ജയലളിത-ഉമ്മന്‍ചാണ്ടി ചര്‍ച്ചയ്‌ക്ക് ശ്രമിക്കാമെന്നു തമിഴ് മാധ്യമങ്ങള്‍
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിതല ചര്‍ച്ചയ്‌ക്ക് അവസരമൊരുക്കാന്‍ ശ്രമിക്കാമെന്നു തമിഴ്‌നാട്ടിലെ മാധ്യമപ്രതിനിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉറപ്പുനല്‍കി. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകളെുടെ നിജസ്‌ഥിതി വിശദീകരിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അവര്‍ പിന്തുണ അറിയിച്ചത്.
കേരളത്തിനു സ്വാര്‍ഥ അജന്‍ഡയുണ്ടെന്ന പ്രചാരണം ശരിയല്ല. സുരക്ഷാ കാരണങ്ങളാല്‍ മാത്രമാണ് കേരളം പുതിയ അണക്കെട്ട് ആവശ്യപ്പെടുന്നതെന്നും തമിഴ്‌നാടിനു കിട്ടിക്കൊണ്ടിരിക്കുന്ന വെള്ളത്തിന്റെ അളവ് ഒട്ടും കുറയ്‌ക്കില്ലെന്ന് നിയമപരമായി ഉറപ്പുനല്‍കാന്‍ തയാറാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
കേരളത്തിലുള്ള തമിഴ് ജനതയ്‌ക്കും ശബരിമല തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്കും യാതൊരു തരത്തിലുമുള്ള അക്രമവും നേരിടേണ്ടിവന്നിട്ടില്ല. അവരുടെ സുരക്ഷയ്‌ക്ക് എല്ലാ നടപടിയും എടുത്തിട്ടുമുണ്ട്.
തമിഴ്‌നാട്ടിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പുതിയ ഡാം പണിയാനാണ് കേരളത്തിന്റെ ആഗ്രഹം. തമിഴ്‌നാട് സഹകരിക്കാത്തതിനാലാണ് കേന്ദ്ര സര്‍ക്കാരിന് കാര്യമായ ഇടപെടലിനു സാധിക്കാത്തത്. ചര്‍ച്ചയ്‌ക്കു തയാറാണെന്നു ജയലളിതയെ അറിയിച്ചിരുന്നു. ചര്‍ച്ചയ്‌ക്കു ജയലളിത സന്നദ്ധത അറിയിച്ചാലുടന്‍ ചെന്നൈയിലെത്താന്‍ തയാറാണെന്നും ഉമ്മന്‍ചാണ്ടി വ്യക്‌തമാക്കി. തുടര്‍ന്നാണ് ഇതിനു ശ്രമിക്കാമെന്ന് മാധ്യമസംഘം ഉറപ്പു നല്‍കിയത്.തമിഴ്‌നാട് പുതിയ ഡാം കെട്ടിത്തന്നാല്‍ അംഗീകരിക്കുമോയെന്ന തമിഴ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉമ്മന്‍ചാണ്ടി വ്യക്‌തമായ മറുപടി നല്‍കിയില്ല.
കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍ നായര്‍, ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ ലതിക എന്നിവരും പങ്കെടുത്തു. സിദ്ധാര്‍ത്ഥ് വരദരാജന്‍ - ദി ഹിന്ദു, വി. സുദര്‍ശന്‍- ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, കുമാര രാമസ്വാമി -മാലൈ മുരശ്, ജയ മേനോന്‍ -ടൈംസ് ഓഫ് ഇന്ത്യ, ബി. ലെനിന്‍, പാര്‍ത്ഥസാരഥി -ദിനമലര്‍, വാള്‍ട്ടര്‍ സ്‌കോട്ട് -യു.എന്‍.ഐ, മകേന്ദ്രന്‍ -രാജ് ടിവി, ഭഗ്‌വാന്‍ സിംഗ് -ഡെക്കാന്‍ ക്രോണിക്കിള്‍, ഷണ്‍മുഖ സുന്ദരം -കലൈഞ്‌ജര്‍ ടിവി, ശ്രീകുമാര്‍ -ന്യൂസ് എക്‌സ്, ജേസു ഡെനിസ്- ദിനതന്തി തുടങ്ങിയവരാണു തമിഴ് മാധ്യമസംഘത്തിലുണ്ടായിരുന്നത്.
No comments:
Post a Comment