റമദാനെ വരവേല്‍ക്കാന്‍ എന്തെല്ലാം ഒരുക്കങ്ങളാണ് നാം നടത്തിയത്? റമദാന്‍ വിളിപ്പാടകലെ എത്തിനില്‍ക്കെ ഓരോ മുസ്‌ലിമും ഗൗരവതരത്തില്‍ ഉത്തരം കണ്ടെത്തേണ്ട വിഷയമാണിത്. ഭക്ഷണ പാനീയങ്ങളും ശുചീകരണങ്ങളുമടങ്ങിയ ഭൗതികാര്‍ഥത്തിലുള്ള ഒരുക്കത്തെ കുറിച്ചല്ല ഞാന്‍ ഉദ്ദേശിച്ചത്, അതില്‍ മിക്കവാറും മുസ്‌ലിംകള്‍ വീഴ്ച വരുത്താറില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്.
ഈ മാസത്തെ ധന്യമാക്കാന്‍ മാനസികമായും ആത്മീയമായും എന്തെല്ലാം മുന്നൊരുക്കങ്ങള്‍ നമുക്ക് നടത്താന്‍ കഴിയും എന്ന് നാം അന്വേഷിക്കേണ്ടതുണ്ട്. വിദൂര ദേശത്തേക്ക് പഠനത്തിനോ ജോലിക്കോ യാത്രക്കൊരുങ്ങുകയാണെങ്കില്‍ നിരവധി മുന്നൊരുക്കങ്ങള്‍ നാം നടത്താറുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ കാരുണ്യത്തിലേക്കും പാപമോചനത്തിലേക്കും നരക വിമുക്തിയിലേക്കും നമ്മെ കൈപിടിച്ചുയര്‍ത്തുന്ന ഈ പണ്യമാസത്തെ ധന്യമാക്കാന്‍ നാം എന്തെല്ലാം ഒരുക്കങ്ങള്‍ നടത്തണം? റമദാന്‍ വിളിപ്പാടകലെ എത്തിനില്‍ക്കെ പൂര്‍വീകരായ സച്ചരിതര്‍ അതിനെ എങ്ങനെ വരവേറ്റു എന്നു നമുക്ക് പരിശോധിക്കാം. മുഅ്‌ല ബ്‌നു ഫദ്ല്‍ രേഖപ്പെടുത്തുന്നു : സഹാബാക്കള്‍ റമദാന്‍ വരെ ആയുസ്സ് നീട്ടിക്കിട്ടാനായി ആറുമാസം മുമ്പേ അല്ലാഹുവിനോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. പിന്നീടുള്ള ആറ് മാസങ്ങള്‍ റമദാനിലെ കര്‍മങ്ങള്‍ സ്വീകരിക്കാന്‍ വേണ്ടിയും.
പ്രിയ വായനക്കാരെ! നാം അധിക വസ്തുക്കളുടെയും മൂല്യം തിരിച്ചറിയുക അത് നമുക്ക് നഷ്ടമാകുകയോ നമ്മില്‍ നിന്ന് വേര്‍പിരിയുകയോ ചെയ്യുമ്പോഴാണ്. പിന്നീട് അതിന്റെ പേരില്‍ നാം ഖേദിക്കുകയും ദുഖിക്കുകയും ചെയ്യും. എന്നാല്‍ അവസരം കളഞ്ഞുകുളിച്ചതിന് ശേഷമുളള ഇത്തരം ഖുര്‍ബാനകള്‍ കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവാറില്ല. ഈ അവസരം അടുത്ത വര്‍ഷത്തില്‍ ചിലപ്പോള്‍ ലഭിച്ചേക്കാം. അന്ന് ഒരു പക്ഷെ, നമുക്ക് അതിനുള്ള ശേഷിയോ ആയുസ്സോ ഉണ്ടായിരിക്കില്ല.
സുവര്‍ണാവസരങ്ങള്‍ ഇത്തരത്തില്‍ നഷ്ടപ്പെടാനുള്ള പ്രധാന കാരണം നാം അതിനായി വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താത്തത് തന്നെയാണ്. നാം ആഗ്രഹിച്ചതും മോഹിച്ചതുമൊന്നും നേടിയെടുക്കാന്‍ കഴിയാതെ പവിത്രമായ ദിനരാത്രികള്‍ വേഗത്തില്‍ കൊഴിഞ്ഞുപോകും. അപ്പോള്‍ നാം ആത്മഗതം ചെയ്യും : അടുത്ത വര്‍ഷം അല്ലാഹു എനിക്കൊരു അവസരം നല്‍കുകയാണെങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ കൂടുതലായി പഠിക്കുകയും പാരായണം ചെയ്യുകയും ചെയ്യും. കുറ്റങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും അകന്നുനില്‍ക്കും, അനനുവദനീയമായ കാഴ്ചകളില്‍ നിന്നും നേത്രങ്ങളെ സംരക്ഷിക്കും, നിശയുടെ നിശ്ശബ്ദതയില്‍ എഴുന്നേറ്റ് നമസ്‌കരിക്കും, ദാനധര്‍മങ്ങള്‍ അധികരിപ്പിക്കും...
കഴിഞ്ഞവര്‍ഷം നാം ആത്മഗതം ചെയ്ത അവസരം ഇതാ നമ്മുടെ മുമ്പില്‍ എത്തിനില്‍ക്കുന്നു. റമദാന്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള മുന്നൊരുക്കങ്ങള്‍ക്ക് ഏറ്റവും ഉചിതമായ സന്ദര്‍ഭം! നാമോരോരുത്തരും കഴിഞ്ഞ റമദാനിന് ശേഷം ചെയ്ത വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അസുലഭ നിമിഷങ്ങള്‍...കേവല ദിവാസ്വപ്‌നങ്ങളില്‍ അഭിരമിക്കുന്നവരാകരുത് നാം.
അനസ് ബ്‌ന് നളര്‍(റ)വിന്റെ മഹിതമായി ജീവിതത്തില്‍ നമുക്ക് ഉത്തമ മാതൃകയുണ്ട്. മുസ്‌ലിംകള്‍ ശത്രുക്കളുമായി പോരാട്ടത്തിലേര്‍പ്പെട്ട സവിശേഷമായ ബദര്‍ യുദ്ധത്തില്‍ അനസ്(റ)വിന് പങ്കെടുക്കാന്‍ സാധിച്ചില്ല, ഈ പ്രതിഫലവും സ്ഥാനവും നഷ്ടപ്പെട്ടതിലെ പ്രയാസങ്ങള്‍ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. അദ്ദേഹം പ്രഖ്യാപിച്ചു : അല്ലാഹു ശത്രുക്കളുമായി പോരാടാനുള്ള ഒരു അവസരം എന്റെ ജീവിതത്തില്‍ നല്‍കുകയാണെങ്കില്‍ എപ്രകാരം അതു വിനിമയിക്കുമെന്ന് അല്ലാഹുവിന് ഞാന്‍ കാണിച്ചുകൊടുക്കും. ഉഹ്ദ് ദിനം ആഗതമായപ്പോള്‍ അദ്ദേഹത്തിന്റെ വാഗ്ദത്ത പൂര്‍ത്തീകരണത്തിന് മുസ്‌ലിംകള്‍ സാക്ഷ്യം വഹിക്കുകയുണ്ടായി. ഉഹ്ദ് യുദ്ധ വേളയില്‍ അദ്ദേഹം സഅ്ദ് (റ)വിനെ അഭിമുഖീകരിച്ചു പറയുകയാണ്. 'നളറിന്റെ നാഥനാണ് സത്യം! സ്വര്‍ഗത്തിന്റെ പരിമളം ഞാന്‍ അനുഭവിക്കുകയാണ്' .എന്നിട്ട് രണാങ്കണത്തില്‍ ശക്തമായി പോരാടുകയും ശരീരത്തില്‍ എന്‍പതില്‍ പരം വെട്ടുകളേറ്റു വാങ്ങി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷ്യം വരിക്കുകയുണ്ടായി. സൂറതുല്‍ അഹ്‌സാബിലെ ഈ സൂക്തം അദ്ദേഹത്തിന്റെ സമര്‍പ്പണ സന്നദ്ധതയെ പ്രശംസിച്ച് അവതരിച്ചതാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിവരിക്കുന്നത് കാണാം. 'സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില ആളുകളുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ ( അത് ) കാത്തിരിക്കുന്നു. അവര്‍ ( ഉടമ്പടിക്ക് ) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല'(ബുഖാരി). റമദാനിന്റെ പ്രഭ മാനത്ത് തെളിയാനിരിക്കുന്ന ഈ ശഅ്ബാനില്‍ നമുക്കോരോരുത്തര്‍ക്കും നമ്മുടെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പുകളിലേര്‍പ്പെടാം.
1.റമദാനിന് മുന്നൊരുക്കമായി ശഅ്ബാനില്‍ ചില സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കാന്‍ പരിശ്രമിക്കുക. നോമ്പിന്റെ ആത്മീയാനുഭൂതി ആവാഹിക്കാനുള്ള ഒരു പരിശീലനം കൂടിയാണത്.
2.റമദാനിലെ ഖിയാമുല്ലൈല്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനായി ശഅ്ബാനിലെ രാത്രികളില്‍ എഴുന്നേറ്റ് ചുരുങ്ങിയത് രണ്ട് റക്അത്തെങ്കിലും നമസ്‌കരിക്കുക.
3.ഖുര്‍ആന്‍ പാരായണം ആരംഭിക്കുക. റമദാനില്‍ ഒരു വട്ടമെങ്കിലും പൂര്‍ത്തീകരിക്കാന്‍ പരമാവധി ശ്രമിക്കുക.
4.ജമാഅത്ത് നമസ്‌കാരം നഷ്ടപ്പെടുന്നതിനെ കുറിച്ച് തികഞ്ഞ ജാഗ്രത പുലര്‍ത്തുക.
5.റമദാനില്‍ നോമ്പനുഷ്ടിക്കും എന്ന് ഇപ്പോള്‍ തന്നെ നിയ്യത്ത് ചെയ്യുക. സത്യവിശ്വാസികള്‍ക്ക്് കര്‍മനിരതരാകാനുള്ള ഉത്തമ സഹായിയാണ് നിയ്യത്ത്.
6.ഇന്നു മുതല്‍ തൗബ പുതുക്കുക, ഒരു പാപവുമില്ലാത്ത അവസ്ഥയില്‍ റമദാനെ അഭിമുഖീകരിക്കാം.
7.നിന്റെ നോമ്പിനെ ദുര്‍ബലമാക്കുന്ന ചാനലുകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെടുക.
8.ദൃഷ്ടികളെയും നാവിനെയും നിയന്ത്രിക്കാനും സംരക്ഷിക്കാനുമുള്ള പരിശീലനം ആരംഭിക്കുക. റമദാനില്‍ അതിന്റെ പൂര്‍ണത് കൈവരുത്താം.
9.നോമ്പിന്റെ നിയമങ്ങള്‍, വിധിവിലക്കുകള്‍ എന്നിവയെ കുറിച്ച്് ശഅ്ബാനില്‍ തന്നെ പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുക. നല്ല ഒരു മുന്നൊരുക്കമുണ്ടെങ്കില്‍ റമദാനിന്റെ എല്ലാ ചൈതന്യവും നമുക്ക് വീണ്ടെടുക്കാന്‍ കഴിയും.
വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്
No comments:
Post a Comment