തിരുവനന്തപുരം: പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയം അവസാനിച്ച സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ച് യു.ഡി.എഫില്‍ കടുത്ത അഭിപ്രായഭിന്നത. പ്രശ്‌നത്തില്‍ കേരളാ കോണ്‍ഗ്രസുകള്‍ ഒരുഭാഗത്തും കോണ്‍ഗ്രസും മുസ്ലിംലീഗും മറുഭാഗത്തുമാണു നിലകൊള്ളുന്നത്. കേരളാ കോണ്‍ഗ്രസിന്റെ പ്രത്യേകിച്ച് പി.ജെ. ജോസഫിന്റെ കടുത്ത നിലപാടു കോണ്‍ഗ്രസിനെ വല്ലാത്ത വെട്ടിലാക്കി. ശക്‌തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകണമെന്ന നിലപാടില്‍തന്നെയാണു കേരളാ കോണ്‍ഗ്രസ്. സമരമല്ല ചര്‍ച്ചയാണു വേണ്ടതെന്നാണു കോണ്‍ഗ്രസും മുസ്ലിംലീഗും അഭിപ്രായപ്പെടുന്നത്. പ്രശ്‌നം കൂടുതല്‍ ശക്‌തമാക്കി കേരളാ കോണ്‍ഗ്രസിനു മേല്‍ക്കൈ നല്‍കാന്‍ പാടില്ലെന്ന നിലപാടാണു കോണ്‍ഗ്രസിന്റേത്. മുല്ലപ്പെരിയാര്‍ വിഷയം ഇത്രയും വൈകാരികമാക്കിയതു കേരളാ കോണ്‍ഗ്രസാ(എം)ണെന്ന നിലപാടാണു കോണ്‍ഗ്രസിനുള്ളത്. മധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസിനു കൂടുതല്‍ ശക്‌തിയുള്ളത് ഇടുക്കിയിലാണ്. അവിടെ കഴിഞ്ഞ 22 വര്‍ഷമായി ജോസഫുമായി നേരിട്ടുള്ള പോരാട്ടത്തിലുമായിരുന്നു കോണ്‍ഗ്രസ്. അതാണു മാണി വിഭാഗത്തില്‍ ലയിക്കാനുള്ള ജോസഫിന്റെ തീരുമാനത്തെ കോണ്‍ഗ്രസ് എതിര്‍ത്തത്. ഇപ്പോള്‍ ജോസഫ് സ്വീകരിക്കുന്ന ഈ കടുത്ത നിലപാട് കോണ്‍ഗ്രസിനു വല്ലാത്ത പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. മാണിക്കും ഇതു ചില്ലറപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇനിയും ആളിക്കത്തിച്ച് വൈകാരികമാക്കാന്‍ പാടില്ലെന്നാണു കോണ്‍ഗ്രസിന്റെ നിലപാട്. ഇതു പ്രതിപക്ഷത്തിനു വടി നല്‍കുന്നതിനു തുല്യമാകുമെന്നും അവര്‍ വിലയിരുത്തുന്നു. ഇതിനു പിന്തുണയുമായി ലീഗും രംഗത്തുണ്ട്. മധ്യതിരുവിതാംകൂറിലെ അഞ്ചു ജില്ലകളെ ബാധിക്കുന്ന കാര്യമായതിനാല്‍ ഇതില്‍ ലീഗിന് ഉത്തരവാദിത്തമില്ല. മാത്രമല്ല ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ അഞ്ചാം മന്ത്രിയുടെ കാര്യം എളുപ്പമാകുമെന്നാണു ലീഗിന്റെ കണക്കുകൂട്ടല്‍. അതാണ് ഇന്നലെ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് തന്നെ ഇക്കാര്യത്തില്‍ മാണി വിഭാഗത്തോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ കാരണം. ഇതു വൈകാരികപ്രശ്‌നമാണെന്നും ചര്‍ച്ചകളിലൂടെ വേണം പരിഹരിക്കാനെന്നുമാണ് അദ്ദേഹം വ്യക്‌തമാക്കിയത്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ഈ അഭിപ്രായങ്ങളെ കേരളാ കോണ്‍ഗ്രസ് തള്ളിക്കളയുന്നു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേരളത്തോട് സ്വീകരിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നതാണ് അവരുടെ നിലപാട്. സംസ്‌ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാന്‍ ശക്‌തമായ സമരപരിപാടികള്‍ കൂടിയേ തീരൂ എന്നും അവര്‍ പറയുന്നു. കേന്ദ്രം കേരളത്തിന്റെ സമീപനം അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണു കേന്ദ്രമന്ത്രിമാരുടെ പ്രസ്‌താവന. അതു തിരുത്താനോ പ്രസ്‌താവന ഇറക്കിയവരോടു വിശദീകരണം തേടാനോ കേന്ദ്രം തയാറാകാത്തതും അതുകൊണ്ടാണെന്ന് അവര്‍ പറയുന്നു. മുല്ലപ്പെരിയാര്‍ വിഷയം ഉയര്‍ന്നുവന്നപ്പോള്‍ യു.ഡി.എഫിനെ നോക്കുകുത്തിയാക്കി മാണി വിഭാഗം തന്നിഷ്‌ടപ്രകാരം പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോയ രീതി അനുവദിക്കാന്‍ പാടില്ലെന്നാണു യു.ഡി.എഫിലെ പ്രമുഖ കക്ഷികളുടെ നിലപാട്. ഇന്നത്തെ യു.ഡി.എഫ്. യോഗത്തിന്റെ അജന്‍ഡയില്‍ ഇക്കാര്യം ഇല്ലെങ്കിലും ഈ വിഷയം ഉയര്‍ന്നുവന്നേക്കും. ഒറ്റക്കെട്ടായുള്ള സമരമാര്‍ഗങ്ങള്‍ മതിയെന്നാണു യു.ഡി.എഫ്. നിലപാട്. ഇത് അംഗീകരിക്കാന്‍ മാണി വിഭാഗം തയാറല്ല. പാര്‍ട്ടി നേതാവ് കെ.എം. മാണി അസുഖത്തേത്തുടര്‍ന്നു വിശ്രമത്തിലായതിനാല്‍ കടുത്ത തീരുമാനം ഇന്നത്തെ യോഗത്തില്‍ പാര്‍ട്ടി പ്രഖ്യാപിച്ചേക്കില്ല. ഈ മാസം 30നകം തങ്ങളുടെ തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകുന്ന ദുരന്തം ബാധിക്കുന്നതു കേരളാ കോണ്‍ഗ്രസിനു ഭൂരിപക്ഷമുള്ള ജില്ലകളിലായിരിക്കും. അതുകൊണ്ടുതന്നെ തങ്ങള്‍ക്കു കൈയുംകെട്ടി നോക്കിയിരിക്കാനാവില്ല. ലീഗിനും മറ്റും ആ പ്രശ്‌നമില്ലാത്തതിനാല്‍ അവര്‍ക്ക് എന്തു നിലപാടും സ്വീകരിക്കാമെന്നും മാണി ഗ്രൂപ്പ് വൃത്തങ്ങള്‍ വ്യക്‌തമാക്കുന്നു. |
No comments:
Post a Comment