വാദങ്ങളും വിവാദങ്ങളും പ്രതിവാദങ്ങളും ബാക്കിയാക്കി 2013 പടിയിറങ്ങുന്നു. കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ കലാരംഗങ്ങളില്‍ കൈമുദ്രചാര്‍ത്തിയ പലരും വാര്‍ത്തകളില്‍ ഇടംനേടി. കൂട്ടത്തില്‍ വാര്‍ത്തകളായ വനിതകളും ചെറുതല്ല. ആരുമല്ലായിരുന്ന ചിലര്‍ നിമിഷങ്ങള്‍കൊണ്ട് വാര്‍ത്തകളായപ്പോള്‍ പ്രശസ്തിയുടെ പടവുകളില്‍നിന്ന് കുപ്രസിദ്ധിയുടെ കുഴികളിലേക്ക് ചിലര്‍ കൂപ്പുകുത്തി. ചിലരുടെ കുടുംബരഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടായി. ഭരണകൂടത്തിന്റെ മറവില്‍ ചിലര്‍ തട്ടിപ്പിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി. ചിലരുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍. ചിലരുടെ ഒറ്റയാള്‍ പ്രതിഷേധങ്ങള്‍. ചിലരുടെ അനിഷേധ്യ നേട്ടങ്ങള്‍... 
കേരളത്തില്‍ പോയവര്‍ഷം ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിതാ നായര്‍. മുപ്പത്തി മൂന്നോളം കേസുകള്‍ സരിതക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കേരളത്തിലെ മന്ത്രിസഭ ഒന്നടങ്കം സരിതക്കൊപ്പം വിവാദത്തില്‍പ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, ഷിബു ബേബിജോണ്‍, പി കെ ജയലക്ഷ്മി, മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാര്‍, കേന്ദ്രമന്ത്രിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, ചില എം എല്‍ എമാര്‍... പട്ടിക അനന്തമായി നീളുന്നു. ഒടുവില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്ത അനുയായി ജോപ്പനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭ തലയൂരി. സോളാര്‍കേസില്‍ സരിതക്കൊപ്പംതന്നെ അറസ്റ്റിലായ ചലച്ചിത്ര,ടിവി താരം ശാലു മേനോന്‍ ആയിരുന്നു വാര്‍ത്തകളില്‍ ഇടംനേടിയ മറ്റൊരു വനിതാ സെലിബ്രിറ്റി. ഇവരുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത മന്ത്രിമാരായ കൊടിക്കുന്നില്‍ സുരേഷിന്റെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ചിത്രം മാധ്യമങ്ങള്‍ വാര്‍ത്തയാക്കി.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ തിരുവനന്തപുരം സ്വദേശിനി ഹരിത വി കുമാറാണ് പോയവര്‍ഷത്തെ വാര്‍ത്താതാരങ്ങളില്‍ ഒരാള്‍. ഹരിതയുടെ റാങ്ക് നേട്ടം കേരളമൊട്ടാകെ ആഘോഷിച്ചു. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കേ ഒറ്റയാള്‍ പ്രതിഷേധവുമായി മാധ്യമങ്ങളുടെ മുന്നിലെത്തിയ ചന്ദ്രശേഖരന്റെ ഭാര്യ രമയും വാര്‍ത്തകളില്‍ നിറഞ്ഞു. കണ്ണൂരിലെ മണല്‍ മാഫിയക്കെതിരെ ഒറ്റയാള്‍ സമരം നടത്തിയ ജസീറയാണ് മറ്റൊരു താരം. മൂന്നുമാസത്തോളം സെക്രട്ടേറിയറ്റ് നടയിലും പിന്നേട് ഡല്‍ഹിയിലും ജസീറ നടത്തിയ സമരം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
രാഷ്ട്രീയക്കാരെ പരിഹസിച്ച് കവിത എഴുതിയ എ ഡി ജി പി ബി സന്ധ്യ ഐ പി എസും പോയവര്‍ഷം വാര്‍ത്തകളില്‍ ഇടംതേടി. 2013ല്‍ കേരളത്തില്‍ സംഭവിച്ച രാഷ്ട്രീയ ചലനങ്ങളില്‍ ഒന്ന് കെ ബി ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതായിരുന്നു. ഗണേഷിനെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയും പിന്നേട് കോടതിയെ സമീപിച്ച് വിവാഹമോചനം നേടുകയും ചെയ്ത മുന്‍ഭാര്യ ഡോ.യാമിനി തങ്കച്ചിയും കുറച്ചുകാലം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. എം ബി ബി എസ് പ്രവേശന തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി കവിതാപിള്ളയാണ് വിവാദങ്ങളില്‍ നിറഞ്ഞ മറ്റൊരു വനിത.
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന മഞ്ജുവാര്യര്‍ സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ച വര്‍ഷമായിരുന്നു 2013. കല്യാണ്‍ ജൂവലേഴ്‌സിന്റെ പരസ്യത്തില്‍ മഞ്ജു മുഖം കാണിച്ചെങ്കിലും അവരെ നായികയാക്കി നിശ്ചയിച്ച പല പ്രോജക്ടുകളും മുടങ്ങി. അതോടെ 2013ല്‍ വെള്ളിത്തിരയിലേക്ക് തിരിച്ചുവരാമെന്ന മഞ്ജുവിന്റെ മോഹങ്ങള്‍ക്കും തിരിച്ചടിയായി. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ടുള്ള എല്‍ ഡി എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തെ ചോദ്യംചെയ്ത സന്ധ്യയെന്ന വീട്ടമ്മയാണ് പോയവര്‍ഷം ശ്രദ്ധേയയായ വനിതാതാരമെന്ന് പറയാതെ വയ്യ. സന്ധ്യയുടെ ഒറ്റയാള്‍ പ്രതിഷേധം കേരളം മുഴുവന്‍ ഏറ്റെടുത്തു. വീട്ടിലെ ഇരുണ്ട അടുക്കളചുമരുകള്‍ക്കുള്ളില്‍നിന്ന് രാജഹംസമേ എന്നഗാനം ആലപിച്ച് പിന്നേട് യൂട്യൂബിലൂടെ ശ്രദ്ധേയയായ ചന്ദ്രലേഖയാണ് പോയവര്‍ഷം കേരളം സമ്മാനിച്ച മറ്റൊരു അത്ഭുതം.