ശര്‍മിള
തമിഴ്‌നാടിന്റെ കൃഷിഭൂമികളിലൂടെ മധുരയിലേക്കുള്ള വഴി നീണ്ടുകിടന്നു. ഡിണ്ടിഗലിലെ കരിമ്പിന്‍തോട്ടങ്ങളും തേനിയിലെ മുന്തിരിപ്പാടങ്ങളും പിന്നിട്ടാണ് യാത്ര. വഴിയോരങ്ങളില്‍ പാടത്ത് നിന്നും പറിച്ചെടുത്ത പഴങ്ങളുമായി ഗ്രാമീണര്‍ യാത്രക്കാരെ കാത്തിരിക്കുന്നു. വൈഗാ നദിയുടെ തീരത്താണ് തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നായ മധുര. ആ നഗരനടുവില്‍ പാണ്ഡ്യദേശത്തിന്റെ തുടിക്കുന്ന ഹൃദയം പോലെ മധുരമീനാക്ഷിക്ഷേത്രവും.
മധുര മറ്റൊരു കാലത്താണ്. മധുരയിലെത്തുമ്പോള്‍ നമുക്കും വര്‍ത്തമാനകാലത്തില്‍ നിന്നും വേര്‍പെട്ടേ പറ്റൂ. മൊബൈലിനും ഇന്റര്‍നെറ്റിനും ആഗോളീകരണത്തിനും വിട...നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ ഒരു പ്രാചീനകാലത്തിലാണ് നമ്മളിപ്പോള്‍. എണ്ണവിളക്കുകളുടെ സ്വര്‍ണവെളിച്ചത്തില്‍, നിഴല്‍വീണ ഈ കരിങ്കല്‍വീഥികളിലൂടെ, വേവലാതികളില്ലാതെ എത്രവേണമെങ്കിലും നടക്കാം. നിറങ്ങള്‍, ശബ്ദങ്ങള്‍, ആചാരങ്ങള്‍, ശില്‍പ്പവേലകള്‍, പെയിന്റിങ്ങുകള്‍...ഒരു മായികസ്വപ്‌നം തുറന്നിട്ട് നമ്മളെ നിശ്ശബ്ദരാക്കുന്ന എന്തോ ജാലവിദ്യയുണ്ട് ഈ മധുരയ്ക്ക്.
പുലര്‍കാലം
അതിരാവിലെ ക്ഷേത്രമുണരുമ്പോള്‍ ഒപ്പമുണര്‍ന്നു. മധുര മലയാളികള്‍ ക്ഷേത്രദര്‍ശനത്തിനെത്തുക ആ സമയത്താണെന്ന് ക്ഷേത്രനടയില്‍ പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന മുത്തുകുമാരി പറഞ്ഞു. സെറ്റും മുണ്ടും ധരിച്ച് ഒരു സ്ത്രീ വരുന്നത് കണ്ടു. പരിചയപ്പെട്ടു. കൊച്ചിക്കാരി ഉഷ. അവരുടെ മുഖത്ത് നാട്ടുകാരെ കണ്ടതിന്റെ സന്തോഷം ഉദിച്ചു.''ആറു വര്‍ഷമായി മധുരയില്‍ സ്ഥിരതാമസമായിട്ട്. എനിക്കെപ്പോഴും പ്രഭാതദര്‍ശനമാണിഷ്ടം. രാവിലെ എന്തോ ഒരു ശാന്തതയാണ് ക്ഷേത്രത്തിന്,'' അവര്‍ പറഞ്ഞു.
കടുംവര്‍ണങ്ങള്‍ വാരിപ്പൂശിയപോലെ അലങ്കാരങ്ങളും തോരണങ്ങളുമുള്ള തെരുവ്. കിഴക്കേ നടയിലെ പേരയ്ക്ക വില്‍പ്പനക്കാരി മീന പതിയെ തന്റെ ചുമടിറക്കി. സാരിക്കുത്തില്‍ നിന്നും ഒരു പൊതി കര്‍പ്പൂരമെടുത്ത് ആ വെറും നിലത്തിട്ട് കത്തിച്ചു. മീനാക്ഷിക്കുള്ള ആരതിയാണ്. ദിവസം ശുഭകരമാക്കാനുള്ള പ്രാര്‍ഥന. കര്‍പ്പൂരമണത്തില്‍ കാറ്റുപിടിച്ചു. നൂറ്റാണ്ടുകളായി അണമുറിയാതെ മധുര ഇങ്ങനെയാണ്.
മുന്നില്‍ സ്വച്ഛതയുടെ ഒരു സമുദ്രം പോലെ ക്ഷേത്രം. നാല് കൂറ്റന്‍ ഗോപുരങ്ങള്‍ക്കിടയിലായി 45 ഏക്കര്‍ വിസ്തൃതിയില്‍. മധുരയുടെ ഏത് വഴിയും അവസാനിക്കുന്നത് ഈ ഗോപുരനടകളിലാണ്. കരിങ്കല്ലുകളുടെ കനത്ത അടിത്തറയില്‍ നിന്നും പര്‍വതാകാരം പൂണ്ട് അവ നമ്മുടെ കാഴ്ചയെ മൂടുന്നു. ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഉയരം 196 അടി.
ആത്മീയം...ആനന്ദമയം
സഹനം ഭക്തിയേയും ഭക്തി സഹനത്തേയും മധുരമാക്കുന്നുണ്ടാവാം...ശ്രീകോവിലിന് മുന്നിലെ തിരക്കില്‍ ആളുകള്‍ എല്ലാം മറന്ന് പ്രാര്‍ഥനയില്‍ മുഴുകി നിന്നു. ആര്‍ദ്രതയുടെ മുഹൂര്‍ത്തങ്ങള്‍. ക്ഷേത്രപാലകര്‍ തിരക്ക് നിയന്ത്രിച്ചു. ആ തിരക്കൊന്നും വകവെയ്ക്കാതെ രണ്ട് ദാവണിക്കാരികള്‍ നിന്ന് മധുരമായി പാടുന്നുമുണ്ട്. കണ്ണടച്ച്, കൈകൂപ്പി... മധുരയുടെ മീനാക്ഷിയെ സ്തുതിക്കുകയാണ്. പൂജ കഴിഞ്ഞ് നട തുറന്നു. എല്ലാവരും അകത്തേക്ക് കണ്ണിമയ്ക്കാതെ നോക്കി. ഗര്‍ഭഗൃഹത്തില്‍ മീനുകളുടെ ആകൃതിയില്‍, മീനിനെപ്പോലെ സദാ പിടയ്ക്കുന്ന, മിഴികളുള്ള ദേവിയെ തൊഴുതു. മനമുരുകി പ്രാര്‍ഥിച്ചു. ഒരു കൈയില്‍ കിളി. മറു കൈയില്‍ പൂങ്കുല. ദീപപ്രകാശത്തില്‍ മീനാക്ഷിയുടെ വൈരമൂക്കുത്തി വെട്ടിത്തിളങ്ങി. പൂര്‍ണമായും മരതകക്കല്ലിലാണ് ദേവീവിഗ്രഹം. നല്ല തണുപ്പ്. നിശബ്ദത...ആ തണുപ്പിലൂടെ, നിശബ്ദതയിലൂടെ, ആത്മീയതയുടേതെന്ന് പറയാവുന്ന ഒരു സുഖം അരിച്ചെത്തി...
പൂജാരി നല്ല ഇരുണ്ട ചുവപ്പ് നിറമുള്ള കുങ്കുമം തന്നു. മഞ്ഞള്‍ മണം. ചെമ്പനീര്‍ പൂവുകള്‍ കോര്‍ത്ത വലിയ പൂമാലയും മല്ലികപ്പൂമാലയും തന്നു. മീനാക്ഷിക്ഷേത്രത്തിന്റെ അന്തരീക്ഷത്തില്‍ ഭക്തിയും സൗന്ദര്യവും മാത്രമല്ല, പ്രണയവുമുണ്ട്. മധുരമീനാക്ഷിയുടെ കഥയിലുണ്ട് പ്രണയത്തിന്റെ നറുമണം. ''മധുര ഭരിച്ചിരുന്ന മലയധ്വജ പാണ്ഡ്യന് യാഗാഗ്നിയില്‍ നിന്നും ലഭിച്ച പുത്രിയാണ് മീനാക്ഷി. മുതിര്‍ന്നപ്പോള്‍ പട്ടാഭിഷേകം കഴിഞ്ഞ് മീനാക്ഷി പാണ്ഡ്യദേശം ഭരിച്ചു. ലോകമെങ്ങും കീഴടക്കിയ മീനാക്ഷി ഒടുവില്‍ കൈലാസത്തില്‍ സുന്ദരേശ്വരന്‍ എന്ന് പേരുള്ള ശിവനുമായി യുദ്ധത്തിനൊരുങ്ങി. എന്നാല്‍ പ്രഥമദര്‍ശനത്തില്‍ത്തന്നെ ഇരുവര്‍ക്കും പരസ്പരം അനുരാഗം തോന്നി. മധുരയില്‍ വെച്ച് മീനാക്ഷിയും സുന്ദരേശ്വരനും തമ്മിലുള്ള വിവാഹവും നടന്നു,'' ക്ഷേത്രത്തിലെ പുരാണ പണ്ഡിതനായ മാണിക്കനാര്‍, മധുരമീനാക്ഷിയുടെ ഐതിഹ്യം പറഞ്ഞുതന്നു.
പൊന്‍താമരക്കുളക്കരയില്‍....
അകത്ത് മനോഹരമായൊരു താമരക്കുളമുണ്ട്. പൊന്‍താമരക്കുളം എന്നാണ് പേര്. കുളത്തില്‍ താമരയൊന്നും കാണാനില്ല. ''കഴിഞ്ഞ വര്‍ഷം അല്‍പ്പം മഞ്ഞനിറം കൂടിയ താമര വിരിഞ്ഞിരുന്നു,'' പൂക്കളില്ലാത്ത കുളത്തിലേക്ക് കണ്ണയച്ച് ഒരു യുവതി സങ്കടപ്പെട്ടു. ചുറ്റുമുള്ള കല്‍ത്തൂണുകള്‍ നിറഞ്ഞ വരാന്തകളില്‍ പുരാതനകാലത്ത് തമിഴ് സംഘം എന്ന കവിസംഘം, കാവ്യനീതിയെക്കുറിച്ചുള്ള കനത്ത ചര്‍ച്ചകളുമായി സംഗമിച്ചിരുന്നുവത്രെ...തൂണുകളില്‍ 24 സംഘം കവികളുടെയും പ്രതിമകളുണ്ട്. ചുമരില്‍ തിരുക്കുറള്‍ കവിതകളും ആലേഖനം ചെയ്തിരിക്കുന്നു.
പടിഞ്ഞാറ് ഭാഗത്ത് വിചിത്രമായൊരു സ്ഥലമുണ്ട്. കിളിക്കൂട് മണ്ഡപം എന്ന് പറയും.. അവിടേക്ക് കടക്കുമ്പോള്‍ത്തന്നെ പനംതത്തകളുടെ പലവിധ ശബ്ദങ്ങളാണ് നമ്മെ എതിരേല്‍ക്കുക. നിഴലും വെളിച്ചവും കലര്‍ന്ന മണ്ഡപത്തിന്റെ കല്‍ത്തൂണുകള്‍ക്കിടയിലൂടെ പട്ടുപോലെ മിനുത്ത പച്ചച്ചിറകുകള്‍ വീശി തത്തകള്‍ വിഹരിച്ചു. 'മീനാക്ഷി... മീനാക്ഷി...' ,അവ കൊഞ്ചലോടെ കൂവി വിളിച്ചു. 'മീനാക്ഷി' എന്ന് വിളിക്കാന്‍ പക്ഷികളെ ക്ഷേത്രപാലകര്‍ പരിശീലിപ്പിച്ചിരിക്കയാണ്.
അടുത്തുതന്നെയാണ് സുന്ദരേശ്വരന്റെ ശ്രീകോവില്‍. മുല്ലപ്പൂപ്പന്തലിന്റെ അറ്റത്ത് കറുത്ത കല്‍ശില്‍പ്പങ്ങള്‍ക്ക് നടുവില്‍ സുന്ദരേശ്വര വിഗ്രഹം കാണുക പ്രത്യേക അനുഭവമാണ്. മീനാക്ഷിദേവിയെ വണങ്ങിയ ശേഷമാണ് സുന്ദരേശ്വരനെ ദര്‍ശിക്കേണ്ടത്. മധുരയില്‍ മീനാക്ഷിക്കാണ്, സ്ത്രീക്കാണ് പ്രാമുഖ്യം. അതേക്കുറിച്ച് സദാശിവം എന്നൊരു തദ്ദേശവാസി തമാശ പങ്കിട്ടു. ''ഞങ്ങള്‍ കൂട്ടുകാര്‍ തമ്മില്‍ ചോദിക്കും,''നീ കാഞ്ചിയാ, മധുരയാ?'', എന്ന്. കാഞ്ചിയില്‍ ശിവനാണ് പ്രാധാന്യം. മധുരയില്‍ മീനാക്ഷിക്കും. അര്‍ഥം, വീട്ടില്‍ നീയോ ഭാര്യയോ സ്‌ട്രോങ് എന്ന്. ഭാര്യയാണ് കാര്യക്കാരിയെങ്കില്‍ ഉത്തരം, ''മധുര''.
ഭ്രമിപ്പിക്കുന്ന ശില്‍പ്പങ്ങള്‍
മധുരമീനാക്ഷിയില്‍ വന്നാല്‍ കമ്പത്തടി മണ്ഡപം കാണാതെ പോകരുത്. 19ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് പണിതതാണ് ഈ മണ്ഡപം. ഒരിഞ്ച് വിടാതെ ശില്‍പ്പമയമായ എട്ട് തൂണുകള്‍. ശില്‍പ്പങ്ങളെ തൂണാക്കി നിര്‍ത്തിയിരിക്കയാണെന്നും പറയാം. മീനാക്ഷീപരിണയശില്‍പ്പം, ഭദ്രകാളിയുടെയും ഉദ്ദവതാണ്ഡവരുടെയും കൂറ്റന്‍ പ്രതിമകള്‍...''എനിക്ക് ആര്‍ട്ടിനെക്കുറിച്ചൊന്നുമറിയില്ല. പക്ഷേ, ഈ ശില്‍പ്പങ്ങള്‍ എത്ര കണ്ടിട്ടും മതിവരുന്നില്ല,''സുശീല്‍ എന്ന യുവാവ് സ്വല്‍പ്പം ലജ്ജയോടെ ഒരു അഭിപ്രായം പറഞ്ഞു. ഈറോഡില്‍ മെക്കാനിക്കല്‍ എഞ്ചിനിയറായ അയാള്‍ മധുര കാണാനായി അവധിയെടുത്ത് വന്നിരിക്കയാണ്. നടന്ന് കാല് കുഴഞ്ഞവര്‍ വീരവസന്തരായ മണ്ഡപത്തിലെ തൂണുകള്‍ക്കരികെ വിശ്രമിച്ചു. ചിലര്‍ ഇരുന്ന് ധ്യാനിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഏകാഗ്രത കിട്ടേണ്ടെ! അപ്പോഴേക്കും ശ്രദ്ധ മാറി. അവര്‍ എഴുന്നേറ്റ് പോയി.
മധുരമീനാക്ഷിയിലെ ഏറ്റവും സുന്ദര മായ ഇടമാണ് ആയിരംകാല്‍ മണ്ഡപം.ആളുകള്‍ ആകാംക്ഷയോടെ മണ്ഡപത്തിലേക്ക് കയറി. ആദ്യത്തെ കാഴ്ചയില്‍ വല്ലാത്തൊരു അത്ഭുതമാണ് തോന്നുക. എന്തൊക്കെയോ വിചിത്രവും മനോഹരവുമായ രൂപങ്ങള്‍ ഒന്നിച്ചൊരിടത്ത് നിലകൊള്ളുന്നു. 985 തൂണുകള്‍! ഏത് ദിശയില്‍ നിന്ന് നോക്കിയാലും അവ ഒറ്റ നിരയിലായി തോന്നുന്നു! കാഴ്ചയെ ഭ്രമിപ്പിക്കുന്ന കല. മീനാക്ഷിക്ഷേത്രത്തില്‍ മൊത്തം മുപ്പത്തിമൂവായിരം ശില്‍പ്പങ്ങളുണ്ട് എന്നാണ് ഗവേഷകര്‍ പറയുന്നത്.
കാമദേവന്റെ മനോജ്ഞമായൊരു ശില്‍പ്പം കണ്ട് ആളുകള്‍ അതിന് മുന്നില്‍ത്തന്നെ നിന്നു. ഒരു ഫോട്ടോഗ്രാഫര്‍ വിഷമിച്ചു, ''എന്തു ചെയ്യാം. അവര്‍ എന്റെ ക്യാമറ അകത്തേക്ക് അനുവദിച്ചില്ല. ഇപ്പോള്‍ ഞാനെന്റെ കണ്ണിലേക്ക് ചിത്രങ്ങള്‍ പകര്‍ത്തുകയാണ.്'' ഹൈദരാബാദ് സ്‌ഫോടനത്തെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളുണ്ട്.
സംഗീതമയം സായാഹ്നം
എവിടെനിന്നൊക്കെയോ നല്ല പാട്ടുകള്‍ കേള്‍ക്കുന്നു. ''ഇവിടെ കച്ചേരികളില്ലാത്ത ദിവസങ്ങളില്ല. പ്രശസ്തരും സംഗീതത്തില്‍ തുടക്കക്കാരും ഒരുപോലെ ഇവിടെ വന്ന് പാടുന്നു'' പൂജാരി സുബ്ബണ്ണ പറഞ്ഞു. ലോകപ്രസിദ്ധയായ സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മി ജനിച്ചത് ഈ മധുരയിലാണ്. സുബ്ബലക്ഷ്മിയുടെ വീടിന്റെയോ ബന്ധുക്കളുടെയോ അവശേഷിപ്പുകള്‍ ഉണ്ടാവുമോ? ആര്‍ക്കും മറുപടി പറയാന്‍ താത്പര്യമില്ല. ഒരു ദേവദാസി കുടുംബത്തിലാണ് സുന്ദരിയായ ആ സംഗീതവിദുഷി ജനിച്ചതെന്ന കാരണമായിരുന്നു ആ മൗനത്തിന് പിന്നില്‍.
വൈകുന്നേരം. ദീപാരാധനയുടെ നേരം. ചിത്തിരൈ വീഥി വര്‍ണശബളമായി. കടുംനിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞ് ഒരു കൂട്ടം മാര്‍വാഡി സ്ത്രീകള്‍ നടന്നുവന്നു. അക്കൂട്ടത്തില്‍ ചുവപ്പ് ഹാഫ്‌സാരി ചുറ്റിയ ഒരു മാര്‍വാഡി യുവതിയുണ്ട്. പേര് ബസന്തി. ജോധ്പൂരാണ് നാട്. ചില്ലറ ഹിന്ദി വാക്കുകളും കൊഞ്ചം തമിഴും ചേര്‍ത്ത് ഉരിയാടിയശേഷം ബസന്തി ഒരു വസന്തം പോലെ നടന്നുപോയി.
റോഡരികിലെ മരത്തണലില്‍ മറ്റൊരു കാഴ്ച. ദര്‍ശനം കഴിഞ്ഞ് വിശ്രമിക്കുകയാണ് ഒരു തമിഴ് കുടുംബം. മുരുഗനും ഭാര്യ രേവതിയും. ഒന്നര വയസ്സുകാരി മകളെ കോവില്‍ കാണിക്കാന്‍ കൊണ്ടുവന്നതാണ്. ''മോളുടെ പേര് ശ്രീധന്യ. കുഞ്ഞിന് ആരോഗ്യം കിട്ടാന്‍ പ്രാര്‍ഥനയുണ്ടായിരുന്നു,'' മുരുഗന്റെ അമ്മ പറഞ്ഞു. അവര്‍ ശ്രീധന്യയെ മടിയിലിരുത്തി മൊട്ടത്തലയില്‍ കളഭം പുരട്ടി. തണുപ്പുള്ളതിനാലാവാം, കുഞ്ഞിന് അത് ഇഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. കുഞ്ഞ് സന്തോഷിച്ച് കളി തുടങ്ങി.
കിഴക്കേനടയില്‍ മുനീശ്വരന്‍ കോവിലിന് മുന്നില്‍ കുറച്ചുപേര്‍ കൂടി നില്‍ക്കുന്നു. ആള്‍ക്കൂട്ടത്തിന് നടുവില്‍ ഒരു സ്ത്രീ. അവരുടെ ദേഹം കിടുകിടെ വിറച്ചുകൊണ്ടിരുന്നു. ''അത് തങ്കം അക്ക. അവരുക്ക് മുനീശ്വരന്‍ കേറിയിരിക്കയാണ്. വന്ത് പാര്...,''ഒരു പയ്യന്‍ ഭയഭക്തിയോടെ പറഞ്ഞു. അടുത്ത കടകളില്‍ നിന്നൊക്കെ ആളുകള്‍ ഇറങ്ങി വന്നു. ചെവിയില്‍ ഇയര്‍ഫോണ്‍ ഫിറ്റ് ചെയ്ത് പ്രഭാതസവാരിക്കിറങ്ങിയ യുവാവ് മാത്രം ആ ദൃശ്യം കണ്ട്, ഒന്നമര്‍ത്തിച്ചിരിച്ച് കടന്നുപോയി.
നിലാവിലലിഞ്ഞ രാത്രി
മധുരമീനാക്ഷിയെ ചുറ്റിപ്പറ്റി വളര്‍ന്ന നഗരമാണ് മധുര. ക്ഷേത്രനഗരിയില്‍ നിറയെ ഷോപ്പുകളാണ്. പുതുമണ്ഡപം മാര്‍ക്കറ്റില്‍ കിട്ടാത്തതൊന്നുമില്ലെന്ന് തോന്നി. തീര്‍ത്ഥാടകര്‍ ചുറ്റിത്തിരിഞ്ഞു. ''നാട്ടിലേക്ക് മടങ്ങും മുന്‍പ് മകള്‍ക്ക് ഒരു ചുവന്ന പട്ടുപാവാട വാങ്ങണം,'' മലയാളിയായ സുധീര്‍ മാസി സ്ട്രീറ്റിലെ വസ്ത്രക്കടകള്‍ തേടി നടന്നു. ഒറിജിനല്‍ കുങ്കുമം, മഞ്ഞള്‍, സാമ്പാര്‍-രസം പൊടികള്‍, ദൈവങ്ങളുടെ രൂപങ്ങള്‍...എന്തെല്ലാം കൗതുകങ്ങള്‍! വളൈക്കാരന്‍ സ്്ട്രീറ്റിലെ കടകള്‍ കുപ്പിവളകളുടെ വര്‍ണ പ്രപഞ്ചമാണ്. എലുകടല്‍ തെരുവിലാണെങ്കില്‍ ഈടുറ്റ പിച്ചളപ്പാത്രങ്ങളും സ്റ്റീല്‍ പാത്രങ്ങളും കിട്ടും. പിച്ചളയിലുള്ള കുത്തുവിളക്കും പാവൈ വിളക്കും മധുരാസ്‌പെഷലാണ്.
''പ്രധാന ഉത്സവമായ ചിത്തിരൈ തിരുവിഴൈ (ഏപ്രില്‍ പകുതിക്ക്)നാളില്‍ മീനാക്ഷി-സുന്ദരേശ്വരന്മാര്‍ ഈ വീഥികളിലൂടെ അലങ്കരിച്ച ആനകളും ഒട്ടകങ്ങളും നാദസ്വരവും വാദ്യങ്ങളുമായി രഥഘോഷയാത്ര നടത്തും,'' പൂജാരി ആനന്ദ ഭട്ട് പറഞ്ഞു.അദ്ദേഹം മഠത്തിലേക്ക് പോകുന്ന വഴിയായിരുന്നു. ജനവരി-ഫിബ്രവരിയില്‍ തെപ്പരഥോത്സവവും പൊങ്കലും, ജൂലായി-ആഗസ്തില്‍ ആടി പൂരം, ആഗസ്ത്-സപ്തംബറില്‍ ആവണി ഉത്സവം, നവരാത്രി, ദീപാവലി, വിനായകചതുര്‍ഥി എന്നിവയാണ് ക്ഷേത്രത്തിലെ മറ്റു പ്രധാന ഉത്സവങ്ങള്‍. പൊങ്കലിന്റെ ഭാഗമായാണ് പ്രശസ്തമായ ജെല്ലിക്കെട്ട് മധുരയില്‍ അരങ്ങേറുന്നത്.
പടിഞ്ഞാറേ നടയില്‍ ആളുകളും വണ്ടികളും കന്നുകാലികളും ചിതറിനടന്നു. അന്ന് പൗര്‍ണമിയാണ്. ക്ഷേത്രത്തില്‍ വിശേഷ ദിവസം. നിലാവിന്റെ നിഗൂഢത ശില്‍പ്പങ്ങളില്‍ ജീവന്‍ തളിക്കുമോ? അങ്ങനെയെങ്കില്‍ ഈ രാത്രി മുഴുവന്‍ അവ മീനാക്ഷിസുന്ദരേശ്വര പ്രണയകഥ വര്‍ണിക്കുമായിരിക്കും. വഴിയിലൊരിടത്ത്, പുഷ്പഹാരം പരസ്പരമണിയിച്ച് ദമ്പതികള്‍ ഉല്ലസിക്കുന്നത് കണ്ടു. ആ സ്വപ്്‌നതുല്യമായ കല്‍മണ്ഡപത്തില്‍, മനസില്‍ പ്രണയമുള്ളവരെല്ലാം സ്വയം മധുരമീനാക്ഷിയും സുന്ദരേശ്വരനുമായി മാറുന്നുണ്ടാവണം.
ചുങ്കിടി സാരിയുടെ നാട്്
ഇലപ്പച്ച നിറമുള്ള കോട്ടണ്‍ സാരിയില്‍ വെള്ള കുത്തുകള്‍ കൊണ്ടുള്ള മാങ്ങാ പ്രിന്റ്. ഇരുണ്ട ചുവപ്പ് ബോര്‍ഡറില്‍ ടെമ്പിള്‍ ഡിസൈന്‍...മധുരയില്‍ നെയ്യുന്ന നേര്‍ത്ത കോട്ടണ്‍ ചുങ്കിടി സാരികള്‍ വിശേഷപ്പെട്ടതാണ്. മധുരൈ കൈത്തറി പട്ടുസാരികളും സുലഭമാണ്.
ഉടലില്‍ ചെറിയ കുത്തുകളും കോണ്‍ട്രാസ്റ്റ് നിറത്തിലുള്ള ബോര്‍ഡറുമാണ് ചുങ്കിടി സാരികളുടെ പ്രത്യേകത. പണ്ട് സാരിയിലെ കുത്തുകള്‍ കൈ കൊണ്ടാണ് ചെയ്തിരുന്നതെന്ന് നെയ്ത്തുകാര്‍ പറഞ്ഞു. ഇപ്പോഴിത് മെഷീന്‍ പ്രിന്റാണ്. സൗത്ത് മാസി സ്്ട്രീറ്റിലെ രംഗാചാരി ക്‌ളോത്ത് സ്‌റ്റോര്‍, അലങ്കാര്‍ ടെക്‌സ്റ്റൈല്‍സ്, റാണി സാരീസ്, രാജ്മഹല്‍ എന്നിവ ചുങ്കിടി സാരികളുടെ പരമ്പരാഗത ഷോപ്പുകളാണ്. ദേവംഗര്‍ ചൗള്‍ട്രിയിലും ചുങ്കിടി സാരി ലഭിക്കും. ചിന്നാളംപട്ടാണ് മധുരയുടെ മറ്റൊരു സ്‌പെഷല്‍ സാരി.
ഡിണ്ടിഗലില്‍ നിന്നും 12 കി.മി. അകലെയാണ് പുരാതനമായ ചിന്നാളംപട്ടി ഗ്രാമം. നൂറ്റാണ്ടുകളായി കോട്ടണ്‍ സാരി നെയ്യുന്ന ചിന്നാളംപട്ടിക്കാര്‍ ഇപ്പോള്‍ ആര്‍ട് സില്‍ക്ക് സാരിയും ജറി ബോര്‍ഡറുള്ള ചുങ്കിടി സാരിയും കൂടി നെയ്യുന്നു.
മെദുവാന സാപ്പാട്
തെക്കേ നടയില്‍ നിന്നും നീളുന്ന റോഡരികിലെ ഒരു കൊച്ചുകട. ഇഡ്ഡലിക്കച്ചവടം പൊടിപൊടിക്കുന്നു. കടയെന്ന് പറയാനില്ല, റോഡ് തന്നെ കട. ഒരു അമ്മയും മകനുമാണ് കച്ചവടക്കാര്‍. തില്ലൈ രാജനും ഇന്ദ്രാണിയും. ഇഡ്ഡലി, സാമ്പാര്‍, ചട്‌നി, മെദു വട. ഒരു റവ-മൈദ-സ്വീറ്റ് അപ്പവും.
''രാവിലെ ഏഴ് തൊട്ട് രാത്രി ഒന്‍പതര വരെ കടയുണ്ട്. ഏഴു വര്‍ഷമായി ഞാനും അമ്മയും പണിയെടുത്താണ് കുടുംബം കഴിയുന്നത്. വീട്ടില്‍ അച്ഛന് സുഖമില്ല,'' തില്ലൈ രാജന്‍ പറഞ്ഞു. കടയ്ക്ക് മുമ്പില്‍ ആള് കൂടിവന്നു. അമ്മയ്ക്കും മകനും ശ്വാസം വിടാന്‍ സമയമില്ല. തമിഴ്‌നാടിന്റെ ദേശീയ പലഹാരങ്ങളായ ഇഡ്ഡലി, ദോശ, വട, പൊങ്കല്‍, പൊരിയല്‍ എന്നിവയെല്ലാം ഇത്തരം കൊച്ചുകടകളില്‍ കിട്ടും. എള്ളെണ്ണയില്‍ കടലപ്പരിപ്പ് വറുത്തിട്ട ഉപ്പുമാവും സുലഭമാണ്.
പടിഞ്ഞാറേ നടയിലെ അമൃത ഹോട്ടലില്‍ മോണിങ് ടിഫിന്‍. സാമ്പാര്‍, തേങ്ങാചട്‌നി, പച്ചപ്പുളിച്ചമ്മന്തി, തക്കാളിച്ചമ്മന്തി, രണ്ട് തരം പൊടികള്‍,നല്ലെണ്ണ എന്നിവയുടെ അകമ്പടിയോടെ ഇഡ്ഡലി എഴുന്നള്ളി. കൂട്ടിക്കഴിക്കാനുള്ള പൊടി പിശുക്കില്ലാതെ തരും...പൊടിയില്‍ എണ്ണയൊഴിച്ച് കുഴച്ച്, ഇഡ്ഡലി ഒപ്പുമ്പോഴേക്കും നാവില്‍ കൊതിയുടെ തേരോട്ടം... മയക്കുന്ന സുഗന്ധമുള്ള ഫില്‍റ്റര്‍ കോഫിയും കൂട്ടിനെത്തി. ഈ ഹോട്ടലില്‍ പനംചക്കരക്കാപ്പിയും ചുക്കുകാപ്പിയും സ്‌പെഷലാണ്. ഇഡ്ഡലിപ്രിയരുടെ സ്വര്‍ഗമാണ് മധുര. ഏത് ഭക്ഷണശാലയിലും ഇരുപത്തിനാല് മണിക്കൂറും ആവി പറക്കുന്ന, മൃദുവായ ഇഡ്ഡലികള്‍ കിട്ടും.
മധുരയില്‍ ഒരു കുഞ്ഞുകേരളം
മലയാളികളെ 'മലയാളത്താന്‍' എന്നാണ് മധുരക്കാര്‍ വിളിക്കുക. വിളിച്ച് വിളിച്ച് മലയാളികള്‍ പാര്‍ക്കുന്ന കോളനിയുടെ പേര് 'മലയാളത്താന്‍പട്ടി' എന്നായി. തമിഴില്‍ 'പട്ടി' എന്നാല്‍ കൂട്ടമായി താമസിക്കുന്ന സ്ഥലം എന്നാണ് അര്‍ഥം. മലയാളത്താന്‍പട്ടിയെ ഇപ്പോള്‍ മധുരൈ കോര്‍പ്പറേഷനും അംഗീകരിച്ചു. മധുരൈ ബൈപ്പാസില്‍ 12 കി.മി. അകലെയുള്ള ഈ സ്ഥലത്ത് 'മലയാളത്താന്‍പട്ടി'' എന്ന് സ്ഥലസൂചികാ ബോര്‍ഡ് വന്നുകഴിഞ്ഞു. റോഡില്‍ നിന്നും അല്‍പ്പം താണ പ്രദേശം. ഇറങ്ങിച്ചെല്ലുമ്പോള്‍ ആദ്യം കാണുക വേപ്പുമരത്തണലിലെ മുനിയാണ്ടി ദൈവത്തിന്റെ ഓടിട്ട കൊച്ചു കോവിലാണ്. പച്ചച്ചായമടിച്ച ഓട് വീടുകളുടെ ഒരു നിര. കോലായകളില്‍ സ്‌കൂള്‍ വിട്ട് വരുന്ന മക്കളെ കാത്തിരിക്കുന്ന അമ്മമാര്‍. മുറ്റത്ത് ഇളംകാറ്റ് കൊള്ളാനിരിക്കുന്ന മുത്തശ്ശിമാര്‍.
നാട്ടില്‍ നിന്നും വന്നതാണെന്നു കേട്ട് ആളുകള്‍ സ്‌നേഹത്തോടെ എത്തി. ''എന്റെ അമ്മവീട് മുളയങ്കാവ് ക്ഷേത്രത്തിനടുത്താ,'' താമസക്കാരനായ എ.വാസുദേവന്‍ മലയാളിബന്ധം ഓമനിച്ചു. ''എല്ലാം വിട്ട് വന്നു. ഇപ്പൊ മധുര തന്നെ നാട്. ഇവിടെ ഇപ്പോള്‍ മുപ്പതോളം കുടുംബങ്ങളുണ്ട്'', മൂവാറ്റുപുഴ സ്വദേശിനി ഉഷാദേവി. അന്‍പതിലധികം വര്‍ഷം മുന്‍പ് കേരളം വിട്ട് മധുരയിലേക്ക് കുടിയേറിയ മലയാളികളുടെ പിന്മുറക്കാരാണ് ഇപ്പോഴുള്ള താമസക്കാര്‍.
''മധുര മലയാളികളുടെ ആദ്യ തലമുറ, സൈക്കിള്‍ ഷോപ്പിലും കൊച്ചു കടകളിലും തുണി ഫാക്ടറികളിലുമാണ് ജോലി ചെയ്തത്. ഇപ്പോള്‍ അവരുടെ ജീവിത നിലവാരം മെച്ചപ്പെട്ടു. മിക്കവര്‍ക്കും സ്വന്തമായി സ്ഥലം കിട്ടി. നല്ല വീടുകള്‍ വെച്ചു. പുതിയ തലമുറ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ്, '' മധുരൈ മലയാളി സമാജം പ്രസിഡന്റും തമിഴ്‌നാട് ഗവ.എംപ്‌ളോയീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി.ശങ്കരന്‍ പറഞ്ഞു. മധുരയുടെ മറ്റു ഭാഗങ്ങളിലും മലയാളികള്‍ ധാരാളം താമസിക്കുന്നുണ്ട്. ''മധുരയില്‍ ധാരാളം മലയാളികള്‍ ബിസിനസ് ചെയ്യുന്നു, '' തളിപ്പറമ്പ് സ്വദേശിയും മലയാളി സമാജം സെക്രട്ടറിയുമായ ബാലകൃഷ്ണന്‍ നമ്പ്യാര്‍ പറഞ്ഞു.
ഇത്തവണ പ്ലൂസ് ടുവിന് ഒന്നാം റാങ്ക് നേടിയ ജനനിയെ മലയാളത്താന്‍പട്ടിക്കാര്‍ അഭിമാനത്തോടെ പരിചയപ്പെടുത്തി. ജനനിയും മറ്റു കുട്ടികളും ഫോട്ടോയ്ക്ക് നിന്നു. മധുരയില്‍ ഒരു കുഞ്ഞു കേരളം!
www.keralites.net
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net