നീതിയുടെ തുലാസ്
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
1960 മുതല്‍ 1990 വരെ 30 വര്‍ഷം ബെര്‍ലിന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച് ലോകത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പത്രങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ടുകള്‍ ചെയ്തു. 1943 ലെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയാണ്.1990ല്‍ നാട്ടിലെത്തി എ.കെ. ജി.സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. സൈനിക സേവനവും അനുഷ്ഠിച്ചിട്ടുണ്ട്. നാലാം ലോക വാദത്തെ തുടര്‍ന്നുള്ള പ്രത്യയശാസ്ത്ര വിവാദത്തില്‍ ഇടപെട്ട് 2004 മാര്‍ച്ചില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ജീവിതത്തില്‍ ഏഴുപതിറ്റാണ്ട് കാലം കമ്മ്യൂണിസത്തിന്റെ ലോക ഭൂപടത്തിലൂടെയാണ് കുഞ്ഞനന്തന്‍ നായര്‍ നടന്നത്. കിഴക്ക് ചൈന മുതല്‍ പടിഞ്ഞാറ് അല്‍ബേനിയ വരെ...
മഅദനിയുടെയും മറ്റും കാര്യത്തില്‍ കടുത്ത നിലപാടു സ്വീകരിക്കുന്ന ഭരണകൂടം വിദേശ പൗരന്മാരുടെ കാര്യത്തില്‍ എത്ര ഉദാരമായ സമീപനമാണ് സ്വീകരിക്കുന്നത്.
1967ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജുഡീഷ്യറിയുടെ നിഷ്‌പക്ഷതയെ ചോദ്യം ചെയ്‌ത് ഇ.എം.എസ്. നടത്തിയ പരാമര്‍ശവും അതിനു കോടതിയില്‍നിന്നു ലഭിച്ച ശിക്ഷയും രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയതും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതുമാണ്. ഇ.എം.എസിനെതിരേ കോടതിയലക്ഷ്യക്കേസ് ഉയര്‍ന്നുവരാനിടയായ പരാമര്‍ശം ഇതേ പംക്‌തിയില്‍ മുമ്പു സൂചിപ്പിച്ചിട്ടുമുണ്ട്. അത് ആവര്‍ത്തിക്കട്ടെ. മര്‍ദനോപകരണമായാണു മാര്‍ക്‌സും ഏംഗല്‍സും ജുഡീഷ്യറിയെ കണക്കാക്കിയത്. രാഷ്‌ട്രീയ സംവിധാനം മാറിയ കാലത്തും ഭരണകൂടത്തിന്റെ സ്വഭാവം അങ്ങനെ തന്നെയാണ്. വര്‍ഗതാല്‍പര്യങ്ങളും സ്വാര്‍ഥതാല്‍പര്യങ്ങളുമാണു ന്യായാധിപന്മാരെ നയിക്കുന്നതും നിയന്ത്രിക്കുന്നതും.
നന്നായി വേഷം ധരിച്ചയാള്‍ക്കും നിരക്ഷരനായ പാവപ്പെട്ടവനും ഇടയ്‌ക്കു നീതി നിര്‍ണയിക്കപ്പെടുമ്പോള്‍ കോടതി സ്വാഭാവികമായും ആദ്യം പറഞ്ഞവര്‍ക്കൊപ്പമായിരിക്കും നില്‍ക്കുക. 1967 നവംബര്‍ ഒന്‍പതിനായിരുന്നു ഈ വിവാദപരാമര്‍ശം അടങ്ങിയ ഇ.എം.എസിന്റെ പത്രസമ്മേളനം. ഇ.എം.എസിനു സുപ്രീം കോടതി ഈ പരാമര്‍ശത്തിന് നല്‍കിയ ശിക്ഷ പ്രതീകാത്മകമായിരുന്നു. ഒരു രൂപ പിഴ.
ഭരണകൂടത്തിന്റെ പൊതുവിലും ജുഡീഷ്യറിയുടെ പ്രത്യേകിച്ചും സമ്പന്നവര്‍ഗപക്ഷപാതിത്വം സൂചിപ്പിക്കുകയാണ് ഇ.എം.എസ്. ചെയ്‌തത്. ഈ പഴയ വിഷയം ഇപ്പോള്‍ വീണ്ടും ഓര്‍ക്കാന്‍ കാരണം, ബംഗളുരു സ്‌ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടകത്തിലെ ജയിലില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്‌ദുള്‍ നാസര്‍ മഅദനിക്ക് തുടര്‍ച്ചയായി കോടതി ജാമ്യം നിഷേധിക്കുകയും അതേസമയം രണ്ടു മത്സ്യതൊഴിലാളികളെ വെടിവച്ചുകൊന്ന രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കു ക്രിസ്‌മസും പുതുവത്സരവും ആഘോഷിക്കാന്‍ നാട്ടില്‍ പോകുന്നതിനു കൊല്ലം ജില്ലാകോടതി അനുമതി നല്‍കുകയും ചെയ്‌ത വാര്‍ത്തകള്‍ അടുത്ത ദിവസങ്ങളിലായി വായിച്ചതു കൊണ്ടാണ്.
രണ്ടു കേസുകളിലും തീരുമാനം കൈക്കൊണ്ടതു കോടതികളാണെങ്കിലും സര്‍ക്കാരിന്റെ നിലപാടുകളാണു നിര്‍ണായകമായത്. നിരവധിപേരുടെ മരണത്തിനും വസ്‌തുനാശത്തിനും ഇടയാക്കിയ കോയമ്പത്തൂര്‍ ബംഗളുരു സ്‌ഫോടനക്കേസുകളടക്കം ചില ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഅദനിക്കു ജാമ്യം നല്‍കരുതെന്ന നിലപാടാണു ബി.ജെ.പി. ഇപ്പോഴും സ്വീകരിക്കുന്നത്. കര്‍ണാടകത്തിലെ ബി.ജെ.പി. സര്‍ക്കാരിന്റെ ഈ നിലപാടാണു കോടതിയും പരിഗണക്കുന്നത്. പ്രോസിക്യൂഷന്‍ എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ മഅദനി ജാമ്യം നേടി ഇതിനകം പുറത്തുവന്നേനെ. ബി.ജെ.പി. ഒഴികെയുള്ള മറ്റു പ്രധാന രാഷ്‌ട്രീയ കക്ഷികളെല്ലാം വിചാരണ പ്രതിക്കു നിയമപരമായി കിട്ടേണ്ട വിദഗ്‌ധ ചികിത്സ ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ മഅദനിക്കും ലഭിക്കണം എന്ന നിലപാടാണു സ്വീകരിച്ചു പോരുന്നത്.
അതേസമയം, ഉപജീവനത്തിനായി മത്സ്യബന്ധനത്തിനു പോയ കൊല്ലം നീണ്ടകരയിലെ രണ്ടുതൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലെ പ്രതികള്‍ക്കാണു പരോള്‍ നല്‍കി നാടുവിടാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. എന്റിക്ക ലക്‌സി എന്ന കപ്പലിലെ നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ക്കാണു നാട്ടില്‍ പോകാന്‍ അനുമതി ലഭിച്ചത്. കര്‍ശനമായ ജാമ്യവ്യവസ്‌ഥയുടെ അടിസ്‌ഥാനത്തിലാണ് ഇവരെ നാടുവിടാന്‍ അനുവദിക്കുന്നതെന്നാണു വാര്‍ത്ത. 2013 ജനുവരി 10ന് മൂന്നു മണിക്ക് മുമ്പായി ഇവര്‍ തിരിച്ചെത്തണം, ആറു കോടി രൂപയ്‌ക്കു തുല്യമായ ബാങ്ക് ഗ്യാരണ്ടി, പ്രതികളുടെയും ഇന്ത്യയിലെ ഇറ്റാലിയന്‍ സ്‌ഥാനപതിയുടെയും സത്യവാങ്‌മൂലങ്ങള്‍ എന്നിവയെല്ലാം ഇവര്‍ തിരിച്ചെത്തി വിചാരണ നേരിടുന്നതിനുള്ള ഗ്യാരണ്ടിയായി പറയപ്പെടുന്നു.
ഈ വാര്‍ത്തയോടൊപ്പം തന്നെ മറ്റൊരു വാര്‍ത്തയും അനുബന്ധമായി പത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. പതിനാറുകൊല്ലം മുമ്പ് ഇതുപോലെ ജാമ്യവ്യവസ്‌ഥയില്‍ പുറത്തുപോയ ഫ്രഞ്ച് ചാരക്കേസിലെ പ്രതികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല എന്നതാണ് ആ വാര്‍ത്ത. ഏറെ കോളിളക്കം സൃഷ്‌ടിച്ച ഈ കേസിലെ രണ്ടു പ്രതികള്‍ 1996 ലാണ് ഇന്ത്യവിട്ടത്. ഈ കേസിന്റെ അന്വേഷണം സി.ബി.ഐ. ഇതുവരെയും അവസാനിപ്പിച്ചിട്ടുമില്ല. ജാമ്യത്തില്‍ പുറത്തിറങ്ങുന്ന രണ്ടു നാവികരെ കൊണ്ടുപോകാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രത്യേക വിമാനം ഇങ്ങോട്ട് അയച്ചിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ഇവര്‍ക്കു ഗംഭീരമായി സ്വീകരണവും നല്‍കി. കേസില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്മാരുടെ കാര്യത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ കാണിക്കുന്ന താല്‍പര്യം ആശ്‌ചര്യപ്പെടുത്തുന്നതാണ്. ഇത്രയൊക്കെ ചെയ്ാന്‍ അവര്‍ക്ക് ആയളുണ്ടെങ്കില്‍ അവര്‍ ഇനി തിരിച്ചുവരും എന്നു കണ്ണടച്ചു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
പണപ്പെട്ടി മോഷ്‌ടാക്കള്‍ കൊണ്ടുപോയാലെന്താ അതിന്റെ താക്കോല്‍ എന്റെ കൈയില്‍തന്നെയുണ്ടല്ലോ എന്നു കരുതുന്നതുപോലെ അബദ്ധമാവും ഇത്. ഏതായാലും അവര്‍ വരികയാണോ വരാതിരിക്കുകയാണോ ചെയ്യുക എന്നു നമുക്കു കാത്തിരുന്നു കാണാം. ജനുവരി 10 വരെയല്ലേ കാത്തിരിക്കേണ്ടൂ. എന്തുകൊണ്ടാണ് ഇറ്റാലിയന്‍ നാവികര്‍ക്കു മുന്നില്‍ എല്ലാ നിയമക്കുരുക്കുകളും പെട്ടെന്ന് അഴിയാന്‍ കാരണം.
ഇറ്റലിയും ഇന്ത്യയും തമ്മില്‍ അത്തരത്തില്‍ എന്തെങ്കിലും ഒരു കരാര്‍ നിലനില്‍ക്കുന്നുണ്ടോ- ഒന്നുമില്ല. കോണ്‍ഗ്രസിന്റെയും കേന്ദ്ര ഭരണ മുന്നണിയായ യു.പി.എയുടെയും അധ്യക്ഷയായ സോണിയാഗാന്ധിയുടെ സ്വന്തം നാടാണ് ഇറ്റലി എന്നതുതന്നെ. സോണിയാഗാന്ധിയുടെ സ്വന്തം നാട്ടിലെ രണ്ടു പ്രജകള്‍ക്ക് അല്‍പം ബുദ്ധിമുട്ടു വന്നപ്പോള്‍ നമ്മുടെ ഭരണകൂടമാകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കു കിട്ടുന്നതിനേക്കാളും മുന്തിയ പരിഗണ കൊലക്കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ പൗരന്‍മാര്‍ക്കു കിട്ടി. ഇറ്റാലിയന്‍ നാവികരെ വിട്ടതു കോടതിയാണെന്നു വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിക്കുകയും ചെയ്‌തിട്ടുണ്ട്.
ഒരുപക്ഷേ അതൊരു മുന്‍കൂര്‍ ജാമ്യമാവാം. ഇവര്‍ വിചാരണയെ നേരിടാന്‍ ഇന്ത്യയിലേക്കു തിരിച്ചു വന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനു കോടതിയെ പഴിചാരാം. പ്രോസിക്യൂഷന്റെ അഭ്യര്‍ഥന പരിഗണിച്ചുഅവരെ ജാമ്യത്തില്‍ വിട്ട കോടതിയെ അങ്ങനെയാരും വിമര്‍ശിച്ചു എന്നുവരില്ല. ഇറ്റലിക്കാരെ ജാമ്യത്തില്‍ വിട്ടതിന്റെ ഉത്തരവാദി കേന്ദ്രസര്‍ക്കാരാണ് എന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞുകഴിഞ്ഞു. ചുരുക്കത്തില്‍ എല്ലാവര്‍ക്കും പരസ്‌പരം പഴിചാരി ആരോപണത്തില്‍നിന്നു തലയൂരാനുള്ള സാഹചര്യം ഇപ്പോള്‍തന്നെ ഉണ്ടാക്കി കഴിഞ്ഞു.
തങ്ങളെ ഇറ്റലിയിലെ കോടതിയില്‍ വിചാരണ ചെയ്യണമെന്നാണു പ്രതികള്‍ ആവശ്യപ്പെട്ടത്. തല്‍ക്കാലം രക്ഷപ്പെട്ട പ്രതികള്‍ ഇതിനായി നിയമക്കുരുക്കുകള്‍ സൃഷ്‌ടിക്കാന്‍ തന്നെയാണു സാധ്യത. ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ ഭരണകൂടം നിഷ്‌പക്ഷത പാലിക്കുന്നില്ല എന്ന പൊതു വിമര്‍ശനത്തിന് അടിവര ഇടാനാണ്. മഅദനിയുടെയും മറ്റും കാര്യത്തില്‍ കടുത്ത നിലപാടു സ്വീകരിക്കുന്ന ഭരണകൂടം വിദേശ പൗരന്മാരുടെ കാര്യത്തില്‍ എത്ര ഉദാരമായ സമീപനമാണു സ്വീകരിക്കുന്നത്.
ബംഗളുരു സ്‌ഫോടനക്കേസില്‍ 31-ാം പ്രതിയായി അറസ്‌റ്റിലായ മഅദനി 2010 ഓഗസ്‌റ്റ് 17 മുതല്‍ കര്‍ണാടകത്തിലെ ജയിലിലാണ്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി ഒന്‍പതു കൊല്ലം ജയിലില്‍ കിടന്നതിനു ശേഷമാണു വേറൊരു കേസില്‍ തടവിലാക്കപ്പെട്ടത്. മാനസിക പീഡനങ്ങള്‍ക്കു പുറമേ പലതരം ശാരീരികമായ പ്രശ്‌നങ്ങള്‍ ഗുരുതരമായി അലട്ടുന്ന മഅദനിക്കു മതിയായ ചികിത്സ ലഭിക്കുന്നതിനും ജാമ്യം കിട്ടുന്നതിനും അര്‍ഹതയുണ്ട്.
ഇക്കാര്യത്തില്‍ ഉചിതമായ നിലപാടു കര്‍ണാടക സര്‍ക്കാര്‍ കൈക്കൊള്ളണം. സത്യത്തില്‍ മഅദനിയെ കുറ്റബോധം അലട്ടുന്നുണ്ട് എന്നാണു തോന്നുന്നത്. തീവ്രവാദ രാഷ്‌ട്രീയം തിരഞ്ഞെടുത്തതു തെറ്റായിപ്പോയെന്ന് അദ്ദേഹത്തിന് ഇപ്പോള്‍ തോന്നുന്നുണ്ടാവാം. പക്ഷേ, എല്ലാം വൈകിപ്പോയി. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ വിത്തു വിതച്ചതില്‍ പ്രധാന പങ്കുവഹിച്ചതു മഅദനിയാണ് എന്ന കാര്യത്തിലൊന്നും ആര്‍ക്കും സംശയമില്ല. എത്രയോ ചെറുപ്പക്കാരെ അദ്ദേഹം വഴിതെറ്റിച്ചു. ചെയ്‌തുപോയ തെറ്റില്‍ പശ്‌ചാത്തപിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ ഭൂതകാലം ഇന്നും വേട്ടയാടുകയാണ്. ഒരിക്കലും മോചനമില്ലാത്ത നിയമക്കുരുക്കില്‍ അകപ്പെടുകയും ചെയ്‌തു. എന്നാല്‍ മഅദനിയുടെ കാര്യത്തില്‍ മാത്രം സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ കക്ഷികള്‍ മുതലക്കണ്ണീരൊഴുക്കുന്നതു കപടവും അവരുടെ ആത്മാര്‍ഥയില്‍ സംശയം തോന്നിക്കുന്നതുമാണ്. കാരണം മഅദനിക്ക് ഇപ്പോഴും സ്വന്തമായി ചിലപോക്കറ്റുകളില്‍ വോട്ടുബാങ്കുണ്ട്. രാഷ്‌ട്രീയ പാര്‍ട്ടികളുടെ കണ്ണ് ആ വോട്ടു ബാങ്കിലാണ്.
ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ ഉള്‍പ്പെടെ രാജ്യത്തെ നിരവധി തടവറകളില്‍ സംശയത്തിന്റെ പേരില്‍ അടയ്‌ക്കപ്പെട്ട എത്രയോ പൗരന്മാരുണ്ട്. അവരില്‍ എല്ലാമതക്കാരുമുണ്ടു പലതരം ശാരീരിക പീഡനങ്ങള്‍ അനുഭവിക്കുന്നവരുമുണ്ട്. അവരെക്കുറിച്ചൊന്നും രാഷ്‌ട്രീയ നേതാക്കള്‍ മിണ്ടുന്നില്ല. കാരണം അവര്‍ക്കാര്‍ക്കും വോട്ടുബാങ്കില്ല. ഒരു സമുദായത്തിന്റേയും പിന്തുണയുമില്ല. തീവ്രവാദികളായി മുദ്രകുത്തപ്പെട്ടവരാണിതില്‍ അധികവും. നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ഇവര്‍ക്കും നല്‍കണം.
കൊടും ഭീകരന്‍ തടിയന്റവിട നസീറിനു പോലും ഇതിന് അര്‍ഹതയുണ്ട്. ഭീകരപ്രവര്‍ത്തകരോടു പോലും നിയമപരമായ വിവേചനം കാണിക്കരുത്. നിയമം നിയമമാണ്. വിചാരണ നടത്തി കുറ്റം തെളിഞ്ഞാല്‍ ഇവരെ ശിക്ഷിച്ചോട്ടെ. വധശിക്ഷയ്‌ക്ക് അര്‍ഹതയുള്ള കുറ്റം അവര്‍ ചെയ്‌തെങ്കില്‍ അവരെ തൂക്കിക്കൊല്ലുക തന്നെവേണം.
കൂട്ടത്തില്‍പ്പറയട്ടെ, വധശിക്ഷ നിര്‍ത്തലാക്കണം എന്ന ചിലരുടെ അഭിപ്രായത്തോട് എനിക്കു യോജിപ്പില്ല സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരെന്നു പ്രവൃത്തികൊണ്ടു തെളിയിച്ചവരെ ജീവിക്കാന്‍ അനുവദിക്കരുത്. അവര്‍ പുറത്തിറങ്ങിയാലും സമൂഹത്തിനു ഭീഷണിയാവും. വന്യജീവി സംരക്ഷണ നിയമം ഇവിടെ കര്‍ശനമാണെങ്കിലും മനുഷ്യനു ഭീഷണിയായ ജീവികളെ വെടിവെച്ചു കൊല്ലാന്‍ വ്യവസ്‌ഥയുണ്ടല്ലോ. ഇപ്പോള്‍ രാജ്യത്തെ പ്രത്യേകിച്ചും രാജ്യതലസ്‌ഥാനത്തെ, ഇളക്കിമറിച്ചതും മനസാക്ഷിയെ നടുങ്ങിയതുമായ സംഭവമാണ് ഡല്‍ഹിയിലെ ഒരു ബസില്‍ നടന്ന കൂട്ടബലാല്‍സംഗം. ഇത്തരം കൊടുംക്രൂരതകള്‍ ചെയ്യുന്നവരെ തൂക്കിക്കൊല്ലുകതന്നെ വേണം. കുറേമുമ്പു ഷൊര്‍ണൂരില്‍ സൗമ്യ എന്ന പെണ്‍കുട്ടിക്കുണ്ടായം അനുഭവം ആര്‍ക്കാണു മറക്കാന്‍ കഴിയുക.
മുംബൈ കൂട്ടക്കൊലക്കേസില്‍ പ്രതിയായ പാക് പൗരന്‍ കസബിനെ തൂക്കിക്കൊല്ലാന്‍ പാടില്ലെന്നും അയാളെ നല്ല നടപ്പിനു ശിക്ഷിച്ചാല്‍ മതിയെന്നു പറയാന്‍പോലും ഈ രാജ്യത്ത് ആളുണ്ടായി. പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷക്കു വിധിച്ച അഫ്‌സല്‍ ഗുരുവിനോടും സൗജന്യം കാണിക്കണമെന്ന് ഒരുകൂട്ടം അഭിനവ മനുഷ്യാവകാശ പ്രവര്‍ത്തര്‍ വാദിക്കുന്നു. ഇസ്ലാമിക തീവ്രവാദം ഇവരുടെ അഭിപ്രായത്തില്‍ വിപ്ലവ പ്രവര്‍ത്തനമാണ്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment