ആര്‍ട്ടിസ്‌റ്റിനെ വിലക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത്?
റീമ കല്ലിങ്കലിന് തിരക്കേറുകയാണ്. ഋതുവിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ഈ അഭിനേത്രിക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ട്. തൃശൂരിലെ അയ്യന്തോള്‍ കല്ലിങ്കല്‍ വീട്ടില്‍ എഞ്ചിനീയറായ കെ.ആര്‍. രാജന്റെയും ലീനഭായിയുടെയും മകളായ റീമ കൂനൂര്‍ സ്‌റ്റെയിന്‍സ് സ്‌കൂള്‍, കോലഴി ചിന്‍മയ വിദ്യാലയ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയശേഷമാണ് തൃശൂര്‍ ൈക്രസ്‌റ്റ് കോളജില്‍ ബിരുദപഠനത്തിന് ചേര്‍ന്നത്. പിന്നീട് ജേര്‍ണലിസം ഡിപ്ലോമ പൂര്‍ത്തിയാക്കിയ റീമ കല്ലിങ്കല്‍ നൃത്തത്തിന്റെ വഴിയിലേക്ക് തിരിയുകയായിരുന്നു. കണ്ടമ്പ്രറി ഡാന്‍സില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദിയില്‍ നൃത്തപരിപാടി അവതരിപ്പിച്ചിട്ടുള്ള റീമ കല്ലിങ്കല്‍ ഇതിനകം പത്തോളം മലയാള സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു.
'നിദ്ര'യിലെ അശ്വതിയായി റീമ
മുപ്പത് വര്‍ഷംമുമ്പ് ഭരതന്‍ സംവിധാനം ചെയ്‌ത 'നിദ്ര'യെന്ന ചിത്രം ഭരതന്റെ മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുമ്പോള്‍ ശാന്തികൃഷ്‌ണ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ സിദ്ധാര്‍ത്ഥ് കണ്ടെത്തിയത് റീമയെ ആണ്.
ചാലക്കുടിയിലെ കിഴക്കുതല തറവാട്ടില്‍ ചിത്രീകരണം നടക്കുന്ന നിദ്രയുടെ സെറ്റിലാണ് റീമ കല്ലിങ്കലിനെ കണ്ടത്. കല്യാണസീന്‍ ചിത്രീകരിക്കുന്നതിനാല്‍ റീമ കല്ലിങ്കല്‍ കല്യാണപ്പെണ്ണിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുകയായിരുന്നു. ചിത്രീകരണത്തിന്റെ ഇടവേളയില്‍ സിനിമാ മംഗളത്തിനുവേണ്ടി ക്യാമറയ്‌ക്ക് മുന്നില്‍ പോസ് ചെയ്‌തശേഷമാണ് റീമ അഭിമുഖത്തിനിരുന്നത്.
മുപ്പത് വര്‍ഷംമുമ്പ് പുറത്തിറങ്ങിയ 'നിദ്ര'യെന്ന ചിത്രത്തിന്റെ പുതിയ പതിപ്പില്‍ നായികയായി അഭിനയിക്കുമ്പോള്‍ എന്തു തോന്നുന്നു....?
വളരെയധികം സന്തോഷമുണ്ട്. ഭരതന്‍സാറ് സംവിധാനം ചെയ്‌ത 'നിദ്ര' കാണരുതെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ സൂചിപ്പിച്ചിരുന്നു. മുപ്പത് വര്‍ഷം മുമ്പ് കണ്ട ഗ്രാമമല്ല ഇപ്പോഴുള്ളത്. പുതിയൊരു പുറംലോകമുണ്ട്. ലോകവിവരവും വര്‍ധിച്ചിരിക്കുന്നു. ശാന്തികൃഷ്‌ണ അവതരിപ്പിച്ച അശ്വതിയെന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്.
ശാന്തികൃഷ്‌ണ ജീവന്‍നല്‍കിയ അശ്വതിയെ റീമ അവതരിപ്പിക്കുമ്പോള്‍....?
ശാന്തികൃഷ്‌ണ അശ്വതിയെ അനശ്വരമാക്കിയെന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ അശ്വതിയുടെ മാനറിസങ്ങളുമായി ഇഴുകിച്ചേരാന്‍ തുടങ്ങിയത് സിദ്ധാര്‍ത്ഥ് കഥ പറഞ്ഞപ്പോഴായിരുന്നു.
അശ്വതിയുടെ മാനറിസവുമായി ഇഴുകിച്ചേരാന്‍ കഴിയുന്നുണ്ടോ....?
ഋതുവിനുശേഷം ഫുള്‍ലെംഗ്‌ത്തിയായി ചെയ്യുന്ന കഥാപാത്രമാണ് നിദ്രയിലെ അശ്വതി.
നിദ്രയിലേതുപോലെ നീലത്താമരയിലും അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവല്ലോ...?
അതെ, സത്യത്തില്‍ ഇരുപത് വര്‍ഷംമുമ്പ് പുറത്തിറങ്ങിയ നീലത്താമരയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.
ശ്യാമപ്രസാദ്, ലാല്‍ജോസ്, രഞ്‌ജിത്ത്, ടി.വി. ചന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളിലെ എക്‌സ്പീരിയന്‍സ്....?
മലയാള സിനിമയിലെ പ്രമുഖരായ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞുവെന്നത് ഭാഗ്യമായി ഞാന്‍ കരുതുന്നു. ഋതുവിലൂടെ സിനിമയിലെത്തുമ്പോള്‍ യഥാര്‍ത്ഥ സിനിമയെന്തെന്ന് ഞാന്‍ പഠിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ശ്യാമപ്രസാദ്‌സാറാണ് സിനിമയിലെ അഭിനയമെന്തെന്ന് എന്നെ പഠിപ്പിച്ചത്. വര്‍ക്‌ഷോപ്പിലൂടെയാണ് കഥാപാത്രങ്ങളുടെ ശരിക്കുമുള്ള മാനറിസങ്ങള്‍ ശ്യാംസാറ് ഞങ്ങള്‍ക്ക് പറഞ്ഞുതന്നത്. അതുകൊണ്ടുതന്നെ ഐ.ടി. കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്ന ഋതുവിലെ കഥാപാത്രമായി ഞാന്‍ ഇഴുകിച്ചേരുകയായിരുന്നു.
നീലത്താമരയില്‍ ലാല്‍ജോസ്സാര്‍ എനിക്ക് ഒരുപാട് ഫ്രീഡം തന്നിരുന്നു. അതുകൊണ്ടുതന്നെ നീലത്താമരയിലെ കഥാപാത്രത്തെ നന്നാക്കാന്‍ കഴിഞ്ഞു. ടി.വി. ചന്ദ്രേട്ടന്റെ സംവിധാന രീതിയെന്നത് പുതിയൊരു അനുഭവമാണ്. ചന്ദ്രേട്ടന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ഒരു കഥയാണ് ശങ്കരനും മോഹനനും എന്ന ചിത്രത്തിലേത്.
'ഇന്ത്യന്‍ റുപ്പി'യിലെ കഥ രഞ്‌ജിച്ചേട്ടന്‍ പറഞ്ഞപ്പോള്‍തന്നെ എനിക്ക് വളരെ സന്തോഷമായി. യഥാര്‍ത്ഥത്തില്‍ 'ഇന്ത്യന്‍ റുപ്പി' റിയല്‍ ആണ്. റിയല്‍ എസ്‌റ്റേറ്റുമായി ബന്ധമുള്ള ആളുകളെയൊക്കെ എനിക്ക് നേരിട്ടറിയാം. കാശുണ്ടാക്കാന്‍ പാഞ്ഞുനടക്കുന്ന യുവാവിനെ പ്രണയിക്കുന്ന ബീനയെ നന്നാക്കാന്‍ കഴിഞ്ഞുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
റീമ ഉള്‍പ്പെടെയുള്ള പുതിയ തലമുറ മലയാള സിനിമയുടെ ഭാവിയെ എങ്ങനെ നോക്കിക്കാണുന്നു...
മലയാള സിനിമയില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. സംവിധായകന്‍ ഉള്‍പ്പെടെയുള്ള പുതുതലമുറയിലെ പ്രതിഭകളില്‍ മലയാള സിനിമയ്‌ക്ക് വിശ്വാസമുണ്ട്. പണ്ട് വളരെ റെസ്‌പെക്‌റ്റോടെ മലയാള സിനിമയെ കണ്ടിരുന്നു. അത്തരമൊരു റെസ്‌പെക്‌ട് നമുക്ക് തിരിച്ചുപിടിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ടി.ഡി. ദാസന്‍ സ്‌റ്റാന്‍ഡേര്‍ഡ് ആറ് ബി. തുടങ്ങിയ ചിത്രങ്ങളൊക്കെ മലയാളത്തിന്റെ അഭിമാനമാണ്.
മാറ്റം വേണമെന്ന് പറയുമ്പോള്‍തന്നെ മലയാള സിനിമയിലെ പരസ്‌പരമുള്ള വിലക്കുകളെ പുതിയ തലമുറ എങ്ങനെയാണ് വിലയിരുത്തുന്നത്....?
വിലക്കുകള്‍ ഉണ്ടാവുമ്പോള്‍ വിഷമം തോന്നാറുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ സംസാരിച്ച് തീര്‍ക്കുകയാണ് വേണ്ടത്. അതല്ലാതെ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് താരങ്ങളെ വിലക്കുകയല്ല വേണ്ടത്. ഒരാര്‍ട്ടിസ്‌റ്റിനെ വിലക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത്.
പൊതുവായ സാമൂഹ്യപ്രശ്‌നങ്ങളിലും റീമ ഇടപെടാറുണ്ടല്ലോ....?
സിനിമാതാരമെന്ന നിലയില്‍ ഒതുങ്ങിക്കൂടാനൊന്നും എനിക്കാവില്ല. എന്‍ഡോ സള്‍ഫാന്‍ വിഷയമുണ്ടായപ്പോഴും ഞാന്‍ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ഞാന്‍ പ്രതികരിച്ചിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വളരെ പോസിറ്റീവായ തീരുമാനമാണ് വേണ്ടത്. അഞ്ച് വര്‍ഷമായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമരം ചെയ്യുന്നവരെയും ഇരുന്നൂറ് ദിവസമായി നിരാഹാരം നടത്തുന്ന മണിയപ്പനെയും എനിക്കറിയാം. മുല്ലപ്പെരിയാര്‍ എന്ന് വേണമെങ്കിലും ഡിസാസ്‌റ്റര്‍ സംഭവിക്കാം എന്ന് പറഞ്ഞ് കാത്തുകെട്ടി കിടക്കാതെ മനഃസമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാക്കേണ്ടത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൊളിറ്റിക്കല്‍ അണ്ടര്‍ഗെയിം ഉണ്ടെന്നറിയാം. എങ്കിലും ഹ്യൂമന്‍ ഇഷ്യു എന്ന നിലയിലുള്ള പരിഗണനയാണ് വേണ്ടത്.
'ഋതു'വെന്ന ചിത്രത്തിലൂടെ റീമയോടൊപ്പം മലയാള സിനിമയിലേക്ക് കടന്നുവന്ന ആസിഫ് അലിയെക്കുറിച്ച്...?
ആസിഫിനെ വിലയിരുത്താന്‍ ഞാനില്ല. ആസിഫ് എന്റെ അടുത്ത സുഹൃത്താണ്. ഒരുപാട് ഹാര്‍ഡ്‌വര്‍ക്ക് ചെയ്‌തും സ്‌ട്രഗ്ഗിള്‍ ചെയ്‌തുമാണ് ആസിഫ് അലി സിനിമയിലേക്ക് വന്നത്. ഒരു ഫ്രെണ്ടെന്ന നിലയില്‍ എനിക്ക് അവനോട് ഒരുപാട് റെസ്‌പെക്‌ടുണ്ട്. ഋതു കഴിഞ്ഞ് ഒരുപാട് നാള്‍ അവന് പ്രോജക്‌ടില്ലായിരുന്നു. ഭക്ഷണം കഴിക്കാന്‍പോലും കാശില്ലാതെ പ്രയാസപ്പെട്ടത് എനിക്കറിയാം. ഓരോ സിനിമ കഴിയുന്തോറും നല്ല സമയത്തിനായി അവന്‍ കാത്തിരുന്നു. ഇപ്പോള്‍ കേരളത്തില്‍ 58 ഫാന്‍സ് അസോസിയേഷനുകള്‍ അവന്റെ പേരില്‍ ഉണ്ടെന്നാണ് പറയുന്നത്. ഫാന്‍സ് എന്ന ട്രാപ്പില്‍ ഇവന്‍ വീഴാതിരിക്കട്ടെ.
ആസിഫ് അലിയുമായി റീമ കടുത്ത പ്രണയത്തിലാണല്ലോ...?
അവനും ഞാനും തമ്മില്‍ പ്രണയത്തിലാണെന്നൊക്കെ ഗോസിപ്പുകള്‍ വന്നിരുന്നു. പക്ഷേ, അവനെന്റെ ക്ലോസ് ഫ്രണ്ടാണ്. പിന്നെ ഋതുവിലും സെവന്‍സിലുമൊക്കെ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചു. 'ഉന്ന'മാണ് പുറത്തിറങ്ങാനുള്ള ഞങ്ങള്‍ ഒന്നിച്ച ചിത്രം. ആസിഫും ഞാനും തമ്മില്‍ പ്രണയമാണെന്നൊക്കെ കേള്‍ക്കുമ്പോള്‍ തമാശയാണ് തോന്നുന്നത്. ഞങ്ങള്‍ക്കെങ്ങനെയാ പ്രണയിക്കാന്‍ കഴിയുക. സെറ്റിലൊക്കെ ഞാനും അവനും അടിയും ബഹളവുമായിരിക്കും. കുറച്ച് സമയം ഒന്നിച്ചിരുന്നാല്‍മതി ഞങ്ങള്‍ അടിതുടങ്ങും. അതുകൊണ്ടുതന്നെ ഞങ്ങള്‍ തമ്മില്‍ പ്രണയമില്ല. അവനെന്റെ ബെസ്‌റ്റ് ഫ്രണ്ട് മാത്രമാണ്.
സിനിമയില്‍ ഇഴുകിച്ചേര്‍ന്നഭിനയിക്കുമ്പോഴൊക്കെ കൂടെ അഭിനയിക്കുന്നവരോട് പ്രണയം തോന്നിയിട്ടുണ്ടോ?
പ്രണയം ഇല്ലെന്ന് പറഞ്ഞാല്‍ അത് കള്ളത്തരമാവും. എനിക്ക് പ്രണയിക്കാന്‍ ഇഷ്‌ടം തന്നെയാണ്. പ്രണയം ലൈഫിന്റെ ഇംപ്പോര്‍ട്ടന്റായ ഭാഗമാണ്. യാത്ര ചെയ്യുന്നതും പ്രണയിക്കുന്നതുമാണ് എനിക്ക് ഇഷ്‌ടം.? അഭിനയിക്കുമ്പോഴൊന്നും പ്രണയം തോന്നാറില്ല.
ഇക്കാലയളവില്‍ ആരെയൊക്കെ പ്രണയിച്ചു.....?
ഏയ്, അങ്ങനെയൊന്നുമില്ല. ആര്‍ക്കാണെങ്കിലും ചില ഇഷ്‌ടങ്ങളൊക്കെ ഉണ്ടാവുന്നത് ഒരു തരം സുഖമുള്ള അനുഭവമല്ലേ?
റീമയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ലൈഫ്‌പാര്‍ട്‌ണറെക്കുറിച്ചുള്ള സങ്കല്‌പം...?
ഒരു ഡിമാന്റുമില്ല. എല്ലായ്‌പ്പോഴും മാനുഷിക പരിഗണന മനസില്‍ സൂക്ഷിക്കുന്ന ആളെയാണ് എനിക്കിഷ്‌ടം.
ഇത്തരമൊരാള്‍ സിനിമയില്‍നിന്നായിരിക്കുമോ...?
അതൊരിക്കലും പറയാന്‍ കഴിയില്ല. സിനിമയില്‍ ഉള്ളവര്‍തന്നെ ആവണമെന്നില്ല. എന്തായാലും പ്രണയത്തെ ഞാനൊരിക്കലും തള്ളിപ്പറയില്ല.
അഭിനയത്തിന്റെ ഇടവേളകളില്‍...?
നൃത്തമാണ് എന്റെ മനസിനെ മുന്നോട്ട് നയിക്കുന്നത്. നൃത്തത്തിന് പുറമെ ഇപ്പോള്‍ യോഗ ചെയ്യുന്നുണ്ട്. നേരത്തെ വായനയൊക്കെ സജീവമായിരുന്നു. സിനിമയില്‍ തിരക്കായപ്പോള്‍ സമയം കിട്ടുന്നില്ല.
റീമയുടെ പുതിയ ചിത്രങ്ങള്‍...?
ഉന്നവും ഒര്‍ക്കൂട്ടുമാണ് പുതിയ ചിത്രങ്ങള്‍. 'നിദ്ര' കഴിഞ്ഞാല്‍ ആഷിഖ് അബുവിന്റെ '22- ഫീമെയില്‍ കോട്ടയം', സജിസുരേന്ദ്രന്റെ 'ഹസ്‌ബന്റ് ഇന്‍ ഗോവ' തുടങ്ങിയ ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിക്കുന്നത്.
എം.എസ്. ദാസ് മാട്ടുമന്ത
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment