മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും കൊന്നു തീര്‍ത്ത് ഇന്ത്യ ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നവരുടെ അപകടം നിറഞ്ഞ കപട രാജ്യസ്‌നേഹത്തെ എതിര്‍ക്കുകയായിരുന്നില്ലേ മോഹന്‍ലാല്‍ ചെയ്യേണ്ടിയിരുന്നത്.
ഹിന്ദുക്കള്‍ ത്രിവര്‍ണ പതാക ഉയര്‍ത്തരുതെന്നും ഇന്ത്യയ്ക്ക് വേണ്ടത് കാവി കൊടിയാണെന്നും അന്നു മുതല്‍ ഇന്നുവരെ തുടര്‍ച്ചയായി പറഞ്ഞവര്‍ പാട്യാല കോടതിയില്‍ ദേശീയ പതാകയുമായി കടന്നു വരുമ്പോള്‍ അത് രാജ്യസ്‌നേഹം കൊണ്ടല്ലെന്ന് മനസിലാക്കാന്‍ മോഹന്‍ലാലിന് കഴിയണമായിരുന്നെന്നും സ്വരാജ് പറയുന്നുപുതിയ നിലപാടുകളുടെ ചിലവിലല്ലാതെ തന്നെ ഭാരതരത്‌നം ഉള്‍പ്പെടെയുള്ള സകലപുരസ്‌കാരങ്ങള്‍ക്കും അര്‍ഹതയുള്ള ആളാണ് മോഹന്‍ലാല്‍. അതൊക്കെ അങ്ങനെ തന്നെ ലഭിക്കുമ്പോളാണ് തിളക്കവുമുണ്ടാവുക.
എതിര്‍ശബദമുയര്‍ത്തുന്നവരുടെ തലയറുത്ത് ദേശസ്‌നേഹം സ്ഥാപിക്കാന്‍ ഇറങ്ങിയിരിക്കുന്ന ആര്‍ഷഭാരത ഗുണ്ടാസംഘത്തിന്റെ വക്കാലത്തൊഴിയാന്‍ മോഹന്‍ലാലിന് കഴിഞ്ഞാല്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അതൊരാശ്വാസമായിരിക്കുമെന്നും സ്വരാജ് പറയുന്നു. ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
രാജ്യ സ്‌നേഹത്തെക്കുറിച്ചു തന്നെ…
എം. സ്വരാജ്.ഇത് രാജ്യസ്‌നേഹത്തിന്റെ സീസണാണ്. രാഷ്ട്രത്തിന്റെ ശത്രുക്കള്‍ രാജ്യസ്‌നേഹം പഠിപ്പിക്കാനിറങ്ങുന്ന സീസണ്‍. രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്നവര്‍, ഭരണഘടന ഇന്നലെയും കത്തിച്ചവര്‍, ആയിരക്കണക്കിന് ഭാരത പൗരന്മാരെ കൊന്നു തള്ളിയവര്‍, കല്‍ബുര്‍ഗിയ്ക്കും പന്‍ സാരെക്കും ധാബോല്‍ക്കറിനും വധശിക്ഷ വിധിച്ചു നടപ്പാക്കിയവര്‍……..
ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നവരെ തിരഞ്ഞ് പിടിച്ച് അടിച്ചു കൊല്ലുന്നവര്‍, പെരുമാള്‍ മുരുഗന്‍ മുതല്‍ എം.എം ബഷീര്‍ വരെയുള്ളവരെ നിശബ്ദരാക്കിയവര്‍, ഗോഡ്‌സേ ക്ക് പ്രതിമയുണ്ടാക്കുന്നവര്‍…. ഇവരാണ് രാജ്യസ്‌നേഹത്തിന് ക്ലാസെടുക്കുന്ന മാന്യന്മാര്‍. കപട രാജ്യസ്‌നേഹം നടിച്ച് മുതലെടുപ്പ് നടത്താനിറങ്ങിയ സംഘപരിവാര്‍ ഗുണ്ടകള്‍ക്ക് എടുത്തുപയോഗിക്കാന്‍ പാകത്തിലുള്ള ഒരു അഭിപ്രായപ്രകടനമാണ് ആദരണീയനായ ചലച്ചിത്ര താരം ശ്രീ മോഹന്‍ലാല്‍ ഇപ്പോള്‍ നടത്തിയിട്ടുള്ളത്.
അനുഗ്രഹീതനായ ഈ മഹാനടന്‍ മലയാളത്തിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന നടന്‍ കൂടിയാണ് അദ്ദേഹം. എത്രയെത്ര കഥാപാത്രങ്ങളെയാണ് തന്റെ നടന വൈഭവം കൊണ്ട് മോഹന്‍ലാല്‍ അനശ്വരമാക്കിയിട്ടുള്ളത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ഈ മഹാനടനിലെ പ്രതിഭ മലയാളികള്‍ തിരിച്ചറിഞ്ഞതാണ്പഞ്ചാഗ്നിയും, വാനപ്രസ്ഥവും, പാദമുദ്രയും, കിരീടവും, താഴ്വാരവും, കമലദളവും , ഭരതവും, സദയവും, കാലാപാനിയും, തന്മാത്രയും….. പെട്ടന്ന് അവസാനിപ്പിക്കാനാവാത്ത ഈ പട്ടികയില്‍ ഒരുപാടു ചിത്രങ്ങളെ ഉള്‍പ്പെടുത്താനാവും. കാലത്തിന്റെ കൈകള്‍ക്ക് മായ്ക്കാനാവാത്ത എത്രയെത്ര സുന്ദര മുഹൂര്‍ത്തങ്ങളെ ലാല്‍ സമ്മാനിച്ചിരിക്കുന്നു. മനസിന്റെ ഉള്ളറകളില്‍ മയില്‍പ്പീലിത്തുണ്ട് പോലെ മലയാളികള്‍ സൂക്ഷിക്കുന്ന എത്രയെത്ര കഥാപാത്രങ്ങള്‍.. കലാമൂല്യമുള്ള കൊമേഴ്‌സ്യല്‍ ചിത്രങ്ങളിലും ഗൗരവമുള്ള സിനിമകളിലും മാത്രമല്ല തല്ലിപ്പൊളി സിനിമകളില്‍ പോലും തന്റെ വേഷം മികച്ചതാക്കി മാറ്റുന്ന ഈ നടന വിസ്മയം നമ്മുടെ അഭിമാനം തന്നെയാണ്.
എന്നാല്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അഭിപ്രായപ്രകടനം യാഥാര്‍ത്ഥ്യബോധമില്ലാത്തതും ശുദ്ധ അസംബന്ധവും വര്‍ത്തമാനകാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് തനിക്കുള്ള അജ്ഞത വെളിവാക്കുന്നതുമാണെന്ന് പറയാതെ വയ്യ. അത് വര്‍ഗീയ വാദികളായ ഗുണ്ടകളെ സഹായിക്കുന്ന നാലാംകിട പരോക്ഷ വക്കാലത്തായിപ്പോയി.സിയാച്ചിനില്‍ മരണമടഞ്ഞ ധീര സൈനികനെയും അദ്ദേഹത്തിന്റെ പിഞ്ചുകുഞ്ഞ് മീനാക്ഷിയെയും കുറിച്ചെഴുതിയത് ഹൃദയസ്പര്‍ശിയായി. ഞാന്‍ കഴിഞ്ഞ ദിവസം ആ വീട്ടില്‍ പോയിരുന്നു. ഒന്നുമറിയാതെ ശാന്തമായുറങ്ങുന്ന മീനാക്ഷിയെ കുറേ നേരം നോക്കി നിന്നു. കുടുംബാംഗങ്ങളെയെല്ലാം കണ്ടു.അവരൊക്കെയും നമ്മുടെ സ്വന്തം കുടുംബാംഗങ്ങള്‍ തന്നെയല്ലേ. സിയാച്ചിനില്‍ നിന്ന് ക്ഷണം ഉണ്ടായിരുന്നെങ്കിലും പോകാന്‍ കഴിഞ്ഞില്ലെന്ന് മോഹന്‍ലാല്‍ എഴുതിയിട്ടുണ്ട് അത് സ്വാഭാവികവുമാണ്. എന്നാല്‍ ഇത്രമാത്രം വേദനിക്കുന്ന മഹാനടന്‍ കൊല്ലത്ത് മണ്ട്രോതുരുത്തിലുള്ള ജവാന്റെ വീട്ടിലെത്തി മീനാക്ഷിയെ കാണുമെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.
മഞ്ഞുമലകളില്‍ മൈനസ് 40 ഡിഗ്രിയില്‍ ജീവിതം ഹോമിക്കേണ്ടവരാണോ നമ്മുടെ ധീര സൈനികര്‍.? പ്രതിരോധ ചിലവുകള്‍ക്കായി കോടികള്‍ നീക്കി വെക്കുന്ന രാജ്യത്ത് അതൊക്കെ നേരായ വഴിയിലാണോ ചിലവഴിക്കപ്പെടുന്നത്? ഇത്തരം ചിന്തകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രസക്തിയുണ്ടെന്ന് ഞാന്‍ കരുതുന്നു. സൈനികരുടെ ത്യാഗ സമ്പൂര്‍ണമായ സേവനത്തെക്കുറിച്ച് അര്‍ദ്ധസൈനികന്‍ കൂടിയായ മോഹന്‍ലാല്‍ വാചാലമാവുന്നത് സ്വാഭാവികമാണ് .അതിനോടെല്ലാം ഞാനം യോജിക്കുന്നു. എന്നാല്‍ സൈനികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശവപ്പെട്ടികള്‍ വാങ്ങിയതില്‍ പോലും കോടികള്‍ മോഷ്ടിച്ചവരുടെ രാജ്യസ്‌നേഹ നാടകങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ പോകുമ്പോളാണ് മോഹന്‍ലാലിന്റെ കുറിപ്പ് സംശയാസ്പദമാക്കുന്നത്.എന്താണ് രാജ്യം എന്നുകൂടി അഭിനവ രാജ്യ സ്‌നേഹികള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഏഷ്യാ വന്‍കരയിലെ വിസ്തൃതമായ ഒരു ഭൂപ്രദേശവും ധാരാളം സൈനികരും ചേര്‍ന്നാല്‍ അത് ഇന്ത്യയാവില്ല. ഇവിടെ അധിവസിക്കുന്ന കോടിക്കണക്കിന് മനുഷ്യരാണ് ഇന്ത്യ . വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരും ഒരു മതത്തിലും വിശ്വസിക്കാത്തവരുമായ കോടാനുകോടി മനുഷ്യര്‍. സാധാരണക്കാരും ദരിദ്രരും കര്‍ഷകരും എല്ലാമുള്‍പ്പെടുന്ന മഹാജനസഞ്ചയം. അവരുടെ സ്വപനങ്ങളും സങ്കടങ്ങളും പ്രതീക്ഷകളുമാണ് ഇന്ത്യ. ഇന്ത്യയെ സ്‌നേഹിക്കുകയെന്നാല്‍ ഇന്ത്യയിലെ മനുഷ്യരെ സ്‌നേഹിക്കുകയെന്നാണര്‍ത്ഥം. ഇന്ന് രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ ആയുധമെടുക്കുന്നവരുടെ ആചാര്യന്‍ ശ്രീ.മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ 'വിചാരധാര' യില്‍ എഴുതിയത് മുസ്ലീങ്ങളും കൃസ്ത്യനികളും കമ്യൂണിസ്റ്റുകാരും ഇന്ത്യയുടെ ഭീഷണിയാണെന്നാണ്. മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും കൊന്നു തീര്‍ത്ത് ഇന്ത്യ ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നവരുടെ അപകടം നിറഞ്ഞ കപട രാജ്യസ്‌നേഹത്തെ എതിര്‍ക്കുകയായിരുന്നില്ലേ മോഹന്‍ലാല്‍ ചെയ്യേണ്ടിയിരുന്നത്.
കലാലയങ്ങള്‍ ചോദ്യം ചോദിക്കുകയും മുഷ്ടി ഉയര്‍ത്തുകയും ചെയ്യുമ്പോഴല്ല രാഷ്ട്രം തകരുന്നതെന്ന് എല്ലാവരും ഓര്‍ക്കണം. മറിച്ച് അനീതി പേമാരിയായി പെയ്തിറങ്ങുമ്പോള്‍ നിശബ്ദത പാലിക്കുന്നവരുടെ നിസംഗത കൊണ്ടാണ് രാഷ്ട്രം ദുര്‍ബലമാവുക. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ഇന്ത്യന്‍ ദേശീയപതാകയായി ശ്രീ.പിംഗലി വെങ്കയ്യ ഡിസൈന്‍ ചെയ്ത ത്രിവര്‍ണ പതാക അംഗീകരിച്ചപ്പോള്‍ ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുഖപ്രസംഗം ഈ പതാകയെ അംഗീകരിക്കില്ല എന്നായിരുന്നു. ഹിന്ദുക്കള്‍ ത്രിവര്‍ണ പതാക ഉയര്‍ത്തരുതെന്നും ഇന്ത്യയ്ക്ക് വേണ്ടത് കാവി കൊടിയാണെന്നും അന്നു മുതല്‍ ഇന്നുവരെ തുടര്‍ച്ചയായി പറഞ്ഞവര്‍ പാട്യാല കോടതിയില്‍ ദേശീയ പതാകയുമായി കടന്നു വരുമ്പോള്‍ അത് രാജ്യസ്‌നേഹം കൊണ്ടല്ലെന്ന് മനസിലാക്കാന്‍ മോഹന്‍ലാലിന് കഴിയണമായിരുന്നു. പതാക കെട്ടിയ വടി കൊണ്ട് വിദ്യാര്‍ത്ഥികളെ അടിച്ചവര്‍ക്ക് ദേശീയ പതാക അടിക്കാനുള്ള ഒരു വടി മാത്രമാണ്.
ജെഎന്‍ യുവില്‍ പാകിസ്ഥാന്‍ അനുകൂലമുദ്രാവാക്യം വിളിച്ചു എന്ന നുണ ഇപ്പോള്‍ പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. സ്ഥിര ബുദ്ധിയുള്ള ഒരാളും ഇന്ന് പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കില്ല.ജെ.എന്‍ യുവിലെ കുട്ടികള്‍ ഒട്ടും വിളിക്കില്ല. പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു സര്‍വ്വകലാശാലയുടെ ജീവനെടുക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. പാകിസ്ഥാന്‍ ഇന്നര്‍ഹിക്കുന്നത് സഹതാപം മാത്രമാണ്. ഒരു മതരാഷ്ട്രത്തിന്റെ ദയനീയ പതനമാണ് പാകിസ്ഥാന്‍ കാണിച്ചുതരുന്നത്. ഇത് ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ മനസിരുത്തി ചിന്തിക്കേണ്ട വിഷയവുമാണ്. നമ്മളെല്ലാം ഈ രാജ്യത്തെ സ്‌നേഹിക്കുന്നവരാണ്. എന്നാല്‍ ഇന്നത്തെ ഇന്ത്യയെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനിക്കാന്‍ കഴിയുമോ? എഴുത്തുകാരെയും ബുദ്ധിജീവികളേയും വെടിവെച്ചു കൊല്ലുമ്പോള്‍ മനസിലുണ്ടാവുന്ന വികാരം അഭിമാനമാണോ? ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചുവെന്ന കാരണത്താല്‍ മനുഷ്യര്‍ തെരുവില്‍ കൊല്ലപ്പെടുമ്പോള്‍ നമുക്കഭിമാനിക്കാന്‍ കഴിയുമോ? ഗാന്ധിയല്ല ഗോഡ്‌സേയാണ് ആദരിക്കപ്പെടേണ്ടതെന്ന് ബി ജെ പിയുടെ എം.പി ആവര്‍ത്തിച്ചു പറയുകയും ഗോഡ്‌സേ ക്ക് പ്രതിമകള്‍ ഉയരുകയും ചെയ്യുമ്പോള്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യക്കാര്‍ക്കാവുമോ? ജനിച്ച ജാതിയുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ വേദനയുമായി സര്‍വകലാശാലകളില്‍ ജീവനൊടുക്കുന്ന വെമൂല മാരുടെ മൃതദേഹങ്ങള്‍ തൂങ്ങിയാടുമ്പോള്‍ അഭിമാനിക്കണോ? ഇന്ത്യന്‍ ജയിലുകളില്‍ സമര്‍ത്ഥരായ കുട്ടികളെ പൂട്ടിയിടുകയും കോടതിയില്‍ ആക്രമിക്കപ്പെടുകയും ചെയ്യുമ്പോള്‍ അഭിമാന വിജൃംഭിതരാവണോ?
കര്‍ഷകര്‍ നിത്യേന ജീവനൊടുക്കുന്ന , പട്ടിണി കിടന്നു മരിക്കുന്നവന്റെ ശ്മശാനമായി മാറിയ , തൊഴിലില്ലായ്മയുടെയും, നിരക്ഷരതയുടെയും ,ശിശു മരണങ്ങളുടെയും, അഴിമതിയുടെയും ,വര്‍ഗീയാതിക്രമങ്ങളുടെയും റിപ്പബ്ലിക്കായി മാറിയ ഇന്ത്യയെക്കുറിച്ച് അഭിമാനിക്കാനല്ല ഇന്ത്യയുടെ അഭിമാനം വീണ്ടെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. രാഷ്ട്രത്തിന്റെ അഭിമാനം വീണ്ടെടുക്കാന്‍ ജനാധിപത്യ കശാപ്പിനും വര്‍ഗീയതക്കുമെതിരായി ഉയരുന്ന ശബ്ദത്തെ രാജ്യദ്രോഹികള്‍ എന്നു മുദ്രയടിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയായിരുന്നു യഥാര്‍ത്ഥ രാജ്യസ്‌നേഹിയായ മോഹന്‍ലാല്‍ പ്രതികരിക്കേണ്ടായിരുന്നത്.അശോക് വാജ്‌പേയി മുതല്‍ ജയന്തമഹാപാത്ര വരെയുള്ള വലിയ മനുഷ്യര്‍ തങ്ങളുടെ പുരസ്‌കാരങ്ങള്‍ വലിച്ചെറിഞ്ഞത് എന്തിനായിരുന്നുവെന്ന് മോഹന്‍ലാല്‍ മനസിലാക്കണം. അവരെയൊന്നും ദയവായി ദേശ സ്‌നേഹമില്ലാത്തവരായി കാണരുത്. ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ കരുതി ജീവന്‍പോകാനിടയുണ്ടെന്നറിഞ്ഞിട്ടും ശബ്ദമുയര്‍ത്തുന്ന മനുഷ്യരാണ് എല്ലാ വിഭാഗത്തിലും പെട്ട മനുഷ്യര്‍ യഥാര്‍ത്ഥ രാജ്യ സ്‌നേഹികള്‍ . അവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
പുതിയ നിലപാടുകളുടെ ചിലവിലല്ലാതെ തന്നെ ഭാരതരത്‌നം ഉള്‍പ്പെടെയുള്ള സകലപുരസ്‌കാരങ്ങള്‍ക്കും അര്‍ഹതയുള്ള ആളാണ് മോഹന്‍ലാല്‍ . അതൊക്കെ അങ്ങനെ തന്നെ ലഭിക്കുമ്പോളാണ് തിളക്കവുമുണ്ടാവുക.എതിര്‍ശബദമുയര്‍ത്തുന്നവരുടെ തലയറുത്ത് ദേശസ്‌നേഹം സ്ഥാപിക്കാന്‍ ഇറങ്ങിയിരിക്കുന്ന ആര്‍ഷഭാരത ഗുണ്ടാസംഘത്തിന്റെ വക്കാലത്തൊഴിയാന്‍ മോഹന്‍ലാലിന് കഴിഞ്ഞാല്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അതൊരാശ്വാസമായിരിക്കും. ഇനി മറിച്ച് മോഹന്‍ലാല്‍ നാളെ ആര്‍ എസ് എസ് പതാക കയ്യിലേന്തിയാലും ലാലിലെ നടനോടുള്ള സ്‌നേഹാദരങ്ങള്‍ക്ക് ഒരു കുറവും വരില്ലെന്നും രാഷ്ട്രീയ നിലപാടുകളുടെ അപകടത്തെ ദയാരഹിതമായി തന്നെ എതിര്‍ക്കുമെന്നും വ്യക്തമാക്കട്ടെ.