| | ഗാനമേളയ്‌ക്ക് ചെന്നിട്ട് അറബിനാട്ടിലെ തടവറയില്‍ രണ്ടുദിവസം ചെലവിടേണ്ട ദുര്‍വിധിയെ തടവറയിലെ പൊട്ടിച്ചിരികള്‍കൊണ്ട് മറികടന്ന അനുഭവം ഗായകന്‍ കെ.ജി. മാര്‍ക്കോസ് ഓര്‍ത്തെടുക്കുമ്പോള്‍... വൈകുന്നേരം അഞ്ചുമണിക്ക് പരിപാടി തുടങ്ങുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു. ഇത്രയും സമയം കഴിഞ്ഞിട്ടും പരിപാടി തുടങ്ങാത്തതെന്താണെന്ന് ഇടയ്‌ക്കിടെ ഞാന്‍ വിജയനോട് ചോദിക്കുന്നുണ്ടായിരുന്നു. വിജയന് ദമാം നല്ല പരിചയമാണ്. ദേശീയ അവാര്‍ഡ് നേടിയെടുത്ത പ്രിയനന്ദന്റെ പുലിജന്മം നിര്‍മ്മിക്കുന്നതിന് മുന്‍പും പിമ്പും വിജയന്‍ തനി ദമാം നിവാസിയാണ്. ഉടനെ തുടങ്ങും എന്ന മറുപടിയാണ് വിജയന്‍ ആവര്‍ത്തിച്ചത്. സമയം കഴിയുന്തോറും ഞാന്‍ ഇരിക്കുന്ന മുറിയിലെ ഇരുട്ട് എന്റെ മനസിനെയും ഭയപ്പെടുത്തുന്നുണ്ടായിരുന്നു. മുറിയില്‍നിന്ന് പരിപാടി നടക്കുന്ന ഹാളിലേക്ക് ഞാനൊന്നു പാളിനോക്കി. സ്‌റ്റേജിലേക്ക് കയറുമ്പോള്‍ സ്വീകരിക്കാനായി 12 വയസോളം പ്രായമുള്ള പത്തുപതിനഞ്ചു പെണ്‍കുട്ടികള്‍ വരിവരിയായി നില്‍പ്പുണ്ടായിരുന്നു. ഏറെ നേരത്തെ കാത്തിരുപ്പില്‍ അവരുടെ മുഖത്തും അക്ഷമ പ്രകടമാണ്. വിജയനെന്നെ നിര്‍ബന്ധിച്ച് വീണ്ടും കസേരയില്‍ ഇരുത്തി. അപ്പോഴേക്കും പുറത്ത് എന്തൊക്കെയോ ബഹളങ്ങള്‍. കാര്യമന്വേഷിച്ചപ്പോള്‍ ഗാനമേളയ്‌ക്ക് മുന്‍പായുള്ള പതിവ് 'കലപില' എന്ന് വിജയന്‍ മറുപടി നല്‍കി. കുറച്ചുനേരത്തെ കാത്തിരിപ്പുകൂടി അവസാനിച്ചപ്പോള്‍; നീളന്‍ കുപ്പായധാരികളായ നാലഞ്ചുപേര്‍ മുറിയിലേക്ക് പ്രവേശിച്ചു. അവര്‍ എന്നോട് എന്തൊക്കെയോ ചോദിച്ചു. അറബിഭാഷ മനസിലാകാത്ത ഞാന്‍ അവരുടെ മുന്നില്‍ പൊട്ടന്‍ കണക്കെ നിന്നു. പ്രശ്‌നത്തില്‍ ഇടപെട്ട വിജയന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിത്തുടങ്ങി, സംസാരം അവസാനിപ്പിച്ച വിജയന്റെ മുഖത്ത് പരിഭ്രാന്തിയുടെ വേലിയേറ്റം പ്രകടമായിരുന്നു. ആരാണിവരെന്നുള്ള എന്റെ ചോദ്യത്തിന് 'സൗദിയിലെ മതപോലീസ്' എന്ന് വിജയന്‍ ഉത്തരം നല്‍കി. വിജയനുമായുള്ള സംഭാഷണം അവസാനിപ്പിച്ച അവര്‍ എന്റെ നേര്‍ക്ക് നീങ്ങി. അടുത്തതായി അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ വിജയന്റെ പരിഭാഷ എനിക്ക് വേണ്ടിവന്നില്ല. ഭീതിയോടെ നടുക്കുന്ന ആ യാഥാര്‍ത്ഥ്യം ഞാന്‍ മനസിലാക്കി. ''മതപോലീസ് എന്നെ അറസ്‌റ്റുചെയ്‌തിരിക്കുന്നു.'' കുറ്റം അതീവ ഗുരുതരം. സൗദിയില്‍ നിലവിലുള്ള മതനിയമങ്ങളെല്ലാം ഞാന്‍ ലംഘിച്ചിരിക്കുന്നു. അവരുടെ ഭാഷയില്‍ ക്രിസ്‌ത്യാനിയായ ഞാന്‍ മുസ്ലിം രാഷ്‌ട്രത്തില്‍ നടത്തിയിരിക്കുന്ന അതീവ ഗുരുതരമായ 'മതനിന്ദ.' നേരത്തെയുള്ള 'കലപില' അവിടെ കൂടിയിരുന്നവരെ വീട്ടിലേക്ക് പറഞ്ഞയച്ച ബഹളമാണെന്ന് ഒഴിഞ്ഞ കസേരകള്‍ എന്നെ ബോധ്യപ്പെടുത്തി. വിജയനോടൊപ്പം പോലീസ് വാഹനത്തില്‍ കയറുമ്പോള്‍ എന്റെ ശരീരം മുഴുവന്‍ വിറയ്‌ക്കുന്നുണ്ടായിരുന്നു. ഒരായുസ്സിലെ ഭയം മുഴുവന്‍ ഒരൊറ്റ നിമിഷംകൊണ്ട് ഞാന്‍ ഏറ്റുവാങ്ങുകയായിരുന്നു. മഞ്‌ജുവിന്റെ അരികിലേക്ക് ഓടിയെത്താന്‍ മനസ്സ് വല്ലാതെ കൊതിച്ചു. മക്കളായ നിധിനേയും, നിഖിലിനേയും, നമിതയേയും വീണ്ടും കാണുവാന്‍ കഴിയുമോ എന്നോര്‍ത്ത് ഹൃദയം വല്ലാതെ തേങ്ങി. നിറഞ്ഞ കണ്ണുകള്‍ വിജയനും മറ്റുള്ളവരും കാണാതിരിക്കാന്‍ ഞാന്‍ വല്ലാതെ പാടുപെട്ടു. സിയാത്ത് പോലീസ് സ്‌റ്റേഷനിലേക്കുള്ള യാത്രയില്‍ പേടിച്ചുവിറച്ച ഞാന്‍ ഒരു നിമിഷം മരിച്ചുപോകുമോ എന്നുപോലും ശങ്കിച്ചു. സ്‌റ്റേഷനില്‍ എത്തിച്ച എന്നെ താടിയും മുടിയും നീട്ടി വളര്‍ത്തിയ മതപോലീസ്, ഔദ്യോഗിക പോലീസിന് കൈമാറി. കുടിക്കാന്‍ തന്ന ദാഹജലം കൈയിലെ വിറയല്‍മൂലം തൊണ്ടയിലേക്ക് എത്തിക്കാന്‍പോലും എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിന് മുന്‍പായി അവര്‍ ചൂണ്ടിക്കാട്ടിയ കസേരയിലേക്ക് ഇരിക്കുമ്പോള്‍ ഞാന്‍ സ്വയം ശപിക്കുകയായിരുന്നു. സൗദിയിലേക്കുള്ള ഈ യാത്രയെ, സൗദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ വെമ്പിനിന്ന എന്റെ മനസിനെ... യാത്രയ്‌ക്ക് മുന്‍പുള്ള ദൃശ്യങ്ങള്‍ ഒരു ചിത്രകഥ എന്നപോലെ എന്റെ ഭീതിയാര്‍ന്ന മനസിലേക്ക് ഇരമ്പിയെത്തി. ഫ്‌ളാഷ ്‌ബാക്ക് കഴിഞ്ഞ 31 വര്‍ഷമായി പിന്നണി ഗാനരംഗത്ത് സജീവമായ ഞാന്‍ 27 വര്‍ഷമായി പല വിദേശരാജ്യങ്ങളിലും സ്‌റ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാറുണ്ട്. ദുബായ്, ഖത്തര്‍, ഒമാന്‍ തുടങ്ങി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിലേറെത്തവണ ഗാനമേളകള്‍ നടത്തിയിട്ടുള്ള എനിക്ക് സൗദി അറേബ്യ എന്നത് ഒരു സ്വപ്‌നമായി അവശേഷിച്ചു. 15 വര്‍ഷമായി സൗദിയില്‍നിന്ന് പരിപാടിക്കായി വിളി വരുന്നുണ്ടെങ്കിലും സ്‌പോണ്‍സര്‍ഷിപ്പ് പോലുള്ള വിഷയങ്ങളില്‍ അത് നടക്കാതെ പോകയാണ് പതിവ്. അങ്ങനെയിരിക്കെ രണ്ട് വര്‍ഷം മുന്‍പ് സൗദി, ദമാമില്‍നിന്നും എന്നെത്തേടി ഒരു ഫോണ്‍കോളെത്തി. ബിന്‍സ്‌മാത്യു എന്ന് പരിചയപ്പെടുത്തിയ വ്യക്‌തി സൗദിയില്‍ വിവിധ സ്‌ഥലങ്ങളില്‍ ഗാനമേള അവതരിപ്പിക്കാനായി എന്നെ ക്ഷണിച്ചു. എന്നാല്‍ അറിയിച്ചതുപോലെ കാര്യങ്ങള്‍ ശരിയാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അതിനിടയില്‍ ബിന്‍സിനെ കൂടാതെ പലരും വിളിച്ചെങ്കിലും സൗദി എന്നത് വലിയൊരു മോഹമായി എന്റെ മനസില്‍ അവശേഷിച്ചു. കഴിഞ്ഞ ഡിസംബറില്‍ പാലക്കാട്ടുകാരനായ മുത്തലിബ്ബ് എന്നയാള്‍ വിളിച്ച് വീട്ടില്‍ വന്നു കാണുന്നതിനായി അനുവാദം ചോദിച്ചു. റിയാദില്‍ നിന്ന് വിളിച്ച അയാളുടെ ലക്ഷ്യവും സൗദി അറേബ്യയിലെ പ്രോഗ്രാമുകളായിരുന്നു. വിളിച്ചതിന്റെ പിറ്റേദിവസം തന്നെ റിയാദില്‍നിന്നു കൊച്ചിയിലെത്തുമെന്ന് പറഞ്ഞ അയാളുടെ വാക്കു വിശ്വസിച്ച് വീണ്ടും എന്റെ മനസിനെ മോഹിപ്പിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. അതിനാല്‍ ആ വാക്കുകള്‍ ഞാന്‍ കാര്യമാക്കിയില്ല. എന്നാല്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് പറഞ്ഞ സമയത്ത് തന്നെ അയാള്‍ എന്റെ വീട്ടില്‍ എത്തി. തുടര്‍നടപടികള്‍ വളരെ പെട്ടെന്നായിരുന്നു. സൗദിയിലേക്കുള്ള യാത്രയുടെ എല്ലാ ക്രമീകരണങ്ങളും അയാള്‍ പെട്ടെന്ന് തന്നെ തീര്‍ത്തു. ഈ സമയത്ത് ബിന്‍സും മറ്റു പലരും വിളിച്ചുവെങ്കിലും അവരോടെല്ലാം മുത്തലിബ്ബുമൊന്നിച്ചുള്ള സൗദി സന്ദര്‍ശനം ഞാന്‍ വെളിപ്പെടുത്തി. യാത്രയ്‌ക്ക് മുന്‍പുതന്നെ സൗദിയിലെ ഒട്ടുമിക്ക കാര്യങ്ങളും മുത്തലിബ്ബി ല്‍നിന്നു ഞാന്‍ മനസിലാക്കി. കടുത്ത മതനിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മറ്റാരെയും കൂടെ കൊണ്ടുപോകാനുള്ള അനുവാദം ഇല്ലായിരുന്നു. പാട്ടു പാടാനുള്ള ട്രാക്കുകളെല്ലാം 'കരാക്കെ'യാക്കിയിരുന്നു. യാത്ര, കൂടെ പാടാനുള്ള പെണ്‍കുട്ടികളെയെല്ലാം സൗദിയില്‍നിന്ന് കണ്ടെത്താമെന്ന് മുത്തലിബ്ബ് വാക്കു തന്നു. അങ്ങനെ,ഇക്കഴിഞ്ഞ ജനുവരി എട്ടിന് ഉച്ചയ്‌ക്ക് യാത്ര തിരിച്ച ഞാന്‍ വൈകുന്നേരം ആറുമണിയോടെ റിയാദില്‍ എത്തി. ആദ്യമായി പട്ടം പറത്തിക്കളിക്കുന്ന കൊച്ചുകുട്ടിയുടെ സന്തോഷമായിരുന്നു യാത്രയിലുടനീളം എന്റെ മനസില്‍. കാരണം പലവട്ടം മുടങ്ങിയ സൗദിയാത്ര സാക്ഷാത്‌കരിക്കാന്‍ എന്റെ മനസ് അത്രയേറെ കൊതിച്ചിരുന്നു. നിയമപരമായ നൂലാമാലകള്‍ ഒന്നുമില്ലാതെ എയര്‍പോര്‍ട്ടിനു പുറത്തുകടന്ന ഞാന്‍ ഹോട്ടലിലേക്ക് യാത്രയായി. റിയാദിലെ പ്രശസ്‌തമായ സഫാ മെക്ക ഹോസ്‌പിറ്റല്‍ ആയിരുന്നു സൗദിയില്‍ എന്റെ സ്‌പോണ്‍സര്‍. താമസത്തിനായി ഹോട്ടല്‍ റമാദിലേക്കുള്ള യാത്രയില്‍ ഒരു കുട്ടിയുടെ കൗതുകത്തോടെ സൗദിയുടെ വഴിയോരക്കാഴ്‌ചകള്‍ ഞാന്‍ ആസ്വദിച്ചു. അന്നു രാത്രി ഹോസ്‌പിറ്റലില്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ ഞാനായിരുന്നു മുഖ്യാതിഥി. എല്ലാവരേയും പരിചയപ്പെട്ട് നിറമനസ്സുമായി മുറിയില്‍ എത്തി യാത്രാക്ഷീണവുമായി ഉറക്കത്തിലേക്ക്. പിറ്റേദിവസമായിരുന്നു റിയാദിലെ ആദ്യ പ്രോഗ്രാം. പറഞ്ഞ സമയത്ത് തന്നെ മുത്തലിബ്ബ് എത്തി. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പ്രോഗ്രാം. സൗദിയിലെ ആദ്യ പരിപാടി നല്ല അഭിപ്രായം നേടിത്തന്നു. ആദ്യ വേദി സമ്മാനിച്ച കുളിരുമായി അടുത്തവേദിയില്‍ പാടുവാന്‍ ഞാന്‍ കാത്തിരുന്നു. എന്നാല്‍ റിയാദിലെ അടുത്ത പരിപാടി റദ്ദാക്കിയെന്ന വാര്‍ത്തയാണ് എന്നെ കാത്തിരുന്നത്. അതെന്നെ ഒരുപാട് നിരാശപ്പെടുത്തി. ഇതിനിടെ പരിപാടി സംഘടിപ്പിക്കാനാവാതെ നിരാശനായ ബിന്‍സ്‌മാത്യു മുത്തുലിബ്ബമായി ബന്ധപ്പെട്ടിരുന്നു. പ്രോഗ്രാം ക്യാന്‍സലായ വിവരം അറിഞ്ഞ ബിന്‍സ് ഉടന്‍തന്നെ ദമാമില്‍ പരിപാടി സംഘടിപ്പിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തി. മുത്തലിബ്ബുവഴി ഞാനുമായി ദമാമിലെ പരിപാടി സംസാരിച്ചുറപ്പിച്ച ബിന്‍സിനെ നിരാശപ്പെടുത്താതെ പ്രോഗ്രാം അവതരിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കാരണം സൗദി പിന്നെയും പിന്നെയും എന്നെ മോഹിപ്പിച്ചുകൊണ്ടേയിരുന്നു. റിയാദില്‍നിന്നും ആയിരം കിലോമീറ്റര്‍ സഞ്ചരിച്ച ഞാന്‍ ഉച്ചയോടുകൂടി ദമാമില്‍ എത്തി. വൈകുന്നേരം അഞ്ചുമണിയോടെ പരിപാടി തുടങ്ങുമെന്നറിയിച്ച എന്നെ ഹോട്ടലില്‍നിന്നു കൂട്ടിക്കൊണ്ടുപോകാനായി വിജയന്‍ എത്തി. വിജയനോടൊപ്പം ഒരുപാട് തളങ്ങള്‍ നിറഞ്ഞ ഒരു ഓഡിറ്റോറിയത്തിലേക്കാണ് പരിപാടി അവതരിപ്പിക്കാനായി ഞാന്‍ ചെന്നെത്തിയത്. ഓഡിറ്റോറിയത്തിന്റെ ചുറ്റുപാടുകള്‍ എന്റെ മനസിനെ അലോസരപ്പെടുത്തി. റിയാദിലെ പരിപാടി സമ്മാനിച്ച സന്തോഷം ദമാം നല്‍കില്ലെന്ന് മനസുകൊണ്ട് ഇതിനോടകം ഞാന്‍ ഉറപ്പിച്ചിരുന്നു. മനസില്‍ നിറഞ്ഞുനിന്ന ദുരൂഹത ആദ്യഭാഗവുമായി സമരസപ്പെട്ടപ്പോഴേക്കും സിയാത്ത് പോലീസ് സ്‌റ്റേഷന്‍ മേധാവി ചോദ്യം ചെയ്യലിനായി അവിടേക്ക് എത്തിച്ചേര്‍ന്നു. കഥ തുടരുന്നു സിയാത്ത് പോലീസ് സ്‌റ്റേഷന്‍: ചോദ്യം ചെയ്യാന്‍ മുന്നിലേക്കെത്തിയ ഉദ്യോഗസ്‌ഥന്‍ പ്രോഗ്രാം കാര്‍ഡില്‍ അച്ചടിച്ച പടം നോക്കി ഞാന്‍ മാര്‍ക്കോസ് തന്നെയെന്ന് ഉറപ്പിച്ചു. പേടിച്ചരണ്ട എന്നെ കുറ്റവിചാരണ ആരംഭിച്ചു. പത്തുവയസിന് മുകളിലുള്ള പെണ്‍കുട്ടികളെ പര്‍ദ്ദ ധരിക്കാതെ വരിവരിയായി നിര്‍ത്തിയതായിരുന്നു ആദ്യ കുറ്റം. ആണും പെണ്ണും ഒരുമിച്ച് ഒരുവശത്ത് പരിപാടി കാണാനിരുന്നതാണ് അടുത്ത കുറ്റം എന്ന് മനസിലാക്കിയ ഞാന്‍ എന്റെ മനസിനെ റിയാദിലേക്ക് റിവൈന്‍ഡ് ചെയ്യിച്ചു. അവര്‍ പറഞ്ഞത് ശരിയായിരുന്നു. പര്‍ദ്ദ അണിഞ്ഞ് താലപ്പൊലി എടുക്കുന്നതിലെ അനൗചിത്യം മനസിലാക്കിയ സംഘാടകര്‍ റിയാദില്‍ അങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നില്ല. രണ്ടാമതായി അവിടെ പരിപാടി നടക്കുമ്പോള്‍ ആണും പെണ്ണും രണ്ട് വശങ്ങളില്‍ മാറിയാണിരുന്നത്. കൂടാതെ അവരെ വേര്‍തിരിക്കാനായി നടുക്കു വലിയൊരു കര്‍ട്ടനുണ്ടായിരുന്നു. ഓര്‍മ്മകളില്‍നിന്നു തിരിച്ചിറങ്ങിയ എന്റെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി. മതാചാരങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു രാഷ്‌ട്രത്തിലാണ് ഇതെല്ലാം നടന്നിരിക്കുന്നത്. ഇസ്ലാം രാഷ്‌ട്രങ്ങളില്‍ ഏറ്റവും കടുത്ത ശിക്ഷ നല്‍കുന്ന സൗദിയുടെ പല ചിത്രങ്ങളും യുട്യൂബ് വീഡിയോയായി എന്റെ ഓര്‍മ്മകളില്‍ സംഹാരനൃത്തം കളിച്ചു. പരിപാടിയുടെ സംഘാടകത്വം നിഷേധിച്ച ഞാന്‍, ഗായകന്‍ മാത്രമാണെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്താനായി അടുത്ത ശ്രമം. തെളിവ് ചോദിച്ച അവരെ ഇന്റര്‍നെറ്റില്‍ പരതി ഞാന്‍ പാടിയ ഗാനങ്ങളുടെ വീഡിയോ കാണിച്ചുകൊടുത്തു. അതില്‍ വിജയിച്ച എന്നോട് സംശയനിവാരണത്തിനായി ഒരു പാട്ടുപാടാന്‍ അവര്‍ ആവശ്യപ്പെട്ടു. മനസില്‍ സൂക്ഷിച്ചൊരു അറബ്‌ഗാനം അവര്‍ക്കുവേണ്ടി ഞാന്‍ ആലപിച്ചു. എന്റെ നിരപരാധിത്വം ബോധ്യപ്പെടാന്‍ പോലീസ് മേധാവികള്‍ക്ക് മറ്റൊന്നും വേണ്ടിവന്നില്ല. തുടര്‍ന്ന് ഓരോ പോലീസുകാരും അവര്‍ക്ക് ഇഷ്‌ടപ്പെട്ട ഗാനങ്ങള്‍ എന്നെക്കൊണ്ട് പാടിപ്പിച്ചു. അക്ഷരാര്‍ത്ഥത്തില്‍ സിയാത്ത് പോലീസ് സ്‌റ്റേഷന്‍ ദമാമിലെ എന്റെ വേദിയായി മാറുകയായിരുന്നു. ഇതിനിടെ എന്നെ അറസ്‌റ്റ് ചെയ്‌ത വിവരം അറിഞ്ഞ ദമാമിലെ പൊതുപ്രവര്‍ത്തകനായ വക്കംനാസ് സിയാത്തിലെ രാജകുടുംബവുമായി ബന്ധപ്പെട്ടു. വക്കംനാസിന്റെ ഇടപെടലും പോലീസിന്റെ സത്യസന്ധമായ റിപ്പോര്‍ട്ടുമൂലം എന്നെ സന്ദര്‍ശിക്കാന്‍ സിയാത്ത് രാജകുമാരന്‍ തയ്യാറായി. സ്‌റ്റേഷനിലെത്തിയ രാജകുമാരനും പാട്ടുകള്‍ വലിയ ഹരമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് വേണ്ടിയായി അടുത്ത ഗാനങ്ങള്‍. എന്റെ മനസിലെ ഭീതി വിട്ടൊഴിഞ്ഞു. ഞാന്‍ പൂര്‍വാശ്രമത്തിലേക്ക് തിരിഞ്ഞുനടന്നു. നിയമങ്ങള്‍ കര്‍ക്കശമായതുകൊണ്ട് തന്നെ കുറ്റവാളികളെ വിചാരണയ്‌ക്ക് കാത്തുനില്‍ക്കാതെ ജയിലില്‍ അടയ്‌ക്കുന്നതാണ് സൗദിയിലെ പതിവ്. പിന്നീടു പുറംകാഴ്‌ചകള്‍ക്ക് ഒരു പക്ഷേ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നേക്കാം. എന്നാല്‍ എന്റെ മോചനത്തിന് വേണ്ടി സിയാത്ത് രാജകുമാരന്റെ ഇടപെടല്‍ വളരെ വേഗത്തിലായിരുന്നു. രണ്ടുദിവസത്തെ പോലീസ് സ്‌റ്റേഷന്‍ വാസം ഞാന്‍ ശരിക്കും ആസ്വദിച്ചു. ബെന്യാമിന്റെ ആടുജീവിതത്തിലെ കല്‍ത്തുറുങ്ക് സ്വപ്‌നം കണ്ട എനിക്ക് സിയാത്ത് സ്‌റ്റേഷനിലെ പോലീസ് മേധാവിയുടെ മുന്തിയ മുറിയാണ് വിശ്രമത്തിനായി ഒരുക്കിത്തന്നത്. ഒരു പാട്ടുകാരന് ജീവിതത്തില്‍ ലഭിക്കാവുന്ന വലിയ അംഗീകാരമായാണ് എനിക്കത് അനുഭവപ്പെട്ടത്. അറേബ്യന്‍ ഭക്ഷണവും ഇടയ്‌ക്കിടെയുള്ള പാട്ടുകളും അക്ഷരാര്‍ത്ഥത്തില്‍ സിയാത്ത് പോലീസ് സ്‌റ്റേഷന്‍ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വേദിയായി മാറുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ എന്നെ കുറ്റവിമുക്‌തനാക്കിയുള്ള കടലാസ് സിയാത്ത് സ്‌റ്റേഷനില്‍ എത്തി. എന്നാല്‍ എന്റെ മനസ് തേങ്ങുകയായിരുന്നു. അവിടം വിട്ടുപോരാന്‍ എന്റെ മനസിനെ എനിക്ക് ഒരുപാട് പാകപ്പെടുത്തേണ്ടിവന്നു. നാട്ടില്‍ വിമാനമിറങ്ങുമ്പോഴും എന്റെ മനസ് വെമ്പുകയാണ്... അടുത്ത സൗദി യാത്രയ്‌ക്കായി. സി. ബിജു |
No comments:
Post a Comment