പൂക്കളുടെ സുഗന്ധവും സൗന്ദര്യവും ജീവിതസന്ധാരണത്തെ നിര്‍ണ്ണയിക്കുന്ന കുറെ മനുഷ്യരുണ്ട്. ഹൗറ പാലത്തിന് താഴെ. ഹൂഗ്ലിനദിയുടെ ഓരത്ത് അവര്‍ പൂക്കള്‍ കൊണ്ട് ഉപജീവനം കഴിയ്ക്കുന്നു. ഇവരുടെ കാഴ്ച്ചയില്‍, സ്വപ്‌നങ്ങളില്‍ പൂക്കള്‍ക്ക് ഏത് രീതിയിലുള്ള സ്ഥാനമാണുണ്ടാവുക എന്ന ആലോചിക്കുക കൗതുകകരമാണ്. പൂക്കള്‍ ഈ മനുഷ്യര്‍ക്ക് സോമര്‍സെറ്റ് മോം ഒരു കഥയില്‍ എഴുതിയ പോലെ ശരീരത്തേയും ആത്മാവിനേയും പരസ്പരം കൈവിട്ടുപോകാതെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഒരു ഉപാധി മാത്രമാണെന്ന് അവരോട് സംസാരിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ഇവര്‍ക്ക് പൂക്കള്‍ ക്രയവിക്രയത്തിനുള്ള കേവലവസ്തുമാത്രം. സന്തോഷത്തിനും സങ്കടത്തിനും പൂക്കള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ആഘോഷലഹരികള്‍ക്കും വിവാഹജീവിതത്തെ ആശ്ലേഷിക്കുന്നവര്‍ക്കും മരണത്തിലേക്കുള്ള സംക്രമണത്തിലുമെല്ലാം ഉള്ള പൂക്കളുടെ പ്രസക്തിയാണ് ഇവരുടെ ഈ ജീവിതങ്ങളെ നിലനിര്‍ത്തുന്നത്.

ബിട്ടീഷുകാര്‍ ഇരുമ്പുകൊണ്ട് പണിത ഹൗറ എന്ന നിര്‍മ്മാണവൈഭവ ത്തിന് മുകളില്‍ നിന്ന് ചുവട്ടിലേക്ക് നോക്കിയാല്‍ നിറങ്ങളുടെ കൊളാഷ് ആണ് കാഴ്ച്ചയെ തേടിവരിക. ചെറുജീവികളായി അതിനിടയിലെ മനുഷ്യരും. പക്ഷേ മാര്‍ക്കറ്റിലേക്കിറങ്ങിയാല്‍ അത് നീണ്ടുപോകുന്ന ഒരു വലിയ ലോകമാണെന്ന് ബോധ്യപ്പെടും. അതിരാവിലെ മഞ്ഞുകാലം പുതപ്പിട്ട് മൂടിക്കളഞ്ഞ ഒരു ജനുവരി ദിനത്തിലാണ് മല്ലിക്ഘട്ടിലേക്ക് പോയത്. ബംഗാള്‍ മാത്രമല്ല വടക്കേയിന്ത്യ മുഴുവന്‍ തണുത്തുമരവിച്ചുപോയ ജനുവരിയുടെ ആദ്യവാരമായിരുന്നു അത്. മഞ്ഞിന്റെ ധവളിമയ്ക്കിടെ പൂക്കുട്ടകളുമായി പാലത്തിലെ നടപ്പാതയിലൂടെ ഓടിവരുന്ന നൂറുകണക്കിന് മനുഷ്യര്‍, പൂക്കളും ഇലകളും മാത്രം വില്‍ക്കുന്ന ഒരു ചന്തയുടെ കാഴ്ച്ചകൗതുകങ്ങള്‍ ഇവയെല്ലാം അസാധാരണമായാണ് അനുഭവപ്പെട്ടത്. നടക്കുംതോറും ഉള്‍ചേരികളിലേക്ക് നീണ്ടുപോകുന്നു മല്ലിക്ഘട്ട്.

ലോകത്തെ പൂ വ്യാപാരത്തിന്റെ ഒരു ചെറിയ പങ്ക് മല്ലിക്ഘട്ടിനും കൂടി അവകാശപ്പെട്ടതാണ്. കാരണം ബംഗാളിലെ ഗ്രാമങ്ങളില്‍ നിന്നോ ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നോ മാത്രമല്ല ലോകത്തെ പല രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് പൂക്കളെത്തുന്നു, പലതും വിമാനം കയറിപ്പോകുകയും ചെയ്യുന്നു. വിദേശികള്‍ ഉള്‍പ്പെടെ നിരവധി സഞ്ചാരികള്‍ ഈ പൂച്ചന്തയിലെ നിറങ്ങളും ജീവിതപ്രയാണങ്ങളും കാണാന്‍ ഇവിടെയെത്താറുണ്ട്. ബംഗാളിലെ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പരിച്ഛേദമാണ് മല്ലിക്ഘട്ട് എന്നുപറയാം. കാരണം പശ്ചിമ മിഡ്‌നാപ്പൂരിലെ പൂപ്പാടങ്ങളില്‍ നിന്നാണ് ഭൂരിഭാഗം പൂക്കളും ഇവിടെയെത്തുന്നത്. അവിടെ പൂപ്പാടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ മുതല്‍ പൂക്കള്‍ വന്‍തോതില്‍ കയറ്റിയയക്കുന്ന മുതലാളിമാര്‍ വരെ വിവിധ തട്ടുകളിലായുള്ള ഇടനിലക്കാരെ ഉള്‍പ്പെടെ ഇവിടെ കാണാം.

എന്നാല്‍ ഓര്‍ക്കിഡ് ഇനത്തില്‍ പെട്ടവയ്ക്കാണ് വിദേശമാര്‍ക്കറ്റുകളില്‍ കൂടുതല്‍ ഡിമാന്റ്. മിഡ്‌നാപൂരില്‍ നിന്നെത്തുന്ന പൂക്കള്‍ക്ക് ഇന്ത്യയിലാണ് കൂടുതല്‍ ഡിമാന്‍ഡ് എന്ന് കച്ചവടക്കാര്‍ പറഞ്ഞു. ഓര്‍ക്കിഡ് ഇനങ്ങളില്‍ ഭൂരിഭാഗവും കര്‍ണാടകയില്‍ നിന്ന് വരുന്നവയാണ്, പ്രത്യേകിച്ച് ബാംഗ്ലൂരില്‍ നിന്ന്. കൂടാതെ പുണെ, ബിഹാര്‍, ഉത്തര്‍പ്രദേശ്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് പൂക്കളെത്തുന്നു. കേരളത്തില്‍ നിന്ന് വളരെ കുറച്ചുമാത്രമേ ഇവിടേക്ക് എത്തുന്നുള്ളൂ. കൊന്നപ്പൂവും തുളസിയും കേരളത്തില്‍ മല്ലിക്ഘട്ടില്‍ വില്‍പ്പനയ്‌ക്കെത്തുന്നുണ്ടെന്ന് ഒരു കച്ചവടക്കാരന്‍ പറഞ്ഞു. എന്നാല്‍ കൊന്നപ്പൂ (അതല്ലെങ്കില്‍ കാഴ്ച്ചയില്‍ കൊന്നപ്പൂവിന് സമാനമായത്) കൂടുതലും എത്തുന്നത് തായ്‌ലന്‍ഡില്‍ നിന്നാണ്. തായ്‌ലന്‍ഡില്‍ നിന്നുള്ള കൊന്നപ്പൂ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി.

270 സ്റ്റാളുകളാണ് മല്ലിക്ഘട്ടിലുള്ളത്. പൂക്കള്‍ അടക്കി നിറച്ചതിനാല്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത വീതികുറഞ്ഞ നടപ്പാതകള്‍, അവയ്ക്ക് ഇരുവശവുമാണ് വില്‍പ്പന. ഓരോ കടയിലും പത്തുമുതല്‍ അമ്പതുപേര്‍ വരെ പണിയെടുക്കുന്നുണ്ട്. രാവിലെ പൂക്കളെത്തിക്കാനായി ഗ്രാമങ്ങളില്‍ നിന്നെത്തി ഉച്ചയോടെ തിരികെ പോകുന്നവരും ആയിരക്കണക്കിന് വരും. നേരിട്ട് ഏതാണ്ട് പതിനായിരത്തോളം പേര്‍ പണിയെടുക്കുന്നുണ്ട് ഇവിടെയെന്നാണ് കണക്ക്. പരോക്ഷമായി 25,000 ത്തോളം ജനങ്ങള്‍ എങ്കിലും ചുരുങ്ങിയത് മല്ലിക്ഘട്ടിനെ ഉപജീവിച്ച് കഴിയുന്നു. മിക്കവാറും സ്റ്റാളുകളിലുള്ളവര്‍ ജോലി കഴിഞ്ഞ് ഇവിടെതന്നെ കിടന്നുറങ്ങുന്നു. ചിലര്‍ ഗ്രാമങ്ങളില്‍ നിന്ന് എത്തുന്നവരാണെങ്കിലും ഹൂഗ്ലി നദിക്കരയിലെ മറ്റ് ചേരികളില്‍ കുടുംബമായി തന്നെ ജീവിക്കുന്നു.


ജുഗോല്‍കിഷോര്‍ ജാനയും പശ്ചിമ മിഡ്‌നാപൂരിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. പതിനായിരക്കണക്കിന് ലോഡ് പൂക്കള്‍ ദിനംപ്രതിയെത്തുന്നുവെന്ന് മാത്രമേ കിഷോര്‍ജാനയ്ക്ക് അറിയൂ. പക്ഷേ ഒരു കാര്യം മാത്രം കൃത്യമായി അറിയാം. തൊഴിലാളികള്‍ക്കും കൃഷി ചെയ്യുന്നവര്‍ക്കും കി്ട്ടുന്ന പണം തുച്ഛമാണ്. ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളും വന്‍തോതില്‍ പണമുണ്ടാക്കുന്നു-അദ്ദേഹം പറഞ്ഞു. പൂക്കൂടകളും ഇയാള്‍ തന്റെ മരപ്പെട്ടിക്കടയില്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ഇവിടെ നിന്ന് വാങ്ങുന്നതിന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ വിലയ്ക്കാണ് നഗരത്തിലെ കടകളില്‍ നിന്ന്് നിങ്ങള്‍ക്ക് ലഭിക്കുക എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

തുളസി മാത്രം വില്‍ക്കുന്ന അശോക് ഗിരിയ്ക്ക് കൂടുതല്‍ സംസാരിക്കാനുള്ള സമയമുണ്ടായിരുന്നില്ല. അത്രയും തിരക്ക്. കൊങ്കണ്‍സാഹുവും മിഡ്‌നാപൂര്‍ സ്വദേശിയാണ്. പരിചയപ്പെട്ടവരില്‍ ഏറ്റവും കൗതുകം ജനിപ്പിച്ച ഒരാള്‍ നിരഞ്ജന്‍ പാണ്ഡയായിരുന്നു. ഒഡീഷ സ്വദേശിയായ പാണ്ഡ 40 വര്‍ഷമായി ഇവിടെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. അതും നാല് പതിറ്റാണ്ടിനിടെ പലതരം ജോലികള്‍ അദ്ദേഹം മല്ലിക്ഘട്ടില്‍ ചെയ്തു. ഇപ്പോള്‍ തരക്കേടില്ലാത്ത വരുമാനക്കാരന്‍ എന്ന ആത്മവിശ്വാസം ആ വാക്കുകളില്‍ പ്രകടമായിരുന്നു. കേരളത്തില്‍ നിന്ന് ഇതിനെക്കുറിച്ച് കേട്ടറിഞ്ഞ് വന്നതാണെന്ന് പറഞ്ഞപ്പോള്‍ ആ തിരക്കിനിടയിലും ചതുപ്പിന് മേലേയ്ക്ക് രണ്ട് സ്റ്റൂളുകള്‍ ഞങ്ങളെ ഇരുത്താനായി എത്തിച്ചു, ചായ വേണോ എന്ന് ചോദ്യം. ചായ ചിരിയോടെ ഒഴിവാക്കിയപ്പോള്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു.

ഒഡീഷയില്‍ നിന്ന് വന്ന് ബംഗാളില്‍ സ്ഥിരതാമസക്കാരനാക്കിയ ആളാണ് പാണ്ഡ. ഒരു മകന്‍ ഒപ്പമുണ്ട്. കുടുംബം പക്ഷേ ഒഡീഷയില്‍ തന്നെ. വീട്ടിലേക്ക് പോക്ക് വല്ലപ്പോഴും മാത്രം. പൂക്കള്‍ കൊണ്ട്് മാലകോര്‍ത്ത് വില്‍പ്പന നടത്തലായിരുന്നു ആദ്യകാലത്ത്. പിന്നീട് പൂക്കള്‍ വില്‍പ്പനയും അതിന് ശേഷം വിവിധതരം അലങ്കാരപ്പണികളും ചെയ്തു. റീത്തുകളും ബൊക്കകളുമുണ്ടാക്കി വില്‍പ്പന നടത്തിയിട്ടുണ്ട്. മരംകൊണ്ടും മറ്റുമുള്ള ഒരു പ്രത്യേക ഭംഗിയുള്ള പൂക്കൂടകളാണ് നിരഞ്ജന്‍ പാണ്ഡയുടെ ഇപ്പോഴത്തെ മാസ്റ്റര്‍പീസ്. തനിക്ക് വിദേശത്ത് വലിയ ആരാധകവൃന്ദമാണെന്ന് പാണ്ഡയുടെ ചിരി നിറഞ്ഞ അവകാശവാദം. എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ഒരു വലിയ ഫയല്‍ എടുത്തുതന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് മല്ലിക്ഘട്ട് സന്ദര്‍ശിച്ച പലരും പാണ്ഡയ്ക്ക് പിന്നീട് എഴുതിയ കത്തുകള്‍, ഒപ്പം നിന്നെടുത്ത ഫോട്ടോകളുടെ കോപ്പി, സമ്മാനമായി ലഭിച്ച ഡയറികള്‍, പേനകള്‍ പാണ്ഡ ഒരു സംഭവം തന്നെയെന്ന് അതോടെ ബോധ്യപ്പെട്ടു.

തനിക്ക് ഏത് വസ്തുവുണ്ടാക്കുമ്പോഴും ഒരു ശൈലിയുണ്ടെന്ന പറഞ്ഞ പാണ്ഡയാണ് മല്ലിക്ഘട്ടിലെ പ്രശ്‌നങ്ങള്‍ കൂടുതലും വിവരിച്ചത്. തന്റെ പല വര്‍ക്കുകളും മറ്റുപലരും ഫോട്ടോയായി ഇന്റര്‍നെറ്റിലിട്ട് പ്രചരിപ്പിക്കുകയും കാശുണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. ഉദാഹരണമായി മൊബൈല്‍ ഓണ്‍ ചെയ്ത് ചില സൈറ്റുകളില്‍ അദ്ദേഹമുണ്ടാക്കിയവയുടെ ചിത്രങ്ങള്‍ കാണിച്ചുതരികയും ചെയ്തു. എങ്കിലും അദ്ദേഹം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 14 രാജ്യങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കള്‍ തനിക്കുണ്ടായിരുന്നെന്നും 2008 ലെ തീപിടുത്തം അവരുമായുള്ള ബന്ധത്തിന്റെ രേഖകളെ ഇല്ലാതാക്കിയെന്നും പാണ്ഡ സങ്കടപ്പെട്ടു. ഇപ്പോള്‍ വയസ് 53. ആദ്യകാലത്ത് മാസം 30 രൂപയാണ് മാല വില്‍പ്പനയിലൂടെ ഉണ്ടായിരുന്ന വരുമാനം. ഇപ്പോള്‍ ദിവസം ആയിരം രൂപയോളം വരുമാനമുണ്ട്. ഒരു ദിവസം രണ്ട് വലിയ പൂക്കൂട വിറ്റാല്‍ തന്നെ ഏതാണ്ട് 1000 രൂപ കിട്ടുമെന്ന് പാണ്ഡ പറയുന്നു.
സംഘടനകള്‍ പിരിവ് മാത്രമേ നടത്തുന്നുള്ളൂവെന്നും തൊഴിലാളികള്‍ക്ക് ഒരു സുരക്ഷയും ഇപ്പോഴുമില്ലെന്നും പാണ്ഡ വിമര്‍ശിച്ചു. ഒരിക്കല്‍ കൂടി വാഗ്ദാനം ചെയ്ത ചായ നിരസിച്ച് പാണ്ഡയോട് യാത്ര പറഞ്ഞ് ഇരുഭാഗത്തുനിന്നും പൂക്കള്‍ ദേഹത്തുരയുന്ന ചതുപ്പുനിലങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ തിരിച്ചുനടന്നു. വില്‍പ്പനയുടെ ശബ്ദഘോഷങ്ങള്‍ തുടരുകയാണ് അവിടെ. ഹൂഗ്ലിയുടെ ഓരത്ത് ഫെറി അടുത്തിരിക്കുന്നു. തിരിച്ച് ബാബുഘട്ടിലേക്ക് ഫെറിയില്‍ പോയാല്‍ നഗരത്തിലെ താമസസ്ഥലത്തേക്ക് എളുപ്പമെത്താനാകും. സുഗന്ധവും സൗന്ദര്യവും കൊണ്ട് അനുഗ്രഹീതമാക്കപ്പെട്ടവയാണ് പൂക്കള്‍. എന്നാല്‍ ഇത്തരം പൂച്ചന്തയിലെ ജീവിതങ്ങള്‍ക്ക് ഈ പൂക്കളുടെ ചന്തമോ സുഗന്ധമോ ഒട്ടുമില്ലെന്ന് മല്ലിക്ഘട്ടിലെ മനുഷ്യര്‍ ഓര്‍മ്മിപ്പിച്ചു.







www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___