ലഡാക്കിന്റെ ഹൃദയതാളങ്ങള്‍
Text & Photos: N J Antony

പാരമ്പര്യ വേഷവിധാനങ്ങളും ആഭരണങ്ങളും അണിഞ്ഞ് വാദ്യസംഗീതത്തിന്റെയും താളമേളങ്ങളുടേയും അകമ്പടിയോടെ ചെറിയ ചുവടുകള്‍ വെച്ച് അവര്‍ ലഡാക്കിലെ പ്രാക്തന ഗോത്രങ്ങളില്‍പ്പെട്ട സുന്ദരന്‍മാരും സുന്ദരിമാരും നൃത്തമാടുന്നു. ടിബറ്റില്‍ നിന്നും ഉത്ഭവിച്ച് ലഡാക്കിലൂടെ പാകിസ്താനിലേക്ക് പോകുന്ന സിന്ധു നദിക്കരയിലെ ഒരു ചെറിയ പട്ടണമാണ് ലേ.
പൗരാണികവും ആകര്‍ഷകവുമായ ലേയിലെ പ്രസിദ്ധമായ പോളോ ഗ്രൗണ്ടില്‍ 2011 ലെ 'ലഡാക്ക് ഫെസ്റ്റിവല്‍' നടക്കുന്നു. പതിനഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ സപ്തംബര്‍ ഒന്നാം തീയതി രാവിലെ പട്ടണത്തിന്റെ പ്രധാന വീഥികളിലൂടെയുള്ള വര്‍ണാഭമായ ഘോഷയാത്രയോടെയാണ് തുടങ്ങുന്നത്. ഓരോ ഗോത്രവിഭാഗത്തിന്റേയും വേഷവും ആഭരണങ്ങളും കലാപ്രകടനങ്ങളും വ്യത്യസ്തം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്നേ സഞ്ചാരികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തിലുള്ള ലേയിലെ ആകെ ജനസംഖ്യ ഇരുപത്തി അയ്യായിരത്തോളമേ വരു. തദ്ദേശീയരേക്കാള്‍ എത്രയോ മടങ്ങ് സന്ദര്‍ശകര്‍ ഫെസ്റ്റിവല്‍ സമയത്ത് ഇവിടെ എത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഒരുക്കങ്ങളെല്ലാം നടത്തിവരവേയാണ് ലേയ്ക്ക് മുകളില്‍ വര്‍ഷപാതം തകര്‍ത്താടിയത്. അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസം. ലഡാക്കില്‍ എല്ലായിടത്തും പെതുതീരേണ്ട മഴക്കാറുകള്‍ ലേയ്ക്ക് മുകളില്‍ ഒരുമിച്ച് ചേര്‍ന്ന് താഴേക്ക് പതിക്കുക. മണ്ണും കല്ലുകളും അടക്കം മലകള്‍ തന്നെ ഇളകിവരുന്നു! ആയിരത്തിലേറെ മനുഷ്യര്‍ മരിച്ചു. ഗ്രാമങ്ങള്‍ ഇല്ലാതായി. പുനര്‍നിര്‍മ്മാണം തുടരുകയാണ്. ഇതിനിടയിലാണ് ഫെസ്റ്റിവല്‍.
ലഡാക്കിന്റെ കലാസാംസ്‌ക്കാരിക തുടിപ്പുകള്‍ ഉണരുന്ന കാലം. ലഡാക്ക് ഉത്സവം അവരുടെ വരുമാനവും അഭിമാനവുമാണ്. നഗരം പകിട്ടുകളോടെ ഒരുങ്ങി നില്‍ക്കുന്നു. ദീപാലങ്കാരങ്ങള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, ദിശാസൂചികകള്‍ എല്ലാം കൃത്യമായി ഒരുക്കിയിരിക്കുന്നു. നാടന്‍ ഭക്ഷണശാലകള്‍ മുതല്‍ കോണ്ടിനന്റല്‍ ഹോട്ടലുകള്‍ വരെ. ടൂറിസ വരുമാനം വര്‍ഷത്തില്‍ അഞ്ചുമാസം മാത്രം. മഞ്ഞുകാലം കഠിനമായതിനാല്‍ സഞ്ചാരികള്‍ കുറയും. മിക്കവാറും കടകളും ഹോട്ടലുകളും അടച്ച് ഉടമകള്‍ സ്വഗ്രാമങ്ങളിലേക്ക് പോകും. ലേയില്‍ അവശേഷിക്കുന്നത് കുറച്ച് കടകളും ഇന്ത്യന്‍ ആര്‍മിയും മാത്രം. ടൂറിസ്റ്റ് കാലത്ത് വിവിധ ലോകസംസ്‌ക്കാരങ്ങളുടെ സങ്കലനത്താല്‍ ലേ എന്ന പുരാതന കച്ചവട കേന്ദ്രം ധന്യമാകും.
ഉത്സവാഘോഷയാത്ര പോളോ ഗ്രൗണ്ടില്‍ എത്തും മുന്‍പ് നഗര ഭരണാധികാരികളും പാരമ്പര്യവേഷം ധരിച്ച് മുന്‍നിരയില്‍ എത്തിയുട്ടുണ്ടാകും. 1995ല്‍ സ്ഥാപിതമായ LAHDC (Ladakh Autonomus Hill Development Council) ആണ് ഭരണം നടത്തുന്നത്. പോളോഗ്രൗണ്ടാകട്ടെ മുക്കാല്‍ ഭാഗവും സന്ദര്‍ശകരാല്‍ നിറഞ്ഞിരിക്കുന്നു. അതിഥികള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കുമായി ഒരു പന്തല്‍ ഉയര്‍ത്തിയതും നിറഞ്ഞിട്ടുണ്ട്. ശേഷക്കുന്നത് തുറസ്സായ സ്ഥലത്ത് പടുത വിരിച്ച ഇടമാണ്. ഘോഷയാത്രയില്‍ ഓടി നടന്ന് ഫോട്ടോ എടുത്തിരുന്നവരെക്കൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ അവിടവും നിറഞ്ഞു. ഇനി കലാകാരന്‍മാര്‍ക്ക് പ്രകടനം നടത്തുവാന്‍ കുറച്ച് വിസ്തൃതി മാത്രം. അവര്‍ ഓരോ സംഘങ്ങളായി വന്ന് തങ്ങളുടെ നൃത്തവും പാട്ടും മറ്റ് പ്രകടനങ്ങളും കാഴ്ച്ചവെയ്ക്കുമ്പോള്‍ ചുറ്റിനും ആയിരക്കണക്കിന് ക്യാമറകള്‍ ഒരുമിച്ച് മിഴിതുറക്കും. ലഡാക്കില്‍ ഓക്‌സിജന്റെ കുറവ് അനുഭവപ്പെടും. ലേയില്‍ വേഗത്തില്‍ നടക്കുവാന്‍ പ്രയാസമാണ്. അലസ നടത്തമാണ് അഭികാമ്യം. അതുകൊണ്ടാവണം. കലാപ്രകടനങ്ങളും സാവധാനമായത്. കൈകാലുകള്‍ മെല്ലെ ചലിപ്പിച്ച്, ശാന്തമായ ഈണത്തില്‍ പാടിക്കൊണ്ട് അവര്‍ നൃത്തമാടി.
പോളോഗ്രൗണ്ടിന് കിഴക്ക് നീലാകാശം മുട്ടിനില്‍ക്കുന്ന ലഡാക്ക് മലനിരകള്‍. പടിഞ്ഞാറ് സ്‌തോക്ക് മലകളിലെ ഗ്ലേസിയറുകള്‍. വെണ്‍മേഘങ്ങള്‍ മേവുന്ന തെളിഞ്ഞ നീലാകാശം. കുന്നിന്‍ മുകളില്‍ പുരാതനമായ ലേ പാലസും കോട്ടയും മൊണാസ്ട്രിയും. തുറസ്സായി കിടക്കുന്ന ഗ്രൗണ്ടിലിരുന്ന് ശാന്തഗംഭീരമായ ഗോത്രനൃത്തവും സംഗീതവും ആസ്വദിക്കുന്ന ഒരു മനസ്സിനെ ചുറ്റുപാടുമുള്ള ഈ അസാധാരണ പ്രകൃതി സമന്വയിപ്പിക്കുന്നതെങ്ങനെ? അലൗകീകമായ ഏതോ ഒന്നിലേക്ക് ഹൃദയത്തെ വലിച്ചുണര്‍ത്തുമ്പോള്‍ 'കരുണ'യുടെ 'ഓറ' നമ്മേ വലയം ചെയ്യുന്നുവോ..ഒരു സാന്ത്വനമായി?
പതിനേഴാം നൂറ്റാണ്ടില്‍ സിന്‍ജെ നാംഗിയാല്‍ രാജാവ് പണികഴിപ്പിച്ചതാണ് കുന്നിന്‍ മുകളിലെ പാലസ്. ഒമ്പത് നിലകളുള്ള മനോഹരമായ ഈ കൊട്ടാരം. 1834 ല്‍ ദോഗ്രാ കലാപത്തില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ കൊട്ടാരനിവാസികള്‍ അവിടം വിട്ട് സിന്ധു നദിക്ക് കിഴക്ക് സ്‌തോക്ക് കുന്നുകളിലൊന്നില്‍ പുതിയ കൊട്ടാരം നിര്‍മ്മിച്ചു. ഇപ്പോള്‍ രണ്ടിലും രാജകുടുംബക്കാര്‍ ആരും താമസമില്ല. ചിലപ്പോള്‍ ലേ യിലെ ഏതെങ്കിലും റസ്‌റ്റോറന്റുകളില്‍ പുതിയ തലമുറക്കാരെ കണ്ടുമുട്ടിയെന്നു വരാം. രണ്ടു പാലസുകളും ഇന്നു മ്യൂസിയങ്ങളാണ്. ലേ പാലസില്‍ നിന്നുമുള്ള പുറം കാഴ്ച്ചകളും മനോഹരം. നഗരം ഒന്നാകെ നമ്മുടെ കാഴ്ച്ചയിലേക്ക് വരും.

കൊട്ടാരത്തിന് മുകളില്‍ നാംഗിയാല്‍ സെമോ കുന്നിലാണ് 16ാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത കോട്ടയും 14ാം നൂറ്റാണ്ടില്‍ പണിത സെമോഗോംപയും. ചുവപ്പ് നിറത്തിലുള്ള ഈ ഗോംപയില്‍ മൈത്രേയ ബുദ്ധന്റെ ഒരു വലിയ പ്രതിമയുണ്ട്. കൂടെ അവലോക്തീശ്വരനും മഞ്ജുശ്രീയും. ബുദ്ധസംന്യാസിമാര്‍ ഉപേക്ഷിച്ചു പോയ ഈ ഗോംപയുടെ മുകളില്‍ നിന്നും സഞ്ചാരിക്ക് കിട്ടുന്ന കാഴ്ച്ചകളും അവര്‍ണനീയം.
ഗോംപ എന്ന വാക്കിന്റെ അര്‍ത്ഥം ഏകാന്തമായ സ്ഥലം എന്നാണ്. പണ്ട് ടിബറ്റില്‍ നിന്നും ലഡാക്കിലേക്ക് വന്ന ബുദ്ധസംന്യാസിമാര്‍ കണ്ടെത്തിയ ഗോംപകള്‍ വലിയ ഗുഹകളായിരുന്നു. പിന്നീട് ബുദ്ധമതം വളരുകയും സംന്യാസിമാരുടെ എണ്ണം പെരുകുകയും ചെയ്തപ്പോള്‍ അവര്‍ കൂട്ടായി വസിക്കുന്നതിനും തപസ്സ് അനുഷ്ഠിക്കുന്നതിനുമായി ഗുഹകള്‍ക്ക് പകരം കുന്നുകള്‍ക്ക് മുകളില്‍ ഗോംപ എന്ന മൊണസ്ട്രികള്‍ സ്ഥാപിച്ചു.
എട്ടാം നൂറ്റാണ്ടിലാണ് ബുദ്ധമത സ്വാധീനം ലഡാക്കിലുണ്ടാവുന്നത്. അതും കൈലാസത്തിന്റെയും മാനസസരോവറിന്റെയും നാട്ടില്‍ നിന്ന്. ബുദ്ധമതത്തില്‍ തന്നെ പലവിഭാഗങ്ങള്‍ പിന്നീടുണ്ടായല്ലോ. ഓരോ വിഭാഗത്തിനും പ്രത്യേകം ഗോംപകള്‍. പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ശങ്കര്‍ ഗോംപയാണ് ലേയിലെ പ്രധാനമായ ഒന്ന്. അവിടെ പതിനൊന്ന് തലകളും ആയിരം കൈകളുമുള്ള അവലോക്തീശ്വര പ്രതിമയുണ്ട്. സാധാരണ കിഴക്കോട്ട് ദര്‍ശനത്തില്‍ ജലം ഒഴുകുന്നത് കാണാവുന്ന കുന്നുകള്‍ക്ക് മുകളിലാണ് ഗോംപകള്‍ പണിയുന്നത്. അങ്ങനെയൊന്നാണ് നഗരത്തില്‍ നിന്നും 20 കി.മീ അകലെയുള്ള തിക്‌സെ ഗോംപ. പന്ത്രണ്ട് നിലകളും പത്ത് അമ്പലങ്ങളും ഉള്ള ഈ മൊണാസ്ട്രി ഏറെ സുന്ദരമാണ്. പതിനഞ്ച് മീറ്റര്‍ ഉയരമുള്ള മൈത്രേയന്റെ പ്രതിമയാണ് പ്രധാന കാഴ്ച്ചയ മോണോലിസയെ ഓര്‍മ്മിപ്പിക്കുന്ന മന്ദസ്മിതവുമായി നില്‍ക്കുന്ന ഈ മൈത്രേയ ബുദ്ധനെയാണ് ലഡാക്കികള്‍ ഏറ്റവും കൂടുതല്‍ ഫോട്ടോഗ്രാഫ് ചെയ്തിട്ടുള്ളത്.
ഓരോ ഗോംപകളിലും പ്രത്യേകം പ്രത്യേകം ഉത്സവങ്ങള്‍ ഏറ്റവും പ്രധാനമായത് ഹെമിസ് ഫെസ്റ്റിവല്‍. 200 വര്‍ഷത്തെ പഴക്കമുള്ള ഈ ആഘോഷം ഗുരു പദ്മസംഭവയുടെ ജന്‍മദിനത്തില്‍ നടത്തുന്നു. മുഖം മൂടിയണിഞ്ഞ് ലാമമാര്‍ നടത്തുന്ന ആത്മീയ നൃത്തങ്ങള്‍ കൗതുകമുണര്‍ത്തും. ജൂണ്‍ മാസമാദ്യം ലേയില്‍ നടത്തുന്ന 'സിന്ധു ദര്‍ശന്‍' അടുത്ത കാലത്ത് ആരംഭിച്ചതാണ്.
ബൗദ്ധരും ഇസ്ലാമികളും ഏകദേശം ഒരേ കാലത്താണ് ലഡാക്കില്‍ സ്വാധീനമുറപ്പിച്ചത്. പതിനൊന്നാം നൂറ്റാണ്ടില്‍. 1533ല്‍ നാംജിയാല്‍ രാജവംശം സ്ഥാപിക്കപ്പെട്ടു. കൈലാസപര്‍വ്വതവും മാനസസരോവരവും ഉള്‍പ്പടെ ലാസയുടെ അതിര് വരെ ഈ രാജവംശത്തിന്റെ കീഴിലായിരുന്നു.
ചൈനക്കാരും മംഗോളിയരും മെഡിറ്ററേനിയക്കാരും കച്ചവടത്തിനായി കടന്നു പോയ വഴികളില്‍ റോമന്‍ സാമ്രാജ്യത്തിനും താത്പര്യം തോന്നി. ആയിരം വര്‍ഷങ്ങളോളം സുഗന്ധവ്യഞ്ജനങ്ങളും പട്ടു വ്‌സത്രങ്ങളും നിറക്കൂട്ടുകളും ഉപ്പും കറുപ്പും കാര്‍പ്പെറ്റും ഈ പീഠഭൂമിയിലെ 'പട്ടുപാത'യിലൂടെ കച്ചവടക്കാര്‍ കൊണ്ടുപോയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടോടെ ലേ ഒരു കച്ചവട കേന്ദ്രമായി വളര്‍ന്നു.
ലഡാക്കില്‍ മരങ്ങളും ചെടികളും വളരെ കുറവായതിനാല്‍ പ്രകൃതിയുടെ തനത് വര്‍ണങ്ങള്‍ അപൂര്‍വ്വമാണ്. മനാലി-ലേ ദേശീയ പാതയിലൂടെ കയറിവരുന്ന സഞ്ചാരിക്ക് റോത്താങ് പാസ് താണ്ടുമ്പോള്‍ ശിവാലിക് കുന്നുകളിലെ പച്ചപ്പ് നഷ്ടപ്പെടുന്നു. പിന്നീടുള്ള യാത്ര ഹിമാലയത്തിലെ ശീത മരുഭൂമികളിലൂടെയാണ്. കഠിനവും ഏകാന്തവുമായ യാത്രയ്ക്കിടയില്‍ വരയാടുകള്‍ വരയാടുകള്‍, കാട്ടുകുതിരകള്‍, മര്‍മോദുകള്‍, കുറുക്കന്‍ തുടങ്ങിയ ജീവികളെ കണ്ടെന്ന് വരാം.
നോമാഡികള്‍ (നാടോടികള്‍) വളര്‍ത്തുന്ന ചെമ്മിരിയാട്ടിന്‍ പറ്റങ്ങള്‍ വഴിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. ഇടത്താവളങ്ങളില്‍ ലഭിക്കുന്ന ചായക്ക് യാക്കിന്റെ പാല്‍രുചി. മലകളിലെ മഞ്ഞുരുകി വരുന്ന ജലപാതകള്‍, ചാലുകള്‍ വെട്ടി നിരന്ന സ്ഥലങ്ങളില്‍ എത്തിച്ച് ഗോതമ്പ്, ബാര്‍ലി, പച്ചക്കറികള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നു. അപൂര്‍വ്വമായ ഈ കാഴ്ച്ചകള്‍ യാത്രികന് കുളിര്‍മ്മയേകും. നദീകളുടെയും തടാകങ്ങളുടെയും തീരങ്ങളില്‍ തൈകള്‍ വെച്ച് വളര്‍ത്തുന്ന മരങ്ങള്‍. പോപ്ലാര്‍, വില്ലോ, യുലത്ത്, ആപ്രിക്കോട്ട്, വാല്‍നട്ട്
എന്നിവയുടെ ഹരിതാഭ.

ഒരു ഹെക്ടര്‍ കൃഷി ഭൂമി. അതിലേറെ ഉണ്ടാവില്ല ഒരു കുടുബത്തിന്. തലമുറകളായി അത് വിഭജിക്കുന്നില്ല. ആദ്യ പുത്രന്‍ മാത്രമാണ് കൃഷി ഭൂമിയുടെ അവകാശി. രണ്ടാമതും പുത്രന്‍ ഉണ്ടായെങ്കില്‍ അവനെ സംന്യസിക്കാന്‍ വിടും. പിന്നെയുണ്ടാവുന്ന പുത്രന്‍മാരെ പട്ടാളത്തിലോ കച്ചവടത്തിനായോ പറഞ്ഞയക്കും. ചിലപ്പോള്‍ എല്ലാവര്‍ക്കും കൂടി ഒരു ഭാര്യയേ ഉണ്ടാകു. പക്ഷെ ഭൂമി ഒരാള്‍ക്ക് മാത്രം! ലഡാക്കികള്‍ക്ക് കൃഷിഭൂമി അത്രമാത്രം വിലപ്പെട്ടതാണ്. ലഡാക്കിലെ ആദ്യതാമസക്കാര്‍ ടിബറ്റന്‍ പീഠഭൂമികളിലൂടെ യാക്കുകളെ മേയ്ച്ചു നടന്ന കാമ്പാസ് (Khampas) നോമാഡികള്‍ ആയിരുന്നെന്ന് ചില ശിലാചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്നും ലഡാക്ക് വഴി കൈലാസത്തിലേക്ക് പോയ ആര്യവംശജരായ തീര്‍ത്ഥാടകരുടെ ഇടത്താവളങ്ങളും സിന്ധു തടങ്ങളിലായിരുന്നുവല്ലോ. ഇന്തോ-ആര്യന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ദാഡ് (Dard) ഗോത്രങ്ങളാണ് ജലസേചന സൗകര്യമൊരുക്കി കൃഷി തുടങ്ങിയത്.
ലേയിലെത്തുന്ന വൈമാനികര്‍ ചിലപ്പോള്‍ ലേ മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറികള്‍ വാങ്ങി തിരികെയെത്താന്‍ താമസിച്ചേക്കും. അപ്പോള്‍ യാത്രികര്‍ക്ക് വിമാനം പറന്നുയരാന്‍ കാത്തിരിക്കേണ്ടിവരും! പ്രിയങ്കരമാമ് ലഡാക്കിലെ പച്ചക്കറികളും അത് വില്‍ക്കുന്നവരും.
ഹിമാലയ പര്‍വ്വതനിരകളും കാരക്കോറം മലകളും ഇന്ത്യന്‍ മണ്‍സൂണിന്റെ വരവിനെ തടയുന്ന ഈ മഴനിഴല്‍ പ്രദേശത്തെ താഴ്‌വാരങ്ങളില്‍ ഒഴുകിയുണ്ടാവുന്ന കുറെ നദികളും തടാകങ്ങളുമുണ്ട്. രണ്ടുമൂന്ന് തടാകങ്ങള്‍ ഏതര്‍ത്ഥത്തിലും സഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്. മനാലി-ലേ ഹൈവേയില്‍ പാങ് (ജമിഴ) എന്ന സ്ഥലത്ത് നിന്നും 35 കി.മീ കഴിയുമ്പോള്‍ ദേബ്രിങ് (Debring) എന്ന ഇടത്താവളം. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് 35 കി.മീ പോയാല്‍ സോക്കര്‍ തടാകം കാണാം. ഉപ്പ് തടാകം എന്നറിയപ്പെടുന്ന (Tsokar Lake) സമുദ്രനിരപ്പില്‍ നിന്നും 16500 അടി ഉയരത്തിലാണ്. തടാകതീരത്ത് ഉപ്പുകൂനകള്‍. നോമാഡികള്‍ 'പഷ്മിന' ഷോളുകള്‍ക്കൊപ്പം ഇവിടുത്തെ ഉപ്പും കച്ചവടം ചെയ്യുന്നു. മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത കാഴ്ച്ചയുടെ ആഘോഷമാണീ തടാകം. ഇവിടെ നിന്നും ദുര്‍ഘട പാതയിലൂടെ രണ്ടു മണിക്കൂര്‍ കൂടി മുന്നോട്ട് പോയാല്‍ സോമോരിരി (Tso Moriri) തടാകം. 28 കി.മീ നീളവും 8 കി.മീ വീതിയുമുള്ള ഈ കൊച്ചു കടലിന്റെ തീരങ്ങളില്‍ മഞ്ഞുമലകളുടെ കണ്ണഞ്ചിപ്പിക്കുന്ന ധവളിമ. അഞ്ഞൂറോളം ആളുകള്‍ പാര്‍ക്കുന്ന കര്‍സോക്ക് (Karzok) എന്ന സുന്ദരവും പുരാതനവുമായ ഗ്രാമം, തടാക തീരത്ത് സന്ദര്‍ശകര്‍ക്ക് ആതിഥ്യമേകും. എത്രനാള്‍ താമസിച്ചാലും മതി വരാത്ത അനുഭവം!
നാലു വര്‍ഷം മുന്‍പ് ആഞ്ഞു വീശുന്ന ശീതക്കാറ്റില്‍ ഈ തടാകതീരത്ത് അസ്തമനം കാത്തിരുന്ന ഓര്‍മ്മ. തടാകത്തില്‍ ബ്രാഹ്മണി താറാവുകളും വാത്തകളും ഉള്‍പ്പടെ പലതരത്തിലുള്ള ജലപക്ഷികള്‍. തീരങ്ങളില്‍ കുറുക്കന്‍, മുയല്‍, മര്‍മോദ്, കിയാങ് തുടങ്ങിയ ജീവികള്‍. യാക്കുകളും പഷ്മിന ആടുകളും മേയുന്ന പച്ചപ്പുല്‍മേടുകള്‍.
ലേയില്‍ നിന്നും 148 കി.മീ ദൂരെയാണ് പാങ്ങോങ്ങ് തടാകം. ലേ-മനാലി റോഡില്‍ 35 കി.മീ താണ്ടുമ്പോള്‍ കാരു എന്ന ചെറിയ കവല. കാരുവില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് 43 കി.മീ അകലെയുള്ള ചാങ്‌ലാ ചുരം (17800 അടി) കടന്നു വേണം തടാക തീരത്തെത്തുവാന്‍. ചുരം കയറുമ്പോള്‍ താഴ്‌വാരത്ത് 'ഷാക്തി' എന്ന ഗ്രാമം. കൃഷി ഭൂമി ഏറെയുള്ള ഈ ഗ്രാമത്തില്‍ ബാര്‍ളിയും ഗോതമ്പും പച്ചക്കറികളും മരങ്ങളും സമൃദ്ധമാണ്. ചുരം റോഡിന്റെ ഓരോ തിരിവുകളിലും യാത്രികന്റെ കാഴ്ച്ച, അകന്നു പോകുന്ന ഈ ഹരിത ഗ്രാമത്തിന്റെ മനോഹാരിതയില്‍ തന്നെയാവും. ചുരത്തിന് മുകളില്‍ വഴിയരുകിലെ ദൈവിക രക്ഷകനായ ചാങ്‌ലാ ബാബയുടെ ക്ഷേത്രം. തൊട്ടടുത്ത് ഇന്ത്യന്‍ ആര്‍മിയുടെ കൂടാരങ്ങളിലൊന്നില്‍ സന്ദര്‍ശകര്‍ക്ക് ചൂട് ചായ. ചുരം താണ്ടിയിറങ്ങുമ്പോള്‍ യാക്കുകളെ കൂട്ടമായി വളര്‍ത്തുന്ന നോമാഡികളുടെ താവളം, വീണ്ടു മുന്നോട്ട് പോയി തടാക തീരത്ത് എത്തും മുന്‍പ് 'പാഗല്‍ നാല' എന്ന ഭ്രാന്തന്‍ ഉറവ. മഞ്ഞ് മലകളുടെ ഇടയിലൂടെ കാണുന്ന ഈ ഉറവയില്‍ ജലം കാണ്‍മാനില്ല. ഉരുളന്‍ കല്ലുകള്‍ മാത്രം. റോഡിന് മുകളിലും താഴെയും പല വലിപ്പത്തിലും നിറത്തിലും കല്ലുകള്‍ ചിതറിക്കിടക്കുന്നു. മധ്യാഹ്നമകന്നാല്‍ ഈ ഉറവ ഏതു സമയത്തും പാഞ്ഞു വന്ന് റോഡ് മുറിച്ച് കടക്കും. മഞ്ഞുരുകി വരുന്ന പാച്ചിലില്‍ കല്ലുകളും ഉണ്ടാകും. അത് പലപ്പോഴും വാഹനങ്ങളേയും മനുഷ്യരെയും കൊണ്ടുപോയിട്ടുണ്ട്.
കുന്നിറങ്ങുന്ന റോഡില്‍ നിന്നും തടാകത്തിന്റെ വര്‍ണ്ണോത്സവക്കാഴ്ച്ച. തെളിഞ്ഞ നീലാകാശത്തില്‍ വെണ്‍മേഘശകലങ്ങള്‍. അവയുടെ നിഴലുകള്‍ ചിതറി വീഴുന്ന ഊഷരമായ കുന്നുകളിലെ വൈവിധ്യമാര്‍ന്ന പാറകളും മണല്‍തിട്ടകളും സമുദ്രനിരപ്പില്‍ നിന്നും 14350 അടി ഉയരത്തില്‍ 136 കി.മീ നീണ്ടുകിടക്കുന്ന പാങ്ങോങ് തടാകം (Pangong Tso).
നീലയും പച്ചയും കറുപ്പും നിറങ്ങളില്‍ കുഞ്ഞോളങ്ങള്‍ ഇളകുമ്പോള്‍ കുമിളകള്‍ക്ക് സൂര്യവെളിച്ചത്തില്‍ പാല്‍വെണ്‍മ. എത്ര നേരം ആ കാഴ്ച്ച കണ്ടു നിന്നു. മതി വരുന്നില്ല. ഓരോ നിമിഷവും തടാകത്തില്‍ നിറങ്ങള്‍ നൃത്തം ചെയ്യുകയാണ്. സമീപമെത്തിയപ്പോള്‍ ജലം സ്ഫടികസമാനം. പിന്നെ എങ്ങനെയാണീ നിറ വിന്യാസങ്ങള്‍? സ്പത വര്‍ണങ്ങളുടെയും മാസ്മരീക ഭാവങ്ങള്‍. മൂല പ്രകൃതിയുടെ തനത് പ്രതിഭാസം. അത് ശക്തമാകുന്ന മേഘങ്ങളാല്‍ മറയും മുന്‍പ് ക്യാമറ ചലിപ്പിച്ച് തുടങ്ങി. എത്രയെടുത്താലും അവസാനിക്കാത്ത ദൃശ്യങ്ങള്‍. ലഡാക്ക് യാത്രയുടെ എല്ലാവിധ ക്‌ളേശങ്ങളും മറന്നു. കുന്നുകള്‍ക്ക് മുകളില്‍ തിളങ്ങുന്ന ഗ്ലേസിയേറുകള്‍. തടാകം നിശ്ചലമെങ്കില്‍ അവ പ്രതിഫലിക്കും.
തടാക തീരത്തുകൂടി കുറെ ദൂരം നടന്നു. വിദേശികള്‍ പലരും നീരാട്ടു സുഖത്തിലാണ്. ജലത്തിന് അത്ര തണുപ്പുണ്ടാവില്ല. ചെറിയ ഉപ്പുരസമാണ് പോലും. തീരത്തെ ചതുപ്പുകളില്‍ അപരിചിതമായ കുറ്റിച്ചെടികളും പുല്‍ച്ചെടികളും. അകലെ ദേശാടനപ്പക്ഷികള്‍ തടാകത്തിലും തീരത്തും ആകാശത്തും ഉല്ലസിക്കുന്നു. ജലത്തില്‍ മത്സ്യങ്ങളോ മറ്റു ജീവികളെയോ കാണാനില്ല.


നാലഞ്ച് മണിക്കൂറുകള്‍ കൊണ്ട് കണ്ടുതീരുന്നതല്ലല്ലോ പാങ്ങോങ്ങിലെ കാഴ്ച്ചകള്‍ . തിരിച്ചു വരുമ്പോഴാണ് തീരത്തെ കൂടാര റിസോര്‍ട്ടുകള്‍ ശ്രദ്ധിച്ചത്. വേണമെങ്കില്‍ രണ്ടു ദിവസം രാപാര്‍ക്കാം. ഹിമാവൃതമായ ഗിരിശൃംഖങ്ങളിലെ ഉദയാസ്തമനങ്ങള്‍ ആസ്വദിക്കാം. ആ നേരമത്രയും ഈ മൂലധാതുവില്‍ മൂലപ്രകൃതിയൊരുക്കുന്ന വര്‍ണ പ്രപഞ്ചങ്ങള്‍ പിതൃതര്‍പ്പണമൊന്നിമില്ലാതെ മുഗ്ധതയോടെ ക്യാമറാക്കണ്ണുകളാല്‍ ആവാഹിക്കാം. ഇനി ഒരിക്കലാവട്ടെ, ഒരു പൗര്‍ണമിനാളില്‍.
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net