Tuesday 5 August 2014

[www.keralites.net] തിങ്കള്‍ മുതല്‍ വെ ള്ളി വരെ

 

സകലദോഷങ്ങളും ആരോപിക്കുമ്പോഴും സീരിയലുകള്‍ക്ക് ഇഷ്ടക്കാരുണ്ട്. എന്താണിതിന്റെ ഗുട്ടന്‍സ് ?

തെക്കന്‍ കേരളത്തിലെ വീട്ടമ്മയോട് ഒരു ചോദ്യം. എന്തിനാ ഇത്രയും സീരിയല്‍ കാണുന്നത്?
മറുപടി: ''പിന്നെന്നാത്തിനാ ഈ പെട്ടി വാങ്ങിവെച്ചിരിക്കുന്നേ? പുണ്യം കിട്ടാനോ...''
തിരുവനന്തപുരത്തെ ഒരു സീരിയല്‍ ലൊക്കേഷന്‍. അവിടവിടെ നാലഞ്ചു മനുഷ്യന്മാര്‍ ആകെ തകര്‍ന്നപോലെ ഇരിക്കുന്നു. ചോദിച്ചു. ആരെങ്കിലും മരിച്ചോ?
ഉത്തരം: ''ഇല്ലില്ല. അതായിരുന്നെങ്കില്‍ ഇത്ര പ്രശ്‌നമില്ല.''
പിന്നെ? '
''ഇവരുടെ സീരിയല്‍ ടാം റെയ്റ്റിങ്ങില്‍ താഴെപ്പോയി. അതാ പ്രശ്‌നം...''
ചാനലിന്റെ ഓഫീസ്. എന്റര്‍ടെയിന്‍മെന്റ് ഹെഡ് തലയ്ക്ക് തീ പിടിച്ച് ഇരിക്കുന്നു. ടാം റേറ്റിങ്തന്നെ പ്രശ്‌നം. പ്രൈം ടൈമിലെ സീരിയലാണ് ഇടിഞ്ഞുവീണിരിക്കുന്നത്. സീരിയല്‍ നിര്‍മാതാവിന് ഉടന്‍ നിര്‍ദേശം പോയി. ''ആവശ്യമായ 'ചേരുവകള്‍' ചേര്‍ത്ത് ഉടന്‍ സംഭവം പുതുക്കണം. നായികയെ വില്ലത്തിയാക്കിയോ, നായകന് അവിഹിതബന്ധമുണ്ടണ്ടാക്കിയോ... എങ്ങനെയെങ്കിലും!''
എന്നും എപ്പോഴും വീട്ടില്‍ വരുന്ന അയല്‍വാസിയെ പോലെയാണ് നമുക്ക് ടെലിവിഷന്‍ സീരിയലുകള്‍. ഈ അയല്‍വാസി കുടുംബങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്നാണ് ചിലരുടെ പരാതി. മറ്റു ചിലര്‍ക്കാവട്ടെ, സമയാസമയങ്ങളില്‍ കാണാനായില്ലെങ്കിലാണ് സമാധാനക്കേട്. കാര്യമെന്തൊക്കെയാലും പ്രേക്ഷകരും സീരിയലുകളും ഒന്നിച്ചുകൂടിയാല്‍ സമയം പോവാനൊരു വഴിയായി.
ഓര്‍മയുണ്ടോ ദൂരദര്‍ശന്റെ 'കൈരളീവിലാസം ലോഡ്ജ്?' 1990-ല്‍ ആയിരുന്നു ഈ സീരിയലിന്റെ വരവ്. 24 വര്‍ഷം മുന്‍പ്. അങ്ങനെ നോക്കുമ്പോള്‍ സീരിയല്‍ സംസ്‌കാരത്തിന് നിറയൗവനമാണ്. 'പുരനിറഞ്ഞു' നില്‍ക്കുകയാണ് നമ്മുടെ സീരിയലുകള്‍. പക്ഷേ, പഴയ സ്വഭാവമൊന്നുമല്ല സീരിയലുകള്‍ക്ക്. നല്ല ഒരു കഥ, അതിനൊത്ത തിരക്കഥ അങ്ങനെയൊക്കെ ഉണ്ടോ ഇന്ന്? കുടുംബത്തിനു മുന്‍പില്‍ തുറന്നുവെച്ച മിനിസ്‌ക്രീനില്‍ എന്തൊക്കെ കാണിക്കുന്നുവന്ന് ഓരോ ദിവസവും കണ്ടുതന്നെ അറിയണം!

''എന്തൊരു ക്രൂരന്മാരാ മനുഷ്യേരെന്ന് തോന്നിപ്പോവും ഈ സീരിയലുകള് കണ്ടാല്‍. ലോകത്ത് നല്ലതൊന്നും ഇല്ലേ?'' തൃപ്രയാര്‍ പെരിങ്ങോട്ടുകര സ്വദേശി ഷാനവാസിന്റെ ഈ ചോദ്യത്തിലുണ്ട് സീരിയലുകളുടെ ഏകദേശ സ്വഭാവം. ഒന്നുകില്‍ അമ്മായിയമ്മ മരുമകളെ പീഡിപ്പിക്കുന്നു, അല്ലെങ്കില്‍ ഭര്‍ത്താവിനെ ഭാര്യ ചവിട്ടിയരയ്ക്കുന്നു, അതുമല്ലെങ്കില്‍ നായികയെ വില്ലത്തി കൊല്ലാക്കൊല ചെയ്യുന്നു... കാഴ്ചക്കാര്‍ക്ക് ഇടയ്ക്കിടെ കഥാപാത്രങ്ങളെ ചീത്തപറയാന്‍ തോന്നണം. എന്നാലോ, കാണുന്നവന് കണ്ണെടുക്കാന്‍ തോന്നുകയുമരുത്. അത്രതന്നെ.

ഇതിനുള്ള മറുപടി നടന്‍ കിഷോര്‍ സത്യയുടെ കൈയിലുണ്ട്. ''അയ്യേന്ന് പറഞ്ഞുകൊണ്ടുതന്നെ സീരിയല്‍ ആസ്വദിക്കുന്നവരാണ് നമ്മുടെ പ്രേക്ഷകര്‍. സീരിയല്‍ നിര്‍മാതാക്കളെ കുറ്റം പറഞ്ഞതുകൊണ്ട് എന്തു കാര്യം? '' ശരിയല്ലേ? പ്രേക്ഷകരും ഒരുപാട് മാറിയിട്ടില്ലേ? പണ്ട് ദൂരദര്‍ശനില്‍ 'പെയ്‌തൊഴിയാതെ' എന്ന സീരിയല്‍ വന്നിരുന്ന കാലം. വ്യാഴാഴ്ചകളില്‍ കാഴ്ചക്കാര്‍ ടി.വി.യും തുറന്ന് അതിനായി കാത്തിരിക്കുമായിരുന്നു. ആ കാത്തിരിപ്പിനുതന്നെയുണ്ടായിരുന്നു ഒരു രസം. എന്നാലിന്നോ, ഓരോ ദിവസവും ഓരോ എപ്പിസോഡ്. എല്ലാ ദിവസവും വേണം സസ്‌പെന്‍സ്.

പല്ലിറുമ്മുന്ന പെണ്ണുങ്ങള്‍

എന്തിനാണ് ഈ സസ്‌പെന്‍സും ക്രൂരതയും കള്ളത്തരവുമെല്ലാം? പ്രേക്ഷകര്‍ക്ക് അത്രയ്ക്ക് ഇഷ്ടമാണോ ഇത്? അതിനുത്തരം തരേണ്ടത് മൂന്നുപേരാണ്. പ്രേക്ഷകര്‍, സീരിയല്‍ നിര്‍മാതാക്കള്‍, ചാനല്‍ നടത്തിപ്പുകാര്‍. ഓരോരുത്തര്‍ക്കുമുണ്ട് ഓരോരുത്തരുടെ ന്യായം? ''കണ്ടിരിക്കാന്‍ രസമുണ്ടായിരിക്കണം. എന്നാലും ഒരു ലോജിക്കൊക്കെ വേണ്ടേ?'' പുതിയ ജനറേഷന്റെ ശബ്ദത്തില്‍ തിരുവനന്തപുരത്തെ ഡിഗ്രിവിദ്യാര്‍ഥിനി അനന്യ പറയുമ്പോള്‍ അമ്മ ഗീത ഒരു ഉടക്കിട്ടു. ''ചിലപ്പോ തോന്നും ഇതെന്തൊരു കഥയില്ലായ്മയാന്ന്. എന്നാലും ഓരോ ദിവസവും കാണാന്‍ തോന്നും.''

ഈ കഥയില്ലായ്മകള്‍ക്കിടയിലൂടെ ചിലതൊക്കെ സംഭവിക്കുന്നുണ്ട്. സീരിയല്‍ക്കണ്ട് അതിലെ കുട്ടിയെ അനുകരിച്ച് ഒരു പതിമ്മൂന്നുകാരന്‍ നാടുവിട്ടുപോയതായി പത്രവാര്‍ത്ത വന്നു കഴിഞ്ഞ വര്‍ഷം. ആ സമയത്തെ സീരിയലുകളിലധികവും പീഡിപ്പിക്കപ്പെട്ടത് കുട്ടികളായിരുന്നു. ഇപ്പോള്‍ സ്ത്രീ സ്ത്രീയോട് അക്രമം കാണിക്കുന്നതിനാണ് മാര്‍ക്കറ്റ്. മനസ്സുകൊണ്ടും നാവുകൊണ്ടും ശരീരംകൊണ്ടുമുള്ള അടി, തിരിച്ചടി, സഹനം... സ്‌ക്രീനില്‍ എപ്പോഴും ഏതെങ്കിലുമൊരു പെണ്ണ് പല്ലിറുമ്മതുകാണാം.

സീരിയലുകളെ ആക്ഷേപിക്കുന്നവര്‍ സ്ഥിരം ഉപയോഗിക്കുന്ന വാക്കുണ്ട്; 'കണ്ണീര്‍സീരിയല്‍'. കഥാപാത്രങ്ങളില്‍ ആരെങ്കിലുമൊക്കെ എപ്പോഴും കരഞ്ഞുകൊണ്ടിരിക്കും. അതുകണ്ട് പ്രേക്ഷകരും കരയും. അങ്ങനെ സീരിയല്‍ ഹിറ്റാവും. എന്നാലിപ്പോള്‍ പെണ്ണ് പെണ്ണിനെ 'കരയിക്കുന്ന' സീരിയലുകളുടെ എണ്ണം കൂടുന്നു. ദുഷ്ടത്തരം വില്ലത്തരവും ഒരു വശത്ത്. അതിനെ നേരിടാന്‍ ഒന്നുകില്‍ ഒരു പഞ്ചപാവം, അല്ലെങ്കില്‍ അതിസാമര്‍ഥ്യക്കാരി മറുവശത്ത്. എന്തായാലും മിനിമം ക്രൂരതയെങ്കിലും സ്‌ക്രീനില്‍ കണ്ടാലേ പ്രേക്ഷകര്‍ക്ക് തൃപ്തിയാവൂ എന്നുവേണം കരുതാന്‍. അതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുതെറ്റിക്കാന്‍ ഒരു അഭിനവശകുനി. അതും നിര്‍ബന്ധമാണ് !

ഒരു ക്ലൈമാക്‌സുകൂടി ആവാം

ഇതൊക്കെയാണ് കാഴ്ചക്കാര്‍ക്ക് ഇഷ്ടമെന്ന് എങ്ങനെ അറിയാം? ടാം (ഠഅങ ഠലഹല്ശശെീി അൗറശലിരല ങലമൗെൃാലി)േ റേറ്റിങ് നോക്കിയാണ് പ്രേക്ഷകരുടെ ഇഷ്ടവും ഇഷ്ടക്കേടും തീരുമാനിക്കുന്നത്. ഏതു സമയത്ത്, ഏതു ചാനല്‍ കാണുന്നു എന്നതിന്റെ കണക്കാണ് ടാം. കേരളത്തിലെ 200 വീടുകളില്‍ പോള്‍ മീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ ഉപകരണം വഴിയാണ് കണക്കെടുപ്പ്. സീരിയല്‍ ടാമില്‍ പിന്നില്‍പ്പോയാല്‍ ചാനലുകാര്‍ വാളെടുക്കും. പിന്നെ സീരിയല്‍ നിര്‍മാതാവിന് പണിയായി.

''സരയു എന്ന സീരിയലിനെ ജനപ്രിയമാക്കാന്‍ ഞങ്ങള്‍ ചില പണികളൊക്കെ എടുത്തിട്ടുണ്ട്.'' സംവിധായകനായും നിര്‍മാതാവായും നിറഞ്ഞുനില്‍ക്കുന്ന ബൈജു ദേവരാജ് തുറന്നുപറഞ്ഞു. ''ഒരുവാരികയില്‍ പ്രസിദ്ധീകരിച്ച നോവലാണ് 'സരയു'. അതില്‍ സരയുവിന്റെ ഭര്‍ത്താവ് ശ്രീകുമാറാണ് മറ്റുള്ളവരുടെ വേലത്തരങ്ങള്‍ കണ്ടുപിടിക്കുന്നത്. ഞങ്ങള്‍ ആ പണികൂടി സരയുവിന് കൊടുത്തു. കാണികള്‍ക്ക് അതങ്ങ് ഇഷ്ടപ്പെട്ടു. സ്ത്രീകഥാപാത്രം തിളങ്ങിയാലേ സീരിയല്‍ ശ്രദ്ധിക്കപ്പെടൂ. നല്ല സീരിയല്‍ തുടരാനും സമ്മര്‍ദമുണ്ട്. 'നന്ദനം' ക്ലൈമാക്‌സ് തീര്‍ത്ത് ഷൂട്ടിങ് അവസാനിപ്പിച്ചതാ. എല്ലാവരെയും പിരിച്ചുവിട്ടു. അപ്പോഴാ ചാനലീന്നു വിളിക്കുന്നത്. രണ്ടഴ്ചകൂടി നീട്ടാമോന്ന് ചോദിച്ച്. അങ്ങനെ എല്ലാരേം തിരിച്ചുവിളിച്ച് വീണ്ടുമൊരു ക്ലൈമാക്‌സ് ഷൂട്ട് ചെയ്യേണ്ടിവന്നു.

ഇങ്ങനെ മാറ്റംവരുത്തുന്നത് വെറുതെയല്ല. ഓരോ ദിവസത്തെയും ടാം അവലോകനം ചെയ്താണ്. തിങ്കള്‍ കുറവും വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൂടുതലുമാണെന്നിരിക്കട്ടെ. കൂടുതലുള്ള ദിവസങ്ങളിലെ ചേരുവകള്‍ പരിശോധിക്കും. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നുവേണമല്ലോ കരുതാന്‍. പിന്നെ അതില്‍പ്പിടിച്ചാണ് കളി! അങ്ങനെ അവിഹിതബന്ധങ്ങളുടെ അളവു കൂടും. നായിക ചിലപ്പോള്‍ പഴയതിനെക്കാള്‍ പാവമാവും.

പ്രേക്ഷകരും മോശമല്ല

പ്രേക്ഷകര്‍ ഇതെല്ലാം കാണുന്നുണ്ട്. ഒരിക്കല്‍ 'സീരിയലിലെ ദുഷ്ടത്തിയായ അമ്മായിയമ്മയെ ഞാന്‍ കൊല്ലും' എന്നു പറഞ്ഞ് ഒരു അമ്പതുവയസ്സുകാരി നിര്‍മ്മാതാവിന് കത്തയച്ചു. കുറേകാലം കഴിഞ്ഞു. കഥാഗതി മാറിമാറി വന്നപ്പോള്‍ എങ്ങനെയോ അമ്മായിയമ്മ നല്ലവളായിപ്പോയി. ഉടന്‍ അതേ അമ്പതുകാരി വീണ്ടണ്ടും കത്തയച്ചു.''നിങ്ങള്‍ ഇതെന്തു കോപ്രായമാ കാണിക്കുന്നേ'' എന്നായിരുന്നു ചോദ്യം.
അമ്മായിയമ്മയാണ് പ്രധാന ആയുധം. അവരില്ലാതെ സീരിയലേ ഇല്ലെന്നതാണ് സ്ഥിതി. ''ഇപ്പോഴുണ്ടോ അമ്മായിയമ്മപ്പോരൊക്കെ? എന്നാലും സീരിയലുകളില്‍ അതിന് കുറവില്ല.'' കുമരകം രഘുനാഥിന്റെ അഭിപ്രായമാണിത്. പുതിയ സീരിയലുകളില്‍ രഘുനാഥുമുണ്ട്. എന്നാലും ദൂരദര്‍ശനില്‍ വന്ന 'സ്‌കൂട്ടറി'ലെ ഏണാങ്കശേഖര'നാണ് പലരുടെയും ഓര്‍മയില്‍. പി. ആര്‍. നാഥന്റെ കഥയായിരുന്നു സ്‌കൂട്ടര്‍. അന്നത്തെ പല സീരിയലുകള്‍ക്കുമുണ്ടായിരുന്നു കഥയുടെ പിന്‍ബലം. കെ. സുരേന്ദ്രന്റെ 'മരണം ദുര്‍ബലം', കെ. രാധാകൃഷ്ണന്റെ 'ശമനതാളം'. ശ്യാമപ്രസാദായിരുന്നു ഇവയുടെ സംവിധാനം. ഇന്നത്തെ സീരിയലുകളോ? ''ഒളിഞ്ഞുനോട്ടത്തിലെ കൗതുകം മാത്രമാണ് ഇന്നത്തെ സീരിയലുകള്‍. ഇവയെ പഴയ സീരിയലുകളുമായി താരതമ്യം ചെയ്യരുത്.'' ഒറ്റവാക്കില്‍ ശ്യാമപ്രസാദ് പ്രതികരിച്ചു.
എത്ര ഒളിഞ്ഞുനോക്കിയാലും ശരി, ചില സീരിയലുകള്‍ രക്ഷപ്പെടില്ല. ടാം റേറ്റിങ് താഴേക്ക് പോവും. അങ്ങനെ വരുമ്പോള്‍ ചാനലുകാര്‍ സീരിയലുകളെ തോണ്ടാന്‍ തുടങ്ങും. മതിയാക്കൂ, മതിയാക്കൂ എന്നാണ് ആ തോണ്ടലിന് അര്‍ഥം. ചില സീരിയലുകാര്‍ കഥ മാറ്റിയും ക്രൂരത കടംവാങ്ങിയും സീരിയലിനെ പച്ചപിടിപ്പിക്കാന്‍ ശ്രമം നടത്തും. എന്നിട്ടും രക്ഷപ്പെട്ടില്ലെങ്കില്‍ കഥാപാത്രങ്ങളെ കൊന്നും നാടുകടത്തിയും നല്ലവരാക്കിയും സീരിയലിന് ദയാവധം വിധിക്കും. അകാല ചരമം.

എന്നാലിപ്പോള്‍ കളി അങ്ങനെയല്ല. ചാനല്‍ വിട്ട് ചാനല്‍ മാറും ചിലര്‍. ഏഷ്യാനെറ്റിലെ എക്കാലത്തെയും ഹിറ്റായിരുന്ന മാനസപുത്രി വന്നത് സൂര്യയില്‍ കുറച്ചുകാലം ഓടിയശേഷമാണ്. അതേ സീരിയലിന്റെ നിര്‍മാതാവുതന്നെ ഏഷ്യാനെറ്റിലെ 'വൃന്ദാവന'ത്തെ 'നന്ദന'മാക്കി സൂര്യയിലെത്തിച്ചു. മഴവില്‍ മനോരമയില്‍ 'ഒരു പെണ്ണിന്റെ കഥ' അവസാനിച്ചത് മൂന്നു തലമുറ അപ്പുറത്തേക്കുള്ള കഥവരെ സ്‌ക്രീനില്‍ എഴുതി കാണിച്ചാണ്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സൂര്യയില്‍ നോക്കുമ്പോള്‍ അതേ മുഖങ്ങള്‍. പേര് 'അവളുടെ കഥ'. ചില വ്യത്യാസങ്ങള്‍ മാത്രം. എന്നിട്ടും കാണാന്‍ ആളുണ്ടായി.
''ഭര്‍ത്താവിന്റെ അമ്മയും അച്ഛനും മുറിയില്‍നിന്ന് അധികം പുറത്തിറങ്ങാറില്ല. സീരിയലുകളാണ് അവരുടെ കൂട്ട്'' എറണാകുളം സ്വദേശി കാര്‍ത്തിക സീരിയലുകളെ തള്ളിപ്പറയുന്നില്ല. ''മരുന്നുകൊടുക്കാന്‍ ചെല്ലുമ്പോള്‍ അവര് സീരിയല്‍ കാണുവായിരിക്കും. വിവാഹിതയായ നായികയോട് കാമുകന്‍ ഫോണില്‍ 'ഞാനങ്ങോട്ട് വരട്ടേ'ന്ന് ചോദിക്കുന്നു. അവരുടെ മുന്‍പില്‍വെച്ച് അത് കേള്‍ക്കുന്ന ഞാനാണ് ആകെ ചൂളുന്നത്.'' ഈ നിസ്സഹായതയ്ക്ക് ആരുത്തരം പറയും?
 

ആ സാരിയുടെ വിലയെത്രയാ
അമ്പതുകഴിഞ്ഞ ആണുങ്ങള്‍ സീരിയലുകളുടെ നല്ല പ്രേക്ഷകരാണ്.വീട്ടമ്മമാരും മോശക്കാരല്ല. സീരിയലുകള്‍ക്കനുസരിച്ചാണ് അവരുടെ ടൈംടേബിള്‍. 'അമ്മ'യ്ക്ക് മുന്‍പ് അരി അരച്ചുവെയ്ക്കും. 'പൊന്നുപോലൊരു പെണ്ണിന്' ശേഷം കറി പാകമാക്കും. 'സ്ത്രീധന'ത്തിനുശേഷമേ അത്താഴമൊരുക്കുന്നതിനെപ്പറ്റി ചിന്തിക്കൂ. 'സരയു' കണ്ടുകഴിഞ്ഞാണ് ചപ്പാത്തിയുണ്ടാക്കുന്നത്. കുട്ടികളെ പഠിപ്പിച്ചശേഷം നന്ദനം കാണാനിരിക്കും. 'അവളുടെ കഥ' ആവുമ്പോഴേക്ക് ഇസ്തിരിപ്പണി തീര്‍ത്തുവെക്കും. 'കൈലാസനാഥന്‍' കാണുംമുന്‍പുതന്നെ പ്രയമായവര്‍ക്കൊക്കെ ഭക്ഷണം കൊടുക്കും...

''ആള്‍ക്കൂട്ടവും ബഹളവുമാണ് ഇന്നത്തെ സീരിയലുകള്‍'' സംവിധായകന്‍ കെ.കെ. രാജീവ് പറയുന്നു. ഞാന്‍ 'അവിചാരിതം' എന്ന സീരിയല്‍ ചെയ്യുമ്പോള്‍ അത് നാല്‍പത് എപ്പിസോഡില്‍ അവസാനിക്കുമെന്ന് അനൗണ്‍സ് ചെയ്തിരുന്നു. ഇന്നും ആളുകള്‍ ആ സീരിയല്‍ ഓര്‍ക്കുന്നു.'' വിപണനലക്ഷ്യത്തോടെയുള്ള സീരിയലുകളുടെ ഭാഗമാവുമ്പോഴും രാജീവ് നല്ല സീരിയലുകളെ മറക്കുന്നില്ല.
അപ്പോള്‍ ഈ കുഴപ്പമൊക്കെ ചാനലുകാരുടെതാണോ? ''ടാം റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കണമെന്ന് സീരിയലുകാരോട് ഞാന്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. പരസ്യം കിട്ടണമല്ലോ. എന്നാല്‍ അതിന് എന്തു ചെയ്യണമെന്ന് നിര്‍ദേശിക്കാറില്ല'' ഏഷ്യാനെറ്റിന്റെ വിനോദപരിപാടികളുടെ ചുമതലയുള്ള പ്രതിനിധി പറയുന്നു. ''പ്രേക്ഷകര്‍ വിളിക്കും. ചിലര് ചോദിക്കുന്നത് കുങ്കുമപ്പൂവിലെ പ്രൊഫസര്‍ ജയന്തി ഉടുത്ത സാരിക്ക് എത്രയാ വില എന്നൊക്കെയാ. സീരിയലുകള്‍ നല്ലതാണെന്ന് ഞാന്‍ പറയില്ല. മനസ്സിലെ ദുര്‍വിചാരങ്ങളെ തൃപ്തിപ്പെടുത്തുന്നു. അത്രതന്നെ.''

''ടെക്കികളുടെ യഥാര്‍ഥ ജീവിതകഥ പറഞ്ഞു തുടങ്ങിയതാണ് 'പാദസരം.' അധികം ചേരുവകളില്ലാത്തതുകൊണ്ടാവാം അതിന് റേറ്റിങ് കുറഞ്ഞു. അപ്പോ രൂപവും ഭാവവും മാറ്റി. ആളുകള്‍ കാണാനും തുടങ്ങി.'' നല്ല സീരിയലുകള്‍ വിജയിക്കാതാവുന്നതിന്റെ ഒരുദാഹരണം ചാനല്‍ പ്രതിനിധി ചൂണ്ടിക്കാട്ടി.

നിലവാരമുള്ള സീരിയലുകളാണ് ടാം റേറ്റിങ്ങില്‍ പുറകിലായിപ്പോവുന്നത്. ഈ പ്രേക്ഷകര്‍ക്ക് നല്ലതൊന്നും വേണ്ടേ? ''വില്ലത്തിക്ക് ഒരടി കിട്ടുന്നത് കാണാന്‍ പലര്‍ക്കും ഇഷ്ടമുണ്ടാവും.'' പാരിജാതത്തിലൂടെയും നന്ദനത്തിലൂടെയും ടെലിവിഷനില്‍ നിറഞ്ഞ നടി രസ്‌ന ഇതിന്റെ കാരണം വിശദീകരിക്കുന്നു. 'സ്ത്രീധന'ത്തിലെ വിദ്യയായി എത്തുന്ന ദിവ്യയും ഇതിനോട് യോജിച്ചു. ''ഒരാള്‍ കരയുമ്പോള്‍ മറ്റൊരാള്‍ കരയിപ്പിക്കാനും വേണമല്ലോ. ''

''ആണുങ്ങള്‍ക്കാണ് സീരിയലുകളില്‍ ദുര്‍വിധി. ഒന്നുകില്‍ പോഴന്മാര്‍. അല്ലെങ്കില്‍ വില്ലന്മാര്‍. കഥാപാത്രം നല്ല കുടുംബസ്ഥനായാല്‍ പിന്നെ കഥ മുന്നോട്ടുപോവില്ല.'' നടന്‍ വിഷ്ണു മനസ്സുതുറന്നു. ''ട്രെന്‍ഡനുസരിച്ചുള്ള വേഷങ്ങള്‍ ചെയ്യുമ്പോഴും നല്ല കഥാപാത്രങ്ങളെക്കിട്ടണമെന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം.'' അന്നും ഇന്നും കുടുംബപ്രേക്ഷകരുടെ പ്രിയനായിക ബീനാ ആന്റണിയും പുതിയകാലത്തെ തിരിച്ചറിയുന്നു.

സീരിയല്‍ വീടുകള്‍

െ്രടന്‍ഡ് അനുസരിച്ച് സീരിയലൊരുക്കാന്‍ ചില്ലറയല്ല അധ്വാനം. ഒറ്റക്കഥ എഴുതിയാല്‍ മതിയെങ്കില്‍ ശരി. അതുപോരല്ലോ. ഒരു മാസത്തെ കഥ ആദ്യം രൂപപ്പെടുത്തും. അതിന് അണിയറപ്രവര്‍ത്തകര്‍ ഒന്നിച്ചിരിക്കും. അധികം പേരില്ല. 'വണ്‍ ലൈന്‍' കൊടുക്കുന്ന ആളാണ് പ്രധാനം. വണ്‍ ലൈനെന്നാല്‍ സ്റ്റോറി ഐഡിയതന്നെ. അതിലാണ് കാര്യം. മാറ്റമൊക്കെ വരുന്നത് അതിലാണ്. അതിനെ കഥയാക്കാന്‍ മറ്റൊരാള്‍. അപ്പോഴേക്കും വേണ്ട ചേരുവയൊക്കെ ആവും.

തിരുവനന്തപുരത്തും കൊച്ചിയിലും സ്ഥിരം 'സീരിയല്‍വീടു'കളുണ്ട്. വീട് വിട്ടുകൊടുക്കുന്നവര്‍ക്ക് സ്ഥിരവരുമാനമാണ്. സീരിയലുകള്‍ ഒരു കാലത്തും അവസാനിക്കില്ലല്ലോ. നടീനടന്മാര്‍ക്ക് ദിവസം കണക്കാക്കിയാണ് പ്രതിഫലം. ഒരു ദിവസം 15000 രൂപവരെ പറ്റുന്നവരുണ്ട്. മാസത്തില്‍ ഇരുപതുദിവസംവരെ ഷൂട്ടിങ്ങുണ്ടാവും. ''പണ്ട് രണ്ടു ദിവസംകൊണ്ട് ഒരു എപ്പിസോഡാണ് ചിത്രീകരിച്ചിരുന്നത്. ഇന്നത് ഒരു ദിവസംകൊണ്ട് രണ്ട് എപ്പിസോഡായി. ചാനലുകാര്‍ എപ്പിസോഡ് കണക്കാക്കിയാണ് പണം തരുന്നത്. അന്ന് നല്‍കുന്നതില്‍നിന്ന് വലിയ വര്‍ധനവൊന്നും ഇന്നുമില്ല. പ്രൊഡക്ഷന്‍ചെലവ് വല്ലാതെ കൂടുകയും ചെയ്തു.'' ബൈജു ദേവരാജ് പറയുന്നു.

സീരിയലുകാര്‍ കാണിക്കുന്നത് കാണാനല്ലേ പറ്റൂ എന്ന് ജനം. ചാനലുകാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് സീരിയല്‍ െകാഴുപ്പിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍. പ്രേക്ഷകര്‍ കാണുന്ന പരിപാടികള്‍ വേണമെന്നേ ഞങ്ങള്‍ക്ക് നിര്‍ബന്ധമുള്ളൂ എന്ന് ചാനലുകാര്‍. ആരെ കുറ്റം പറയും? എന്നാലും സീരിയലുകളില്‍ ഇത്ര ക്രൂരത വേണോ? ഈ ലോകത്തുതന്നെയല്ലേ സീരിയലിലെ കഥാപാത്രങ്ങളും ജീവിക്കുന്നത്? കുറച്ച് എപ്പിസോഡുകളില്‍ കവിതപോലെ കഥപറയുന്ന സീരിയലുകളൊന്നും ഇനിയുണ്ടാവില്ലെന്നുവേണം കരുതാന്‍. സാരമില്ല. എന്നാലും ജീവിതത്തിന്റെ പരിസരങ്ങളില്‍നിന്ന്, മനസ്സിന്റെയുള്ളിലേക്കെത്തുന്ന സീരിയലുകള്‍ ഇനിയും വരുമെന്നുതന്നെ കരുതാം. ആ കാത്തിരിപ്പെങ്കിലും ബാക്കിയാവട്ടെ.

ഒരാഴ്ച കണ്ടില്ലെങ്കിലും ഒന്നും സംഭവിക്കില്ല
 

അവസ്ഥാന്തരം, അവിചാരിതം, ആഗ്നേയം . സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ഈ മൂന്നു സീരിയലുകളുടേയും അണിയറക്കാരന്‍. പ്രേം പ്രകാശ്. ഒരേ സമയം നടനും നിര്‍മ്മാതാവും. സീരിയലുകളെക്കുറിച്ച് നല്ലതൊന്നും പറയാനില്ലെന്ന ആമുഖത്തോടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു

ഇന്നത്തെ സീരിയലുകളുടെ സ്വഭാവം?

''ജീവിതത്തിലുള്ളതല്ല, അതിശയോക്തിയാണ് സീരിയലുകളിലുള്ളത്. കഥയങ്ങനെ വലിച്ചുനീട്ടും. ജനങ്ങള്‍ത്തന്നെ വിചാരിക്കും ഇത് തീര്‍ന്നില്ലേന്ന്. ഒരു ഇരുന്നൂറ് എപ്പിസോഡൊക്കെവരെ പോവാം. അതിലും കൂടുതല്‍ വേണോ? എല്ലാറ്റിലും സ്ത്രീകളെ മോശമാക്കിക്കാണിക്കുന്നതെന്നതിനാണ്? ഒരു മോശം കഥാപാത്രത്തെയും കാണിക്കരുതെന്നല്ല. എല്ലാം അങ്ങനെ ആയാലോ?

കുടുംബങ്ങളെ സ്വാധീനിക്കുന്നുണ്ടോ?

സിനിമയേക്കാള്‍ കൂടുതല്‍ സീരിയലുകള്‍ ആളുകളെ ബാധിക്കുന്നുണ്ട്. സ്ത്രീകളുടെ ലോലമനസ്സിനെയാണ് ഇതു കയറിപ്പിടിക്കുന്നത്. ഞാനഭിനയിച്ച ഒരു സീരിയലുണ്ട്. അതില്‍ എന്റെ ഭാര്യ എന്നെ മരുന്നുതന്ന് തളര്‍ത്തിയിട്ടതായാ കാണിച്ചിരിക്കുന്നത്. ഇതൊക്കെയല്ലേ ആളുകള് കാണുന്നത്. ഒരു സീരിയലില് രണ്ടു പെണ്ണങ്ങള്‌ചേര്‍ന്ന് പ്ലാന്‍ ചെയ്യുന്നത് ഒരാളെ എങ്ങനെ കൊല്ലാമെന്നാ. ഇതിനൊന്നും െസന്‍സര്‍ഷിപ്പുമില്ല.

കലാമൂല്യമുള്ള സീരിയലുകള്‍ ഇല്ലെന്നാണോ?

ഇപ്പോ എല്ലാം ബിസിനസ് മാത്രമാണ്. കലാമൂല്യത്തെക്കുറിച്ച് ചിന്തപോലുമില്ല. യാഥാര്‍ത്ഥ്യബോധവുമില്ല. സീരിയലിലെ സ്ത്രീകള്‍ അടുക്കളയില്‍ നില്‍ക്കുന്നതും മരണവീട്ടില്‍ നില്‍ക്കുന്നതും കാഞ്ചീപുരം സാരിയുടുത്താണ്. ചില സീരിയലൊന്നും ഒരാഴ്ച കണ്ടില്ലെങ്കിലും ഒന്നും സംഭവിക്കില്ല.

നല്ല സീരിയലുകള്‍ നിര്‍മ്മിച്ചുകൂടേ?

ഞാന്‍ ഒരു ചാനലുകാരോട് ഒരു കഥ പറഞ്ഞു. നല്ല മെസേജ് ഉള്ള ഒരു കഥ. അവര് ചോദിച്ചു. ഇന്ന സീരിയലിന്റെ ലെവലില്‍ ആക്കാമോ എന്ന്. ആ ലെവല്‍ എനിക്ക് പറ്റില്ല. ഓരോ എപ്പിസോഡിലും പഞ്ച് വേണമെന്നാ ചാനലുകാര്‍ പറയുന്നത്. അവരും അല്‍പം വിവേകം കാണിക്കണം. നല്ല സീരിയലുകളുടെ ഭാഗമാവാന്‍ എനിക്കിനിയും ആഗ്രഹമുണ്ട്.

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment