ഒരു പെണ്‍കുട്ടിയുടെ ജീവിതവും മരണവും
വി.പി. റെജീനസ്ത്രീധന പീഡന വാര്‍ത്തകളൊന്നും പുതുമയുള്ളതല്ല നമുക്ക്.
മൈലാഞ്ചിത്തിളക്കത്തോടെ മണിയറയിലേക്ക് കാല്‍വെക്കുന്ന ജീവിതം വീട്ടകങ്ങളിലെ നിലവിളിയായൊടുങ്ങുന്ന എത്രയോ കഥകള്‍ !
പക്ഷേ, ഇത്ര ദാരുണമായ മറ്റൊരു സ്ത്രീധന പീഡന മരണം നമുക്കിടയില്‍ സംഭവിച്ചിട്ടുണ്ടാവില്ല. സഫരിയയുടേതല്ലാതെ...
ലോകത്ത് പലയിടത്തും ഫേസ്ബുക്കിലൂടെ വിപ്ലവംനടക്കുന്ന കാലത്ത്, മലയാളി കിഞ്ചനവര്‍ത്തമാനത്തിനും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനും മാത്രമായി ഈ നവമാധ്യമത്തെ ഉപയോഗിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ട് ഏറെ നാളായി. എന്നാല്‍, ഈയിടെ ഫേസ്ബുക്കിന്റെ ഒരു കോണില്‍ കോപാവേശങ്ങളുടെ സകല പരിധിയുംവിട്ട് മലയാളികളായ ചെറുപ്പക്കാര്‍ ഏറ്റവും തീവ്രമായി പ്രതികരിച്ചത് കോഴിക്കോട് ജില്ലയിലെ വളയത്തെ സഫരിയ എന്ന 22കാരി പെണ്‍കുട്ടിക്കുവേണ്ടിയായിരുന്നു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത 'കേട്ടതും കണ്ടതും' എന്ന പരിപാടിയിലെ വീഡിയോ ക്ളിപ്പിങ്ങില്‍നിന്ന് പകര്‍ത്തിയ സഫരിയയുടെ ചിത്രത്തിനൊപ്പം കൊടുത്ത വാക്കുകള്‍ ആ ചെറുപ്പക്കാരെ പലതും ഓര്‍മിപ്പിച്ചിരിക്കണം. സ്വന്തം സഹോദരിമാരുടെ, ചിലപ്പോള്‍ പെണ്മക്കളുടെ ഒക്കെ ഓര്‍മയിലാവണം ആ പ്രതികരണമുണ്ടായത്.
അതിലൊരിടത്ത് ആരോ അടിച്ചുവിട്ട കമന്റ് വളയം - നാദാപുരം ഭാഗത്തുകാരുടെ 'ആണത്ത'ത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. ആ നാട്ടില്‍ ആണുങ്ങളില്ലാത്തതുകൊണ്ടാണ് സഫരിയയുടെ കഥയിലെ വില്ലനും അവളുടെ ഭര്‍ത്താവുമായ വില്യാപ്പള്ളിക്കാരന്‍ ഫൈസല്‍ നാട്ടിലൂടെ നെഞ്ചുംവിരിച്ച് നടക്കുന്നതെന്നായിരുന്നു.
സഫരിയക്ക് എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ച് ഒരുനാള്‍ ഞങ്ങള്‍ പുറപ്പെട്ടു. ലോകത്ത് ഒരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതേയെന്ന് പ്രാര്‍ഥിച്ചുകൊണ്ടായിരുന്നു, ജീവിതത്തിനും മരണത്തിനുമിടയിലെ പേരിട്ടുവിളിക്കാനാവാത്ത ഏതോ അവസ്ഥയില്‍ മൂന്നു മനുഷ്യാത്മാക്കള്‍ കഴിഞ്ഞുകൂടുന്ന ആ വീട്ടില്‍നിന്ന് മടങ്ങിയത്. അന്നേക്ക് സഫരിയ ഈ ലോകത്തോട് വിടപറഞ്ഞിട്ട് 22 ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ.
നെഞ്ചില്‍ കണ്ണീരുറഞ്ഞ ഒരു കരിങ്കല്‍ പ്രതിമകണക്കെ, പണിതീരാത്ത ആ വീടിന്റെ ഉമ്മറക്കോലായിലിരുന്ന് സഫരിയയുടെ ഉമ്മ ആയിഷ തുല്യതയില്ലാത്ത ദുരന്തത്തിന്റെ കഥ പറഞ്ഞുതുടങ്ങി... മകള്‍ നഷ്ടപ്പെട്ട വേദനയില്‍ ഉലഞ്ഞുപോയ ആ ഉമ്മയുടെ വാക്കുകള്‍ പലയിടത്തും മുറിഞ്ഞിരുന്നു. ആ മുറിവിലൂടെ കണ്ണീര്‍ അണയില്ലാതെ പുറപ്പെട്ടുകൊണ്ടിരുന്നു.
സഫരിയ വേലക്കാരിയായി മാറിയ കഥ
2007ഡിസംബര്‍ മൂന്നിനായിരുന്നു വളയം പടിഞ്ഞാറെ രണ്ടരപ്പള്ളി വീട്ടില്‍ സൂപ്പിയുടെയും ആയിഷയുടെയും മകള്‍ 18കാരി സഫരിയ മൈലാഞ്ചിത്തിളക്കത്തോടെ വില്യാപ്പള്ളിയിലെ ഫൈസലിന്റെ 'ഭാര്യ'യായി ഒരു വലിയ വീടിന്റെ മണിയറയിലേക്ക് കടന്നത്. ഏഴു പെണ്ണും മൂന്ന് ആണും മക്കളുമുള്ള വലിയ വീടായിരുന്നു അത്. ബാക്കി കഥ ആയിഷ തന്നെ പറയട്ടെ:
'' എന്റെ പൊന്നുമോള് ആ വീട്ടില് കാലെടുത്തുവെച്ച് മാസമൊന്നു തികയും മുമ്പെ 'വേലക്കാരി'യുടെ 'കുപ്പായം ഇടുവിച്ചു' ഓളെ അമ്മായിയുമ്മയും നാത്തൂന്മാരും. ഭര്‍ത്താക്കന്മാരുടെ വീട്ടില്‍നിന്ന് തെറ്റി വന്നതാ ഓളെ രണ്ട് നാത്തൂന്മാര്. അവര്‍ക്കായിരുന്നു ആ വീട്ടിലെ ഭരണത്തിന്റെ ചുക്കാന്‍. എന്റെ മോള് ചെന്നതോടെ അവിടെയുണ്ടായിരുന്ന വേലക്കാരികളെ അവര് പറഞ്ഞുവിട്ടു.
ഏക്കറോളം പരന്ന പറമ്പും അതിലെ വലിയ പുരയും പരിചരിച്ച് മൈലാഞ്ചിച്ചോപ്പുമാറാത്ത എന്റെ മോളുടെ ഇളം കൈകള്‍ പരുക്കനായി. തുടുത്ത കവിളുകള്‍ പുകയേറ്റു കരിവാളിച്ച്. കണ്ണ് രണ്ടും കുഴിഞ്ഞുതുടങ്ങി. വെച്ചുവിളമ്പല്‍ അടക്കമുള്ള അകംപണി തീര്‍ന്നാല്‍ പുറത്തെ ജോലികള്‍. അധികം വൈകാതെ, നട്ടെല്ലിന് അവള്‍ക്ക് നല്ല വേദന തോന്നിത്തുടങ്ങി.
അവളുടെ കിടപ്പറയിലേക്ക് അവര് ഒളിഞ്ഞുനോക്കും. കുളിമുറിയില്‍ കയറുമ്പോള്‍ മോട്ടോര്‍ വാല്‍വ് ഓഫാക്കി വെള്ളം തടയും. ഇങ്ങനെ എന്റെ മോളെ അവര് കണ്ണീര് കുടിപ്പിച്ചു. കൂട്ടുകാരൊത്തുള്ള സര്‍ക്കീട്ട് കഴിഞ്ഞ് പാതിരാത്രിയില്‍ എത്തുന്ന ഫൈസലിന് അവളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ നേരമില്ലായിരുന്നു.
വിശേഷം തിരക്കിച്ചെല്ലുമ്പോഴൊക്കെ ആലയില്‍നിന്നോ വിറകുപുരയില്‍നിന്നോ അടുക്കളയില്‍നിന്നോ ഇല്ലാത്ത നേരമുണ്ടാക്കി മുഷിഞ്ഞുനാറിയ വേഷത്തില്‍ അവള്‍ ഓടിപ്പിടച്ചുവരും. പൊന്നുമോളെക്കുറിച്ച് അവിടത്തെ പെണ്ണുങ്ങള്‍ വാതോരാതെ പറയുന്ന കുറ്റങ്ങളും തെറിവിളികളും കേട്ട് ഒരു ദിവസം അവളുടെ ബാപ്പ ആ നടുമുറ്റത്ത് ബോധരഹിതനായി.
ഒരിക്കല്‍ മോളുടെ നെറ്റിയില്‍ വീതിയില്‍ ബാന്റേജു കണ്ട ബാപ്പ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി തൊടിയില്‍ ഒന്നു വീണുവെന്നായിരുന്നു. എന്നാല്‍,നാത്തൂന്മാരിലൊരാള്‍ തേങ്ങയെടുത്ത് തലക്ക് ഇടിച്ചതാണെന്ന് പിന്നീടാണ് അറിഞ്ഞത്. എന്നിട്ടും എനിക്കിവിടെ സുഖാണ് ബാപ്പാ എന്നാ എന്റെ മോള് പറഞ്ഞത്'- ആയിഷ വിങ്ങിപ്പൊട്ടി.
രാവേറെവൈകി ജോലികളെല്ലാം ഒതുക്കി, ക്ഷീണത്തിന്റെ മാറാപ്പുമായി ഒന്നു തലചായ്ക്കാന്‍ കിടപ്പുമുറിയില്‍ ചെല്ലുമ്പോള്‍ അവിടെ നാത്തൂന്മാരും അവരുടെ വലിയ ആണ്മക്കളുമടക്കം ഒരു വന്‍പട വിസ്തരിച്ചിരുന്നും കിടന്നും ടി.വി കാണുന്നുണ്ടാവും. ഉറക്കം വേട്ടയാടുന്ന കണ്ണുകളുമായി മയങ്ങാന്‍ പോലും ഇടമില്ലാതെ എത്രയോ രാത്രികള്‍... ഏതോ നേരത്ത് വന്നു കയറുന്ന കെട്ടിയവനോട് സഫരിയ ഒരിക്കല്‍ പറഞ്ഞു. 'ഇക്കാ ടി.വി ഇവിടെ നിന്ന് എടുത്ത് വേറെ ഏതെങ്കിലും മുറിയില്‍ വെച്ചൂടേ' എന്ന്. ഇവിടെ എനിക്കായിട്ട് മുറിയില്ലെന്നായിരുന്നു അവന്റെ മറുപടി. അങ്ങനെ അവള്‍ വീടിന്റെ ഏതെങ്കിലും മൂലയില്‍ ചുരുണ്ടുകൂടല്‍ പതിവായി.
പീഢനങ്ങളില്‍ പിഞ്ഞിപ്പോയ സ്വപ്നങ്ങളുടെ വര്‍ണക്കുപ്പായം
രണ്ടു വര്‍ഷക്കാലം ഉമ്മയെയും ബാപ്പയെയും അറിയിക്കാതെ എല്ലാം ഉള്ളിലൊതുക്കി ക്ഷമിച്ചപ്പോഴും അവളുടെ പ്രതീക്ഷ താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന ഫൈസലിക്ക എന്നെങ്കിലും തന്നെ മനസ്സിലാക്കുമെന്നായിരുന്നു. വേദനകളുടെ കൊടിയേറ്റങ്ങള്‍ക്കിടയിലും അവള്‍ നല്ല ജീവിതത്തിന്റെ വര്‍ണക്കുപ്പായം നെയ്തുകൊണ്ടിരുന്നു.
എല്ലാം ക്ഷമയോടെ കടിച്ചിറക്കാന്‍ അവള്‍ക്ക് മറ്റൊരു കാരണവുമുണ്ടായിരുന്നു. വര്‍ഷങ്ങളോളം ഒരു മനുഷ്യന്‍ മരൂഭൂമിയില്‍ ജീവിതം പണയപ്പെടുത്തി ഉണ്ടാക്കിയ 35 പവനും ഒരു ലക്ഷവും റാഡോ വാച്ചുമായിരുന്നു അവള്‍ക്കൊപ്പം വിലയായി ഭര്‍ത്താവ് വാങ്ങിയത്. സഫരിയയുടെ വിവാഹത്തിന്റെ കടംപോലും വീട്ടിത്തീര്‍ന്നിരുന്നില്ല. അതിനാല്‍, വീണ്ടും ബാപ്പയെ വിഷമിപ്പിക്കാന്‍ ആ മകള്‍ക്കാവുമായിരുന്നില്ല.
കിട്ടിയതുംപോരാഞ്ഞ് ഒരു ലക്ഷംകൂടി വേണമെന്നും ഗള്‍ഫിലേക്ക് വിസ സംഘടിപ്പിച്ചു തരാന്‍ നിന്റെ ബാപ്പയോട് പറയണമെന്നും പറഞ്ഞ് അയാള്‍ പതിവായി അടിക്കുമായിരുന്നു.
നിന്റെ വീട്ടുകാര്‍ തന്നയച്ച പണ്ടവും പൈസയും കുറഞ്ഞുപോയെന്നും അടുത്ത വീട്ടിലെ കുട്ടി നിന്നേക്കാള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞ് ഉമ്മയും പെങ്ങന്മാരും മറുവശത്ത്. തനിക്ക് നല്‍കിയ 35 പവന്‍ കല്യാണത്തിനുശേഷം സഫരിയ കണ്ടിട്ടില്ല. എല്ലാം ഫൈസല്‍ വാങ്ങിവെച്ചിരുന്നു. അതെന്തു ചെയ്തെന്നും അവള്‍ക്കൊരറിവുമില്ല.
അസഹ്യമായ നടുവേദനമൂലം സമ്മതംവാങ്ങി സഫരിയ രണ്ടുദിവസത്തേക്ക് സ്വന്തം വീട്ടിലേക്കു പോന്നു. ബാക്കിയുള്ള സ്ത്രീധനത്തുകയുംകൊണ്ടേ മടങ്ങാവൂ എന്ന ഭീഷണി കേട്ടുകൊണ്ടാണ് ഭര്‍തൃവീട്ടില്‍നിന്നിറങ്ങിയത്. ഫൈസലിന്റെ അനുജനായിരുന്നു കൊണ്ടുവിട്ടത്. ആര്‍ത്തവസമയത്ത് സഫരിയക്ക് കലശലായ വയറുവേദനും ഛര്‍ദിയും പതിവായിരുന്നു. ഇതൊക്കെ കൊണ്ട് അഞ്ചുദിവസം അവള്‍ സ്വന്തം വീട്ടില്‍ തങ്ങി. ഭര്‍തൃവീട്ടുകാരുടെ ഭീഷണി അവള്‍ സ്വന്തം വീട്ടില്‍ അറിയിച്ചില്ല്ള. ഉപ്പയോടൊന്നിച്ച് തിരിച്ചു ചെന്ന ദിവസത്തെ രാത്രി അവള്‍ക്ക് കാളരാത്രിയായിരുന്നു. സ്ത്രീധനത്തുകയില്ലാതെ വന്നുകയറിയ അവള്‍ക്കുള്ള ക്രൂരശിക്ഷ അന്ന് അവര്‍ നടപ്പാക്കി.
ആ സംഭവം വിവരിക്കുമ്പോള്‍ ആ ഉമ്മ വിറക്കുന്നുണ്ടായിരുന്നു.
''തലവേദനകാരണം വീടിന്റെ മോളിലത്തെ നിലയിലെ മുറിയില്‍ കിടക്കുകയായിരുന്നു എന്റെ മോള്. കാശ് കൊണ്ടുവരാതെ ഇവിടെ കയറി കെടക്കേണ്ടെന്ന് പറഞ്ഞ് ഫൈസലിന്റെ പെങ്ങന്മാരായ ജസീറയും നൂര്‍ജഹാനും അനിയന്‍ സിറാജുംകൂടി കട്ടിലീന്ന് ഓളെ താഴേക്കു വലിച്ചിട്ടു. അതുകണ്ട് അനങ്ങാതെ ഇരുന്ന ഫൈസലിനോട് 'ചെയ്യല്ലേന്ന് പറ ഇക്കാ...ഞാന്‍ താഴെ പായ വിരിച്ചെങ്കിലും കിടന്നോട്ടെ' എന്ന് ഓള് കരഞ്ഞ് പറഞ്ഞ്.
അവര് പറേണപോലെ കേട്ടാല്‍ മതീന്നായിരുന്നു ഓന്‍ കല്‍പിച്ചത്. മൂന്നാളും ചേര്‍ന്ന് എന്റെ മോളെ കോണിപ്പടീലൂടെ വലിച്ചെഴച്ച്. തല ഓരോ പടിയിലും ഇടിച്ചു. അവശയായ ഓളെ കോണിച്ചോട്ടിലിട്ട് അവരെല്ലാം പോയി കെടന്ന് സുഖായി ഉറങ്ങി. കോണിപ്പടികളില്‍ അടിച്ച് മുഴച്ച തല മരവിച്ചിരുന്നു. അന്നവള്‍ കോണിക്കൂടിനടിയിലെ ഇരുട്ടില്‍ ചുരുണ്ടുകൂടി. ആ കിടപ്പ് മൂന്നാഴ്ച നീണ്ടു. ഒരുതുള്ളി വെള്ളംപോലും ആരും കൊടുത്തില്ല. വിശന്നപ്പോള്‍ അടുക്കളയില്‍ ചെന്ന് എന്തെങ്കിലും എടുത്താല്‍ കട്ടു തിന്നെന്ന് പറഞ്ഞ് ആട്ടുമായിരുന്നു.
ദാഹിച്ചുവലഞ്ഞപ്പോള്‍ വെള്ളത്തിനായി നീട്ടിയ കൈ പോലും അവര്‍ തട്ടിമാറ്റി. തലക്കെന്തോ സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടറുടെ അടുത്തുകൊണ്ടുപോവണമെന്നും കരഞ്ഞുപറഞ്ഞിട്ടും ഫൈസല്‍ അനങ്ങിയില്ല. ഇതിനിടെ ഒരു ദിവസം അവളുടെ കഴുത്തില്‍നിന്ന് അഴിച്ചെടുത്ത മഹ്റുമായി അവന്‍ പുറത്തേക്കു പോയി. തിരിച്ചുവന്നത് ഓട്ടോറിക്ഷ നിറയെ സാധനങ്ങളുമായാണ്. അന്ന് ബിരിയാണിവെച്ചു തിന്നു അവര്‍. വിശന്നൊട്ടിയ എന്റെ മോള്‍ക്ക് ഒരു വറ്റുപോലും നല്‍കിയില്ല്ള...''
ഒരുദിവസം, കുട്ടികളുണ്ടാവാനാണെന്നുംപറഞ്ഞ് വെളുത്ത പൊടി അവര്‍ സഫരിയക്ക് നല്‍കിയതായി ആയിഷ പറയുന്നു. അവളത് വാങ്ങിക്കഴിച്ചു. അതിനുശേഷം ബുദ്ധിമാന്ദ്യം സംഭവിച്ചതുപോലെയായി. അങ്ങേയറ്റം അവശനിലയില്‍ 2010 ഏപ്രില്‍ 25ാം തീയതി ഫൈസലും രണ്ടു കൂട്ടുകാരും ചേര്‍ന്ന് വളയത്തെ അവളുടെ വീട്ടില്‍ കൊണ്ടാക്കി. അപ്പോഴേക്ക് തലക്കേറ്റ ക്ഷതം അവളെ കൂടുതല്‍ അവശയാക്കിയിരുന്നു.
വിവരമറിഞ്ഞ് ബാപ്പ ഗള്‍ഫിലെ വിസ കാന്‍സല്‍ ചെയ്ത് നാട്ടിലെത്തി. പിന്നീടുള്ള രണ്ടുവര്‍ഷം ജീവിതം ആ മനുഷ്യനെ വല്ലാതെയങ്ങ് തോല്‍പിച്ചു കളഞ്ഞു.
കാര്യങ്ങള്‍ അത്രയുമായ സ്ഥിതിക്ക് ഈ സംഭവവുമായി ബന്ധപ്പെട്ട് ഫൈസലിന്റെ വീട്ടുകാരുടെ പ്രതികരണമറിയാന്‍ കൊളത്തൂര്‍ വില്ല്യാപ്പിള്ളി പുത്തന്‍പുരയില്‍ വീട്ടിലേക്ക് ഞങ്ങള്‍ വിളിച്ചു. ഉമ്മയായിരുന്നു ഫോണെടുത്തത്. വിഷയമറിഞ്ഞയുടന്‍ അവര്‍ ഫോണ്‍ സിറാജിന് കൈമാറി. അയാളുടെ വിശദീകരണം ഇപ്രകാരമായിരുന്നു.
'' ജ്യേഷ്ഠന്‍ ഫൈസല്‍ സഫരിയയെ വിവാഹം ചെയ്തുകൊണ്ടുവന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അവളില്‍ മനോരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അതേത്തുടര്‍ന്ന് അവളുടെ ഉമ്മയും ബാപ്പയും സഫരിയയെ കൂട്ടി വടകരയിലെ ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചു. അഞ്ചെട്ടുതവണ ഇങ്ങനെ കാണിച്ചിട്ടുണ്ട്. പലപ്പോഴും വീട്ടിലെ ജോലികള്‍ ഒന്നും അവള്‍ ചെയ്യില്ലായിരുന്നു. എപ്പോഴും തലവേദന, വയറുവേദന എന്നൊക്കെ പറഞ്ഞ് പണി ചെയ്യാതിരിക്കും.
സഫരിയയെ ജ്യേഷ്ഠന്‍ വിവാഹം കഴിച്ചത് സ്ത്രീധനമായി ഒന്നും വാങ്ങാതെയാണ്. ഊരവേദന എന്ന് പറഞ്ഞപ്പോള്‍ അവളെ ഫൈസലും സുഹൃത്തുക്കളും കൂടി അവളുടെ വീട്ടില്‍ കൊണ്ടുപോയി വിടുകയായിരുന്നു. അത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് അവള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന വിവരം തങ്ങള്‍ അറിയുന്നത്.
തങ്ങളുടെ വീട്ടില്‍വെച്ച് സഫരിയക്ക് ഒരു അപകടവും ഉണ്ടായിട്ടില്ല. അവളെ ആരെങ്കിലും ഉപദ്രവിക്കുകയോ കോണിപ്പടിയിലൂടെ വലിച്ചിഴക്കുകയോ ചെയ്തിട്ടില്ല. കോണിപ്പടിയിലൂടെ വലിച്ചിഴച്ചെന്ന് പറയുന്നത് കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. കുത്തനെയുള്ള കോണിപ്പടിയിലൂടെ വലിച്ചിഴക്കാനാവില്ല. നിയമപരമായി ഫൈസല്‍ സഫരിയയെ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു വിവാഹം കഴിച്ചിട്ടുമുണ്ട്. തങ്ങള്‍ക്കെതിരെ സഫരിയയുടെ കുടുംബം നടത്തുന്ന പ്രചാരണങ്ങളെ നിയമപരമായി നേരിടും...''
എന്നാല്‍, 35 പവനും ഒരു ലക്ഷവും ഒരു റാഡോ വാച്ചും സ്തീധനമായി നല്‍കിയിരുന്നതായി എഫ്.ഐ.ആറിലും സഫരിയ പൊലീസിന് നല്‍കിയ മരണമൊഴിയിലും പറയുന്നുണ്ട്. വിവാഹത്തിന് സ്ത്രീധനം നല്‍കുന്നതും കൈപ്പറ്റുന്നതും ഒരിക്കലും രേഖപ്പെടുത്താത്തതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പലര്‍ക്കും ഇത് തലയൂരാനുള്ള പഴുതാകുന്നു. മാത്രവുമല്ല, സഫരിയക്ക് മനോരോഗമൊന്നും ഉണ്ടായിരുന്നില്ലെന്നും വടകരയിലെ ഏതെങ്കിലും സൈക്യാട്രിസ്റ്റിനെ കാണിച്ചിരുന്നെങ്കില്‍ അവിടെ അതിന്റെ രേഖകള്‍ ഉണ്ടാവേണ്ടതല്ലേ എന്നും അവളുടെ ബാപ്പ ചോദിക്കുന്നു.
'എന്റെ ഗതി വേറെ ഒരു പെണ്‍കുട്ടിക്കും വരരുത്'
സഫരിയയുടെ ജീവിതം ആശുപത്രികളിലും കേസുമായി കോടതികളിലുമായി. സ്കാനിങ്ങില്‍ തലക്ക് ക്ഷതമേറ്റതായി കണ്ടെത്തി. ഒരിക്കല്‍ അവളെ തേടി ഒരു രജിസ്റ്റേഡ് തപാല്‍ വന്നു. ഫൈസല്‍ അയച്ച വിവാഹമോചന മൊഴിയായിരുന്നു അത്.
ഇതിനിടെ അവന്‍ മറ്റൊരു പെണ്ണുംകെട്ടി. കേസില്‍നിന്ന് ഊരിത്തരണമെന്നതായിരുന്നു ഈ വീട്ടുകാരോട് 'സ്ത്രീധന'മായി അവന്‍ ആവശ്യപ്പെട്ടതത്രെ. വിവാഹത്തിനുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത് പ്രദേശത്തെ ലീഗ് നേതാവായിരുന്നു. നാട്ടിലെ അറിയപ്പെടുന്ന ഹവാല ഇടപാടുകാരന്റെ പിന്തുണയും ഫൈസലിനുണ്ട്.
അപ്പോഴും തന്റെ മകളുടെ ജീവിതം തിരിച്ചുകിട്ടാന്‍ സഫരിയയുടെ പിതാവ് ഓരോ വാതിലുകളും മുട്ടിക്കൊണ്ടേയിരുന്നു. നാട്ടിലെ ഒരു 'പടച്ചോന്മാരും' കനിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടിക്കാരും മധ്യസ്ഥന്മാരും ഇടപെട്ടെങ്കിലും എല്ലാവരും ഒന്നാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പണമെറിഞ്ഞും അന്വേഷകര്‍ക്ക് കൈക്കൂലി കൊടുത്തും ഫൈസലും വീട്ടുകാരും കേസ് നീട്ടിക്കൊണ്ടുപോയി.
രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം, കഴിഞ്ഞ ഫെബ്രുവരി 27ന് സഫരിയ വേദനകളില്ലാത്ത ലോകത്തേക്ക് മടങ്ങി. മരണക്കിടക്കയില്‍ വേദന കടിച്ചിറക്കി സഫരിയ താന്‍ അനുഭവിച്ച നാലുവര്‍ഷത്തിന്റെ സങ്കടക്കടല്‍ ഉമ്മക്കു മുന്നില്‍ തുറന്നുവെച്ചു. മരണത്തിനുമുമ്പ് അവള്‍പറഞ്ഞ വാക്കുകള്‍ ആ ഉമ്മയുടെയും ഉപ്പയുടെയും കാതുകളില്‍ സദാ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു...'എന്റെ ഗതി വേറെ ഒരു പെണ്‍കുട്ടിക്കും വരരുത്'.
ഫൈസലിനെയും കുടുംബത്തെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍, ഒട്ടുംവയ്യാത്ത അവസ്ഥയിലും മരണത്തിന്റെ മൂന്നു ദിവസം മുമ്പ് അവള്‍ കോടതി കയറിയിറങ്ങിയിരുന്നു. കേസും കൂട്ടവുമായി ജോലി പോലുമില്ലാതെ ആ പിതാവ് ഇപ്പോഴും പല വാതിലുകള്‍ കയറിയിറങ്ങുകയാണ്. മരിച്ച മകളുടെ നീതിക്കായി നിസ്സഹായനായ ഒരു മനുഷ്യന്റെ അവസാനിക്കാത്ത അലച്ചിലായി അത് മാറുകയാണോ?
'എന്റെ മോളെ അവരെല്ലാംകൂടി കൊന്നതാണ്. അവര്‍ക്ക് ഈ നാട്ടിലെ നിയമപ്രകാരമുള്ള ശിക്ഷയെങ്കിലും കിട്ടണം'- എല്ലാം നഷ്ടപ്പെട്ട ഒരു പിതാവിന്റെ സങ്കടഹരജി അതാണ്. സഫരിയക്ക് പുറമെ ഒമ്പതാംതരത്തില്‍ പഠിക്കുന്ന മകനും കല്യാണം കഴിച്ചയച്ച മറ്റൊരു മകളുമാണ് ഇവര്‍ക്കുള്ളത്.
ജോലിക്കുപോലും പോകാന്‍ കഴിയാതെ കേസിന്റെ വഴിയില്‍ സൂപ്പി ഇറങ്ങി നടക്കുമ്പോള്‍ ആ വീട്ടില്‍ പലപ്പോഴും തീ പുകയാറില്ലെന്ന് ആരും അറിയുന്നില്ല. കദനങ്ങളുടെ കടലില്‍ അകപെട്ടുപോയ ആ വീടുവിട്ടിറങ്ങുമ്പോള്‍ മനസ്സില്‍ ഉണര്‍ന്നത് ഒരു പ്രാര്‍ഥനയായിരുന്നു. ദൈവമേ, ഈ രക്തത്തിന് നീ പകരം ചോദിക്കണേ...
vprejeena@gmail.com
Best Regards
Doha Qatar
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment