അറിവിലൂടെ പ്രമേഹനിയന്ത്രണംഇന്ന് ലോകത്താകമാനമായി 250 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ഒരു നിമിഷംപോലും പാഴാക്കാതെ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങള്‍ ഉടനടി അവലംബിച്ചില്ലെങ്കില്‍ 2025 ആകുന്നതോടെ പ്രമേഹബാധിതര്‍ 380 ദശലക്ഷമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിഭാഗം നല്‍കുന്നത്.
40.9 ദശലക്ഷം പ്രമേഹരോഗികളുള്ള ഇന്ത്യ പ്രമേഹത്തിന്റെ ലോകതലസ്ഥാനമെന്ന വിശേഷണത്തിന് അര്‍ഹമാണ്. കേരളത്തിലെ നാല്പത് ലക്ഷം പ്രമേഹരോഗികളില്‍ പത്തുലക്ഷം പേര്‍ക്ക് രോഗമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതും ദുഃഖകരമാണ്.
പ്രമേഹത്തെ പ്രതിരോധിക്കാന്‍ രോഗലക്ഷണങ്ങള്‍ എന്തെന്ന് അറിയണം. നിങ്ങള്‍ക്ക് താഴെപ്പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രമേഹരോഗിയാവാന്‍ സാധ്യതയുണ്ട്- വര്‍ധിച്ച മൂത്രശങ്ക, അമിത ദാഹം, വിശപ്പ്, ഭാരക്കുറവ്, തളര്‍ച്ച, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത്, ഓക്കാനവും വയറുവേദനയും കൈകാലുകളില്‍ തരിപ്പ്, ഉണങ്ങിവരണ്ട നാവ്, കാഴ്ചക്കുറവ്, തുടരെ തുടരെയുള്ള അണുബാധ, കരിയാന്‍ വൈകുന്ന മുറിവുകള്‍ ഇതെല്ലാം പ്രമേഹ രോഗബാധിതരില്‍ സാധാരണമായി കാണുന്നു.
പ്രമേഹത്തിലേക്ക് നിങ്ങളെ തള്ളിവിടുന്ന ആപത്ഘടകങ്ങള്‍ പലതാണ്. അമിതവണ്ണം, വ്യായാമരാഹിത്യം, അപഥ്യ ഭക്ഷണശൈലി, വാര്‍ധക്യം, അമിത കൊളസ്‌ട്രോളും പ്രഷറും, പാരമ്പര്യം, പ്രസവാനന്തര പ്രമേഹബാധ തുടങ്ങിയവയെല്ലാം കാലാന്തരത്തില്‍ നിങ്ങളെ ഒരു പ്രമേഹരോഗിയാക്കിമാറ്റുന്നു.
പ്രമേഹരോഗികള്‍ മൃത്യുവിനിരയാകുന്ന പ്രധാനകാരണങ്ങള്‍ ഹൃദ്രോഗം, വൃക്കകളുടെ അപചയം, അമിതരക്തസമ്മര്‍ദം എന്നിവയാണ്. അതിസങ്കീര്‍ണമായ ആ രോഗാവസ്ഥകളൊക്കെത്തന്നെ പ്രമേഹത്തിന്റെ പ്രത്യാഘാതഫലമായി ഉണ്ടാകുന്നു. പ്രമേഹരോഗികളില്‍ 80 ശതമാനം പേരും മരണപ്പെടുന്നത് ഹൃദയധമനീരോഗങ്ങളാലാണ്. പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്.
പ്രമേഹത്തിന്റെ അനന്തരഫലമായി രക്തത്തില്‍ കുമിഞ്ഞുകൂടുന്ന കൊളസ്‌ട്രോളും മറ്റു ഉപഘടകങ്ങളും ഹൃദയം, കണ്ണ്, വൃക്ക, നാഡീവ്യൂഹം, ധമനികള്‍ എന്നീ അവയവങ്ങളില്‍ വൈവിധ്യമാര്‍ന്ന ജരിതാവസ്ഥയുണ്ടാക്കുന്നു. കോശങ്ങളുടെ ക്രമരഹിതമായ വളര്‍ച്ചയും കട്ടികൂടലും വലുതും ചെറുതുമായ എല്ലാധമനികളെയും വികലമാക്കുന്നു. രക്തക്കുഴലുകളുടെ ആന്തരപാളികളില്‍ കൊഴുപ്പുകണികകള്‍ പറ്റിപ്പിടിച്ച് അവയുടെ ഉള്‍വ്യാസം ചെറുതാക്കുന്നു. ഹൃദയപേശികളെ പരിപോഷിപ്പിക്കുന്ന കൊറോണറികളുടെ ഉള്‍വ്യാസം അടഞ്ഞാല്‍ രക്തസഞ്ചാരം ദുഷ്‌കരമാകുന്നതുനിമിത്തം ഹൃദയാഘാതം ഉണ്ടാകുന്നു. അതുപോലെ മസ്തിഷ്‌കത്തിനും വൃക്കകള്‍ക്കും കണ്ണുകള്‍ക്കുമെല്ലാം രക്തദാരിദ്രം സംഭവിച്ചാല്‍ അവ ഒന്നൊന്നായി രോഗാതുരമാകുന്നു. വൃക്കപരാജയത്താല്‍ 'ഡയാലിസിസ്' വേണ്ടിവരുന്ന രോഗികളില്‍ സിംഹഭാഗവും പ്രമേഹബാധിതരാണ്.
പ്രമേഹരോഗികളിലെ ഹൃദയാഘാതം മൂര്‍ധന്യാവസ്ഥയിലെത്തിയാലും അതിന്റെ ലക്ഷണങ്ങള്‍ രോഗികള്‍ എപ്പോഴും അറിഞ്ഞെന്നുവരില്ല. പ്രത്യേകിച്ച് നെഞ്ചുവേദന എപ്പോഴും അനുഭവപ്പെടാതെ ഹാര്‍ട്ടറ്റാക്കുണ്ടാകാം. ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന 'ഓട്ടോണമിക് നാഡീവ്യൂഹ'ത്തിനും സംഭവിക്കുന്ന അപചയം തന്നെ ഇതിന്റെ കാരണം. നാഡീവ്യൂഹത്തിന്റെ മാന്ദ്യം നിമിത്തം ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോള്‍ നെഞ്ചുവേദനയുടെ തീവ്രത അനുഭവിച്ചറിയാന്‍ രോഗിക്ക് പറ്റാതെ പോകുന്നു. പകരം ശ്വാസംമുട്ടല്‍, ഓക്കാനം, തളര്‍ച്ച, വയറുവേദന എന്നീ രോഗലക്ഷണങ്ങളാണ് കണ്ടുവരുന്നത്. അതുപോലെ ഹാര്‍ട്ടറ്റാക്കിനോടനുബന്ധിച്ചുള്ള മരണസാധ്യത പ്രമേഹരോഗികളില്‍ വര്‍ധിച്ചുകാണുന്നു. ഹൃദയകോശങ്ങളുടെ നാശം പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് കൂടുതലായി കണ്ടുവരുന്നു. ഇനി ആന്‍ജിയോപ്ലാസ്റ്റിങ്ങോ, ബൈപ്പാസ് ശസ്ത്രക്രിയയോ നടത്താമെന്നുവെച്ചാലും പ്രമേഹരോഗിയുടെ കൊറോണറി ധമനികള്‍ അതിനെപ്പോഴും അനുയോജ്യമായിവരില്ല.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രണവിധേയമാക്കി കൊളസ്‌ട്രോള്‍ ഘടകങ്ങളെ കുറച്ച്, പ്രമേഹബാധയുടെ പ്രത്യാഘാതങ്ങളെ പിടിയിലൊതുക്കുകവഴി ഹൃദയാഘാതം നല്ലൊരു പരിധിവരെ ഒഴിവാക്കാമെന്ന് ഗവേഷണനിരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇനി ഹൃദ്രോഗത്തിനടിമപ്പെട്ടാലും കര്‍ശനമായ പ്രമേഹനിയന്ത്രണം വഴി അധികംവഷളാകുന്നതിനെ തടയാം. പൊണ്ണത്തടിയുള്ളവര്‍ക്ക് പ്രമേഹം സാധാരണയായി കാണുന്നു. ശരീരഭാരം വര്‍ധിക്കുകയും കൊഴുപ്പുകോശങ്ങള്‍ ക്രമാതീതമാകുകയും ചെയ്താല്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നിര്‍വിഘ്‌നം നടക്കുന്നതിന് കൂടുതല്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ അനിവാര്യമായി വരും. ഇതുനല്‍കാന്‍ ആഗേ്‌നയ ഗ്രന്ഥിക്ക് സാധിക്കാതെവരുമ്പോള്‍ ഗ്ലൂക്കോസ് ശരീരത്തില്‍ കുമിഞ്ഞുകൂടുന്നു. കുടവയര്‍ കൂടുതലായുള്ള കേരളീയര്‍ക്കും പ്രമേഹബാധ സാധാരണം.
പ്രമേഹം ഇന്ന് കൊച്ചുകുട്ടികളെയും വേട്ടയാടുകയാണ്. ഇന്‍സുലിന്‍ ആശ്രിത (ടൈപ്പ് ഒന്ന്) പ്രമേഹം കുട്ടികളിലും കൗമാരപ്രായക്കാരിലും പ്രതിവര്‍ഷം മൂന്നു ശതമാനമായി വര്‍ധിക്കുകയാണ്. പതിനഞ്ചുവയസ്സിനു താഴെയുള്ള എഴുപതിനായിരം കുട്ടികള്‍ക്ക് വര്‍ഷംപ്രതി ഇന്‍സുലിന്‍ ആശ്രിത പ്രമേഹബാധയുണ്ടാകുന്നു. തക്കസമയത്തു കണ്ടുപിടിച്ച് സമുചിത ചികിത്സ ഉടനടി തുടങ്ങിയില്ലെങ്കില്‍ കുട്ടികളുടെ മസ്തിഷ്‌കത്തിനു സാരമായ വളര്‍ച്ചാമാന്ദ്യമുണ്ടാകുന്നു.
ഭക്ഷണത്തെ പഥ്യവും ശാസ്ത്രീയവുമാക്കിയാല്‍ പ്രമേഹചികിത്സ ഏറെ എളുപ്പമായി. സ്‌കൂള്‍കുട്ടികള്‍ ദിവസേന കുടിച്ചുതീര്‍ക്കുന്ന മധുരപാനീയങ്ങള്‍ എത്രമാത്രമെന്ന് കണക്കില്ല. അതിനെ ആരും നിയന്ത്രിക്കുന്നുമില്ല. പ്രമേഹത്തെ പ്രതിരോധിക്കാന്‍ കര്‍ശനമായ ആഹാരനിയന്ത്രണം ചെറുപ്പത്തിലേ തുടങ്ങണം. നിത്യേനയുള്ള വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണം. പ്രമേഹരോഗലക്ഷണങ്ങളെപ്പറ്റി ബോധവാന്മാരാകണം. കൃത്യമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കണം. ഇത്രയൊക്കെയായാല്‍ ധാരാളം മതി.
പ്രമേഹം ഉണ്ടാകാനുള്ള സാഹചര്യങ്ങള്പ്രമേഹ സാധ്യതാ ഘടകങ്ങള്‍ ജനിതകഘടകങ്ങള്‍, പാരിസ്ഥിതിക ഘടകങ്ങള്‍, ദേഹപ്രകൃതി, പ്രായം, ലിംഗഭേദം, മാനസിക അവസ്ഥകള്‍, രോഗപ്രതിരോധ വ്യവസ്ഥയിലെ മാറ്റങ്ങള്‍, അനഭിലഷണീയമായ ചികിത്സാമുറകള്‍ ആഹാര വിഹാരരീതികള്‍ എന്നിവ ഇതില്‍പ്പെടുന്നു.
ആഹാരരീതി സമീകൃതമായ ആഹാരമാണ് ആരോഗ്യരക്ഷയ്ക്ക് ആവശ്യം. മധുരം, പുളി, ഉപ്പ്, എരിവ്, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളുള്ള പദാര്‍ത്ഥങ്ങളുടെ സമീകരിച്ചുള്ള ഉപയോഗമാണ് വേണ്ടത്. മധുരം, ഉപ്പ്, പുളി എന്നീ രസങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് പ്രമേഹ കാരണമാകുന്നു. ഇതുപോലെത്തന്നെയാണ് ശരീരത്തിലെ കൊഴുപ്പ് വര്‍ധിക്കുന്ന പദാര്‍ഥങ്ങളുടെയും ശീതപദാര്‍ഥങ്ങളുടെയും സ്ഥിതി. മധുരപദാര്‍ഥങ്ങളുടെ അമിതമായ ഉപയോഗംകൊണ്ട് മാത്രമാണ് പ്രമേഹം ഉണ്ടാകുന്നത് എന്ന ധാരണ ശരിയല്ല. മധുരത്തെപ്പോലെ തന്നെ ഉപ്പ്, പുളി എന്നിവയുടെ ഉപയോഗം പ്രമേഹകാരണമാകുന്നു എന്നാണ് പ്രാചീന ആചാര്യന്മാരുടെ അഭിപ്രായം.
ഗുരു (ദഹിക്കാന്‍ പ്രയാസമുള്ളത്) സ്‌നിഗ്ധം (കൊഴുപ്പിനെയും കഫത്തെയും വര്‍ധിപ്പിക്കുന്നത്) ശീതം (തണുത്തതും തണുപ്പുണ്ടാക്കുന്നതും) എന്നീ ഗുണങ്ങളുള്ള ആഹാരങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹകാരണമാകും. വിളവെടുപ്പ് കഴിഞ്ഞ ഉടന്‍ ഉപയോഗിക്കുന്ന അരി, ഗോതമ്പ്, പയറ്, ഉഴുന്ന് തുടങ്ങിയ ധാന്യങ്ങള്‍, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, ഐസ്‌ക്രീം, ചോക്കലേറ്റ്, മത്സ്യമാംസങ്ങള്‍, മരച്ചീനി, ഉരുളക്കിഴങ്ങ് എന്നിവ കൂടുതല്‍ ഉപയോഗിക്കരുത്. പോഷണമൂല്യത്തേക്കാള്‍ ഉപരി മറ്റ് ഘടകങ്ങള്‍ക്ക് മൂന്‍തൂക്കം നല്‍കി തയ്യാറാക്കി വിപണിയില്‍ എത്തുന്ന ആഹാരപദാര്‍ത്ഥങ്ങളുടെ ഉപയോഗവും പ്രശ്‌നകാരണമാണ്. ഇത്തരത്തിലുള്ള ആഹാരങ്ങള്‍ ശരീരപോഷണത്തിന് ആവശ്യമുള്ള ഘടകങ്ങളേക്കാള്‍ ഉത്പാദിപ്പിക്കുന്നത് ശരീരകോശങ്ങള്‍ക്ക് ഹാനി ഉണ്ടാക്കുന്ന മലിനാംശങ്ങളാണ്. ഇത് പ്രമേഹത്തിന് കാരണമാകും. ക്രമരഹിതമായ ആഹാരരീതിയും പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു.
വിഹാരം അലസജീവിതം, വ്യായാമക്കുറവ് (ഇവിടെ ശാരീരികധ്വാനം കുറയുന്നു, മാനസികാധ്വാനം കൂടുന്നു), അവ്യവസ്ഥിതമായ ദിനചര്യ പ്രത്യേകിച്ച് ഉറക്കം, ക്രമരഹിതമായ ലൈംഗിക ജീവിതം എന്നീ വിഹാരരീതികളും പ്രമേഹത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്.
ദേഹപ്രകൃതി ദുര്‍മേദസ്സ് ഉള്ളവര്‍ക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിന് മേദസ്സ് ആവശ്യമായ ഘടകമാണ്. എന്നാല്‍ ഇതിന്റെ അളവിലും ഘടനയിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ രക്തസമ്മര്‍ദ്ദാധിക്യം, ഹൃദ്രോഗം, ധമനിപ്രതിചയം എന്നീ രോഗങ്ങള്‍ക്ക് കളമൊരുക്കുന്നു.
പ്രതിരോധത്തിന് പ്രധാന്യം പ്രമേഹത്തിന്റെ കാര്യത്തില്‍ പാരമ്പര്യം പ്രധാനമാണ്. അച്ഛനും അമ്മയും പ്രമേഹം ഉള്ളവരാണെങ്കില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. മറ്റ് ജീവിതസാഹചര്യങ്ങള്‍ ഇതിന് ആക്കം കൂട്ടുന്നു. എന്നാല്‍ ജനിതക കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തെ തടഞ്ഞുനിര്‍ത്താന്‍ പ്രയാസമാണ്. പാരിസ്ഥിക ഘടകങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തില്‍ പ്രതിരോധത്തിന് ഏറെ പ്രാധാന്യമുണ്ട്. ജീവിതശൈലിയിലെ ക്രമപ്പെടുത്തല്‍ പ്രമേഹനിയന്ത്രണത്തിന് സഹായകമാവും.
പ്രമേഹസാധ്യതയുള്ള കുടുംബങ്ങളില്‍ ഉള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രക്ത, മൂത്ര പരിശോധനകള്‍ നടത്തണം. അമിതവണ്ണമുള്ളവര്‍, പ്രത്യേകിച്ച് അരയ്ക്ക് ചുറ്റും വണ്ണം കൂടുതല്‍ ഉള്ളവര്‍ വളരെ ശ്രദ്ധിക്കണം. ഇവര്‍ കൃത്യമായ കാലയളവില്‍ രക്തപരിശോധന നടത്തണം. കൂടെക്കൂടെയുള്ള രോഗാണുബാധ, ഉണങ്ങാത്ത വ്രണം, ക്ഷയം എന്നിവയുള്ളവര്‍ക്ക് പ്രമേഹമുണ്ടോ എന്ന് പരിശോധിക്കണം. രക്തസമ്മര്‍ദാധിക്യമുള്ളവരും കൊഴുപ്പിന്റെ അളവില്‍ പാകപ്പിഴകള്‍ ഉള്ളവരും ശ്രദ്ധിക്കണം. ഗര്‍ഭിണികള്‍, കൂടെക്കൂടെയുള്ള ഗര്‍ഭസ്രാവം ഭാരക്കൂടുതലുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്നവര്‍ എന്നിവരും ശ്രദ്ധിക്കണം. സ്റ്റിറോയ്ഡ് മരുന്നുകളും ഗര്‍ഭനിരോധന ഗുളികകളും ഉപയോഗിക്കുമ്പോള്‍ പ്രമേഹത്തിന് സാധ്യതയുണ്ട്.
ഭക്ഷണനിയന്ത്രണം, വ്യായാമം, സമചിത്തത നിലനിര്‍ത്തല്‍, ലഹരി പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കല്‍ എന്നിവയാണ് പ്രമേഹരോഗ പ്രതിരോധത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കേണ്ട കാര്യങ്ങള്‍. മേദസ്സിനും കഫത്തിനും ഉദ്വര്‍ത്തനം കഫത്തിനെയും മേദസ്സിനെയും കുറയ്ക്കുന്ന ഔഷധങ്ങള്‍ ചൂര്‍ണരൂപത്തില്‍ എണ്ണയിലോ, മറ്റു ദ്രവങ്ങളിലോ ചേര്‍ത്തിയോ അല്ലാതെയോ ദേഹത്ത് തേച്ച് മേല്‍പ്പോട്ടുതിരുമ്മുന്ന രീതിയാണിത്. അമിതവണ്ണമുള്ള പ്രമേഹരോഗികളുടെ ചികിത്സയില്‍ ഇതിന് പ്രത്യേക പ്രാധാന്യം ഉണ്ട്.
ചില പൂര്‍വ ലക്ഷണങ്ങള്‍ * അമിത വിയര്‍പ്പ് * ശരീരത്തിന്റെ അസ്വാഭാവിക ഗന്ധം * ശരീര ദാര്‍ഢ്യം കുറയുക. * തൂക്കം കുറയുക. * ആലസ്യഭാവം. * ശരീരത്തിന് ഭാരം തോന്നുക. * തണുത്ത ആഹാരത്തോട് കൂടുതല്‍ പ്രതിപത്തി. * വായ, തൊണ്ട വരള്‍ച്ച. * വായില്‍ മധുരം കഴിച്ചപോലുള്ള പ്രതീതി * കൈകാലുകള്‍ക്ക് ചുട്ടുപുകച്ചില്‍. * മൂത്രം വിസര്‍ജിച്ച ഭാഗങ്ങളില്‍ ഉറുമ്പുകള്‍ കാണുക. * ക്ഷീണം. * ശ്വാസത്തിന് ഗന്ധവ്യത്യാസം. * കണ്ണുകളില്‍ പീള അടിയുക. * ചെവിയില്‍ ചെപ്പി കൂടുതല്‍ ഉണ്ടാവുക
അവലംബം: മാതൃഭൂമി ആരോഗ്യമാസിക
|
No comments:
Post a Comment