Wednesday 18 January 2012

[www.keralites.net] അധമകൃത്യം

 

Fun & Info @ Keralites.netFun & Info @ Keralites.net
കേള്‍ക്കരുതാത്തത് കേള്‍ക്കേണ്ടി വരുന്നത് നമ്മുടെ ദുര്യോഗമാണ്. മുസ്ലിം ലീഗുകാരും പത്രപ്രവര്‍ത്തകരുമടക്കം 258 മുസ്ലിംകളുടെ ഇ-മെയില്‍ ചോര്‍ത്താന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന വാര്‍ത്ത മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ചിട്ടില്ളെങ്കിലും പത്രപ്രവര്‍ത്തക യൂനിയന്‍െറ ശക്തമായ പ്രതികരണമുണ്ടായി. ഡി.ജി.പിയുടെ ദുര്‍ബലമായ വിശദീകരണത്തോടെയും അതിന്‍െറ അടിസ്ഥാനത്തിലുള്ള മന്ത്രിസഭയുടെ തൃപ്തികരമല്ലാത്ത തീരുമാനത്തോടെയും അവസാനിപ്പിക്കാവുന്നതല്ല മാധ്യമത്തിലൂടെ പരസ്യമാക്കപ്പെട്ട സര്‍ക്കാറിന്‍െറ രഹസ്യനീക്കം ഉയര്‍ത്തുന്ന ആശങ്ക.
മാധ്യമപ്രവര്‍ത്തകരുടെ ഇ-മെയില്‍ ചോര്‍ത്തുന്നതിനുള്ള നീക്കത്തെ അതീവഗുരുതരമായാണ് കാണേണ്ടത്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ദുരുപദിഷ്ടമായ നീക്കമാണത്. വല വിരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും പൊലീസിന് അധികാരമുണ്ട്. എന്നാല്‍, സ്വകാര്യസ്വത്തിലോ സ്വകാര്യതയിലോ കടക്കണമെങ്കില്‍ നിയമം അനുവദിക്കണം. ഭൗതികലോകത്തെപോലെ സൈബര്‍ ലോകത്തും ഈ വിലക്ക് ബാധകമാണ്.
ഈ വിലക്ക് രഹസ്യമായി മറികടക്കുന്നതിനാണ് ഭരണകൂടവും ഭരണകൂടത്തിന്‍െറ ഏജന്‍സികളും ശ്രമിക്കുന്നത്. ആദിയില്‍ കിങ്കരന്മാരുടെ ഒളിഞ്ഞുനോട്ടമായിരുന്നു. പിന്നെ, കത്തുകള്‍ പൊട്ടിക്കുന്നതും ടെലിഫോണ്‍ ചോര്‍ത്തുന്നതും വ്യാപകമായി. ആരുടെ കത്തും നിയമപരമായി പൊട്ടിച്ചു വായിക്കുന്നതിനുള്ള സൗകര്യത്തിനുവേണ്ടിയാണ് രാജീവ് ഗാന്ധി തപാല്‍ നിയമം ഭേദഗതി ചെയ്തത്. സെയില്‍ സിങ് ഒപ്പിടാന്‍ വിസമ്മതിച്ചതുകൊണ്ട് അത് നിയമമായില്ല. പക്ഷേ, നനഞ്ഞ തുണിയില്‍ ചൂടുള്ള തേപ്പുപെട്ടി വെച്ച് പശയിളക്കുന്ന സാങ്കേതികവിദ്യ ഇപ്പോഴും പ്രയോഗത്തിലുണ്ട്. ആരുടെ ഫോണും അനായാസം ചോര്‍ത്താം. ആരുടെ വര്‍ത്തമാനവും രഹസ്യമായി രേഖപ്പെടുത്താം. നമ്മുടെ സ്വകാര്യതയില്‍ പൊലീസിന്‍െറ അദൃശ്യവും നിയമവിരുദ്ധവുമായ സാന്നിധ്യമുണ്ട്.
കുളിക്കടവിലെ ഒളിനോട്ടം പോലെ ഇത്തരം പ്രവൃത്തികള്‍ മാന്യതക്കു നിരക്കുന്നതല്ളെന്ന തിരിച്ചറിവ് പരിഷ്കൃതസമൂഹത്തിനുണ്ട്. ഈ തിരിച്ചറിവ് നിയമത്തിന്‍െറ ഭാഷയില്‍ സ്വകാര്യത എറിയപ്പെടുന്നു. വിലപ്പെട്ടതും അലംഘനീയവുമായ മനുഷ്യാവകാശമായി സ്വകാര്യത ഇന്ന് പരിഗണിക്കപ്പെടുന്നു. എന്നാല്‍, അനഭിമതരാകുന്ന വിഭാഗങ്ങള്‍ക്ക് പല അവകാശങ്ങള്‍ക്കൊപ്പം ഇതും നിഷേധിക്കാവുന്നതാണെന്ന് ഭരണകൂടങ്ങള്‍ കരുതുന്നു. മുസ്ലിം ലീഗില്ളെങ്കില്‍ യു.ഡി.എഫ് ഇല്ളെന്ന അവസ്ഥയിലും കേരളത്തിലെ മുസ്ലിംകള്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ എന്തിന് വെറുതെ അമേരിക്കയെയും മോഡിയെയും കുറ്റപ്പെടുത്തണം.
ഒളികാമറയും ഒളിഞ്ഞുനോട്ടവും മാധ്യമപ്രവര്‍ത്തനത്തിന്‍െറ ഭാഗമായിട്ടുണ്ട്. സ്റ്റിങ് ഓപറേഷന്‍െറ സാധുതയെക്കുറിച്ച് ഇനിയും അന്തിമവാക്കായിട്ടില്ല. വിലക്കപ്പെട്ട ഇടങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടെന്നു വെക്കാനാവില്ല. അതുകൊണ്ടാണ് പ്രവേശമില്ലാത്തിടത്ത് അവര്‍ ചിപ്പ് വെക്കുന്നത്. എന്നാല്‍, നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിനു പ്രത്യാഘാതമുണ്ടാകും. റൂപര്‍ട്ട് മര്‍ഡോക്കിന്‍െറ കിരീടത്തിലെ വജ്രം എന്ന് പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന ലണ്ടനിലെ ന്യൂസ് ഓഫ് ദ വേള്‍ഡ് പൊടുന്നനെ അടച്ചുപൂട്ടേണ്ടി വന്നത് വാര്‍ത്താശേഖരണത്തിന്‍െറ ഭാഗമായി ടെലിഫോണ്‍ ചോര്‍ത്തല്‍ എന്ന നിയമവിരുദ്ധപ്രവര്‍ത്തനം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ്.
'1984' എന്ന പ്രവചനകൃതിയില്‍ ജോര്‍ജ് ഓര്‍വെല്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ 1984നു മുമ്പേ ദൃശ്യമായി. വാട്ടര്‍ഗേറ്റിലെ ഡെമോക്രാറ്റിക് പാര്‍ട്ടി ആസ്ഥാനത്ത് ചാരപ്പണിക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്ഥാപിച്ചതിന്‍െറ അനന്തരഫലമായിരുന്നു പ്രസിഡന്‍റ് നിക്സന്‍െറ അപമാനകരമായ രാജി. രാജീവ് ഗാന്ധിയുടെ വസതിയില്‍ പൊലീസ് നടത്തിയ നിരീക്ഷണം കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചപ്പോഴാണ് ചന്ദ്രശേഖറിന്‍െറ മന്ത്രിസഭ നിലംപതിച്ചത്. കര്‍ണാടകയിലെ ടെലിഫോണ്‍ ചോര്‍ത്തല്‍ വിവാദമായപ്പോള്‍ ധാര്‍മികമായ ഉത്തരവാദിത്തമേറ്റ് രാമകൃഷ്ണ ഹെഗ്ഡേക്ക് മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു. ഇപ്രകാരം ഗുരുതരമായ ഭവിഷ്യത്തിനു ഇടയാകുന്ന അധാര്‍മിക പ്രവൃത്തിയാണ് ഉമ്മന്‍ ചാണ്ടിയുടെ പൊലീസ് നടത്തിയത്. ഭാര്യയുടെ വിശ്വസ്തത ഉറപ്പാക്കുന്നതിന് ഡിറ്റക്ടീവിനെ നിയോഗിക്കുന്നതിനു സമാനമായ അധമകൃത്യമാണ് തനിക്കു താങ്ങായി നില്‍ക്കുന്ന മുസ്ലിം ലീഗിന്‍െറ കാര്യത്തില്‍ മുഖ്യമന്ത്രി കാണിച്ചത്. മുസ്ലിംകള്‍ അനുഭവിക്കുന്ന അന്യതാബോധത്തിനു ആക്കം കൂട്ടുന്ന കാര്യമായതിനാല്‍ ഇത് അവരുടെ കാര്യമെന്നു കരുതി നിശ്ശബ്ദമാകാന്‍ പൊതുസമൂഹത്തിനു കഴിയില്ല. മാധ്യമപ്രവര്‍ത്തകര്‍കൂടി അതിനിരയാകുമ്പോള്‍ ജനാധിപത്യസമൂഹത്തിനു പ്രതിഷേധിക്കാതിരിക്കാനുമാവില്ല.
ആരില്‍നിന്നോ കിട്ടിയ ഇ-മെയില്‍ വിലാസങ്ങള്‍ ആരുടേതെന്ന അന്വേഷണം മാത്രമാണ് പൊലീസ് നടത്തിയതെന്ന ഡി.ജി.പിയുടെ വിശദീകരണം വിശ്വസനീയമല്ല. അയാളില്‍നിന്നുതന്നെ കിട്ടാവുന്ന വിവരം മാത്രമാണത്. അല്ളെങ്കില്‍ ആ വിലാസങ്ങളില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും പ്രതികരണം ഉണ്ടാകുമായിരുന്നു. വഹാബും സമദാനിയും ഉള്‍പ്പെടെ ലിസ്റ്റില്‍ കണ്ട പേരുകാര്‍ രഹസ്യമായി ഇ-മെയില്‍ വിലാസം സൂക്ഷിക്കുന്നവരല്ല. ഡി.ജി.പി പറഞ്ഞതുപോലെ അവരുടെ പേരില്‍ ആരെങ്കിലും വ്യാജവിലാസം ഉണ്ടാക്കിയിട്ടുണ്ടോ എന്ന അന്വേഷണമാണ് പൊലീസ് നടത്തിയതെങ്കില്‍ അവരാരും അങ്ങനെയൊരു പരാതി നല്‍കിയിട്ടുമില്ല.
പൗരസമൂഹത്തിന്‍െറ സ്വകാര്യതയിലേക്ക് പട്ടാളവും പൊലീസും അതിക്രമിച്ചു പ്രവേശിക്കരുതെന്ന കല്‍പന മാഗ്നാ കാര്‍ട്ട മുതലുള്ളതാണ്. പൊലീസിന്‍െറ അര്‍ധരാത്രിയിലെ ഭവനസന്ദര്‍ശനത്തെ ചോദ്യംചെയ്ത കേസില്‍നിന്നാണ് സ്വകാര്യത എന്ന മൗലികാവകാശം സുപ്രീംകോടതി വികസിപ്പിച്ചെടുത്തത്. പൊലീസിന്‍െറ വിളി കേള്‍ക്കാതെ ഉറങ്ങുന്നതിനുള്ള ജനങ്ങളുടെ അവകാശം ജസ്റ്റിസ് മാത്യു പ്രഖ്യാപിച്ച വര്‍ഷംതന്നെ പതിനായിരക്കണക്കിനു വാതിലുകള്‍ അര്‍ധരാത്രി പൊലീസ് ചവിട്ടിത്തുറന്നു. അത് അടിയന്തരാവസ്ഥ. ആ അവസ്ഥയെ അനുസ്മരിപ്പിക്കുന്ന തെറ്റാണ് മെയില്‍ ചോര്‍ത്തലിലൂടെ ഉമ്മന്‍ ചാണ്ടിയുടെ പൊലീസ് ചെയ്തത്.
സെന്‍സര്‍ഷിപ്പിനു സമാനമായ നിയന്ത്രണമാണ് ചോര്‍ത്തല്‍. സ്വതന്ത്രമായ വിവരശേഖരണം അതോടെ അസാധ്യമാകുന്നു. രഹസ്യത്തില്‍ വിനിമയം ചെയ്യപ്പെടുന്ന വിലപ്പെട്ട വസ്തുവാണ് വാര്‍ത്ത. രഹസ്യത്തില്‍ നല്‍കുന്നയാളിന്‍െറ പേരും രഹസ്യമായിരിക്കും. മാധ്യമപ്രവര്‍ത്തകന്‍െറ സ്വാതന്ത്ര്യത്തിന്മേലുള്ള അപകടകരമായ കൈയേറ്റമാണ് ചോര്‍ത്തല്‍ എന്ന നാണംകെട്ട ഏര്‍പ്പാട്. ടെലിഫോണായാലും ഇ-മെയിലായാലും ചോര്‍ത്തലിന്‍െറ സാധ്യത നിലനില്‍ക്കുമ്പോള്‍ സ്വതന്ത്രവും കാര്യക്ഷമവുമായ മാധ്യമപ്രവര്‍ത്തനം അസാധ്യമാകും. അതാകാം സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്; പക്ഷേ സ്വതന്ത്രസമൂഹത്തിന്‍െറ ആഗ്രഹം അതല്ല.
രഹസ്യമായി സൂക്ഷിക്കേണ്ട കാര്യങ്ങള്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പരസ്യപ്പെടുത്തുന്നയാളെ വിസില്‍ ബ്ളോവറെന്നാണ് വിളിക്കുന്നത്. അവര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. അതു തടയുന്നതിനുള്ള നിയമപരമായ പരിരക്ഷ നല്‍കാന്‍ പാര്‍ലമെന്‍റ് തയാറായി. വിവരങ്ങള്‍ നല്‍കാന്‍ തയാറുള്ളവരുമായി സ്വതന്ത്രമായി ആശയവിനിമയം നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയുമ്പോഴാണ് പൊതുതാല്‍പര്യമുള്ള വാര്‍ത്തയുണ്ടാകുന്നത്. പൊലീസിന്‍െറ നിരീക്ഷണത്തില്‍ ഈ പ്രവര്‍ത്തനം അസാധ്യമാകും.
ഗുരുതരമായ ഈ വിപത്തിനെക്കുറിച്ചുള്ള അറിയിപ്പാണ് മാധ്യമം വാര്‍ത്തയിലൂടെ നമുക്ക് ലഭിച്ചത്. വിപത്തിനെ മുളയിലേ നുള്ളിക്കളയുന്നതിനു പകരം വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രാകൃതമായ ഈ സമീപനം ഉമ്മന്‍ ചാണ്ടി ഒൗദ്യോഗികനയമായി സ്വീകരിച്ചത് നിര്‍ഭാഗ്യകരമാണ്. ജയിലിലെ ഫോണ്‍വിളി പരസ്യപ്പെടുത്തിയ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ സ്വീകരിച്ച ജനാധിപത്യവിരുദ്ധമായ നിലപാട് പൊലീസിന്‍െറ ചോര്‍ത്തല്‍ വെളിപ്പെടുത്തിയ മാധ്യമത്തിനെതിരെ ആവര്‍ത്തിക്കാനാണോ നീക്കം? ബാലകൃഷ്ണപിള്ളയും കുഞ്ഞാലിക്കുട്ടിയും സംപ്രീതരായേക്കാം. പക്ഷേ, അത്തരക്കാരുടെ സംതൃപ്തിയില്‍ സ്വാതന്ത്ര്യബോധമുള്ള പൊതുസമൂഹത്തിന് പങ്കുചേരാനാവില്ല.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment