1000 എപ്പിസോഡ് പൂര്‍ത്തിയാക്കിയിട്ടും സിനിമാല നിര്‍ത്തിയതെന്തിന്?
സ്‌ക്രിപ്റ്റ് തലയ്ക്കുപിടിച്ചാല്‍ ഡയാന ഭദ്രകാളിയാണ്. ആരും സംശയവുമായി അവര്‍ക്കു മുമ്പിലെത്തില്ല. ചെറിയ പ്രശ്‌നങ്ങള്‍ക്കായാലും പെട്ടെന്ന് പ്രതികരിക്കും. ചീത്ത വിളിക്കും. ബുധനാഴ്ചകളില്‍ 'സിനിമാല'യുടെ ഷൂട്ടിംഗിനിടയില്‍ മറ്റുള്ളവര്‍ പൊട്ടിച്ചിരിക്കുമ്പോള്‍ ടെന്‍ഷനടിച്ചുനില്‍ക്കുകയാവും ഡയാന സില്‍വസ്റ്റര്‍. അങ്ങനെ ടെന്‍ഷന്‍ നിറഞ്ഞ ആയിരം ആഴ്ചകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഏഷ്യാനെറ്റിന്റെ ചീഫ് പ്രൊഡ്യൂസറായ ഡയാന, ഞെട്ടിക്കുന്ന ഒരു തീരുമാനമെടുത്തു. സിനിമാലയങ്ങ് നിര്‍ത്തി.
''വളരെ ആലോചിച്ചാണ് സിനിമാല നിര്‍ത്താന്‍ തീരുമാനിച്ചത്. അതിനുപിന്നില്‍ ഭയങ്കര ടെന്‍ഷനുണ്ടെന്ന് ആര്‍ക്കുമറിയില്ല. ഓരോ ആഴ്ചയും സീരിയസായ വിഷയം കിട്ടിയാല്‍ അത് വിഷ്വലൈസ് ചെയ്യുന്നതുവരെ അധികമാരോടും സംസാരിക്കാറില്ല. കോമഡി ആയതിനാല്‍ ഒന്നു ചീറ്റിപ്പോയാല്‍ തീര്‍ന്നു. അതുകൊണ്ട് ശ്രദ്ധിച്ചാണ് ഓരോ എപ്പിസോഡും ചെയ്യുന്നത്. നല്ലതാണെങ്കില്‍ മാത്രമേ ഞായറാഴ്ച ടി.വിക്കു മുമ്പിലിരിക്കാറുള്ളൂ. കോണ്‍ഫിഡന്‍സില്ലെങ്കില്‍ വീട്ടുകാരെപ്പോലും കാണിക്കാറില്ല. ഇപ്പോള്‍ ഞാന്‍ പൂര്‍ണമായും റിലാക്‌സ്ഡാണ്. കഴിഞ്ഞമാസം കുറച്ചുനാള്‍ ഓസ്‌ട്രേലിയയില്‍ ആയിരുന്നു. വല്ലാത്തൊരു ആശ്വാസം. വീണ്ടും സിനിമാലയുമായി വരുമോ എന്നുചോദിച്ചാല്‍ എനിക്കുത്തരമില്ല.''
ഇപ്പോള്‍ ഏഷ്യാനെറ്റിലെ 'ബഡായി ബംഗ്‌ളാവി'ന്റെ സംവിധായികയാണ് ഡയാന. അതിന് സിനിമാലയുടെ അത്രയും ടെന്‍ഷനില്ലെന്നാണ് അവരുടെ പക്ഷം. ഒറ്റയടിക്ക് നാല് എപ്പിസോഡുകള്‍ വരെ ചെയ്യാം. സ്‌ക്രിപ്റ്റ് മാത്രം കരുതിയാല്‍ മതി. 'ബഡായി ബംഗ്‌ളാവും' മറ്റൊരു ഹിറ്റിലേക്കുള്ള പ്രയാണത്തിലാണ്.
''നിര്‍ത്തിക്കഴിഞ്ഞപ്പോഴാണ് സിനിമാലയ്ക്ക് ഇത്രയധികം ആസ്വാദകരുണ്ടെന്ന് മനസിലായത്. സമയക്രമം കൃത്യമല്ലാത്തതിനാല്‍ ഇപ്പോഴും സിനിമാല ഞായറാഴ്ച സംപ്രേഷണം ചെയ്യുന്നുണ്ടെന്നാണ് പലരും കരുതിയത്. കുറെ നാളുകള്‍ കാണാതായപ്പോഴാണ് വിളിച്ച് അന്വേഷിച്ചത്. നിര്‍ത്തിയെന്ന് പറഞ്ഞപ്പോള്‍ മിക്കവര്‍ക്കും സങ്കടം. കഴിഞ്ഞമാസം ഓസ്‌ട്രേലിയയില്‍ ചെന്നപ്പോഴും ആളുകള്‍ക്ക് സംസാരിക്കാനുള്ളത് 'സിനിമാല'യെക്കുറിച്ചായിരുന്നു. കേരളത്തിലെ ആനുകാലിക സംഭവങ്ങള്‍ അറിയുന്നത് ഈ പരിപാടിയിലൂടെയാണെന്നാണ് അവര്‍ പറഞ്ഞത്.''
സിനിമാല നിര്‍ത്തിയപ്പോള്‍ പ്രേക്ഷകര്‍ക്കൊപ്പം സങ്കടപ്പെട്ട മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. എല്ലാ വിഷമങ്ങളും മാറ്റിവച്ച് ബുധനാഴ്ചകളില്‍ ഷൂട്ടിംഗിനെത്തുന്ന സ്ഥിരം താരങ്ങള്‍.
ആയിരം എപ്പിസോഡിനെ നയിച്ച സ്ത്രീയെന്ന നിലയില്‍ ഗിന്നസ്ബുക്കിലേക്ക് കയറാന്‍ തയാറെടുക്കുന്ന ഡയാന സില്‍വസ്റ്റര്‍, സിനിമാലയെന്ന എവര്‍ഗ്രീന്‍ ഹിറ്റിന്റെ കഥ പറയുന്നു.
പേരിട്ടത് സക്കറിയ
എറണാകുളം സെന്റ് തെരേസാസ് കോളജില്‍നിന്ന് ഇംഗ്ളീഷില്‍ ബിരുദമെടുത്തശേഷം എം.എയ്ക്കു ചേരാനിരിക്കുമ്പോഴാണ് ചിക്കാഗോയില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് കിട്ടിയത്. മീഡിയാ കമ്യൂണിക്കേഷനിലായിരുന്നു രണ്ടുവര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്. അതു കഴിഞ്ഞ് കൊച്ചിയില്‍ തിരിച്ചെത്തിയപ്പോഴാണ് ജോലി വേണമെന്ന ആഗ്രഹമുണ്ടായത്. പി.ടി.ഐ-ടി.വിയുടെ ചീഫ് പ്രൊഡ്യൂസറായ ശശികുമാര്‍ സാറിന് യോഗ്യതകള്‍ വച്ച് ഒരു കത്തെഴുതി. അദ്ദേഹം ഡല്‍ഹിയിലേക്ക് ഇന്റര്‍വ്യൂവിന് വിളിപ്പിച്ചെങ്കിലും പോകാന്‍ കഴിഞ്ഞില്ല. ആറുമാസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം എന്നോട് തിരുവനന്തപുരത്തേക്കു വരാന്‍ പറഞ്ഞത്. ഏഷ്യാനെറ്റ് തുടങ്ങുന്ന സമയമായിരുന്നു അത്. ആ കൂടിക്കാഴ്ചയ്ക്കുശേഷം ഏഷ്യാനെറ്റിലെ പ്രൊഡ്യൂസറായി എന്നെ നിയമിച്ചു.
മദ്രാസായിരുന്നു ഹെഡ് ഓഫീസ്. ന്യൂസൊന്നും അക്കാലത്തുണ്ടായിരുന്നില്ല. പത്തു സിനിമകളാണ് ഏഷ്യാനെറ്റിന് സ്വന്തമായി ഉണ്ടായിരുന്നത്. ഒരു ദിവസം ശശികുമാര്‍ സാര്‍ എന്നെ വിളിപ്പിച്ചു.
''ഈ പത്ത് സിനിമകളുടെ ക്ലിപ്പിംഗ്‌സ് കൊണ്ട് എന്തെങ്കിലുമൊരു പ്രോഗ്രാം ചെയ്യണം.''
രണ്ടു മൂന്നു ദിവസം കൊണ്ട് പത്തു സിനിമകളും വിശദമായി കണ്ടു. സൂക്ഷ്മമായി നിരീക്ഷിച്ചു. അതുകൊണ്ട് സൃഷ്ടിക്കാവുന്ന നൂറ് കാറ്റഗറികള്‍ സാറിന് പറഞ്ഞുകൊടുത്തു. അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു. സിനിമാക്ലിപ്പിംഗ്‌സ് കോര്‍ത്തെടുത്ത പ്രോഗ്രാമിന് സക്കറിയാ സാര്‍ ഒരു പേരിട്ടു. സിനിമാല. സിനിമാല ഉള്‍പ്പെടെ നാല് പ്രോഗ്രാമുകളാണ് ആദ്യം തുടങ്ങിയത്. എ.ബി.സി, പ്രിയമുള്ള പാട്ടുകള്‍, പ്ലേബാക്ക് എന്നിവയാണ് മറ്റുള്ളവ. നാലിന്റേയും പ്രൊഡ്യൂസര്‍ ഞാനായിരുന്നു. 'സിനിമാല'യ്ക്ക് നല്ലൊരു അവതാരികയെ അന്വേഷിച്ചപ്പോഴാണ് മോണോആക്ട് ചെയ്യുന്ന ഒരു പെണ്‍കുട്ടി കൊച്ചിയിലുണ്ടെന്നറിഞ്ഞത്. പ്രസീദയെ ആദ്യ അവതാരികയായി നിശ്ചയിച്ചത് അങ്ങനെയാണ്. തുടക്കംമുതല്‍ തന്നെ സൂപ്പര്‍ഹിറ്റായിരുന്നു സിനിമാല. ഇടയ്ക്ക് അവതാരകരെ മാറ്റി പരീക്ഷിച്ചു. കൃഷ്ണന്‍കുട്ടിനായര്‍, കല്‍പ്പന, സലിംകുമാര്‍, ദിലീപ് തുടങ്ങിയവര്‍ വന്നു. പിന്നീട് അവതാരകര്‍ രണ്ടായി. സിനിമാക്ലിപ്പിംഗ്‌സുകള്‍ പതുക്കെ ആക്ഷേപഹാസ്യത്തിലേക്കു മാറി. ഒടുവില്‍ സിനിമാലയില്‍ സിനിയില്ലാതെ മാല മാത്രമായി. ഇന്നത്തെ സിനിമാലയായി.
ദിലീപിനെ അസിസ്റ്റന്റായി എടുത്തത് സിനിമാല കണ്ടിട്ടാണെന്ന് സംവിധായകന്‍ കമല്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സലിംകുമാറാവട്ടെ ഒരു എപ്പിസോഡ് ചെയ്തുകഴിഞ്ഞാല്‍ അടുത്തതിനു വരുന്നത് നാലുമാസം കഴിഞ്ഞിട്ടാണ്. എപ്പോഴും ചെയ്താല്‍ പരിപാടിയുടെ ക്വാളിറ്റി കുറയുമോ എന്ന ചിന്തയായിരുന്നു സലീമിന്. ചിന്തരവിയുടെ 'എന്റെ കേരളം' പരിപാടിയെ അനുകരിച്ച് സലിംകുമാര്‍ ചെയ്ത സിനിമാലയാണ് ഏറ്റവും വലിയ ഹിറ്റ്. ആ എപ്പിസോഡ് കണ്ടാല്‍ ഇപ്പോഴും പൊട്ടിച്ചിരിച്ചുപോകും.
രാഷ്ട്രീയക്കാരുടെ ഇഷ്ടം
അന്നും ഇന്നും സിനിമാല ആസ്വദിക്കുന്ന രാഷ്ട്രീയനേതാക്കളുണ്ട്. അതില്‍ പ്രധാനികള്‍ ലീഡര്‍ കെ.കരുണാകരന്റെ കുടുംബമാണ്. ഇക്കാര്യം മകള്‍ പത്മജാവേണുഗോപാല്‍ ശരിവയ്ക്കും.
''എന്തു തിരക്കുണ്ടെങ്കിലും അച്ഛന്‍ സ്ഥിരമായി സിനിമാലയ്ക്കായി അര മണിക്കൂര്‍ മാറ്റിവയ്ക്കാറുണ്ട്. പ്രോഗ്രാം കണ്ട് സ്വയം ചിരിക്കുന്ന അച്ഛനെ എത്രയോതവണ കണ്ടിട്ടുണ്ട്. ഒരാഴ്ച കാണാന്‍ മറന്നുപോയാല്‍ എന്തുകൊണ്ട് എന്നെ കാണിച്ചില്ലെന്ന് വഴക്കുപറയും.''
പക്ഷേ, സിനിമാലയുടെ ചുവടുപിടിച്ച് ചില കോമഡി പ്രോഗ്രാമുകളില്‍ പത്മജയെയും മുരളീധരനെയുമൊക്കെ വള്‍ഗറായി കാണിക്കാറുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുതെന്ന് പത്മജ ഞങ്ങളോടു പറയാറുണ്ട്.
'സിനിമാല' കാണാന്‍ പറ്റാതിരുന്നത് സഖാവ് മരിച്ച സമയത്തു മാത്രമാണെന്ന് ഇ.കെ.നായനാരുടെ ഭാര്യ ശാരദടീച്ചറും പറഞ്ഞിരുന്നു. നായനാര്‍ക്കും പ്രോഗ്രാം വളരെയിഷ്ടമായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം ഉമ്മന്‍ചാണ്ടി സാര്‍ സിനിമാലയ്‌ക്കൊപ്പമുണ്ടായിരുന്നു. 900-ാമത്തെ എപ്പിസോഡില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിക്കൊണ്ട് വിജയാഘോഷമെന്ന രീതിയിലാണ് ചിത്രീകരിച്ചത്. ഊഹിച്ചതുപോലെതന്നെ സംഭവിച്ചു. അദ്ദേഹം വിജയിച്ച് മുഖ്യമന്ത്രിയായി.
''സിനിമാല കാണാന്‍ സമയം കിട്ടാറില്ലെങ്കിലും ഓരോ തിങ്കളാഴ്ചയും ഞാന്‍ അന്വേഷിക്കും. ഞായറാഴ്ചത്തെ എപ്പിസോഡില്‍ ഞാനുണ്ടോ എന്ന്. ചിലപ്പോഴൊക്കെ ഫീല്‍ ചെയ്യാറുമുണ്ട്.''
ചിരിക്കിടയില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് ഉമ്മന്‍ചാണ്ടിസാര്‍ ഇങ്ങനെ പറഞ്ഞത്. ഒപ്പം സിനിമാലയുടെ പോപ്പുലാരിറ്റി വ്യക്തമാക്കുന്ന സംഭവം കൂടി അദ്ദേഹം പറഞ്ഞു. ഏതോ ചടങ്ങിനുപോയപ്പോള്‍ ഒരു കുട്ടി അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിവന്നു.
''സാറിന്റെ ഡാന്‍സ് ടി.വിയില്‍ കാണാറുണ്ട്. ഇപ്പോഴൊന്നു കാണിക്കാമോ?''
കുട്ടിയുടെ സംശയം കേട്ടപ്പോള്‍ അദ്ദേഹം പൊട്ടിപ്പൊട്ടിച്ചിരിച്ചു. അതിനുശേഷം കുട്ടിയുടെ ചെവിയില്‍ ആ സത്യം പറഞ്ഞു. ''ഡാന്‍സ് ചെയ്യുന്നത് ഞാനല്ല. സിനിമാലയിലെ രഘുവാണ്.''
ഒരിക്കല്‍ ഉഷാ ഉതുപ്പിനെ കളിയാക്കിക്കൊണ്ട് ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്തു. അതു കണ്ടശേഷം കൊല്‍ക്കത്തയില്‍ നിന്ന് അവര്‍ എന്നെ വിളിച്ചു. ''എന്നെ കളിയാക്കിയതൊക്കെ ഇഷ്ടപ്പെട്ടു. പക്ഷേ എനിക്കും സിനിമാലയില്‍ അഭിനയിക്കണം.''
ആ സമയത്ത് സമ്മതിച്ചെങ്കിലും അവരുടെ അഭിനയം ശരിയാവുമോ എന്ന സംശയം എനിക്കുണ്ടായിരുന്നു. പിന്നീട് കൊല്‍ക്കത്തയിലെ ഒരു ചടങ്ങില്‍ ഉഷാഉതുപ്പ് മന്ത്രിയായി വേഷം മാറിയെത്തി സദസിനെ ഞെട്ടിച്ച വാര്‍ത്ത വായിച്ചപ്പോള്‍ അത്ഭുതം തോന്നി. 666-ാമത്തെ എപ്പിസോഡിലാണ് അവരെ സസ്‌പെന്‍സായി അവതരിപ്പിച്ചത്. ഉഷാ ഉതുപ്പിന്റെ ഡ്യൂപ്പായി സാജു കൊടിയനും തമിഴ്‌നാട്ടിലെ മന്ത്രിയായി ഒറിജിനല്‍ ഉഷാഉതുപ്പും വന്നപ്പോള്‍ ആരും അവരെ തിരിച്ചറിഞ്ഞില്ല. ക്ലൈമാക്‌സിലാണ് ആ രഹസ്യം വെളിവാക്കിയത്. അതോടെ സിനിമാലയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളയി ദീദി മാറി. അവരെ സ്റ്റാര്‍ സിംഗറിന്റെ ജഡ്ജിംഗ് പാനലിലേക്ക് റക്കമന്റ് ചെയ്തതും ഞാനാണ്. ആയിരം എപ്പിസോഡിന്റെ ആഘോഷച്ചടങ്ങിനെത്തിയപ്പോള്‍ ദീദി പറഞ്ഞൊരു വാക്കുണ്ട്.
''സിനിമാലയ്ക്ക് വേണ്ടി എപ്പോള്‍ വിളിച്ചാലും ഞാന്‍ ഓടിയെത്തും. ദൂരെയാണെന്നു കരുതി എന്നെ വിളിക്കാതിരിക്കരുത്.''
അഭിനയിക്കാന്‍ ആഗ്രഹിച്ചവര്‍
'സിനിമാല'യില്‍ മുഖം കാണിക്കാന്‍ ആഗ്രഹിച്ച സിനിമാനടന്‍മാര്‍ ഒരുപാടുപേരുണ്ട്. അവര്‍ക്കെല്ലാം അവസരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഒരു എപ്പിസോഡില്‍ തന്നെ അഭിനയിപ്പിക്കണമെന്നു കാണിച്ച് ഒരിക്കല്‍ ശങ്കരാടിച്ചേട്ടന്‍ എനിക്കു കത്തെഴുതി. സുഖമില്ലാത്ത അവസ്ഥയിലും മുന്നൂറാം എപ്പിസോഡില്‍ അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ കഴിഞ്ഞു. രാജന്‍.പി.ദേവും ഇതേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ ആ മോഹം സാക്ഷാത്കരിക്കുന്നതിനു മുമ്പ് അദ്ദേഹം മരിച്ചു.
സിനിമാലയ്ക്കുള്ള വിഷയങ്ങള്‍ കണ്ടെത്തുന്നത് പത്രവാര്‍ത്തയില്‍ നിന്നാണ്. ചില വിഷയങ്ങള്‍ പ്രേക്ഷകര്‍ വിളിച്ചുപറയാറുണ്ട്. പക്ഷേ അതു പലപ്പോഴും പ്രാദേശികപ്രശ്‌നങ്ങളായിരിക്കും. അത്തരം വിഷയങ്ങള്‍ ആ നാട്ടിലുള്ളവര്‍ മാത്രമേ കാണുകയുള്ളൂ.
ആന്റണിയുടെ ഡ്യൂപ്പായി അഭിനയിക്കുന്ന രാജീവിനെ കണ്ടപ്പോള്‍ പ്രതിരോധമന്ത്രി സാക്ഷാല്‍ എ.കെ.ആന്റണി ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ.''ദയവായി എന്റെ പണി കളയിക്കരുത്.'' ആയിരം എപ്പിസോഡായപ്പോള്‍ ആന്റണി സാര്‍ ഞങ്ങളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചിരുന്നു. പക്ഷേ ചില അസൗകര്യങ്ങള്‍ കാരണം പോകാന്‍ കഴിഞ്ഞില്ല.
ഞാനൊരു സ്ത്രീ ആയതിനാല്‍ ലൊക്കേഷന്‍ കിട്ടാന്‍ എളുപ്പമാണ്. പൊതുവെ ആണുങ്ങള്‍ ചോദിച്ചാല്‍ കിട്ടില്ല. കളമശ്ശേരിയിലെ കള്ളുഷാപ്പിലും പാലാരിവട്ടത്തെ ബാറിലും മട്ടാഞ്ചേരിയിലെ ഗുണ്ടാ ഏരിയകളിലും സിനിമാല ഷൂട്ട് ചെയ്തിട്ടുണ്ട്. അവിടെയെല്ലാം സ്ത്രീയെന്ന രീതിയില്‍ ആദരവാണ് ലഭിച്ചിട്ടുള്ളത്. ഗുണ്ടാപ്രശ്‌നം സംബന്ധിച്ച എപ്പിസോഡ് ചിത്രീകരിക്കാന്‍ മട്ടാഞ്ചേരിയിലെത്തിയപ്പോള്‍ യഥാര്‍ഥ ഗുണ്ടകള്‍ ഒരുപാടു സഹായങ്ങള്‍ നല്‍കി. ഗുണ്ടകളുടെ സ്വഭാവരീതികള്‍ പറഞ്ഞുതന്നതും അവരാണ്. അവരെ കളിയാക്കുന്ന എപ്പിസോഡാണെന്ന് അറിഞ്ഞിട്ടുകൂടി സഹകരിച്ചു.
ആയിരം എപ്പിസോഡുകള്‍ സംവിധാനം ചെയ്ത സ്ഥിതിക്ക് ഇനി അഭിനയിച്ചുകൂടെയെന്നാണ് പലരും ചോദിക്കുന്നത്. പക്ഷേ ഷൂട്ട് ചെയ്യുന്നതിന്റെ ടെന്‍ഷനില്‍ അഭിനയിക്കാന്‍ കഴിയില്ല. എങ്കിലും ചില ചെറിയ സീനുകളില്‍ ഞാന്‍ വന്നുപോയിട്ടുണ്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട എപ്പിസോഡ് ചെയ്യാന്‍ തെരഞ്ഞെടുത്തത് പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനായിരുന്നു. വാളുമായി ഒരാള്‍ മറ്റൊരാളുടെ പിറകെ ഓടുന്നു. വെട്ടുന്നു. ചോരയൊലിച്ച ശരീരം റോഡില്‍ കിടക്കുന്നു. അതാണ് ചിത്രീകരിക്കേണ്ടത്. ഷൂട്ടിംഗിന്റെ കാര്യം ഞങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. അതിനാല്‍ നടുറോഡില്‍ വെട്ടിക്കൊല്ലുന്ന സീന്‍ ചിത്രീകരിച്ചു കഴിയുമ്പോഴേക്കും ട്രാഫിക് സിഗ്നല്‍ ഓഫായി. അഞ്ചു മിനുട്ടു കഴിയുന്നതിനു മുമ്പ് പത്തോളം പോലീസ് വാഹനങ്ങള്‍ ഹോണ്‍ മുഴക്കി ഞങ്ങള്‍ക്കു മുമ്പില്‍ വന്നുനിന്നു. ഞൊടിയിടയില്‍ പോലീസുകാര്‍ ചാടിവീണു. എല്ലാവരും ഭയന്നു. കാര്യം പറഞ്ഞപ്പോള്‍ പോലീസിന് ചമ്മലുണ്ടായെങ്കിലും അനുമതി വാങ്ങിക്കാത്തതിനാല്‍ അവര്‍ ഞങ്ങളെ സിറ്റി പോലീസ് കമ്മിഷണര്‍ക്കു മുമ്പില്‍ ഹാജരാക്കി. ഒടുവില്‍ ക്ഷമാപണം എഴുതിക്കൊടുത്തശേഷമാണ് വിട്ടത്.
ആയിരം എപ്പിസോഡുകള്‍ ചെയ്ത സ്ഥിതിക്ക് ഇനി ഒരു സിനിമ ചെയ്തുകൂടെയെന്ന് ചോദിച്ചപ്പോള്‍ ഡയാന സില്‍വസ്റ്റര്‍ ചിരിച്ചു.
''പത്തുവര്‍ഷം മുമ്പുതന്നെ സിനിമ ചെയ്യാനുള്ള ഓഫറുമായി പ്രൊഡ്യൂസര്‍മാര്‍ വന്നിരുന്നു. പക്ഷേ ഞാന്‍ തയാറായില്ല. ഇപ്പോഴും ആഗ്രഹമുണ്ട്. പക്ഷേ കമ്പനിയില്‍ നിന്ന് ലീവെടുത്തു പോകാന്‍ പറ്റില്ല. ഇപ്പോള്‍ മകനും ചോദിച്ചുതുടങ്ങിയിട്ടുണ്ട്, അമ്മയ്ക്ക് സിനിമ ചെയ്തുകൂടേയെന്ന്.''
ഫോട്ടോ: ശ്രീജിത്ത് ശ്രീധര്‍