അന്ത്യദിനത്തിലെ മാനസികാവസ്ഥ
ഡോ. ഏലിയാസ് ആല്‍ബി
മരണത്തോടടുക്കുന്ന രോഗികളുടെ മാനസിക നിലയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായ പഠനം നടത്തിയത് അമേരിക്കന്‍ സൈക്യാട്രിസ്റ്റായിരുന്ന എലിസബത്ത് കുബ്ലര്‍ റോസ്സ് ആയിരുന്നു. മരണത്തെക്കുറിച്ച് മൗലികമായ പല സങ്കല്പങ്ങളും അവര്‍ മുന്നോട്ട് വെച്ചു. ഇതെക്കുറിച്ച് വിശദമായി പഠിക്കുന്ന ശാസ്ത്രശാഖയാണ് തനറ്റോളജി (Thanatology). അതുവരെ മനുഷ്യര്‍ പൊതുവായും വൈദ്യശാസ്ത്രരംഗത്തുള്ളവര്‍ വിശേഷിച്ചും മരണത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്താന്‍ വിസമ്മതിച്ചിരുന്നു. മനുഷ്യനു സ്വന്തം മരണത്തെ നിഷേധിക്കുന്നതായി, അതിനുനേരെ കണ്ണടക്കുന്നതായി റോസ്സ് കണ്ടെത്തി.
മരണത്തെ ഓരോ വ്യക്തിയും ഓരോ തരത്തിലായിരിക്കും സമീപിക്കുന്നത്. അതിന് ഓരോ അര്‍ത്ഥമായിരിക്കും കൊടുക്കുന്നത് ഇത് ആ വ്യക്തിയുടെ മുന്‍പേയുള്ള വ്യക്തിത്വം, പ്രകൃതം, പ്രായം, മതപരമായ വിശ്വാസം എന്നിങ്ങനെ പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും. മരണം ചിലര്‍ക്ക് അംഗീകരിക്കപ്പെടേണ്ട അനിവാര്യതയാണെങ്കില്‍ മറ്റു ചിലര്‍ക്ക് അത് ജീവിതത്തിന്റെ പരാജയമാണ്. ചിലര്‍ അതിനെ ജീവനും അതിനെ താങ്ങി നിര്‍ത്തുന്ന ശക്തികളും തമ്മിലുള്ള കരാറിന്റെ അന്ത്യമായി കാണുന്നു. മറ്റു ചിലര്‍ അത് ജീവിതത്തിലെ പരമസത്യമായും ചിലപ്പോള്‍ അത് മോക്ഷവുമായും വ്യാഖ്യാനിക്കപ്പെടുന്നു. ഇതുകൂടാതെ ചിലര്‍ മരണത്തെ മിഥ്യയായ ഒരു സംഭവമായി കാണുന്നു. കാരണം മരണം ഒരു ജീവിതത്തില്‍ നിന്ന് മറ്റൊരു ജീവിതത്തിലേക്കുള്ള പരിവര്‍ത്തനമാണ്. അവസാനമായി മരണത്തെ വലിയ ഒരു അനിശ്ചിതത്വമായി കാണുന്നവരുമുണ്ട്.
മരണത്തോടടുക്കുന്നവരുടെ മാനസികനില
മാരകമായ രോഗം ബാധിച്ച് അത്യാസന്നനിലയില്‍ കഴിഞ്ഞിരുന്ന നാനൂറോളം രോഗികളുമായി അഭിമുഖം നടത്തിയാണ് എലിസബത്ത് റോസ്സ് തന്റെ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചത്. അവരുടെ 'ഛി ഉലമവേ മിറ ഉ്യശിഴ' എന്ന പുസ്തകം വിശ്വവിഖ്യാതമാണ്. അര്‍ബുദമോ അല്ലെങ്കില്‍ ആസന്നമരണത്തിനു കാരണമായേക്കാവുന്ന മറ്റു സമാന രോഗങ്ങളോ തന്നെ പിടികൂടിയിരിക്കുന്നു എന്ന് ഒരാള്‍ മനസ്സിലാക്കുന്നതോടെ അയാള്‍ അഞ്ച് മനോഭാവങ്ങളിലൂടെ കടന്നു പോകുന്നതായി റോസ്സ് നിരീക്ഷിച്ചു. ആദ്യ മനോഭാവം നിഷേധത്തിന്റേതാണ്. 'ഇല്ല, എനിക്കിത് വരില്ല ' എന്ന തരത്തില്‍ രോഗി അസുഖത്തെ നിഷേധിക്കാന്‍ ശ്രമിക്കുന്നു. ഇത് ബോധപൂര്‍വ്വം ചെയ്യുന്നതാകണമെന്നില്ല.
മനസ്സിന് ഏല്‍ക്കുന്ന വലിയൊരാഘാതം ഒഴിവാക്കാന്‍ നിഷേധത്തിലൂടെ കഴിയും. കുറച്ചു കഴിയുമ്പോള്‍ യാഥാര്‍ത്ഥ്യം ക്രമേണ മനസ്സിലാകുന്നതോടെ രണ്ടാമത്തെ ഘട്ടമായ ദേഷ്യം വരുന്നു. 'എന്ത്‌കൊണ്ട് എനിക്കിത് വന്നു' എന്നായിരിക്കും ഈ ഘട്ടത്തിലെ ചിന്ത. ദേഷ്യം കുടുംബാംഗങ്ങളോടോ, ഡോക്ടറോടോ, ദൈവത്തിന്റെ നേര്‍ക്കോ അവനവനോടുതന്നെയോ ആകാം. മൂന്നാമത്തെ ഘട്ടത്തില്‍ ഒരു തരം വിലപേശലാണ്. ജീവിതത്തില്‍ കുറച്ചുകൂടി സമയം നീട്ടിയെടുക്കാനുള്ള ശ്രമം. 'മകന്റെ കല്യാണം കൂടി കഴിഞ്ഞിട്ട് മരിച്ചാല്‍ മതിയായിരുന്നു' എന്നത് ഒരുദാഹരണം. നാലാമത്തെ ഘട്ടത്തില്‍ ദുഃഖവും അഞ്ചാമത്തെ ഘട്ടത്തില്‍ അനിവാര്യമായ മരണത്തെ സ്വീകരിക്കുന്ന മനോഭാവവും ഉണ്ടാകുന്നു.
തയ്യാറെടുപ്പുകള്‍ നടത്തി ഒരു യാത്രക്കുപുറപ്പെടുന്ന ഒരാളുടെ മനോഭാവമായിരിക്കും അവസാന ഘട്ടത്തില്‍. വികാരങ്ങള്‍ അപ്പോള്‍ ശൂന്യമായിരിക്കും. എല്ലാ രോഗികളും എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകണമെന്നില്ല. ചിലരില്‍ ഈ ഘട്ടങ്ങള്‍ മാറിമാറിവരാം. അന്ത്യദിനങ്ങളില്‍ ബന്ധുമിത്രാദികള്‍ കൂടെയുണ്ടെങ്കില്‍ അത് രോഗികള്‍ക്ക് ആശ്വാസമേകും. എന്നിരുന്നാലും ഈ ഘട്ടത്തില്‍ പലരും പല ചിന്തകളിലും മുഴുകുന്നു.
ജീവിതത്തില്‍ അതുവരെ ഉണ്ടായ നേട്ടങ്ങളെ കുറിച്ചും, നല്ല കാര്യങ്ങളെക്കുറിച്ചും സംതൃപ്തിയടയുന്നതോടൊപ്പം സഫലമാകാതെ പോയ കാര്യങ്ങളുമായി ഒത്തു തീര്‍പ്പുകളിലെത്തുകയും ചെയ്യുന്നു. ചിലര്‍ വില്‍പ്പത്രത്തെക്കുറിച്ചും, മറ്റു ചിലര്‍ മരണാനന്തര ചടങ്ങുകളെക്കുറിച്ചും സംസാരിച്ചേക്കാം. അന്ത്യദിനങ്ങളില്‍ പലരും അതുവരെ അവര്‍ക്കുണ്ടായ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ചിലപ്പോള്‍ യാത്ര ചൊല്ലുന്നു. ചിലര്‍ നന്ദി പറയുന്നു, ക്ഷമിക്കുന്നു, ക്ഷമ ചോദിക്കുന്നു... മറ്റു ചിലര്‍ അതുവരെ പറയാത്ത ചില കാര്യങ്ങള്‍ തുറന്നു പറയുന്നു. ഇതു കൂടാതെ ഒട്ടുമിക്കവരും ഉറ്റവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നു.
മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ മരണത്തിലേക്കുള്ള വഴി എങ്ങനെയാണ് എന്നതിനെ അനുസരിച്ചിരിക്കും. ചിലപ്പോള്‍ അത് സാവകാശവും ദീര്‍ഘമേറിയതുമാകാം. മറ്റുചിലപ്പോള്‍ പെട്ടെന്നും ഹ്രസ്വവുമായിരിക്കാം അത് ക്രമേണ പുരോഗമിക്കുന്നതാകാം. അല്ലെങ്കില്‍ കയറ്റവും ഇറക്കവും നിറഞ്ഞതാകാം.
മാരകമായ രോഗവിവരം പറയാമോ?
ആസന്ന മരണത്തില്‍ കലാശിച്ചേക്കാവുന്ന രോഗവിവരം രോഗിയില്‍ നിന്നു മറച്ചുപിടിക്കുന്നതായിരുന്നു പഴയ രീതി. അത് രോഗി അറിഞ്ഞാല്‍ എങ്ങനെയായിരിക്കും പ്രതികരണം എന്ന് ഡോക്ടര്‍മാര്‍ക്കോ ബന്ധുക്കള്‍ക്കോ ആശങ്ക ഉണ്ടായിരുന്നതുകൊണ്ടായിരുന്നു ഇത്. പലരും രോഗവിവരം രോഗിയോട് പറഞ്ഞില്ലെങ്കിലും ക്രമേണ അയാള്‍ അത് മനസ്സിലാക്കുമെന്നും കരുതിയിരുന്നു. ആരും സത്യം തന്നോടു പറയുന്നില്ല എന്ന തോന്നല്‍ രോഗിക്ക് ഉണ്ടാവുകയും ചെയ്യും. മരണത്തെ അംഗീകരിക്കാനുള്ള ധൈര്യം ഡോക്ടര്‍മാര്‍ക്ക് ഇല്ലാത്തതുകൊണ്ടും മരണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബന്ധുമിത്രാദികള്‍ അസ്വസ്ഥരാകുന്നതുകൊണ്ടുമാണ് രോഗവിവരം രോഗിയില്‍ നിന്നും മറച്ചു വെച്ചിരുന്നതെന്നായിരുന്നു റോസ്സിന്റെ നിരീക്ഷണം. അതായത് രോഗിക്കുണ്ടാകുന്ന മനോവിഷമത്തേക്കാള്‍ കൂടുതല്‍ സ്വന്തം മനോവിഷമം കാരണമാണ് ഡോക്ടര്‍മാരും ബന്ധുമിത്രാദികളും രോഗവിവരം രോഗിയില്‍ നിന്നും മറച്ചുവെക്കുന്നത്.
ആധുനിക സമ്പ്രദായമനുസരിച്ച് രോഗവിവരങ്ങള്‍ രോഗിയോടു പറയണമോ വേണ്ടയോ എന്ന ചോദ്യത്തിനേ പ്രസക്തിയില്ല. എങ്ങനെ പറയണം എപ്പോള്‍ പറയണം എന്നതിനാണ് പ്രസക്തി. ആദ്യമായി രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദമായി അറിയാന്‍ ആഗ്രഹമുണ്ടോ എന്ന് രോഗിയോട് ചോദിക്കണം. ചിലര്‍ അറിയണമെന്നില്ലെന്നു പറയും. അവരോട് കൂടുതലൊന്നും പറയണമെന്നില്ല. ചിലര്‍ അറിയാന്‍ അഗ്രഹമുണ്ടെന്ന് പറയും. ഈയവസരത്തില്‍ മോശമായ ഒരു വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഒന്ന് രോഗവിവരം ഒന്നാകെ പറയരുത്. ആദ്യം അതിന്റെ സൂചനകള്‍ മാത്രം നല്‍കുക. ഒന്നും ഉറപ്പില്ലെന്നും പറയുക. രണ്ട് ഈ ഘട്ടത്തില്‍ രോഗി പ്രകടിപ്പിക്കുന്ന ആശങ്കയും അസ്വസ്ഥതയും മനസ്സിലാക്കി അത് പങ്കുവെക്കുക. രോഗിയെ കഴിയുന്നത്ര സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുക. തുടര്‍ന്നുള്ള ദിനങ്ങളില്‍ രോഗവിവരം ഘട്ടം ഘട്ടമായി പതുക്കെ പതുക്കെ അവതരിപ്പിക്കുക. ഓരോ ഘട്ടത്തിലും രോഗിയെ അയാളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കുക. കൊടുങ്കാറ്റിനെ നേരിടുന്നതിനു പകരം അല്പസമയം മുട്ടുകുത്തുക എന്നതാണ് നയം. രോഗിയോട് തര്‍ക്കിക്കരുത്. കുറച്ചുകഴിയുമ്പോള്‍ അയാള്‍ ശാന്തനാകും. എത്ര വലിയ രോഗമായാലും ഒരിക്കലും ഒരാളുടെ ആയുസ്സിന് സമയം നിശ്ചയിക്കരുത്. ഉടനെ മരണത്തില്‍ കലാശിക്കും എന്നു കരുതിയ രോഗങ്ങള്‍ പോലും അപൂര്‍വ്വം ചിലപ്പോള്‍ അപ്രത്യക്ഷമായിട്ടുണ്ട്.പുതിയ ചികിത്സകള്‍ എപ്പോള്‍ വേണമെങ്കിലും ആവിര്‍ഭവിച്ചേക്കാം. സത്യം ഒരിക്കലും പ്രതീക്ഷയുടെ ശത്രുവല്ല എന്നോര്‍ക്കണം. സത്യം രോഗിയോട് തുറന്നു പറയുന്നത് അയാള്‍ക്ക് പല കാര്യങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകള്‍ നടത്താന്‍ സഹായകമാകും. ഇതില്‍ പല അഭിലാഷങ്ങളുണ്ടാകാം. വില്‍പത്രം തയ്യാറാക്കുകയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാകാം. അതുകൊണ്ട് രോഗവിവരം രോഗിയോട് പറയാതിരിക്കുന്നത് ക്രൂരതയാണ്.
ശുശ്രൂഷ
അന്ത്യദിനങ്ങളില്‍ രോഗികള്‍ക്ക് പലതരം ഭയങ്ങളുണ്ടാകും. വേദനയെക്കുറിച്ചും, ശ്വാസതടസ്സത്തെക്കുറിച്ചും ആശങ്കപ്പെടുന്നവരുണ്ടാകും. ചിലര്‍ മറ്റുള്ളവര്‍ക്ക് ഭാരമാകുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നു. മറ്റു ചിലര്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനെക്കുറിച്ച് വ്യാകുലപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് വേണ്ടത്ര ശ്രദ്ധയും ശുശ്രൂഷയും നല്കാമെന്ന് ഉറപ്പ് നല്‍കണം. അസ്വസ്ഥതകള്‍ ലഘൂകരിക്കാന്‍ ഇന്ന് പലതരം മരുന്നുകള്‍ ലഭ്യമാണ്. വേദനസംഹാരികളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ അവ വേണ്ടത്ര നല്‍കണം. അന്ത്യദിനങ്ങളില്‍ കുട്ടികളുടെ സന്ദര്‍ശനവും മാന്യമായ തമാശയും നല്ലതാണെന്നു കരുതപ്പെടുന്നു. കുടുംബാംഗങ്ങള്‍ക്കുള്ള സാന്ത്വനവും ഇവിടെ സുപ്രധാനമാണ്. എവിടെ കിടന്ന് മരിക്കണം എന്നുള്ളത് പലര്‍ക്കും ഒരു വലിയ വിഷയമാണ്. രോഗിയോട് തന്നെ ഇക്കാര്യം ചോദിച്ച് അതിനനുസരിച്ച് ചെയ്യുന്നതാണ് ഉചിതം. ആശുപത്രികളിലും, പാലിയേറ്റീവ് കെയര്‍ സെന്ററുകളിലും ഹോസ്പിസുകളിലും വേദനക്കും മറ്റ് ശാരീരിക അസ്വസ്ഥതകള്‍ക്കുമുള്ള പ്രതിവിധികള്‍ കണ്ടെത്താന്‍ എളുപ്പമാണ്.
വിരഹദുഃഖം (Bereavement)
'A man's dying is more the survivors affair than his own' ----- Thomas Mann
ഉറ്റവരുടെ വേര്‍പാട് അങ്ങേയറ്റം വേദനാജനകമാണല്ലോ. ഇതിനെ തുടര്‍ന്നുണ്ടാകുന്ന വിരഹദുഃഖം മനുഷ്യവംശത്തെസ്സംബന്ധിച്ചിടത്തോളം സാര്‍വികമായ അനുഭവമാണ്. അത് സ്വാഭാവികവും, സാധാരണവുമായ പ്രതികരണമാണ്. വിരഹ ദുഃഖത്തിന്റെ കാഠിന്യം പല കാര്യങ്ങളേയും ആശ്രയിച്ചിരിക്കുന്നു. ജീവിതത്തില്‍ മുന്‍പ് ഉണ്ടായ പ്രതിസന്ധികളെ നേരിട്ട ശൈലി വിരഹദുഃഖം അനുഭവിക്കുന്ന ആളുടെ വ്യക്തിത്വം, ജീവിത വീക്ഷണം, വിജ്ഞാനം, അനുഭവം മരിച്ച ആളുമായി ഉണ്ടായിരുന്ന ബന്ധം സാമൂഹ്യബന്ധങ്ങള്‍ മുതലായ കാര്യങ്ങള്‍ വിരഹദുഃഖത്തെ സ്വാധീനിക്കുന്നു. പെട്ടെന്നും അപ്രതീക്ഷിതവുമായി ഉണ്ടാകുന്ന മരണം കൂടുതല്‍ ആഘാതമേല്പിക്കുന്നു. അപകടം, കൊലപാതകം, ആത്മഹത്യ മുതലായ അസ്വാഭാവിക മരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ആഘാതം പല മടങ്ങായി വര്‍ദ്ധിക്കുന്നു. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വേര്‍തിരിവ് ഇല്ലാതാകാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം മതി എന്നത് പലര്‍ക്കും ഒരു 'ഷോക്ക്' ആയി മാറുന്നു.
വിരഹദുഃഖത്തിന്റെ ഘട്ടങ്ങള്‍
വിരഹദുഃഖം ഒരു അവസ്ഥ എന്നതിനേക്കാള്‍ ഒരു പ്രക്രിയയാണ്. അത് പലഘട്ടങ്ങളിലൂടെ കടന്നു പോകുന്നു. മരണ വാര്‍ത്ത കേള്‍ക്കുന്ന ഉടനെ ഉണ്ടാകുന്നത് ഒരു പക്ഷെ നിഷേധമായിരിക്കും. 'ഇല്ല, അങ്ങിനെ ഉണ്ടാകില്ല ' എന്ന നിഷേധം. ഇത് ബോധപൂര്‍വ്വം ആകണമെന്നില്ല. ഇങ്ങനെ ധരിക്കുന്നത് മനസ്സിനേല്‍ക്കുന്ന ആഘാതം ലഘൂകരിക്കാന്‍ സഹായിക്കും. ക്രമേണ യാഥാര്‍ത്ഥ്യം മനസ്സിലാകുന്നതോടെ മരണവാര്‍ത്ത ഒരു ഷോക്ക് ആയി മാറുന്നു. നിമിഷങ്ങള്‍ക്കകം മനസ്സിനും ശരീരത്തിനും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. വിരഹദുഃഖവും, രോഗാതുരമല്ലാത്ത സാധാരണ പ്രതിഭാസം ആണെങ്കിലും അത് ഒരു വ്യക്തിയുടെ ദൈനംദിന കാര്യങ്ങളെ കഠിനമായ ഒരു രോഗം വന്നതു പോലെ ബാധിക്കുന്നു. വിരഹദുഃഖത്തിന്റെ ആദ്യഘട്ടത്തില്‍ വേദനയോടൊപ്പം മനസ്സിന് ശൂന്യതയും അനുഭവപ്പെട്ടേക്കാം.മനസ്സിലും ശരീരത്തിലും വലിയഭാരം അനുഭവപ്പെടുന്നതിനോടൊപ്പം തൊണ്ടവേദന, വയറുവേദന, നെഞ്ചിലുണ്ടാകുന്ന ഇറുക്കം തലവേദന എന്നിവയും ഉണ്ടായേക്കാം. ചിലര്‍ക്ക് ഓര്‍മ്മകള്‍ നഷ്ടപ്പെട്ടപോലെയാകുന്നു.
വിരഹദുഃഖം ഉറക്കത്തെയും വിശപ്പിനെയും പ്രതികൂലമായി ബാധിക്കുന്നു. ഈ ഘട്ടത്തില്‍ സാമൂഹ്യബന്ധങ്ങളില്‍ നിന്നുള്ള ഉള്‍വലിയല്‍ സാധാരണമാണ്. ദിവസങ്ങള്‍ ചെല്ലുംതോറും വിരഹദുഃഖത്തിന്റെ തീവ്രത കുറയുന്നു. മരിച്ച ആള്‍ ഇനി തിരിച്ചുവരില്ല എന്ന യാഥാര്‍ത്ഥ്യം ക്രമേണ ഉള്‍ക്കൊള്ളുന്നതോടെ വിരഹദുഃഖം അനുഭവിക്കുന്നയാള്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ തുടങ്ങുന്നു. ബന്ധുമിത്രാദികളുടെ സാന്നിധ്യവും സഹായവും ഇതിന് സഹായകമാകാറുണ്ട്. ഏതാണ്ട് രണ്ട് മാസമാണ് വിരഹദുഃഖം സാധാരണമായി നീണ്ടുനില്‍ക്കുന്നത്. എന്നിരുന്നാലും മരണത്തിന്റെ വാര്‍ഷികദിനത്തിലും ഒരുപക്ഷെ ജീവിതത്തിന്റെ തുടര്‍ന്നുള്ള എല്ലാ ഘട്ടങ്ങളിലും അതിന്റെ ചലനങ്ങള്‍ ഉണ്ടായേക്കാം. വിരഹദുഃഖം ശരീരത്തിലുണ്ടാകുന്ന ഒരു മുറിവ് പോലെയാണ്. കുറച്ചുകഴിഞ്ഞാല്‍ അതുണങ്ങും. അതിന്റെ പാട് അവശേഷിക്കുകയും ചെയ്യും.
സമൂഹമനോഭാവം
വിരഹദുഃഖം അനുഭവിക്കുന്നവര്‍ക്ക് വളരെയധികം സാമൂഹ്യ സഹായം ആവശ്യമാണ്. വിരഹദുഃഖം കാലക്രമേണ ഇല്ലാതാകണമെങ്കില്‍ അത് പുറത്തേക്ക് പ്രകടിപ്പിക്കപ്പെടണം. ഉള്ളില്‍ കെട്ടിക്കിടക്കുന്ന വിരഹദുഃഖം ഭാവിയില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കും. വിരഹദുഃഖം അനുഭവിക്കുന്നവര്‍ക്ക് നഷ്ടത്തിന്റേതായ പല വികാരങ്ങളും ചിന്തകളും ഉണ്ടാകും. പല തരത്തിലുള്ള പെരുമാറ്റങ്ങളും. പൊട്ടിക്കരയുന്നത് ഒരുദാഹരണമാണല്ലോ. ഇവയെല്ലാം മനുഷ്യസഹജവും സാധാരണവുമാണ്. കണ്ടുനില്‍ക്കുന്നവര്‍ ഇവയെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. വിരഹദുഃഖം എത്രകണ്ട് പ്രകടിപ്പിക്കുന്നുവോ അത്രയും നല്ലത്. കാരണം ആ ദുഃഖം ക്രമേണ ഇല്ലാതാകും ബന്ധുമിത്രാദികള്‍ വിരഹദുഃഖം അനുഭവിക്കുന്നവര്‍ക്ക് ചെവി കൊടുത്താല്‍ അവര്‍ കാര്യങ്ങള്‍ തുറന്നു പറയും. ബന്ധുമിത്രാദികളുടെ തുടര്‍ച്ചയായ സാന്നിധ്യം കൊണ്ട് പലരും വിരഹദുഃഖത്തെ അതിജീവിക്കുന്നു.
സങ്കീര്‍ണ്ണമായ വിരഹദുഃഖം (Complecated Bereavemetn)
ചിലരില്‍ വിരഹദുഃഖം ദീര്‍ഘകാലത്തേക്ക് നീണ്ടുനിന്നേക്കാം. ഇങ്ങനെയുള്ളവര്‍ക്ക് സാന്ത്വന ചികിത്സയോ മരുന്നുകളോ വേണ്ടി വന്നേക്കും. ഇവിടെയും വിരഹദുഃഖത്തെ കഴിയുന്നത്ര പ്രകടിപ്പിക്കുകയാണ് അതിനെ കഴുകിക്കളയാനുള്ള പ്രധാന മാര്‍ഗ്ഗം. ഏൃശലള വേലൃമുവ്യ ഒരു തരം സൈക്കോതെറാപ്പിയാണ്. ഇത് വിരഹദുഃഖത്തിന് മാത്രമായി ഉള്ളതാണ്. ഈ തെറാപ്പി വിരഹദുഃഖത്തിന്റെ നാനാവശങ്ങളേയും കുറിച്ച് പരിശോധിച്ച് വിരഹദുഃഖത്തെ അതിജീവിക്കുവാന്‍ സഹായിക്കുന്നു. വിരഹദുഃഖം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വന ചികിത്സയും സൈക്കോതെറാപ്പിയും വളരെയധികം ആവശ്യമാണ്. നിലവില്‍ ലഭ്യമല്ലാത്ത ഈ ചികിത്സകള്‍ വികസിപ്പിച്ചു കൊണ്ടുവരേണ്ടത് വര്‍ത്തമാനകാലത്തിന്റെ ആവശ്യമാണ്.
╚»+91 9447 1466 41«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment