Tuesday 15 January 2013

[www.keralites.net] Smart City -- Bizarre Turn of Events...

 

കൊച്ചി: സ്മാര്‍ട്ട്സിറ്റിയുടെ നിര്‍മാണച്ചുമതല ടീകോമിന്റെ മാതൃസ്ഥാപനമായ ദുബായ് ഹോള്‍ഡിങ്സിന്് കൈമാറാനും മുന്‍ സര്‍ക്കാരുമായി ഒപ്പിട്ട അടിസ്ഥാന കരാറില്‍ മാറ്റം വരുത്താനും ദുബായില്‍ ചേര്‍ന്ന സ്മാര്‍ട്ട്സിറ്റി ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ സമ്മര്‍ദം. ടീകോമില്‍നിന്ന് റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ദുബായ് ഹോള്‍ഡിങ്സ് പദ്ധതി ഏറ്റെടുക്കുന്നത് സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് ദോഷമാകും.
ഏറ്റെടുക്കലിലൂടെ പദ്ധതി നിര്‍മാണം വൈകിച്ച് അടിസ്ഥാന കരാര്‍വ്യവസ്ഥകള്‍ ലംഘിച്ചതിന് നേരിടേണ്ടിവരാവുന്ന നിയമനടപടികളില്‍നിന്ന് ഒഴിവാകാനും ദുബായ് കമ്പനി ലക്ഷ്യമിടുന്നു. ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ ദുബായ് ഹോള്‍ഡിങ്സ് പദ്ധതി ഏറ്റെടുക്കുന്നതുസംബന്ധിച്ച് ചര്‍ച്ചയുണ്ടായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് ടീകോം പ്രതിനിധികള്‍ ഇക്കാര്യം യോഗത്തില്‍ ശക്തമായി ഉന്നയിച്ചതായാണ് വിവരം. ദുബായ് ഹോള്‍ഡിങ്സിന്റെ ബിസിനസ് ഡെവലപ്മെന്റ് മേധാവിയായി ചുമതലയേറ്റ ടീകോം സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍മുള്ളയാണ് ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാന ഐടി സെക്രട്ടറി പി എച്ച് കുര്യന്‍ എതിര്‍ത്തു.
സ്മാര്‍ട്ട്സിറ്റിയുടെ മുഴുവന്‍ ഭൂമിക്കും ഒറ്റ സെസ് നേടിയെടുക്കാനാകാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ടീകോം വിമര്‍ശിച്ചു. ആന്ധ്രാപ്രദേശിലെ കക്കിനാടയില്‍ കടലിനിടയിലെ രണ്ട് പ്രദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒറ്റസെസ് അനുവദിച്ച കാര്യവും അവര്‍ ഉദാഹരിച്ചു. ഇവിടെ ചെറിയ പുഴയുടെ അപ്പുറത്തുമിപ്പുറത്തുമാണ് സ്മാര്‍ട്ട്സിറ്റി ഭൂമി. റവന്യുവിഭാഗമാണ് ഒറ്റസെസ് നല്‍കുന്നതിനെ എതിര്‍ക്കുന്നത്. സ്മാര്‍ട്ട്സിറ്റിഭൂമി പരിശോധിച്ച റവന്യുസംഘത്തിന്റെ റിപ്പോര്‍ട്ട് അനുകൂലമായാല്‍ ഒറ്റസെസ് കിട്ടും. അതിനാവശ്യമായ സമ്മര്‍ദം സര്‍ക്കാര്‍ ഉയര്‍ത്തണം. അങ്ങനെയായാല്‍ വൈകാതെ നിര്‍മാണം തുടങ്ങാമെന്നാണ് ടീകോം പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞത്.
സ്മാര്‍ട്ട്സിറ്റിയുടെ ഓഫീസ് കൊച്ചിയില്‍ തുറക്കാനും ഇവിടെ സിഇഒയുടെ പ്രവര്‍ത്തനം കേന്ദ്രീകരിക്കാനും ചൊവ്വാഴ്ചത്തെ യോഗം തീരുമാനിച്ചു. നിലവിലെ എംഡി ബാജു ജോര്‍ജ് സിഇഒ ആകാനാണ് സാധ്യത. എം എ യൂസഫലി, ഇസ്മയില്‍ അല്‍ നഖി, അനിരുദ്ധ ഡാങ്കേ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടുംവരെ പദ്ധതി നിര്‍മാണം വൈകിപ്പിക്കാനാണ് ഒറ്റസെസ് എന്ന ആവശ്യം വീണ്ടും ഉന്നയിച്ചതെന്ന് ചൊവ്വാഴ്ചത്തെ യോഗത്തില്‍നിന്നു വ്യക്തം. ടീകോമില്‍നിന്ന് സ്മാര്‍ട്ട്സിറ്റി ഏറ്റെടുക്കലാണ് അവരുടെ പ്രധാന അജണ്ട. പുതിയ കമ്പനി പദ്ധതി ഏറ്റെടുക്കുമ്പോള്‍ 2011 ഫെബ്രുവരിയില്‍ മുന്‍ സര്‍ക്കാരുമായി ഒപ്പിട്ട അടിസ്ഥാനകരാര്‍ മാറ്റേണ്ടിവരും. കൂടുതല്‍ ഉദാരമായ വ്യവസ്ഥകളോടെ കരാറുണ്ടാക്കാനാകുമെന്നും അവര്‍ കരുതുന്നു.
പുതിയകരാര്‍ വരുമ്പോള്‍ ഇതുവരെ പദ്ധതി നിര്‍മാണത്തില്‍ വീഴ്ചവന്നതിന്റെ ഭാഗമായി നേരിടേണ്ടിവരാവുന്ന നിയമനടപടികളില്‍നിന്ന് ടീകോമിന് ഒഴിവാകുകയും ചെയ്യാം. നിലവിലെ കരാര്‍പ്രകാരം പദ്ധതിക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ മുഴുവന്‍ ഒരുക്കിക്കൊടുത്താണ് മുന്‍ സര്‍ക്കാര്‍ ഒഴിഞ്ഞത്. സ്മാര്‍ട്ട്സിറ്റി പ്രദേശത്തിന് സെസ് പദവിയും ലഭ്യമാക്കി. ആസമയത്ത് അവര്‍ ഒറ്റസെസ് ആവശ്യം ഉന്നയിച്ചില്ല. കഴിഞ്ഞ ജൂണില്‍ പവിലിയനും നിര്‍മിച്ചു. പദ്ധതിപ്രദേശത്ത് നിര്‍മാണം തുടങ്ങിയാല്‍ തുടര്‍ന്നുള്ള നിര്‍മാണവും സമയബന്ധിതമായി തീര്‍ക്കണം. വീഴ്ചവരുത്തിയാല്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമി തിരിച്ചെടുത്ത് ദുബായ് കമ്പനിയെ മടക്കിയയക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്. 18 മാസത്തിനുള്ളില്‍ മൂന്നര ലക്ഷം ചതുരശ്ര അടിയില്‍ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ.
ഈ സാഹചര്യത്തില്‍, കരാര്‍വ്യവസ്ഥകള്‍ ലംഘിച്ചതിന് ടീകോമിനെതിരെ നിയമനടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയും. സ്വതന്ത്ര കൈവശാവകാശ തര്‍ക്കത്തില്‍ കടുംപിടിത്തം തുടര്‍ന്നപ്പോള്‍ മുന്‍ സര്‍ക്കാര്‍ ചെയ്തതുപോലെ ടീകോമിനെ ഒഴിവാക്കാനുള്ള നടപടികളും എടുക്കാം. അതിന് സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment