ഡല്‍ഹി ബലാത്സംഗം: ആറാം പ്രതി കുട്ടി തന്നെയെന്നു സ്‌കൂള്‍ അധികൃതര്‍
ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനും ക്രൂരമര്‍ദനത്തിനും ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ ആറാം പ്രതിക്ക് 18 വയസ് തികഞ്ഞിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍. പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്ന നിലയില്‍ ജുവനൈല്‍ ജസ്‌റ്റിസ് ബോര്‍ഡിന്റെ കീഴിലാണ് ഇയാളുടെ വിചാരണ നടക്കുന്നത്. ഇന്നലെ നടന്ന വിചാരണയില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതി പഠിച്ചിരുന്ന യു.പിയിലെ ഭവാനിപ്പൂര്‍ ബദാവൂന്‍ സ്‌കൂളിലെ ഹെഡ്‌മാസ്‌റ്ററും മുന്‍ ഹെഡ്‌മാസ്‌റ്ററും ബോര്‍ഡിനു മുമ്പാകെ ഹാജരായി.
പ്രതി മൂന്നാം ക്ലാസ് വരെ അവിടെ പഠിച്ചിരുന്നെന്നും 2002ല്‍ പ്രവേശനം നല്‍കുമ്പോള്‍ പിതാവ് 1995 ഏപ്രില്‍ ആറാണ് ജനന തീയതിയായി നല്‍കിയതെന്ന് ഹെഡ്‌മാസ്‌റ്റര്‍മാര്‍ അറിയിച്ചു. ജനന സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ ചോദിച്ചിരുന്നില്ല. തുടര്‍ന്നും ഇതേ തീയതി വച്ചു തന്നെയാണ് മറ്റു രേഖകള്‍ ഉണ്ടാക്കിയത്. അതിനാല്‍ കുറ്റകൃത്യം നടക്കുമ്പോള്‍ ഇയാള്‍ക്ക് 17 വര്‍ഷവും ആറു മാസവുമാണ് പ്രായം. ഇയാളുടെ പ്രായം തെളിയിക്കുന്ന ശാസ്‌ത്രീയപരിശോധനയുടെ ഫലം ബോര്‍ഡിനു മുമ്പാകെയുണ്ട്.
തന്നോട് ഏറ്റവും ക്രൂരമായി പെരുമാറിയത് ഇയാളാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ താന്‍ തെറ്റു ചെയ്‌ത കാര്യം ഏറ്റു പറഞ്ഞെന്നും ഇയാള്‍ ക്ഷമ ചോദിച്ചെന്നും അധികൃതര്‍ വ്യക്‌തമാക്കി. മാനസികാസ്വാസ്‌ഥ്യമുള്ള പിതാവും മാതാവും രണ്ട് ഇളയ സഹോദരങ്ങളൂം രണ്ട് ഇളയ സഹോദരികളും അടങ്ങുന്ന കുടുംബത്തില്‍ നിന്നുള്ള പയ്യന്‍ ആറു വര്‍ഷം മുമ്പാണ് നാടു വിട്ട് ഡല്‍ഹിയിലെത്തിയത്.
പിന്നീട് ഹോട്ടലുകളിലും ഡാബകളിലും ജോലി ചെയ്‌ത ശേഷം ഡല്‍ഹിയിലെ സ്വകാര്യ ബസുകളില്‍ സഹായിയായി കൂടി. കേസിലെ മുഖ്യപ്രതി രാംസിംഗുമായി നേരത്തെ പരിചയമുണ്ടായിരു ഇയാള്‍ കുറ്റകൃത്യം നടക്കുന്നതിന്റെ തലേ ദിവസമാണ് ജോലി അന്വേഷിച്ച് രാം സിംഗിന്റെ വീട്ടിലെത്തിയത്. അവിടെ ഉറങ്ങിയ ഇയാള്‍ പിറ്റേന്ന് രാംസിംഗിനും മറ്റു പ്രതികള്‍ക്കുമൊപ്പം മദ്യപാനത്തിനു ശേഷം ബസില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയേയും സുഹൃത്തിനേയും ബസില്‍ വിളിച്ചു കയറ്റുന്നതും ക്രൂരമായി ആക്രമിക്കുന്നതുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
No comments:
Post a Comment