ബാങ്ക് ഉദ്യോഗസ്‌ഥയായിരുന്ന മിനു ഇഷ്‌ടം കൊണ്ടാണ് ഒരു ഭക്ഷണശാല തുടങ്ങിയത്. ഷേണായീസ് തിയേറ്ററിന്റെ എതിര്‍വശത്ത് മൂന്നു ചെറിയ മുറികള്‍. മുകളിലെ ഒരു മുറിയും താഴത്തെ ഒരെണ്ണവും അടുക്കളയാണ്. ബാക്കിയുള്ള ഒരു കുടുസ്സുമുറിയിലാണ് ആളുകള്‍ ഭക്ഷണം കഴിക്കാനെത്തുന്നത്. ഇരുന്ന് കഴിക്കാന്‍ സ്‌ഥലമില്ലെങ്കിലും ആളുകളുടെ തിരക്ക് കൂടുന്നു. അകത്ത് പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമാ ദൃശ്യങ്ങള്‍. നസീറും, സത്യനും, അടൂര്‍ഭാസിയും, ശാരദയും, ഷീലയുമൊക്കെ അഭിനയിച്ച സിനിമയിലെ ദൃശ്യങ്ങള്‍ ഫ്രെയിം ചെയ്‌ത് തൂക്കിയിരിക്കുന്നു.
എല്ലാം കൊണ്ടും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് അനുഭവം. അമ്മച്ചീസ് പഴങ്കഞ്ഞി, ചേട്ടായീസ് ഇറച്ചിക്കറി, പിടി- കോഴിക്കറി, പുട്ട്- നാടന്‍ കോഴിക്കറി, കപ്പ-മീന്‍കറി, കഞ്ഞി-പയര്‍, ഇടിയപ്പം-കടലക്കറി, പച്ചമുകളരച്ച ബീഫ്‌കറി, പത്തിരി, കൊത്തു പറോട്ട, ഷാപ്പ് മീന്‍കറി, കുരുമുളക് കരള്‍ ഫ്രൈ, ദം ബിരിയാണി.. സ്‌പെഷ്യല്‍ വിഭവങ്ങളുടെ നീണ്ട പട്ടിക. നാലുമണിപ്പലഹാരങ്ങളായ പഴംപൊരി, പരിപ്പുവട, കൊഴുക്കട്ട, ഉന്നക്കായ,വത്സന്‍, ഇറച്ചിപ്പത്തിരി ഉഴുന്നുവട... ഇതിന്റെ ലിസ്‌റ്റും നീളുന്നു.
"ഒരു ബിസിനസ്സ് തുടങ്ങുക എന്നത് ഒരു സ്വപ്‌നമായിരുന്നു. വീട്ടിലാര്‍ക്കും താത്‌പര്യമില്ലാത്തതു കൊണ്ട് അതു വിട്ടു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകാരനായ അമലുമായി പ്രണയിക്കുന്ന സമയത്ത് ഇൗ താത്‌പര്യത്തെ പറ്റി പറഞ്ഞിരുന്നു. വിവാഹശേഷമാണ് ബിസിനസ്സിനെ പറ്റി ചിന്തിക്കുന്നത്. സിറ്റി ബാങ്കിലെ ജോലി വിട്ടിട്ട് മത്സ്യവിഭവങ്ങള്‍ക്കുള്ള കട തുടങ്ങാന്‍ തീരുമാനിച്ചു. പക്ഷേ ഒരെണ്ണമായി തുടങ്ങിയാല്‍ അത് നിലനില്‍ക്കില്ല എന്നു പലരും പറഞ്ഞു. കൊച്ചിയില്‍ ഒരുപാട് ഭക്ഷണശാലകളുണ്ട്. എന്തെങ്കിലും പുതുമയോടെ തുടങ്ങിയാലേ ആളുകള്‍ക്ക് ഇഷ്‌ടപ്പെടു. അങ്ങനെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലോകത്തേക്ക് പോകാന്‍ തീരുമാനിച്ചു. പണ്ട് വീട്ടില്‍ ഉണ്ടാക്കിയിരുന്ന വിഭവങ്ങള്‍ ഇവിടെ പരീക്ഷിച്ചു.
പരീക്ഷണം വിജയിച്ചു എന്നു മാത്രമല്ല, കപ്പയും പുളിശ്ശേരിയും, തൈരും, ചമ്മന്തിയും, പച്ചമുളകും, ഉള്ളിയുമിട്ട പഴങ്കഞ്ഞിയൊക്കെ ആവശ്യപ്പെട്ട് ഇത്രയും ആളുകള്‍ എത്തുമെന്ന് ഓര്‍ത്തതേയില്ല. ആവശ്യമെങ്കില്‍ ഇതിനോടൊപ്പം മീന്‍കറിയും കൊടുക്കും. രാവിലെ എട്ടുമണി മുതല്‍ രാത്രി പന്ത്രണ്ട് മണി വരെ കടയുണ്ട്. ഒരു തവണ ഇവിടെ നിന്ന് കഴിച്ചവര്‍ കൂട്ടുകാരുമൊത്ത് പിന്നെയും പിന്നെയുമെത്തുന്നു. തിരക്കൊഴിഞ്ഞ് ഒരു സെക്കന്റ് പോലുമില്ല. പപ്പടവട എന്ന പേരും പഴയമയെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി തെരഞ്ഞെടുത്തതാണ്." പറഞ്ഞു തീര്‍ക്കാനുള്ള സമയം തരുന്നതിനു മുമ്പ് വീണ്ടും തിക്കും തിരക്കുമായി.