെ വല്ലാതാക്കി ..
അപ്പോഴേക്കും കാര്‍ ആ വലിയ വീടിന്റെ മുന്നില്‍ എത്തിയിരുന്നു… അവിടത്തെ ബോര്‍ഡ് ആ സ്ത്രീ പണി പെട്ട് വായിച്ചു..... വൃ..ദ്ധ സ..ദ..നം..."
ആ സ്ത്രീ ഒന്നും മിണ്ടിയില്ല.. അവനെ ദയനീയമായി നോക്കി, ആ കണ്ണുകളില്‍ തന്റെ എല്ലാ സ്വപ്ങ്ങളും നശിച്ച പോലെ....
അയാളുടെ തൊണ്ടയില്‍ എന്തോ കത്തുന്ന പോലെ, ഹൃദയത്തില്‍ പഴുത്ത ഇരുമ്പ് കമ്പി തുളച്ചു കയറുന്ന വേദന പോലെ..
ആ സ്ത്രീ അവന്റെ കൈ പിടിച്ചു….
അയാള്‍ക്ക് താന്‍ ഒരു കൊച്ചു കുട്ടി ആയ പോലെ തോന്നിച്ചു.. തന്റെ ബാല്യം.. കൌമാരം, യവ്വനം, എല്ലാം അയാള്‍ പെട്ടെന്ന് ഓര്‍ത്തു പോയി …
"ഉമ്മാ …അയാള്‍ തൊണ്ട ഇടറി ക്കൊണ്ട് വിളിച്ചു…എന്നോട് ക്ഷമിക്കൂ ഉമ്മാ..."
"കാര്‍ തിരിച്ചു വിടൂ.. അയാള്‍ ഡ്രൈവറോട് അലറിക്കൊണ്ട് പറഞ്ഞു.."
അയാളുടെ വീടിന്റെ മുന്നില്‍ വലിയ ഒരു അലര്‍ച്ചയോടെ കാര്‍ വന്നു നിന്നു…
തന്റെ ഉമ്മയെ കെട്ടി പിടിച്ചയാള്‍ ഒരു കുഞ്ഞിനെപ്പോലെ വാവിട്ടുകരഞ്ഞു.. ഉമ്മയുടെ കയ്യും പിടിച്ചു കൊണ്ട് അയാള്‍ അവരുടെ വീട്ടിലേക്കു കയറുമ്പോള്‍ അയാളുടെ ഭാര്യ മിന്നുന്ന സാരി ഉടുത്തു തളത്തില്‍ തന്നെ നില്ക്കുന്നുണ്ടായിരുന്നു..
"എന്താ …കൊണ്ടാക്കീല്ലേ…?" അവള്‍ ചോദിച്ചു..
അയാള്‍ ഒന്നും മിണ്ടിയില്ല... ഉമ്മയെ അവരുടെ മുറിയില്‍ ആക്കിയ ശേഷം അയാള്‍ തന്റെ മുറിയിലേക്ക് നടന്നു.. പിന്നാലെ അയാളുടെ ഭാര്യയും …
"എന്താ . ..നിങ്ങള്ക്ക് ചെവി കേട്ടൂടെ.. എന്താ കൊണ്ടാക്കാഞ്ഞെന്നാ ചോദിച്ചേ .."
അയാള്‍ വാതില്‍ അടച്ചു..
"എന്തിനാ വാതില്‍ അടക്കുന്നെ.. പറ ..എന്താ ..അതിനെ കൊണ്ടാക്കാഞ്ഞേ..? എനിക്കതാ അറിയേണ്ടേ …"
അയാള്‍ തന്റെ ഭാര്യയെ നോക്കി… അവളുടെ മുഖം ദേഷ്യം കൊണ്ട് ചുകന്നിരുനു …
അയാള്‍ അവളുടെ മുഖത്ത് ചെകിടടച്ചു ആഞ്ഞടിച്ചു.. ആ അടിയുടെ അഗാദത്തില്‍ അവള്‍ നിലത്തു മുട്ടു കുത്തി വീണു…
അയാള്‍ ഭാര്യയെ നോക്കി അലറികൊണ്ട് പറഞ്ഞു..
"നീ ഒരു സ്ത്രീ അല്ല… എനിക്ക് നിന്നെ വേണ്ടാ… എനിക്കെന്റെ ഉമ്മ മതി… നീ ഇല്ലാതെയും എനിക്ക് ജീവിക്കാന്‍ പറ്റും… ശപിക്കപെട്ടവളെ… നീയും ഒരു സ്ത്രീ തന്നെയാണോ ..? ഈ യൌവനം എന്നും ഉണ്ടാകുമെന്നാണോ നീ കരുതിയോ? നാളെ നമ്മളും വയസ്സാകും.. നമ്മുടെ ദേഹവും ചുക്കിചുളിയും, അന്ന് നമ്മുടെ മക്കള്‍ നമ്മെയും ഇത് പോലെ വൃദ്ധസദനത്തില്‍ ആക്കുമ്പോഴേ നമ്മുക്കതിന്റെ വേദന മനസ്സിലാകൂ..."
"ഇറങ്ങണം നീ പുറത്ത്.. നീ പൊയ്ക്കോളൂ.. ഇത്ര നാളും എന്നോടൊത് ജീവിച്ചതിന് നന്ദി…എനിക്കെന്റെ ഉമ്മ മതി… എനിക്കവരെ ഉപേക്ഷിക്കാന്‍ പറ്റില്ല, ഒരിക്കലും.."
അയാള്‍ കട്ടിലില്‍ ഇരുന്നു.. തന്റെ മുഖം പൊത്തി ഒരു കൊച്ചു കുട്ടിയെ പോലെ തേങ്ങി കരഞ്ഞു