............................പഴയ റോമന്‍ അടിമകളേക്കാള്‍ നിന്ദ്യവും ദയനീയവുമായി ജീവിച്ചിരുന്ന തൊഴിലാളികള്‍ക്ക് ദിവസം ശരാശരി 20 മണിക്കൂര്‍ ജോലി ചെയ്യേണ്ടിയിരുന്നു. ജോലിസ്ഥിരതയോ, അവധിയോ, വിശ്രമമോ, വിനോദമോ കുടുംബ ജീവിതമോ ഇല്ലാത്ത തുച്ഛവരുമാനക്കാര്‍. പ്രാണികളെപ്പോലെ തൊഴിലിടങ്ങളില്‍ ചത്തുവീഴുന്ന തൊഴിലാളികള്‍ അന്നൊരു പതിവു കാഴ്ചമാത്രം.
ആപ്ടേണ്‍ സിംഗ്ലയറും, ജാക്ക് ലണ്ടനുമൊക്കെ നോവലുകളിലൂടെ വരച്ചുകാട്ടിയ അതേ ജീവിതം. ഫോര്‍ഡ്, റോക്ക്ഫെല്ലര്‍, മോര്‍ഗന്‍ തുടങ്ങിയ ഫൗണ്ടേഷനുകളിലൂടെ വളരുകയായിരുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തില്‍നിന്നുതന്നെയാണ് പിടഞ്ഞൊടുങ്ങുന്നവരുടെ ആദ്യ നിലവിളിയുയര്‍ന്നത്. "എട്ടുമണിക്കൂര്‍ ജോലി" എന്ന മുദ്രാവാക്യം അങ്ങനെ പിറന്നു.
1827ല്‍ ഫിലാഡല്‍ഫിയയിലെ കെട്ടിട വ്യവസായ തൊഴിലാളികളാണ് സമരത്തിന് തുടക്കം കുറിച്ചത്. ജോലിസമയം പത്തുമണിക്കൂറാക്കിക്കിട്ടുന്നതില്‍ അവര്‍ വിജയിച്ചു. പിന്നീട് 1886 ആഗസ്ത് 20ന് ബാള്‍ട്ടിമൂറില്‍ "നാഷണല്‍ ലേബര്‍ യൂണിയ"ന്റെ സ്ഥാപകസമ്മേളനം എട്ടുമണിക്കൂര്‍ ജോലി എന്ന മുദ്രാവാക്യം അംഗീകരിക്കുന്നതിനു പിന്നില്‍ മാര്‍ക്സും ഏംഗല്‍സും നേതൃത്വം നല്‍കിയ ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്റെയും ഒന്നാം ഇന്റര്‍നാഷണലിന്റെയും സ്വാധീനമുണ്ടായിരുന്നു.
1866 ആകുമ്പോഴേക്കുതന്നെ നിരവധി "എട്ടുമണിക്കൂര്‍ ലീഗുകള്‍" അമേരിക്കയില്‍ രൂപംകൊണ്ടിരുന്നു. അവയെ തകര്‍ക്കാനാണ് ഫാക്ടറിയുടമകള്‍ "പിങ്കാര്‍ട്ടണ്‍ ഏജന്‍സി" തുടങ്ങിയ കരിങ്കാളിക്കമ്പനികള്‍ക്ക് രൂപം നല്‍കിയത്. മുതലാളിമാരുടെ എതിര്‍പ്പുകളെയെല്ലാം മറികടന്ന് 1884ല്‍ "ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ആന്‍ഡ് ലേബര്‍ യൂണിയന്‍സ് ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ് ആന്‍ഡ് കാനഡ" എന്ന സംഘടന മെയ് ഒന്ന് മുതല്‍ സമരം നടത്താന്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്തു.
അഞ്ചുലക്ഷം പേര്‍ സമരരംഗത്തേക്കിറങ്ങിയ ചിക്കാഗോയില്‍ കലാപത്തിനുള്ള ഗൂഢാലോചന എന്നാക്രോശിച്ച് സായുധസേന തെരുവിലിറങ്ങിയതോടെ സമരത്തിന്റെ സ്വഭാവം മാറി. ആദ്യദിവസം തികച്ചും സമാധാനപരമായി പ്രകടനം നടന്നു. എന്നാല്‍, മെയ് മൂന്നിന് മാക്മോക് റീപ്പര്‍ വര്‍ക്സ് എന്ന ഫാക്ടറിയുടെ ഗേറ്റിനുപുറത്ത് ചേര്‍ന്ന വിശദീകരണയോഗം പൊളിക്കാന്‍ മുന്നൂറോളം കരിങ്കാലികള്‍ തക്കം പാര്‍ത്തിരിപ്പുണ്ടായിരുന്നു. ഓഗസ്റ്റ് സ്പൈസ് സംസാരിക്കുമ്പോള്‍ അവര്‍ കുഴപ്പമുണ്ടാക്കി. ആറ് തൊഴിലാളികളുടെ രക്തസാക്ഷിത്വത്തില്‍ കലാശിച്ചു തുടര്‍ന്നുണ്ടായ സംഘര്‍ഷം.
പിറ്റേന്ന് ഹെയ്മാര്‍ക്കറ്റില്‍ നടന്ന പ്രതിഷേധയോഗം പൊലീസ് കൈയേറുകയും എവിടെനിന്നോ ഒരു ബോംബ് വന്നുവീഴുകയും ചെയ്തതോടെ വീണ്ടും സംഘര്‍ഷമായി. പൊലീസ് വെടിവച്ചു. നാല് തൊഴിലാളികളും ഏഴ് പൊലീസുകാരും മരിച്ചുവീണു. 200 നേതാക്കളെ അറസ്റ്റ് ചെയ്തു. തൊഴിലാളി വിരുദ്ധതക്ക് പേരുകേട്ട ജോസഫ് ഇ ഗാരിയുടെ നേതൃത്വത്തിലുള്ള ബോഡ് ഓഫ് ജൂറിയെവച്ച് വിചാരണ നടത്തി. 1886 ജൂണ്‍ 21ന് തുടങ്ങിയ വിചാരണയുടെ വിധി വന്നത് ഒക്ടോബര്‍ ആറിന്. എട്ട് തൊഴിലാളിനേതാക്കള്‍ക്ക് വധശിക്ഷ. അമേരിക്കകത്തും പുറത്തും പ്രതിഷേധമുയര്‍ന്നപ്പോള്‍, ശിക്ഷ നടപ്പാക്കേണ്ടതിന് തലേന്ന് സാമുവല്‍ ഫീല്‍ഡന്‍, ഷ്വാബ് എന്നിവരുടെ വധശിക്ഷ ജീവപര്യന്തമാക്കി. ഓസ്കാര്‍ നീബിന് 15 വര്‍ഷത്തേക്ക് തടവുശിക്ഷ നല്‍കി. ഇരുപത്തിരണ്ടുകാരനായ ലൂയിലിങ്ങ് തൂക്കിക്കൊല്ലേണ്ടതിന്റെ തലേന്ന് പടക്കം കടിച്ചുപൊട്ടിച്ച് ജയിലില്‍ ജീവനൊടുക്കി. 1886 നവംബര്‍ 11ന് ഓഗസ്റ്റ് സ്പൈസ്, ഏണസ്റ്റ് ഫിഷര്‍, ജോര്‍ജ് എംഗല്‍സ്, ഹാര്‍സണ്‍സ് എന്നിവരെ തൂക്കിലേറ്റി. മരിക്കുംമുമ്പ് സ്പൈസ് പറഞ്ഞു: "ഇപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ വാക്കുകളെ ഞെരിച്ചുകൊല്ലാം. എന്നാല്‍, ഞങ്ങളുടെ മൗനം വാക്കുകളേക്കാള്‍ ശക്തമായിത്തീരുന്ന കാലംവരും".
ഹെയ്മാര്‍ക്കറ്റിലെ [Chicago] മെയ് ദിന സ്മാരകത്തില്‍ എഴുതിവെച്ചിട്ടുള്ള സ്പൈസിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമായിത്തീരുന്നതാണ് പിന്നീട് ലോകം കണ്ടത്. എല്ലാവര്‍ഷവും മെയ് ഒന്ന് സാര്‍വദേശീയ തൊഴിലാളി ദിനമായി ആചരിക്കാന്‍ 1888 ഡിസംബറില്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബറും 1889 ജൂലൈ 14ന് പാരീസില്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണലും തീരുമാനിച്ചു. 1890ല്‍ അമേരിക്കയില്‍ ആദ്യമായി മെയ്ദിനം ആചരിച്ചു.
എന്നാല്‍, തൊഴിലാളി പ്രസ്ഥാനങ്ങളെയെന്നപോലെ മെയ്ദിനാചരണത്തെയും ഇല്ലാതാക്കാനാണ് അമേരിക്ക ശ്രമിച്ചത്. ആ ദിവസത്തെ ഭയക്കുകയായിരുന്നു ഭരണാധികാരികള്‍. പ്രസിഡന്റ് ഗ്രോവര്‍ ക്ലീവ്ലന്റ് സെപ്തംബറിലെ ഒരു ദിവസം തൊഴിലാളിദിനമായി പ്രഖ്യാപിച്ച് മെയ്ദിനത്തെ അവഗണിച്ചു. മറ്റൊരു പ്രസിഡന്റ് മെയ് ഒന്ന് ശിശുദിനമായി പ്രഖ്യാപിച്ച് തൊഴിലാളിവര്‍ഗ്ഗത്തെ അപഹസിച്ചു. 1921ല്‍ ഈ ദിവസം അമേരിക്കന്‍വല്‍ക്കരണദിന മാക്കി അവധി നല്‍കാന്‍ തുടങ്ങി. വലതുപക്ഷത്തിന്റെ പേടിസ്വപ്നമായി ലോകമെമ്പാടും മെയ് ദിനം മാറി. പാരീസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ജര്‍മ്മനിയില്‍ റാലിക്കുനേരെ വെടിവച്ചതും ഫാസിസ്റ്റുകള്‍ നിരോധന ഉത്തരവിറക്കിയതും അതുകൊണ്ടാണ്.
എന്നാല്‍ 1930കളിലെ സാമ്പത്തിക മാന്ദ്യത്തോടെ മെയ്ദിനത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചു. മുപ്പതുകളില്‍ത്തന്നെയാണ് പല രാജ്യങ്ങളും ആ ദിവസം അവധി പ്രഖ്യാപിച്ചതും. ബര്‍ലിനിലെ റീഖ്സ്റ്റാഗില്‍ ചെങ്കൊടിയുയര്‍ന്നതും (1945), വിയ്റ്റ്നാം വിമോചന സേന അമേരിക്കയെ തോല്‍പ്പിച്ചതും (1975) മെയ്ദിനത്തിലായിരുന്നു. ഇന്ത്യയില്‍ 1923ല്‍ ലേബര്‍ കിസാന്‍ പാര്‍ടി ഓഫ് ഹിന്ദുസ്ഥാന്റെ ആഭിമുഖ്യത്തില്‍ മദിരാശിബീച്ചില്‍ ശിങ്കാരവേലുച്ചെട്ടിയാര്‍ മെയ്ദിനാചരണത്തിന് തുടക്കംകുറിച്ച് ഉയര്‍ത്തിയ കൊടി രാജ്യത്ത് ആദ്യമുയര്‍ന്ന ചെങ്കൊടിയാണെന്നത് മറ്റൊരു ചരിത്രം. അധ്വാനവും മൂലധനവും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ കാണാക്കാഴ്ചകളിലേക്ക് മിന്നല്‍വെളിച്ചം വിതറുകയാണ് ഓരോ മെയ് ദിന വും.
........: "ജോലി കിട്ടാന്‍ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അധ്വാനം മൂലധനത്തെ വര്‍ദ്ധിപ്പിക്കുന്ന കാലത്തോളം മാത്രം ജോലി കിട്ടുകയുംചെയ്യുന്ന പണിക്കാരുടെ വര്‍ഗ്ഗമാണ് തൊഴിലാളി വര്‍ഗ്ഗം. സ്വയം വില്‍ക്കേണ്ടിവരുന്ന ഈ വേലക്കാര്‍ മറ്റേതു വ്യാപാരസാമഗ്രിയെയും പോലെ ഒരു ചരക്കാണ്; തല്‍ഫലമായി മത്സരത്തിന്റെ എല്ലാ ഗതിവിഗതികള്‍ക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങള്‍ക്കും അവര്‍ ഇരയായിത്തീരുന്നു."
അധ്വാനമാണ് സകല സമ്പത്തിന്റെയും ഉറവിടം. കലയും ശാസ്ത്രവുമെല്ലാം അധ്വാനത്തിന്റെ ഫലംതന്നെ. സര്‍ഗ്ഗാത്മകത യെന്നാല്‍ അധ്വാനം എന്നുതന്നെയാണര്‍ഥമെന്ന് മാക്സിംഗോര്‍ക്കി പറഞ്ഞത് അതുകൊണ്ടാണ്. സങ്കല്‍പ്പത്തില്‍നിന്ന് യാഥാര്‍ഥ്യവും യാഥാര്‍ഥ്യത്തില്‍നിന്ന് സങ്കല്‍പ്പവും സൃഷ്ടിക്കാന്‍ മനുഷ്യര്‍ക്ക് കഴിയുന്നത് അധ്വാനവും അതുകഴിഞ്ഞ് ഒഴിവു സമയവും ലഭിക്കുന്നതുകൊണ്ടാണ്.
............................................................................................................................
ആഗോളവല്‍ക്കരണം ദശകങ്ങള്‍ പിന്നിടുമ്പോള്‍ അധ്വാനത്തിനും അധ്വാനിക്കുന്ന വര്‍ഗ്ഗത്തിനും മേലുള്ള മൂലധനത്തിന്റെ ചൂഷണം വിരാട് രൂപം പ്രാപിച്ച കാഴ്ചയാണ് നാം കാണുന്നത്. ലോകമെങ്ങും ഒഴുകിപ്പരക്കുന്ന മൂലധനത്തിന്റെ ആര്‍ത്തി തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേട്ടങ്ങളെ ഓരോന്നായി വിഴുങ്ങിക്കൊണ്ടിരിക്കയാണ്. കൂലികൊണ്ട് മറച്ചുവെച്ച ചൂഷണമാണ് ഈ കാലത്തിന്റെ സവിശേഷത. മെയ്ദിന സംഭവങ്ങ ള്‍ക്കു ശേഷം ദേശരാഷ്ട്രങ്ങള്‍ ഓരോന്നായി തൊഴില്‍സമയം കുറക്കുന്നതിനും, ജോലിസ്ഥിരത ഉറപ്പുവരുത്തുന്നതിനുമുള്ള നിയമങ്ങള്‍ കൊണ്ടുവരികയുണ്ടായി. തൊഴിലാളിക്ക് അന്തസ്സുള്ള ജീവിതം ലഭിച്ചുതുടങ്ങി.
........................................................... തുല്യ ജോലിക്ക് തുല്യവേതനം, നീതി, സമത്വം തുടങ്ങിയ മൂല്യങ്ങളൊന്നും കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് ബാധകമല്ല. ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്നവരുടെ ജീവിതമാകട്ടെ അവര്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറില്‍നിന്ന് വ്യത്യസ്തമൊന്നുമല്ല. രാവിലെ ഏഴുമണിക്ക് കമ്പനി വണ്ടിയില്‍ ഫ്ളാറ്റില്‍ നിന്നിറങ്ങി രാത്രി പതിനൊന്നിനോ പന്ത്രണ്ടിനോ തിരിച്ചെത്തുന്നവരുടെ തൊഴില്‍സമയം പതിനാറും പതിനേഴും മണിക്കൂറായിത്തീരുന്നു. ഒരു തരത്തിലുള്ള സര്‍ഗാത്മക ജീവിതവുമില്ലാതെ തൊഴില്‍ സമ്മര്‍ദം കൊണ്ട് യന്ത്രങ്ങളായിത്തീരുന്ന തൊഴിലാളികള്‍ ആത്മഹത്യയില്‍ അഭയം തേടുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ പതിവുകാഴ്ചയാണ്.വന്‍ ശമ്പളത്തില്‍ അഹങ്കരിച്ച് നടന്നവര്‍ ഒരു സുപ്രഭാതത്തില്‍ പിരിച്ചുവിടപ്പെടുമ്പോഴാകട്ടെ അധ്വാനം മൂലധനത്തെ വര്‍ധിപ്പിക്കുന്ന കാലത്തോളമേ തങ്ങള്‍ക്ക് ജോലി കിട്ടൂ എന്ന മുതലാളിത്ത യാഥാര്‍ഥ്യം കൂടുതല്‍ തെളിഞ്ഞു വരികയാണ്.
1886നും മുമ്പുള്ള കാലത്തേക്ക് തൊഴിലിടങ്ങള്‍ തിരിച്ചുപോവുകയാണെന്നതിന്റെ സൂചനയാണ് മിനിമം വേതനത്തിനും എട്ടുമണിക്കൂര്‍ ജോലിക്കും ജോലിസ്ഥിരതയ്ക്കുമായി കേരളത്തിലുള്‍പ്പെടെ സ്വകാര്യ നേഴ്സുമാര്‍ നടത്തുന്ന സമരം. "പൊതു"വെല്ലാം മോശമാണെന്നും "സ്വകാര്യ"മാണ് നല്ലതെന്നും ഉദ്ഘോഷിച്ചിരുന്ന സ്വകാര്യവല്‍ക്കരണത്തിന്റെ വക്താക്കള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആര്‍ക്കാണ് നല്ലതെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. കൂലികൊണ്ട് മറച്ചുവെച്ചിരിക്കുന്ന ചൂഷണം തിരിച്ചറിയാന്‍ കഴിയാത്ത വിധമുള്ള മിഥ്യാലോകം സൃഷ്ടിക്കാന്‍ ഇന്ന് മൂലധനം പ്രത്യേകം ശ്രദ്ധിക്കുന്നു.
സാമാന്യം ഉയര്‍ന്ന കൂലി ലഭിക്കുന്ന തൊഴിലാളികള്‍ക്ക് തങ്ങള്‍ സമ്പന്നരായി എന്ന തോന്നലുണ്ടാകുമെങ്കിലും വെള്ളം ഒഴുകിപ്പോകുന്ന കുഴലുകള്‍ മാത്രമാണവരെന്നതാണ് സത്യം. നൂറു രൂപ അധികം കൂലി കിട്ടുമ്പോള്‍ ആയിരം രൂപ കമ്പോളം തിരികെ പിടിക്കും. എല്ലാ സാധനങ്ങളുടെയും വില കൂലിയെക്കാള്‍ എത്രയോ മടങ്ങായി വര്‍ധിച്ചിരിക്കും. "തൊഴിലാളിക്ക് അവരുടെ കൂലി റൊക്കം പണമായി കിട്ടേണ്ട താമസം ബൂര്‍ഷ്വാസിയുടെ മറ്റു വിഭാഗങ്ങള്‍ വീട്ടുടമസ്ഥനും ഷോപ്പുടമസ്ഥനും ഹുണ്ടികക്കാരനും മറ്റും അവരുടെമേല്‍ ചാടിവീഴുകയായി" എന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലെ നിരീക്ഷണം അത്രമേല്‍ ശരിയായിത്തീര്‍ന്നിരിക്കുന്നു.
പോരാടി നേടിയെടുത്ത വിനോദ വേളകളാണ് ഇന്ന് ചൂഷണത്തിന്റെ പ്രധാനയിടങ്ങള്‍. സംസ്കാര വ്യവസായികള്‍ സിനിമയുടെയും മറ്റു ദൃശ്യമാധ്യമങ്ങളുടെയും വല വിരിച്ച് തൊഴിലാളിവര്‍ഗത്തെ അതിലേക്ക് ചാടിക്കുകയാണ്. വിപണിയിലെത്തുന്ന അസംഖ്യം ഉപഭോഗവസ്തുക്കള്‍ക്കുവേണ്ടി ആഗ്രഹമുല്‍പാദിപ്പിക്കുക എന്നതാണവയുടെ മുഖ്യധര്‍മ്മം. ജീവിതശൈലിയുടെ ആകെത്തുകയായ സംസ്കാരത്തെ അത് ലാഭം കൊയ്യാനുള്ള ഏര്‍പ്പാടാക്കി മാറ്റിയിരിക്കുന്നു. നമ്മുടെ ഓരോ ചലനവും അവരുടെ ലാഭത്തിനുള്ള ഉപാധികളായിത്തീരുന്നു.
ജീവിതത്തെക്കുറിച്ചുള്ള സങ്കല്‍പം തന്നെ മാറിമറിയുകയും ജീവിതം = ഉപഭോഗം + ഭോഗം എന്നയിടത്തേക്ക് കാര്യങ്ങളെത്തിക്കുകയും ചെയ്യുന്നതോടെ സാമൂഹ്യജീവിതവും കുടുംബ ജീവിതവുമെല്ലാം തകരുന്നു. അണുകുടുംബം അണുബോംബായി പൊട്ടിത്തെറിക്കുന്നു. അധ്വാനത്തിലൂടെ സമൂഹം കെട്ടിപ്പടുക്കുക എന്ന സങ്കല്‍പം പോലും നഷ്ടമാകുന്നു. വിനോദവേളകളിലൂടെ നവമുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്ര പ്രചാരണമാണ് നടക്കുന്നതെന്ന സത്യം തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം കാഴ്ചകളുടെ മയക്കുമരുന്നുകൊണ്ട് ജനതയെയാകെ മയക്കിക്കിടത്താനാണതിന്റെ പദ്ധതി.
ഒരുകാലത്ത് അധ്വാനം ജീവിതശൈലിയുടെ ഭാഗമായിരുന്നെങ്കില്‍ കായികധ്വാനത്തോട് അവഗണനയും അവജ്ഞയുമുണ്ടാക്കുകയാണ് ആഗോളവല്‍ക്കരണത്തിന്റെ സംസ്കാരം ചെയ്യുന്നത്. അധ്വാനിക്കുന്നവരെ അപഹസിക്കുകയും പണിയെടുക്കാതെ സമ്പന്നരായിത്തീരുന്നവരെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നത് ലോകമെമ്പാടുമുള്ള മുഖ്യധാരാ ദൃശ്യമാധ്യമങ്ങളുടെ പൊതുസ്വഭാവമായിത്തീരുന്നത് ഇതിനാലാണ്. നല്ല കൂലി ലഭ്യമായിട്ടും കായികാധ്വാനം ആവശ്യമുള്ള തൊഴിലുകളിലേക്ക് പോകാതെ മാസം മൂവായിരവും നാലായിരവും രൂപക്ക് ഷോപ്പിങ് മാളുകളിലും കംപ്യൂട്ടര്‍ സ്ഥാപനങ്ങളിലും മറ്റും ജോലിക്ക് നില്‍ക്കുന്ന യുവതീയുവാക്കള്‍ ഈ പരിണാമത്തിന്റെ ഉദാഹരണങ്ങളാണ്.
ബംഗാളിലെയും ഒറീസയിലെയും മറ്റും ലക്ഷക്കണക്കിന് തൊഴിലാളികള്‍ ഇങ്ങോട്ട് വണ്ടി കയറുന്നത് കായികാധ്വാനം അവര്‍ക്ക് ഇപ്പോഴും അലര്‍ജിയാകാത്തതിനാലാണ്. ആഗോളവല്‍ക്കരണ കാലത്ത് നമ്മളെത്തന്നെ തിന്ന് നമ്മുടെയുള്ളില്‍ വളരുന്ന മുതല (കെ ജി ശങ്കരപ്പിള്ളയുടെ പ്രയോഗം) യാണ് അലസത. അധ്വാനവിരോധമാണ് അലസതയുടെ അമ്മ. അതിലൂടെ അസംഖ്യം ജീവിതശൈലീ രോഗങ്ങളുണ്ടാവുകയും ആശുപത്രി വ്യവസായത്തിലൂടെ മൂലധനം അവിടെയും തഴച്ചുവളരുകയും ചെയ്യുന്നു. ആഗോളവല്‍ക്കരണത്തിന്റെ ചൂഷണമെന്ന മഹാഖ്യാനത്തെ ചെറുക്കുന്നതില്‍ അധ്വാനം പ്രധാനമായിത്തീരുമ്പോള്‍ മൂലധനത്തിന്റെ സംസ്കാരത്തിനു പകരം അധ്വാനത്തിന്റെ സംസ്കാരം ആര്‍ജിച്ചെടുക്കേണ്ടത് തൊഴിലാളി വര്‍ഗത്തിന് അനിവാര്യമാവുകയാണ്.
No comments:
Post a Comment