ചോളസാമ്രാജ്യത്തിലേക്ക്, കാളവണ്ടിയില്‍
A.P.Abdullakutty, K.C.Venugopal, A.P.Anilkumar. Text: O R Ramachandran, Photos: Madhuraj
ചെട്ടിനാട്. നാട്ടുകോട്ടകളുടെ പുരാതനദേശം. ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, എ പി അബ്ദുള്ളക്കുട്ടി എം.എല്‍.എ എന്നിവര്‍, നടന്നും കാളവണ്ടിയിലും സൈക്കിളിലുമായി അവിടേക്കു നടത്തിയ യാത്ര
ഫോട്ടോ: മധുരാജ് |
അതാ, അതാണ് ആയിരം ജനലുള്ള വീട്. അപ്പുറത്ത് അഞ്ഞൂറു തൂണുകളുള്ള വീട്. ഇതാണ് 300 മുറികളുള്ള വീട്. ആ വീടിന് 40000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. ഈ തെരുവിനപ്പുറത്ത് കൊട്ടാരം പോലെ കാണുന്നതാണ് ചിദംബരത്തിന്റെ അമ്മവീട്. ഇത് രാമസ്വാമി ചെട്ടിയാരുടെ പിതാമഹര്‍ പണിത രാജമന്ദിരം. കാനാടുകാത്താന്‍ കോവിലാണ് അത്. ദൂരെ, മലമുകളില്‍ ഒരു പൊട്ടു പോലെ കുന്നക്കുടി ക്ഷേത്രം. വരിഞ്ഞുമുറുക്കിയ വയലിനിലെന്ന പോലെ മലയുടെ ഉച്ചസ്ഥായികളിലേക്ക് വൈദ്യുതക്കമ്പികളുടെ ആരോഹണം.
ചെട്ടിനാട്ടെ കയറ്റിറക്കങ്ങളില്ലാത്ത ചെമ്മണ്‍തെരുവുകളിലൂടെ കാളവണ്ടി സഞ്ചരിച്ചു കൊണ്ടിരുന്നു. ഈ തെരുവുകളിലൂടെ പണ്ട് പ്രതാപികളായ ചെട്ടിയാര്‍മാര്‍ ഇങ്ങിനെ സഞ്ചരിക്കുമായിരുന്നു. ഇതു പോലെ വില്ലുവെച്ച കാളവണ്ടിയില്‍. മുന്നിലും പിന്നിലും സേവകര്‍ ആയുധവുമായി അനുഗമിക്കും. മട്ടുപ്പാവുകളില്‍ തൂവാല വീശിയും കടക്കണ്ണെറിഞ്ഞും പെണ്‍കൊടിമാര്‍ നില്‍ക്കും.
ഇപ്പോള്‍ ജനനായകരുടെ ഈ യാത്ര കാണാന്‍ ചെട്ടിനാട്ടിലെ വെണ്‍മാടങ്ങളുടെ മട്ടുപ്പാവില്‍ ആരുമില്ല. തെരുവുകളില്‍ ആരവം മുഴക്കുന്ന ജനക്കൂട്ടമില്ല. ശുദ്ധശൂന്യതയില്‍ ലയിച്ചു നില്‍ക്കുന്ന ഗ്രാമം. പാതക്കിരുവശവും മൗനം പുതച്ചു നില്‍ക്കുന്ന മഹാസൗധങ്ങള്‍. കമാനങ്ങളും ഗോപുരങ്ങളും കാവല്‍ നില്‍ക്കുന്ന വെണ്‍മാടങ്ങള്‍. നിവര്‍ത്തിയ വെണ്‍കൊറ്റക്കുട പോലെ മുകളില്‍ ആകാശം. പൊടുന്നനെ നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഏതോ ചോളരാജാവിന്റെ കൊട്ടാരത്തെരുവിലേക്ക് എടുത്തെറിയപ്പെട്ട പോലെ.
ഒഴിഞ്ഞ വീഥിയില്‍, പഴയൊരു കാളവണ്ടിയില്‍, സഞ്ചാരികളായി അവര്‍. മൂന്നു ജനപ്രതിനിധികള്‍. കേരളത്തില്‍ നിന്നുള്ള മൂന്നു യുവനേതാക്കള്‍. വണ്ടൂര്‍ നിന്ന് എ. പി. അനില്‍കുമാര്‍, ആലപ്പുഴ നിന്ന് കെ. സി. വേണുഗോപാല്‍, കണ്ണൂരു നിന്ന് ഏ.പി. അബ്ദുള്ളക്കുട്ടി. വാഹനങ്ങളോ അകമ്പടിയോ പരിവാരങ്ങളോ ഇല്ല, കാളവണ്ടിയിലും സൈക്കിളിലും കാല്‍നടയായുമുള്ള സഞ്ചാരം. വ്യത്യസ്തമായ അനുഭവങ്ങള്‍ തേടി, ചരിത്രവിദ്യാര്‍ഥികളായി, കാല്‍പ്പനികരായി ചെട്ടിനാട്ടിലെ തെരുവുകളിലൂടെ, തമിഴ് സംസ്‌കൃതിയുടെ തീര്‍ഥങ്ങളിലൂടെ, സംഗീതവും സാഹിത്യവും നൃത്തവും ശില്‍പ്പങ്ങളും പൂത്തുലഞ്ഞ കാവേരിയുടെ കരയിലൂടെ -പ്രാക്തനമായ ഒരു വ്യവസ്ഥിതിയുടെ വേരുകള്‍ തേടി ഒരു യാത്ര.
നേരം പുലരുന്നേയുള്ളൂ. പാളി വീഴുന്ന ഇളംവെയിലില്‍ പാതി മുറിഞ്ഞ ഒരു സ്വപ്നം പോലെ തെളിഞ്ഞുവരുന്ന ചെട്ടിനാട്. കാലം സ്തംഭിച്ചു നില്‍ക്കുന്ന തെരുവില്‍ അവരെയും വഹിച്ച് അലക്ഷ്യമായി നീങ്ങുന്ന കാളവണ്ടി. യാത്രക്ക് അകമ്പടിയായി കുടമണികളുടെയും കുളമ്പടിയുടെയും ശബ്ദം മാത്രം.
മാതൃഭൂമി യാത്രക്കു വേണ്ടി ഒരു യാത്ര വാഗ്ദാനം ചെയ്യപ്പെട്ടപ്പോള്‍ ചെട്ടിനാട് മതിയോ എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. കാളവണ്ടിയുടെ താളത്തില്‍ കുലുങ്ങി മുന്നോട്ടു നീങ്ങുമ്പോള്‍ അനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ ഇവിടെ വന്നപ്പോഴാണ് അമ്പരന്നു പോയത്. തമിഴ്‌നാട്ടിലെ ഒട്ടു മിക്ക പ്രദേശങ്ങളും ഞാന്‍ പോയിട്ടുണ്ട്. എന്നാല്‍ ഇതുപോലൊരു സ്ഥലം മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല. ഇങ്ങിനെ ഒരേ സമയം നിങ്ങളെ അത്ഭുതപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്ന ഒരു കാഴ്ച ലോകത്ത് ചെട്ടിനാട്ടില്‍ മാത്രമേ ഉണ്ടാവൂ. കുട്ടിക്കാലത്തു വായിച്ചിട്ടുള്ള അമര്‍ ചിത്രകഥകളുടെ പേജിലേക്ക് പൊടുന്നനെ വന്നു വീണതു പോലെ.
അതെല്ലാവരും ശരി വെച്ചു. കെട്ടിടങ്ങളില്‍ നിന്നു കെട്ടിടങ്ങളിലേക്കു സഞ്ചരിക്കുമ്പോള്‍ കണ്ടതിനേക്കാള്‍ വലുതാണ് ഓരോ കെട്ടിടവുമെന്നു തോന്നും. പണ്ടിതൊരു ജനപദമായിരുന്നു. വീഥികള്‍ക്കു പിന്നാലെ വീഥികള്‍. വീഥിക്കിരുവശവും തിങ്ങിനിറഞ്ഞ് കോട്ടകൊത്തളങ്ങള്‍ പോലെ ചെട്ടിയാര്‍ ഭവനങ്ങള്‍. ആയിരം ജനലുകളും ആന പിടിച്ചാല്‍ പോരാത്ത തൂണുകളുമുള്ള വീടുകള്‍. നീണ്ടു നീണ്ടു പോകുന്ന ഇടനാഴികളും നാലും എട്ടും പതിനാറും നടുമുറ്റങ്ങളും മരത്തിന്റെ കാടെന്നു തോന്നിക്കുന്ന മണ്ഡപങ്ങളുമൊക്കെ ഓരോ വീട്ടിലും. ബര്‍മ്മിങ്ഹാമില്‍ നിന്നു കൊണ്ടു വന്ന തേക്കുതൂണുകള്‍, ഫ്ലോറന്‍സില്‍ നിന്നു കൊണ്ടു വന്ന കണ്ണാടിച്ചുമരുകള്‍, മലേഷ്യയില്‍ നിന്നു കൊണ്ടു വന്ന മാര്‍ബിള്‍ തറകള്‍, വാരണാസിയില്‍ നിന്നെത്തിയ ശില്‍പ്പികള്‍ തീര്‍ത്ത മിനാകാരി ചിത്രകവാടങ്ങള്‍, പൂംപുഹാറിലും നാഗപട്ടണത്തും കപ്പലില്‍ കൊണ്ടുവന്നിറക്കിയ അടിമകളുടെ ചോരയും വിയര്‍പ്പും പുരണ്ട കുംഭഗോപുരങ്ങള്‍.. ഓരോ വീടും ഓരോ ചരിത്രസത്യമാവുന്ന ഈ കാഴ്ച ചെട്ടിനാട്ടില്‍ മാത്രമേ കാണൂ.
ഒപ്പം ഒരു വലിയ സത്യവും ചെട്ടിനാട് പഠിപ്പിക്കും. അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. എല്ലാ സാനമ്രാജ്യങ്ങളെയും കടലെടുക്കുമെന്ന സത്യം.
അറിയുക, കടലെടുത്ത നഗരം പോലെ നില്‍ക്കുന്ന, ചെട്ടിനാട് ഇന്ന് ഒരു പരിത്യക്തനഗരമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇത് ഇന്ത്യയിലെ വെനീസായിരുന്നു. അത്ഭുതസൗധങ്ങളുടെയും വ്യാപാരത്തിന്റെയും നാട്ടുകോട്ട. ധനികരും പ്രമാണിമാരുമായ ചെട്ടിയാര്‍മാരും അവരുടെ കൂട്ടങ്ങളും ചേര്‍ന്നു പണിത വിസ്മയനഗരം. ഈ നഗരത്താര്‍മാര്‍ (ചെട്ടിയാര്‍മാര്‍) ആയിരുന്നു പാണ്ഡ്യരാജാവിന്റെ സാമ്പത്തികശക്തി. ലോകമെങ്ങും സഞ്ചരിച്ച് അവര്‍ കച്ചവടം ചെയ്തു. പണം വാരിക്കൂട്ടി. വലിയ നാട്ടുക്കോട്ടകള്‍ കെട്ടി. ഓരോ ചെട്ടിയാര്‍ ഭവനവും ഓരോ പാണ്ഡ്യരാജധാനിയായിരുന്നുവത്രെ. പിന്നീടെപ്പോഴോ അവര്‍ പാണ്ഡ്യരാജാവുമായി തെറ്റി. അപ്പോള്‍ ചോളന്മാര്‍ അവരെ ക്ഷണിച്ചുവരുത്തി കുടിയിരുത്തി. കാരൈക്കുടിയിലും പരിസരത്തുമുള്ള 75 ഗ്രാമങ്ങളിലായി അവരുടെ സാനമ്രാജ്യം പടര്‍ന്നു പന്തലിച്ചു. ചെട്ടിനാടെന്ന് അതു പിന്നീട് ചരിത്രത്തില്‍ അറിയപ്പെട്ടു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ബര്‍മ്മയിലും സിംഗപ്പൂരുമുള്ള ചെട്ടിയാര്‍മാരുടെ ബിസിനസ് സാനമ്രാജ്യങ്ങളെല്ലാം തകര്‍ന്നു. അതോടെ ചെട്ടിനാടിന്റെ പ്രൗഢി മങ്ങാന്‍ തുടങ്ങി. ക്രമേണ അവരുടെ സ്ഥിതി ക്ഷയിച്ചു. തൊഴില്‍ തേടി പല നാടുകളിലേക്ക് അവര്‍ നാടു വിടാന്‍ തുടങ്ങി. ഇവിടെ താമസിക്കാന്‍ ഇന്ന് ചെട്ടിയാര്‍മാരുടെ പുതുതലമുറക്കു താല്‍പ്പര്യമില്ല. അവരെല്ലാം അമേരിക്കയിലോ മറ്റു മഹാനഗരങ്ങളിലോ ആണ്. അഞ്ഞൂറും മുന്നൂറും മുറികളുള്ള നൂറു കണക്കിനു കൊട്ടാരങ്ങള്‍ പാര്‍ക്കാനാളില്ലാതെയും നോക്കാനാളില്ലാതെയും ഏകാന്തമൗനത്തില്‍ ആണ്ടു കിടക്കുന്നു. സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ശില്‍പ്പ വിസ്മയങ്ങളായി ആ നാട്ടുകോട്ടകള്‍ നിലനില്‍ക്കുന്നു. അവയെ വലംവെച്ചു തൊഴാന്‍ വന്ന തീര്‍ഥാടകരെപ്പോലെ സഞ്ചാരികളായ നേതാക്കള്‍ തെരുവുകളിലൂടെ മുന്നോട്ടു നീങ്ങി.
ചോളസാമ്രാജ്യത്തിലേക്ക്, കാളവണ്ടിയില്‍
A.P.Abdullakutty, K.C.Venugopal, A.P.Anilkumar. Text: O R Ramachandran, Photos: Madhuraj
കാളവണ്ടി തെളിക്കുന്നത് വേണുഗോപാലാണ്. ശ്രീകണ്ഠാപുരത്തെ നാട്ടിടവഴികളിലൂടെ കാളവണ്ടിക്കു പുറകെ പാഞ്ഞ ബാല്യത്തിന്റെ ഓര്‍മ്മകളില്‍ വേണു കാളകളെ സമര്‍ഥമായി തെളിച്ചു കൊണ്ടിരുന്നു. ഈ കാളവണ്ടി യാത്ര വലിയൊരനുഭവം തന്നെ. വേണുഗോപാല്‍ പറഞ്ഞു. ചെട്ടിനാട് ഒരു വിനോദസഞ്ചാരകേന്ദ്രമാണെന്നാണ് യാത്രക്കു മുമ്പ് ഞാന്‍ കരുതിയത്. ഇത്ര വലിയൊരു സംസ്‌കൃതിയുടെ തറവാടാണ് ഇതെന്ന് എനിക്കറിയില്ലായിരുന്നു. അദ്ഭുതമെന്തെന്നാല്‍ നമ്മെപ്പോലെ ധാരാളം സഞ്ചരിക്കുന്നവര്‍ പോലും ഈ സ്ഥലം കണ്ടിട്ടില്ല. നമ്മള്‍ എത്തിയിരിക്കുന്ന കാനാടുകാത്താന്‍ എന്ന ഈ സ്ഥലം ചെട്ടിനാട്ടിലെ 75 ഗ്രാമങ്ങളില്‍ ഒന്നു മാത്രമാണത്രെ. കാരൈക്കുടിയും അതിനു ചുറ്റുമുള്ള ശിവഗംഗ ജില്ലയിലെ ഗ്രാമങ്ങളും ചേര്‍ന്ന ചെട്ടിനാട്ടിലെ ഓരോ ഗ്രാമവും ഇതുപോലെയാണെന്ന്! എത്ര പേര്‍ ഇതു കണ്ടിട്ടുണ്ട്? മാച്ചുപിച്ചുവിനെക്കുറിച്ചൊക്കെ നമ്മുടെ കുട്ടികളെ പഠിപ്പിക്കും. പക്ഷെ ചെട്ടിനാടിനെക്കുറിച്ച് നമുക്കറിഞ്ഞുകൂടാ. ഇത് ശരിക്കും വേള്‍ഡ് ഹെറിറ്റേജ് സൈറ്റായിത്തന്നെ സൂക്ഷിക്കപ്പെടേണ്ട സ്ഥലമാണ്. ഈ ചരിത്രമൊക്കെ കുട്ടികള്‍ പഠിക്കണം.
അതു മാത്രം പോരാ, ചെട്ടിനാട്ടില്‍ നിന്ന് മറ്റൊന്നു കൂടി നമ്മള്‍ പഠിക്കണം. അബ്ദുള്ളക്കുട്ടി പറഞ്ഞു. അന്നത്തെ ചെട്ടിയാര്‍മാരുടെ കഥക്കും ഇന്നത്തെ മലയാളിയുടെ അവസ്ഥയ്ക്കും തമ്മിലുള്ള സാമ്യം. ബര്‍മ്മയിലും സിംഗപ്പൂരിലുമൊക്കെ പോയി കാശുണ്ടാക്കിയ ചെട്ടിയാര്‍മാര്‍ അതൊക്കെ വലിയ കൊട്ടാരങ്ങള്‍ കെട്ടി തുലച്ചു കളഞ്ഞു. ഇന്നു മലയാളി ഗള്‍ഫില്‍ പോയി വെയില്‍കൊണ്ടു നേടുന്ന കാശു കൊണ്ട് കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍ കെട്ടുകയാണ്. അന്നത്തെ ചെട്ടിയാര്‍മാരെപ്പോലെ ഇവര്‍ക്കും തിരിച്ചു വരേണ്ട സാഹചര്യമുണ്ടായാല്‍ കേരളവും ഇതുപോലെ കെട്ടിടങ്ങളുടെ ഒരു ശവപ്പറമ്പാവില്ലേ? ആരും ഉത്തരം പറഞ്ഞില്ല.
തലേന്നു രാത്രി ഏറെ വൈകിയാണ് ചെട്ടിനാട്ടെത്തിയത്. ചെട്ടിനാട് മാന്‍ഷനിലായിരുന്നു താമസം. കാനാടുകാത്താനിലാണ് ചെട്ടിനാട് മാന്‍ഷനെന്ന കൊട്ടാരസദൃശമായ മഹാസൗധം. കാരൈക്കുടിയില്‍ നിന്ന് പത്തു കിലോമീറ്റര്‍ ദൂരമേയുള്ളൂ കാനാടുകാത്താനിലേക്ക്. അവിടെയാണ് 45 വര്‍ഷത്തോളം ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ജനറല്‍ മാനേജരായിരുന്ന ചന്ദ്രമൗലി ചെട്ടിയാരുടെ കുടുംബവീട്. 111 മുറികളും മൂന്നു നടുമുറ്റങ്ങളും 40000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണവും 106 വര്‍ഷം പഴക്കവുമുള്ള തന്റെ കുടുംബവീട് ചന്ദ്രമൗലി പഞ്ചനക്ഷത്രസൗകര്യങ്ങളുള്ള ഹോട്ടലാക്കി. ഇന്ന് വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട താമസസ്ഥലങ്ങളിലൊന്നാണ് ചെട്ടിനാട് മാന്‍ഷന്‍ എന്ന ഈ ഹെറിറ്റേജ് ഹോട്ടല്‍.
ചെട്ടിനാട്ടെ അത്ഭുതക്കാഴ്ചകളില്‍ ഈ ഹോട്ടലും പെടും. വലിയൊരു കൊട്ടാരം. പടുകൂറ്റന്‍ മതില്‍. കമാനങ്ങളും കല്‍ത്തൂണുകളുമുള്ള പൂമുഖം. വെനീഷ്യന്‍ കണ്ണാടികളിലൂടെ പരക്കുന്ന വര്‍ണവെളിച്ചം. തലങ്ങും വിലങ്ങും ഹാളുകള്‍. ഓരോ ഹാളിലും നിരവധി ജനലുകള്‍. ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ടുള്ള തറ. എല്ലാ മുറിയിലും തൂങ്ങുന്ന സ്ഫടികദീപജാലങ്ങള്‍. നീണ്ടുനീണ്ടു പോകുന്ന ഇടനാഴികള്‍. ചുറ്റുഗോവണികള്‍. വലിയ നടുമുറ്റങ്ങള്‍. ചുണ്ണാമ്പുകല്ലിലും ഇറ്റലിയന്‍ മാര്‍ബിളിലും പൊരിശുമരത്തിലും ഉരുക്കിലും കരിങ്കല്ലിലും തീര്‍ത്ത തൂണുകള്‍. ചുമര്‍ നിറയെ പുരാതനവും കലാഭംഗി തികഞ്ഞതുമായ ചിത്രങ്ങള്‍. കൊത്തുപണി നിറഞ്ഞ മച്ചുകള്‍. മുന്നിലും പിന്നിലും വരാന്തകളുള്ള മുകള്‍ നില മുഴുവന്‍ മുറികള്‍. ഓരോ മുറിയും ഒരു രാജാവിന്റെ അന്തപ്പുരം പോലെ. സപ്രമഞ്ചക്കട്ടിലും കംബളം വിരിച്ച ശയ്യയും ശില്‍പ്പഭംഗിയുള്ള മര ഉരുപ്പടികളും. കുളിച്ചു വന്നപ്പോള്‍ മുന്‍വശത്തെ വിശാലമായ ഭോജനശാലയില്‍ ചെട്ടിനാടു വിഭവങ്ങളുടെ സെവന്‍കോഴ്‌സ് ഡിന്നര്‍ റെഡി. അവിശ്വസനീയമായിരുന്നു അതിന്റെ രുചി. ചെട്ടിനാട് ചിക്കനും പണിയാരങ്ങളും തമിഴ്‌സാദങ്ങളും നിരന്ന ആ ഡിന്നറോടെ നേതാക്കള്‍ ക്ലീന്‍ ബൗള്‍ഡായി! രാത്രി വഴിതെറ്റി ഏതോ അറബിക്കഥയിലെ രാജധാനിയിലെത്തിയതു പോലെ തോന്നുന്നു... അനില്‍കുമാര്‍ പറഞ്ഞു. എത്രയോ മുമ്പേ നാമിവിടെ വരേണ്ടതായിരുന്നു.
ചെട്ടിനാട്ടെ പ്രഭാതം വിയര്‍ത്തൊലിച്ചു കൊണ്ടാണ് വന്നെത്തുക. സൂര്യന്റെ ആദ്യരശ്മികള്‍ക്കൊപ്പം ചൂടും നിങ്ങളെ ആലിംഗനം ചെയ്യും. ഉറക്കച്ചടവോടെ എഴുന്നേറ്റുവരുന്ന ചെട്ടിനാടിന്റെ പ്രഭാതദൃശ്യങ്ങളിലേക്ക് പിറ്റേന്ന് അവരിറങ്ങി. കാളവണ്ടിയുടെ കടകടശബ്ദമൊഴിച്ച് തെരുവില്‍ മറ്റൊന്നുമില്ല. കൃഷിയിടങ്ങളും കുളങ്ങളും വിജനമായ പുറമ്പോക്കുകളുമുള്ള തമിഴ്‌നാടന്‍ ഭൂപ്രകൃതി. അന്തമില്ലാതെ പരന്നു കിടക്കുന്ന മൈതാനങ്ങള്‍, വയലുകള്‍. ഇടക്ക് നീര്‍ക്കാക്കകളുടെ വിഹാരരംഗമായി ഒരു തടാകം. തൊട്ടപ്പുറത്ത് ജല്ലിക്കെട്ടിന്റെ കാളപ്പന്തി. കാനാടുകാത്താനിലെ ഗ്രാമ കോവിലിന്റെ മുന്നില്‍ നിറയെ കാളകളുടെയും കുതിരകളുടെയും മണ്‍പ്രതിമകള്‍. മതില്‍കെട്ടിനു പുറത്തെ കുളത്തില്‍ താലമേന്തിയ പോലെ നിരന്നു നില്‍ക്കുന്ന താമരപ്പൂക്കള്‍. ഓരോ തെരുവിലും അലഞ്ഞു തിരിഞ്ഞ്, കൊട്ടാരക്കെട്ടുകളും ചെട്ടിനാടന്‍ കാഴ്ചകളും കണ്ടുകണ്ട് സംഘം മുന്നോട്ട്. വെയില്‍ മൂക്കും വരെ അലക്ഷ്യമായി കാളവണ്ടി സഞ്ചരിച്ചുകൊണ്ടിരുന്നു.
പത്തു മണിയോടെ പ്രഭാത ഭക്ഷണം കഴിച്ച് നാട്ടുകോട്ടകള്‍ കാണാനുള്ള സഞ്ചാരമായി. ഇപ്പോള്‍ യാത്ര സൈക്കിളിലേക്കു മാറിയിരിക്കുന്നു. വെയില്‍ മൂത്ത തെരുവുകളില്‍ പൊടിക്കാറ്റൊഴിച്ച് മറ്റൊരു ബുദ്ധിമുട്ടുമില്ല. ഓരോ വീടിനു മുന്നിലും സൈക്കിള്‍ നിര്‍ത്തും. ആരെങ്കിലുമുണ്ടോ അകത്തെന്നു ചോദിക്കും. കേരളത്തില്‍ നിന്നുള്ള നേതാക്കളാണെന്നറിയുമ്പോള്‍ പലരും സസന്തോഷം ക്ഷണിക്കും. പലയിടത്തും ആളില്ല. അടഞ്ഞ വാതിലുകള്‍ക്കു മുന്നില്‍ നിന്ന് അവര്‍ തിരിച്ചു പോരും.
ഇടയ്ക്ക്, ഒരു പടുകൂറ്റന്‍ വീടിനു മുന്നില്‍ അവര്‍ നിന്നു. തെരുവുയാചകരെപ്പോലെ മുന്നില്‍ രണ്ടു പേര്‍ -ഒരു ഭാര്യയും ഭര്‍ത്താവും- ഇരിക്കുന്നു. ഇവിടെ ആരുമില്ലേ എന്ന ചോദ്യത്തിന് അവര്‍ പറഞ്ഞു. ഞങ്ങള്‍ ഇവിടെയുള്ളവര്‍ തന്നെ. അവിശ്വാസത്തോടെ നിന്ന സന്ദര്‍ശകരോട് ആ സ്ത്രീ പറഞ്ഞു. കണ്ടിട്ടു വിശ്വാസമില്ല, അല്ലേ? 100ലേറെ മുതലാളിമാരുള്ള വീടാ സാ റേ ഇത്. ആരും താമസിക്കാനില്ല. ഞ ങ്ങളാ ഇപ്പോള്‍ ഇവിടത്തെ താമസക്കാര്‍. ഞങ്ങള്‍ക്ക് ഉണ്ണാനും ഉടുക്കാനും വകയില്ല. മക്കളോ ബന്ധുക്കളോ നോക്കാനില്ല. എങ്കിലെന്താ, രാജയോഗമാണു സാറേ ഞങ്ങള്‍ക്ക്. താമസിക്കുന്നത് കൊട്ടാരത്തിലല്ലേ. 175 കൊല്ലം പഴക്കമുള്ള മാളികയില്‍...
ഉണ്ണാമലൈ എന്നാണ് ആ സ്ത്രീയുടെ പേര്. ചെട്ടിനാട്ടെ കൊട്ടാരങ്ങളിലധികവും താമസം ഉണ്ണാമലൈമാരാണ്. ഉടുതുണിക്കു മറുതുണിയില്ലാത്ത പാവങ്ങള്‍. അകലെയെവിടെയോ ഉള്ള ധനികരുടെ മഹാഗൃഹങ്ങള്‍ക്ക് ഇവര്‍ കാവലിരിക്കുന്നു. എന്നെങ്കിലുമൊരിക്കല്‍ വീടു കാണാന്‍ വരുന്ന ഉടമസ്ഥരെ കാത്ത് ആ കെട്ടിടങ്ങള്‍ പോലെ ഇവരും നെടുവീര്‍പ്പിട്ടു കഴിയുന്നു.
അനില്‍കുമാര്‍ ചോദിച്ചു. ഈ വീടു നോക്കുന്നതിന് നിങ്ങള്‍ക്കെന്തു കിട്ടും.
ഒണ്ണും കിടക്കലിയേ. ഇങ്കെ പടുക്കലാം. വീടേ കിടയാത എങ്കളുക്ക് അതേ അതിര്‍ഷ്ടമയ്യാ.. (ഒന്നും കിട്ടില്ല. ഇവിടെ കിടക്കാമല്ലോ. വീടേ ഇല്ലാത്ത ഞങ്ങള്‍ക്ക് അതുതന്നെ ഭാഗ്യം).
A.P.Abdullakutty, K.C.Venugopal, A.P.Anilkumar. Text: O R Ramachandran, Photos: Madhuraj
ഉണ്ണാമലൈയും സ്വാമിനാഥനും ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. വീടൊക്കെ നടന്നു കാണൂ സാറെ. ഇതുപോലൊന്ന് എവിടെയും കാണാനാവില്ല. അതു സത്യം. ആനവാതിലുകളും ശില്‍പ്പവേലകളും ചിത്രപടങ്ങളും നിറഞ്ഞ വീട്. ഇതിന്റെ ഉടമസ്ഥരിലൊരാള്‍ ആന്ധ്രപ്രദേശിലെ റിട്ടയേഡ് ചീഫ് സെക്രട്ടറിയാണ്. ഒട്ടേറെപേര്‍ക്ക് അവകാശമുണ്ട് വീട്ടില്‍. അവരെല്ലാം വിദേശത്താണ്. വീടു നോക്കുന്നത് ഉണ്ണാമലൈയും സ്വാമിനാഥനും. വീടു മുഴുവന്‍ കണ്ടു തീരാന്‍ ഒരു മണിക്കൂറിലേറെ വേണം. മടങ്ങുമ്പോള്‍ ഉണ്ണാമലൈക്ക് എല്ലാവരും നൂറു രൂപ വീതം കൊടുത്തു.
അപ്രതീക്ഷിതമായി കൈയില്‍ വന്ന വന്‍തുക കണ്ടപ്പോള്‍ കോന്ത്രമ്പല്ലും കാട്ടി ഉണ്ണാമലൈ ചിരിച്ചു.
അവിടെ നിന്നു മടങ്ങുമ്പോള്‍ എല്ലാവരും നിശ്ശബ്ദരായിരുന്നു. ഇവരുടെ കഥയിലെ വൈരുദ്ധ്യം നോക്കൂ. അനില്‍കുമാര്‍ പറഞ്ഞു. ഒരു സിനിമയ്ക്കു പോലും കഥയാക്കാവുന്നതാണ് ഇത്.
സത്യം. ഒരു നിമിഷം പോലും അടങ്ങിയിരിക്കാന്‍ പറ്റാത്ത പ്രകൃതക്കാരനായ വേണു പറഞ്ഞു. ഈ വീടിനകത്തെങ്ങാന്‍ ഒരു ദിവസം പെട്ടുപോയാല്‍ അന്നു നാം ശ്വാസം മുട്ടി മരിക്കും. ദൈവമേ.. എന്തൊരു ജീവിതമാണിത്.
ആത്താങ്കുടിയിലെ ടൈല്‍ ഫാക്ടറിയിലേക്കാണ് ഇപ്പോള്‍ യാത്ര. ഓരോ സ്ഥലവും വീടും അതിന്റെ ചരിത്രവും വിശദീകരിച്ചും വിവരിച്ചും ചന്ദ്രമൗലി ചെട്ടിയാരാണ് സംഘത്തെ നയിക്കുന്നത്. ഇതാ, ഈ ടൈല്‍സ് ചെട്ടിനാടിന്റെ മാത്രം സവിശേഷതയാണ്. കൈകൊണ്ടു നിര്‍മ്മിക്കുന്ന തറയോടുകള്‍ കാട്ടി ചന്ദ്രമൗലി പറഞ്ഞു. ഓരോ ടൈലും ഓരോ ഡിസൈനില്‍ ചെയ്യുന്ന മാന്ത്രികവിദ്യ സന്ദര്‍ശകരെ അത്ഭുതപ്പെടുത്തി. ഇളനീര്‍ കുടിച്ചും ഇടക്കിരുന്ന് വിയര്‍പ്പാറ്റിയും ആത്താങ്കുടി തടാകത്തില്‍ നീര്‍ക്കാക്കകളുടെ ചിത്രം പകര്‍ത്തിയും മെല്ലെ മെല്ലെ സഞ്ചരിച്ച്, കുന്നക്കുടിയിലെ മഹാക്ഷേത്രത്തിലേക്കെത്തുമ്പോള്‍ നേരം നട്ടുച്ച. വെയിലില്‍ മിന്നുന്ന കരിങ്കല്‍ പടികള്‍ ചുട്ടുപഴുത്തു കിടക്കുന്നു. മലമുകളിലാണ് ക്ഷേത്രം. മലമുകളില്‍ നിന്നാല്‍ കാനാടുകാത്താന്‍ ഗ്രാമം പൂര്‍ണമായും കാണാം. താഴെയുള്ള അഗ്രഹാരത്തെരുവിലൊന്നിലാണ് കുന്നക്കുടി വൈദ്യനാഥന്റെ തറവാട്. സംഗീതത്തിന്റെ ആ ചെട്ടിനാട്ടുമധുരം സമീപത്തെ കാസറ്റ് കടകളില്‍ നിന്നും സദാ ഒഴുകിപ്പരക്കുന്നു.
മടങ്ങുമ്പോഴേക്കും വെയില്‍ ചാഞ്ഞു തുടങ്ങി. മയിലുകളെത്തേടിയായി പിന്നീടുള്ള സഞ്ചാരം. കാനാടു കാത്താന്‍, ആളാങ്കുടി മേഖല മയിലുകളുടെ വിഹാരരംഗമാണ്. ആയിരക്കണക്കിനേക്കറില്‍ പരന്നു കിടക്കുന്ന ഡയറി ഫാമിന്റെ തോട്ടത്തില്‍ നിറയെ മയിലുകളുണ്ട്. ജനനായകരുടെ വാഹനത്തിനു ചുറ്റും പരിഭവവും പരാതിയുമായി അവ ചിണുങ്ങി നിന്നു.
രാത്രി. ചെട്ടിനാട്ടെ മേഘങ്ങളില്ലാത്ത ആകാശത്തിന് രാത്രിയിലും കടുംനീലനിറമാണ്. താഴെ അതിനേക്കാള്‍ നീലനിറത്തില്‍ ചെട്ടിനാട് മാന്‍ഷന്റെ സ്വിമ്മിങ് പൂള്‍. കഠിനമായ ഒരു പകലിന്റെ ക്ഷീണമകറ്റി അവരതില്‍ നീന്തിത്തുടിച്ചു. എത്രയോ വര്‍ഷങ്ങളായി മോട്ടോര്‍വാഹനമില്ലാത്ത ഒരു പകല്‍ അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.
ചെട്ടിനാടെന്നാല്‍ ഒരു നഗരക്കാഴ്ചയോ മനോഹരമായ ഭൂപ്രകൃതിയോ സുന്ദരദൃശ്യങ്ങളോ അല്ല. അത് ഉള്ളില്‍ തൊടുന്ന അനുഭവമാണ്. മറക്കാത്ത ഒരു രുചിക്കൂട്ടാണ്. മരിക്കാത്ത ഒരു സംസ്‌കാരത്തിന്റെ സുഗന്ധമാണ്. ഏത്രയോ രാജ്യങ്ങള്‍ ചുറ്റിക്കാണുകയും മനുഷ്യരെ കണ്ടുമുട്ടുകയും ചെയ്തിട്ടുള്ള ചെറുപ്പക്കാരായ ഈ ജനപ്രതിനിധികള്‍ക്ക് ചെട്ടിനാട് ഒരു വിലപ്പെട്ട പാഠമായിരുന്നു. ഏതു സാനമ്രാജ്യവും ഒരു നാള്‍ ഇല്ലാതാവുമെന്നും അധികാരത്തിന്റെ കിരീടവും ചെങ്കോലുമെല്ലാം ഗൃഹാതുരത്വമുണര്‍ത്തുന്ന കുറെ ഓര്‍മ്മകള്‍ മാത്രമാവുമെന്നുമുള്ള തിരിച്ചറിവും ചെട്ടിനാട് അവര്‍ക്കു പകര്‍ന്നു. അതറിയേണ്ടവരും അവരാണല്ലോ.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment