കേന്ദ്ര മന്ത്രി വയലാര്‍ രവിയോട് വളരെ ബഹുമാനമുള്ള ഒരാളാണ് ഞാന്‍. കേരള രാഷ്ട്രീയത്തിലെ വളരെ പക്വതയുള്ള നേതാവ്. കോട്ടും സൂട്ടുമിട്ടാല്‍ കാണാനും കൊള്ളാം, മിതഭാഷിയുമാണ്. പക്ഷെ പരിസരബോധം അല്പം കുറവാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഈ സമയത്ത് ഗള്‍ഫിലേക്ക് കെട്ടിയെടുക്കില്ല. പ്രവാസി മലയാളികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെയും എയര്‍ ഇന്ത്യയുടെയും നയങ്ങളില്‍ പ്രതിഷേധിച്ച് മലയാളി സമൂഹം ഒരു അഗ്നിപര്‍വതം പോലെ ചുട്ടു പഴുത്തു നില്‍ക്കുന്ന ഈ സമയത്താണ് ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും ഒന്ന് കറങ്ങി രസിച്ചു കളയാം എന്ന് മന്ത്രി തീരുമാനിക്കുന്നത്. സുനാമി വരുന്ന ദിവസം കടലില്‍ ചൂണ്ടയിടാന്‍ പോകുന്ന പോലുള്ള ഒരു വരവാണിത്. എന്താണ് സംഭവിക്കുക എന്ന് കണ്ടറിയണം.
മന്ത്രിയോട് വളരെ വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത് ഇത് മാത്രമാണ്. സാര്‍, ഇപ്പോള്‍ ഇങ്ങോട്ട് വരരുത്. ഡല്‍ഹിയിലെ ഓഫീസ് റൂമില്‍ ടര്‍കിഷ് കാപ്പിയും കുടിച്ച് മയങ്ങുന്നതിന്റെ സുഖം ഇവിടെ കിട്ടില്ല. സ്നേഹമുള്ളത് കൊണ്ട് പറയുകയാണ്. വല്ലപ്പോഴും സോഷ്യല്‍ മീഡിയകളിലെ ചലനങ്ങളെ നിരീക്ഷിക്കുവാന്‍ വകുപ്പിലെ പരിവാരങ്ങളോട് പറയുന്നത് നല്ലതാണ്. പ്രവാസികളുടെ മനസ്സും അവരുടെ ദുരിതങ്ങളും സങ്കടങ്ങളും അവിടെ നിന്ന് അറിയാന്‍ പറ്റും. അത്തരം ചലനങ്ങളെ നിരീക്ഷിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു യാത്രക്ക് ഇപ്പോള്‍ താങ്കള്‍ ഒരുങ്ങുമായിരുന്നില്ല.
അങ്ങ് പ്രവാസികാര്യ മന്ത്രിയായപ്പോള്‍ വല്ലതുമൊക്കെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അന്ന് ഗള്‍ഫില്‍ ഉടനീളം കിടിലന്‍ സ്വീകരണങ്ങളും നല്‍കിയിരുന്നു. (അത് റിപ്പോര്‍ട്ട് ചെയ്ത ഒരു ഹതഭാഗ്യനുമാണ് ഞാന്‍ ) എവടെ? എന്ത് നടക്കാന്‍ ? സ്വീകരണത്തിനു ചിലവാക്കിയ കാശ് പോയി എന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. രണ്ടായിരത്തി ആറ് മുതല്‍ താങ്കള്‍ ഈ വകുപ്പിലുണ്ട്. അതിനിടയില്‍ കുറച്ചു കാലം വ്യോമയാന വകുപ്പിലും ഇരുന്നു. പ്രവാസ വകുപ്പില്‍ അധികാരമേറ്റ ഉടനെ പ്രവാസികളുടെ വോട്ടവകാശത്തെക്കുറിച്ച് താങ്കളുടെ ഒരു വെടിക്കെട്ടു പ്രസ്താവന ഉണ്ടായിരുന്നു. അതിപ്പോള്‍ താങ്കള്‍ ഓര്‍ക്കുന്നുണ്ടാവുമോ ആവോ? ഒന്നും വേണ്ടായിരുന്നു. നേരാം വണ്ണം ആ എയര്‍ ഇന്ത്യ ഒന്ന് പറപ്പിച്ചാല്‍ മതിയായിരുന്നു. അതുണ്ടായില്ലെന്നതോ പോകട്ടെ പൊന്നും വില കൊടുത്ത് ടിക്കറ്റ് എടുത്തു വന്നവരെ ദുരിത യാത്രയുടെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയപ്പോള്‍ ചുണ്ടനക്കി ഒന്ന് പ്രതികരിച്ചു പോയി എന്ന കുറ്റത്തിന് ഏതാനും പ്രവാസികളെ വിമാന റാഞ്ചികളാക്കി ജയിലിലടക്കാന്‍ പോകുന്നു എന്നതാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. അതൊന്നു നടന്നു കിട്ടിയാല്‍ താങ്കളുടെ തലയിലെ ഒരു വലിയ പൊന്‍തൂവല്‍ ആവും അത് !!!. ഈ എഴുവര്‍ഷക്കാലത്തെ കേന്ദ്രമന്ത്രിപഥം സാര്‍ത്ഥകമായി എന്ന് പറയാന്‍ പറ്റും!!.
പത്രവാര്‍ത്ത വിശ്വസിക്കാമെങ്കില്‍ നവംബര്‍ ആറിനു താങ്കള്‍ എമിറേറ്റ്സ് വിമാനത്തില്‍ വരുന്നുവെന്നാണ് കാണുന്നത്. എയര്‍ ഇന്ത്യയില്‍ വന്നാല്‍ സമയത്തിനു എത്തില്ല എന്ന് താങ്കള്‍ക്കു തന്നെ തോന്നിയത് കൊണ്ടാണോ എമിറേറ്റ്സ് തിരഞ്ഞെടുത്തത് എന്നറിയാന്‍ കൌതുകമുണ്ട്. ഗതികേട് കൊണ്ട് മാത്രമാണ് സാര്‍ ഇന്ന് പ്രവാസികള്‍
എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുക്കുന്നത്. മറ്റെന്തെങ്കിലും ഒരു ഓപ്ഷന്‍ അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ അതവര്‍ ചെയ്യുമായിരുന്നില്ല. കേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന കേരള എയര്‍ലൈന്‍സിന്റെ കാര്യത്തില്‍ പോലും പാര പണിയാന്‍ നടക്കുകയാണ് താങ്കള്‍ കൂടി പങ്കാളിയായ കേന്ദ്ര സര്‍ക്കാരും അതിന്റെ വ്യോമയാന വകുപ്പും. ഒരുകാലത്തും ഈ മലയാളികള്‍ക്ക് സ്വാസ്ഥ്യം കൊടുക്കരുത് എന്ന് പ്രതിജ്ഞ എടുത്തത് പോലെ.
Malayalam News 05 November 2012
പ്രതിഷേധിക്കാന്‍ അറിയാത്തവരാണ് ഈ പാവം പിടിച്ച പ്രവാസികള്‍.. ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളില്‍ രാപ്പകല്‍ വിയര്‍പ്പൊഴുക്കി പ്രതികരണത്തിന്റെ എല്ലാ കണികകളും മരുഭൂമിയില്‍ ഊറ്റിയിട്ടു തല താഴ്ത്തി നടക്കുന്നവര്‍. കിട്ടുന്ന പണം മുടങ്ങാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും ചിലവിനു അയച്ചു കൊടുക്കുക.. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ നാട്ടിലൊന്നു പോയി വരിക.. ഏതാനും ദിവസം ഭാര്യയും മക്കളോടൊത്തുമൊന്ന് കഴിയുക. വിസ കഴിയും മുമ്പ് ഒരപരിചിതനെപ്പോലെ തിരിച്ചു വന്നു മരുഭൂമിയുടെ വിയര്‍പ്പിലേക്ക് ഊളിയിടുക. ഇത് മാത്രമാണ് അവന്റെ ജീവിത ചക്രം. അതിനപ്പുറമുള്ള ഒരു ജീവിതമോ സ്വപ്നമോ അവനില്ല. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നാട്ടിലേക്ക് പോകുന്ന ആ യാത്രയിലെങ്കിലും ദുരിതങ്ങള്‍ സമ്മാനിക്കാതിരിക്കുക എന്നത് മാത്രമാണ് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നത്. ആ ഒരു പ്രാഥമിക ആവശ്യത്തില്‍ പോലും ദയനീയമായി പരാജയപ്പെട്ട ഒരു സര്‍ക്കാരും അതിന്റെ തലപ്പത്തുള്ള മന്ത്രിയുമാണ് താങ്കള്‍. അതുകൊണ്ട് തന്നെ താലപ്പൊലിയുമായി താങ്കളെ സ്വീകരിക്കാന്‍ ഇത്തവണ പ്രവാസികളെ കിട്ടില്ല എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.
ഇല്ല എന്ന് തീര്‍ത്ത് പറയുന്നില്ല. ഉണ്ടായിരിക്കും, താങ്കളെ സ്വീകരിക്കാന്‍ സംഘടന പ്രതിനിധികളായ ചില എമ്പോക്കികള്‍ !. പൂച്ചെണ്ട് തരാനും കൂടെ നിന്ന് പല്ലിളിച്ചു നില്‍ക്കുന്ന ഫോട്ടോയെടുത്തു പത്രത്തില്‍ കൊടുക്കാനും അവര്‍ കാണുമായിരിക്കും. അതവരുടെ നിയോഗവും തലവിധിയുമാണ്. അതവര്‍ ചെയ്തേ തീരൂ. പക്ഷെ പ്രവാസത്തിന്റെ നോവും നൊമ്പരവും അറിയുന്ന ഒരൊറ്റ മലയാളിയും താങ്കളുടെ സ്വീകരണ ചടങ്ങുകളില്‍ കാണില്ല. നിയമ വിധേയമല്ലാത്ത ഒരു പ്രതിഷേധവും ഗള്‍ഫ് നാടുകളില്‍ പ്രവാസികള്‍ നടത്താറില്ല. അതവര്‍ നടത്തുകയുമില്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് ചീമുട്ട എറിയാനും കഴിയില്ല. ഓഡിറ്റോറിയങ്ങള്‍ നിറയുന്ന ആള്‍കൂട്ടവും കയ്യടിയും കാണാതിരിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക. അത് താങ്കള്‍ക്കുള്ള ചീമുട്ടയാണ്. Latest update :
അപ്പളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്
No comments:
Post a Comment