അടുത്തകാലത്തായി കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്തുള്ളത് മുസ്ലിംലീഗാണ്. ഓരോ ദിവസവും ലീഗുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവാദങ്ങളുയരുകയെന്നത് പതിവായിരിക്കുന്നു. കേവലമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കപ്പുറത്ത് സാമൂഹിക ബന്ധങ്ങളെത്തന്നെ അപായപ്പെടുത്തുമോ എന്ന് തോന്നിക്കുമാറ് സാമുദായിക, വര്‍ഗീയ നിറം ഈ വിവാദങ്ങള്‍ക്കു വന്നുചേരുന്നുമുണ്ട്. പച്ച ബ്ളൗസ് മുതല്‍ ഇബ്റാഹീം കുഞ്ഞിന്‍െറ പ്രസംഗം വരെയുള്ള ബഹളങ്ങള്‍ക്കെല്ലാം അസുഖകരമായ ഈ ചൂര് നല്ലപോലെയുണ്ട്. പച്ച ബ്ളൗസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഇംഗ്ളീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ എഡിറ്റോറിയല്‍ വരെ എഴുതി. പല ഉത്തരേന്ത്യന്‍ പത്രങ്ങളും മുസ്ലിംലീഗിന്‍െറ കാര്‍മികത്വത്തില്‍ കേരളത്തില്‍ നടക്കുന്ന ഇസ്ലാമിക തീവ്രവാദവത്കരണത്തെക്കുറിച്ച് വായനക്കാരെ സംഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. രണ്ടു ദിവസം മുമ്പ് ടെലിവിഷന്‍ ചര്‍ച്ചയില്‍ കണ്ണൂരില്‍നിന്നുള്ള സി.പി.എം നേതാവ് പറഞ്ഞത്, മുസ്ലിംലീഗ് നേതൃത്വത്തില്‍ ചിലര്‍ താടിവെക്കാത്ത ഉസാമ ബിന്‍ലാദിന്മാരാണെന്നാണ്. വടക്കന്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് ലീഗാണെന്നും അദ്ദേഹം നിരന്തരമായി പറയുന്നുണ്ട്. ഹരിയാനയില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയാകട്ടെ, ദക്ഷിണേന്ത്യയിലാകമാനം തീവ്രവാദം ശക്തിപ്പെടുത്തുന്നതിനു പിന്നില്‍ ലീഗാണെന്ന് ഔദ്യാഗിക പ്രമേയത്തിലൂടെ തന്നെ ആരോപിച്ചു കഴിഞ്ഞു. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി സംഘടനകളാകട്ടെ ദിനേനയെന്നോണം ലീഗിനെതിരെ കടുത്ത വിമര്‍ശങ്ങളാണുന്നയിക്കുന്നത്. മുസ്ലിംലീഗ് രാഷ്ട്രീയ അഭയം നല്‍കി സംരക്ഷിച്ച സി.എം.പിപോലും അതിന്‍െറ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തില്‍ ലീഗിനെതിരെ വര്‍ഗീയതാ ആരോപണം ഉന്നയിച്ചു കഴിഞ്ഞു. ലീഗിനെ കോര്‍ണര്‍ ചെയ്ത് ആക്രമിക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ നടക്കുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആവലാതി പറയാനുണ്ടായ സാഹചര്യം ഇതാണ്. ഈ അരിക്കാക്കല്‍ ശ്രമത്തില്‍ കോണ്‍ഗ്രസിലെ തന്നെ ചിലരുടെ പരോക്ഷ പിന്തുണയുള്ളതായും ലീഗ് വിശ്വസിക്കുന്നു. സമുദായ സംഘടനകളെ സ്വാധീനിച്ച് ലീഗിനെതിരെ തിരിക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടിയോട് അവര്‍ പരാതി പറഞ്ഞതായാണ് അറിയാന്‍ കഴിഞ്ഞത്.
അടുത്ത കാലത്തുണ്ടായ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന ആര്‍ക്കും കെ.പി.എ മജീദിന്‍െറ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാവും. നിസ്സാരമായ കാരണങ്ങള്‍ സൃഷ്ടിച്ച് ലീഗിനെ അപകീര്‍ത്തിപ്പെടുത്താനും, അതിലൂടെ സാമുദായിക ചേരിത്തിരിവുകള്‍ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ നല്ല പോലെ നടക്കുന്നുണ്ട്. 'ലീഗ് തീവ്രവാദികള്‍' എന്നൊരു പദാവലി തന്നെ സി.പി.എം നേതാക്കള്‍ അടുത്തിടെയായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
തങ്ങളെ ഒറ്റപ്പെടുത്തുന്നുവെന്ന ലീഗിന്‍െറ പരാതി സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും മികച്ച മാര്‍ജിനില്‍ നിയമസഭാ പ്രാതിനിധ്യവും കൂടാതെ, കേന്ദ്രമന്ത്രിസഭാ പ്രാതിനിധ്യവുമുള്ളപ്പോഴാണ് ലീഗ് ഈ വിധം കോര്‍ണര്‍ ചെയ്യപ്പെടുന്നത്. അതാകട്ടെ, ലീഗ് നേതാക്കള്‍ക്ക് കേട്ടാല്‍ മുട്ടുവിറക്കുന്ന തീവ്രവാദത്തിന്‍െറ പേരിലും! തങ്ങളെ വിമര്‍ശിക്കുകയും തങ്ങളോട് വിയോജിക്കുകയും ചെയ്യുന്ന ഇതര മുസ്ലിം സംഘടനകളെ കോര്‍ണര്‍ ചെയ്യാനായി അടുത്ത കാലം വരെ ലീഗ് സമര്‍ഥമായും ശക്തമായും ഉപയോഗിച്ചിരുന്ന അതേ ആരോപണങ്ങളും ആയുധങ്ങളും തന്നെ ലീഗിനെതിരെ പ്രയോഗിക്കപ്പെടുന്നുവെന്നതാണ് ഇതിലെ കാവ്യനീതി. മറ്റ് മുസ്ലിം സംഘടനകളെ പൈശാചികവത്കരിച്ച് സ്വയം മാലാഖ ചമയലായിരുന്നു അടുത്ത കാലം വരെ ലീഗിന്‍െറ ഏറ്റവും വലിയ സാംസ്കാരിക പ്രവര്‍ത്തനം. ഈ വിഷയത്തില്‍ സ്പെഷലൈസ് ചെയ്ത നേതാക്കളുടെ സംഘം തന്നെ അവര്‍ക്കുണ്ടായിരുന്നു. അങ്ങനെ പൊതുസമൂഹവും മാധ്യമങ്ങളും പതിച്ചുനല്‍കിയ മഹത്തായ മിതവാദ, മതേതര പട്ടത്തില്‍ അഭിരമിച്ചും ആഹ്ളാദിച്ചും കഴിയുകയായിരുന്നു അവര്‍. ഈ തിമിര്‍പ്പിനാണ് ഇപ്പോള്‍ ഭംഗം വന്നിരിക്കുന്നത്.
മുഖ്യധാര പതിച്ചു നല്‍കുന്ന മഹത്തായ മിതവാദ പട്ടം നിലനിര്‍ത്താനായി സമുദായത്തിലെ ഇതര വിഭാഗങ്ങളെ കോര്‍ണര്‍ ചെയ്യുക മാത്രമല്ല ലീഗ് ചെയ്തത്, മറിച്ച് സമുദായത്തിനെതിരെ ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്നുണ്ടാവുന്ന പ്രകടമായ വിവേചനങ്ങളെപ്പോലും നിഷേധിക്കാനും മറച്ചുവെക്കാനും അവര്‍ പണിയെടുത്തു. ഏറ്റവുമൊടുവില്‍, കുപ്രസിദ്ധമായ ഇ-മെയില്‍ വിവാദത്തില്‍ ഇത് ഏറെ പ്രകടമായിരുന്നു. തങ്ങളുടെ നേതാക്കളടക്കം വലിയൊരു സംഘം മുസ്ലിം പ്രമുഖരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ് പദ്ധതിയിട്ടപ്പോള്‍, പ്രസ്തുത പദ്ധതി വെളിച്ചത്തുകൊണ്ടുവന്നവര്‍ക്കെതിരെ ആക്രോശിക്കുന്നവരുടെ മുന്‍പന്തിയിലായിരുന്നു ലീഗ്. കാസര്‍കോട്ട് ലീഗിനെ പിന്തുണക്കുന്ന സുന്നി ഗ്രൂപ് നടത്തിയ നബിദിന റാലിയില്‍ കുറച്ച് കുട്ടികള്‍ കൗതുകത്തിന് പട്ടാളക്കുപ്പായമിട്ട് അണിനിരന്നു. അവര്‍ക്കെതിരെ രാജ്യദ്രോഹമടക്കം ആരോപിച്ച് നിയമനടപടികളുമായി ആഭ്യന്തരവകുപ്പ് മുന്നോട്ടുപോയി. കുട്ടികളുടെ വീടുകളില്‍ അസമയങ്ങളില്‍ റെയ്ഡ് നടത്തി 'തീവ്രവാദ ഉപകരണ'ങ്ങളായ കുപ്പായങ്ങള്‍ പിടിച്ചെടുത്തു. പക്ഷേ, അതേസമയം, മറ്റൊരു കൂട്ടര്‍ ആഭ്യന്തരമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നാട്ടില്‍ പട്ടാള യൂനിഫോമും പട്ടാള ഹെലികോപ്ടറിന്‍െറ മാതൃകയുമായി മാര്‍ച്ച് നടത്തിയപ്പോള്‍ പൊലീസ് അവര്‍ക്ക് അകമ്പടി സേവിച്ചു. ഇവിടെയും കേസില്‍ കുടുക്കപ്പെട്ട കാസര്‍കോട്ടെ തങ്ങളുടെ പ്രവര്‍ത്തകരോടൊപ്പം നില്‍ക്കാന്‍ ലീഗിന് ത്രാണിയുണ്ടായില്ല. മിതവാദ പട്ടത്തിന് പരിക്കേല്‍ക്കുമോ എന്നവര്‍ ഭയപ്പെട്ടു.
മുഖ്യധാരയുടെ പരിലാളനക്കുവേണ്ടി സ്വന്തം ജനതയെ പലപ്പോഴും ലീഗ് മറന്നുപോയതായും കാണാം. വിദ്യാഭ്യാസവകുപ്പ് ഇത്രയും കാലം കൈകാര്യം ചെയ്തിട്ടും വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തില്‍ മലപ്പുറവും മലബാറും ഇപ്പോഴും ബഹുദൂരം പിറകിലായതിന്‍െറ കാരണങ്ങളിലൊന്നിതാണ്. ഈയാഴ്ച പുറത്തുവന്ന ഒരു കണക്ക് പരിശോധിക്കുന്നത് രസകരമായിരിക്കും. സംസ്ഥാനത്തെ സ്കൂളുകളിലെ കക്കൂസ്, കുടിവെള്ള സൗകര്യത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്കുകളാണ് പുറത്തുവന്നത്. ഇതില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്നത് മലപ്പുറം ജില്ലയാണത്രെ. തൊട്ടുമുന്നില്‍ കോഴിക്കോട്. ആവശ്യത്തിന് മൂത്രപ്പുരയും കക്കൂസും ശുദ്ധജലസൗകര്യവുമില്ലാത്ത 500 സ്കൂളുകളാണ് മലപ്പുറത്തുള്ളത്. കോഴിക്കോട് 430. കണ്ണൂര്‍ 377. പാലക്കാട് 352. ഇത്തരം സൗകര്യങ്ങളില്ലാത്ത 2971 സ്കൂളുകള്‍ സംസ്ഥാനത്ത് ആകെയുള്ളതായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. ഇതില്‍ മഹാഭൂരിഭാഗവും മലബാര്‍ ജില്ലകളില്‍. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഒരു കണക്ക് സൂചിപ്പിച്ചുവെന്നു മാത്രം. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം, ഗതാഗതം എന്നുതുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും മുസ്ലിംലീഗിന് രാഷ്ട്രീയ പിന്തുണയുള്ള പ്രദേശങ്ങള്‍ കടുത്ത വിവേചനത്തിന് വിധേയമായതായി കാണാന്‍ കഴിയും. എന്നിട്ടും മുസ്ലിംലീഗ് അനര്‍ഹമായത് വാരിക്കൊണ്ടുപോകുന്നുവെന്നാണ് സര്‍വസത്യമായിക്കഴിഞ്ഞ പ്രചാരണം. എന്നാല്‍, ഇതിനെ മറികടക്കാന്‍ മാത്രമുള്ള ആസൂത്രണമോ മീഡിയ മാനേജ്മെന്‍േറാ രാഷ്ട്രീയ ബോധമോ ലീഗിനില്ല. യഥാര്‍ഥ കണക്കുകളിലൂടെ തങ്ങള്‍ ഉയര്‍ത്തുന്ന പിന്നാക്ക രാഷ്ട്രീയത്തിന്‍െറ പ്രസക്തി കൂടുതല്‍ ഊന്നിപ്പറയുകയായിരുന്നു ലീഗ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, അതിനുള്ള പ്രത്യയശാസ്ത്ര ഊര്‍ജം ലീഗിനില്ലാതെ പോയി. എന്നിട്ട്, അന്തസ്സില്ലാതെ എല്ലാവരും ഒറ്റപ്പെടുത്തുന്നുവെന്ന പരാതിയുമായി നടക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി നേതൃത്വങ്ങളുടെ സ്വകാര്യമായ ചില താല്‍പര്യങ്ങള്‍ ലീഗ് വിരുദ്ധ കാമ്പയിന് പിന്നിലുണ്ടെന്നതാണ് സത്യം. തന്‍െറ മകളെ എം.ജി യൂനിവേഴ്സിറ്റി വൈസ്ചാന്‍സലറാക്കിയാല്‍ തീരുന്നതു മാത്രമാണ് സുകുമാരന്‍ നായരുടെ സമുദായ സന്തുലന സിദ്ധാന്തം. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വെള്ളാപ്പള്ളി നടേശനും നേടിയെടുക്കേണ്ടതുണ്ട്. എന്നാല്‍, ഇത്തരം ഗൂഢ ലക്ഷ്യങ്ങളെ തുറന്നു കാണിക്കാന്‍പോലും ലീഗ് കാമ്പയിനര്‍മാര്‍ക്ക് കഴിഞ്ഞില്ല.
ലോകത്ത് എല്ലായിടത്തുമെന്നപോലെ, യുവാക്കളും കൗമാരപ്രായക്കാരും താരതമ്യേന അധികമുള്ള മതസമുദായമാണ് കേരളത്തിലെ ഇസ്ലാമിക സമൂഹവും. ചെറുപ്പക്കാര്‍ ധാരാളമുള്ള ഏത് സമൂഹത്തിനും സ്വാഭാവികമായുണ്ടാവുന്ന ചടുലതയും ചലനാത്മകതയും കേരളത്തിലെ മുസ്ലിം സമൂഹത്തിനുമുണ്ട്. വിദ്യാസമ്പന്നരും സംരംഭകപ്രിയരുമായ പുതുതലമുറ മുസ്ലിംകള്‍ നടത്തുന്ന മുന്നേറ്റങ്ങളെ അസൂയയോടെ കാണുന്ന പ്രവണത നമ്മുടെ മതേതര പൊതുബോധത്തില്‍ പ്രകടമാണ്. അച്യുതാനന്ദന്‍െറ മഹത്തായ കോപ്പിയടി സിദ്ധാന്തം ഇതിന്‍െറ ചെറിയ, പ്രത്യക്ഷമായൊരു നിദര്‍ശനം മാത്രമായിരുന്നു. എമര്‍ജിങ് കേരള 'ജിഹാദി അജണ്ട'യാണെന്ന വിചിത്ര പ്രസ്താവനയിറക്കിയ വിശ്വഹിന്ദു പരിഷത്ത് പ്രസരിപ്പിക്കുന്നതും ഇതേ പൊതുബോധത്തിന്‍െറ മറ്റൊരു മുഖമാണ്. അങ്ങേയറ്റം ചലനാത്മകമായ യുവതലമുറയുടെ അഭിലാഷങ്ങളെ തിരസ്കരിച്ച് മുന്നോട്ടുപോവാന്‍ ലീഗിന് കഴിയില്ല. ആ തലമുറ സൃഷ്ടിക്കുന്ന സമ്മര്‍ദങ്ങളോടു പ്രതികരിക്കാന്‍ ലീഗ് ബാധ്യസ്ഥമാണ്. അതാണ്, സാമുദായിക പ്രീണനം എന്ന അര്‍ഥത്തില്‍ വിവാദങ്ങളായി പുറത്തുവരുന്നത്. എന്നാല്‍, ഈ വിവാദങ്ങളെ ഔിത്യപൂര്‍വം മറികടക്കാന്‍ ലീഗ് ഇനിയും പഠിക്കേണ്ടതുണ്ട്.
ഒപ്പം തന്നെ, ഒരു ബഹുസ്വര സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നിലനിര്‍ത്തേണ്ട പല സാമൂഹിക മര്യാദകളും പാലിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടില്ലെന്നതും സത്യമാണ്. ഉത്തര മലബാറില്‍ പലേടത്തും പാര്‍ട്ടി പ്രസിഡന്‍റിന് ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടികള്‍ പോലും പ്രവര്‍ത്തകരുടെ 'അച്ചടക്ക'ത്തെ ഭയന്ന് റദ്ദാക്കേണ്ട അവസ്ഥ ലീഗിനുണ്ടായിട്ടുണ്ട്. അല്‍പം കൂടി പക്വതയും അച്ചടക്കവുമുള്ള സംഘടനാ സംവിധാനം രൂപപ്പെടുത്താന്‍ ലീഗിന് കഴിയാത്തതാണ് പല സ്ഥലങ്ങളിലും സാമുദായിക നിറം വന്നുചേരുന്ന സംഘര്‍ഷങ്ങള്‍ക്കു കാരണം. ഒരേ മതത്തിലും ലിംഗത്തിലും പെട്ടവര്‍ മാത്രം ഔദ്യാഗിക നേതൃസ്ഥാനങ്ങളിലുള്ള കേരളത്തിലെ ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി മുസ്ലിംലീഗ് മാത്രമായിരിക്കും. കേരളപ്പിറവിക്കുശേഷം ഡസന്‍ കണക്കിന് സാമാജികരെ നിയമസഭയിലേക്കയച്ച ലീഗിന് ഇതുവരെയും ഒരു വനിതയെ എം.എല്‍.എയാക്കാന്‍ സാധിച്ചിട്ടില്ല എന്നത് അത്ര നല്ല ലക്ഷണമായല്ല പൊതുസമൂഹം കാണുന്നത്. മുസ്ലിം യാഥാസ്ഥിതികതയെ മറികടന്ന് സ്വയം വിശാലമാകാനും ബഹുസ്വരമാകാനുമുള്ള ശ്രമങ്ങള്‍ സാങ്കേതികമായിപ്പോലും ലീഗ് നടത്തിയിട്ടില്ല എന്നാണിത് കാണിക്കുന്നത്. ഭരണനിര്‍വഹണത്തിന്‍െറയും സാമൂഹിക അധികാരത്തിന്‍െറയും മേഖലകളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട മുഴുവന്‍ സമൂഹങ്ങളെയും ഒന്നിപ്പിച്ച് ബഹുസ്വരമായ ഒരു നവജനാധിപത്യ മുന്നേറ്റം സൃഷ്ടിക്കാന്‍ ലീഗിന് സാധിച്ചാല്‍ അത് വലിയൊരു രാഷ്ട്രീയ സാധ്യതയായിരിക്കും. അധ$സ്ഥിത വര്‍ഗ മുന്നേറ്റത്തിന് അത് കരുത്തുനല്‍കും. ഈ അര്‍ഥത്തില്‍ ഘടനയിലും ഉള്ളടക്കത്തിലും സമ്പൂര്‍ണ്ണമായ മാറ്റിപ്പണിയലിനെക്കുറിച്ച് ഗൗരവത്തിലാലോചിക്കാതെ ലീഗിന് മുന്നോട്ടുപോകാന്‍ പ്രയാസമായിരിക്കും.
No comments:
Post a Comment