കൊച്ചിയില്‍ ആധുനിക തേയില വ്യാപാര കേന്ദ്രത്തിന് സാധ്യത തെളിയുന്നു.

കൊച്ചി: വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളുള്ള തേയില വ്യാപാര കേന്ദ്രം (കൊച്ചിന്‍ ടീ ട്രേഡിങ് സെന്റര്‍) ആരംഭിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങളിലൂടെ ഇവിടെ നിന്നുള്ള തേയില വ്യാപാരം ഉയര്‍ത്തുകയാണ് ടീ ട്രേഡിങ് സെന്ററിലൂടെ ലക്ഷ്യമിടുന്നത്. ദുബായ് ടീ ട്രേഡിങ് സെന്ററിന്റെ മാതൃകയിലാവും ഇവിടത്തേയും സെന്ററെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണി വ്യക്തമാക്കി. കൊച്ചിന്‍ ടീ ട്രേഡിങ് സെന്റര്‍ സംബന്ധിച്ച മാസ്റ്റര്‍ പ്ലാനിന്റെ രൂപരേഖ അടുത്ത ആഴ്ച അദ്ദേഹം തേയില ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച ചെയ്യും.
തേയില ലേല കേന്ദ്രം, തേയിലയും പാക്കിങ്ങിനുള്ള സാമഗ്രികളും സൂക്ഷിക്കുന്നതിനുള്ള ആധുനിക വെയര്‍ ഹൗസുകള്‍, താപ നിയന്ത്രണമുള്ള വെയര്‍ ഹൗസുകള്‍, തേയില കമ്പനികള്‍ക്കുള്ള ഓഫീസുകള്‍, ഫാക്ടറി സൗകര്യങ്ങള്‍, തേയില ബ്ലന്റിങ്ങിനും പാക്കിങ്ങിനുമുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം ഈ തേയില വ്യാപാര കേന്ദ്രത്തിലുണ്ടാവും. തേയില കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്കുള്ള ഓഫീസും ഇതിനുള്ളില്‍ വിഭാവനം ചെയ്യുന്നുണ്ട്.
തേയില കയറ്റുമതി രംഗത്തെ വിവിധ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തുന്നതിനും ടീ ട്രേഡിങ് സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള വിശദാംശങ്ങള്‍ തയ്യാറാക്കാനുമായി പോര്‍ട്ട് ട്രസ്റ്റ് കിറ്റ്‌കോ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ കൊച്ചി തുറമുഖത്തു കൂടി ഒന്നര കോടി കിലോഗ്രാം തേയിലയാണ് പ്രതിവര്‍ഷം കയറ്റി അയക്കുന്നത്. തേയില വ്യാപാര കേന്ദ്രം യാഥാര്‍ത്ഥ്യമായാല്‍ ഇവിടെ നിന്നുള്ള കയറ്റുമതി വന്‍തോതില്‍ ഉയരുമെന്നാണ് കണക്കാക്കുന്നത്. അത് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനും ഗുണകരമാവും.
2005-ല്‍ ആരംഭിച്ച ദുബായ് ടീ ട്രേഡിങ് സെന്റര്‍ ഇന്ന് ലോകത്തെ പ്രധാന തേയില വ്യാപാര കേന്ദ്രങ്ങളിലൊന്നാണ്. ഇന്ത്യയുടെയും ശ്രീലങ്കയുടെയും തേയിലകളുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി കേന്ദ്രമാണിന്ന് ദുബായ്.
രണ്ടര കോടിയോളം കിലോഗ്രാം തേയിലയാണ് പ്രതിവര്‍ഷം ദുബായ് ടീ ട്രേഡിങ് സെന്റര്‍ കൈകാര്യം ചെയ്യുന്നത്. അതുപോലെ ഒരു ലോകോത്തര കേന്ദ്രം കൊച്ചിയിലും തുടങ്ങിയാല്‍ ഇവിടെ നിന്നുള്ള കയറ്റുമതിയും ഒപ്പം തുറമുഖത്തിന്റേയും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റേയുമൊക്കെ വരുമാനവും കുതിച്ചുയരും.
നിലവില്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിന്റെ പല ഭാഗത്തായി വ്യാപിച്ചു കിടക്കുന്ന തേയില സംസ്‌കരണ കേന്ദ്രങ്ങളില്‍ പലതും വളരെ പഴയ സാങ്കേതിക വിദ്യയും സംവിധാനങ്ങളുമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ ആഗോള വിപണികളില്‍ നമ്മുടെ തേയിലക്ക് ചിലപ്പോഴെങ്കിലും തിരിച്ചടി നേരിടുകയും ഇടയ്ക്ക് നിരാകരിക്കപ്പെടുകയും ചെയ്യുന്നു. പലപ്പോഴും സംസ്‌കരണത്തിനുള്ള ഷെഡ്ഡുകള്‍ ഇടനിലക്കാരിലൂടെ വാടകക്കെടുക്കുന്നതിനാല്‍ വന്‍ തുക കമ്പനികള്‍ക്ക് ആ ഇനത്തിലും ചെലവു വരുന്നുണ്ട്.
ആധുനിക തേയില വ്യാപാര കേന്ദ്രം എന്ന ആശയം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകളേ നടത്തിയിട്ടുള്ളൂവെന്ന് തേയില ബോര്‍ഡിന്റെ ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് ലൈസന്‍സിങ് കെ.പി. വിജയകുമാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഫിബ്രവരി ആറിന് സ്റ്റോക്ക് ഹോള്‍ഡേഴ്‌സുമായി സംസാരിക്കുമെന്നും തുടര്‍ന്ന് ഏഴിന് തേയില ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. അമ്പലവാണനും പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തേയില വ്യാപാരത്തിനും കയറ്റുമതിക്കും മാത്രമായി ഒരു കേന്ദ്രം വരികയും ക്രമേണ അതിന് ഒരു സ്വതന്ത്ര വ്യാപാര മേഖലാ പദവി ലഭിക്കുകയും ചെയ്താല്‍ അത് ഈ മേഖലയ്ക്ക് വളരെ ഗുണകരമാകുമെന്നും വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
വ്യാപാര കേന്ദ്രം സംബന്ധിച്ച വിശദാംശങ്ങള്‍ അറിവായിട്ടില്ലെന്നും എന്നാല്‍ ഗുണകരമായ മാറ്റങ്ങള്‍ നല്ലതായിരിക്കുമെന്നും ടീ ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net