പെട്രോളിയം ടാങ്കറുകളില്‍ സംസ്ഥാനത്തേക്ക് ഭക്ഷ്യഎണ്ണ കടത്തുന്നു P അപ്പു നാരായണന്‍
കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളും രാസവസ്തുക്കളും കൊണ്ടു പോകുന്ന പെട്രോളിയം ടാങ്കറുകളില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് അനധികൃതമായി വന്‍തോതില്‍ ഭക്ഷ്യഎണ്ണ കടത്ത്. കൊച്ചിയിലെ കെമിക്കല്‍, പെട്രോളിയം കമ്പനികളില്‍ നിന്ന് ലോഡുമായി തമിഴ്‌നാട്ടിലേക്ക് പോകുന്ന ടാങ്കറുകളിലാണ് മടക്കയാത്രയില്‍ വെളിച്ചെണ്ണയും പാമോയിലുമടക്കം കൊണ്ടുവരുന്നത്. പെട്രോളിയം, കെമിക്കല്‍ ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കറുകളില്‍ ഭക്ഷ്യഎണ്ണ കൊണ്ടുപോകരുതെന്നാണ് നിയമം. എന്നാല്‍, ഇത് ലംഘിച്ച് പെട്രോളിയം ടാങ്കര്‍ലോറികളില്‍ പ്രതിദിനം അമ്പത് ലോഡിലേറെ വെളിച്ചെണ്ണയും പാമോയിലുമാണ് സംസ്ഥാനത്തേക്ക് ഒഴുകുന്നത്.
രാസവസ്തുക്കളുടെ ലോഡ് ഇറക്കിയശേഷം ടാങ്കറുകള്‍ വെളിച്ചെണ്ണയും പാമോയിലും നിറച്ച് മടങ്ങുകയാണ് പതിവ്. പെട്രോളിയം ഉത്പന്നങ്ങളായ ബിറ്റുമിന്‍, ഫിനോള്‍, അസറ്റോണ്‍ എന്നിവയാണ് കൊച്ചിയില്‍ നിന്ന് പ്രധാനമായും തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നത്. മനുഷ്യശരീരത്തിന് ഹാനികരമായവയാണ് ഇവയെല്ലാം. ഇത്തരം രാസവസ്തുക്കള്‍ കയറ്റിയ ടാങ്കില്‍ പിന്നീട് വെളിച്ചെണ്ണയും പാമോയിലും നിറയ്ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഭക്ഷ്യഎണ്ണ നിറയ്ക്കുന്നതിന് മുമ്പ് ടാങ്ക് വെള്ളമുപയോഗിച്ച് കഴുകുക മാത്രമാണ് ലോറിജീവനക്കാര്‍ ചെയ്യുന്നത്. രാസവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഭക്ഷ്യഎണ്ണയില്‍ കലരാന്‍ ഇത് ഇടയാക്കും.
മടക്കയാത്രയില്‍ കോയമ്പത്തൂരിനു സമീപം കങ്കയം, വെള്ളക്കോവില്‍ പ്രദേശങ്ങളിലെ മൊത്തവിതരണക്കാരില്‍ നിന്നുമാണ് വെളിച്ചെണ്ണയും പാമോയിലും ടാങ്കറുകളില്‍ നിറയ്ക്കുന്നത്. ഇവ തൃശ്ശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വെളിച്ചെണ്ണ, പാമോയില്‍ ഗോഡൗണുകളില്‍ എത്തിക്കും. തിരുവനന്തപുരം ആറ്റിങ്ങലിലെ ഒരു ഗോഡൗണിലേക്കാണ് ഇത്തരത്തില്‍ ഏറ്റവുമധികം വെളിച്ചെണ്ണ എത്തുന്നതെന്നാണ് വിവരം. വെളിച്ചെണ്ണ, നല്ലെണ്ണ, പാമോയില്‍, തവിടെണ്ണ, സൂര്യകാന്തി എണ്ണ തുടങ്ങിയവ എഡിബിള്‍ ഓയില്‍ പെര്‍മിറ്റുള്ള ടാങ്കറുകളില്‍ മാത്രമേ കൊണ്ടുവരാവൂ എന്നാണ് ചട്ടം.
ഇത്തരം അംഗീകൃത ടാങ്കറുകള്‍ക്ക് തമിഴ്‌നാട്ടില്‍ നിന്ന് ഒരു ലോഡെത്തിക്കുന്നതിന് 16,000 രൂപയോളം ചെലവ് വരുമെന്നിരിക്കെ പെട്രോളിയം ടാങ്കറുകളിലെ അനധികൃത കടത്തിന് 5,000 രൂപയില്‍ താഴെ നല്‍കിയാല്‍ മതി. ഈ ലാഭം കണക്കിലെടുത്താണ് വെളിച്ചെണ്ണ വിതരണക്കാരുടെയും ടാങ്കര്‍ ഉടമകളുടെയും നേതൃത്വത്തില്‍ ഇത്തരത്തില്‍ എണ്ണ എത്തിക്കുന്നത്. മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളിലെ പരിശോധന മറികടന്നാണ് ടാങ്കറുകളെത്തുന്നത്.
ഭക്ഷ്യഎണ്ണ അനധികൃതമായി കടത്തുന്നുവെന്ന വിവരത്ത തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും മോട്ടോര്‍വാഹന വകുപ്പും ചേര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പെട്രോളിയം ടാങ്കറുകളില്‍ പ്രത്യേക പരിശോധന ആരംഭിച്ചിരുന്നു. എന്നാല്‍, രണ്ട് മാസത്തോളമായി ഇത് നിലച്ചിരിക്കുകയാണ്. അതേസമയം, പെട്രോളിയം ടാങ്കറുകളിലെ ഭക്ഷ്യഎണ്ണ കടത്ത് തടയാനായി ചെക്ക് പോസ്റ്റുകളില്‍ ടാങ്കുകള്‍ തുറന്ന് പരിശോധന നടത്തി സാമ്പിളുകള്‍ എടുക്കുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരുടെ വിശദീകരണം. മാതൃഭൂമി
നന്ദകുമാര്‍
|
No comments:
Post a Comment