മെട്രോ പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം അപ്രായോഗികം-ഇ.ശ്രീധരന്‍
തിരുവനന്തപുരം: മെട്രോ ഉള്‍പ്പെടെയുള്ള റെയില്‍ പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം അപ്രായോഗികമാണെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് കേരള സെന്റര്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍.
ഒരു പദ്ധതിയില്‍ സ്വകാര്യ കമ്പനികള്‍ നിക്ഷേപം നടത്തുന്നുവെങ്കില്‍ 16 മുതല്‍ 20 ശതമാനം വരെ ആദായം അവര്‍ പ്രതീക്ഷിക്കും. എന്നാല്‍ ലോകമെമ്പാടും മെട്രോ റെയിലില്‍ നിന്ന് ലഭിക്കുന്ന ശരാശരി ലാഭം ഒന്നര ശതമാനം മാത്രമാണ്. മിക്ക രാജ്യങ്ങളിലും മെട്രോ നഷ്ടത്തിലാണ്. അതൊരു ജനസേവന ഉപാധിയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സ്വകാര്യ കമ്പനികളെ പദ്ധതിയിലേക്ക് ക്ഷണിച്ചാല്‍ സര്‍ക്കാര്‍ സ്ഥലം അനധികൃതമായി വിട്ടുകൊടുക്കേണ്ടിവരും.
ഇന്ത്യയില്‍ മുംബൈ മെട്രോയുടെ ഒരു ലൈനും ഹൈദരാബാദ് മെട്രോയുമാണ് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നത്. പ്രതീക്ഷിച്ച ഫലം അവയില്‍ നിന്നുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല-ശ്രീധരന്‍ പറഞ്ഞു. സ്ഥലമേറ്റെടുത്ത് നല്‍കുന്നതിലുള്ള കാലതാമസമാണ് കൊച്ചിമെട്രോയില്‍ ഞാന്‍ കാണുന്ന ഒരു വെല്ലുവിളി. എന്നാല്‍ അത് കാര്യക്ഷമമായി ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ഫ്‌ളൈ ഓവറുകളിലൂടെയാണ് പരമാവധി റെയില്‍ പണിയുന്നതിനാല്‍ സ്വകാര്യ സ്ഥലം കുറച്ച് ഏറ്റെടുത്താല്‍ മതി എന്ന ആനുകൂല്യമുണ്ട്. നാല് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കേരളത്തിലെ റെയില്‍ പദ്ധതികളും സമയത്തിന് തീര്‍ക്കാന്‍ കഴിയും. സമയനിഷ്ഠ, ധാര്‍മികനീതി, തൊഴില്‍ വൈദഗ്ധ്യം, സാമൂഹിക ഉത്തരവാദിത്വം എന്നിവയാണ് ഈ നാല് കാര്യങ്ങള്‍. തൊഴില്‍ സംസ്‌കാരത്തിന്റെ നാല് തൂണുകളാണിവ.
ഡല്‍ഹി മെട്രോയുും കൊങ്കണ്‍ റെയില്‍വെയും സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് പിന്നിലെ ഘടകങ്ങളാണിവ. ഡല്‍ഹി മെട്രോയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ഓഫീസുകളില്‍ ഞങ്ങള്‍ റിവേഴ്‌സ് ക്ലോക്കുകള്‍ വച്ചിരുന്നു. ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇനിയെത്രസമയമുണ്ടെന്ന കാര്യം ഓരോരുത്തരേയും സദാ ഓര്‍മിപ്പിക്കാന്‍ അത് സഹായകമായി. ഞങ്ങള്‍ സമയനിഷ്ഠ പാലിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഓടിക്കുന്ന ട്രെയിനുകള്‍ സമയനിഷ്ഠ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കഴിയില്ല. ധാര്‍മിക നീതിയുടെ അടിസ്ഥാനത്തില്‍ നമ്മള്‍ ഏത് തീരുമാനമെടുത്താലും അതുമായി മുന്നോട്ടുപോകാന്‍ നിങ്ങള്‍ക്ക് എപ്പോഴും ധൈര്യമുണ്ടാകും. തൊഴില്‍ വൈദഗ്ധ്യമാണ് മൂന്നാമത്തെ കാര്യം.
ഡല്‍ഹി മെട്രോയുടെ ആദ്യഘട്ടത്തില്‍ ഞങ്ങള്‍ക്ക് വിദേശ കണ്‍സള്‍ട്ടന്റുമാരുടെ സേവനം ഉപയോഗിക്കേണ്ടിവന്നു. എന്നാല്‍ അത് സസൂക്ഷ്മം പഠിച്ച് രണ്ടാംഘട്ടം ഞങ്ങളുടേതായ സാങ്കേതിക വിദ്യകൊണ്ട് പൂര്‍ത്തിയാക്കി. ജനങ്ങളുടെ കാശാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ചിന്തിക്കുന്നതാണ് സാമൂഹിക ഉത്തരവാദിത്വത്തിന്റെ ആദ്യഘട്ടം.
ഡല്‍ഹി മെട്രോയുടെ നിര്‍മാണ സ്ഥലങ്ങളില്‍ നിന്ന് പുറത്ത് റോഡിലേക്ക് പോകുന്ന വാഹനങ്ങളുടെ ടയറുകള്‍ പോലും ഞങ്ങള്‍ കഴുകുമായിരുന്നു. ഒരു മരം വെട്ടിയാല്‍ പത്ത് ചെടി വയ്ക്കുകയും അതിന്റെ പരിപാലനം ഏറ്റെടുക്കുകയും ചെയ്യുമായിരുന്നു. 17 കി.മീ മാത്രമുള്ള കൊല്‍ക്കത്ത മെട്രോ പണിതീര്‍ക്കാന്‍ 20 വര്‍ഷമെടുത്തു. എന്നാല്‍ ഡെല്‍ഹിമെട്രോ ലോകറെക്കോര്‍ഡ് സമയത്തിലാണ് പൂര്‍ത്തിയാക്കിയത്. ഇന്ന് ഡെല്‍ഹി മെട്രോ പ്രതിദിനം 22 ലക്ഷം യാത്രക്കാര്‍ ഉപയോഗിക്കുന്നു. ഒരുലക്ഷം വാഹനങ്ങളെ റോഡില്‍ നിന്ന് മാറ്റാനും ഒരുലക്ഷം ടണ്‍ ഇന്ധനം പ്രതിവര്‍ഷം ലാഭിക്കാനും ഡല്‍ഹി മെട്രോ വഴിയൊരുക്കുന്നു. റോഡപകടത്തില്‍ നിന്ന് 200 ജീവന്‍ പൊലിയുന്നത് ഒഴിവാക്കാനുമായി-ശ്രീധരന്‍ പറഞ്ഞു.
തിരുവനന്തപുരം-മംഗലാപുരം അതിവേഗ റെയില്‍ ഇടനാഴി കേരളത്തിന്റെ സാമ്പത്തികാവസ്ഥയില്‍ വന്‍ പുരോഗതിയുണ്ടാക്കും. രണ്ടാംലോക മഹായുദ്ധത്തിനുശേഷം ജപ്പാന്‍ നിര്‍മിച്ച ടോക്യോ-ഒസാക്ക അതിവേഗ പാത ജപ്പാന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പുരോഗതിയുണ്ടാക്കിയെന്നും ശ്രീധരന്‍ പറഞ്ഞു.
MARTIN K GEORGE
No comments:
Post a Comment