മുല്ലപ്പെരിയാര്‍ പ്രശ്‌നം : കേരളത്തെ അറിയിക്കാതെ തട്ടേ രഹസ്യയോഗം വിളിച്ചു
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നം പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും കേന്ദ്രജലകമ്മിഷന്‍ മുന്‍ ചെയര്‍മാനുമായ ഡോ. സി.ഡി. തട്ടേ കേരളത്തെ അറിയിക്കാതെ സ്വവസതിയില്‍ ഏകോപനസമിതി യോഗം വിളിച്ചുകൂട്ടി. തമിഴ്‌നാടിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തി വിളിച്ചുകൂട്ടിയ യോഗത്തിന്റെ മിനിട്‌സ് 'മംഗള'ത്തിനു ലഭിച്ചു.
കഴിഞ്ഞ ഏപ്രില്‍ 29-നാണ് തട്ടേയുടെ പുനെയിലെ വസതിയില്‍ പ്രത്യേകയോഗം വിളിച്ചുകൂട്ടിയത്. തമിഴ്‌നാട് ചീഫ് എന്‍ജിനിയര്‍ ആര്‍. സുബ്രഹ്‌മണ്യന്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ വി. രാമചന്ദ്രന്‍, സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷനിലെ ഡോ. പട്ടനൂര്‍, വി.ടി. ദേശായി എന്നിവരാണു യോഗത്തില്‍ പങ്കെടുത്തത്. കേരളാപ്രതിനിധിയായ മുല്ലപ്പെരിയാര്‍ സ്‌പെഷല്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍നായര്‍ ഏകോപനസമിതിയില്‍ അംഗമായിരുന്നെങ്കിലും അദ്ദേഹത്തെ യോഗവിവരം അറിയിച്ചില്ല. ആറു പോയിന്റിലധികം രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് അപകടം സംഭവിക്കുമെന്ന റൂര്‍ക്കി ഐ.ഐ.ടി.
റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള തുടക്കം ഈ യോഗത്തിലാണ്. രാജ്യത്തെ ആണവനിലയങ്ങള്‍,അണക്കെട്ടുകള്‍ എന്നിവ സംബന്ധിച്ച ഭൂകമ്പസാധ്യതകളെക്കുറിച്ചു പഠിക്കുന്ന പ്രധാന ഏജന്‍സിയായ ഐ.ഐ.ടി. റൂര്‍ക്കിയുടെ റിപ്പോര്‍ട്ട് സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷനെക്കൊണ്ട് പരിശോധിപ്പിക്കാന്‍ തീരുമാനിച്ചത് ഈ യോഗത്തിലാണ്. ഭൂചലനം പഠിക്കാന്‍ റൂര്‍ക്കി ഐ.ഐ.ടിയെ അപേക്ഷിച്ചു പത്തിലൊന്നുപോലും ശേഷിയില്ലാത്ത ഈ സ്‌ഥാപനത്തിന് റിപ്പോര്‍ട്ടും കൈമാറി. അണക്കെട്ടിന്റെ 300 കി.മീ. പരിധിയിലുളള ഭൂചലന പ്രഭവകേന്ദ്രങ്ങളും വിലയിരുത്തിയാണ് ഐ.ഐ.ടി. പഠനം നടത്തിയത്. അണക്കെട്ടില്‍നിന്നു 16 കി.മീ. അകലെ തേക്കടി-കൊടൈവന്നൂര്‍ മേഖലയിലെ ഭൂകമ്പപ്രഭവകേന്ദ്രം ഉയര്‍ത്തുന്ന ഭീഷണിയും തുറന്നുകാട്ടിയത് ഈ പഠനത്തിലാണ്.
അണക്കെട്ട് സുരക്ഷിതമാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്രജല കമ്മിഷന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിനെപ്പോലും ചോദ്യം ചെയ്യുന്നതാണ് റൂര്‍ക്കി ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട്. കഴിഞ്ഞമാസം മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധനയ്‌ക്ക് എത്തിയപ്പോള്‍ കേരളത്തിന്റെ ചീഫ് എന്‍ജിനീയര്‍ പി. ലതികയോടു 'ഷട്ടപ്പ്' പറഞ്ഞെങ്കിലും 24-നു തേക്കടിയിലെ 'ആരണ്യനിവാസി'ല്‍ അടച്ചിട്ട മുറിയില്‍ തമിഴ്‌നാട് പ്രതിനിധികളുമായി തട്ടേ രഹസ്യചര്‍ച്ച നടത്തിയിരുന്നു. കേരളത്തെ അറിയിക്കാതെ അണക്കെട്ട് പരിശോധന നടത്തിയതില്‍ പ്രതിഷേധിച്ചു തട്ടേയ്‌ക്ക് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ പരമേശ്വരന്‍നായര്‍ അയച്ച 17 കത്തുകള്‍ പുസ്‌തകരൂപത്തിലാക്കി ഉന്നതാധികാരസമിതിക്കു കഴിഞ്ഞദിവസം സമര്‍പ്പിച്ചു.
No comments:
Post a Comment