യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ അമൃത ആശുപത്രിയില്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് നഴ്സിങ് ജീവനക്കാര്‍ ആരംഭിച്ച സമരം രാത്രി വൈകിയും ശക്തമായി തുടരുന്നു. സമരം ഒത്തുതീരാന്‍ സാധ്യത തെളിഞ്ഞെങ്കിലും മാനേജ്മെന്റിന്റെ കടുംപിടിത്തം കാരണം ചില രാഷ്ട്രീയ നേതാക്കളുടെ മുന്‍കൈയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പൊളിയുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ദിപുവിനെ തൃശൂര്‍ ദയ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. ക്രൂരമായി ആക്രമിക്കപ്പെട്ട, സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ, ദിപുവിന്റെ ശസ്ത്രക്രിയക്കായി പരിക്കുകളോടെ ദയ ആശുപത്രിയില്‍ എത്തിയിരുന്നു.
ശസ്ത്രക്രിയക്കു ശേഷം കൈക്ക് വലിയ ബാന്‍ഡേജിട്ട്, കാലിലും മുഖത്തും മുറിവുകളോടെ , അമൃത ആശുപത്രിക്കുമുന്നില്‍ സമരം തുടരുന്ന സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേരാന്‍ പോവുന്നതിനിടെയാണ് ജാസ്മിന്‍ ഷായെ കണ്ടത്. പ്രമുഖ മാധ്യമങ്ങള്‍ മിക്കതും മറച്ചുവെച്ച കൊടിയ അക്രമണത്തിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ ജാസ്മിന്‍ നാലാമിടത്തോട് വെളിപ്പെടുത്തുന്നു:
അമൃത ആശുപത്രിക്കു മുന്നില്‍ നഴ്സിങ് ജീവനക്കാരുടെ സമരം. രാത്രി ദൃശ്യം.
അമൃത ആശുപത്രിയില്‍ ഗുണ്ടാ ആക്രമണത്തിനും നഴ്സിങ് സമരത്തിനും ഇടയാക്കിയ സംഭവങ്ങളുടെ തുടക്കം എങ്ങിനെയാണ്?
മിനിയാന്നാണ് പ്രശ്നങ്ങളുടെ തുടക്കം. നഴ്സിങ് ജീവനക്കാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ യൂനിറ്റ് പ്രസിഡന്റ് ശ്രീകുമാര്‍, ജോ.സെക്രട്ടറി ഷിബു എന്നിവരെ ആശുപത്രി അധികൃതര്‍ ജോലിയില്‍നിന്ന് പുറത്താക്കി. ഒരു കാരണവും പറയാതെ പെട്ടെന്നായിരുന്നു പുറത്താക്കല്‍.
എന്തിനാണ് അവരെ പുറത്താക്കിയത്?
അസോസിയേഷന്റെ യൂനിറ്റ് ഈ മാസം രണ്ടാം തീയതിയാണ് അമൃതയില്‍ ആരംഭിച്ചത്. ഇത്ര നാളും സംഘടന ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാജ്യമാകെയും കേരളത്തിലും പല ആശുപത്രികളിലും നഴ്സുമാര്‍ നടത്തുന്ന സമരങ്ങളുടെ പശ്ചാത്തലത്തില്‍, യൂനിറ്റ് വന്നത് മാനേജ്മെന്റ് ആശങ്കയോടെയാണ് കണ്ടത്. മറ്റെല്ലാ ആശുപത്രികളിലുമുള്ളത് പോലെ ഇവിടെയും ദയനീയമാണ് തൊഴില്‍ സാഹചര്യങ്ങള്‍. എതിര്‍പ്പുകള്‍ ഉണ്ടാവുമ്പോള്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും കടുത്ത ശിക്ഷാനടപടികള്‍ എടുക്കുകയുമാണ് പതിവ്. ആരും ചോദിക്കാനും പറയാനുമില്ലാത്ത സുഖസൌകര്യം അനുഭവിക്കുകയായിരുന്നു ഇത്രനാളും മാനേജ്മെന്റ്. അതിനിടെയാണ് യൂനിറ്റ് വരുന്നത്. ഇനി കാര്യങ്ങള്‍ മാറുമെന്ന് അവര്‍ക്ക് തോന്നിക്കാണണം. ഇതാണ് പുറത്താക്കലിന് പിന്നില്‍. ഇതറിഞ്ഞ് ഞങ്ങള്‍ ഇടപെട്ടു. അവിടെയുള്ള ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി കിട്ടിയതു കൊണ്ടാണ് പുറത്താക്കിയതെന്നായിരുന്നു മറുപടി. അന്വേഷിച്ചപ്പോള്‍ ആ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആ കുട്ടിയോട് അന്വേഷിച്ചപ്പോള്‍, ഇവരുമായി ചെറിയൊരു വാക് തര്‍ക്കം ഉണ്ടായി എന്നല്ലാതെ മറ്റൊരു സംഭവവും ഉണ്ടായിട്ടില്ല. എന്ന് പറഞ്ഞു. ആ കുട്ടി ഇക്കാര്യം ഞങ്ങള്‍ക്ക് എഴുതിത്തരുകയും ചെയ്തു. അതോടെ പരാതി പൊളിഞ്ഞു എന്ന് മാനേജ്മെന്റിന് മനസ്സിലായി.
ജാസ്മിന്‍ ഷാ
സംഘടനയെ ഇങ്ങനെ ഭയക്കാന്‍ മാത്രം അമൃതയിലെന്താണ് പ്രശ്നങ്ങള്‍. കാര്യങ്ങള്‍ അത്ര മോശമാണോ?
രാജ്യത്തെ അനേകം സ്വകാര്യ ആശുപത്രികള്‍ നഴ്സിങ് ജീവനക്കാരെ കൈകാര്യം ചെയ്യുന്നത് അതിക്രൂരമായാണ്. രണ്ടായിരം മൂവായിരം രൂപയാണ് ശമ്പളം . പത്തും പതിനെട്ടും മണിക്കൂര്‍ ജോലി. താമസ, ഭക്ഷണ സൌകര്യമടക്കം എല്ലാത്തിനും പ്രശ്നങ്ങള്‍. കടുത്ത തൊഴില്‍ പീഡനങ്ങളിലാണ് നഴ്സിങ് ജീവനക്കാര്‍. നിയമ വിരുദ്ധമായ ബോണ്ട് സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. ഒരു ലക്ഷം രൂപ വരെയാണ് ഇവര്‍ ബോണ്ട് വാങ്ങുന്നത്. മൂന്ന് വര്‍ഷം എന്തും സഹിച്ച് ജോലി ചെയ്യണമെന്ന ഉറപ്പാണിത്. ഈ കാലയളവില്‍ എന്ത് പീഡനം നടന്നാലും സഹിക്കണം. വിട്ടു പോവണമെങ്കില്‍ വന്‍ തുക ബോണ്ടായി നല്‍കണം. വന്‍തുക മുടക്കി കോഴ്സ് കഴിഞ്ഞുവരുന്ന കുട്ടികള്‍ക്ക് ഇത് എളുപ്പമല്ല. ഒഴിഞ്ഞു പോവുന്നവര്‍ക്ക് സര്‍ടിഫിക്കറ്റുകള്‍ അടക്കമുള്ളവ നിഷേധിക്കുകയും ചെയ്യും. മറ്റൊരിടത്തും ജോലി കിട്ടാത്ത അവസ്ഥയുമുണ്ടാക്കും. എന്തും സഹിച്ച് പിടിച്ചു നില്‍ക്കുകയോ മുംബൈയിലെ ബീന എന്ന സഹോദരി ചെയ്തതു പോലെ ആത്മാഹുതി നടത്തുകയോ ആണ് പ്രതിവിധി. ശക്തമായ തൊഴില്‍ സംഘടനകള്‍ ഇല്ലാതിരുന്നതും, എല്ലാം സഹിച്ച് പിടിച്ചു നില്‍ക്കാന്‍ തയ്യാറാവുന്നതുമാണ് ഈ പീഡനങ്ങള്‍ തുടരാന്‍ ഇടയാക്കിയത്. ഇതു തന്നെയാണ് ആശുപത്രി മാനേജ്മെന്റുകള്‍ ചൂഷണം ചെയ്യുന്നത്. സംഘടന വരുന്നത് ഇവര്‍ ഭയക്കുന്നതിന്റെ കാരണം ഇതു തന്നെയാണ്.
അമൃതയിലെ സംഭവങ്ങളിലേക്കു തന്നെ വരാം. പുറത്താക്കിയ ശേഷം എന്താണ് സംഭവിച്ചത്?
വിവരമറിഞ്ഞ ഉടന്‍ ഞങ്ങള്‍ അവിടെ ചെന്നു. വിവരം അന്വേഷിച്ചു. എച്ച്.ആര്‍ മാനേജര്‍ സ്ഥലത്തില്ല, പിറ്റേന്ന് വരും എന്ന് അസി. എച്ച്.ആര്‍ മാനേജര്‍ ഞങ്ങളോട് പറഞ്ഞു. എച്ച് ആര്‍ മാനേജര്‍ വന്നാല്‍ പുറത്താക്കല്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് അവര്‍ സമ്മതിച്ചു. സംഘടനയുടെ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവരെ അതിനായി പിറ്റന്ന് ആശുപത്രിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങള്‍ ആറ് പേര്‍ ഇന്നലെ ആശുപത്രിയില്‍ എത്തിയത്. ഞാന്‍ കൂടാതെ സംസ്ഥാന നേതാക്കളായ സുദീപ്, ഷിഹാബ്, നജീബ്, ബിബു പൌലോസ് എന്നിവരടക്കം ആറു പേരാണ് പോയത്.
അമൃത ആശുപത്രിക്കു മുന്നില്‍ നഴ്സിങ് ജീവനക്കാരുടെ സമരം. വൈകുന്നേരത്തെ ദൃശ്യം
അമൃതയിലെത്തിയപ്പോള്‍ എന്തായിരുന്നു പ്രതികരണം?
എച്ച്.ആര്‍ മാനേജര്‍ തന്നെ ഞങ്ങളെ വന്നു സ്വീകരിച്ചു. ചര്‍ച്ചകള്‍ക്ക് മാനേജ്മെന്റ് തയ്യാറാണെന്നും ചിരിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങളെ എച്ച്. ആര്‍ ഓഫീസ് നില്‍ക്കുന്നിടത്തേക്ക് കൂട്ടിക്കൊണ്ടു പോയി. വലിയൊരു ഇടനാഴിയായിരുന്നു അതിനു മുന്നില്‍. അങ്ങോട്ട് നടക്കുമ്പോള്‍ ഞങ്ങള്‍ക്കു പിറകെ കാവി മുണ്ടുടുത്ത കുറേ പേര്‍ കയറിവരുന്നുണ്ടായിരുന്നു. ഇടനാഴിയുടെ മറ്റേ അറ്റത്ത് കുറേ പേര്‍ നിന്നിരുന്നു. പെട്ടെന്ന് പുറകിലുള്ള ആളുകള്‍ ഞങ്ങള്‍ക്കടുത്തേക്ക് പാഞ്ഞടുത്തു. മുന്നില്‍നിന്നും ആളുകള്‍ വന്നു.
ഏതാണ്ട് എത്ര പേരുണ്ടായിരുന്നു സംഘത്തില്‍?
മുപ്പത്തഞ്ച് ഓളം ആളുകള്‍ ഉണ്ടായിരുന്നു. കൂടുതല്‍ പേരും കാവി മുണ്ടുടുത്തവര്‍. അവരുടെ കൈകളില്‍ ഇരുമ്പു കമ്പി, കമ്പിപ്പാര, ഇടിക്കട്ട, പട്ടിക കഷണം എന്നിവയൊക്കെ ഉണ്ടായിരുന്നു. പിറകില്‍നിന്നും മുന്നില്‍ നിന്നും ആളുകള്‍ വളഞ്ഞതോടെ ഞങ്ങള്‍ കുടുങ്ങി. ഇടനാഴിയാണ്. മുന്നിലും പിന്നിലും ആളുകള്‍. ഓടി രക്ഷപ്പെടാന്‍ കഴിയില്ല. എലിക്കെണി പോലെ. തൊട്ടു മുന്നില്‍ എച്ച്.ആര്‍ ഓഫീസാണ്. ഞങ്ങളെ അവിടെ എത്തിച്ച് എച്ച്.ആര്‍ മാനേജര്‍ അങ്ങോട്ട് പോയി. പിന്നെ, ഒരാളും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല.
എന്നിട്ട്?
അവര്‍ ഞങ്ങളെ വളഞ്ഞിട്ട് ആക്രമിച്ചു. 'തല്ലടാ' എന്നായിരുന്നില്ല ആക്രോശം. കൊല്ലടാ എന്നായിരുന്നു. അവര്‍ ഞങ്ങളെ ചവിട്ടി നിലത്തിട്ട് ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. ബിബുവിന്റെ തലക്കു നേരെയായിരുന്നു ആക്രമണം. അവന്റെ കാല്‍മുട്ട് അവര്‍ തല്ലിയൊടിച്ചു. കാലിന്റെ ചിരട്ട മൂന്ന് കഷണമായി. എന്റെ കൈയും കാലും അടിച്ചൊടിച്ചു. മറ്റുള്ളവര്‍ക്കും പൊതര മര്‍ദനമേറ്റു. കൊല്ലുക എന്നത് തന്നെ ആയിരുന്നു എന്നു തോന്നുന്നു അവരുടെ ലക്ഷ്യം. ഞങ്ങളെ നിലത്തൂടെ വലിച്ചിഴച്ച് അപ്പുറത്തെ പണി തീരാത്ത കെട്ടിടത്തിന് അടുത്തെത്തിച്ചു. അവിടെ വെച്ചാണ് ബിബുവിനെ മാരകമായി അക്രമിച്ചത്. തളര്‍ന്നു വീണ ഞങ്ങളെ അവര്‍ വീണ്ടും വീണ്ടും നിലത്തിട്ട് ചവിട്ടി. ഏതാണ്ട് പതിനഞ്ചു മിനിറ്റോളം നീണ്ടു ആക്രമണം. ചോരയില്‍ കുളിച്ചു കിടക്കുന്നവരെ നിലത്തു കൂടെ വലിച്ചിഴച്ച് അവര്‍ തന്നെ കാഷ്വാലിറ്റിയില്‍ എത്തിച്ചു. ഇതിനിടെ ഞങ്ങളിലൊരാളുടെ രണ്ട് പവന്റെ മാല അവര്‍ തട്ടിപ്പറിച്ചു. ബിബുവിന്റെ പുതിയ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. മോതിരവും വാച്ചും പഴ്സുമെല്ലാം അവര്‍ പിടിച്ചു പറിച്ചു.
അവിടെ നാട്ടുകാര്‍ ഒന്നുമുണ്ടായിരുന്നില്ലേ. നഴ്സുമാരും മറ്റും?
ചെറിയ ഇടനാഴി ആയിരുന്നു. എച്ച്.ആര്‍ ഡിപ്പാര്‍ട്മെന്റിന് മുന്നില്‍. അവിടെ ആളുകള്‍ കുറവായിരുന്നു. ഇത്രയും പേര്‍ വളഞ്ഞതിനാല്‍ ഉള്ളവര്‍ക്കുതന്നെ ഒന്നും കാണാനും കഴിയില്ല. നഴ്സുമാരോ മറ്റ് ജീവനക്കാരോ ഒന്നും ഇത് അറിയുന്നുണ്ടായിരുന്നില്ല. ഞങ്ങളെ വലിച്ചിഴച്ച് കാഷ്വാലിറ്റിയില്‍ എത്തിച്ചപ്പോഴാണ് അവര്‍ വിവരം അറിഞ്ഞത്.
കാഷ്വാലിറ്റിയില്‍ എത്തിയപ്പോള്‍ മാനേജ്മെന്റിന്റെ ആളുകളോ ജീവനക്കാരോ വന്നോ?
ഇല്ല. അക്രമി സംഘം കാഷ്വാലിറ്റിയില്‍ തന്നെ നിന്നു. അവര്‍ ഞങ്ങളെ ഏറെ നേരം ഭീഷണിപ്പെടുത്തി. കുടുംബമടക്കം കൊല്ലുമെന്നും മറ്റും. ഒരു സെക്യൂരിറ്റിക്കാരനും അവര്‍ക്കെതിരെ വന്നില്ല. ഒരു മാനേജ്മെന്റുകാരും വന്നില്ല. ആരൊക്കെയാണ് ആശുപത്രിക്കാര്‍ ആരൊക്കെയാണ് ജീവനക്കാര്‍ എന്നു പോലും മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഞങ്ങളെ അവിടെ അഡ്മിറ്റ് ചെയ്തു. എന്നാല്‍, ആശുപത്രിക്കാര്‍ തന്നയാണ് ഞങ്ങളെ ബോധപൂര്‍വം ആക്രമിച്ചതെന്നും അവിടെ കിടക്കാന്‍ പറ്റില്ലെന്നും ഞങ്ങള്‍ പറഞ്ഞു. അക്രമികള്‍ ചുറ്റും നില്‍ക്കുമ്പോള്‍ ആ ആശുപത്രിക്കാരെ എങ്ങനെ ഞങ്ങള്‍ വിശ്വസിക്കും.
സമരത്തിനിടയിലെ ദൃശ്യം.
ജീവനക്കാരൊന്നും സഹായത്തിന് വന്നില്ലേ?
നഴ്സുമാരൊക്കെ വന്നു. എല്ലാവരും ഭീതയിലായിരുന്നു. ഞങ്ങളെ അവര്‍ പെട്ടെന്ന് തന്നെ പരിചരിച്ചു. ഞങ്ങള്‍ക്കു ചുറ്റും അവര്‍ നിന്നു. ജീവനക്കാര്‍ അറിഞ്ഞറിഞ്ഞു വന്നു കൊണ്ടിരുന്നു. ഡിസ് ചാര്‍ജ് വേണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ അനുവദിച്ചില്ല. ഈ സാഹചര്യത്തില്‍ പോവാന്‍ പറ്റില്ലെന്നായിരുന്നു നിലപാട്. അക്രമി സംഘം ഈ സമയത്തെല്ലാം ആക്രോശിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഞങ്ങള്‍ കിടന്ന സ്ഥലത്തെ രോഗികളെയെല്ലാം അവര്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തുടങ്ങി. മറ്റുള്ളവരെ മറ്റിടങ്ങിടങ്ങളിലേക്ക് മാറ്റി ഞങ്ങളെ തനിച്ചാക്കാനായിരുന്നു പരിപാടി. ഇതിന്റെ പിന്നിലെ അപകടം മനസ്സിലായതോടെയാണ് ഞങ്ങള്‍ വിവരം പുറത്തറിയിച്ചത്. ഡി.വൈ.എഫ്ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് പാഞ്ഞെത്തിയപ്പോഴാണ് അക്രമികള്‍ ആക്രോശം കുറച്ചത്. ഞങ്ങളെ പെട്ടെന്ന് തന്നെ മാറ്റണമെന്ന് ഡി.വൈ.എഫ.്ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ആദ്യ സമ്മതിച്ചില്ലെങ്കിലും ആശുപത്രിക്കാര്‍ പിന്നെ വഴങ്ങി. എന്നാല്‍ ഞങ്ങള്‍ക്ക് പോവാന്‍ അവര്‍ ആംബുലന്‍സ് അനുവദിച്ചില്ല. ആംബുലന്‍സ് ഇല്ലെന്നായിരുന്നു നിലപാട്. എങ്ങനെയോ ഞങ്ങളെ അവര്‍ സഹകരണ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ബിബുവിന് അടിയന്തിര ശസ്ത്രക്രിയ വേണമായിരുന്നു. കാലിന്റെ ചിരട്ട മൂന്നായി മുറിഞ്ഞു. അതിനാണ് തൃശൂരിലെ ദയ ആശുപത്രിയില്‍ എത്തിച്ചത്. ഇപ്പോള്‍ അവന്റെ ശസ്ത്രക്രിയ നടന്നു. ഞങ്ങളെ കൊണ്ടുവരുമ്പോള്‍ ആക്രോശവുമായി അക്രമികള്‍ തടയാന്‍ വന്നു. അവിടെയെത്തിയ പൊലീസുകാര്‍ വിരട്ടിയോടിച്ചതിനെ തുടര്‍ന്നാണ് അവര്‍ പോയത്.
മറ്റ് നഴ്സുമാരൊക്കെ ഇതറിഞ്ഞില്ലേ. പ്രതിഷേധമുണ്ടായില്ലേ?
വിവരം അറിഞ്ഞ ഉടന്‍ ആശുപത്രിയിലെ നഴ്സിങ് ജീവനക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ആശുപത്രിക്കു മുന്നില്‍ സമരം ആരംഭിച്ചു. മറ്റിടങ്ങളില്‍നിന്നും നഴ്സിങ് ജീവനക്കാര്‍ അങ്ങോട്ട് വന്നു. ഇപ്പോള്‍ കേരളത്തിലെ മറ്റ് ആശുപത്രികളില്‍നിന്നും നഴ്സുമാര്‍ അങ്ങോട്ട് വന്നു കൊണ്ടിരികകയാണ്.
ഇവിടെ, ഡ്രസ്സ് ചെയ്ത് കഴിഞ്ഞ് അധികനേരം ആശുപത്രിയില്‍ കിടക്കാന്‍ നില്‍ക്കാതെ ഞങ്ങളും വീണ്ടും സമരത്തിലേക്ക് ഇറങ്ങുകയാണ്. സുദീപും മറ്റും ഇപ്പോള്‍ തന്നെ സമരരംഗത്തുണ്ട്. ബിബുവിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ഞാനും അങ്ങോട്ട് പോവുകയാണ്.
സമരക്കാരെ സന്ദര്‍ശിക്കാനെത്തിയ പി.രാജീവ് എം.പി
മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ കാര്യമായി ഇപെടുന്നില്ലല്ലോ?
എല്ലാ മാധ്യമങ്ങളും വിവരമറഞ്ഞ് അവിടെ എത്തിയിരുന്നു. ചാനലുകാരും വന്നു. എന്നാല്‍, കാര്യമായ റിപ്പോര്‍ട്ടുകളാന്നും ഉണ്ടായില്ല. മുംബൈയിലും ദല്‍ഹിയിലും സമരം നടന്നപ്പോള്‍ കാട്ടിയ താല്‍പ്പര്യം പോലും പല മാധ്യമങ്ങളും കാണിക്കുന്നില്ലെന്നു തോന്നുന്നു. എന്തോ ചെറിയ കാര്യം പോലെ വാര്‍ത്ത ഒതുക്കുകയാണ്. മാധ്യമത്തിലും ദേശാഭിമാനിയിലും മാത്രമാണ് കാര്യമായി വാര്‍ത്ത വന്നത്.
സംഭവമറിഞ്ഞ് വി.ആര്‍ കൃഷ്ണയ്യര്‍, പി.രാജീവ് എം.പി, എം.സി ജോസഫൈന്‍ എന്നിവരെല്ലാം ഞങ്ങളെ കാണാന്‍ എത്തിയിരുന്നു. സമരം തുടങ്ങിയപ്പോള്‍ ഹൈബി ഈഡന്‍ എം.എല്‍.എയും വന്നുവെന്നറിഞ്ഞു. ഇപ്പോള്‍ അവിടെ ആരൊക്കെ ഉണ്ടന്നും എന്താണ് അവസ്ഥയെന്നും കൃത്യമായി അറിയയില്ല.
അമൃത ആശുപത്രിക്കു മുന്നില്‍ നഴ്സിങ് ജീവനക്കാരുടെ സമരം. വൈകുന്നേരത്തെ ദൃശ്യം
സമരത്തോട് ആശുപത്രി മാനേജ്മെന്റിന്റെ നിലപാട് എന്താണ്?
ഒരു ചര്‍ച്ചക്കുമില്ല എന്നാണ് അവരുടെ നിലപാട്. സമരത്തിനു വന്ന, പുറത്തുള്ള നഴ്സിങ് ജീവനക്കാര്‍ എല്ലാവരും പോവണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അവിടെയുള്ള നഴ്സുമാരുമായി മാത്രമേ ചര്‍ച്ചയുള്ളൂ എന്നും അവര്‍ വാശി പിടിക്കുന്നു. അമൃതാനന്ദമയിയുടെ പേരിലുള്ള സ്ഥാപനമാകയാല്‍ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം മൌനം പാലിക്കുമെന്ന വിശ്വാസമാണെന്ന് തോന്നുന്നു മാനേജ്മെന്റിന്. എല്ലാവരും നിശãബ്ദത പാലിക്കുമ്പോള്‍ സമരം അടച്ചമര്‍ത്താമെന്നും അവര്‍ വ്യാമോഹിക്കുന്നു. എന്നാല്‍, ഞങ്ങള്‍ പിന്തിരിയാന്‍ തയ്യാറല്ല. മര്‍ദ്ദനങ്ങള്‍ക്ക് നിശãബ്ദമാക്കാന്‍ കഴിയാത്തത്ര ഗുരുതരമാണ് ഞങ്ങളുടെ പ്രശ്നങ്ങള്‍. പൊതുസമൂഹം അടിയന്തിരമായി ഈ പ്രശ്നത്തില്‍ ഇടപെടണമെന്നും കേരളത്തിന്റെ സമൂഹ മനസ്സ് ഞങ്ങള്‍ക്കാപ്പം നില്‍ക്കണം എന്നുമാണ് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്. ഓണ്‍ലൈന്‍ സമൂഹത്തിന് ഇക്കാര്യത്തില്‍ ഒരു പാട് ചെയ്യാന്‍ കഴിയും
അവസാനമായി കിട്ടിയ വിവരം: 11. 35
ചില രാഷ്ട്രീയ നേതാക്കളുടെ മുന്‍കൈയില്‍ നടന്ന ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍ക്കാന്‍ വഴി തെളിഞ്ഞെങ്കിലും മാനേജ്മെന്റിന്റെ കടുംപിടിത്തം കാരണം ശ്രമം പൊളിഞ്ഞു. ഇതിനെ തുടര്‍ന്ന്, സമരം ശക്തമായി തുടരാന്‍ സമര സമതി തീരുമാനിച്ചു. അര്‍ധ രാത്രിയിലും സമരം തുടരുകയാണ്. കാലത്തുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ അസോസിയേഷന്‍ നേതാക്കള്‍ പോലും ആശുപത്രി കിടക്കയില്‍നിന്ന് സമര രംഗത്ത് എത്തിയിട്ടുണ്ട്.