Wednesday, 18 January 2012

[www.keralites.net] ഒരു ‘അമൃതാനന്ദമയി’യാകാനാണ് ഉമ്മന്‍ ചാണ്ടിയുടെ.................

 

ഒരു 'അമൃതാനന്ദമയി'യാകാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം

എസ്സേയ്‌സ് / വിശ്വഭദ്രാനന്ദ ശക്തിബോധി
Fun & Info @ Keralites.netഎല്ലാവരും വാഴ്ത്തുന്നു എന്നതുകൊണ്ട് ഒരു കാര്യം തീര്‍ത്തും മഹത്തരമായിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന് അന്നാ പ്രസ്ഥാനം മുതല്‍ പൈങ്കിളി സാഹിത്യം വരെ പരിഗണിക്കാം. ഇതുപോലെ ബഹുഭൂരിപക്ഷവും വാഴ്ത്തുന്നില്ല എന്നതുകൊണ്ട് മാത്രം ഒരു കാര്യം തീര്‍ത്തും മോശമാകണമെന്നുമില്ല. ഉദാഹരണത്തിന് സോക്രട്ടീസിന്റെ ജീവിതം മുതല്‍ ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ആനന്ദാദര്‍ശം വരെ ചൂണ്ടിക്കാട്ടാം.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയെ സകലരും വാനോളം വാഴ്ത്തുന്നുണ്ട്. പ്രത്യേകിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വല്ലാത്ത ഉത്സാഹം കാണിക്കുന്നുണ്ട്. മാധ്യമങ്ങള്‍ പറയുന്നതിനപ്പുറം നിലപാടുകള്‍ എടുക്കാന്‍ കഴിയാത്ത ബഹുജനങ്ങളും ജനസമ്പര്‍ക്ക പരിപാടിയെ മാധ്യമങ്ങളുടെ വാക്കിന്‍വഴികളിലൂടെ വാഴ്ത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ ഇത്രമേല്‍ വാഴ്ത്തത്തക്ക എന്തെങ്കിലും ജനസമ്പര്‍ക്ക പരിപാടിയില്‍ ഉണ്ടോ?
ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ക്കിടയില്‍ നിന്നു പ്രവര്‍ത്തിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. മുഖ്യമന്ത്രിയും ജനപ്രതിനിധിയാണ്. അതിനാല്‍ അദ്ദേഹത്തിനും മേല്‍പ്പറഞ്ഞ ഉത്തരവാദിത്വം ഉണ്ടാകേണ്ടതുണ്ട്. അത് അദ്ദേഹം ചെയ്യുന്നതിനെ ഇങ്ങനെ വാഴ്‌ത്തേണ്ടതുണ്ടോ? ഒരാള്‍ അയാളുടെ കുടുംബത്തിനു വേണ്ടി അഹോരാത്രം പണിയെടുക്കുന്നു. അതില്‍ പ്രശംസാര്‍ഹമായി ഉള്ളതില്‍ കൂടുതല്‍ ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രയത്‌നിക്കുന്നു എന്നതില്‍ ഇല്ല.
ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് പറ്റുന്ന ശമ്പളം കൈ നീട്ടി വാങ്ങാനുള്ള അര്‍ഹത തീര്‍ത്തും ഉള്ള കുറച്ചെങ്കിലും ഉദ്യോഗസ്ഥന്മാര്‍ എല്ലാ വകുപ്പുകളിലും ഉണ്ട്. അവര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. പക്ഷേ, ഇവര്‍ക്കൊന്നും ഉമ്മന്‍ ചാണ്ടിക്ക് കിട്ടുന്ന വാഴ്ത്തലുകളുടെ അര ശതമാനം പോലും ലഭിക്കാറില്ല. അപ്പോള്‍ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുന്നവരെയെല്ലാം വാഴ്ത്തുന്ന മര്യാദകൊണ്ടു മാത്രമാണ് ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഇത്രമേല്‍ ആഘോഷിക്കപ്പെടുന്നതെന്ന് പറയാന്‍ വയ്യ. അതിനു  പിന്നില്‍ ഒരു  അജണ്ടയുണ്ട്.
ഒരു വ്യക്തിയാണ് സര്‍വപ്രശ്‌നങ്ങള്‍ക്കും പരിഹാരമരുളുന്ന ശക്തികേന്ദ്രം എന്നു വരുത്തിത്തീര്‍ക്കുക എന്നതാണ് ആ അജണ്ട. അത്തരമൊരു അജണ്ടയാണ് ഒട്ടുമിക്ക എല്ലാ ആള്‍ദൈവങ്ങള്‍ക്കും ഉള്ളത്. സര്‍വ സങ്കട നിവൃത്തിക്ക് അമൃതാനന്ദമയിയെ കണ്ടാല്‍ മതി എന്നാണല്ലോ അവരുടെ പ്രചാരണം. ഈ വിധത്തില്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടാല്‍ സര്‍വ സങ്കടങ്ങള്‍ക്കും നിവൃത്തിയുണ്ടാകുമെന്ന് ജനങ്ങളെ  വ്യാമോഹിപ്പിക്കുന്ന ഒരു പരിപാടിയാണ് മുഴുവന്‍ ഭരണസംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി ചെയ്തുവരുന്നത്. ചുരുക്കത്തില്‍ രാഷ്ട്രീയ രംഗത്തെ ഒരു 'അമൃതാനന്ദമയി'യാകാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. രാഷ്ട്രീയത്തില്‍ ഇങ്ങനെയും ആള്‍ദൈവങ്ങള്‍ ഉണ്ടാകാം.
സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഒരാള്‍ ഇരുന്നുകൊടുത്താല്‍ സങ്കടക്കാര്‍ക്ക് താല്‍കാലികമായ ചില ആശ്വാസങ്ങള്‍ ലഭിക്കും. ഇതൊരു സാമാന്യ മനഃശാസ്ത്രമാണ്. ഈയൊരു മനഃശാസ്ത്രത്തെ അവലംബിച്ചാണ് അങ്ങേയറ്റത്ത് വിഗ്രഹാരാധന മുതല്‍ ഇങ്ങേയറ്റത്ത് മനഃശാസ്ത്രജ്ഞര്‍ വരെ നിലനില്‍ക്കുന്നത്. വിഗ്രഹത്തിന് മുമ്പില്‍ നിന്നു ഭക്തന്‍ സങ്കടങ്ങള്‍ പറയുന്നു, വിഗ്രഹം പ്രതികരിക്കുന്നില്ലെങ്കിലും അടച്ചുവെച്ച സങ്കടങ്ങള്‍ പറഞ്ഞുതീര്‍ത്തതിന്റെ ആശ്വാസം സങ്കടക്കാരന് കിട്ടുന്നു. ഇതയാള്‍ വിഗ്രഹത്തിന്റെ മഹിമയായി കാണുന്നു. അങ്ങനെ 'വിളിച്ചാല്‍ വിളി കേള്‍ക്കുന്ന' ക്ഷേത്ര ദൈവങ്ങള്‍ ഉണ്ടാകുന്നു. നിലനില്‍ക്കുന്നു.
കുറെ കൂടി പരിഷ്‌കാരിയാണ് സങ്കടക്കാരനെങ്കില്‍ അയാള്‍ മനഃശാസ്ത്രജ്ഞനെ കാണുന്നു. മനഃശാസ്ത്രജ്ഞന്‍ അയാളെ കേള്‍ക്കുന്നു. കേട്ടിരിക്കാനുള്ള കൂലിയായി അഞ്ഞൂറും ആയിരവും കൗണ്‍സലിംഗ് ഫീസ് വങ്ങുന്നു. സങ്കടക്കാരന് പറയാനുള്ളതെല്ലാം തടസ്സമില്ലാതെ പറഞ്ഞുകഴിയുമ്പോള്‍, മൂത്രമൊഴിക്കാന്‍ മുട്ടിനില്‍ക്കുന്ന ഒരാള്‍ക്ക് മൂത്രം ഒഴിച്ചാല്‍ ഉണ്ടാകുന്ന പോലൊരു ലാഘവത്വം അനുഭവപ്പെടുന്നു. പക്ഷേ, ഇതും കേള്‍വിക്കാരന്റെ മഹിമയായി ധരിക്കപ്പെടുന്നു. അങ്ങനെ സങ്കടമോചകരായ മനഃശാസ്ത്രജ്ഞന്മാര്‍ ഉണ്ടാകുന്നു. ഇപ്പറഞ്ഞ നിലയില്‍ ചില സങ്കടമോചനങ്ങള്‍ കാത്തുകെട്ടി നിന്നു മുഖ്യമന്ത്രിയെ കണ്ടാല്‍ സങ്കടക്കാര്‍ക്ക് ഉണ്ടാകാം. അതിലപ്പുറം എന്തെങ്കിലും പ്രശ്‌നപരിഹാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജസമ്പര്‍ക്ക പരിപാടി വഴി ജനങ്ങള്‍ക്കുണ്ടാകുന്നുണ്ടോ? സൂക്ഷ്മ പരിശോധനയില്‍ ഇല്ലെന്നേ പറയാനാകൂ.
വിഗ്രഹത്തിന് മുമ്പാകെ സങ്കടമോചനത്തിന് ചെന്നാല്‍ യാത്രാ ചെലവിന് പുറമേ വഴിപാട് ഇനത്തിലും പണം ചെലവാകും. മനഃശാസ്ത്രജ്ഞനു മുമ്പാകെ സങ്കടമോചനത്തിന് ചെന്നാല്‍ യാത്രാ ചെലവിനൊപ്പം കണ്‍സള്‍ട്ടിംഗ് ഫീസും നല്‍കേണ്ടിവരും. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക് പരിപാടിയില്‍ സങ്കടം പറയാന്‍ 'ക്യൂ' നിന്നാല്‍  അഡ്മിഷന്‍ ഫീ ലാഭിക്കാം.
ഇതിലപ്പുറം കാതലായ ഒരു വ്യത്യാസവും ജനസമ്പര്‍ക്ക പരിപാടിയില്‍ ഇല്ല. ഒരു സങ്കടവും അവിടെ അടിസ്ഥാനപരമായി നിവര്‍ത്തിക്കപ്പെടുന്നില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ പണച്ചെലവില്ല എന്ന് പറയുന്നതും സൂക്ഷ്മമായ ചിന്തയില്‍ ശരിയാകില്ല. എന്തെന്നാല്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ വേണ്ടി വരുന്ന സകല ചെലവുകളും സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്. സര്‍ക്കാര്‍ ഖജനാവിലെ പണം ജനങ്ങള്‍ പല വക നികുതികളിലൂടെ മുമ്പേ തന്നെ നല്‍കുന്നതുമാണ്.!
ഇനി ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉമ്മന്‍ ചാണ്ടി എന്തൊക്കെ പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്തുവരുന്നതെന്ന കാര്യം കൂടി സ്പര്‍ശിച്ച് ചിലതു ചിന്തിക്കേണ്ടതുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് കൈകാര്യം ചെയ്യേണ്ടിവരുന്ന പരാതികളിലേറെയും നമ്മുടെ ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടും അവഗണന കൊണ്ടും ധാര്‍ഷ്ട്യം കൊണ്ടും ഒക്കെ കെട്ടിക്കിടക്കുന്ന ഫയലുകളിലെ പ്രശ്‌നങ്ങളാണ്. ചുരുക്കിപ്പറഞ്ഞാല്‍ കുത്തഴിഞ്ഞ എക്‌സിക്യൂട്ടീവ് വഴി ജനങ്ങള്‍ക്കുള്ള സങ്കടങ്ങളെയാണ് ഉമ്മന്‍ ചാണ്ടിക്ക് കേള്‍ക്കേണ്ടി വരുന്നത്.
ഒരു ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടി വര്‍ഷങ്ങള്‍ ഓഫീസുകള്‍ കയറിയിറങ്ങി നടക്കേണ്ടിവന്ന ആദിവസി വിദ്യാര്‍ഥികളുടെയും മറ്റും പ്രശ്‌നങ്ങള്‍. ഇതിന്മേല്‍ പരിഹരിക്കുക എന്നൊരു നോട്ടെഴുതി  മുഖ്യമന്ത്രി ഒപ്പിട്ടാല്‍ പ്രശ്‌നപരിഹാരമാകുമോ? ഇല്ല. ഇത്തരം പ്രശ്‌നങ്ങള്‍ കേള്‍ക്കേണ്ട അവസ്ഥ ഒരു മുഖ്യമന്ത്രിക്ക് ഉണ്ടാകുന്നത് മുഖ്യമന്ത്രി ഉള്‍പ്പെട്ട മന്ത്രിസഭകള്‍ വേണ്ട വിധം ഉദ്യോഗസ്ഥന്മാരെ പ്രവര്‍ത്തിപ്പിക്കാത്തതുകൊണ്ടല്ലേ?
വേണ്ടവിധം പ്രവര്‍ത്തിപ്പിക്കാത്ത ശമ്പള ജീവികളും കിമ്പള ജീവികളുമായ ഉദ്യോഗസ്ഥ വൃന്ദങ്ങളുണ്ടായാല്‍ സാധാരണക്കാരുടെ ഫയലുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കും.   അത് കേള്‍ക്കാന്‍ മുഖ്യമന്ത്രിക്ക് വിലയേറിയ സമയവും സര്‍ക്കാര്‍ പണവും ചെലവ് ചെയ്യേണ്ടിയും വരും. അപ്പോള്‍  ഇത്തരം പരാതിക്കൂമ്പാരങ്ങളും അതുവഴിയുള്ള ജനങ്ങളുടെ സങ്കടങ്ങളും കുറയാന്‍ ചെയ്യേണ്ട അടിസ്ഥാനപരമായ പരിഹാരം ഉദ്യോഗസ്ഥവൃന്ദത്തെ കാര്യക്ഷമമായി ജോലിയെടുപ്പിക്കുക എന്നതാണ്. അതു ചെയ്യാതെ 'പരാതിക്കാരുണ്ടോ' എന്ന് ചോദിച്ചൊരു മുഖ്യമന്ത്രി പരാതി കേള്‍ക്കല്‍ മാത്രം പ്രവര്‍ത്തനമായി സ്വീകരിച്ച് സര്‍ക്കാര്‍ ചെലവില്‍ ഊരുചുറ്റുന്നത് ആരൊക്കെ വാഴ്ത്തിയാലും ആള്‍ദൈവങ്ങളുടെ കെട്ടുകാഴ്ച്ചക്കപ്പുറം യഥാര്‍ഥത്തില്‍ മൂല്യമുള്ള ഒരു പ്രവര്‍ത്തനമല്ല.
ജനസമ്പര്‍ക്കമെന്ന പരിപാടി ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിക്ക് രാഷ്ട്രീയത്തിലെ ആള്‍ദൈവമാകാന്‍ സഹായകമാകുന്നിടത്തോളം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്ന ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു സഹായകമാകുമെന്ന് കരുതിക്കൂടാ. അങ്ങനെ കരുതുന്ന പക്ഷം അമൃതാനന്ദമയി ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ ഇന്ത്യന്‍ ജനതയുടെ സമസ്ത സങ്കടങ്ങളും പരിഹൃതമാകുമെന്ന് പറയേണ്ടിവരും. അങ്ങനെ പറയാന്‍ അമൃതാനന്ദമയിയുടെ വലിയ ശിഷ്യന്‍ അമൃതസ്വരൂപാനന്ദപുരി പോലും തയ്യാറാകുമെന്ന് തോന്നുന്നില്ല.
എന്തെന്നാല്‍ ഇടപ്പള്ളി അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ എം പിമാരെ ഇടപെടുത്തേണ്ട അവസ്ഥയിലാണ് അമൃതാനന്ദമയി മിഷന്‍ എന്ന്  അദ്ദേഹത്തിന് അറിയാമല്ലോ. അതിനാല്‍ ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ജനങ്ങളുടെ സങ്കടങ്ങള്‍ പരിഹരിക്കാനുള്ള പരിപാടി എന്നതിനേക്കാള്‍ ജനങ്ങളുടെ സങ്കടങ്ങള്‍ പരിഹരിക്കപ്പെടും എന്ന 'പ്രതീതി' ഉളവാക്കാനുള്ള പരിപാടി എന്നതിനപ്പുറം മറ്റൊന്നുമല്ല.
കേരളീയരുടെ അടിസ്ഥാനപരമായൊരു സങ്കടം കേരളം 'വെള്ള'ത്തില്‍ മുങ്ങിമരിക്കുമോ എന്നതാണ്. മുല്ലപ്പെരിയാറിലെ 'വെള്ളം' മാത്രമല്ല, മദ്യശാലകളിലെ 'വെള്ള'വും മലയാള നാടിനെ മുങ്ങിമരണത്തിലേക്ക് എത്തിച്ചേക്കാം. ഇത് വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റേയും ജീവല്‍പ്രശ്‌നമാണ്. ഇതിന്മേല്‍ സങ്കടമോചകനായ ഉമ്മന്‍ ചാണ്ടിക്ക് എന്താണ് ചെയ്യാനാകുക എന്നാണ് യഥാര്‍ഥത്തില്‍ കേരളം ഉറ്റുനോക്കുന്നത്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ മാധ്യമങ്ങള്‍ ഉണ്ടാക്കിത്തരുന്ന വാചകക്കപ്പലില്‍ താങ്ങാവുന്നതല്ല 'കേരളം' വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ എന്തു ചെയ്യണം എന്ന യാഥാര്‍ഥ്യ സങ്കടക്കടല്‍. ബഹുദൂരം ബഹൂവേഗത്തില്‍ പോകുന്ന ഉമ്മന്‍ ചാണ്ടി ഈ സങ്കടക്കടലിനെ കണ്ണ് തുറന്നുനോക്കാന്‍ തയ്യാറാകുമോ.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment