ശ്രീനിവാസന് നേരെ മോഹന്‍ലാല്‍ ആരാധകര്‍
ശ്രീനിവാസന്‍ തിരക്കഥയെഴുതി സിനിമ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിനെതിരെ സൂപ്പര്‍താരങ്ങളുടെ ആരാധകരും ചലച്ചിത്രരംഗത്തെ പ്രമുഖരും രംഗത്തെത്തുന്നു. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളെ ആക്ഷേപിയ്ക്കുന്നത് പരിധി വിട്ടുവെന്നും ചിലരെ പ്രത്യേകം ഉന്നമിടന്നുവെന്നുമുള്ള ആരോപണങ്ങളാണ് ശ്രീനിയ്ക്ക് നേരെ ഉയര്‍ന്നിരിയ്ക്കുന്നത്. ആക്ഷേപഹാസ്യത്തിന്റെ പേരില്‍ സൂപ്പര്‍താരങ്ങളെ ഒളിഞ്ഞും തെളിഞ്ഞും കണക്കറ്റ് പരിഹസിയ്ക്കുന്ന സിനിമ ഇതിനോടകം ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിയ്ക്കുകയാണ്.
റോഷന്‍ ആന്‍ഡ്രൂസിന്റെ ഹിറ്റ് ചിത്രമായ ഉദയനാണ് താരത്തിന്റ രണ്ടാംഭാഗമെന്ന് പറയാനാവില്ലെങ്കിലും അതിലെ പ്രധാനകഥാപാത്രമായ സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍ തന്നെയാണ് പുതിയ ചിത്രത്തിലെ നായകന്‍.
ശ്രീനിയുടെ തിരക്കഥയില്‍ നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത പത്മശ്രീ സരോജ് കുമാറില്‍ ആദ്യ സിനിമയിലെ പച്ചാളം ഭാസി, ബേബിക്കുട്ടന്‍ എന്നീ കഥാപാത്രങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്.
സൂപ്പര്‍താരങ്ങളുടെ വീടുകളിലെ റെയ്ഡും ആനക്കൊമ്പും പട്ടാള പദവി ലബ്ധിയുമെല്ലാം ചിത്രത്തില്‍ ശ്രീനി പരാമര്‍ശിയ്ക്കുന്നുണ്ട്. എന്നാല്‍ സൂപ്പര്‍താരങ്ങളെ മാന്യമായ രീതിയില്‍ പരിഹസിയ്ക്കുകയല്ല, മറിച്ച് അവര്‍ക്ക് നേരെ ചെളി വാരിയെറിയുകയാണ് ശ്രീനി ഈ ചിത്രത്തിലൂടെ ചെയ്യുന്നതെന്നാണ് വിമര്‍ശനം.
സൂപ്പര്‍താരങ്ങള്‍ മാത്രമല്ല, യുവതാരങ്ങളില്‍ പ്രമുഖനായ പൃഥ്വിരാജിനെപ്പോലും തിരക്കഥയിലൂടെ ശ്രീനി ആക്രമിയ്ക്കുന്നുണ്ട്. അതേ സമയം വിനീത് ശ്രീനിവാസനെ അത്യാവശ്യം പ്രമോട്ട് ചെയ്യാനും മകന്റെ അച്ഛന്‍ മടിയ്ക്കുന്നില്ല.
ലക്ഷ്യം ലാല്‍; മമ്മൂട്ടിയെ വെറുതെ വിട്ടു
മമ്മൂട്ടിയും ലാലുമടക്കമുള്ള സൂപ്പര്‍താരങ്ങളുടെ ഉറ്റസുഹൃത്താണ് ശ്രീനിവാസനെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ഈ താരങ്ങളുടെ വളര്‍ച്ചയില്‍ ശ്രീനി വഹിച്ച പങ്കും വിസ്മരിയ്ക്കാനാവില്ല. എന്നാല്‍ ഈ സുഹൃദ്ബന്ധത്തിന്റെ മറവില്‍ മുതിര്‍ന്ന നടന്മാരെ കരിവാരിത്തേയ്ക്കുന്നതാണ് അവരുടെ ആരാധകരെ രോഷം കൊള്ളിയ്ക്കുന്നത്.
വിമര്‍ശനം ആരോഗ്യപരമാണെങ്കില്‍ പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുമെന്നതിന് തെളിവായിരുന്നു ഉദയനാണ് താരമെന്ന ചിത്രത്തിന്റെ വിജയം. എന്നാല്‍ സരോജ് കുമാറിന്റെ രണ്ടാംവരവ് സൂപ്പര്‍താരങ്ങളെ അക്രമിയ്ക്കുകയെന്ന എന്ന ഒറ്റ ഉദ്ദേശത്തോടെയാണെന്ന് സിനിമ കാണുന്ന ആര്‍ക്കും മനസ്സിലാവും.
സരോജ് കുമാറിലൂടെ ശ്രീനി പ്രധാനമായും ഉന്നമിടുന്നത് മോഹന്‍ലാലാണെന്ന് മനസ്സിലാക്കാന്‍ അധികം തലപുകയ്‌ക്കേണ്ട. കാശുമുടക്കി കേണല്‍ പദവി സ്വന്തമാക്കുന്ന നടനെതിരെ ജനം ചാനലുകളിലൂടെ പ്രതികരിയ്ക്കുമ്പോള്‍ അമ്മ ചൂണ്ടിക്കാണിച്ചാല്‍പ്പോലും അച്ഛനെ അംഗീകരിയ്ക്കാത്ത ചെറ്റകളെന്നാണ് സരോജ് കുമാര്‍ വിളിച്ചുകൂവുന്നത്. ആദായനികുതി റെയ്ഡില്‍ പിടിച്ചെടുക്കുന്ന കാളക്കൊമ്പിനെ ആനക്കൊമ്പാക്കി മാറ്റുന്ന ശ്രീനിയുടെ തമാശകള്‍ സഹതാപം മാത്രമേ സൃഷ്ടിയ്ക്കുന്നുള്ളൂ.
യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിയെപ്പോലും വെറുതെ വിടാന്‍ ശ്രീനിയിലെ തിരക്കഥാകൃത്ത് തയാറാവുന്നില്ല. സൗത്ത് ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗ്ലിഷ് സംസാരിക്കുന്ന നടനെന്ന് പൃഥ്വി പറഞ്ഞെന്ന തരത്തില്‍ പ്രചരിച്ച അതിരുവിട്ട തമാശ സിനിമയിലൂടെ തിരക്കഥാകൃത്ത് ആവര്‍ത്തിയ്ക്കുന്നുണ്ട്.
സൂപ്പറുകളെ അക്രമിയ്ക്കുന്ന കാര്യത്തില്‍ സിനിമ മമ്മൂട്ടിയോട് മൃദുസമീപനം പുലര്‍ത്തുന്നുണ്ടെന്ന് വേണം കരുതാന്‍. ലാലിനെ തലങ്ങും വിലങ്ങും അക്രമിയ്ക്കുമ്പോള്‍ മമ്മൂട്ടിയെ അധികം കുത്തിനോവിയ്ക്കാന്‍ ശ്രീനി തായാറായിട്ടില്ല.
നല്ല സിനിമയുടെ പ്രതീകമായി, നാളത്തെ വാഗ്ദാനമായി അവതരിപ്പിയ്ക്കപ്പെടുന്ന യുവനടന്‍ ശ്യാമിന്റെ വേഷത്തില്‍ വിനീത് ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത് വെറുതെയാണെന്നും കരുതാനാവില്ല. മകന്റെ അച്ഛന്റെ സ്‌നേഹപ്രകടനമായി ഇതിനെ പലരും കാണുന്നുണ്ട്.
രണ്ട് രണ്ടര മണിക്കൂര്‍ സൂപ്പര്‍താരങ്ങള്‍ക്ക് നേരെ ചെളിവാരിയെറിഞ്ഞതിന് ശേഷം ഇതെല്ലാം അവര്‍ നന്നാവാന്‍ വേണ്ടിയാണെന്ന തരത്തിലുള്ള സിനിമയുടെ കഥാന്ത്യവും ആര്‍ക്കും ദഹിയ്ക്കുന്നില്ല. ശ്രീനിവാസന്‍ എഴുതിയ തിരക്കഥകളില്‍ ഏറ്റവും മോശമെന്ന കുപ്രസിദ്ധിയാവും ഒരുപക്ഷേ പത്മശ്രീ സരോജ് കുമാറിനെ കാത്തിരിയ്ക്കുന്നുണ്ടാവുക.
നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ കാണികളെ പാടെ നിരാശപ്പെടുത്തിയ ചിത്രം മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വ്യക്തിഹത്യ നടത്തുന്ന രീതിയിലായിപ്പോയി എന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു.
ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരെല്ലാം സരോജായി വന്ന് ശ്രീനിവാസന്‍ കളിയാക്കുന്നത് ആരെയാണെന്ന് ചിന്തിച്ചു പോവും. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളത്തിലെ രണ്ടു സൂപ്പര്‍സ്റ്റാറുകളുടെ പേരാവും പ്രേക്ഷകമനസ്സില്‍ ഓടിയെത്തുക.
എന്നാല്‍ ചിത്രത്തിലെ പല രംഗങ്ങളും കാണുമ്പോള്‍ സരോജ് ഉന്നം വയ്ക്കുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തന്നെയല്ലേ എന്ന് പ്രേക്ഷകര്‍ ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാനാവില്ല.
ലഫ്റ്റണന്റ് കേണല്‍ പദവി ലഭിയ്ക്കാനായി സരോജ് നടത്തുന്ന അഭ്യാസങ്ങളും നടന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്ന രംഗങ്ങളുമെല്ലാം പ്രേക്ഷകരില്‍ ഈ സംശയം ഉണര്‍ത്താന്‍ പര്യാപ്തമാണ്.
ആദായ നികുതി റെയ്ഡിന് ശേഷം സരോജിന്റെ വീട്ടില്‍ നിന്ന് കാളക്കൊമ്പ് പിടിച്ചെടുക്കുന്നു. അപ്പോള്‍ അത് ആനക്കൊമ്പാണെന്നേ പറയാവൂ അല്ലെങ്കില്‍ എന്റെ മാനം പോവും എന്നാണ് സരോജ് പറയുന്നത്.
ചിത്രത്തിലൂടെ ഗുണപരമായ ഒരു വിമര്‍ശനമാണ് ശ്രീനിവാസന്‍ ഉദ്ദേശിച്ചതെങ്കില്‍ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നില്ലേ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.
ഉദയനാണ് താരം എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. വീണ്ടും തെങ്ങുമ്മൂട്ടില്‍ രാജപ്പനെന്ന സരോജ് കുമാറിനെ കാണാനായി അവര്‍ ഓടിയെത്തിയത് ഇതുകൊണ്ടു തന്നെയാണ്. എന്നാല്‍ ചിത്രം നിരാശപ്പെടുത്തുന്നതായിരുന്നു.
ശ്രീനിയെ ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തി
കൊച്ചി: പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന ശ്രീനിവാസന്‍ ചിത്രത്തില്‍ സൂപ്പര്‍താരങ്ങളെ പരിഹസിച്ചുവെന്നതുസംബന്ധിച്ച കോലാഹലങ്ങള്‍ക്കിടെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ എസ് കുമാറിനെ മോഹന്‍ലാലിന്റെ സന്തതസഹചാരിയായ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍.
ഫോണില്‍ വിളിച്ചാണത്രേ ആന്റണി എസ് കുമാറിനെ ഭീഷണിപ്പെടുത്തുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. എസ് കുമാര്‍ തന്നെയാണ് ഒരു ചാനല്‍ ചര്‍ച്ചക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തില്‍ മോഹന്‍ലാലിനെ പരിഹരിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നുവത്രേ ആന്റണിയുടെ ഭീഷണി.
ശ്രീനിവാസനോട് ഇതിനെതിരെ പ്രതികരിക്കുമെന്നും ആന്റണി പറഞ്ഞിട്ടുണ്ടത്രേ. വേണ്ടിവന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ വച്ച് പടമെടുത്ത് ശ്രീനിയെ കളിയാക്കുമെന്നും ആന്റണി പറഞ്ഞുവെന്ന് എസ് കുമാര്‍ പറഞ്ഞു.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായ ഉദയനാണ് താരത്തിന്റെ കഥാതുടര്‍ച്ചയാണ് 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍'. സൂപ്പര്‍താരങ്ങള്‍ക്കെതിരെ അതിരുവിട്ട പരിഹാസമാണ് ചിത്രത്തിലുള്ളതെന്ന് ഇതിനകം തന്നെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ചിത്രത്തില്‍ ആരെയും ബോധപൂര്‍വം മോശക്കാരനാക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകാരാന്‍ കൂടിയായ നടന്‍ ശ്രീനിവാസന്‍ പറഞ്ഞു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment