Tuesday 12 February 2013

[www.keralites.net] ചിരിവിതറുന്ന ഡ്രാക്കുള

 

ചിരിവിതറുന്ന ഡ്രാക്കുള!

ഹരീഷ് ശിവരാമന്‍

 

സര്‍ ആര്‍തര്‍ കോനല്‍ ഡോയ്‌ല്‍ ഷെര്‍ലക്‌ ഹോംസ്‌ എന്ന അവിസ്‌മരണീയനായ ഡിറ്റക്‌ടീവിനെ ലോകത്തിനു പരിചയപ്പെടുത്തിയ അതേവര്‍ഷം തന്നെയാണ്‌ (1887) ബ്രാം സ്‌റ്റാക്കര്‍ എന്ന ഐറിഷ്‌ എഴുത്തുകാരന്‍ ഡ്രാക്കുളയുടെ സൃഷ്‌ടി തുടങ്ങുന്നത്‌. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം 1897 ല്‍ രക്‌തദാഹിയായ ഡ്രാക്കുള പിറവികൊണ്ടു. ഷെര്‍ലക്‌ ഹോംസും ഡ്രാക്കുളയും ഒരുപോലെ ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക്‌ പ്രിയപ്പെട്ടതായി. ഇരുവരും തങ്ങളെ സൃഷ്‌ടിച്ച എഴുത്തുകാരേക്കാള്‍ പ്രശസ്‌തരായി! സാങ്കല്‌പിക കഥാപാത്രങ്ങളായി വായനക്കാര്‍ ഇവരെ കണക്കാക്കാന്‍ മടിച്ചു. ഷെര്‍ലക്‌ ഹോംസ്‌ വായനക്കാരെ ഉദേ്വഗത്തിലാഴ്‌ത്തുമ്പോള്‍ പത്തുവയസ്സിന്‌ ഇളപ്പമുള്ള ഡ്രാക്കുള പരിഭാഷകളിലൂടെ ലോകമെമ്പാടുമുള്ള വായനാപ്രേമികളുടെ മനസ്സിലേയ്‌ക്ക് ഭയത്തിന്റെ രസഭാവമായി പടര്‍ന്നുകയറി. നോവലില്‍ നിന്ന്‌ ഡ്രാക്കുള നാടകത്തിലേക്കും പിന്നെ സിനിമയിലേക്കും ഇരുളിന്റെ രാജകുമാരനായി അവതരിച്ചു.

ട്രാന്‍സില്‍വാനിയയിലെ ഡ്രാക്കുള കോട്ടയില്‍ നിന്നും ഡ്രാക്കുളയെ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിച്ച്‌ നമ്മുടെ മാതൃഭാഷ പറയിപ്പിക്കാനുള്ള ധൈര്യം കാണിച്ച സംവിധായകന്‍ ശ്രീ. വിനയന്‌ ആദ്യം തന്നെ അഭിനന്ദനങ്ങള്‍. വിനയന്റെ മുപ്പത്തിമൂന്നാമത്തെ സിനിമയാണ്‌ 3ഡി യില്‍ ചെയ്‌ത ഡ്രാക്കുള. വികലാംഗരുടെയും അന്ധരുടെയും ബധിരരുടെയും മൂകരുടെയും മറ്റും ശാരീരിക, മാനസിക വൈകല്യങ്ങളുള്ളവരുടെയുമൊക്കെ കഥ പറഞ്ഞ്‌ കേരളത്തെ കണ്ണീരിലാഴ്‌ത്തിയ വിനയന്‍ പിന്നീട്‌ പ്രതിഭയുടെ കുത്തിയൊഴുക്കില്‍ പോലീസുകാരുടെയും പട്ടാളക്കാരുടെയും കഥ കഴിച്ചു. പിന്നീട്‌ വിനയന്‍ സാറിലെ കഥാകാരന്റെ കണ്ണുകള്‍ യക്ഷി, മറുത, ചുടലമാടന്‍ ആദിയായ ലോക്കല്‍ ഭൂതങ്ങളുടെ കഥകളെല്ലാം വെളിച്ചത്താക്കി. യാതൊരുവിധ ഉപദ്രവങ്ങളും ആര്‍ക്കും ചെയ്യാതെ കാലങ്ങളായി പാലമരത്തില്‍ റെസ്‌റ്റ് എടുത്തിരുന്ന യക്ഷികളെയാണ്‌ ആവാഹിച്ച്‌ വെള്ളിത്തിരയില്‍ വരുത്തിക്കളഞ്ഞത്‌! കേരളം ഭയന്ന നാളുകളായിരുന്നു അത്‌.

തന്റെ സൃഷ്‌ടികളിലൂടെ പ്രേക്ഷകമനസ്സില്‍ ദുരിതദു:ഖകാഴ്‌ചകള്‍ മാത്രം നിറച്ചതിലുണ്ടായ കുറ്റബോധമാവും ഒരു മുഴുനീള കുംടുംബഹാസ്യ ചിത്രം ഒരുക്കണമെന്ന തീരുമാനത്തില്‍ ശ്രീ. വിനയനെ എത്തിച്ചത്‌! ആ തീരുമാനം എന്തുകൊണ്ടും നന്നായി. സര്‍വ്വലക്ഷണങ്ങളും തികഞ്ഞ ഒരു ഹാസ്യസിനിമയാണ്‌ ഡ്രാക്കുള! ആദ്യാവസാനം വരെ ചിരിയ്‌ക്കാനുള്ള വക പ്രേക്ഷകര്‍ക്ക്‌ ലഭിക്കും. പടം 3ഉ ആണല്ലോ; പ്രേക്ഷകരെല്ലാം കണ്ണടവച്ച്‌ കരുണാനിധി മാതിരി അങ്ങനെ. പ്രേക്ഷകരുടെ ആ ഇരിപ്പ്‌ കണ്ടാല്‍ സാക്ഷാല്‍ ഡ്രാക്കുള രക്‌തം കുടിക്കാന്‍ മറക്കുകയും ചിരിച്ചുചിരിച്ച്‌ മണ്ണ്‌ തിന്നുകയും ചെയ്യുമെന്നത്‌ തരം മൂന്നര!

എന്നാല്‍, ഒരു ഹൊറര്‍ ചിത്രമാവശ്യപ്പെടുന്ന ദൃശ്യ, ശ്രവ്യ രംഗങ്ങളുടെ ഗാഡതയ്‌ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ വിനയന്‍ ശ്രമിച്ചിട്ടുണ്ട്‌. അതില്‍ ഒരു പരിധി വരെ വിജയം കൈവരിക്കാന്‍ അദ്ദേഹത്തിനായിട്ടുമുണ്ട്‌. സാങ്കേതിക മികവ്‌ മാത്രമാണ്‌ ഈ സിനിമയുടെ ഹൈലൈറ്റ്‌.

സംവിധാനിക്കുക മാത്രമല്ല കഥയും തിരക്കഥയും പിന്നെ സംഭാഷണവും വരെ ശ്രീ വിനയന്‍ ഒറ്റയ്‌ക്ക് രചിച്ചുകളഞ്ഞു. കഥാരചന എന്ന ഭാരം ചുമക്കാന്‍ വിനയന്‍ അധികമൊന്നും വിയര്‍ത്തിട്ടുണ്ടാവില്ല. കാരണം ശ്യൂന്യതയ്‌ക്ക് അത്രയ്‌ക്ക് വലിയ ഭാരമൊന്നുമില്ലല്ലോ. മന്ത്രതന്ത്രവിദ്യകളില്‍ തല്‌പരനായ റോയ്‌ (സുധീര്‍ സുകുമാരന്‍) ഭാര്യയോടൊത്ത്‌ ഹണിമൂണിനായ്‌ റുമേനിയയിലെത്തുന്നു. അവിടെ ട്രാന്‍സില്‍വാനിയയിലെ ഡ്രാക്കുള കോട്ട സന്ദര്‍ശിച്ച്‌ ഹോട്ടല്‍ റൂമിലെത്തിയ റോയ്‌ ഡ്രാക്കുളയെ ആവാഹിച്ച്‌ വരുത്താനാവുമോ എന്ന്‌ തന്റെ ഗുരുവായ താന്ത്രികനോട്‌(നാസര്‍) ഫോണിലൂടെ ആരായുന്നു. പുല്ലുപോലെ എന്നവിധം ഊറ്റത്തോടെ താന്ത്രികന്‍ സാധിക്കുമെന്ന്‌ മറുപടി നല്‍കുന്നു.
(ഓര്‍ക്കുക ശിഷ്യാ
, തന്ത്രമന്ത്രങ്ങള്‍ക്ക്‌ ചുമ്മാ അലഞ്ഞു തിരിയുന്ന ആത്മാക്കളെ ഒതുക്കാനും നാടന്‍ ഭൂതപ്രേതപിശാചുക്കള്‍ക്ക്‌ പണികൊടുക്കാനും മാത്രമുള്ള ശക്‌തിയേ ഉള്ളുവെന്ന്‌ ധരിക്കേണ്ടതില്ല, വിധിപ്രകാരമുള്ള കര്‍മ്മം കൊണ്ട്‌ ഡ്രാക്കുളയെപ്പോലും പൂ മാതിരി ആവാഹിക്കാം എന്ന ഹുങ്കും തന്ത്രിമുഖത്ത്‌ ദര്‍ശിക്കാം)

പിറ്റേന്ന്‌, ഹോട്ടല്‍ റൂമില്‍ ഭാര്യയെ തനിച്ചാക്കി ഡ്രാക്കുള കോട്ടയില്‍ പോയ റോയ്‌ അവിടെ വച്ച്‌ ഡ്രാക്കുളയെ ആവാഹിച്ച്‌ വരുത്തുന്നു. ഒട്ടും അമാന്തം കൂടാതെ റോയ്‌യെ കൊന്ന്‌ അരൂപിയായ ഡ്രാക്കുള അയാളുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. അപ്പോള്‍, ഹണിമൂണിനേക്കാള്‍ പ്രാധാന്യം ആവാഹനത്തിന്‌ നല്‍കരുതെന്ന സന്ദേശം പ്രേക്ഷകമനസ്സില്‍ തെളിഞ്ഞേക്കാം.

പിന്നെ ഡ്രാക്കുള കുടിയോട്‌കുടിയാണ്‌-രക്‌തം. സൂക്ഷിച്ചിരുന്നില്ലെങ്കില്‍ പ്രേക്ഷകരുടെ പോലും രക്‌തം വിനയഡ്രാക്കുള കുടിച്ചുതുപ്പും. റോയിയുടെ ശരീരത്തിലേറി ഡ്രാക്കുള എന്തിന്‌ കേരളത്തിലെത്തിയെന്നും എന്തിനുവേണ്ടി താന്ത്രികന്റെ ഇല്ലം ലക്ഷ്യമാക്കി തന്റെ ചോരകുടി വ്യാപരിപ്പിക്കുന്നുവെന്നുമൊക്കെയാണ്‌ ഡ്രാക്കുളയിലൂടെ വിനയന്‍ പറയുന്നത്‌. പ്രഭു, നാസര്‍ തുടങ്ങിയ നടന്മാരുടെ സാന്നിദ്ധ്യം പോലും പ്രേക്ഷകര്‍ക്ക്‌ ആശ്വാസമാവുന്നില്ല. അസഹനീയമായ ഒരു കാഴ്‌ചാനുഭവമാണ്‌ ഡ്രാക്കുള സമ്മാനിക്കുക. രക്‌തം വാര്‍ന്ന്‌ തീയ്യേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്ത്‌ ഇളിഭ്യത തെളിയിക്കുന്ന ഒരു മങ്ങല്‍ ഏറെനേരം തങ്ങിനില്‍ക്കും. അരോചകമായ സംഭാഷണങ്ങളെക്കുറിച്ചുള്ള ഓര്‍മ്മ കാതുകളെ നടുക്കും. വര്‍ഷങ്ങളായി ലോകത്തെമ്പാടും പലഭാഷകളിലായി പ്രേക്ഷകരെ നിരവധിതവണ കിടുകിടെ വിറപ്പിച്ച ഡ്രാക്കുള ആത്മാവില്ലാത്ത ഒരു ചിരിയായി പ്രേക്ഷകമുഖത്ത്‌ വിരിയുമ്പോള്‍ വിനയന്‍ ഓര്‍ക്കണം അത്‌ ഡ്രാക്കുളയുടെ പരാജയമായിരുന്നില്ലെന്ന്‌. ഭയത്തിന്റെ ആസ്വാദ്യഭാവമാണ്‌ ഡ്രാക്കുള. ആ ഭാവത്തെയാണ്‌ വിനയന്‍ എന്ന സംവിധായകന്‍ തകര്‍ത്തുകളഞ്ഞത്‌.

ഒന്നോര്‍ക്കുക: വിനയനോട്‌ ഡ്രാക്കുള പൊറുക്കില്ല


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment