ഇംഗ്ളീഷ് 'പത്രയുദ്ധം' കേരളത്തിലും
കോഴിക്കോട്: ഇംഗ്ളീഷ് പത്രങ്ങള്‍ തമ്മിലുള്ള 'യുദ്ധം' കേരളത്ത·ിലേക്കും വ്യാപിക്കുന്നു. വര്‍ഷങ്ങളായി 'ദ ഹിന്ദു'വും 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസും' പങ്കുവെച്ചിരുന്ന സംസ്ഥാനത്തിലെ ഇംഗ്ളീഷ് പത്രവായനക്കാരെ ലക്ഷ്യമിട്ട് 'പത്രമുത്തശ്ശി' ടൈംസ് ഓഫ് ഇന്ത്യ ബുധനാഴ്ച രംഗപ്രവേശം ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെക്കാന്‍ ക്രോണിക്ക്ള്‍ കഴിഞ്ഞവര്‍ഷം ദൈവത്തിന്‍െറ സ്വന്തംനാട്ടില്‍നിന്ന് പ്രസിദ്ധീകരണമാരംഭിച്ചിരുന്നു.
പുതിയ വെല്ലുവിളി നേരിടാനെന്നവണ്ണം ദ ഹിന്ദു പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ ഇടംനല്‍കി ജനുവരി 29ന് കോഴിക്കോട് എഡിഷന്‍ തുടങ്ങി. തിരുവനന്തപുരത്തും കൊച്ചിയിലും ഹിന്ദുവിന് നേരത്തേ·എഡിഷന്‍ ഉണ്ടെങ്കിലും മലബാര്‍ മേഖലയില്‍ കോയമ്പത്തൂരില്‍നിന്നുള്ള പത്രമാണ് വിതരണം ചെയ്തിരുന്നത്.
ദക്ഷിണേന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ഇംഗ്ളീഷ് പത്രമെന്ന വിശേഷണവുമായി കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലത്തെിയ ഡെക്കാന്‍ ക്രോണിക്ക്ള്‍ ആഗസ്റ്റില്‍ തിരുവനന്തപുരത്തുനിന്നും നവംബറില്‍ കോഴിക്കോട്ടുനിന്നും അച്ചടി തുടങ്ങി. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനും കേരളത്തിലെ മൂന്നു പ്രധാന നഗരങ്ങളിലും എഡിഷനുണ്ട്. എന്നാല്‍, ബുധനാഴ്ച മൂന്നിടത്തുനിന്ന് പ്രസിദ്ധീകരണമാരംഭിച്ച ടൈംസ് ഓഫ് ഇന്ത്യ ഉടനെ തന്നെ സംസ്ഥാനത്ത് പത്ത് എഡിഷനുള്ള ആദ്യ ഇംഗ്ളീഷ് പത്രമാകും. ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടൈംസ് മാതൃഭൂമിയുമായി സഹകരിച്ചാണ് കേരളത്ത·ില്‍ അച്ചടിയും വിതരണവും നിര്‍വഹിക്കുന്നത്. 1989ല്‍ വടക്കേ ഇന്ത്യന്‍ പത്രമായ ടൈംസ് ഓഫ് ഇന്ത്യ തങ്ങളെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നെന്ന് വ്യാപക പ്രചാരണം നടത്ത·ി ആ ശ്രമത്തെ· ചെറുത്തുതോല്‍പിച്ച മാതൃഭൂമിയാണ് ഇപ്പോള്‍ അവര്‍ക്ക് വിരുന്നൊരുക്കിയതെന്ന കൗതുകവുമുണ്ട്.
1993ല്‍ കൊച്ചിയില്‍നിന്ന് 'ഇന്ത്യന്‍ കമ്യൂണിക്കേറ്റര്‍' എന്ന ഇംഗ്ളീഷ് പത്രം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും അധികകാലം തുടര്‍ന്നില്ല. പിന്നീട് ബി.ജെ.പി ചായ്വുള്ള 'ദ പയനിയര്‍' പത്രവും കുറച്ചുകാലം കൊച്ചിയില്‍ പരീക്ഷണം നടത്തി പിന്‍വാങ്ങി.
പത്രത്തിന്‍െറ പ്രചാരത്തേക്കാള്‍ പരസ്യവിപണി ലക്ഷ്യമാക്കിയാണ് ഇംഗ്ളീഷ് പത്രങ്ങള്‍ കേരളത്തിലത്തെുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ആഗോളീകരണത്തിന്‍െറ പിന്‍ബലത്തില്‍ കേരളം രാജ്യത്തെ തന്നെ ഏറ്റവും വലിയ ഒറ്റവിപണിയായി മാറുന്ന സാഹചര്യത്തില്‍ കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങളിലാണ് ഇംഗ്ളീഷ് പത്രങ്ങളുടെ കണ്ണ്. കേരളത്തിന്‍െറ വിദ്യാഭ്യാസരംഗത്തുള്ള മുന്നേറ്റവും ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവും ഇംഗ്ളീഷ് പത്രങ്ങള്‍ ശരിയായ രീതിയില്‍ ചൂഷണം ചെയ്തില്ളെന്ന മാര്‍ക്കറ്റിങ് വിദഗ്ധരുടെ വിലയിരുത്തല്‍ ഇവരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു.
യുവമനസ്സുകളെ ലക്ഷ്യംവെച്ചു വരുന്ന ടൈംസ് ഓഫ് ഇന്ത്യയുടെ ലളിത ശൈലി ആഴത്തിലും ഗൗരവത്തിലും പത്രവായന നടത്തുന്ന കേരളീയര്‍ ഉള്‍ക്കൊള്ളുമോ എന്നതാണ് നോക്കേണ്ടതെന്ന് 25 വര്‍ഷത്തിലേറെയായി പ്രമുഖ ഇംഗ്ളീഷ് പത്രത്തിന്‍െറ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി മാധ്യമത്തോട് പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയും സൈബര്‍ പാര്‍ക്കുകളും കൂടുതല്‍ പ്രഫഷനല്‍ കോളജുകളും വരുന്നത് ഇംഗ്ളീഷ് പത്രങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ആദ്യം എഡിഷന്‍ തുടങ്ങിയത് കൊച്ചിയില്‍ ഇന്ത്യന്‍ എക്സ്പ്രസ് ആണെങ്കിലും ഏറ്റവും ഒടുവിലത്തെഎ.ബി.സി കണക്കനുസരിച്ച് ദ ഹിന്ദുവിനാണ് കൂടുതല്‍ സര്‍ക്കുലേഷന്‍. ഹിന്ദുവിന് 1.90 ലക്ഷവും എക്സ്പ്രസിന് 1.60 ലക്ഷവുമാണ് പ്രചാരം. പത്രങ്ങളുടെ ഈ കിടമത്സരത്തില്‍ ഏറെ നേട്ടമുണ്ടാകുന്നത് പത്രപ്രവര്‍ത്തകര്‍ക്കാണ്. ഇംഗ്ളീഷ് പത്രപ്രവര്‍ത്തകര്‍ക്ക് വിവിധ പത്രങ്ങള്‍ മത്സരിച്ച് വമ്പന്‍ ഓഫറുകളാണ് മുന്നോട്ടുവെക്കുന്നത്. അതുകൊണ്ടുതന്നെ മാസങ്ങളുടെ ഇടവേളയില്‍ ലേഖകര്‍ പത്രങ്ങള്‍ മാറുന്ന കാഴ്ച പതിവായി.
ദേശീയ തലത്തില്‍ 'ദ ഹിന്ദു'വും ടൈംസ് ഓഫ് ഇന്ത്യയും തമ്മിലുള്ള പരസ്യയുദ്ധം മുറുകിയ വേളയിലാണ് കേരളത്തിലും ഇംഗ്ളീഷ് പത്രയുദ്ധം ശക്തിപ്പെടുന്നത്. ഇതിനിടെ ദല്‍ഹി പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസും കേരളത്തിലേക്ക് വരുന്നതിന് മുന്നോടിയായി മാര്‍ക്കറ്റിങ് സര്‍വേ നടത്തിയതായി അറിയുന്നു.
No comments:
Post a Comment